മാര്‍ക്സും എംഗല്‍സും മുന്നോട്ടുവെച്ച സ്ത്രീ വിമോചനത്തിന്റെ ധാരണകള്‍, സിദ്ധാന്തങ്ങള്‍ എന്നിവയെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമം നടത്തിയത് ലെനിനായിരുന്നു. അഗസ്ത് ബെബല്‍ “സോഷ്യലിസവും സ്ത്രീകളും” എന്ന പുസ്തകത്തിലൂടെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും ബെബല്‍ മുന്നോട്ടുവെച്ച സാധ്യതകളെ പ്രായോഗികമാക്കാനുള്ള ശ്രമമാണ് ലെനിന്‍ നടത്തിയത്. മാര്‍ക്സിനും എംഗല്‍സിനും ശേഷം മുതലാളിത്തത്തിന്റെയും ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ അവസരവാദത്തെയും പൊളിച്ചെഴുതുന്നത് ലെനിനാണ് എന്നുതന്നെ നമുക്കു പറയാം. പൂര്‍ണമായും മാര്‍ക്സിന്റെ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് ലെനിന്‍ സ്ത്രീവിമോചനം എന്ന ആശയത്തെ വികസിപ്പിക്കുന്നത്.
സ്ത്രീകള്‍ തൊഴിലാളികള്‍ ആവണമെന്നും ഉല്‍പാദന വ്യവസ്ഥയുടെ ഭാഗമാകണമെന്നും മാര്‍ക്സ‍് പറഞ്ഞതില്‍ ഊന്നിക്കൊണ്ടാണ് ലെനിന്‍ സ്ത്രീവിമോചനത്തെക്കുറിച്ചുള്ള ധാരണകള്‍ സൃഷ്ടിക്കുന്നത്. ലെനിനെ സംബന്ധിച്ചിടത്തോളം ‘സ്ത്രീകള്‍’ എന്നത് പൊതുവെ തൊഴിലെടുക്കുന്ന സ്ത്രീകളാണ്. കാര്‍ഷിക രംഗത്തും ഫാക്ടറികളിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ വേതനവുമായി ബന്ധപ്പെട്ട അടിമത്തവും ഗാര്‍ഹിക അടിമത്തവുമായിരുന്നു സ്ത്രീ വിമോചനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളായി അദ്ദേഹം കണ്ടത്. മുതലാളിത്ത താത്പര്യത്തിനായി തുച്ഛമായ വേതനം ലഭിക്കുന്ന അടിമകളായി സ്ത്രീകള്‍ സ്വന്തം അധ്വാനത്തെ വില്‍ക്കുന്നതിനെക്കുറിച്ചാണ് ലെനിൻ ആശങ്കപ്പെട്ടത്.
മോസ്കോയിലെ പരുത്തി ഫാക്ടറികളെ ഉദാഹരിച്ചുകൊണ്ട് മുതലാളിത്തം എങ്ങനെ സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നുവെന്നത് അദ്ദേഹം വിശദീകരിക്കുന്നു. കുറഞ്ഞ കൂലിയില്‍ ദീര്‍ഘമായ അധ്വാന സമയം ചെലവഴിച്ചു സ്ത്രീകളെ ചൂഷണം ചെയ്യുന്ന മുതലാളി, കൂലികുറയ്ക്കാനുള്ള ഒരു കാരണമായി പറയുന്നത് “കര്‍ഷക തൊഴിലാളികള്‍ക്ക് ഇതൊരു പുറംവരുമാനമാണ്’’ എന്നാണ്. അവരുടെ വീട്ടിനടുത്തുതന്നെ കിട്ടുന്ന ഈ തൊഴില്‍ ഉല്പാദനപരമാണ് എന്നിരിക്കിലും, തൊഴിലാളി സ്ത്രീകള്‍ക്ക് വീട്ടിനടുത്തുതന്നെ തൊഴില്‍ കൊടുക്കുന്നതിലൂടെയുണ്ടാകുന്ന ലാഭം മുതലാളിക്ക് മാത്രമാണ്. കാരണം സ്ത്രീ തൊഴിലാളിയുടെ ജീവിത നിലവാരത്തില്‍ ഗ്രാമ–-നഗര വ്യത്യാസങ്ങളുണ്ട്.നഗരങ്ങളിലേക്ക് അവരെ കൊണ്ടുവന്നാല്‍ ജീവിതനിലവാരത്തിനനുസരിച്ച് വേതനം വര്‍ദ്ധിപ്പിക്കേണ്ടിവരും. മാത്രമല്ല, മറ്റു കൃഷിപ്പണി ഒന്നും കിട്ടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ വര്‍ദ്ധിച്ച വേതനം കൊടുക്കേണ്ടിവരും. ഇത്തരത്തില്‍ തന്ത്രപരമായി സ്ത്രീകളുടെ അധ്വാനത്തെ മുതലാക്കുന്നതുകൂടാതെ, ‘തങ്ങളുടെ വീടിനടുത്തുതന്നെ സൗകര്യപ്രദമായ തൊഴില്‍ തന്ന മുതലാളി’യോടുള്ള അടിമത്തമനോഭാവവും കൂടി സൃഷ്ടിച്ചെടുക്കുന്നു. അതാകട്ടെ, നിലവിലെ ഗാര്‍ഹിക അടിമത്തത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയുമാണ്. “വീട്ടിനടുത്തു തന്നെ ജോലിയായതിനാല്‍ ഗാര്‍ഹികവൃത്തികളും ശിശുപരിപാലനവുമൊക്കെ കഴിഞ്ഞാണ് തൊഴിലിനുപോകുന്നത്, ഇത് ഇരട്ട അധ്വാനമാണ്”. ഇന്ന് കേരളത്തിലെ വേദികളില്‍ ചര്‍ച്ചചെയ്യുന്ന ഈ വിഷയം അക്കാലത്തുതന്നെ ലെനിന്‍ ചര്‍ച്ച ചെയ്തിരുന്നതായി നമുക്കു കാണാം. അതിനുള്ള വിശദീകരണവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.(Capitalist manufacture and capitalist domestic industry from Development of Capitalism in Russia- cited in Lenin –On the emancipation of Women pp. 15)
1913 ൽ എഴുതിയ “A great Technical Achievement” എന്ന ലേഖനത്തില്‍ “വൈദ്യുതീകരണം എല്ലാ ഗൃഹങ്ങളിലും വന്നുകഴിഞ്ഞാല്‍, ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും കരിനിറഞ്ഞ അടുക്കളയില്‍ കഴിയുന്ന സ്ത്രീകളെ ആയിരിക്കും അത് ഏറ്റവും അധികം സഹായിക്കുന്നത് ’’ (Collected works, Vol. 19 പേജ് 61-–62) എന്നദ്ദേഹം പറയുന്നുണ്ട്.
സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തെക്കുറിച്ചു ലെനിൻ വളരെ ഉത്കണ്ഠപ്പെട്ടിരുന്നു. തൊഴിലാളി സ്ത്രീകളെ കുറിച്ചു പറയുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം സ്ത്രീകളുടെ ഇരട്ട അധ്വാനത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. “മുതലാളിത്തവും സ്ത്രീകളുടെ അധ്വാനവും” എന്ന ലേഖനത്തില്‍ അദ്ദേഹം സ്ത്രീ തൊഴിലാളികളുടെ അധ്വാനവും ശരീരവും എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിനെ ഒരു ഗവേഷണ പാടവത്തോടെ പറഞ്ഞിരിക്കുന്നു. “ ആരുടേയും കണ്ണില്‍ അത്ര പെട്ടെന്ന് പെടാത്ത രീതിയില്‍ മുതലാളിത്തം ഇന്ന് സമൂഹത്തില്‍ ദാരിദ്ര്യവും അടിച്ചമര്‍ത്തലും തുടരുകയാണ്. ദശലക്ഷക്കണക്കിന് കുടുംബങ്ങളില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നത് “ഗാര്‍ഹിക അടിമകളായ” സ്ത്രീകളാണ്. അവര്‍ ഈ കുടുംബങ്ങളില്‍ ജീവിക്കുകയല്ല, നിലനിന്നു പോകുകയാണ്. ഓരോ തുട്ടും മിച്ചം വെച്ചു കുടുംബത്തിലെ ഓരോരുത്തരുടെയും കാര്യങ്ങള്‍ നോക്കിനടത്തുന്ന ഇവര്‍ മിച്ചം വെക്കാന്‍ മറന്നു പോകുന്നത് അവരുടെ അധ്വാനത്തെയാണ്. ഈ പാവപ്പെട്ട സ്ത്രീകളെയാണ് മുതലാളി തുച്ഛമായ വേതനത്തിന് “പുറം വരുമാനത്തിനായി” പണിയെടുപ്പിക്കുന്നത്. ഈ സ്ത്രീകളെതന്നെയാണ് മുതലാളി, പഴയ ഫ്യൂഡല്‍ പ്രഭുവും അടിമയും എന്നപോലെ തന്റെ ആവശ്യത്തിനായി ഒരു തുണ്ട് റൊട്ടി കാണിച്ചു കൊണ്ട് “വെപ്പാട്ടി” കളാക്കി മാറ്റുന്നത്. ഇത്തരത്തിലുള്ള കൂലിവേല നിലനില്‍ക്കുന്നിടത്തോളം, “വെപ്പാട്ടി സമ്പ്രദായം” നിലനില്‍ക്കും. മാനവ ചരിത്രത്തില്‍ അധ്വാനം വില്‍ക്കുന്ന വര്‍ഗം നിലനില്‍ക്കുമ്പോള്‍ത്തന്നെ അവരിലെ സ്ത്രീകള്‍ രണ്ടു തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നു. ഒന്ന് കൂലിയില്ലാത്ത ഗാര്‍ഹികാധ്വാനം, മറ്റൊന്ന് യജമാനന്മാര്‍ക്ക് “കാഴ്ച” വെക്കേണ്ടി വരുന്നതായ ലൈംഗിക ചൂഷണം. അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നിങ്ങനെ ചൂഷകര്‍ മാറുന്നു എന്നല്ലാതെ,ചൂഷണ രീതികള്‍ക്ക് മാറ്റം വരുന്നില്ല”. (Capitalism and Female Labour” 1913. Collected works, Vol 36 pp 230-231) .
ലെനിൻ സ്ത്രീകളുടെ അധ്വാനത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് കൂടാതെ, ഒരു ഗവേഷണ ത്വരയോടുകൂടി അധ്വാനത്തെ അളക്കുന്ന രീതിയും കൂടി സൂചിപ്പിക്കുന്നു. കുടുംബത്തിനകത്തുള്ള ചൂഷണത്തെക്കുറിച്ച് പാരീസില്‍ നടന്ന ഒരു പ്രദര്‍ശനം അദ്ദേഹം ഓര്‍മിച്ചെടുക്കുന്നു. ഓരോ പ്രദര്‍ശന പോസ്റ്ററുകളിലും സ്ത്രീകള്‍ എത്ര മണിക്കൂര്‍ വീട്ടില്‍ പണിയെടുക്കുന്നു എന്നത് ഗാര്‍ഹികാധ്വാനത്തിന്റെ തോതും സമയവും കണക്കാക്കി തൂക്കിയിട്ടിട്ടുണ്ട്. ഇന്നത്തെ കൂലിനിരക്ക് അനുസരിച്ചു കണക്കാക്കിയാല്‍ ഒരു മണിക്കൂറില്‍ എത്ര വേതനം അവള്‍ക്കു നഷ്ടമാകുന്നു എന്നതിനെക്കുറിച്ചാണ് പ്രസ്തുത പ്രദര്‍ശനം. ഇതിനെ ലെനിന്‍ അഭിനന്ദിക്കുന്നു. അദ്ദേഹം പറയുന്നത്, “ഇത്തരം പ്രദര്‍ശനങ്ങള്‍ നല്ലതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും പുരുഷന്മാരും അവര്‍ എവിടെ നില്‍ക്കുന്നുവെന്നും, എങ്ങനെ വിമോചനം സാധ്യമാക്കാം എന്നും അന്വേഷിക്കാനും ബൂര്‍ഷ്വാസിക്കെതിരെ പോരാട്ടം നടത്താനും സഹായിക്കും.”
1902- ല്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടിയുടെ കരട് പരിപാടിയില്‍ ലെനിന്‍ നിര്‍ദേശിച്ചത് ഇങ്ങനെയാണ്:
1. വോട്ടവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ നല്‍കുക.
2. ഭരണകൂടത്തില്‍ നിന്നും പള്ളിക്കൂടത്തില്‍ നിന്നും പള്ളിയും മതവും പിന്മാറുക.
3. തൊഴിലാളികള്‍ക്കു കുറഞ്ഞത് ആഴ്ചയില്‍ 36 മണിക്കൂര്‍ വിശ്രമത്തിനായി മാറ്റിവയ്ക്കുക-. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ രീതിയിലാവണം.
4. സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വ്യവസായ ശൃംഖലകളില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുക.
5. 15 വയസിനു മുകളിലുള്ളവരെമാത്രം പണിയെടുപ്പിക്കുക. (ആണ്‍കുട്ടികളും പെണ്‍കുട്ടികളും)
6. വയോജനങ്ങളായ തൊഴിലാളികള്‍ക്ക് ഭരണകൂടം തന്നെ പെന്‍ഷന്‍ ഏര്‍പ്പെടുത്തുക
7. സ്ത്രീകള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ സ്ത്രീ ഇന്‍സ്പെക്ടര്‍മാരെത്തന്നെ നിയോഗിക്കുക-
എന്നിങ്ങനെ വളരെയധികം സ്ത്രീ തൊഴിലാളി സൗഹാര്‍ദ്ദപരമായിരുന്നു ആ കരട്. ലെനിന്‍ സ്ത്രീകളുടെ തൊഴിലിനെക്കുറിച്ച് പറയുമ്പോള്‍ നിര്‍ബന്ധമായി പറഞ്ഞിരുന്നത് സ്ത്രീകളുടെ കോ- ഓപ്പറേറ്റീവുകള്‍ ഉണ്ടാവണമെന്നാണ്.
അതേസമയം തന്നെ സ്ത്രീകളെ ടെക്-നോളജി പരിശീലിപ്പിച്ചാല്‍ ഒരു പരിധിവരെ അവരുടെ വേതന വ്യവസ്ഥയിലും ഗാര്‍ഹികാടിമത്തത്തിലും മാറ്റം വരും എന്നും അദ്ദേഹം പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ മോചന മാര്‍ഗമായി ലെനിന്‍ കണ്ടത് അധ്വാനത്തിന് സമമായ വേതനവും ചൂഷണത്തില്‍ നിന്നുള്ള വിമുക്തിയും മാത്രമല്ല, തൊഴില്‍ജന്യ രോഗങ്ങൾ, തൊഴില്‍ രംഗത്തെ ആരോഗ്യം, സുരക്ഷ എന്നിവ കൂടി പരിഗണിക്കുന്നുണ്ട്. ( പകര്‍ച്ചവ്യാധികള്‍ വിളിച്ചുവരുത്തുന്ന തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം വ്യാകുലനാവുന്നുണ്ട്)
ഒരു വര്‍ഗ സമൂഹത്തിൽ നിലനില്‍ക്കുന്ന സാഹചര്യത്തെ എതിര്‍ത്തുകൊണ്ട് തൊഴിലാളി സ്ത്രീകള്‍ അധികാര രംഗത്ത് വരുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്, “ഭരണകൂട നടത്തിപ്പിന് ഭരണകര്‍ത്താക്കളായി തൊഴിലാളിസ്ത്രീകള്‍ ഉയരണം. നൈപുണി തീരെയില്ലാത്ത സ്ത്രീകള്‍ക്ക് ഭരണകര്‍ത്താക്കളാകാന്‍ കഴിയില്ല. പരിശീലനം കൊണ്ട് അത് സാധ്യമാക്കണം. സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്കു മാത്രമേ ഭരണകര്‍തൃത്വം കൈവശപ്പെടുത്താന്‍ കഴിയൂ എന്ന രീതി മാറണം. സാധാരണ സ്ത്രീകള്‍ക്കും പരിശീലനം വഴി ഇത് സാധ്യമാക്കാന്‍ സ്ത്രീ-പുരുഷ ഭേദമന്യേ ഓരോ കമ്യൂണിസ്റ്റും ശ്രമിക്കണം-. അതാണ് ഒരു കമ്യൂണിസ്റ്റിന്റെ പ്രധാന ദൗത്യം”.
