Wednesday, October 9, 2024

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംഇടത്–വലത് 
വ്യതിയാനങ്ങള്‍ക്കെതിരായ ലെനിന്റെ നിലപാടുകള്‍

ഇടത്–വലത് 
വ്യതിയാനങ്ങള്‍ക്കെതിരായ ലെനിന്റെ നിലപാടുകള്‍

പുത്തലത്ത് ദിനേശന്‍

മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടന്നുവരുന്ന തെറ്റായ പ്രവണതകളാണ് ഇടത് – വലത് വ്യതിയാനങ്ങള്‍. ഇവയ്ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തിക്കൊണ്ടുമാത്രമേ വിപ്ലവ പ്രസ്ഥാനത്തിന് ശരിയായ പാതയിലൂടെ മുന്നോട്ടുപോകാനാവൂ. ഇത്തരം ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവെന്നതുകൊണ്ടാണ് റഷ്യന്‍ വിപ്ലവത്തിൽ നേതൃത്വപരമായ പങ്കുവഹിക്കാന്‍ ലെനിന് കഴിഞ്ഞത്. ലെനിന്റെ പുസ്തകങ്ങളും ലേഖനങ്ങളും അത്തരം സമരത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഇടത് തീവ്രവാദത്തെ തുറന്നുകാട്ടിക്കൊണ്ട് ലെനിൻ എഴുതിയ പുസ്തകമാണ് ‘ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത’ എന്നത്. വലതുപക്ഷ വ്യതിയാനത്തിനെതിരെ എഴുതിയതാണ് ‘‘തൊഴിലാളിവര്‍ഗ വിപ്ലവവും വഞ്ചകനായ കൗട്സ്കിയും’’ എന്ന പുസ്തകം. ഈ രണ്ട് പുസ്തകങ്ങളും സോവിയറ്റ് വിപ്ലവത്തിനുശേഷം എഴുതിയതാണ്. വിപ്ലവത്തിന്റേയും, സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റേയും അനുഭവങ്ങളെ മാര്‍ക്സിസത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുകകൂടിയാണിവിടെ.

ഇടതു തീവ്രവാദപരമായ സമീപനം വിപ്ലവ പ്രസ്ഥാനത്തെ ഏതുതരത്തിലാണ് ദുര്‍ബലപ്പെടുത്തുന്നത് എന്ന പ്രശ്നമാണ് മുഖ്യമായും ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത എന്ന പുസ്തകം വിലയിരുത്തുന്നത്. റഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തിന് അടിസ്ഥാനമായിത്തീര്‍ന്നത് പാർട്ടിയില്‍ നിലനിന്ന അച്ചടക്കവും ബഹുജനങ്ങളുടെ പിന്തുണയുമാണെന്ന് ലെനിന്‍ ഇതില്‍ ഓര്‍മ്മപ്പെടുത്തുന്നു. പാര്‍ലമെന്റിനുള്ളിലും പാര്‍ലമെന്റേതിരവുമായ സമര മാര്‍ഗ്ഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞതുകൊണ്ടാണ് റഷ്യന്‍ വിപ്ലവം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

ജര്‍മ്മനിയിലെ കമ്യൂണിസ്റ്റ് പാർട്ടി ചെന്നുപെട്ട പ്രതിസന്ധികളെ വ്യക്തമാക്കിക്കൊണ്ട് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോട് കമ്യൂണിസ്റ്റുകാര്‍ കാണിക്കേണ്ട സമീപനത്തെക്കുറിച്ച് തുടര്‍ന്ന് ലെനിൻ ഇങ്ങനെ വിശദീകരിക്കുന്നു:

‘‘ജര്‍മ്മനിയിലെ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്ററി സമ്പ്രദായം തീര്‍ച്ചയായും രാഷ്ട്രീയമായി കാലഹരണപ്പെട്ടതാണെന്നതില്‍ സംശയമില്ല. പക്ഷേ ഇതാണ് പ്രധാനപ്പെട്ട സംഗതി. നമുക്ക് കാലഹരണപ്പെട്ടത് വര്‍ഗത്തിന്, ബഹുജനങ്ങള്‍ക്ക് കാലഹരണപ്പെട്ടതാണെന്ന് നാം കരുതാന്‍ പാടില്ല. ഇക്കാര്യത്തിലും ന്യായവിചാരം ചെയ്യേണ്ടത് എങ്ങനെയെന്ന്, വര്‍ഗത്തിന്റെയും ബഹുജനങ്ങളുടെയും പാർട്ടിയായി പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് ഇടതുപക്ഷക്കാര്‍ക്ക് അറിഞ്ഞുകൂടെന്ന് നാം കാണുന്നു..”

