Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിപുതിയ ക്രിമിനൽ നിയമങ്ങൾ 
പുനഃപരിശോധിക്കപ്പെടണം

പുതിയ ക്രിമിനൽ നിയമങ്ങൾ 
പുനഃപരിശോധിക്കപ്പെടണം

2024 ജൂൺ 21

To,
ബഹുമാനപ്പെട്ട രാഷ്ട്രപതി
ബഹുമാനപ്പെട്ട പ്രധാനമന്ത്രി
ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി
ബഹുമാനപ്പെട്ട ദേശീയ പാർട്ടികളുടെ പ്രസിഡന്റുമാർ
ബഹുമാനപ്പെട്ട സംസ്ഥാന പാർട്ടികളുടെ പ്രസിഡന്റുമാർ
ബഹുമാനപ്പെട്ട പാർലമെന്റംഗങ്ങൾ (ലോക്-സഭ/രാജ്യസഭ)

പ്രിയപ്പെട്ട മേഡം/സർ

ഞങ്ങളുടെ ഗ്രൂപ്പ്, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഗ്രൂപ്പ് അഖിലേന്ത്യാ സർവീസിലും കേന്ദ്ര സർവീസിലും പല തസ്തികകളിലും ജോലിചെയ്തിരുന്ന സിവിൽ സെർവന്റ്മാർ ഉൾപ്പെട്ട ഗ്രൂപ്പാണ്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. എന്നാൽ ഭരണഘടനയിൽ പ്രതിഷ്ഠിക്കപ്പെട്ട ആദർശങ്ങളോട് അങ്ങേയറ്റം കടപ്പാടുള്ളവരാണ് ഞങ്ങൾ.

2. ഭാരതീയ ന്യായസംഹിത 2023 (ബിഎൻഎസ്) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം 2023 (ബിഎസ്എ) എന്നിവയ്ക്ക് 2023 ഡിസംബർ 23ന് രാഷ്ട്രപതി അനുമതി നൽകിയിരിക്കുകയാണ്. ഇന്ത്യാ ഗവൺമെന്റ് നോട്ടിഫെെ ചെയ്തതനുസരിച്ച് 2024 ജൂലെെ ഒന്നുമുതൽ ഈ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

3. രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രത്യേകിച്ച് ഏറ്റവും ദുരിതം സഹിക്കുന്നവരും അരികുവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ദെെനംദിന ജീവിതത്തിൽ ഭരണഘടനയ്ക്ക് താഴെയേ ഈ മൂന്നു ക്രിമിനൽ നിയമങ്ങൾക്കും സ്ഥാനമുള്ളൂ. ക്രിമിനൽ നീതിന്യായ രംഗത്ത് നിലനിന്ന നിയമത്തെ നിഷ്കാസനം ചെയ്തുകൊണ്ട് ഈ മൂന്നു നിയമങ്ങളും ധൃതിപിടിച്ച് പാർലമെന്റിൽ പാസ്സാക്കപ്പെടുകയായിരുന്നു. പ്രതിപക്ഷത്തിന്റെ വിമർശനാത്മകമായ ചോദ്യങ്ങളെയൊന്നും അഭിമുഖീകരിക്കാതെയായിരുന്നു ഈ നിയമം പാസ്സാക്കപ്പെട്ടത്. അതിന്റെ ഫലമായി ഈ മൂന്നു നിയമങ്ങളെയും സംബന്ധിച്ച് വിലയേറിയതും വളരെ പ്രധാനപ്പെട്ടതുമായ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാതെ പോയി.