സ്ത്രീകൾക്കു മേലുള്ള ഇത്തരത്തിലുള്ള ബഹുമുഖപീഡനങ്ങള്‍ക്കു പരിഹാരം കാണാനുള്ള ഒരു ഉപാധിയും മൂലധനവ്യവസ്ഥയിലില്ല, എന്നും ഇതിന്റെ പരിഹാരം കമ്യൂണിസത്തില്‍ മാത്രമേയുള്ളൂ എന്നും 1917 ലെ പെട്രോഗ്രാഡ് സമരത്തിനു ശേഷമുള്ള സ്ത്രീകളെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം വിവരിക്കുന്നു. ആത്യന്തികമായി തൊഴിലാളി സ്ത്രീകള്‍,- കര്‍ഷക തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍, അസംഘടിതര്‍ എന്നീ വിഭാഗങ്ങളെല്ലാം സംഘടിതരാവുകയും, മുഖ്യ ശത്രു ആരാണെന്ന് തിരിച്ചറിയുകയും അതിനെതിരെ സംഘടിതശക്തിയായി അവകാശ പോരാട്ടത്തിന് തയ്യാറാവുകയും വേണം. ഈ തിരിച്ചറിവ് നേടിയ തൊഴിലാളി സ്ത്രീകള്‍ വന്‍ശക്തിയാണ് എന്നദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. അവര്‍ക്കു മാത്രമേ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പൂര്‍ണമായും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അവരെ വിപ്ലവത്തിന് തയാറാക്കുന്ന ദൗത്യത്തില്‍ മുഴുവന്‍ സഖാക്കളും പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
ഇത് സാധ്യമാക്കാനായി സഖാക്കള്‍ എങ്ങനെ സ്ത്രീ സഖാക്കളോട് പെരുമാറണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
“സ്ത്രീ സഖാക്കളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണം;- അവര്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ശ്രദ്ധയോടെ പരിഗണിക്കണം, അവര്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിക്കുവാനും പാര്‍ട്ടിക്കു കഴിയണം. അവര്‍ക്കു തൊഴിലിന്റെ പ്രശ്നമുണ്ട് , അതിജീവനത്തിന്റെ പ്രശ്നമുണ്ട്, ഗാര്‍ഹിക മേഖലയിലെ പ്രശ്നമുണ്ട്. ഇങ്ങനെ എന്തിനുവേണ്ടി ജീവിക്കണമെന്ന തോന്നലുവരെ ഉണ്ടാക്കുന്ന തരത്തില്‍ ഈ മൂലധന വ്യവസ്ഥ അവരെ നിരാശരാക്കുന്നുണ്ട്. ഇതിനുള്ള മറുപടി ബൂര്‍ഷ്വാ സമൂഹത്തിനില്ല തന്നെ. കമ്യൂണിസത്തിനു മാത്രമേ അതിനുത്തരം കണ്ടെത്താന്‍ കഴിയൂ-. ഓരോ കമ്യൂണിസ്റ്റും ഈ പ്രശ്നങ്ങള്‍ മനസ്സിലാക്കണം, ഭരണകൂടത്തോടുള്ള കലാപങ്ങള്‍ക്ക് നിങ്ങളുടെ കൂടെ അവരും വേണം. എങ്കില്‍ മാത്രമേ വിപ്ലവം പൂര്‍ണമാവൂ. സ്ത്രീകള്‍ കൂടെയില്ലാത്ത വിപ്ലവം വിജയിക്കുകയില്ല തന്നെ.”
ഇതിനുള്ള ഒരു പ്രധാന വേദിയായി അദ്ദേഹം കണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സുകളെയാണ്. 1921 ജൂണ്‍ മുതല്‍ ജൂലൈ 12 വരെ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മൂന്നാം കോണ്‍ഗ്രസില്‍ വിപ്ലവ സ്ത്രീ പ്രസ്ഥാനത്തെക്കുറിച്ചുള്ള ക്ലാര സെത്കിന്റെ റിപ്പോർട്ട് ശ്രദ്ധിക്കുകയും താഴെ പറയുന്ന പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
1. കമ്യൂണിസ്റ്റ് സ്ത്രീകളുടെ അന്താരാഷ്‌ട്ര ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെയിടയിലെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സെക്രട്ടേറിയറ്റിന്റെ കടമകളെ ക്കുറിച്ചുമുള്ള പ്രമേയം.
2. സ്ത്രീകള്‍ക്കിടയില്‍ കമ്യൂണിസ്റ്റുകാർ അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തന ശൈലിയെക്കുറിച്ച്- സെത്കിനുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം എടുത്തുപറയുന്ന ഭാഗമിതാണ്:
“ നിങ്ങള്‍, സ്ത്രീകള്‍ ശബ്ദം അടക്കി സംസാരിക്കരുത്. ഉച്ചത്തില്‍ ആത്മവിശ്വാസത്തോടെ ദൃഢതയോടെ സംസാരിക്കണം. പാര്‍ട്ടി കോണ്‍ഗ്രസ് എന്നത് അണിഞ്ഞൊരുങ്ങിവരേണ്ട പാര്‍ലറല്ല, നിങ്ങള്‍ വായിക്കുന്ന നോവലുകളിലെപ്പോലെ വശ്യതയും ഭംഗിയും പ്രകടിപ്പിക്കാനുള്ള ഇടമല്ല. കോണ്‍ഗ്രസ് എന്നത് സമരഭൂമിയാണ്. വിപ്ലവത്തിനുവേണ്ടിയുള്ള അറിവ് നേടാനുള്ള സമരഭൂമി. നിങ്ങള്‍ ചോദ്യം ചെയ്യും, പോരാടും എന്നത് പ്രകടമാക്കേണ്ട ഇടമാണത്. നമ്മുടെ ശത്രുക്കള്‍ക്കെതിരെയാവണം നമ്മുടെ പോരാട്ടം. – അതേസമയം വേണ്ടിവന്നാല്‍ പാര്‍ട്ടിക്കകത്തും ഈ പോരാട്ടം നടത്തേണ്ടി വരും. സ്ത്രീ സമൂഹം വല്ലാത്ത സന്ദിഗ്ധാവസ്ഥയിലാണ്. സഖാക്കള്‍ മനസ്സിലാക്കേണ്ടത് ഇവര്‍ നമ്മുടെ കൂടെയില്ലെങ്കില്‍, ഇവരെ നമ്മുടെ കൂടെ നിര്‍ത്തിയില്ലെങ്കില്‍, ഇവരെത്തന്നെ നമുക്കെതിരെ തിരിക്കുവാൻ ദുഷ്ടശക്തികള്‍ തയാറായി നില്‍ക്കുന്നു. സഖാക്കളുടെ മനസില്‍ എപ്പോഴും ഈ കരുതല്‍ ഉണ്ടാവണം.” ( Page no. 121. Lenin –On the emancipation of women)
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ഒരു ലഘുലേഖ എഴുതുവാന്‍ ഇന്നെസ ആര്‍മന്ദ്- എന്ന സഖാവിനെ ലെനിന്‍ ഏല്‍പ്പിച്ചിരുന്നു. അതിന്റെ കരട് രൂപത്തെ ലെനിന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇന്നെസ ആര്‍മന്ദ് സ്വതന്ത്രപ്രേമത്തി (Freedom of love) നുള്ള തൊഴിലാളികളുടെ അവകാശത്തെക്കുറിച്ചാണു ലഘുലേഖയില്‍ ചര്‍ച്ച ചെയ്തിരുന്നത്. അതില്‍ തൊഴിലാളികളുടെ സ്വാതന്ത്ര്യം എന്നത് കൂടാതെ, ഗര്‍ഭം ധരിക്കാനുള്ള സ്വാതന്ത്ര്യം, പ്രണയത്തിലെ വിശ്വാസ വഞ്ചന, അതായത് ജാരസംസര്‍ഗത്തിനുള്ള സ്വാതന്ത്ര്യം എന്നിവ കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം വിഷയങ്ങള്‍, തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആവശ്യമല്ല. ബുര്‍ഷ്വാ ഡിമാന്‍ഡ് ആണ് എന്ന് അദ്ദേഹം കര്‍ക്കശമായി മറുപടി എഴുതിയതു കൂടാതെ കുറെയധികം ചോദ്യങ്ങള്‍ ഇന്നെസയോടു ചോദിക്കുന്നുമുണ്ട്.
