കേരളം കണ്ട ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപുണ്ടായത്. ഒരു വലിയ പ്രദേശം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. വീടുകളും വിദ്യാലയങ്ങളും റോഡുകളും ജീവിതോപാധികളും ഉൾപ്പെടെ മനുഷ്യജീവിതത്തിനു അനിവാര്യമായതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. അവയെല്ലാം മികച്ച രീതിയിൽ പുനർനിർമ്മിക്കാൻ നാടാകെ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. അവിടത്തെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കു സമൂഹത്തിന്റെയാകെ പിന്തുണ അനിവാര്യമാണ്.
എന്നാൽ ഇതുപോലെയൊരു സന്ദർഭത്തിൽ നാടിന്റെ കൂട്ടായ്മയെ തകർക്കാൻ ചിലർ ശ്രമിക്കുന്നത് ഗൗരവത്തോടെ കാണാൻ തയ്യാറാകേണ്ടതുണ്ട്. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ നൽകരുതെന്ന ആഹ്വാനവുമായി ചിലർ നടത്തുന്ന അസത്യപ്രചരണങ്ങളെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. പൂർണ്ണമായി സുതാര്യമായും കൃത്യമായ ഓഡിറ്റിംഗിനു വിധേയമായും നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അർഹരായവർക്ക് ആനുകൂല്യമെത്തിക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗമാണെന്നതാണ് യാഥാർത്ഥ്യം.
പ്രകൃതിക്ഷോഭങ്ങൾ അടക്കമുള്ള ദുരന്തങ്ങൾക്ക് ഇരയാകുന്നവർ, മാരക രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ, അപകടംമൂലം ചികിത്സ തേടുന്നവർ, മരണപ്പെടുന്നവരുടെ ആശ്രിതർ തുടങ്ങിയവർ ഇതിന്റെ ഗുണഭോക്താക്കളാണ്. മാത്രമല്ല, ഇൻഷുറൻസ് ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും കടൽ ക്ഷോഭത്തിൽ മത്സ്യബന്ധനോപാധികൾ നഷ്‌ടപ്പെടുന്നവർക്കും തീപിടുത്തം മൂലം വീടിന് കേടുപാടുവരുന്നവർക്കും ദുരിതാശ്വാസനിധി വഴി സഹായം ലഭ്യമാക്കിവരുന്നുണ്ട്. നമ്മുടെ നാടിനെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവർ നൽകുന്ന സംഭാവനകളാണ് തികച്ചും അർഹതപ്പെട്ട കരങ്ങളിൽ സർക്കാർ എത്തിച്ചുകൊണ്ടിരിക്കുന്നത്.
അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി തുക ലഭ്യമാക്കുന്നതിനു തടസ്സം നിന്നിരുന്ന നടപടിക്രമങ്ങളും നൂലാമാലകളും അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നിയതവും സുതാര്യവുമായ സംവിധാനമാക്കി മാറ്റിയത് 2016-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരായിരുന്നു. നിലവിൽ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ പണം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നതുവരെയുള്ള ഒരു ഘട്ടത്തിലും അപേക്ഷകർ നേരിട്ട് ഓഫീസുകളിൽ വരേണ്ടതില്ല. അർഹരായ ആർക്കും അപേക്ഷ ഓൺലൈനായോ അല്ലാതെയോ സമർപ്പിക്കാം. അക്ഷയ സെന്ററുകൾ വഴിയോ ജനപ്രതിനിധികളുടെ ഓഫീസുകൾ മുഖേനയോ തപാൽ മാർഗ്ഗത്തിലോ അപേക്ഷ നൽകാം. ധനസഹായം ലഭിക്കുന്നതിന് ആരുടെ ശുപാർശയും ആവശ്യമില്ല. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ലഭ്യമാകുന്ന ഡോക്കറ്റ് നമ്പർ ഉപയോഗിച്ച് അതിന്റെ വിവിധ ഘട്ടങ്ങൾ ആർക്കും പരിശോധിക്കാനുമാകും.
കഴിഞ്ഞ ഏഴര വർഷക്കാലമായി എൽഡിഎഫ് സർക്കാർ നൽകിയത് 7,687 കോടി രൂപയാണ്. ഈ സർക്കാർ പ്രതിവർഷം ശരാശരി 338 കോടി രൂപ വീതമാണ് അനുവദിച്ചുകൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധി കാര്യക്ഷമമാക്കുന്നതിന് ഒട്ടേറെ നടപടികൾ 2016 മുതൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിക്കുന്ന സഹായധനം വർദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ വിതരണം സുതാര്യവും സുഗമവുമാക്കിത്തീർത്തു. മാത്രമല്ല, മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. മുമ്പ് 1 ലക്ഷം, 5000, 2000 എന്നിങ്ങനെയായിരുന്നു അതിന്റെ പരിധി. അതിപ്പോൾ യഥാക്രമം 3 ലക്ഷം, 25,000, 10,000 എന്നിങ്ങനെയാണ്. കൂടാതെ, റവന്യൂ സ്പെഷ്യൽ സെക്രട്ടറിക്ക് 15,000 രൂപ വരെ അനുവദിക്കുന്നതിനും അനുമതി നൽകി. 3 ലക്ഷം രൂപയ്ക്കു മുകളിൽ തുക അനുവദിക്കുന്നതിന് മുൻപ് മന്ത്രിസഭയുടെ അനുമതി തേടുകയാണ് ചെയ്യുക.
