9.2 ശതമാനവും 3.2 ശതമാനവും തമ്മിൽ വലിയ അന്തരമുണ്ട്. 9.2 ശതമാനം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ്. 3.2 ശതമാനമാകട്ടെ മോദി കാലത്തിനു മുമ്പുള്ള തൊഴിലില്ലായ്മ നിരക്കിലേക്കുള്ള തിരിച്ചുപോക്കാണ്. രണ്ടും 2024 ആദ്യപാദത്തെക്കുറിച്ചുള്ള തൊഴിലില്ലായ്മ കണക്കുകളാണുതാനും. 9.2 ശതമാനം ഏറെ വിശ്വാസ്യത നേടിക്കഴിഞ്ഞിട്ടുള്ള ഒരു അനൗദ്യോഗിക ഏജൻസിയുടെ, 2024 ജൂൺ മാസത്തെ തൊഴിലില്ലായ്മ സംബന്ധിച്ച വിലയിരുത്തലാണ്. 3.2 ശതമാനമാകട്ടെ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിലയിരുത്തലാണ്.
രാജ്യത്തെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വിവാദങ്ങളിലൊന്ന് തൊഴിലില്ലായ്മയുടെ കണക്കാണ്. കോവിഡ് കാലത്ത് കുതിച്ചുയർന്ന തൊഴിലില്ലായ്മ തങ്ങൾ നിയന്ത്രണവിധേയമാക്കിയിരിക്കുന്നുവെന്നാണ് മോദി സർക്കാരിന്റെ അവകാശവാദം. തങ്ങളുടെ വാദം സമർത്ഥിക്കാൻ വലിയ പ്രചാരണമാണ് നേരിട്ടും അല്ലാതെയും കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ 2024 ജൂലൈ 20-ന് രണ്ട് പേജുകൾ നിറയെ ഗ്രാഫിക്സിന്റെയും മറ്റും അകമ്പടിയോടെ ഒരു ജോബ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് പത്രത്തിന്റെ ന്യൂസ് ആണോ പരസ്യം ആണോയെന്നു വ്യക്തമല്ല. പരസ്യം ന്യൂസായി കൊടുക്കുന്നതിന് അധാർമ്മികതയൊന്നും തോന്നാത്ത പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ഈ പരസ്യമാണ് ഈ ലേഖനത്തിനുള്ള പ്രകോപനം.
പുതിയ കേന്ദ്ര സർവ്വേ കണക്കുകളുടെ പിന്നാമ്പുറം
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയുടെ ഒരു കാലഘട്ടത്തിലൂടെയാണ് സമ്പദ്ഘടന കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. 1973-–74-ൽ അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 1.25 ശതമാനമായിരുന്നു. പരിഷ്കാരങ്ങൾ ആരംഭിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് 2.85 ശതമാനമായി ഉയർന്നു. പിന്നീട് മോദി സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഏതാണ്ട് ഈ നിലയിൽ തൊഴിലില്ലായ്മ നിരക്ക് തത്തിക്കളിച്ചു നിന്നു. എന്നാൽ ചിത്രം 1- ൽ കാണാവുന്നതുപോലെ നോട്ട് നിരോധനത്തിനുശേഷം 2017–-18-ൽ തൊഴിലില്ലായ്മ നിരക്ക് 6.55 ശതമാനമായി ഉയർന്നു.