സ്വതന്ത്ര പ്രേമം എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത് ?
സ്വാതന്ത്ര്യം ഏതില്‍ നിന്നാണ്?
പ്രേമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൂട്ടലില്‍ നിന്നോ,
മതപരമായ എതിരഭിപ്രായത്തില്‍ നിന്നോ
സമൂഹത്തിന്റെ യുക്തിഹീനതയില്‍ നിന്നോ
വര്‍ഗ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നോ?
പൊലീസ്, നിയമം കോടതി എന്നിവയുടെ ചങ്ങലക്കെട്ടില്‍ നിന്നോ?
ഗര്‍ഭധാരണത്തില്‍ നിന്നോ,
അതോ വിശ്വാസ ലംഘനത്തില്‍ നിന്നോ?” ഇത് ചോദിക്കുമ്പോള്‍ തന്നെ ലെനിന്‍ തന്റെ ധാരണകള്‍ മുന്നോട്ടുവെക്കുന്നതു കൂടാതെ, സ്വതന്ത്ര പ്രേമം എന്നതിന്റെ പ്രശ്നങ്ങളും കൂടി ചേര്‍ത്ത് മറുപടി എഴുതി. ഇന്നെസക്കുള്ള മറുപടി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
“ഇന്നത്തെ ആധുനിക സമൂഹത്തില്‍ ഉപരി വര്‍ഗം സ്വതന്ത്ര പ്രേമം എന്നതിനെ ഗര്‍ഭംധരിക്കല്‍, പ്രണയത്തിലെ വിശ്വാസവഞ്ചന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം എന്നു മാത്രമേ കാണുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത് തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നമല്ലതന്നെ. പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമ്പത്തികമായ കണക്കുകൂട്ടലില്‍ നിന്നുള്ള സ്വാതന്ത്ര്യവും ഭൗതികമായ അഭിലാഷങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യവും മാത്രമേ തൊഴിലെടുക്കുന്ന സ്ത്രീകളെ ബാധിക്കുന്നുള്ളൂ. പകരം, ഭൂവുടമകളുടെയും ബുദ്ധിജീവികളുടെയും വിവരംകെട്ടവരുടെയും, പ്രണയമില്ലാത്ത വൃത്തികെട്ട വിവാഹങ്ങളെയും പ്രണയത്തോടുകൂടിയ തൊഴിലാളി വിഭാഗത്തിന്റെ സിവില്‍ വിവാഹത്തെയും തമ്മില്‍ താരതമ്യപ്പെടുത്തുകയാണ് ഇന്നെസ ചെയ്യേണ്ടതെന്ന് ലെനിന്‍ വാദിക്കുന്നു.
അതായത്, തൊഴിലാളികള്‍ അവരുടെ തൊഴിലിടങ്ങളില്‍ സ്വയം കണ്ടെത്തി നടത്തുന്ന വിവാഹങ്ങള്‍ മറ്റ് രീതിയിലുള്ള താത്കാലിക ഭോഗാസക്തിയിലൂന്നിയ വേഴ്ചകളേക്കാള്‍ ഉയര്‍ന്നതും പരിശുദ്ധവുമാണെന്ന് ലെനിന്‍ അടിവരയിട്ടു പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു മാര്‍ക്സ് സൂചിപ്പിച്ചിട്ടുള്ള “ സുതാര്യമായ ബന്ധവും, പരസ്പര ധാരണയോടു കൂടി പരസ്പര ബഹുമാനത്തോടുകൂടി, എന്നെപ്പോലെ ചിന്തിക്കുന്ന, എന്നെപ്പോലെ പ്രവര്‍ത്തിക്കുന്ന, എന്നെപ്പോലെ തന്നെ സമൂഹത്തെക്കുറിച്ച്- വേവലാതികളും, ആശങ്കകളും അഭിപ്രായങ്ങളും ഉള്ള, ഒരു വ്യക്തിയുടെ കൂടെയാണ് ജീവിക്കുന്നത് എന്ന ധാരണ ഉണ്ടാവുന്നത് തൊഴിലിടങ്ങളില്‍നിന്ന് സ്വയം പങ്കാളിയെ കണ്ടെത്തുമ്പോഴാണ് എന്ന് മാര്‍ക്സ് പല പ്രാവശ്യം ‘മൂലധന’ത്തില്‍ പറഞ്ഞിട്ടുള്ളതാണ്. (ഈ ലഘുലേഖ ഇന്നെസ ആര്‍മന്ദ് പിന്നീട് എഴുതുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല) എങ്കിലും ലെനിന്‍ സ്ത്രീകളുടെ അവകാശസ്വാതന്ത്ര്യമായി പ്രസവാവധി, ശിശുകേന്ദ്രങ്ങള്‍, സ്ത്രീകളുടെ വിശ്രമ സമയം എന്നിവയെ കുറിച്ചു വിശദമായിത്തന്നെ മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. (To Innessa Armand …collected works, vol. 35. Pp.180-–181)
തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രഥമ അഖില-റഷ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തുകൊണ്ട് ലെനിന്‍ നടത്തിയ പ്രസംഗത്തില്‍ വിവാഹമോചനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സ്ത്രീകളെ ഗാര്‍ഹിക അടിമകളായി മാത്രം കാണുന്ന സമൂഹത്തില്‍ – തുല്യതകയ്-ക്കുള്ള സ്ഥാനം എവിടെയുമില്ല. വികസിത രാജ്യങ്ങളില്‍ പോലും അറിയപ്പെടുന്ന റിപ്പബ്ലിക്കുകളില്‍ പോലും സ്ത്രീകള്‍ക്ക് തുല്യത നല്‍കിയിട്ടില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാത്തരം ‘അരുതു’ കളും സോവിയറ്റ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നു. വിവാഹമോചനത്തിനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും കൈവന്നിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി, നിയമപരവും നിയമാനുസൃതമല്ലാത്തതുമായ കുട്ടികള്‍ തമ്മിലുള്ള വ്യത്യാസംവരെ നമ്മള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ചരിത്രത്തിലാദ്യമായി സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കുന്ന എല്ലാ നിയമങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്-. പക്ഷേ നഗരപ്രദേശങ്ങളില്‍ വിവാഹം റദ്ദുചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കപ്പെടുമ്പോള്‍, ഗ്രാമപ്രദേശങ്ങളില്‍ അത് അംഗീകരിക്കപ്പെടുന്നില്ല. അതിനുകാരണം, വിവാഹകാര്യങ്ങളില്‍ ഇടപെടുന്നത് മതമാണ്, മതാധിപതിയാണ്. പഴയ മൂല്യങ്ങളിലുറച്ച നിയമങ്ങളെ മാറ്റുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് മതാധിപന്റെ ധാരണകള്‍ മാറ്റുന്നത്. മതങ്ങള്‍ വിവാഹ ധര്‍മങ്ങളിലേര്‍പ്പെടുന്നതിനെ ചെറുത്തേ മതിയാകൂ. പക്ഷേ വളരെ തുറന്ന ചെറുത്തുനില്‍പ് ജനങ്ങളെ വിഘടിപ്പിക്കും. നമുക്ക് എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുകയാണാവശ്യം. അതുകൊണ്ടുതന്നെ കൃത്യമായ പ്രചരണവും ബോധവല്‍ക്കരണവും നടത്തിക്കൊണ്ട് വ്യക്തിജീവിതത്തില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തേണ്ടതാണ്. സോഷ്യലിസം അത് ആവശ്യപ്പെടുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ സോഷ്യലിസം നടപ്പാവുകയുള്ളൂ. പോരാടാനും ചോദ്യം ചെയ്യാനും അവരെ പ്രാപ്തരാക്കുക തന്നെ വേണം. ഇല്ലെങ്കില്‍ സോഷ്യലിസം അസാധ്യമായിത്തീരും. വിവാഹവും വിവാഹമോചനവും സ്ത്രീകളുടെ അവകാശമാണ്. ആ അവകാശം അനുവദിക്കുക തന്നെ വേണം- ജനാധിപത്യത്തില്‍ അതാണ് ശരി” എന്നദ്ദേഹം വാദിക്കുന്നുണ്ട്. (Caricature of Marxism and Imperialist Economism – Collected works, Vol.23 pp.71-–74)
“ഒരു ബൂര്‍ഷ്വാ റിപ്പബ്ലിക്കില്‍, സ്വകാര്യ സ്വത്ത്, സ്വകാര്യ ഫാക്ടറി, സ്വകാര്യ ഷെയറുകള്‍ എന്നിവ നിലനില്‍ക്കുന്ന ജനാധിപത്യ റിപ്പബ്ലിക്കില്‍ – അതെത്ര മഹത്തായ ജനാധിപത്യമായാലും സ്ത്രീകള്‍ക്ക് തുല്യ അവകാശം ലോകത്തില്‍ ഒരു ജനാധിപത്യത്തിലുമില്ല.സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ പുരുഷന്‍മാര്‍ക്കും , “എല്ലാജനങ്ങള്‍ക്കും തുല്യാവകാശം” എന്നത് ഒരു മിഥ്യയാണ്. ബൂര്‍ഷ്വാ ജനാധിപത്യം എന്നത് കടലാസിലൊതുങ്ങുന്ന മുദ്രാവാക്യമാണ്. അവിടെയൊന്നും തൊഴിലെടുക്കുന്ന സ്ത്രീകളുടെ തുല്യതയെക്കുറിച്ചൊന്നും അവര്‍ക്ക് പറയാനില്ല.