ജര്‍മ്മൻ കമ്യൂണിസ്റ്റ്പാർട്ടിയിലെ ഇടതുതീവ്രവാദ നിലപാടുകളുടെ ദൗര്‍ബല്യം ഇവിടെ തുറന്നുകാട്ടുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടപെടുന്ന പ്രശ്നത്തെ ജനങ്ങളുടെ ബോധവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ലെനിന്‍ ഇങ്ങനെ വിലയിരുത്തുന്നു:

‘‘വ്യവസായ തൊഴിലാളികള്‍ ലക്ഷക്കണക്കിനും വമ്പിച്ച പടയായിട്ടും അല്ലെങ്കില്‍ അവരില്‍ സാമാന്യം നല്ലൊരു ന്യൂനപക്ഷം കത്തോലിക്കാ പുരോഹിതന്മാരെയും, നാട്ടിന്‍പുറത്തെ തൊഴിലാളികളില്‍ അതുപോലൊരു ന്യൂനപക്ഷം ഭൂവുടമകളേയും കുലാക്കുകളേയും പിന്തുടരുന്നുണ്ടെങ്കില്‍ നിസ്സംശയമായും അതിനര്‍ത്ഥം പാര്‍ലമെന്ററി സമ്പ്രദായത്തിന് ജര്‍മ്മനിയില്‍ ഇനിയും കാലഹരണം വന്നുകഴിഞ്ഞിട്ടില്ലെന്നാണ്, സ്വന്തം വര്‍ഗ്ഗത്തിന്റെ പിന്നണിയില്‍ പെട്ടവരെ പഠിപ്പിക്കാനും വളര്‍ച്ചയില്ലാത്ത മര്‍ദ്ദിതരും അജ്ഞരുമായി കഴിയുന്ന ഗ്രാമീണ ബഹുജനങ്ങളെ തട്ടിയുണര്‍ത്താനും പ്രബുദ്ധരാക്കാനും വേണ്ടിത്തന്നെ വിപ്ലവ തൊഴിലാളിവര്‍ഗത്തിന്റെ പാർട്ടി പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിലും പാര്‍ലമെന്റിന്റെ വേദിയില്‍ നിന്നുള്ള സമരത്തിലും പങ്കെടുക്കാന്‍ ബാധ്യസ്ഥമാണെന്നാണ്. ബൂര്‍ഷ്വാ പാര്‍ലമെന്റുകളെയും മറ്റെല്ലാം തരത്തിലുമുള്ള പിന്തിരിപ്പന്‍ സ്ഥാപനങ്ങളെയും ഇല്ലാതാക്കാനുള്ള കരുത്ത് നിങ്ങള്‍ക്ക് ഇല്ലാത്തിടത്തോളം കാലം നിങ്ങള്‍ അവയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണുവേണ്ടത്. കാരണം പുരോഹിതന്‍മാരാല്‍ കബളിപ്പിക്കപ്പെട്ടവരും ഗ്രാമീണ ജീവിതത്തിന്റെ സാഹചര്യങ്ങളില്‍ മുരടിച്ചുപോയവരുമായ തൊഴിലാളികള്‍ ഇപ്പോഴും അവയില്‍ ഉണ്ടെന്നുതന്നെ. ഇതു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ വെറും വായാടികളായിത്തീരും.”

പാര്‍ലമെന്റില്‍ മാത്രമല്ല പിന്തിരിപ്പനായ ട്രേഡ് യൂണിയനുകളില്‍പോലും വിപ്ലവകാരികള്‍ ചിലഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരും എന്ന കാര്യവും ലെനിന്‍ എടുത്തുപറയുന്നു:

‘‘ഒത്തുതീര്‍പ്പുകള്‍ പാടില്ല, തന്ത്രപരമായ നീക്കങ്ങള്‍ പാടില്ലയെന്ന് തിടുക്കത്തില്‍ എടുക്കുന്ന തീരുമാനം വിപ്ലവകാരിയായ തൊഴിലാളിവര്‍ഗത്തിന്റെ സ്വാധീന ശക്തി വര്‍ദ്ധിപ്പിക്കുകയും അതിന്റെ ശക്തികളെ വിപുലീകരിക്കുകയും ചെയ്യുക എന്ന ജോലിക്ക് ഹാനിവരുത്താനേ പര്യാപ്തമാകൂ” എന്ന കാര്യവും ലെനിന്‍ ഇതില്‍ എടുത്തുപറയുന്നു.

