Monday, September 9, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍പോരാട്ടത്തിന്റെ പാതയിലൂടെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

പോരാട്ടത്തിന്റെ പാതയിലൂടെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

എം എ ബേബി

മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നൂറുവർഷത്തെ പാരമ്പര്യത്തിന്റെ പിന്തുടർച്ച തന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ബംഗ്ലാദേശിനും അവകാശപ്പെടാനാവുന്നത്. പ്രശസ്ത ഇന്ത്യൻ വിപ്ലവകാരി എം എൻ റോയി മുൻകെെയെടുത്ത് 1920ൽ സോവിയറ്റ് റഷ്യയിലെ താഷ്-ക്കെന്റിൽവെച്ച് രൂപീകരിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പാരമ്പര്യം അവകാശപ്പെടാനാവുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ്. തുടക്കം മുതൽ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഏറ്റുമുട്ടി നാടിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പാരമ്പര്യമാണ് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. തെലങ്കാനയുടെയും തേഭാഗയുടെയും കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും പുന്നപ്ര – വയലാറിന്റെയുമെല്ലാം പെെതൃകം പേറുന്ന പാർട്ടിയുമാണ് ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പാർട്ടി.

1947ൽ ഇന്ത്യാ വിഭജനത്തിനുശേഷം പാകിസ്താനിൽ തനതായ ഒരു കമ്യൂണിസ്റ്റു പാർട്ടിക്ക് രൂപംനൽകാൻ തീരുമാനിക്കപ്പെട്ടു. ഇതിന്റെ ഭാഗമായാണ് 1947ൽ ധാക്കയിൽ ഏഴ് അംഗങ്ങളുള്ള റീജിയണൽ കമ്മിറ്റിക്ക് രൂപം നൽകപ്പെട്ടത്.

1948 മാർച്ച് ആറിനാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്താൻ രൂപീകരിക്കപ്പെട്ടത്. കൽക്കട്ടയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാം കോൺഗ്രസിൽ (1948) പങ്കെടുത്ത, പാകിസ്താനായി മാറിയ പ്രദേശത്തുനിന്നുള്ള പ്രതിനിധികളാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും സിപിഐ കേന്ദ്ര കമ്മിറ്റി അംഗവുമായ സജ്ജാദ് സാഹിർ ആയിരുന്നു പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി. മുഹമ്മദ് ഹുസെെൻ അത്ത, ജമാലുദ്ദീൻ ബുഖാരി, ഇബ്രാഹിം, ഖോക്ക റോയി, നേപ്പാൾ നാഗ്, കൃഷ്ണ ബിനോദ് റോയി, സയ്യദ് അബ്ദുൽ മൻസൂർ ഹബീബുള്ള, മണി സിങ് എന്നിവർക്കു പുറമെ ജനറൽ സെക്രട്ടറി സജ്ജാദ് സാഹിർ ഉൾപ്പെടെ 9 അംഗങ്ങളടങ്ങുന്ന കേന്ദ്ര കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സജ്ജാദ് സാഹിർ തന്റെ പ്രവർത്തന കേന്ദ്രം പടിഞ്ഞാറൻ പാകിസ്താനിലേക്ക് മാറ്റി. കൽക്കട്ടയിൽ രണ്ടാം പാർട്ടി കോൺഗ്രസ് കഴിഞ്ഞയുടൻ തന്നെ അദ്ദേഹം റാവൽപിണ്ടിയിലേക്ക് യാത്ര തിരിച്ചു. അതേസമയം കിഴക്കൻ പാകിസ്താനിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കുറേക്കാലം മേൽനോട്ടം വഹിച്ചിരുന്നത് സിപിഐ പശ്ചിമ ബംഗാൾ കമ്മിറ്റിയായിരുന്നു.

