സമൂഹത്തെ സമഗ്രമായി മുമ്പോട്ടു നയിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വറ്റാത്ത പ്രചോദനമാണ് അയ്യന്‍കാളിയുടെ സ്മരണ. ജാതിവിവേചനത്തിന്റെയും ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വ്യവസ്ഥകള്‍ മനുഷ്യത്വരഹിതമാക്കിത്തീര്‍ത്ത സമൂഹത്തെ മനുഷ്യത്വം ഉള്‍ച്ചേര്‍ത്ത് നവീകരിച്ചെടുക്കുന്നതിൽ അയ്യന്‍കാളി വഹിച്ച പങ്ക് ചരിത്ര പ്രാധാന്യമുള്ളതാണ്. ‘നരനു നരനശുദ്ധവസ്തു’ എന്നതു നിയമമായിരുന്ന കാലഘട്ടത്തിൽ എവിടെയായിരുന്നു മനുഷ്യാവകാശം? എവിടെയായിരുന്നു ജനാധിപത്യാവകാശം? ആ അവകാശങ്ങളൊന്നും സ്വയമേവ വന്നതോ, ഏതെങ്കിലും അധികാരസ്ഥാനങ്ങള്‍ സ്വര്‍ണത്താലത്തിൽ വെച്ചുനീട്ടിയതോ അല്ല. അധഃസ്ഥിതരെന്നു മുദ്രകുത്തപ്പെട്ട് നീക്കിനിര്‍ത്തപ്പെട്ടവര്‍ പൊരുതിനേടിയെടുത്തതു തന്നെയാണ്. അവ നേടിത്തരാന്‍ വേണ്ടി പൊരുതിയവരെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം തന്നെ നമ്മുടെ മനസ്സിൽ തെളിയുന്ന മുഖങ്ങളിലൊന്ന് മഹാത്മാ അയ്യന്‍കാളിയുടേതാണ്.
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിചൂഷണങ്ങളും നിലനിന്നിരുന്ന സമൂഹത്തിൽ നിന്നും തൊഴിൽ അടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്കും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കും എത്താന്‍ കഴിയുന്ന വിധത്തിൽ ഈ സമൂഹത്തിൽ രാഷ്ട്രീയബോധം വളര്‍ത്തുന്നതിൽ വലിയ സംഭാവനയാണ് അയ്യന്‍കാളി നൽകിയിട്ടുള്ളത്. പുതിയ കാലത്ത്, ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹിക ഐക്യത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമ്പോൾ അവയെ ചെറുത്ത് ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് അയ്യന്‍കാളിയുടെ സ്മരണയ്ക്കു നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി.
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പോരാട്ടങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുന്ന ഒന്നായിരുന്നു 1893-ലെ വില്ലുവണ്ടി സമരം. അധഃസ്ഥിതരെന്നു മുദ്രയടിക്കപ്പെട്ട് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് നീക്കിനിര്‍ത്തപ്പെട്ടിരുന്നവര്‍ക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ അന്ന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആ ജാതിജീര്‍ണതയുടെ വ്യവസ്ഥിതിക്കെതിരെയാണ് അയ്യന്‍കാളി വില്ലുവണ്ടി സമരം നടത്തിയത്.
വിലകൊടുത്തു വാങ്ങിയ വില്ലുവണ്ടിയിൽ രണ്ടു വെള്ളക്കാളകളെ കെട്ടി, അവയുടെ കഴുത്തിലും കൊമ്പിലും മണികള്‍ കെട്ടി, പൊട്ടുകുത്തിയും പട്ടുതലപ്പാവ് വെച്ചും കോട്ട് ധരിച്ചും രാജകീയ പ്രൗഢിയോടെ വെങ്ങാനൂരിലെ പൊതുവീഥികളിലൂടെ ആ വില്ലുവണ്ടിയിൽ മുഴങ്ങുന്ന മണിയൊച്ചയുമായി അയ്യന്‍കാളി സഞ്ചരിച്ചു. അങ്ങനെ രൂപത്തിലും ഭാവത്തിലും ഒരുപോലെ ജാതിവ്യവസ്ഥയെയും അതിന്റെ കൽപനകളെയും ധിക്കരിക്കുന്നതും വെല്ലുവിളിച്ച വില്ലുവണ്ടി സമരം അധഃസ്ഥിതരുടെ വിമോചനത്തിന്റെ കാഹളമാണ് മുഴക്കിയത്.