അടവുകള്‍ രൂപപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അദ്ദേഹം എടുത്തുപറയുന്നുണ്ട്. ‘‘തൊഴിലാളികളുടെ വര്‍ഗബോധത്തിന്റെയും വിപ്ലവ വീര്യത്തിന്റെയും പൊരുതിജയിക്കാനുള്ള കഴിവിന്റെയും പൊതുനിലവാരം താഴ്ത്താനല്ല, ഉയര്‍ത്താന്‍വേണ്ടി ഈ അടവുകള്‍ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയണമെന്നത് മാത്രമാണ് പ്രശ്നം.” പ്രസ്ഥാനത്തിനു മുന്നോട്ടു പോകാൻ സഹായകരമാകുന്ന തരത്തിലാകണം അടവുകള്‍ രൂപീകരിക്കേണ്ടത്. സൂത്രപ്പണികളെ അടവുകളായി കണക്കാക്കാനാവില്ല. തന്ത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടു മാത്രമേ അടവുകള്‍ രൂപപ്പെടുത്താന്‍ പാടുള്ളൂ.

വിപ്ലവത്തിനുശേഷം ബൂര്‍ഷ്വാസി പതിന്മടങ്ങ് ശക്തിയോടെ തിരിച്ചടിക്കാന്‍ ശേഷിയുള്ളവരാണെന്ന കാഴ്ചപ്പാടും അവതരിപ്പിക്കുന്നു.

‘‘തൊഴിലാളി വര്‍ഗത്തിന്റെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം ഒരു രാജ്യത്ത് ബൂര്‍ഷ്വാസി അട്ടിമറിക്കപ്പെട്ടതിനുശേഷം ഒരു നീണ്ടകാലത്തേക്ക് ആ രാജ്യത്തെ തൊഴിലാളി വര്‍ഗം ബൂര്‍ഷ്വാസിയേക്കാള്‍ ദുര്‍ബലമായിത്തീരും. ബൂര്‍ഷ്വാസിയുടെ വിപുലമായ സാര്‍വ്വദേശീയ ബന്ധങ്ങള്‍ മാത്രമാണ് ഇതിനു കാരണം.”

ഇങ്ങനെ ബൂര്‍ഷ്വാസിയുടെ ശേഷിയെ മനസ്സിലാക്കിക്കൊണ്ട് ഇടപെടേണ്ടതിന്റെ പ്രാധാന്യം അക്കാലത്തു തന്നെ ലെനിന്‍ തിരിച്ചറിഞ്ഞു.

മാര്‍ക്സിസത്തെ സ്ഥലത്തേയും കാലത്തേയും ശരിയായി മനസ്സിലാക്കിക്കൊണ്ട് പ്രയോഗിക്കുകയാണ് വേണ്ടത് എന്നതിന്റെ പ്രാധാന്യവും ഇവിടെ കടന്നുവരുന്നുണ്ട്. ‘‘നമ്മുടെ സിദ്ധാന്തം ഒരു മാമൂല്‍ പ്രമാണമല്ല പ്രത്യുത, പ്രവര്‍ത്തനത്തിലുള്ള വഴികാട്ടിയാണെന്ന് മാര്‍ക്സും, എംഗല്‍സും പറഞ്ഞിട്ടുണ്ട്” എന്ന കാര്യം ലെനിന്‍ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.

വിപ്ലവം നടക്കണമെങ്കില്‍ ഉണ്ടാവേണ്ട ഘടകങ്ങളെ ലെനിന്‍ ഇങ്ങനെ ഓര്‍മ്മപ്പെടുത്തുന്നു:

‘‘ഒന്നാമത് വിപ്ലവം ആവശ്യമാണെന്ന് ഭൂരിപക്ഷം തൊഴിലാളികള്‍ക്ക് (ചുരുങ്ങിയത് വര്‍ഗബോധമുള്ളവരും ചിന്തിക്കുന്നവരും രാഷ്ട്രീയമായി സജീവമായിട്ടുള്ളവരുമായ തൊഴിലാളികളുടെ ഭൂരിപക്ഷത്തിനെങ്കിലും) ബോധ്യം വരണം; അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം. രണ്ടാമത് ഭരണാധികാരി വര്‍ഗങ്ങള്‍ ഒരു ഭരണക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കണം”

വിപ്ലവം പൂര്‍ത്തീകരിക്കണമെങ്കില്‍ ഓരോ രാജ്യത്തിന്റെയും സാമ്പത്തിക – രാഷ്ട്രീയ –സാംസ്കാരിക– സവിശേഷതകള്‍, ദേശീയ ഘടന, മതപരമായ വിഭജനങ്ങള്‍ തുടങ്ങിയവ കണക്കിലെടുക്കേണ്ടി വരും. പ്രചരണവും പ്രക്ഷോഭവും കൊണ്ടു മാത്രം വിപ്ലവം നടക്കില്ല. ബഹുജനങ്ങളുടെ സ്വന്തം രാഷ്ട്രീയ അനുഭവം ഇതിന് ആവശ്യമാണ്. വിപ്ലവം നടക്കണമെങ്കില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഒന്നൊഴിയാതെയുള്ള എല്ലാ രൂപങ്ങളും വിപ്ലവ പാർട്ടി സ്വായത്തമാക്കേണ്ടതുണ്ട്. ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അതിവേഗത്തിലും പൊടുന്നനെയും മാറാന്‍ വിപ്ലവ വര്‍ഗം തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകതയും ലെനിൻ ഇവിടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