കള്ളന്മാരും, അവസരവാദികളും മന്ദബുദ്ധികളും അന്ധന്മാരുമായ ഒരുകൂട്ടം ബൂര്‍ഷ്വാ ജനാധിപത്യവാദികളും അവരുടെ അനുയായികളും ചേര്‍ന്നുകൊണ്ട് സമത്വം, സാഹോദര്യം, ജനാധിപത്യം എന്നീ വാക്കുകളെ ദുരുപയോഗപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു. ഇവരുടെ മുഖംമൂടി വലിച്ചു കീറാന്‍ സ്ത്രീ തൊഴിലാളികളെയും കര്‍ഷകരെയും പ്രാപ്തരാക്കണം. അവരോട് ചോദിക്കണം- എവിടെയാണ് സമത്വം?
ഇവിടെ ലിംഗസമത്വമുണ്ടോ?
ഏത് രാജ്യമാണ് മറ്റൊന്നിനോട് തുല്യമായത്?
ഏത് വര്‍ഗമാണ് മറ്റൊരു വര്‍ഗത്തോട് തുല്യമായത്?
വിദ്യാഭ്യാസം, സംസ്കാരം, പരിഷ്കരണം, സ്വാതന്ത്ര്യം എന്നീ വാക്കുകള്‍ ബൂര്‍ഷ്വാ മുതലാളിത്ത രാഷ്ട്രങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. അതിനായി പരുക്കന്‍ നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പിന്നീട് അവയെല്ലാം തന്നെ സ്ത്രീകള്‍ക്കനുകൂലമാണെന്നും പറയുന്നു. ഔപചാരിക തുല്യത മാത്രമാണിത്-. അതേസമയം , വിവാഹം, വിവാഹറദ്ദ്, വിവാഹറദ്ദിലെ കുട്ടികള്‍, അവരുടെ നിയമപരമായ അവകാശങ്ങള്‍, അവരും പുനർ വിവാഹത്തിലുണ്ടാകുന്ന കുട്ടികളും തമ്മിലുള്ള അസമത്വം, അവിവാഹിതരായ അമ്മമാരും വിവാഹിതരായ അമ്മമാരും തമ്മിലുള്ള അസമത്വം- ഇവയ്ക്കൊന്നും യാതൊരു പരിഹാരവുമില്ലാതെ, സ്ത്രീകളെ മാനസികമായും ശാരീരികമായും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതേ രീതിയില്‍ തുടരാന്‍ മുതലാളിത്തത്തെ സഹായിക്കുന്നത് സ്വകാര്യ സ്വത്തും സ്വേഛാധിപത്യവും സ്വാര്‍ത്ഥ താല്‍പര്യങ്ങളും ചോദ്യം ചെയ്യാതെ അവയെ നിയമമാക്കി കൊണ്ടുവരുന്നതിനാലാണ്.” ( ഇന്ന് കേരളത്തില്‍ പോലും വിവാഹറദ്ദിലെ കുട്ടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പഠന വിധേയമാക്കേണ്ടതുണ്ട്)
“എല്ലാവർക്കും ആരോഗ്യം” എന്നും, “എല്ലാവര്‍ക്കും തൊഴില്‍” എന്നുമൊക്കെ ഇന്നും നമ്മള്‍ ലെനിന്റെ രാഷ്ട്രീയമറിയാതെ പറയാറുണ്ട്. ലെനിന്‍ ഉറപ്പിച്ചു പറയുന്നു:
‘‘എല്ലാവര്‍ക്കും തുല്യത’ എന്നത് ഒരു വ്യവസ്ഥയിലും സാധ്യമല്ല. ഇതൊരു പൊള്ളയായ വാക്കാണ്. ബൂര്‍ഷ്വാ ജനാധിപത്യത്തിലൂന്നിയ മുതലാളിത്ത നിര്‍മിതിയാണ്-. വര്‍ഗപരമായി വിഭജിക്കപ്പെട്ടിരിക്കുന്ന സമൂഹത്തില്‍ “എല്ലാവർക്കും തുല്യത” സാധ്യമല്ല. പകരം വേണ്ടത് തുല്യതയ്ക്കു വേണ്ടിയുള്ള പോരാട്ടമാണ്. അത് സാധ്യമാകുന്നത് വര്‍ഗരഹിത സമൂഹത്തില്‍ മാത്രമാണ്-. അതുകൊണ്ടുതന്നെ തൊഴിലാളി സ്ത്രീ പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം സാമ്പത്തിക, സാമൂഹിക തുല്യതയ്ക്കായി പോരാടുക എന്നതു തന്നെയാണ്. മുതലാളിത്തം കണക്കുകളിലൂടെ വെച്ചു നീട്ടുന്ന ഔപചാരിക തുല്യതയല്ല നമുക്ക് വേണ്ടത്.”
‘‘അതിനായി സ്ത്രീകള്‍ സാമൂഹ്യ ഉല്പാദനത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് അവരുടെ ഗാര്‍ഹികാടിമത്തത്തില്‍ നിന്ന് രക്ഷപ്രാപിക്കണം. അടുക്കള, പാചകം, ശിശുസംരക്ഷണം എന്നിവയില്‍ നിന്ന് രക്ഷപ്പെടണം. അതെല്ലാം തന്നെ സാമൂഹ്യ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവ് സഖാക്കള്‍ക്കുണ്ടാവണം. ഈ സാമൂഹ്യ ഉത്തരവാദിത്തം നിറവേറാന്‍ സമരം പ്രഖ്യാപിക്കണം. ഇതൊരു വലിയ സമരമാണ്. സമൂഹം കല്‍പ്പിച്ചിരിക്കുന്ന ധാര്‍മികതയുടെയും കടമകളുടെയും പൊളിച്ചെഴുത്ത് വേണ്ടിവരും. പക്ഷേ അത് നടക്കണം. അത് പൂര്‍ണമാവുന്നത് കമ്യൂണിസത്തില്‍ മാത്രമാണ്.”
ക്ലാരാ സെത്കിനുമായുള്ള സംഭാഷണങ്ങള്‍ ലെനിന്റെ സ്ത്രീവിമോചനത്തെക്കുറിച്ചുള്ള വാതായനങ്ങള്‍ തുറക്കുന്നതാണ്. പല വിഷയങ്ങളിലും കടുത്ത വിമര്‍ശനവും നീക്കുപോക്കില്ലാത്ത നിലപാടുകളും ലെനിന്‍ അതിൽ പങ്കുവെച്ചിട്ടുണ്ട്.
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ഒരു വായനാ വേദിയും ചര്‍ച്ചയും വൈകുന്നേരങ്ങളില്‍ സംഘടിപ്പിച്ചിരുന്നത് ക്ലാരാ സെത്കിനായിരുന്നു. അതില്‍ ചര്‍ച്ച ചെയ്തത് ലൈംഗികതയും വിവാഹവുമൊക്കെയായിരുന്നു എന്നതിനെ നിശിതമായി വിമര്‍ശിക്കുകയാണ് ലെനിന്‍-. “തൊഴിലാളിവര്‍ഗം ജര്‍മനിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രതിവിപ്ലവത്തിന് എതിരായി തയാറായിക്കൊണ്ടിരിക്കുന്നു. ഇവിടെ സ്ത്രീകള്‍-, സജീവകമ്യൂണിസ്റ്റുകാർ വിവാഹരീതിയും ലൈംഗികപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ്. നാണമില്ലേ, ക്ലാരയ്-ക്ക് ഇതു പറയാന്‍? ”.
