Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിഅൽപായുസായ 
അത്ഭുതങ്ങൾ

അൽപായുസായ 
അത്ഭുതങ്ങൾ

പ്രഭാത് പട്നായക്

ഷേക് ഹസീന ഗവൺമെന്റിന്റെ സേ-്വച്ഛാധിപത്യ സമീപനത്തിലും അവരുടെ മർക്കടമുഷ്ടിയിലും കേന്ദ്രീകരിച്ചാണ് സമീപകാലത്ത് ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ കോളിളക്കത്തെക്കുറിച്ചുള്ള വിശകലനങ്ങളിൽ ഏറെയും നടക്കുന്നത്; എന്നാൽ, ആ രാജ്യത്തെ സാമ്പത്തിക സാഹചര്യത്തിലുണ്ടായ മാറ്റത്തെ അവഗണിക്കുകയോ അതിന് അധികം പ്രാധാന്യം നൽകാതിരിക്കുകയോ ആണ് ചെയ്യുന്നത്. ഏതാനും മാസങ്ങൾക്കുമുൻപ് വലിയൊരു സാമ്പത്തിക ‘‘അത്ഭുത’’മെന്ന് വാഴ്ത്തപ്പെട്ടിരുന്ന ഒരു രാജ്യം ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്; വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിത സാഹചര്യമാകെ ഇതുമൂലം പെട്ടെന്ന് താറുമാറാക്കപ്പെട്ടിരിക്കുന്നു. ഷേക് ഹസീന ഗവൺമെന്റിന്റെ ജനപ്രീതിയിലും ഇതുമൂലം ശ്രദ്ധേയമായ ഇടിവുണ്ടായിക്കൊണ്ടിരിക്കുകയാണ്. സർക്കാരാണ് സാമ്പത്തിക സ്ഥിതി വഷളായതിനുത്തരവാദിയെന്ന് ജനങ്ങൾ തിരിച്ചറിയുന്നു; അടക്കിവെക്കപ്പെട്ടിരുന്ന ജനരോഷമാണ് ഇപ്പോൾ തെരുവ് പ്രകടനങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

2021 വരെ, നവലിബറൽ സംവിധാനത്തിനുള്ളിലെ കയറ്റുമതി അധിഷ്ഠിത വളർച്ചയുടെ വിജയഗാഥയായാണ് ബംഗ്ലാദേശ് കരുതപ്പെട്ടിരുന്നത്. ബംഗ്ലാദേശിന്റെ കയറ്റുമതിയുടെ 80 ശതമാനത്തോളവും വസ്ത്രങ്ങളാണ്; വസ്ത്രങ്ങളുടെ കയറ്റുമതിയിലുണ്ടായിക്കൊണ്ടിരുന്ന ദ്രുതഗതിയിലുള്ള വളർച്ചമൂലം ചെറിയൊരു കാലഘട്ടത്തിനുള്ളിൽ തന്നെ ലോകത്താകെയുണ്ടാകുന്ന വസ്ത്രങ്ങളുടെ ഡിമാൻഡിൽ 10 ശതമാനമെങ്കിലും നിറവേറ്റാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ ബംഗ്ലാദേശിന് കഴിയുമെന്നു പോലും പ്രവചിക്കപ്പെട്ടു. ‘‘ദശലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റിയതായി ബ്രെട്ടൻവുഡ്സ് സ്ഥാപനങ്ങൾ ബംഗ്ലാദേശിനെ വാഴ്ത്തി; ഏറ്റവുമൊടുവിൽ 2024 ഏപ്രിൽ രണ്ടിനു പോലും ലോക ബാങ്ക് റിപ്പോർട്ട് പ്രവചിച്ചത് 2024–25 സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശിന്റെ ജിഡിപി വളർച്ച 5.6 ശതമാനമായിരിക്കുമെന്നും ഏതു മാനദണ്ഡ പ്രകാരം നോക്കിയാലും ഇത് സാമാന്യം നല്ലൊരു സംഖ്യ തന്നെയാണെന്നുമാണ്.