ചിത്രം 1
മോദി ഭരണകാലത്ത് കുതിച്ചുയർന്ന തൊഴിലില്ലായ്മ
ഈ വെളിപ്പെടുത്തൽ ബിജെപിയെ ഞെട്ടിച്ചു. 2019-ൽ ലോക്-സഭാ തിരഞ്ഞെടുപ്പാണ്. അതിനു മുമ്പ് തൊഴിലില്ലായ്മ കണക്ക് പുറത്തുവരാതിരിക്കാൻ സർവ്വേ റിപ്പോർട്ട് അവർ പൂഴ്ത്തി. ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ 1950-ൽ പ്രൊഫ. മഹലനോബിസിന്റെ മുൻകൈയിൽ സ്ഥാപിച്ചതാണ്. ശാസ്ത്രീയമായ സാമ്പിൾ സർവ്വേകളിലൂടെ സാമ്പത്തികാസൂത്രണത്തിന് ആവശ്യമായ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച് ദേശവ്യാപകമായ സാമ്പിൾ സർവ്വേ എല്ലാ അഞ്ചു വർഷം കൂടുമ്പോഴും നടത്തിവന്നു. ഈ ആധികാരികമായ കണക്കാണ് ബിജെപിക്ക് അനിഷ്ടം തോന്നിയതുകൊണ്ട് പ്രസിദ്ധീകരിക്കേണ്ട എന്ന് അവർ തീരുമാനിച്ചത്. സ്വാഭാവികമായും ഇത് വലിയ കോളിളക്കം പണ്ഡിതലോകത്ത് സൃഷ്ടിച്ചു. ചില പത്രപ്രവർത്തകർ രഹസ്യമായി വച്ചിരുന്ന കണക്കുകൾ പരസ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് 3 ശതമാനത്തിൽ ഒതുങ്ങിക്കിടന്നിരുന്ന തൊഴിലില്ലായ്മ 6.5 ശതമാനത്തിലേക്ക് ഉയർന്നുവെന്നത് മാലോകർ അറിഞ്ഞത്.
പണ്ട് എന്തുകൊണ്ട് ഇത്ര താഴ്ന്ന തൊഴിലില്ലായ്മ?
2017–-18-നുശേഷം എന്തു സംഭവിച്ചുവെന്ന് വിവരിക്കുന്നതിനു മുമ്പ് വിശദീകരിക്കേണ്ട ഒരു ചോദ്യമുണ്ട്. 2017-–18- നെ മാറ്റിനിർത്തിയാൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്നതാണല്ലോ. എന്തുകൊണ്ട്? ഇതിനു കാരണം ഇന്ത്യൻ സമ്പദ്ഘടനയുടെ അനൗപചാരിക സ്വഭാവമാണ്. 90 ശതമാനത്തിലേറെ ആളുകൾ അസംഘടിത മേഖലയിലാണു ജോലി ചെയ്യുന്നത്. സംഘടിത മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നില്ല. അതുകൊണ്ട് സംഘടിത മേഖലയിലേക്ക് കുടികയറുന്നതിന് അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കഴിയാതെ വരുന്നു. അസംഘടിത മേഖലയിൽ എന്തെങ്കിലും ജോലി ചെയ്ത് ചടഞ്ഞുകൂടുന്നതിന് അവർ നിർബന്ധിതരാകുന്നു. അസംഘടിത മേഖലയിലെ അനൗപചാരിക തൊഴിൽബന്ധങ്ങൾ ഇത്തരത്തിൽ തൊഴിലില്ലാത്തവരെ ഉൾക്കൊള്ളിക്കുന്നതിന് സഹായകരമാണ്.
നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു ഉദാഹരണം കേരളത്തിലെ കയർ വ്യവസായമാണ്. കയറിന്റെ പ്രതാപകാലത്ത് അഞ്ചു ലക്ഷത്തോളം പേർ ഈ വ്യവസായത്തിൽ പണിയെടുത്തുകൊണ്ടിരുന്നുവെന്നാണ് കണക്ക്. എന്നാൽ ആ കാലത്ത് ലഭ്യമായിരുന്ന കൈവേല സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൂർണ്ണസമയം തൊഴിൽ നൽകിയിരുന്നുവെങ്കിൽ അഞ്ചുലക്ഷം പേരുടെ ഉല്പാദനലക്ഷ്യം കൈവരിക്കുന്നതിന് ഒന്നരലക്ഷം പേർ ആവശ്യത്തിലേറെ ആയിരുന്നു. ഒന്നരലക്ഷം പേരുടെ തൊഴിൽ അഞ്ചുലക്ഷം പേർക്കിടയിൽ വീതം വച്ചത് ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനത്തിലൂടെയായിരുന്നു. ഓരോ പ്രദേശത്തും ഉല്പാദിപ്പിച്ചിരുന്ന കയർ ഉല്പന്നങ്ങൾ വ്യത്യസ്തമായിരുന്നു. അവിടെയുള്ളവർ ആ ഇനം കയർ അല്ലാതെ മറ്റൊന്ന് ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. അതായിരുന്നു നാട്ടുനടപ്പ്. കയർ വ്യവസായം ഫാക്ടറികളിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യാനാവില്ല. എന്നാൽ സ്വയംതൊഴിലിനെ അടിസ്ഥാനമാക്കിയുള്ള കുടിൽ വ്യവസായത്തിലൂന്നിയുള്ള ഉല്പാദനം ആയിരുന്നതിനാൽ മിച്ച ജനസംഖ്യയെ ഈ രീതിയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. പ്രത്യക്ഷത്തിൽ തൊഴിൽ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ പൂർണ്ണ തൊഴിൽ ഇല്ല. ഇതിനെയാണ് disguised unemployment അഥവാ മൂടിവയ്ക്കപ്പെട്ട തൊഴിലില്ലായ്മ എന്നു പറയുന്നത്.