വിപ്ലവത്തിന്റെ മുന്നേറ്റത്തിനിടയില്‍ സംഭവിക്കുന്ന ഇടത് –വലത് വ്യതിയാനങ്ങളെ കാട്ടിക്കൊണ്ട് ലെനിൻ ഇങ്ങനെ പറയുന്നു:

‘‘വലതുപക്ഷ സിദ്ധാന്തഭ്രാന്ത് പഴയരൂപങ്ങളെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് വാശിപിടിച്ചു. അത് നിശ്ശേഷം പാപ്പരാവുകയും ചെയ്തു. കാരണം പുതിയ ഉള്ളടക്കത്തെ അതുകണ്ടില്ല. ഇടതുപക്ഷ സിദ്ധാന്ത ഭ്രാന്താകട്ടെ ചില പഴയരൂപങ്ങള്‍ നിരുപാധികം നിരാകരിക്കണമെന്ന് വാശിപിടിക്കുകയാണ്. പുതിയ ഉള്ളടക്കം എല്ലാത്തരം രൂപങ്ങളിലൂടെയും തള്ളിപുറത്തു വരുന്നുണ്ടെന്ന് അവര്‍ കാണുന്നില്ല. എല്ലാരൂപങ്ങളെയും സ്വായത്തമാക്കുകയും കഴിയുന്നത്രവേഗത്തില്‍ ഓരോ രൂപത്തെയും ഒന്നിച്ച് പ്രയോഗിക്കാനും മാറിമാറി പ്രയോഗിക്കാനും നമ്മുടെ വര്‍ഗത്തില്‍ നിന്നോ ശ്രമങ്ങളില്‍ നിന്നോ അല്ലാതെ വരുന്ന ഏതൊരു മാറ്റവുമായും നമ്മുടെ അടവുകളെ പൊരുത്തപ്പെടുത്താനും പഠിക്കുകയും ചെയ്യുക എന്നത് കമ്യൂണിസ്റ്റുകാരെന്ന നിലയ്ക്ക് നമ്മുടെ ചുമതലയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.”

ഇടതുപക്ഷ കമ്യൂണിസം എന്ന ബാലാരിഷ്ടത മറികടന്ന് ലോകകമ്യൂണിസം മുന്നോട്ടുപോകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് ലെനിന്‍ ഈ പുസ്തകം അവസാനിപ്പിക്കുന്നത്. അനുബന്ധമായി ജര്‍മ്മനിയിലെയും ഇറ്റലിയിലെയും കമ്യൂണിസ്റ്റ്പാർട്ടിയിലെ വ്യതിയാനങ്ങളെ ലെനിന്‍ എടുത്തുപറയുന്നുണ്ട്. ഇത്തരത്തില്‍ സിദ്ധാന്തം അവതരിപ്പിക്കുക മാത്രമല്ല അക്കാലത്ത് വിവിധ രാജ്യങ്ങളില്‍ അത് എങ്ങനെ പ്രസക്തമായിത്തീരുന്നുവെന്ന് കാണിച്ച് കൊടുത്തുകൊണ്ടുമാണ് ലെനിൻ പുസ്തകം അവസാനിപ്പിക്കുന്നത്.

തൊഴിലാളിവര്‍ഗ വിപ്ലവവും 
വഞ്ചകനായ കൗട്സ്കിയും
തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തില്‍ വരുന്ന വലതുപക്ഷ നിലപാടുകള്‍ക്കെതിരായി ലെനിന്‍ നടത്തിയ ആശയ സമരത്തിന്റെ ഭാഗമായാണ് തൊഴിലാളി വര്‍ഗ വിപ്ലവവും വഞ്ചകനായ കൗട്സ്കിയും എന്ന പുസ്തകം എഴുതിയത്. ബോള്‍ഷെവിക്കുകള്‍ റഷ്യയില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് സ്ഥാപിക്കപ്പെട്ട ബൂര്‍ഷ്വാ സര്‍വാധിപത്യത്തിന്റെ ഉപകരണമായ ഭരണഘടനാ സമിതിയെ പിരിച്ചുവിട്ടു. പകരം തൊഴിലാളികളുടേയും പടയാളികളുടേയും കര്‍ഷകജനസാമാന്യത്തിന്റേയും സോവിയറ്റുകള്‍ക്ക് അധികാരം നല്‍കുകയും ചെയ്തു. ബോള്‍ഷെവിക്കുകള്‍ നടത്തിയ ഈ നടപടി ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതായിരുന്നു എന്നായിരുന്നു കൗട്സ്കിയുടെ ആരോപണം. എന്നാല്‍ ഈ വിമര്‍ശനം തെറ്റാണെന്നും ഈ നിലപാട് മാര്‍ക്സിസത്തെ ബൂര്‍ഷ്വാ രാഷ്ട്രീയമായി മാറ്റുന്നതിലേക്കാണ് എത്തിച്ചേരുക എന്നും ലെനിന്‍ തന്റെ സൈദ്ധാന്തിക നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ഇങ്ങനെ രേഖപ്പെടുത്തി:

‘‘പൊതുവില്‍ ജനാധിപത്യമെന്നില്ല; ജനാധിപത്യം ഏതു വര്‍ഗത്തിന് –ബൂര്‍ഷ്വാസിക്കോ തൊഴിലാളി വര്‍ഗത്തിനോ–എന്നതാണ് പ്രശ്നം. നവംബര്‍ 7 ന് സോവിയറ്റ് റഷ്യയില്‍ ഉയര്‍ന്നുവന്ന ജനാധിപത്യം തൊഴിലാളി വര്‍ഗത്തിന്റെ ജനാധിപത്യമാണ്. ബൂര്‍ഷ്വാസിയുടെ ‘ജനാധിപത്യ’ത്തിന് വിരുദ്ധമാണത്.”

ഈ കാഴ്ചപ്പാട് മുന്നോട്ടു വെച്ചുകൊണ്ട് ഭരണകൂടത്തിന്റെ വര്‍ഗ സ്വഭാവത്തെ വിലയിരുത്തുകയാണ് ലെനിന്‍ ചെയ്യുന്നത്. ‘ഭരണകൂടവും വിപ്ലവവു’മെന്ന പുസ്തകത്തില്‍ മുന്നോട്ടുവെച്ച ആശയങ്ങളെ മറ്റൊരു തരത്തില്‍ ഇവിടെ അവതരിപ്പിക്കുന്നു.

റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാർട്ടിയിലെ അവസരവാദികളും വിപ്ലവകാരികളും തമ്മില്‍ നടന്ന ദീര്‍ഘമായ സമരത്തിന്റെ അനുഭവം കൂടി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 1917 ല്‍ നടന്ന ജനാധിപത്യ വിപ്ലവത്തെ സോഷ്യലിസ്റ്റ് വിപ്ലവമാക്കി മാറ്റുന്നതിനുവേണ്ടി ബോള്‍ഷെവിക്കുകൾ നടത്തിയ സമരത്തിന്റെ ചരിത്രവും തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട്. സോവിയറ്റ് റഷ്യയെ ജനാധിപത്യത്തിന്റെ പേരുപറഞ്ഞ് ആക്രമിക്കുന്ന കൗട്സ്കി ബൂര്‍ഷ്വാ ജനാധിപത്യത്തെ ന്യായീകരിക്കുകയാണെന്ന് ലെനിന്‍ ഇതില്‍ വ്യക്തമാക്കുന്നു.

കൗട്സ്കി പ്രതിപാദിക്കുന്ന മൗലിക പ്രശ്നം തൊഴിലാളി വിപ്ലവത്തിന്റെ അന്തഃസത്തയായ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തെ കുറിച്ചാണ്. തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തെ ആക്രമിക്കുന്ന കൗട്സ്കി ഫലത്തില്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ വക്താവായിത്തീരുകയാണെന്നും ലെനിന്‍ വ്യക്തമാക്കുന്നു.

മാര്‍ക്സ് എഴുതിയ വാക്കുകളെല്ലാം കൗട്സ്കിക്ക് മനഃപാഠമാണ് എന്ന് ലെനിന്‍ തുടര്‍ന്നെഴുതുന്നുണ്ട്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ സത്തയെന്താണെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും ലെനിന്‍ വിശദീകരിക്കുന്നു. തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞിട്ടുള്ള ചെറുവാക്കിനെയാണ് ബോള്‍ഷെവിക്കുകള്‍ ഉപയോഗിക്കുന്നത് എന്ന കൗട്സ്കിയുടെ വാദത്തെ ഖണ്ഡിക്കുന്ന ഘട്ടത്തിലാണ് ലെനിന്‍ ഇത് സൂചിപ്പിക്കുന്നത്. കൗട്സ്കി പറയുന്ന ചെറുവാക്ക് ഇതാണ്:

‘‘മുതലാളിത്ത സമുദായത്തിനും കമ്യൂണിസ്റ്റ്സമുദായത്തിനും ഇടയ്ക്ക് രൂപാന്തരപ്പെടുന്ന ഒരു കാലഘട്ടമുണ്ട്. തദനുസൃതമായി രാഷ്ട്രീയമായും ഒരു ഇടക്കാല ഘട്ടമുണ്ട്. അക്കാലത്തെ ഭരണകൂടം തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ സര്‍വ്വാധിപത്യമല്ലാതെ മറ്റൊന്നാകാന്‍ തരമില്ല.”