പൊതുവഴി മാത്രമല്ല, പൊതുകിണര്‍, ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി പൊതുവിൽ എന്തൊക്കെയുണ്ടോ അവിടമൊക്കെ താഴ്ന്ന ജാതിക്കാര്‍ എന്നു മുദ്രയടിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. പഞ്ചമി എന്ന അവര്‍ണ പെണ്‍കുട്ടിക്ക് പഠിക്കാന്‍ അവസരം നിഷേധിച്ചപ്പോൾ അയ്യന്‍കാളി ആ പെണ്‍കുട്ടിയെയും കൂട്ടി നേരെ സ്കൂളിലേക്കു കടന്നുചെന്നു. അയ്യന്‍കാളി വരുന്നു എന്നറിഞ്ഞ് ബഞ്ചിനും ക്ലാസ്- മുറിക്കും സവര്‍ണ പ്രമാണിമാര്‍ തീവെച്ചു. ഊരൂട്ടമ്പലം എലിമെന്ററി സ്കൂളിൽ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് പാതി കത്തിക്കരിഞ്ഞ ആ ബെഞ്ച്. ഇന്ന് ഹൈടെക് ക്ലാസ്സ്മുറികള്‍ അടക്കം ഒരുക്കി ആ സ്കൂളിനെ മികവിലേക്കുയര്‍ത്തിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണെന്ന കാര്യം അഭിമാനം നൽകുന്നു. അയ്യൻകാളിയുടെ ആശയാദർശങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ തെളിവാണത്.
ഇന്നത്തെ രീതിയിലുള്ള കര്‍ഷകത്തൊഴിലാളി പ്രസ്ഥാനമൊക്കെ രൂപമെടുക്കുന്നതിന് എത്രയോ മുമ്പ്, 1908-ൽ സമ്പൂര്‍ണ പണിമുടക്ക് സമരം സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ധീരനായ നായകനാണ് അയ്യന്‍കാളി. ആ പണിമുടക്ക് സമരമാണ് വലിയ ഒരു വിഭാഗം കുട്ടികള്‍ക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. വേലയ്ക്ക് കൂലി പണമായി തന്നെ വേണം, ജോലി ഉദയം മുതൽ അസ്തമയം വരെ മാത്രമേ പാടുള്ളൂ, നിര്‍ധനരെയും കുട്ടികളെയും ഗര്‍ഭിണികളെയും കഠിനമായ ജോലിക്കിറക്കില്ല എന്നൊക്കെയുള്ള നിലപാടുകള്‍ അംഗീകരിപ്പിച്ചതും ആ സമരത്തിലൂടെയാണ്.
ഇന്ന് രാജ്യമൊട്ടാകെയുള്ള കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ദുരിതമനുഭവിക്കുകയാണ്. വര്‍ഷങ്ങളായി അവരെല്ലാം നിരന്തരം സമരമുഖങ്ങളിലാണ്. പുതിയ കാലത്തിൽ അധികാര കേന്ദ്രങ്ങളും കോര്‍പ്പറേറ്റ് ചങ്ങാത്തവും തമ്മിലുള്ള ഉടമ്പടികളുടെ ഇരകള്‍ ആകുന്നത് ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരാണ്, പ്രത്യേകിച്ച് തൊഴിലാളികള്‍. അത്തരം നൃശംസതകള്‍ക്കെതിരെ ചെറുത്തു നിൽക്കാനുള്ള പ്രചോദനം കൂടിയാണ് അയ്യന്‍കാളി സ്മരണ.