1940–50 കാലത്ത് ഇന്ത്യയിൽ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാർ നടത്തിയ ഭീകരമായ മർദന നടപടികൾക്ക് സമാനമായ ഭീകരപീഡനം പാകിസ്താനിലെ മുസ്ലിംലീഗ് ഭരണാധികാരികളിൽനിന്ന് അവിടത്തെ കമ്യൂണിസ്റ്റു പാർട്ടിക്ക് നേരിടേണ്ടതായി വന്നു. 1950 ഏപ്രിൽ 24ന് കിഴക്കൻ പാകിസ്താനിലെ രാജഷാഹി സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകാർക്കുനേരെ നടത്തിയ വെടിവെയ്പിൽ പാർട്ടിയുടെ ഏഴു നേതാക്കൾ കൊല്ലപ്പെടുകയും 31 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു (ഇന്ത്യയിലെ സേലം ജയിൽ വെടിവെയ്പിനെയും രക്തസാക്ഷികളെയും ഓർക്കുക).

കിഴക്കൻ പാകിസ്താനിലെ നാച്ചോൾ പ്രദേശത്തെ ഭൂപ്രഭുക്കൾ (ജോർത്തേദാർമാർ) കർഷകരിൽനിന്ന് അന്യായമായി അമിതനികുതി ഏർപ്പെടുത്തിയിരുന്നു. മൊത്തം വിളവിന്റെ 50 ശതമാനത്തോളം ഇങ്ങനെ ഈടാക്കപ്പെട്ടിരുന്നു. 1949 ഡിസംബറിനും 1950ന്റെ തുടക്കത്തിനുമിടയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും പ്രവർത്തകരായ രാമേൻ മിത്രയുടെയും ഇളമിത്രയുടെയും നേതൃത്വത്തിൽ കർഷകരെ (പ്രധാനമായും സന്താൾ കർഷകരായിരുന്നു അതിൽ ഭൂരിപക്ഷവും‍) സംഘടിപ്പിച്ച് ഈ അന്യായ പിരിവിനെ ചെറുത്തു. മുസ്ലിംലീഗ് ഗവൺമെന്റ് ഭൂപ്രഭുക്കൾക്കുവേണ്ടി പൊലീസിനെയും പട്ടാളത്തെയും കയറൂരിവിട്ട് ഈ ചെറുത്തുനിൽപ്പിനെ ആക്രമിച്ചു. സമരത്തിന് നേതൃത്വം നൽകിയ ഇളമിത്രയെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. രണ്ടായിരത്തിലേറെ പട്ടാളക്കാരെയാണ് ആ പാവപ്പെട്ട കർഷകരെ അടിച്ചമർത്താൻ സർക്കാർ അണിനിരത്തിയത്. സന്താൾ ജനത താമസിച്ചിരുന്ന നൂറിലേറെ ഗ്രാമങ്ങൾ പട്ടാളം നശിപ്പിച്ചു. നിരവധി സന്താൾ കർഷകർ പ്രാണരക്ഷാർഥം ഇന്ത്യയിലേക്ക് ഓടിപ്പോന്നു. ജയിൽമോചിതയായശേഷം ഇളമിത്രയും കിഴക്കൻ പാകിസ്താൻ വിട്ട് ഇന്ത്യയിലെത്തി.

1950കളുടെ തുടക്കത്തിലുണ്ടായ വർഗീയ കലാപവും ഭീകരമായ ഭരണകൂട അടിച്ചമർത്തലുംമൂലം 15,000ത്തോളം കമ്യൂണിസ്റ്റു പ്രവർത്തകർ ഇന്ത്യയിലേക്ക് കുടിയേറാൻ നിർബന്ധിതരായി. കർഷക പ്രക്ഷോഭത്തിനൊപ്പം തന്നെ, ഈ കാലത്ത് കാർഷിക മേഖലയിൽ നിലനിന്നിരുന്ന അടിമത്ത സമാനമായ നാൻകാർ സമ്പ്രദായത്തിനെതിരെ കമ്യൂണിസ്റ്റു പാർട്ടിയും കർഷക സംഘടനയും സമരം സംഘടിപ്പിച്ചു. അപർണപാൽ, സുഷമ ഡേ, അഷിതപാൽ, സൂരത്പാൽ എന്നീ കമ്യൂണിസ്റ്റു വനിതകളായിരുന്നു ആ പോരാട്ടത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. അടിച്ചമർത്താൻ പൊലീസിനും പട്ടാളത്തിനുമൊപ്പം മുസ്ലിംലീഗുകാരും ഉണ്ടായിരുന്നു. ഗർഭിണിയായിരുന്ന അപർണ പാലിന്റെ ഗർഭം പൊലീസുമായുള്ള സംഘർഷത്തിനിടയിൽ അലസിപ്പോയി. പൊലീസ് അവരുടെ കാല് തല്ലിയൊടിച്ചു; ജയിലിലടച്ചു. ധീരോദാത്തമായ ആ പോരാട്ടത്തിന്റെ ഭാഗമായി ഒടുവിൽ നാൻകാർ സമ്പ്രദായം നിർത്തലാക്കാൻ സർക്കാർ നിർബന്ധിതമായി.