4. 2023 ആഗസ്തിൽ ഈ മൂന്നു നിയമങ്ങളുടെയും കരട് അവതരിപ്പിക്കപ്പെട്ടതുമുതലുള്ള പത്തുമാസക്കാലം ഈ നിയമത്തിലെ വ്യവസ്ഥകളെകുറിച്ചുള്ള വിവരങ്ങളെ സംബന്ധിച്ച് വലിയ ആശങ്കകളാണ് ജനങ്ങളിൽ ഉളവാക്കിയത്. എന്നാൽ ഉന്നയിക്കപ്പെട്ട അതിപ്രധാനമായ പ്രശ്നങ്ങൾ ഇന്ത്യാ ഗവൺമെന്റ് അഭിസംബോധന ചെയ്തിട്ടില്ല. ഇതിന്റെ വീഴ്ചകൾ മൂന്നു വിപുലമായ മേഖലകളിലാണ്. നിലവിലെ ഗവൺമെന്റുകൾക്ക് (യൂണിയൻ ഗവൺമെന്റാകട്ടെ, സംസ്ഥാന ഗവൺമെന്റാകട്ടെ) അക്രമരഹിതവും നിയമാനുസൃതവുമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അട്ടിമറിക്കാനും പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനും കഴിയുന്ന രീതിയിൽ ഈ ക്രിമിനൽ നിയമങ്ങളെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഉത്കണ്ഠപ്പെടുത്തുന്ന ആദ്യത്തെ കാര്യം. നിരപരാധികളായ പൗരരെയും സത്യസന്ധരായ പൊതുജനസേവകരെയും തീവ്രവാദികളായും ദേശവിരുദ്ധരായും മുദ്രകുത്തി അറസ്റ്റുചെയ്യാനും തടവിൽ വയ്ക്കാനും വിചാരണ ചെയ്യാനുമുള്ള വിപുലമായ അധികാരം പുതിയ ക്രിമിനൽ നിയമങ്ങൾ ഗവൺമെന്റുകൾക്ക് നൽകുന്നുണ്ട്. അത് ദുരുപയോഗം ചെയ്യപ്പെടും എന്നതാണ് ഉത്കണ്ഠയുളവാക്കുന്ന രണ്ടാമത്തെ കാര്യം. ഭരണഘടനയനുസരിച്ച് അസാധാരണമായ സാഹചര്യത്തിൽ മാത്രം നടപ്പാക്കാവുന്ന അടിയന്തരാവസ്ഥ സാധാരണ സാഹചര്യത്തിലും നടപ്പാക്കാനുള്ള അധികാരം പുതിയ നിയമങ്ങൾ യൂണിയൻ ഗവൺമെന്റിന് നൽകുന്നു എന്നതാണ് ഉത്കണ്ഠപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം. ഇപ്പോൾ അംഗീകരിക്കപ്പെട്ട നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ ജനാധിപത്യം അധികകാലം നിലനിൽക്കില്ല.

5. വ്യാപകമായ രാഷ്ട്രീയ ദുരുപയോഗത്തിന് പുതിയ നിയമങ്ങൾ ഇടയാക്കും എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. പ്രത്യേകിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ഗവൺമെന്റുകൾ ഏതുരംഗത്തുനിന്നുമുള്ള വിമർശനങ്ങളോടും അഭിപ്രായവ്യത്യാസങ്ങളോടും അസഹിഷ്ണുത പുലർത്തുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ. നമ്മുടെ റിപ്പബ്ലിക്കിന്റെ ജനാധിപത്യമൂല്യങ്ങൾ രൂപത്തിലും ഉള്ളടക്കത്തിലും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിന് ഇന്ത്യാ ഗവൺമെന്റ് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം:

(i) മൂന്നു നിയമങ്ങളും പ്രാബല്യത്തിൽ വരുന്ന തീയതി (2024 ജൂലെെ 1) നീട്ടിവയ്ക്കുക.

(ii) അടിയന്തിരമായി സർവകക്ഷി സമ്മേളനം വിളിച്ച് ഈ മൂന്നു ക്രിമിനൽ നിയമങ്ങളും നടപ്പാക്കുന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുക; ഈ നിയമങ്ങൾ നടപ്പാക്കപ്പെടുമ്പോൾ ഭരണഘടന ജനങ്ങൾക്കു നൽകുന്ന അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ലംഘിക്കപ്പെടുമെന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണം; ജനാധിപത്യത്തിനു ദോഷകരമായേക്കാവുന്ന നിയമം പൂർണമായും പിൻവലിക്കാൻ ഗവൺമെന്റ് തയ്യാറാകണം.

6. ഇന്ത്യാ ഗവൺമെന്റിലെ പരമോന്നത രാഷ്ട്രീയ എക്സിക്യൂട്ടീവിനോടും പാർലമെന്റംഗങ്ങളോടും (ഇരുസഭകളിലേയും) രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളോടും ഉള്ള ഞങ്ങളുടെ അഭ്യർഥന, പുതിയ നിയമങ്ങൾ നമ്മുടെ ഭരണഘടനാവകാശങ്ങളെ നിഷ്ഫലമാക്കുന്നതും ജനാധിപത്യത്തെ അട്ടിമറിക്കുന്നതും ആയിരിക്കില്ല എന്ന് ഉറപ്പുവരുത്തണം എന്നാണ്. പുതിയ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവെക്കുകയും അവ സർവകക്ഷി യോഗം വിളിച്ച് അഭിപ്രായ സമന്വയത്തിനുശേഷം മാത്രം നടപ്പാക്കുകയും ചെയ്യണം എന്ന് നിങ്ങൾ എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സത്യമേവ ജയതേ

