Tuesday, September 17, 2024

ad

Homeപ്രതികരണംആർഎസ്എസിന് വിശുദ്ധപട്ടം 
നൽകുന്ന മോദി സർക്കാർ

ആർഎസ്എസിന് വിശുദ്ധപട്ടം 
നൽകുന്ന മോദി സർക്കാർ

പിണറായി വിജയൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാനുള്ള വിലക്ക് നീക്കിയ കേന്ദ്ര സർക്കാർ നടപടി ഇന്ത്യയെന്ന മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കുനേരെയുള്ള വെല്ലുവിളിയാണ്. സംഘപരിവാറിന്റെ ഘടകങ്ങളിലൊന്നെന്ന നിലയ്ക്ക് തങ്ങൾക്ക് ആർ.എസ്.എസിനോടുള്ള വിധേയത്വത്തിന്റെ നഗ്നമായ പ്രകടനമാണ് ഇതിലൂടെ ബിജെപി കാഴ്ചവച്ചിരിക്കുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ ഉദ്യോഗസ്ഥ സംവിധാനത്തെ ദുരുപയോഗം ചെയ്യുക എന്ന ദുഷ്ടലാക്കും ഇതിനു പിന്നിലുണ്ട്. ഈ നടപടിയിലൂടെ ഉദ്യോഗസ്ഥ സംവിധാനത്തിൽ ആർഎസ്എസിന് പരസ്യമായി കൈകടത്താനും വരുതിയിലാക്കാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ദൂരദർശനെയും ആകാശവാണിയെയും ഉൾപ്പെടെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള ഉപകരണമാക്കിയ സംഘപരിവാർ ഏറ്റവുമൊടുവിൽ രാജ്യത്തെ ബ്യൂറോക്രസിയെക്കൂടി പരിപൂർണമായും വരുതിയിൽ വരുത്താൻ ശ്രമിക്കുകയാണ്.

സർക്കാർ പദ്ധതികളും സേവനങ്ങളും കാര്യക്ഷമമായി പൊതുജനങ്ങളിലേക്കെത്തിക്കാനാണ് ഏതൊരു നാട്ടിലും ഉദ്യോഗസ്ഥ സംവിധാനം നിലനിൽക്കുന്നത്. മതനിരപേക്ഷതയും ഫെഡറലിസവും മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളാണ് ഇവിടെ നമ്മുടെ ഭരണഘടനാകർത്താക്കളും വിഭാവനം ചെയ്തത്. ഭരണഘടനാമൂല്യങ്ങൾക്കനുസൃതമായി സർക്കാർ സംവിധാനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികളും ഐക്യബോധത്തോടെ ഒന്നിച്ചുനിന്നു. ഈ പാരമ്പര്യത്തിനേൽക്കുന്ന വലിയ തിരിച്ചടിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

തങ്ങളുടെ പ്രതിലോമ – പിന്തിരിപ്പൻ രാഷ്ട്രീയത്തെ രാജ്യത്തെ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ഇതുവഴി സാധിക്കും എന്നാണ് ആർഎസ്എസിന്റെ കണക്കുകൂട്ടൽ.

1966ലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 9 ന് ഇറക്കിയ പുതിയ ഉത്തരവ് എൻഡിഎ ഗവൺമെന്റിനെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ് എന്ന് ആവർത്തിച്ച് തെളിയിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മൂന്നു തവണ നിരോധിക്കപ്പെട്ട സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. 1948-ൽ ഗാന്ധിജിയുടെ വധത്തെ തുടർന്നും അടിയന്തരാവസ്ഥക്കാലത്തും 1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്തതിനുശേഷവും ആർ.എസ്.എസ് നിരോധിക്കപ്പെടുകയുണ്ടായി.

രാജ്യത്തിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാൻവേണ്ടിയാണ് ഗാന്ധി വധാനന്തരം ആർഎസ്എസിനെ നിരോധിച്ചതെന്നാണ് 1948 ഫെബ്രുവരി 4 ന് സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചത്. ആർഎസ്എസിനെ കുറിച്ചുള്ള ഈ വിലയിരുത്തലിന് കൂടുതൽ അർത്ഥവ്യാപ്തിയുള്ള ഘട്ടമാണിത്. രാജ്യത്തിന്റെ ഭരണഘടനയെയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാൻ വൈമനസ്യമുള്ള ആർഎസ്എസ്, എക്കാലത്തും ഭൂരിപക്ഷ വർഗ്ഗീയത കത്തിച്ചാണ് പ്രവർത്തിച്ചുപോന്നത്.