സജ്ജാദ് സാഹിർ

പടിഞ്ഞാറൻ പാകിസ്താനിലെ കമ്യൂണിസ്റ്റ് പ്രവർത്തനം തടയാൻ പാകിസ്താൻ ഗവൺമെന്റ് റാവൽപിണ്ടി ഗൂഢാലോചന കേസ് കെട്ടിച്ചമച്ചു. പാർട്ടി ജനറൽ സെക്രട്ടറി സജ്ജാദ് സാഹിർ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. പടിഞ്ഞാറൻ പാകിസ്താനിലെ കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തനം തടയുകയെന്ന മുസ്ലിംലീഗ് സർക്കാരിന്റെ ലക്ഷ്യം ജനാധിപത്യവിരുദ്ധമായ ഇത്തരമൊരു നടപടിയിലൂടെയാണ് ജനവിരുദ്ധ ഗവൺമെന്റ് പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. എന്നാൽ കിഴക്കൻ പാകിസ്താനിൽ ഗവൺമെന്റിനെതിരെ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുകയുണ്ടായി.

കിഴക്കൻ പാകിസ്താനിൽ (ഇന്നത്തെ ബംഗ്ലാദേശ്) പാകിസ്താൻ സർക്കാർ ഉറുദു അടിച്ചേൽപ്പിക്കുന്നതിനെതിരായ ഭാഷാ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പ്രധാന പങ്ക് വഹിച്ചു. 1954ലെ തിരഞ്ഞെടുപ്പിൽ അവാമി ലീഗും കൃഷക് ശ്രമിക് പാർട്ടിയും ഉൾപ്പെടുന്ന ഐക്യമുന്നണിയുടെ ഭാഗമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി. 309 അംഗങ്ങളുള്ള പ്രവിശ്യാ അസംബ്ലിയിൽ 223 സ്ഥാനങ്ങൾ നേടി ഐക്യമുന്നണി തകർപ്പൻ വിജയം കെെവരിച്ചു. പാർട്ടി അംഗങ്ങളായ ഏഴ് സ്ഥാനാർഥികൾ മത്സരിച്ചതിൽ നാലുപേർ വിജയിച്ചു. മുന്നണിയിലെ മറ്റു പാർട്ടികളുടെ ചിഹ്നത്തിൽ മത്സരിച്ച 23 കമ്യൂണിസ്റ്റുകാരും വിജയിച്ചു. പാകിസ്താനിലെ കേന്ദ്ര ഭരണകക്ഷിയായ മുസ്ലിംലീഗിന്റെ പരാജയം അംഗീകരിക്കാത്ത കേന്ദ്ര ഭരണ നേതൃത്വം കിഴക്കൻ ബംഗാൾ പ്രവിശ്യാ സർക്കാർ അധികാരമേൽക്കും മുൻപു തന്നെ നിയമസഭ പിരിച്ചുവിടുകയും ഗവർണർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. കൂട്ടത്തിൽ കമ്യൂണിസ്റ്റു പാർട്ടിയെയും നിരോധിച്ചു.

പാർട്ടി നിരോധിക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റു പ്രവർത്തകർ നിശബ്ദരായിരുന്നില്ല. ആദ്യം അവാമി ലീഗിന്റെ ബാനറിനു പിന്നിലും പിന്നീട് 1957നുശേഷം നാഷണൽ അവാമി പാർട്ടിയുടെ മറവിലും പ്രവർത്തിച്ചു. അപ്രകാരം ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ വിശ്രമരഹിതമായി ജനങ്ങളുടെ ആവശ്യങ്ങളുയർത്തി കമ്യൂണിസ്റ്റ് പാർട്ടി പോരാട്ടം തുടർന്നു. 1958ൽ ജനറൽ അയൂബ് ഖാന്റെ നേതൃത്വത്തിൽ നടന്ന പട്ടാള അട്ടിമറിയെ തുടർന്നുള്ള പട്ടാളഭരണകാലത്ത് നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് കണ്ടെത്തി കടുത്ത മർദ്ദന നടപടികൾക്ക് വിധേയരാക്കി.