വിശ്വസ്തതയോടെ,
ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഗ്രൂപ്പ് (താഴെ ഒപ്പിട്ടിരിക്കുന്ന 109 പേർ)
1. അനിത അഗ്നിഹോത്രി ഐഎഎസ് (റിട്ട.), മുൻ സെക്രട്ടറി, സാമൂഹിക നീതി ശാക്തീകരണ വകുപ്പ്, ഇന്ത്യ ഗവൺമെന്റ്.
2. ആനന്ദ് അർണി (ആർഎഎസ് (റിട്ട.), മുൻ സ്പെ-ഷ്യൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഇന്ത്യ ഗവൺമെന്റ്
3. അരുണ ബാച്ചി ഐഎഎസ് (റിട്ട.), മുൻ ജോയിന്റ് സെക്രട്ടറി, ഖനി മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്.
4. സന്ദീപ് ബാച്ചി ഐഎഎസ് (റിട്ട.), മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മഹാരാഷ്ട്ര ഗവൺമെന്റ്.
5. ജി ബാലചന്ദ്രൻ ഐഎഎസ് (റിട്ട.), മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, പശ്ചിമബംഗാൾ ഗവൺമെന്റ്
6. വാപ്പാല ബാലചന്ദ്രൻ ഐപിഎസ് (റിട്ട.), മുൻ സ്പെഷ്യൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഇന്ത്യ ഗവൺമെന്റ്.
7. ഗോപാലൻ ബാലഗോപാൽ ഐഎഎസ് (റിട്ട.), മുൻ സ്പെഷ്യൽ സെക്രട്ടറി, പശ്ചിമബംഗാൾ ഗവൺമെന്റ്
8. ചന്ദ്രശേഖർ ബാലകൃഷ്ണൻ ഐഎഎസ് (റിട്ട.), മുൻ സെക്രട്ടറി കൽക്കരി മന്ത്രാലയം, ഇന്ത്യ ഗവൺമെന്റ്.
9. സുശാന്ത് ബലിഗ, എഞ്ചിനീയറിങ് സർവീസസ് (റിട്ട.), മുൻ അഡീഷണൽ ഡയറക്ടർ ജനറൽ, സെൻട്രൽ പിഡബ്ല്യുഡി, ഇന്ത്യ ഗവൺമെന്റ്.
10. റാണാ ബാനർജി ആർഎഎസ് (റിട്ട.), മുൻ സ്പെഷ്യൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഇന്ത്യ ഗവൺമെന്റ്.
11. ശരത് ബെഹർ ഐഎഎസ് (റിട്ട.), മുൻ ചീഫ് സെക്രട്ടറി, മദ്ധ്യപ്രദേശ് ഗവൺമെന്റ്
12. അരബിന്ദോ ബെഹറ ഐഎഎസ് (റിട്ട.), മുൻ റവന്യൂ ബോർഡ് അംഗം, ഒഡീഷ ഗവൺമെന്റ്
13. മധു ഭാദുരി ഐഎഫ്എസ് (റിട്ട.), പോച്ചുഗീസ് മുൻ അംബാസിഡർ
14. കെ വി ഭഗീരഥ് ഐഎഫ്എസ് (റിട്ട.), മുൻ സെക്രട്ടറി ജനറൽ, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ, മൗറീഷ്യസ്
15. പ്രദീപ് ഭട്ടാചാര്യ ഐഎഎസ് (റിട്ട.), മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, പശ്ചിമബംഗാൾ ഗവൺമെന്റ്
16. ന്യൂട്ടൺ ഗുഹ ബിശ്വാസ് ഐഎഎസ് (റിട്ട.) പൊലീസ് കംപ്ലയിന്റ് അഥോറിറ്റി മുൻ അംഗം, നാഷണൽ ക്യാപിറ്റൽ ടെറിറ്ററി, ഡൽഹി
17. മീരൻ സി ബോർവാങ്കർ ഐപിഎസ് (റിട്ട.), മുൻ ഡിജിപി, ബ്യൂറോ ഓഫ് പൊലീസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ്, ഇന്ത്യാ ഗവൺമെന്റ്
18. രവിബുദ്ധിരാജ ഐഎഎസ് (റിട്ട.), മുൻ ചെയർമാൻ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ്, ഇന്ത്യ ഗവൺമെന്റ്
19. സുന്ദർ ബുറ ഐഎഎസ് (റിട്ട.), മുൻ സെക്രട്ടറി, മഹാരാഷ്ട്ര ഗവൺമെന്റ്
20. ആർ ചന്ദ്രമോഹൻ ‍ഐഎഎസ് (റിട്ട.), മുൻ പ്രിൻസിപ്പൽ സെക്രട്ടറി ട്രാൻസ്പോർട്ട് ആൻഡ് അർബൻ ഡവലപ്മെന്റ്, നാഷണൽ ക്യാപിറ്റൽ ടെറിറ്ററി, ഡൽഹി തുടങ്ങിയവർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 19 =

Most Popular