അപേക്ഷകരുടെ വാർഷിക വരുമാനപരിധി ഒരു ലക്ഷം രൂപയിൽ നിന്നും 2 ലക്ഷം രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അപാകത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നിബന്ധനകൾ കർക്കശമാക്കി. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഡോക്ടർമാർക്കായി ഒരു മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിനും തുടക്കം കുറിച്ചു. തീപിടുത്തത്തിൽ വീടുകൾക്കുണ്ടാകുന്ന നാശനഷ്ടത്തിന് പരമാവധി 4 ലക്ഷം രൂപയും കടൽക്ഷോഭത്തിൽ ജീവനോപാധികൾ നഷ്‌ടപ്പെടുന്നവർക്ക് പരമാവധി 2 ലക്ഷം രൂപ വിതവും അനുവദിക്കാൻ തീരുമാനിച്ചു. അപകടങ്ങളിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയർത്തി. ക്യാൻസർ, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങൾക്ക് ചികിത്സയിലുള്ളവർക്ക് ഒരുതവണ ധനസഹായം ലഭിച്ചാലും രണ്ടു വർഷത്തിനു ശേഷം വീണ്ടും അനുവദിക്കാൻ അനുമതിയും നൽകി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് 57 കോടിയോളം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകി. കഴിഞ്ഞ പ്രളയ ഘട്ടത്തിൽ 4,970.52 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേയ്ക്ക് സംഭാവനയായി ലഭിച്ചത്. ഇതിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 3,881.89 കോടി രൂപയും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്ത് നവംബർ 30 വരെ 842.88 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസമായി ആകെ 4,724.8 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനുംപുറമേ പ്രളയകാലത്ത് തകർന്ന പ്രാദേശിക റോഡുകൾ നവീകരിക്കുന്നതിനായി ആരംഭിച്ച മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി 961.62 കോടി രൂപയും അനുവദിച്ചു. പ്രളയത്തിന്റെ ഫലമായി ജീവനോപാധി നഷ്‌ടപ്പെട്ട ദുരന്തബാധിതർക്ക് അവ രുടെ ഉപജീവന മാർഗ്ഗങ്ങൾ പുനരാരംഭിക്കുന്നതിന് ഉജ്ജീവന എന്ന പേരിലൊരു വായ്‌പാ പദ്ധതിക്കും രൂപം നൽകി. ഇതുവഴി പരമാവധി 2 ലക്ഷം രൂപവരെയാണ് ധനസഹായം ലഭ്യമാക്കിയത്.
ഓഖി ദുരിതാശ്വാസമെന്ന നിലയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 118.97 കോടി രൂപയും ഈ സർക്കാരിന്റെ കാലത്ത് 37 ലക്ഷം രൂപയും ചേർത്ത് ആകെ 119.34 കോടി രൂപ അനുവദിച്ചു. ഓഖി ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന യായി ലഭിച്ചത് 108.59 കോടി രൂപയാണ്. ദുരന്തത്തിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും കാണാതായവരുടെ കുടുംബത്തിനും 20 ലക്ഷം രൂപ വീതമാണ് ധനസഹായം നൽകിയത്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് 1,129.74 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി ലഭിച്ചത്. ഇതിൽ 1,058.21 കോടി രൂപയും ദുരിതബാധിതർക്കായി ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായമായി 984.84 കോടി രൂപയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നൽകിയത്. ഈ സർക്കാർ 2023 നവംബർ മാസം വരെ ഈ ഇനത്തിൽ 800.29 കോടി രൂപ വിനിയോഗിച്ചു. വിവിധ വകുപ്പുകൾ മുഖാന്തിരം നൽകിയ 123.32 കോടി രൂപയും ജില്ലാ കളക്‌ടർമാർക്ക് അനുവദിച്ച 79.18 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
നമ്മുടെ നാടിനെ സ്നേഹിക്കുന്നവർ നാടിന്റെ നന്മയ്ക്കായി നൽകുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലെ മൂലധനം. അത് തികഞ്ഞ ജാഗ്രതയോടെ, കുറ്റമറ്റ രീതിയിലാണ് സർക്കാർ ചെലവഴിച്ചുവരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക സി എ ജി ആഡിറ്റിന് വിധേയമാണ്. നിയമസഭയിൽ ഇതിന്റെ കണക്കും അവതരിപ്പിക്കാറുമുണ്ട്. മാത്രമല്ല, ഇതിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിലൂടെ ആർക്കും അറിയാനുമാകും. ഈ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമം ഉറപ്പുവരുത്താൻ സഹായകമായ ദുരിതാശ്വാസ നിധിയെ കുറ്റമറ്റതും ഫലപ്രദവുമായ നിലയ്ക്ക് ഉപയോഗിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ♦