പാർട്ടിയുടെ പ്രമുഖ നേതാക്കളെയാകെ അയൂബ് വാഴ്ചയുടെ കാലം മുഴുവൻ (1958–1969) ജയിലിലടച്ചു. എന്നാൽ ഈ പ്രതികൂല കാലത്തും ജയിലിനുപുറത്ത് ഒളിവിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റുകാർ പട്ടാള നിയമം ലംഘിച്ചുകൊണ്ട് 1962 ഫെബ്രുവരി 11ന് വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചു. അയൂബ്ഖാൻ വാഴ്ചയെ അനുകൂലിക്കുന്നവരെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ചേർന്ന ഒരു യോഗത്തിൽ വച്ചായിരുന്നു പഠിപ്പുമുടക്കി തെരുവിലിറങ്ങാൻ തീരുമാനിച്ചത്‌. അയൂബ്‌ ഖാന്റെ ശിങ്കിടികളായ വിദ്യാർഥിസംഘടനകൾ പഠിപ്പുമുടക്കിനെതിരായിരുന്നു. സമവായത്തിലെത്താനുള്ള ചർച്ചകൾ നീണ്ടുപോയി. രാത്രി 12 മണി കഴിഞ്ഞപ്പോഴാണ് പിറ്റേദിവസം രാവിലെ മുതൽ പഠിപ്പുമുടക്കാൻ തീരുമാനിച്ചത്. ഇങ്ങനെ വെെകിയതുകൊണ്ടുണ്ടായ ഗുണം എതിർ പ്രചരണം നടത്താനോ രഹസ്യാനേ-്വഷണക്കാർക്ക് വിവരം ചോർത്തി നൽകാനോ അയൂബ് ഖാന്റെ ശിങ്കിടികളായ സംഘടനകളുടെ ആളുകൾക്കു കഴിഞ്ഞില്ല. ആ പഠിപ്പുമുടക്ക് വമ്പിച്ച വിജയമായി.

ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയും സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ 1950കളിലും 1960കളുടെ തുടക്കത്തിലും രൂപപ്പെട്ട പ്രത്യയശാസ്ത്രപരമായ വിവാദങ്ങളും ചേരിതിരിവും കിഴക്കൻ പാകിസ്താനിലെ കമ്യൂണിസ്റ്റ് പാർട്ടിയെയും ബാധിച്ചു. എന്നാൽ 1968ൽ ധാക്കയിൽ ചേർന്ന പാർട്ടിയുടെ നാലാം കോൺഗ്രസ് കിഴക്കൻ പാകിസ്താനിൽ കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയായി മാറാൻ തീരുമാനിച്ചു. സെക്രട്ടറിയായി ബാരിൻ ദത്തയെയും തിരഞ്ഞെടുത്തു. 1969ൽ അയൂബ് ഖാന്റെ സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരെ നടന്ന ബഹുജന മുന്നേറ്റത്തിൽ പാർട്ടി സജീവമായി പങ്കെടുത്തു. 1971ലെ നിസ്സഹകരണ പ്രക്ഷോഭം ഉൾപ്പെടെയുള്ള ദേശവ്യാപക സമരങ്ങളിലും കമ്യൂണിസ്റ്റു പാർട്ടി സജീവ പങ്കാളിയായിരുന്നു.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെത്തുടർന്ന് ഈസ്റ്റ് പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ധാക്കയിൽ ചേർന്ന നാലാം കോൺഗ്രസ്സിനെ ബംഗ്ലാദേശ് കമ്യൂണിസ്റ്റു പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സായി പ്രഖ്യാപിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ കമ്യൂണിസ്റ്റു പാർട്ടി നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന പ്രവാസി ബംഗ്ലാദേശ് ഗവൺമെന്റിന്റെ ഉപദേശക സമിതി അംഗങ്ങളിൽ ഒരാളായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റ് മണിസിങ്. പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകരിച്ച പ്രത്യേക ഗറില്ല സേന പാകിസ്താന്റെ അധിനിവേശ സേനയ്ക്കെതിരെ ധീരോദാത്തം പൊരുതി. 1971ൽ ബംഗ്ലാദേശിന്റെ വിമോചനത്തിനുശേഷം മാത്രമാണ് 1947നുശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടിക്ക് അവിടെ പരസ്യമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ കഴിഞ്ഞത്.