യഥാര്‍ത്ഥത്തില്‍ കൗട്സ്കി സൂചിപ്പിക്കുന്നതുപോലെ ഇതൊരു ചെറുവാക്ക് മാത്രമല്ലെന്ന് ലെനിന്‍ വിശദീകരിക്കുന്നു. ഇതിനെ സംബന്ധിച്ച് 1852 മുതല്‍ 1891 വരെയുള്ള 40 കൊല്ലക്കാലം തുടര്‍ച്ചയായി മാര്‍ക്സ് പ്രസ്താവിച്ച കാര്യവും ലെനിന്‍ ഇവിടെ വിശദീകരിക്കുന്നുണ്ട്.

ജനാധിപത്യമെന്ന പേരില്‍ കൗട്സ്കി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബൂര്‍ഷ്വാസിയുടെ ജനാധിപത്യമാണെന്ന് ലെനിന്‍ വിശദീകരിക്കുന്നു:

‘‘തൊഴിലാളികള്‍ക്കെതിരായി പട്ടാളത്തെ അയയ്ക്കാനും പട്ടാളനിയമം പ്രഖ്യാപിക്കാനും ബൂര്‍ഷ്വാസിക്ക് ഉറപ്പുനല്‍കുന്ന വ്യവസ്ഥകളും പഴുതുകളും ഉള്‍ക്കൊള്ളാത്ത ഒറ്റ ഭരണഘടനപോലും ആധുനിക ഭരണകൂടങ്ങളില്‍ ഇല്ല. കൗട്സ്കി ലജ്ജയില്ലാതെ ബൂര്‍ഷ്വാ ജനാധിപത്യത്തെ തേച്ചുമിനുക്കി കാട്ടുകയാണ്. ഉദാഹരണത്തിന് ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ അമേരിക്കയിലേയും സ്വിറ്റ്സര്‍ലണ്ടിലേയും ബൂര്‍ഷ്വാസി, പണിമുടക്കുന്ന അവിടുത്തെ തൊഴിലാളികളോട് എങ്ങനെ പെരുമാറുന്നു എന്നതിനെപ്പറ്റി അദ്ദേഹം മിണ്ടുന്നേയില്ല.” ഇത്തരത്തില്‍ കൗട്സ്കിയുടെ നിലപാടുകളെ തുറന്നുകാട്ടുകയാണ് ലെനിന്‍ ചെയ്യുന്നത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമായി തന്നെയാണ് കൗട്സ്കി കാണുന്നത്. അതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന യുക്തി ഇതാണ്: ചൂഷകര്‍ എല്ലാ ഘട്ടത്തിലും ന്യൂനപക്ഷമാണ്. ചൂഷിതരാവട്ടെ ഭൂരിപക്ഷവും. അപ്പോള്‍ ജനാധിപത്യ സമ്പ്രദായം നടപ്പിലാക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം വരുന്ന ചൂഷിതര്‍ക്ക് അതായത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അധികാരം കൈയാളാനും അതുവഴി ബഹുഭൂരിപക്ഷത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് കൗട്സ്കി പറയുന്നത്.

കൗട്സ്കി മുന്നോട്ടുവെക്കുന്ന ഈ വാദത്തെ ലെനിന്‍ ഖണ്ഡിക്കുന്നു:

‘‘ചൂഷകര്‍ അനിവാര്യമായി ഭരണകൂടത്തെ (ഇവിടെ ജനാധിപത്യമാണ് വിഷയമായിട്ടുള്ളത്. അതാണെങ്കില്‍ ഭരണകൂടത്തിന്റെ ഒരു രൂപവുമാണ്.) ചൂഷിതരുടെ മേല്‍ സ്വന്തം വര്‍ഗത്തിന്റെ ആധിപത്യ അടിച്ചേൽപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അതിന് അത് ചൂഷകരുടേതായ ജനാധിപത്യമായിത്തന്നെ ഇരിക്കണം. ചൂഷിതരുടെ ഭരണകൂടം മേല്‍പ്രസ്താവിച്ച രീതിയിലുള്ള ഭരണകൂടത്തില്‍ നിന്ന് മൗലികമായി വിഭിന്നമായിരിക്കും. അത് ചൂഷിതരുടെ ജനാധിപത്യമായിരിക്കണം. ചൂഷകരെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണവുമായിരിക്കണം. ഒരു വര്‍ഗത്തെ അടിച്ചമര്‍ത്തുക എന്നുവെച്ചാല്‍ ആ വര്‍ഗത്തിനെ ജനാധിപത്യത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നു എന്നത്രേ അര്‍ത്ഥം.”