ലെനിന്‍ ലൈംഗിക സിദ്ധാന്തങ്ങളെ അവിശ്വസിച്ചിരുന്നു. വിയന്നയിലെ ഒരു കമ്യൂണിസ്റ്റ് വനിത എഴുതിയ ലഘുലേഖ- ‘ലൈംഗികതയെക്കുറിച്ചുള്ള ചോദ്യം’ എന്നതിനെ ലെനിന്‍ വിശേഷിപ്പിക്കുന്നത്, “ബൂര്‍ഷ്വാ ചാണക കുണ്ടില്‍ നിന്ന് പൊന്തിവരുന്ന സാഹിത്യ രൂപമെന്നാണ്.” “ലൈംഗിക പ്രശ്നങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ ഇന്ത്യന്‍ സന്ന്യാസികളെപ്പോലെ അവനവന്റെ പൊക്കിള്‍ക്കൊടിയില്‍ കേന്ദ്രീകരിച്ച് ധ്യാനമിരിക്കുന്നവര്‍ക്ക് സമമാണ്”.
ലൈംഗിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വ്യക്തിഗത ആവശ്യമായിട്ടാണ് ലെനിന്‍ കണ്ടിരുന്നത്. ഒരു വ്യക്തിയുടെ അസാധാരണമായ ലൈംഗിക ജീവിതത്തെ ബൂര്‍ഷ്വാ ധാര്‍മികതയ്ക്കനുസരിച്ച് ന്യായീകരിക്കാനുള്ള വ്യഗ്രതയാണ്, ഈ ചര്‍ച്ചകളിലൂടെ ഉണ്ടാവുന്നത്. എത്രമാത്രം വിപ്ലവകരമാണ്- എന്നു തോന്നിയാലും ഇവ മുതലാളിത്ത ചിന്താഗതിയുടെ ഉല്പന്നമാണ്-. തൊഴിലാളി വര്‍ഗത്തിന് ഇതില്‍ ഒരു സ്ഥാനവുമില്ല-, ഇതിനര്‍ത്ഥം, തൊഴിലാളി സ്ത്രീകള്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് മുക്തരാണ് എന്നല്ല. ലെനിന്‍ ഉദ്ദേശിച്ചത് ബൂര്‍ഷ്വാ ധാര്‍മികതയ്ക്കനുസരിച്ച് സ്വന്തം ലൈംഗിക ജീവിതത്തെ ന്യായീകരിക്കേണ്ട ബാധ്യത തൊഴിലാളി വര്‍ഗത്തിനില്ല എന്നതാണ്. അവരുടെ മുന്‍ഗണനാശയങ്ങള്‍ വ്യത്യസ്തമാണ് എന്നതുകൊണ്ടു തന്നെ, അതവരുടെ മുഖ്യ പ്രശ്നമാവുന്നില്ല. ക്ലാര സെത്കിന്‍ ഒരുതരത്തിലുമുള്ള മാപ്പും അര്‍ഹിക്കുന്നില്ല, ചെയ്തത് തെറ്റുതന്നെയാണെന്ന് ലെനിന്‍ ആവര്‍ത്തിച്ചു പറയുന്നതിന് കാരണമുണ്ട്.
ഒരു വിപ്ലവത്തിന് നാന്ദികുറിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന് നേതൃത്വം കൊടുക്കേണ്ടത് തൊഴിലാളി സ്ത്രീകളാണെന്നിരിക്കെ, അവര്‍ക്ക് കൊടുക്കേണ്ട ലഘുലേഖ ‘ലൈംഗികത’യെക്കുറിച്ചായിരുന്നില്ല എന്നതാണ് ലെനിന്റെ വാദം. ജര്‍മന്‍ തൊഴിലാളി സോവിയറ്റില്‍ അനുഭവിക്കുന്ന പ്രശ്നം, വേഴ്സെയ്ൽസ്- ഉടമ്പടി സ്ത്രീകളിലുണ്ടാക്കിയ ആഘാതം, തൊഴിലില്ലായ്മ പ്രശ്നം, കുറഞ്ഞു വരുന്ന വേതനം, വര്‍ധിച്ചു വരുന്ന നികുതി എന്നിങ്ങനെ പ്രശ്നങ്ങള്‍ പലതാണ്. അവയായിരുന്നു ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്, എന്ന നിലപാടാണ് ലെനിന്‍ എടുത്തത്. അവര്‍ക്ക് കൊടുക്കേണ്ടിയിരുന്നത് രാഷ്ട്രീയ വിദ്യാഭ്യാസമായിരുന്നു എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. ഇതേ ആശയങ്ങള്‍ യുവാക്കളുടെ സംഘടനയിലും കാണുന്നുണ്ടെന്നും, വിവാഹവും ലൈംഗികതയും അവരുടെയും ഇഷ്ട വിഷയമായി മാറിയിരിക്കുന്നു എന്നും ക്ലാര മറുപടി പറഞ്ഞതിന് ലെനിന്‍ പ്രതികരിച്ചതിങ്ങനെ: “തീര്‍ച്ചയായും, അവരെയും മാറി ചിന്തിപ്പിക്കണം. സ്ത്രീ പ്രസ്ഥാനങ്ങളും യുവജനപ്രസ്ഥാനങ്ങളും, തമ്മില്‍ ധാരണയുണ്ടാവണം-. നമ്മുടെ കമ്യൂണിസ്റ്റ് വനിതകള്‍ ക്രിയാത്മകമായി യുവജന സംഘടനകളുമായി സഹകരിക്കണം. അതുവഴി സ്ത്രീകളുടെ വ്യവഹാര ഇടങ്ങള്‍ വര്‍ധിപ്പിക്കണം. സാമൂഹ്യ ജീവിതം കൂടുതല്‍ സജീവമാക്കണം. അവരുടെ ഇടുങ്ങിയ ചിന്തകളില്‍ നിന്ന്, മൂല്യങ്ങളില്‍ നിന്ന് വ്യക്തിപരമായ താല്‍പര്യങ്ങളില്‍ നിന്ന്, കുടുംബവും വീടും എന്ന തടവറയില്‍ നിന്നും വ്യതിചലിപ്പിച്ചു കൊണ്ട് അവരെ വിപ്ലവത്തിന് തയാറാക്കണം”-.