കെെവന്ന ഈ അവസരം ഉപയോഗിച്ച് തൊഴിലാളികളെ സംഘടിപ്പിക്കാനും വർഗസമരങ്ങളിൽ അണിനിരത്താനും ട്രേഡ് യൂണിയൻ സെന്ററിന് രൂപം നൽകി. ബംഗ്ലാദേശിൽ സോഷ്യലിസം സ്ഥാപിക്കുന്നതിനുവേണ്ട മണ്ണൊരുക്കുകയെന്ന കാഴ്ചപ്പാടോടെ ബംഗ്ലാദേശ് അവാമി ലീഗും കമ്യൂണിസ്റ്റു പാർട്ടിയും നാഷണൽ അവാമി പാർട്ടിയും ചേർന്ന് 1973 ഒക്ടോബർ 14ന് ഗണ ഐക്യ ജോത്തെ എന്ന സംയുക്തവേദിക്ക് രൂപം നൽകി. ഈ വേദിയുടെ 19 അംഗകമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നായിരുന്നു.

1973ൽ ധാക്കയിൽ ചേർന്ന പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ പുതിയൊരു ഭരണഘടനയ്ക്ക് രൂപം നൽകുകയും 26 അംഗങ്ങളുള്ള സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. മണിസിങ്ങിനെ പ്രസിഡന്റായും മൊഹമ്മദ് ഫർഹാദിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ബംഗബന്ധു മുജീബുർ റഹ്മാനെയും കുടുംബത്തെയും ഭീകരമായി കൊലപ്പെടുത്തി (അന്ന് വിദേശത്തായിരുന്ന മകൾ ഷേക് ഹസീനയും സഹോദരിയും മാത്രമാണ് രക്ഷപ്പെട്ടത്) 1975ൽ ഭരണം പിടിച്ചെടുത്ത ജനറൽ സിയാവുർ റഹ്മാന്റെ സെെനിക അട്ടിമറിയെ തുടർന്ന് നിലവിൽ വന്ന സെെനിക സേ-്വച്ഛാധിപത്യ വാഴ്ച, കമ്യൂണിസ്റ്റു പാർട്ടിയെ വീണ്ടും കടുത്ത ആക്രമണങ്ങൾക്ക് വിധേയമാക്കി. പാർട്ടിയുടെ ദേശീയതലത്തിലെയും ജില്ലാതലങ്ങളിലെയും നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്തു; അപ്പോൾ പിടികിട്ടാത്ത നിരവധി പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഒടുവിൽ 1977 ഒക്ടോബറിൽ പാർട്ടിയെ പൂർണ്ണമായി നിരോധിച്ചു. ഒരു വർഷത്തിനുശേഷം 1978ൽ പാർട്ടിക്കുമേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കുകയും പാർട്ടി നേതാക്കളെ ജയിൽമോചിതരാക്കുകയും ചെയ്തു.

1978ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി സജീവമായി പങ്കെടുത്തു. പുരോഗമന ഐക്യമുന്നണിയിൽ ഘടകകക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി 1979ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനറൽ മുഹമ്മദ് അതാവുൾ ഗനി ഒസ്മാനിയെ പിന്തുണച്ചു. ജനറൽ ഹുസെെൻ മുഹമ്മദ് യെർഷാദിന്റെ സെെനികവാഴ്ചയ്ക്കെതിരെ 1983ൽ 15 പാർട്ടികൾ ചേർന്നു രൂപീകരിച്ച ഐക്യമുന്നണിയിൽ കമ്യൂണിസ്റ്റ് പാർട്ടിയും ഉണ്ടായിരുന്നു. 1986ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുകയും 5 സീറ്റിൽ വിജയിക്കുകയും ചെയ്തു. യെർഷാദിനെ പുറത്താക്കാൻ 1990ൽ നടന്ന പ്രക്ഷോഭത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിർണായകമായ പങ്കു വഹിച്ചു.