കേന്ദ്രസർക്കാർ ജീവനക്കാർ ആർഎസ്എസുമായി ബന്ധപ്പെടുന്നതിനുള്ള നിയന്ത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ രണ്ട് ടേമുകളിലും അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലും നിലവിലുണ്ടായിരുന്നു. ആ നിയന്ത്രണം പൊടുന്നനെ എടുത്തു മാറ്റിയത് ആർ.എസ്.സിനെ പ്രീതിപ്പെടുത്താനുള്ള മോദി സർക്കാരിന്റെ ശ്രമമാണ്. പൂർണ്ണമായും ആർ.എസ്.എസിന്റെ വർഗീയ പ്രത്യയശാസ്ത്രത്തിനു തങ്ങൾ കീഴ്പ്പെട്ടു കഴിഞ്ഞു എന്നുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കൂടിയാണിത്. നവ ഉദാരവൽക്കരണ വികസനത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങളും മോദിയുടെ പബ്ലിക് റിലേഷൻ പരിപാടികളും കോടികൾ ചെലവഴിച്ച പരസ്യങ്ങളും ഇന്ത്യൻ ജനത 2024-ലെ തിരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞതോടെ വർഗീയതയെ മറയില്ലാതെ പുൽകാൻ ബിജെപി തയ്യാറായിരിക്കുന്നു എന്നും ഇതിൽ നിന്നും വ്യക്തമാവുകയാണ്.

58 വർഷം പഴക്കമുള്ള നയം മാറ്റിമറിക്കുന്ന ഈ നീക്കം, ഇന്ത്യൻ ഭരണകൂടത്തിന്റെ മതനിരപേക്ഷ അടിത്തറയെ തകർക്കുകയും സിവിൽ സർവീസിന്റെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന നടപടിയാണ്.

ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ ഘടനയെ വെല്ലുവിളിക്കുന്നു എന്നതാണ് ഈ തീരുമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ഹൈന്ദവ ദേശീയ പ്രത്യയശാസ്ത്രം പ്രകടമാക്കുന്ന ഒരു സംഘടനയായ ആർഎസ്എസ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ മതനിരപേക്ഷ തത്വങ്ങളുമായി ഒരിക്കലും യോജിച്ചിട്ടില്ല. അതിനാൽ സർക്കാർ ജീവനക്കാരെ ആർഎസ്എസുമായി പരസ്യമായി ബന്ധപ്പെടാൻ അനുവദിക്കുന്നത് ഭരണകൂടവും മതവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിക്കുകയും ഇത് വർഗീയ ധ്രുവീകരണത്തിന് ശക്തിപകരുകയും ചെയ്യും.

സിവിൽ സർവീസിന്റെ നിഷ്പക്ഷത ജനാധിപത്യ വ്യവസ്ഥയുടെ ആണിക്കല്ലാണ്. പൊതു ക്രമസമാധാനം തകർക്കുകയും വിഭാഗീയത വളർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാൽ സർക്കാർ ജീവനക്കാർ സ്വാധീനിക്കപ്പെടുകയോ അതിന്റെ ഭാഗമായി അവയിൽ സജീവമായി പങ്കെടുക്കുകയോ ചെയ്യുന്നത് തടയേണ്ടത് ആവശ്യമാണ്. സർക്കാർ ജീവനക്കാരെ ആർഎസ്എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുന്നതിലൂടെ, തീരുമാനം ഉദ്യോഗസ്ഥവൃന്ദത്തെ രാഷ്ട്രീയവൽക്കരിക്കുന്ന അപകടസാധ്യതയുണ്ടാക്കുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ആർഎസ്എസിനോടുള്ള കൂറ് അവരുടെ തൊഴിൽപരമായ പെരുമാറ്റത്തെ സ്വാധീനിക്കുകയും അതുവഴി എല്ലാ പൗരരെയും നിഷ്പക്ഷമായി സേവിക്കാനുള്ള അവരുടെ പ്രതിബദ്ധത തകർക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിക്കും.

വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തെ വെള്ളപൂശാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ അടിത്തറ ശക്തമാക്കാനുള്ള രാഷ്ട്രീയ പ്രേരിത നടപടിയായാണ് നിരോധനം നീക്കാനുള്ള നീക്കം. ഇതിലൂടെ, ആർഎസ്എസുമായുള്ള ബന്ധം ബിജെപി ശക്തിപ്പെടുത്താൻ കൂടി ശ്രമിക്കുകയാണ്. നൂറാം വയസ്സിലേക്ക് കടക്കുന്ന ആർഎസ്എസിന് കേന്ദ്ര ഭരണാധികാരം ദുരുപയോഗം ചെയ്തുകൊണ്ട് നൽകുന്ന സമ്മാനമാണ് ഈ തീരുമാനം. ബ്യൂറോക്രസിയെ കാവിവൽക്കരിക്കുന്നതിനും അതിലൂടെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജൻഡ നടപ്പാക്കാനുള്ള ആയുധമാക്കി മാറ്റുന്നതിനുമുള്ള രാഷ്ട്രീയ ഗൂഢാലോചനകൾ അങ്ങേയറ്റം എതിർക്കപ്പെടേണ്ടതുണ്ട്. കേന്ദ്ര ഭരണത്തെ ഉപയോഗിച്ചുകൊണ്ട് ആർഎസ്എസ്സിന് വിശുദ്ധപട്ടം നൽകാൻ ശ്രമിക്കുന്ന നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ ശക്തികളാകെ രംഗത്തുവരണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − 5 =

Most Popular