യുദ്ധത്തിനു ശേഷം ജനങ്ങള്‍ നിരാശരാണ് എന്നും അതുകൊണ്ടുതന്നെ പുതിയ മൂല്യങ്ങളും ധാരണകളും അവര്‍ സൃഷ്ടിക്കാന്‍ നോക്കുന്നുണ്ട് എന്നും ക്ലാര സെത്കിന്‍ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, ചെറുപ്പക്കാര്‍ പുതിയ തരം വിനോദം തേടിപ്പോകുന്നതുകൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളായി ഇവയെ കാണുകയും ചെയ്യുന്നുണ്ട്. അതിനോട് ലെനിന്‍ ഇങ്ങനെ പ്രതികരിക്കുന്നു: “ശരിയാണ്. യുദ്ധാനന്തരം ലക്ഷ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഉണ്ടായ മാറ്റം എല്ലാ ജനവിഭാഗത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ ആശയതലങ്ങള്‍ ഉണ്ടായിവരുന്നുണ്ട്. പക്ഷേ സാമ്പത്തിക അടിത്തറ മാറുന്നതും പ്രതിഷേധത്തിനുള്ള ശക്തി കുറയുന്നതുമൊക്കെ പുതിയ വാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യ ബന്ധങ്ങളില്‍ വരുന്ന മാറ്റം, സ്ത്രീ – പുരുഷ ബന്ധങ്ങളില്‍ വരുന്ന മാറ്റം, ചിന്തകളെയും വികാരങ്ങളെയും വരെ പരിവര്‍ത്തിപ്പിക്കുന്നുണ്ട്. വ്യക്തികളുടെ അവകാശങ്ങള്‍ക്കും സമൂഹത്തിനും അതിരുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ വ്യക്തിയുടെ കടമകള്‍ മാറുന്നു. വളരെ സങ്കീര്‍ണമാണ് യുദ്ധാനന്തര സമൂഹവും മനുഷ്യ മനസ്സും-. രണ്ടും കുഴപ്പമേറിയതാണ്-. വേദനയും നഷ്ടവും ദാരിദ്ര്യവും ഒക്കെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് മനുഷ്യ ബന്ധങ്ങള്‍.- പ്രത്യേകിച്ച് സ്ത്രീ – പുരുഷ ബന്ധങ്ങള്‍”-
അദ്ദേഹം തുടരുന്നു: “ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും വിനോദവും സന്തോഷവും ആവശ്യമാണ്. ആരോഗ്യപരമായ കായികവിനോദങ്ങളിലേര്‍പ്പെടണം. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ കൂടാതെ മാനസികോല്ലാസത്തിന്, അറിവ് വര്‍ധിപ്പിക്കാന്‍ വായന, എഴുത്ത്, എന്നിവ കൂട്ടായ്മകളിലൂടെ തന്നെ കണ്ടെത്തണം.” കൂടാതെ ലെനിന്‍ സൂചിപ്പിക്കുന്ന വ്യക്തിപരമായി ചെയ്യേണ്ട പ്രക്രിയ എന്നത്, ആത്മ നിയന്ത്രണവും ആത്മശിക്ഷണവുമാണ്. അത് ഒരിക്കലും അടിമത്തമല്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
“എപ്പോഴും യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം, യുദ്ധാനന്തരമാണ് പ്രകടമാകുന്നത്. വലിയ രാഷ്ട്രങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍, അധികാര ബന്ധങ്ങള്‍ മാറിമറിയുമ്പോള്‍, സാമൂഹ്യ ജീവിതം തന്നെ തകിടം മറിയുമ്പോള്‍, ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുമ്പോള്‍, ബന്ധങ്ങള്‍ മൊത്തം ഇല്ലാതെയാവുമ്പോള്‍ ഒക്കെ വ്യക്തികളുടെ നടുക്കം സംഭ്രമ ജനകമാകും. സ്ത്രീകളെ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ കൂടെ യുദ്ധാനന്തര സമൂഹത്തെ കൂടി അഭിമുഖീകരിക്കാന്‍ കഴിയാതെ വരുന്നു. വ്യക്തിബന്ധങ്ങള്‍ തകര്‍ന്നടിയുമ്പോള്‍, പുതിയതരം ബന്ധങ്ങളുണ്ടാവുന്നു. ഇത്ര കാലവും മൂടി വെച്ചിരുന്ന പല പ്രശ്നങ്ങളും കൂടുപൊളിച്ച് പുറത്തു വരുന്നു. പുതിയ ബന്ധങ്ങളും വിവാഹം പോലുള്ള സ്ഥാപനങ്ങളും ‘സാമ്പത്തിക’ത്തില്‍ത്തന്നെ കുരുങ്ങിക്കിടക്കണമെന്നത് ബൂര്‍ഷ്വാസിയുടെ ആവശ്യമാണ്. ചീഞ്ഞഴുകിയ ബൂര്‍ഷ്വാ വിവാഹങ്ങള്‍ പുരുഷന് എന്തിനുമുള്ള ലൈസന്‍സാണ്; സ്ത്രീയെ സംബന്ധിച്ച് നിരോധനങ്ങളും കപട ലൈംഗിക സദാചാരവും ഒക്കെച്ചേർന്ന് അവരുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നസങ്കീർണമാക്കുന്നുണ്ട്, കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഭൂസ്വത്ത്, സാമ്പത്തിക ഇടപാടുകള്‍, വിലയ്ക്കു വാങ്ങല്‍ എന്നിങ്ങനെ വിവാഹവുമായി ബന്ധപ്പെടുത്തിയുള്ള ചട്ടങ്ങള്‍ കുടുംബത്തിന്റെ സമാധാനം തകര്‍ക്കുന്നു. വെറുപ്പുളവാക്കുന്ന ഇവയെ പൊതുജനം എതിര്‍ക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് പാഠങ്ങള്‍ അവരിലെത്തിച്ചുകൊണ്ടു മാത്രമേ പോരാട്ടത്തിനു തുടക്കം കുറിക്കാന്‍ കഴിയൂ.”
മാര്‍ക്സ് ‘മൂലധന’ത്തില്‍ പറയുന്നതുപോലെ മൂലധനശക്തികള്‍ക്ക് സ്ത്രീകളുടെ പ്രശ്നമായി കാണുവാന്‍ താല്പര്യമുള്ളത്, സ്ത്രീകളുടെ ശരീരവും ലൈംഗികതയുമാണ്. കാരണം, മുതലാളിക്ക് വിറ്റഴിക്കുവാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ ഇവ രണ്ടിലുമായി വ്യാപിച്ചു കിടക്കുന്നു. മാത്രമല്ല, സ്ത്രീശരീരം, സൗന്ദര്യം എന്നീ വിഷയങ്ങള്‍ ആയതിനാല്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള എതിര്‍പ്പും ഉണ്ടാവാന്‍ വഴിയില്ല. പൊതുജനത്തിനു താല്പര്യം ജനിപ്പിക്കുന്ന വിഷയമായതുകൊണ്ടുതന്നെ, എതിര്‍പ്പില്ലാതെ, അംഗീകരിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളാണിവ എന്ന സിദ്ധാന്തത്തെ വിലയിരുത്തിക്കൊണ്ടുതന്നെ ലൈംഗികതയും വിവാഹവും മാത്രമല്ല മുഖ്യ സാമൂഹ്യപ്രശ്നം-. മറിച്ച്, പല സാമൂഹ്യപ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ് ഇവ എന്ന് ഊന്നിപ്പറയുകയാണ് ലെനിന്‍.
“അതുമല്ലെങ്കില്‍ നിലനില്‍ക്കുന്ന സാമൂഹ്യ-–സാമ്പത്തിക പ്രശ്നങ്ങളുടെ ആവിഷ്കാരം അല്ലെങ്കില്‍ പ്രകടനം മാത്രമാണ്, ലൈംഗികതയും വിവാഹവും, അതിനെ മുഖ്യ പ്രശ്നമാക്കി മാറ്റുന്നത് മൂലധനതാത്പര്യങ്ങളാണ്. പുതിയതരം ആനന്ദാനുഭൂതികൾക്കായി തിരച്ചില്‍ നടത്തുന്നവര്‍ മനസ്സിലാക്കേണ്ടത്, ഇന്ന് നിലവിലുള്ള ബൂര്‍ഷ്വാ വിവാഹങ്ങളോ, ലൈംഗികതയോ, ഇതിനൊരു പരിഹാരമല്ല എന്നുള്ളതാണ്. ഇവയില്‍ മാറ്റം വരണം. അതിനുള്ള വിപ്ലവത്തിന് തുടക്കം കുറിക്കേണ്ടത് യുവതീയുവാക്കളും സ്ത്രീകളുമാണ്. പക്ഷേ അതിന്റെ വേരുകള്‍ കിടക്കുന്നത് അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിലാണ്, തൊഴിലാളികളുടെ വിപ്ലവത്തിലാണ്.
“ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന” ലാഘവത്തോടെ ലൈംഗികതയെ കാണാന്‍ ശ്രമിക്കരുത്. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് വ്യക്തിഗത പ്രശ്നമാണ്. ലൈംഗികതയില്‍ രണ്ടു വ്യക്തികള്‍ എന്നത് രണ്ടു സാമൂഹ്യ ജീവികള്‍ ആണ്.അവര്‍ ഒന്നിച്ച് മൂന്നാമത്തെ വ്യക്തിയെ സൃഷ്ടിക്കുമ്പോള്‍, സമൂഹത്തിന്റെ ഭാഗമാകുന്നു. അതുകൊണ്ടുതന്നെ ലൈംഗികതയും വിവാഹവുമെല്ലാം സാമൂഹ്യ പ്രക്രിയയാണ്, അവയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സാമൂഹ്യ പ്രശ്നങ്ങളാണ്.”