സാന്ദർഭികമായി പറയട്ടെ കേരളത്തിലെ തൊഴിലില്ലായ്മ രാജ്യത്തെ തൊഴിലില്ലായ്മയുടെ രണ്ടും മൂന്നും മടങ്ങ് ഉയർന്നു നിൽക്കുന്നതിന്റെ കാരണവും ഇതുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ വാണിജ്യ വിളകളുടെയും കൂലിവേല സമ്പ്രാദയത്തിന്റെയും അഭ്യസ്തവിദ്യരുടെയും പ്രാമുഖ്യംമൂലം മിച്ച ജനസംഖ്യയെ ഇത്തരത്തിൽ ഉള്ളതൊഴിലിൽ ഉൾക്കൊള്ളിച്ചുകൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തുറന്ന തൊഴിലില്ലായ്മ നിരക്ക് ഉയർന്നു നിൽക്കും.
തൊഴിലില്ലായ്മ സംബന്ധിച്ച ഔദ്യോഗിക സർവ്വേ കണക്ക്
2017–-18-ലെ സർവ്വേയോടുകൂടി എൻഎസ്എസ്ഒയുടെ അഞ്ചഞ്ച് വർഷം കൂടുന്തോറും നടക്കുന്ന തൊഴിലും തൊഴില്ലായ്മയും സർവ്വേക്ക് തിരശ്ശീല വീണു. 2019-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സർക്കാർ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ എന്നൊരു പുതിയ സർവ്വേ പരമ്പരയ്ക്ക് രൂപം നൽകി. ഇതിന്റെ ഒരു മികവ് അഞ്ചു വർഷം കൂടുമ്പോഴല്ല വർഷത്തിൽ നാലു തവണ സർവ്വേ നടത്തും എന്നുള്ളതാണ്. അതുകൊണ്ട് ഒരു വർഷത്തിനുള്ളിൽ തൊഴിലിലും തൊഴിലില്ലായ്മയിലും വരുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയും. പക്ഷേ, നിർവ്വചനങ്ങളിൽ വരുത്തിയ മാറ്റങ്ങൾമൂലം പഴയ സർവ്വെയുടെ കണക്കുകളോട് പൂർണ്ണമായി താരതമ്യപ്പെടുത്താൻ പുതിയ കണക്കുകളെ ഉപയോഗിക്കാൻ കഴിയില്ലായെന്നൊരു അവസ്ഥയുമുണ്ട്. എങ്കിലും ഈ പുതിയ പരമ്പരയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ ഔദ്യോഗിക കണക്ക്. അതുപ്രകാരം 2017-–18-നുശേഷം തൊഴിലില്ലായ്മ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്തുപോലും ഇതായിരുന്നു പ്രവണത. ചിത്രം 2 നോക്കുക.