രാജ്യമിന്ന് സവിശേഷമായ ഒരു സാമൂഹ്യസാഹചര്യത്തിലൂടെ കടന്നുപോകുന്നു. നാം നേടിയ എല്ലാ നവോത്ഥാന മൂല്യങ്ങള്‍ക്കും നേര്‍ക്ക് അത്യന്തം ഹീനവും പ്രതിലോമകരവുമായ പ്രത്യാക്രമണം നടക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കൊളുത്തിനീട്ടിയ ദീപങ്ങള്‍ ഒന്നൊന്നായി തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നു. മനുഷ്യനെ മനുഷ്യനെതിരെ തിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള കള്ളികള്‍ തീര്‍ക്കുന്നു. നാം തുടച്ചുനീക്കി എന്നു കരുതിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂടുതൽ ശക്തിയോടെ തിരിച്ചു കൊണ്ടുവരുന്നു. സ്ത്രീവിരുദ്ധത പടര്‍ത്തുന്നു. ഈ ഘട്ടത്തിലാണ് അയ്യന്‍കാളി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ കൂടുതൽ മിനുക്കി മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വം നമ്മിൽ നിക്ഷിപ്തമാകുന്നത്.
അദ്ദേഹം ജീവിച്ചു തുടങ്ങിയപ്പോഴത്തെ കേരളമല്ല, അദ്ദേഹം സമൂഹത്തിൽ ഇടപെട്ടതിനെ തുടര്‍ന്നുള്ള കേരളം. അദ്ദേഹം കുട്ടിയായിരുന്നപ്പോഴത്തെ നീതിപ്രമാണങ്ങളല്ല, അദ്ദേഹത്തിന്റെ പോരാട്ടത്തെ തുടര്‍ന്നുള്ള നീതിപ്രമാണങ്ങള്‍. ഇങ്ങനെ തന്റെ ജീവിതം കൊണ്ട് ചരിത്രത്തെ പുരോഗമനാത്മകമായി വഴിതിരിച്ചുവിടാന്‍ കഴിയുന്നത് ആര്‍ക്കാണോ അവര്‍ക്കാണ് ചരിത്രപുരുഷന്‍ എന്ന വിശേഷണം ലഭിക്കുന്നത്. ഈ ഉരകല്ലുകളിൽ ഉരച്ചുനോക്കുമ്പോഴാണ് അയ്യന്‍കാളിക്ക് നമ്മുടെ ചരിത്രത്തിൽ ഉള്ള പങ്കെത്ര ബൃഹത്താണെന്ന് മനസ്സിലാവുന്നത്.
ദളിതരും ആദിവാസികളും സ്ത്രീകളുമെല്ലാം ഇന്നത്തെ ഇന്ത്യയിൽ ആക്രമിക്കപ്പെടുകയാണ്. കൂലി ചോദിക്കുന്നതിനും പൊതുനിരത്തുകളിൽ സഞ്ചരിക്കുന്നതിനും ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിനും ഒക്കെ ദളിതര്‍ മര്‍ദ്ദിക്കപ്പെടുന്നു. നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ ആക്രമിക്കപ്പെടുന്ന നാടാണ് നമ്മുടെ രാജ്യം. ദിനംപ്രതി മൂന്നു ദളിത് സ്ത്രീകള്‍ വീതം മാനഭംഗത്തിന് ഇരയാക്കപ്പെടുന്നു. ജാതിപീഡനത്തിന് വിധേയമായി പ്രതിദിനം രണ്ടുപേര്‍ വീതം കൊല്ലപ്പെടുകയും, ദളിതരുടെ രണ്ടു വീടുകള്‍ വീതം ചുട്ടെരിക്കപ്പെടുകയും ചെയ്യുന്നു.