മാര്‍ക്സിസത്തിന്റെ ഈ കാഴ്ചപ്പാട് കൈയൊഴിഞ്ഞു കൊണ്ടാണ് കൗട്സ്കി മുന്നോട്ടുപോകുന്നത്. ഇതിനെ കുറിച്ച് ലെനിന്‍ ഇങ്ങനെ പറയുന്നുണ്ട്:

‘‘ചൂഷകരും ചൂഷിതരും തമ്മിലുള്ള ബന്ധം കൗട്സ്കിയുടെ വാദങ്ങള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. അവശേഷിക്കുന്നത് പൊതുവില്‍ ഭൂരിപക്ഷം, പൊതുവില്‍ ന്യൂനപക്ഷം, പൊതുവില്‍ ജനാധിപത്യം, നമുക്ക് ചിരപരിചിതമായിട്ടുള്ള ‘ശുദ്ധ ജനാധിപത്യം’ ഇത്രമാത്രം.”

വര്‍ഗപരമായ സമീപനം കൈയൊഴിഞ്ഞ് ഒരു ലിബറലായി കൗട്സ്കി മാറുകയാണെന്നും ലെനിന്‍ വ്യക്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ലെനിന്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്:

‘‘ഭൂരിപക്ഷം നമ്മുടെ ഭാഗത്തുള്ളപ്പോള്‍ സര്‍വ്വാധിപത്യം എന്തിന് എന്ന മാര്‍ക്സും എംഗല്‍സും ഇങ്ങനെ വിശദീകരിക്കുന്നു:

ബൂര്‍ഷ്വാസിയുടെ എതിര്‍പ്പിനെ തച്ചുതകര്‍ക്കുന്നതിനുവേണ്ടി;

പിന്തിരിപ്പന്‍മാരില്‍ ഭീതിയുളവാക്കുന്നതിനുവേണ്ടി;

ബൂര്‍ഷ്വാസിക്കെതിരായി ആയുധമെടുത്ത ജനങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിനുവേണ്ടി;

തൊഴിലാളിവര്‍ഗത്തിന് എതിരാളികളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുവാന്‍ വേണ്ടി”

ഇത്തരത്തില്‍ കേവല ജനാധിപത്യത്തിനുപകരം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം അനിവാര്യമായതിന്റെ കാരണങ്ങളാണ് ലെനിന്‍ വിശദീകരിക്കുന്നത്. ഒരു വര്‍ഗത്തിന് മറ്റൊരു വര്‍ഗത്തിന്റെ മേല്‍ ചൂഷണം നടത്തുവാനുള്ള സാധ്യത പരിപൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ യഥാര്‍ത്ഥ സമത്വം പ്രാവര്‍ത്തികമാക്കാന്‍ നിവൃത്തിയില്ല. എന്തുകൊണ്ട് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം അനിവാര്യമായിത്തീരുന്നുവെന്ന് ലെനിന്‍ വിശദീകരിക്കുന്നു.

മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനിടയിലുള്ള ഇടക്കാല ഘട്ടമുണ്ട്. ആ ഘട്ടത്തില്‍ ആധിപത്യം വഹിച്ച വര്‍ഗത്തിന്റെ മേധാവിത്വം തകര്‍ക്കുന്നതിനായുള്ള ഇടക്കാല ഭരണകൂടം എന്ന നിലയില്‍ തൊഴിലാളി വര്‍ഗത്തിന്റെ സര്‍വാധിപത്യം അനിവാര്യമാണ്. ഈ സമീപനം നിഷേധിക്കുന്ന കൗട്സ്കി യഥാര്‍ത്ഥ ജനാധിപത്യം കെട്ടിപ്പടുക്കുന്ന കാഴ്ചകളില്‍ നിന്ന് ഏറെ അകലെയാണെന്നാണ് ലെനിന്‍ വ്യക്തമാക്കുന്നത്.

സോവിയറ്റ് യൂണിയനില്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യവിരുദ്ധമാണ് എന്ന കൗട്സ്കിയുടെ വാദങ്ങള്‍ക്കും ലെനിന്‍ പിന്നീട് മറുപടി പറയുന്നുണ്ട്. സാര്‍വ്വദേശീയതയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട നിലപാടുകളില്‍ കൗട്സ്കിക്ക് വരുന്ന പോരായ്മയും വിശദീകരിക്കുന്നുണ്ട്. ഭരണകൂടത്തെ വിപ്ലവകരമായ രീതിയില്‍ പരിഷ്കരിക്കാതിരിക്കുന്നത് എന്നതിനർഥം ഫലത്തില്‍ ബൂര്‍ഷ്വാ ആധിപത്യത്തിന് സഹായകമായി വര്‍ത്തിക്കുക എന്നാണ‍്. ഭരണകൂടത്തെ വിപ്ലവകരമായി പരിഷ്കരിക്കുന്നതിനുപകരം ബൂര്‍ഷ്വാ പരിഷ്കരണരീതിയില്‍ മാറ്റിത്തീർക്കാനാണ് എല്ലാ കാലത്തും ബൂര്‍ഷ്വാസി പരിശ്രമിക്കുക. തൊഴിലാളി വര്‍ഗത്തിനാവട്ടെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തെ അതിന്റെ അവസാനം വരെ കൊണ്ടുപോവേണ്ടതുണ്ട്. തുടര്‍ന്ന് തൊഴിലാളി വര്‍ഗം, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവത്തെ സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നയിക്കണം. ബോള്‍ഷെവിക്കുകളുടെ ഈ നിലപാടാണ് സോവിയറ്റ് യൂണിയനില്‍ വിപ്ലവം യാഥാര്‍ത്ഥ്യമാക്കിയതെന്ന് ലെനിന്‍ ഓര്‍മ്മിപ്പിക്കുന്നു. ബോള്‍ഷെവിക്കുകള്‍ക്ക് വിജയം വരിക്കാനായതിന്റെ കാരണം അവർ ശരിയായ രാഷ്ട്രീയ നിലപാട് മുന്നോട്ടുവെച്ചതുകൊണ്ടാണെന്ന് ലെനിന്‍ പറയുന്നു:

‘‘ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവത്തേയും സോഷ്യലിസ്റ്റ് വിപ്ലവത്തേയും ശരിക്ക് വേര്‍തിരിച്ചുകണ്ടത് ബോള്‍ഷെവിക്കുകൾ മാത്രമാണ്. ആദ്യത്തേത് പൂര്‍ത്തീകരിച്ചുകൊണ്ട് രണ്ടാമത്തേതിലേക്കുള്ള പരിവര്‍ത്തന കവാടം അവര്‍ തുറന്നുകൊടുത്തു. വിപ്ലവകരമായ മാര്‍ക്സിസ്റ്റ് നയം ഇതു മാത്രമായിരുന്നു.”

ഈ ശരിയായ നയം സ്വീകരിച്ചതുകൊണ്ടാണ് റഷ്യന്‍ വിപ്ലവം നടന്നത് എന്നതും കൗട്സ്കിയെ ലെനിന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഈ പുസ്തകത്തിന്റെ അനുബന്ധമായി വാന്ദര്‍വെല്‍ദിന്റെ ‘സോഷ്യലിസം ഭരണകൂടത്തിനെതിരെ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ലെനിന്റെ വിമര്‍ശനവും കൊടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് ബ്യൂറോയുടെ അധ്യക്ഷനായ വാന്ദര്‍വെല്‍ദിന്റെ വലതുപക്ഷ വ്യതിയാനമാണ് ഇവിടെ വിമര്‍ശനവിധേയമാവുന്നത്. ഭരണകൂടത്തേയും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തേയും പറ്റിയുള്ള മാര്‍ക്സിന്റെ നിഗമനങ്ങളെ ഇദ്ദേഹം വികൃതപ്പെടുത്തുന്നതായി ലെനിന്‍ നിരീക്ഷിക്കുന്നു. കൗട്സ്കിയെ പോലെ ഇദ്ദേഹവും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തെക്കുറിച്ച് പറയുന്നത് അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണെന്നും ലെനിന്‍ പറയുന്നു. ഇത്തരത്തില്‍ വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള വ്യക്തമായ മാര്‍ക്സിസ്റ്റ് നിലപാടുകളായി ഈ പുസ്തകം മാറുന്നു. അന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് മാര്‍ക്സിസം – ലെനിനിസം ഇങ്ങനെയാണ് പ്രയോഗിക്കപ്പെട്ട് മുന്നോട്ടുപോയതെന്നും ഇത് വ്യക്തമാക്കുന്നു.

‘തൊഴിലാളിവര്‍ഗ വിപ്ലവവും വഞ്ചകനായ കൗട്സ്കിയും’ എന്ന കൃതി തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തേയും ഭരണകൂടത്തേയും സംബന്ധിച്ച മാര്‍ക്സിസ്റ്റ് ധാരണകള്‍ ഒന്നുകൂടി വ്യക്തമാക്കുന്നതാണ്. വിപ്ലവാനന്തര സമൂഹത്തില്‍ ജനാധിപത്യത്തെ സംബന്ധിച്ച സമീപനങ്ങളെ ഏതു തരം ഉള്‍ക്കാഴ്ചയോടെയാണ് ലെനിന്‍ മുന്നോട്ടുകൊണ്ടുപോയത് എന്നു മനസ്സിലാക്കുന്നതിനും ഈ പുസ്തകം പര്യാപ്തമാണ്. ലിബറല്‍ നിലപാടുകള്‍ക്കു നേരെ നിതാന്ത ജാഗ്രത കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ ലെനിന്‍ വ്യക്തമാക്കുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന കാഴ്ചപ്പാടിനെ സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് ലെനിന്റെ ഈ നിഗമനങ്ങള്‍ ശ്രദ്ധേയമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 1 =

Most Popular