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കു മാത്രമായി ഒരു വിഭാഗം ആവശ്യമില്ല എന്ന അഭിപ്രായമാണ് ലെനിന് ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ത്രീ – പുരുഷ വ്യത്യാസമില്ല എന്നതും രണ്ടുപേരും തുല്യ അവകാശവും കടമയുമുള്ള കമ്യൂണിസ്റ്റുകാരാണ് എന്നതുമാണു അദ്ദേഹത്തിന്റെ ന്യായീകരണം. പക്ഷേ സ്ത്രീകള്‍ കൂടുതലായി എല്ലാ സര്‍വീസ് സംഘടനകളിലും തൊഴിലാളി സംഘടനകളിലുമുണ്ടാവണം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. സോവിയറ്റ് റഷ്യയിലെപോലെ , സ്ത്രീകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പടുത്തുയര്‍ത്തുന്ന യോദ്ധാക്കളാകണം.. സ്ത്രീകളെ സംഘടിപ്പിക്കേണ്ടതും, കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി അവരെ സംഘടനയുമായി ബന്ധിപ്പിക്കേണ്ടതും പാര്‍ട്ടിയുടെ ഇന്നത്തെ ആവശ്യമാണ്.
“പക്ഷേ നമ്മുടെ പാര്‍ട്ടിക്കകത്തുതന്നെ സ്ത്രീകളോടുള്ള പെരുമാറ്റമെങ്ങനെയാണ് ? സ്ത്രീകളോടുള്ള മനസ്ഥിതി എന്താണ് ? ‘ശരിക്കും ഒരു സഖാവിനെ, മാന്തിനോക്കിയാല്‍ ഒരു സംസ്കാരശൂന്യനെ’ കാണാം- അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ ! വിയര്‍ത്തൊലിച്ച്, മടുപ്പിക്കുന്ന വിശ്രമമില്ലാത്ത, ആവര്‍ത്തന വിരസതയുള്ള വീട്ടുജോലി ചെയ്യുന്ന സ്വന്തം വീട്ടിലെ സ്ത്രീകളെ എത്ര സഖാക്കള്‍ പരിഗണിക്കുന്നുണ്ട് ? ഇതു പറയുമ്പോള്‍ ഞാന്‍ വീട്ടുജോലി മുഴുവനായും മറ്റൊരു സ്ത്രീയുടെ തലയില്‍ കെട്ടിവയ്ക്കുന്ന ബൂര്‍ഷ്വാ സ്ത്രീയെയല്ല ഉദ്ദേശിച്ചത് .ഞാനുദ്ദേശിച്ചത് സാധാരണ തൊഴിലെടുക്കുന്ന പുരുഷന്മാരുടെ ഭാര്യമാരെയാണ്. പുരുഷന്‍മാര്‍ ഫാക്ടറിയിലും പാടത്തും പണിയെടുക്കുന്നവരാണെങ്കിലും …….. വീട്ടിലുള്ള സ്ത്രീകളുടെ ജോലി ലഘൂകരിക്കാന്‍, അവരുടെ മനസ്സറിയാന്‍ ശ്രമിക്കുന്നവര്‍ എത്ര പരിമിതമാണ് ? ഒരു കൈ സഹായിക്കുകയാണെങ്കില്‍ ….. ഇല്ല അവര്‍ അത് ചെയ്യില്ല . “ഭര്‍ത്താവ്” എന്ന പദവിയുടെ പ്രത്യേക അധികാരവും അന്തസും നഷ്ടപ്പെടുമല്ലോ ! അയാള്‍ക്കു വേണ്ട വിശ്രമവും സൗകര്യങ്ങളും നിര്‍ബന്ധമാണ്. സ്ത്രീകളുടെ ഗാര്‍ഹിക ജോലി എന്നത് വലിയ ത്യാഗമാണ്. ‘അടിമയുടെ യജമാനനാ’യി മാറുന്ന സഖാക്കള്‍ക്ക് ആ ത്യാഗത്തിന്റെ വിലയോ,മതിപ്പോ അറിയില്ല. പക്ഷേ അടിമകള്‍ അവരുടെ പ്രതികാരം ചെയ്യുന്നുണ്ട്, വിപ്ലവത്തിന് തയ്യാറെടുക്കുന്ന സഖാവിന്റെ വിപ്ലവബോധവും തിരിച്ചറിവും ഒരു രീതിയിലും മനസ്സിലാക്കാതെ, അജ്ഞത നടിക്കുന്ന സ്ത്രീകള്‍സ്വാഭാവികമായും സഖാവിന്റെ പോരാട്ടത്തിന്റെ വീര്യം നശിപ്പിക്കുകയാണ്. പുസ്തകങ്ങളില്‍ നിന്നു മാത്രമല്ല, നേരിട്ടും ഞാന്‍ സഖാക്കളെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പൊതുവെയുള്ള നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സ്ത്രീകളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിലും നമ്മുടെ തൊഴിലാളി വര്‍ഗ്ഗം മൊത്തത്തില്‍ ധാരാളം പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്- “അടിമയുടെ ഉടമ” എന്ന പഴഞ്ചന്‍ ധാരണ സഖാക്കള്‍ മാറ്റിയേ തീരൂ. ഇത് ഒരു രാഷ്ട്രീയ ദൗത്യം കൂടിയാണ്.” (My Memorandum Book- by Clara Zetkin, Lenin- On the emancipation of women pp. 117)
സ്ത്രീകള്‍ ഇന്ന് പ്രൊഫഷണല്‍ രംഗത്ത് ഉണ്ട്. അവര്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഭരണസംവിധാനത്തിന്റെ ഭാഗമാണ്-. എല്ലാതരം ശാസ്ത്ര–സാങ്കേതിക സര്‍വകലാശാലകളും അവര്‍ക്ക് പ്രാപ്യമാണ്. ഇവര്‍ക്കായി കമ്യൂണിറ്റി അടുക്കളയും, പൊതു ഊണിടങ്ങളും, പൊതു അലക്കു കേന്ദ്രങ്ങളും , ക്രഷേകളും, കിന്‍ഡര്‍ഗാര്‍ട്ടെനുകളും, ശിശു കേന്ദ്രങ്ങളും ഒക്കെ തയ്യാറാക്കേണ്ടതുണ്ട്. വ്യക്തികളില്‍ നിന്ന് പ്രത്യേകിച്ച് “സ്ത്രീ”എന്ന വ്യക്തിയില്‍ നിന്ന് ഈ പണികള്‍ മുഴുവന്‍ സാമൂഹ്യ അധ്വാനമായി മാറേണ്ടതുണ്ട്. സ്ത്രീകൾ കാലങ്ങളായി അനുഭവിച്ചിരുന്ന ഗാര്‍ഹിക അടിമത്തത്തില്‍ നിന്നും , ഗാര്‍ഹിക അന്തരീക്ഷത്തില്‍ നിന്നും സാമ്പത്തികാശ്രിതത്വത്തില്‍ നിന്നും അവരെ വിമുക്തരാക്കി, കാര്യപ്രാപ്തിയും രാഷ്ട്രീയ ബോധവും നല്‍കി സമ്പൂര്‍ണ സാമൂഹ്യ വ്യക്തികളാക്കി മാറ്റേണ്ടതാണ്. സ്ത്രീകളുടെ സഹകരണവും പങ്കാളിത്തവുമില്ലെങ്കില്‍ ഒരുതരത്തിലുള്ള വികസനവും സാധ്യമല്ല. അതുകൊണ്ടുതന്നെ, അവരുടെയിടയിലെ വിപ്ലവം മൊത്തം സമൂഹത്തിന്റെയും വിപ്ലവമായിത്തീരണം.
മാര്‍ക്സിനു ശേഷം, ലെനിനാണ് ഇത്തരത്തില്‍ മാര്‍ക്സിസത്തിന്റെ സ്ത്രീവിമോചന രീതികളെക്കുറിച്ച് വിശദമായി ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളത്. അതിനു ശേഷം, ട്രോട്സ്കിയിസ്റ്റ് ആയിരുന്ന റായ ദുനയെവ്സ്കായ, 1960 കളില്‍ ഷീല റോബോത്തം,സഫിയോട്ടി എന്നിങ്ങനെ കുറേപ്പേര്‍ മാര്‍ക്സിസത്തെയും, ലെനിനിസത്തെയും സ്ത്രീ വിമോചനവുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനുള്ള ആശയ വ്യക്തത വരുത്തുവാന്‍ ലെനിന്റെ എഴുത്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലെനിന്‍ പറഞ്ഞ പല കാര്യങ്ങളും ഇനിയും പ്രാവര്‍ത്തികമാവേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് ഇനി നമുക്ക് വേണ്ടത്. ♦