ഇനി തൊഴിൽ മേഖലയുടെ കാര്യമെടുത്താൽ കേന്ദ്ര സര്‍വീസുകളിലാകെ നിയമനനിരോധനം നിലനിൽക്കുകയാണ്. 10 ലക്ഷത്തിലധികം തസ്തികകളാണ് മോദി സർക്കാർ ഇത്തരത്തിൽ ഒഴിച്ചിട്ടിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിൽ ഉണ്ടായ കുറവ് രണ്ടര ലക്ഷമാണ്. ഉള്ള തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുകയാണ്. ഈയിടെയായി ഉന്നത ഉദ്യോഗസ്ഥ നിരയിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടക്കാരെ ലാറ്ററൽ എന്‍ട്രിയിലൂടെ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാകുന്നു. ഇവിടെയെല്ലാം സംവരണം അട്ടിമറിക്കപ്പെടുകയാണ്.
ഈയൊരു പൊതു ദേശീയ സാഹചര്യത്തിലാണ് കേരളത്തിലെ എൽ ഡി എഫ് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ കൂടുതൽ പ്രസക്തമാകുന്നത്. രണ്ടരലക്ഷം നിയമനങ്ങളാണ് പി എസ് സി മുഖേന കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തിയത്. പൊതുമേഖലാ റിക്രൂട്ട്മെന്റിനായി പ്രത്യേക ബോര്‍ഡ് രൂപീകരിച്ചു. പട്ടികവിഭാഗങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി. ഈ നയങ്ങളിലുണ്ട് രണ്ടു സര്‍ക്കാരുകളുടെയും സമീപനത്തിലെ വ്യത്യാസം. ഇതിൽ ഏതു നയമാണ് അയ്യന്‍കാളി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുമായി ചേര്‍ന്നു നിൽക്കുന്നത് എന്ന് പ്രത്യേകമായി പറയേണ്ടതില്ല.
പട്ടികവിഭാഗ ജനസംഖ്യാനുപാതത്തെക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള തുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ബജറ്റിൽ നീക്കിവെക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,980 കോടി രൂപയാണ് പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം 10,663 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം ലഭ്യമാക്കി. പട്ടികജാതി വിഭാഗങ്ങളുടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിൽ 770 കോടിയോളം രൂപ ലഭ്യമാക്കുകയുണ്ടായി. 56,994 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി 2,730 പട്ടികവര്‍ഗ്ഗക്കാര്‍ക്കായി 3,937 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 241 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നൽകി. വനാവകാശ നിയമപ്രകാരം കൂടുതൽ പേര്‍ക്ക് രേഖകള്‍ നൽകുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. വൈദ്യുതി ഇല്ലാതിരുന്ന 84 പട്ടികവര്‍ഗ്ഗ സെറ്റിൽമെന്റുകളിൽ 41 ഇടങ്ങളിൽ വൈദ്യുതി ലഭ്യമാക്കി. 1,099 സെറ്റിൽമെന്റുകളിൽ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതൽ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്.
കേവലം ഭൗതികതലത്തിലെ വികസനമല്ല സർക്കാരിന്റെ ലക്ഷ്യം. മറിച്ച്, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ചതും സമഭാവനയിൽ കെട്ടിപ്പടുത്തതുമായ പുതിയ ഒരു തലത്തിലേക്ക് നാടിനെ രൂപപ്പെടുത്തിയെടുക്കാന്‍ കൂടിയാണ് ശ്രമിക്കുന്നത്. അതിനുള്ള വറ്റാത്ത ഊര്‍ജമാണ് അയ്യന്‍കാളി സ്മരണ.
ഉന്നതമായ മാനവിക മൂല്യങ്ങളുടെ ശോഭയെ കെടുത്തിക്കളയാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് യാഥാസ്ഥിതികത്വത്തിനെതിരായി പുരോഗമനത്തിന്റെ വെളിച്ചവുമായി മുന്നോട്ടുപോകാന്‍ നമുക്കു കഴിയേണ്ടതുണ്ട്. ആ ശ്രമങ്ങള്‍ക്കായി നാം നമ്മെത്തന്നെ പുനരര്‍പ്പണം ചെയ്യേണ്ട ഘട്ടമാണിത്. അയ്യൻകാളിയുടെ സ്മരണകൾ അതിനുള്ള പ്രചോദനവും വഴികാട്ടിയും ആണ്. ♦