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെട്ടു. പാർട്ടി നേതൃത്വം രണ്ട് ചേരിയായി മാറി. ഒരു വിഭാഗം പാർട്ടിയെ തന്നെ പിരിച്ചുവിടണമെന്നും മാർക്സിസം – ലെനിനിസത്തോട് വിട പറഞ്ഞ് ‘ജനാധിപത്യ’ പാർട്ടിയായി പ്രവർത്തിക്കണമെന്നും വാദിച്ചു: അതേസമയം മറ്റൊരു വിഭാഗം മാർക്സിസം – ലെനിനിസം ഉയർത്തിപ്പിടിച്ച് തുടർന്നും പ്രവർത്തിക്കണമെന്നും വാദിച്ചു.

ഒടുവിൽ ഈ ചേരിതിരിവ് 1993ൽ കൂടുതൽ രൂക്ഷമാവുന്നതിലും ഇരുവിഭാഗങ്ങളും ധാക്കയിൽ വെവ്വേറെ കൺവെൻഷൻ ചേരുന്നതിലും കലാശിച്ചു. മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിഭാഗം 1993 ജൂൺ 15ന് ചേർന്ന സമ്മേളനത്തിൽ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് ബംഗ്ലാദേശിൽ കമ്യൂണിസ്റ്റ് പാർട്ടിയായിത്തന്നെ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചു. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതാവ് ഷഹീദുള്ള ചൗധരി പ്രസിഡന്റും മുജാഹിദുൽ ഇസ്ലാം സലിം ജനറൽ സെക്രട്ടറിയായും പാർട്ടി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിക്കപ്പെട്ടു. 1995 ഏപ്രിൽ 7, 8 തീയതികളിൽ ധാക്കയിൽ ചേർന്ന പാർട്ടിയുടെ ആറാം കോൺഗ്രസ് ദേശീയ ജനാധിപത്യ വിപ്ലവത്തിനായുള്ള 17 ഇന പരിപാടി അംഗീകരിച്ചു.

1999ൽ ഏഴാം കോൺഗ്രസും 2003ൽ 8–ാം കോൺഗ്രസും വിജയകരമായി ചേർന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി 2008 ആഗസ്ത് 7 മുതൽ 9 വരെ ചേർന്ന ഒമ്പതാം കോൺഗ്രസിൽ മഞ്ചുറുൾ അഹ്സാൻ ഖാൻ പ്രസിഡന്റും മുജാഹിദുൾ ഇസ്ലാം സലിം ജനറൽ സെക്രട്ടറിയുമായി പുതിയ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി. 11–ാം പാർട്ടി കോൺഗ്രസിൽ ‘‘സോഷ്യലിസ്റ്റ്‌ ദിശയോടുകൂടി സമൂഹത്തിൽ വിപ്ലവപരമായ ജനാധിപത്യ പരിവർത്തനം’’ ആദ്യം പൂർത്തിയാക്കണമെന്ന തന്ത്രത്തിനു രൂപം നൽകി. അവാമി ലീഗിന്റെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ ഇപ്പോൾ നിലവിലുള്ള രണ്ടു മുന്നണികളിൽനിന്നും വ്യത്യസ്തമായി, അവയ്ക്ക് ബദലായി ‘ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കുന്നതിന്’ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പ്രമേയവും പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. മതമൗലികവാദത്തോട് വിട്ടുവീഴ്ച കൂടാതെ പൊരുതുന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി ഇടതുപക്ഷ ജനാധിപത്യശക്തികളുടെ കൂട്ടുകെട്ടിന് രൂപം നൽകാനാണ് ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റ് തൊഴിലാളിവർഗ പാർട്ടികളുടെ സാർവദേശീയ സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടിക്ക് 2022ലെ കണക്കുപ്രകാരം 8,953 അംഗങ്ങളുണ്ട്. ട്രേഡ് യൂണിയൻ – യുവജന മുന്നണികളിലും സജീവമായി പ്രവർത്തിക്കുന്ന പാർട്ടി ‘യെ ക്കോട്ട’ എന്ന പേരിൽ മുഖപത്രം പ്രസിദ്ധീകരിക്കുന്നു. 11–ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ഇങ്ങനെ പറയുന്നു:

‘‘തുടർച്ചയായി നിരവധി നീക്കങ്ങൾ നടത്തിയിട്ടും ഇടതുപക്ഷ ഐക്യത്തിന് രൂപം നൽകാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം ഇടതുപക്ഷ പാർട്ടികളുടെയും സ്വാധീനവും ജനങ്ങളെ അണിനിരത്താനുള്ള ശേഷിയും തീരെ ദുർബലമാണ്. അതിനുംപുറമെ, അവയിൽ പലതിനും നിരവധി പോരായ്മകളും വ്യതിയാനങ്ങളും ആശയപരമായ അവ്യക്തതകളുമുണ്ട്. ഇടതുപക്ഷത്തിലെ ഒരു വിഭാഗം ‘‘മഹാജോത്തി’’ന്റെ ഭാഗമായി നിൽക്കുന്നു; അതുകൊണ്ട് അവ ഇപ്പോഴും സർക്കാരിന്റെ ഭാഗമാണ്. അതേസമയം മറ്റു ചില ഇടതുപക്ഷ പാർട്ടികൾ ഇടത് സെക്ടേറിയനിസം, വിപ്ലവ വായാടിത്തം, ബഹുജനങ്ങളിൽനിന്നകന്ന് സെെദ്ധാന്തിക ദന്തഗോപുരവാസികളായിരിക്കാനുള്ള പ്രവണത എന്നിങ്ങനെയുള്ള വിവിധതരം ദൗർബല്യങ്ങൾക്കും വ്യതിയാനങ്ങൾക്കും വിധേയമാണ്. … ഇതുവരെ ഇടതുപക്ഷവുമായി യോജിക്കാൻ കഴിയുന്ന ശ്രദ്ധേയമായ സ്വാധീനമുള്ള, പുരോഗമന സ്വഭാവമുള്ളതും രാജ്യസ്നേഹികളുമായ രാഷ്ട്രീയശക്തികൾ ഇടതുപക്ഷത്തിനു പുറത്ത് നിലവിലില്ല; അതുകൊണ്ട്, ഇടതുപക്ഷ ജനാധിപത്യ സഖ്യം രൂപപ്പെടുത്താനും കഴിയുന്നില്ല’’.

മാർക്സിസം – ലെനിനിസം അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്ന ബംഗ്ലാദേശ് തൊഴിലാളിപ്പാർട്ടിയും പ്രവർത്തനരംഗത്തുണ്ട്. കമ്യൂണിസ്റ്റ് – തൊഴിലാളി – പാർട്ടികളുടെ അന്തർദേശീയ സമ്മേളനങ്ങളിൽ ഈ പാർട്ടി അംഗമാണ്. എന്നാൽ അമിതാധികാരപരമായി പെരുമാറിയതിനെത്തുടർന്ന് സങ്കീർണമായ വിദ്യാർഥി പ്രക്ഷോഭം ബംഗ്ലാദേശിൽ ഉയർന്നുവന്നപ്പോൾ, ബംഗ്ലാദേശ് തൊഴിലാളിപ്പാർട്ടി രാഷ്ട്രീയമായി ഷേക്ക് ഹസീനയ്ക്ക് ഒപ്പമാണ് കാണപ്പെട്ടത്. ഷേക്ക് ഹസീന രാജ്യംവിട്ട് ഓടിപ്പോയതിനെത്തുർന്ന് അവരുടെ പാർട്ടിക്ക് (അവാമി ലീഗ്) നേരേ നടക്കുന്നതുപോലെ ബംഗ്ലാദേശ് വർക്കേഴ്സ് പാർട്ടിക്ക് എതിരായും ജനരോഷം ശക്തിയായി ഉയരുന്നുണ്ട്. ഷേക്ക് ഹസീന സർക്കാരിൽ മന്ത്രിയായിരുന്ന (ഇപ്പോൾ പാർലമെന്റ് അംഗമായ) വർക്കേഴ്സ് പാർട്ടി നേതാവ് റഷീദ് ഖാൻ മേനോൻ അറസ്റ്റിലാണെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − one =

Most Popular