ചിത്രം 2
തൊഴിലില്ലായ്മയുടെ ഔദ്യോഗിക നിരക്കുകൾ (പിഎൽഎഫ് സർവ്വേ)
തൊഴിലില്ലായ്മ സംബന്ധിച്ച അനൗദ്യോഗിക സർവ്വേ കണക്ക്
കോവിഡ് കാലത്തുപോലും തൊഴിലില്ലായ്മ കുറയുന്നതായി കാണിക്കുന്ന ഔദ്യോഗിക കണക്ക് വിഴുങ്ങാൻ പ്രയാസമാണ്. അതുകൊണ്ട് സർക്കാരിനു പുറത്ത് പൊതുവിൽ സ്വീകരിക്കുന്നത് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) എന്ന സ്വകാര്യ ഏജൻസി പുറത്തിറക്കുന്ന തൊഴിലിനെയും തൊഴിലില്ലായ്മയേയും കുറിച്ചുള്ള കണക്കുകളാണ്. ഇതും വളരെ ശാസ്ത്രീയമായി തെരഞ്ഞെടുത്തിരിക്കുന്ന ദേശവ്യാപകമായ സാമ്പിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നേരിട്ടും ഫോൺ മുഖേനയും ആയി എല്ലാ ആഴ്ചകളിലും സർവ്വേ നടത്തുന്നു. ഔദ്യോഗിക കണക്കുകൾ മൂന്ന് മാസത്തിൽ ഒരിക്കൽ ആയിരിക്കുമ്പോൾ സിഎംഐഇ കണക്കുകൾ എല്ലാ ആഴ്ചയിലും ലഭ്യമാകും. സിഎംഐഇ പരമ്പര പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കോവിഡ് കഴിഞ്ഞിട്ടും താഴുന്നില്ല. ചിത്രം 3 നോക്കുക.
ചിത്രം 3
തൊഴിലില്ലായ്മ സംബന്ധിച്ച അനൗദ്യോഗിക കണക്ക് (സിഎംഐഇ സർവ്വേ)
പിഎൽഎഫ്എസിന്റെയും സിഎംഐഇയുടെയും കണക്കുകൾ പരസ്പരവിരുദ്ധമാണ്. പിഎൽഎഫ്എസ് സർവ്വേ പ്രകാരം 2017-–18-നുശേഷം തൊഴിലില്ലായ്മ ഇന്ത്യയിൽ അനുക്രമമായി കുറഞ്ഞുവരികയാണ്. 2022-–23-ൽ അത് കേവലം 3.2 ശതമാനം മാത്രമാണ്. കോവിഡ് കാലത്തുപോലും തൊഴിലില്ലായ്മ കുറഞ്ഞുവെന്ന് പറയുന്നത് വിഴുങ്ങാൻ കുറച്ചു പ്രയാസമാണ്. അതേസമയം സിഎംഐഇയുടെ സർവ്വേ പ്രകാരം 2017 മുതൽ 2019 വരെയുള്ള മൂന്ന് വർഷം തൊഴിലില്ലായ്മ 5.3 ശതമാനം ആയിരുന്നു. എന്നാൽ കോവിഡ് കാലത്ത് അത് 8 ശതമാനമായി ഉയർന്നു. കോവിഡ് കഴിഞ്ഞപ്പോൾ 2021-ൽ അത് 6 ശതമാനമായി. തുടർന്ന് 2022-ൽ 7.3 ശതമാനവും 2023-ൽ 8 ശതമാനവും ആയി തൊഴിലില്ലായ്മ ഉയർന്നു.
കടകവിരുദ്ധ പ്രവണതകളുടെ
വിശദീകരണമെന്ത്?
ഒട്ടേറെ പണ്ഡിതർ രണ്ട് സർവ്വേ പരമ്പരകൾ തമ്മിലുള്ള നിഗമനങ്ങളിലെ വൈരുധ്യം വിശദീകരിക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്. ഇന്നും പൂർണ്ണ വിശദീകരണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രണ്ട് സർവ്വേകളും തമ്മിൽ സാമ്പിളിംഗിലും സർവ്വേ രീതികളിലും വ്യത്യാസങ്ങളുണ്ട്. പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യത്യാസം തൊഴിലിന്റെ നിർവ്വചനവുമായി ബന്ധപ്പെട്ടതാണ്.
