Sunday, September 8, 2024

ad

Homeരാജ്യങ്ങളിലൂടെഇറാനിൽ പുരോഗമനപക്ഷത്തിന് വിജയം

ഇറാനിൽ പുരോഗമനപക്ഷത്തിന് വിജയം

ആര്യ ജിനദേവൻ

റാനിൽ ജൂലൈ 7ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മസൂദ് പെസഷ്‌ക്യാൻ വിജയം കൈവരിച്ചിരിക്കുന്നു. ജൂലൈ 30ന് രാജ്യത്തിന്റെ പതിനാലാമത് പ്രസിഡന്റായി പരിഷ്കരണവാദിയായ മസൂദ് അധികാരമേൽക്കും. ഇറാനിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പെസഷ്‌ക്യാന് മൊത്തം പോൾചെയ്ത വോട്ടിൽ 54 ശതമാനം, അതായത് 164 ലക്ഷം വോട്ട്‌ ലഭിച്ചു. രാജ്യത്തിന്റെ ഭരണസംവിധാനത്തിലും നയസമീപനങ്ങളിലുമാകെ പരിഷ്കരണം വേണമെന്നാഗ്രഹിക്കുന്ന പരിഷ്കരണവാദികളുടെ സ്ഥാനാർത്ഥിയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചാണ് ഈ തിരഞ്ഞെടുപ്പിനെ പെസഷ്‌ക്യാൻ നേരിട്ടത്. അതേസമയം പെസഷ്‌ക്യാന്റെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച യാഥാസ്ഥിതിക വിഭാഗത്തിലെ സയ്യിദ് ജലീലിക്ക് ലഭിച്ചത് കേവലം 135 ലക്ഷം വോട്ട്‌, അതായത് ഏതാണ്ട് 45% വോട്ട്‌ മാത്രമാണ്. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ ആകെ അഞ്ച് സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ പെസഷ്‌ക്യാൻ എപ്പോഴും മുന്നിട്ടുതന്നെ നിന്നിരുന്നു.

ഇറാനിയൻ പ്രസിഡൻറ് ഇബ്രാഹിം റയിസി ഈ വർഷം മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടതോടുകൂടിയാണ് അടിയന്തരമായി പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടായത്. രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനെയിയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുകയും മറ്റു ഭരണപരമായ നടപടികൾ പൂർത്തിയാക്കുകയും ചെയ്താലുടൻ ജൂലൈ 30ന് പുതിയ പ്രസിഡന്റായി പെസഷ്‌ക്യാൻ അധികാരമേൽക്കും. രാജ്യത്തിന്റെ പുരോഗമനപരമായ വികസനത്തിൽ വിശ്വസിക്കുകയും കാലഘട്ടത്തിനുതകുന്ന മാറ്റം അനിവാര്യമാണെന്ന് ഉറച്ചുപറയുകയും ചെയ്യുന്ന പെസഷ്‌ക്യാൻ ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പരിഷ്കരണങ്ങളിലൊന്ന് സ്ത്രീകൾക്ക് കൂടുതൽ സ്വതത്ര്യം അനുവദിക്കുമെന്നതും മറ്റൊന്ന് രാജ്യത്തിന്റെ വിദേശനയം സുതാര്യമാക്കുന്നത് സംബന്ധിച്ചുള്ളതുമായിരുന്നു.

സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും രാജ്യത്തിന്റെ വിഭവത്തിൽനിന്നും കൂടുതൽ വിഹിതം സ്ത്രീകൾക്കുവേണ്ടി നീക്കിവയ്ക്കുമെന്നും പെസഷ്‌ക്യാൻ തന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ വാഗ്ദാനം ചെയ്യുകയുണ്ടായി. കഴിഞ്ഞവർഷം മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തെ ഭരണകൂടം അടിച്ചമർത്തിയതിനെതിരെ ശക്തമായ വിമർശനമുന്നയിച്ച ആളുകൂടിയായിരുന്നു പെസഷ്‌ക്യാൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാഗ്ദാനത്തെ രാജ്യത്തെ സ്ത്രീകൾ ഏറെ പ്രതീക്ഷയോടുകൂടിയാണ് കാണുന്നത്.

രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കൂടുതൽ മികച്ച മാനേജ്മെൻറ് സാധ്യമാക്കുമെന്നത് പെസഷ്‌ക്യാന്റെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതുപോലെതന്നെ ക്ഷേമ നയങ്ങളും നടപടികളും ശക്തിപ്പെടുത്തുമെന്നും രാജ്യത്തിന്റെ എണ്ണ വ്യവസായവും വാതക വ്യവസായവും ആധുനികവത്കരിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. ഇറാനുമായുള്ള ആണവ കരാറിൽനിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെതുടർന്ന് അമേരിക്കയും പാശ്ചാത്യ സഖ്യരാജ്യങ്ങളും ചേർന്ന് ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധം രാജ്യത്തിന്റെ സമ്പദ്ഘടനയെ കൂടുതൽ സ്തംഭനാവസ്ഥയിലേക്ക് നീക്കിയിട്ടുണ്ട്. നാണയപ്പെരുപ്പം അങ്ങേയറ്റം ഉയർന്നുനിൽക്കുന്നു; നിക്ഷേപങ്ങളുടെ കുറവ് സമ്പദ്ഘടനയെ കാര്യമായി ബാധിക്കുന്നു; മൊത്തത്തിൽ പറഞ്ഞാൽ നിശ്ചലാവസ്ഥ നേരിടുകയാണ് സമ്പദ്ഘടന. ജോയിൻറ് കോമ്പ്രെഹെൻസിവ് പ്ലാൻ ഓഫ് ആക്ഷന്റെ കാര്യത്തിൽ (JCPOA) അഥവാ ഇറാന്റെ ആണവോർജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുണ്ടാക്കിയ കരണാറിന്റെ കാര്യത്തിൽ നിലവിലുള്ള അസാരസ്യങ്ങൾ പരിഹരിക്കുന്നതിന് പാശ്ചാത്യ ഭീമന്മാരുമായി കൂടുതൽ ചർച്ചയ്ക്ക് തയ്യാറാകുമെന്നും രാജ്യത്തിനുമേൽ സാമ്രാജ്യത്ത ശക്തികൾ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം നീക്കുന്നതിന് ശ്രമം നടത്തുമെന്നും മൊത്തത്തിൽ ഇറാന്റെ വിദേശനയം കൂടുതൽ സുതാര്യമാകുമെന്നും പെസഷ്‌ക്യാൻ പറയുന്നു.

രാജ്യത്തെ അറിയപ്പെടുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ പെസഷ്‌ക്യാൻ 2006 മുതൽ ഇറാനിയൻ പാർലമെൻറിൽ അംഗമാണ്. മുൻപ് പാർലമെന്റിലെ ഡെപ്യൂട്ടി സ്പീക്കറായും മുഹമ്മദ് ഖത്താമി പ്രസിഡണ്ടായിരുന്ന കാലത്ത് ആരോഗ്യ മന്ത്രിയായും പ്രവർത്തിച്ചതിന്റെ നീണ്ടകാല ഭരണപരിചയം അദ്ദേഹത്തിനുണ്ട്. സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ക്ഷേമ നടപടികളുമായി ബന്ധപ്പെട്ടും അദ്ദേഹം വാഗ്ദാനം ചെയ്ത പരിഷ്കരണ നയങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഈ ഭരണപരിചയം താങ്ങാവുകയും ചെയ്യും എന്നത്‌ ഉറപ്പുതന്നെ. എന്നിരുന്നാലും ഒരു ഇസ്ലാമിക റിപ്പബ്ലിക് ആയിട്ടുള്ള ഇറാനിൽ, തട്ടുതട്ടുകളായി വേർതിരിക്കപ്പെട്ടിട്ടുള്ള ഭരണസംവിധാനത്തെയാകെ ഒന്നിച്ച് ഏകോപിപ്പിച്ചുകൊണ്ട് വേണം ഈ പരിഷ്കരണ പ്രക്രിയകൾ നടപ്പാക്കുവാൻ. യാഥാസ്‌ഥിതിക വിഭാഗത്തിന്റെയും മതപരമായ കാഴ്ചപ്പാടുകളുടെയും അതിപ്രസരമുള്ള ഒരു ഭരണസംവിധാനത്തിൽ പുരോഗമന ആശയങ്ങളും പരിഷ്കാര നടപടികളും എത്രമാത്രം നടപ്പാക്കാനാവുമെന്നത് ആശങ്കയുണർത്തുന്ന ഒന്നാണ്. ഇത്തരം ഒരു സാഹചര്യത്തിൽ താൻ വാഗ്ദാനം ചെയ്ത പരിഷ്കരണ നടപടികളും പുരോഗമനശയങ്ങളും യാഥാർത്ഥ്യമാക്കുന്നതിന് പെസഷ്‌ക്യാൻ ഏറെ പണിപ്പെടേണ്ടി വരും എന്നത് തീർച്ചയാണ്.

അതേസമയം അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് പറയുന്ന പെസഷ്‌ക്യാൻ ഒപ്പം തന്നെ ചൈനയും റഷ്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പറയുന്നുണ്ട്. പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ അദ്ദേഹം ശക്തമായി തള്ളിപ്പറയുന്നുമുണ്ട്. ഇത്തരത്തിൽ കൂടുതൽ മാനുഷികതവും പുരോഗമനപരവുമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിലകൊള്ളുന്ന മസൂദ് പെസഷ്‌ക്യാന് സാമ്രാജ്യത്വ രാജ്യങ്ങളുടെ ഉപരോധത്തെയും സ്വന്തം രാജ്യത്തിനകത്തുള്ള യാഥാസ്ഥിതിക മതമൗലികവാദ ആശയങ്ങളെയും സംവിധാനത്തെയും ഫലപ്രദമായിതന്നെ കൈകാര്യം ചെയ്യാൻ സാധിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. എന്തുതന്നെയായാലും ബ്രിട്ടനിൽ ലേബർ പാർട്ടിയും ഫ്രാൻസിൽ ഇടതുപക്ഷ വിഭാഗവും നേടിയ വിജയത്തോടൊപ്പം ഇറാനിൽ പുരോഗമനപക്ഷം നേടിയ ഈ മുന്നേറ്റവും ലോകത്തകെയുള്ള ഇടതുപക്ഷ ചേരിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 14 =

Most Popular