എന്താണ് തൊഴിൽ? സർവ്വേയിൽ തൊഴിലെടുക്കുന്നവരെ മൂന്നു വിഭാഗങ്ങളായിട്ടാണ് തരംതിരിക്കുന്നത്. ഒന്ന്, സ്ഥിരമായി ശമ്പളമോ വേതനമോ ഉള്ളവർ. രണ്ട്, താല്കാലിക (കാഷ്വൽ) കൂലിവേലക്കാർ. മൂന്ന്, സ്വയംതൊഴിൽ എടുക്കുന്നവർ. ഈ മൂന്നാമത്തെ വിഭാഗത്തിൽ വീട്ടിലുള്ള പ്രത്യക്ഷ വരുമാനമില്ലാത്ത സഹായികളെയും പിഎൽഎഫ്എസ് ഉൾപ്പെടുത്തും. എന്നാൽ ഇവരെ സിഎംഐഇ തൊഴിൽ കണക്കിൽ ഉൾപ്പെടുത്തുന്നില്ല. ഐഎൽഒയുടെ മാർഗ്ഗനിദ്ദേശം ഇതാണ്. മുൻകാലത്ത് എൻഎസ്എസ്ഒയുടെ തൊഴിലും തൊഴിലില്ലായ്മയും സംബട്നധിച്ച സർവ്വേകളിലും ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല.
എൻഎസ്എസ്ഒയുടെ പഴയ ചില സർവ്വേറൗണ്ടുകളിൽ വീടുമായി ബന്ധപ്പെട്ടുള്ള വരുമാനദായകമല്ലാത്ത ഉപജീവന ജോലികളിൽ ഏർപ്പെടുന്നവരെയും കൂലി ലഭിക്കാത്ത സഹായികളെയും സംബന്ധിച്ച കണക്കുകൾ പ്രത്യേകമായി ശേഖരിച്ചിട്ടുണ്ട്. ഇത്തരത്തിൽ വീടുമായി ബന്ധപ്പെട്ട ഉപജീവന തൊഴിലുകളിൽ ഏർപ്പെടുന്നവരെക്കൂടി തൊഴിലുള്ളവരായി പരിഗണിച്ചാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഗണ്യമായി ഉയരുമെന്നും തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ കാണാപ്പണികൾക്ക് വേണ്ടത്ര പരിഗണന ഔദ്യോഗിക സർവ്വേകളിൽ നൽകുന്നില്ലയെന്ന ഫെമിനിസ്റ്റ് വിമർശനത്തെ ശക്തിപ്പെടുത്തുന്ന ഒരു തെളിവായിട്ടാണ് ഈ പ്രതിഭാസത്തെ വിലയിരുത്തിയിട്ടുള്ളത്. പുതിയ പിഎൽഎഫ്എസ് പരമ്പരയിൽ ഇത്തരം വീടുമായി ബന്ധപ്പെട്ട ഉപജീവന തൊഴിലുകാരെക്കൂടി മൂന്നാം വിഭാഗ തൊഴിലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലമാണ് തൊഴിലില്ലായ്മയെക്കുറിച്ച് തികച്ചും വ്യത്യസ്തമായ നിഗമനത്തിൽ ഔദ്യോഗിക പരമ്പര എത്തുന്നത്.
ബിജെപിയുടെ രണ്ടാം ഊഴത്തിൽ ഒന്നും രണ്ടും വിഭാഗം തൊഴിലുകാരുടെ എണ്ണത്തിൽ കുറവുണ്ടായി. അതേസമയം മൂന്നാമത്തെ വിഭാഗത്തിന്റെ എണ്ണം വർദ്ധിക്കുകയും ചെയ്തു. ഈ വർദ്ധന നഗരമേഖലയിൽ അല്ല, ഗ്രാമീണ മേഖലയിലാണ് ഉണ്ടായത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ എണ്ണത്തിലാണ് വർദ്ധനയുണ്ടായത്. ഈ സ്ത്രീകളാവട്ടെ കൂടുതലും വീടുമായി ബന്ധപ്പെട്ട ഉപജീവന തൊഴിലുകളിലും പ്രതിഫലം ലഭിക്കാത്ത സഹായികളെന്ന നിലയിലുമാണ് ജോലി ചെയ്യുന്നത്. പ്രതിസന്ധി മൂർച്ഛിക്കുമ്പോൾ ഉപജീവനം മുട്ടാതിരിക്കാൻ സ്ത്രീകൾ വീടുമായി ബന്ധപ്പെട്ട് നാനാവിധത്തിലുള്ള ഭാഗിക തൊഴിലുകളിൽ ഏർപ്പെടാൻ നിർബന്ധിതരായിത്തീരുന്നു. ഇവരെക്കൂടി തൊഴിൽസേനയിൽ ഉൾപ്പെടുത്തുന്നതിന്റെ ഫലമായിട്ടാണ് തൊഴിൽപങ്കാളിത്തം ഉയരുന്നതും തൊഴിലില്ലായ്മ കുറയുന്നതും.
കോവിഡ് കാലത്തെ അനുഭവം ഇതിന് ഉദാഹരണമാണ്. നഗരങ്ങളിൽ കൂലിവേലക്കാരായി പണിയെടുത്തുകൊണ്ടിരുന്ന കുടിയേറ്റ തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് നടത്തിയ പലായനം പ്രസിദ്ധമാണല്ലോ. ഗ്രാമങ്ങളിലേക്ക് മടങ്ങിയ ഇവർ അവിടെയും മറ്റു തൊഴിലുകളൊന്നും കിട്ടാത്ത സാഹചര്യത്തിൽ കാർഷിക മേഖലയിലേക്കാണ് തിരിഞ്ഞത്. കാർഷിക മേഖലയിലാകട്ടെ അവരുടെ കുടുംബങ്ങളുടെ ചെറിയ തുണ്ട് ഭൂമികളിൽ എടുക്കാൻ കഴിയുന്ന ചെറിയ പണികളെടുത്ത് സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണമെങ്കിലും ഉല്പാദിപ്പിച്ച് മഹാമാരിയുടെ ദുരിതങ്ങളെ അതിജീവിക്കാൻ ശ്രമിച്ചു. ഇതാണ് ഔദ്യോഗിക സർവ്വേ കണക്കുകളിൽ സ്വയംതൊഴിൽ എടുക്കുന്നവരുടെ ശതമാനത്തിലെ വർദ്ധനയായി പ്രതിഫലിച്ചത്.
മോദിയുടെ കീഴിൽ വർദ്ധിക്കുന്ന തൊഴിലുകളുടെ സ്വഭാവം
വ്യത്യസ്ത നിർവചനങ്ങളുടെ അടിസ്ഥാനത്തിലുള്ള രണ്ട് സർവ്വേകളും തമ്മിൽ വർദ്ധിച്ചുവരുന്ന അന്തരം മോദി ഭരണത്തിനു കീഴിൽ തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. സംഘടിത മേഖലയിൽ തൊഴിലവസരങ്ങൾ കുറയുന്നു. സ്ഥിരംശമ്പളക്കാരുടെയും കൂലിവേലക്കാരുടെയും എണ്ണം കുറയുന്നു. അതേസമയം സ്വയംതൊഴിലുകാരുടെ എണ്ണം കൂടുന്നു. അതുതന്നെ സ്ത്രീ തൊഴിലാളികളുടെ എണ്ണമാണ് വർദ്ധിക്കുന്നത്. ആ സ്ത്രീ തൊഴിലാളികളാകട്ടെ നല്ലപങ്കും വീടുമായി ബന്ധപ്പെട്ട പ്രത്യക്ഷ വരുമാനദായകമല്ലാത്ത ഉപജീവന തൊഴിലുകളിലാണ് ഏർപ്പെടുന്നത്. ഇതാണ് മോദിയുടെ കൊട്ടിഘോഷിക്കുന്ന തൊഴിലവസര വർദ്ധന.
നിർവ്വചനത്തിൽ വരുത്തിയ മാറ്റംമൂലം ഇന്ത്യാ സർക്കാർ തൊഴിലില്ലായ്മ പരിഹരിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ യുവജനങ്ങൾ സർക്കാരിന്റെ പ്രചാരണം അംഗീകരിക്കുവാൻ തയ്യാറല്ല. ലോക്-സഭാ തിരഞ്ഞെടുപ്പിലെ അഭിപ്രായ സർവ്വേകളിലെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായി വോട്ടർമാർ ചൂണ്ടിക്കാണിച്ചത് തൊഴിലില്ലായ്മയാണ്. തിരഞ്ഞെടുപ്പിൽ മോദിക്കുണ്ടായ തിരിച്ചടിയുടെ ഒരു പ്രധാനപ്പെട്ട കാരണം തൊഴിലില്ലായ്മ സൃഷ്ടിച്ച അസംതൃപ്തിയാണ്. അതുകൊണ്ടാണ് കള്ളക്കണക്കുകളുമായി ബിജെപി ഇപ്പോൾ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. ♦