വസ്ത്രങ്ങളുടെ കയറ്റുമതിയിൽ കോവിഡ് മഹാമാരി മൂലം ഇടിവുണ്ടായപ്പോഴാണ് ബംഗ്ലാദേശിന്റെ സാമ്പത്തിക ഭാഗധേയത്തിൽ തകർച്ച സംഭവിച്ചത്; ഇത് താൽക്കാലികം മാത്രമാണെന്നാണ് കരുതപ്പെട്ടത് (അങ്ങനെയാണ് 2024–25 ലേക്കുള്ള പ്രതീക്ഷ പകരുന്ന പ്രവചനം ലോകബാങ്ക് നടത്തിയത്); പക്ഷേ അത് നിലനിൽക്കുന്നതായാണ് ഇപ്പോൾ കാണുന്നത്; ലോക സമ്പദ്ഘടനയിൽ തുടർച്ചയായിരിക്കുന്ന മാന്ദ്യത്തിന്റെ സാഹചര്യത്തിൽ ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. അതേസമയം തന്നെ, വിദേശരാജ്യങ്ങളിൽ കഴിയുന്ന ബംഗ്ലാദേശുകാർ അവിടേയ്ക്കയക്കുന്ന പണമാണ് ആ രാജ്യത്തിന്റെ വിദേശനാണയത്തിന്റെ മറ്റൊരു പ്രധാന സോതസ്സ്; അതും ഇതേ കാരണത്താൽ തന്നെ സ്തംഭനാവസ്ഥയിലായി. വെെദ്യുതി ഉൽപാദനത്തിനുൾപ്പെടെ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെയാണ് ബംഗ്ലാദേശ് ആശ്രയിക്കുന്നതെന്നതിനാൽ റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ചതിനെതുടർന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഇന്ധനത്തിലുണ്ടാകുന്ന വില വർധനയും വലിയ തോതിലുള്ള വിദേശ നാണയ ക്ഷാമത്തിനിടയാക്കി; ഇത് നീണ്ടുനിൽക്കുന്ന പവർകട്ടുകൾക്കിടയാക്കി; മാത്രമല്ല, ഇതുമൂലം വെെദ്യുതി വില വർധിക്കുകയും ചെയ്തു. ഇത് സമ്പദ്ഘടനയിലാകെ ചെലവ് വർധിക്കുന്ന സ്ഥിതിയിലെത്തിച്ചു.

വില വർധന രൂക്ഷമാകുന്നതിന് മറ്റു രണ്ടു ഘടകങ്ങൾ കൂടി പങ്ക് വഹിച്ചിട്ടുണ്ട്; ആഗസ്തിൽ അത് 9.52 ശതമാനത്തിലെത്തി – ഒരു ദശകത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന വിലക്കയറ്റം; എന്നാൽ പലരും ഇപ്പോഴും അതിനെ യഥാർഥത്തിലുള്ളതിനെ അപേക്ഷിച്ച് കുറച്ചുകാണുകയാണ്. ഒന്നാമത്തെ കാര്യം, ഡോളറുമായുള്ള വിനിമയ നിരക്കിൽ ബംഗ്ലാദേശ് നാണയത്തിനുണ്ടായ മൂല്യത്തകർച്ച; അമേരിക്ക നാണയപ്പെരുപ്പത്തിനെതിരായി കെെക്കൊണ്ട നടപടികളുടെ ഭാഗമായി പലിശ നിരക്കിൽ വരുത്തിയ വർധന മൂലം ഡോളറിന്റെ മൂല്യവർധനയുടെ ഫലമായുണ്ടായതാണിത്; സ്വന്തം നിലയിൽ ബംഗ്ലാദേശ് നേരിട്ട വിദേശ നാണയവിനിമയ പ്രശ്നങ്ങളും ഇതിൽ പങ്കുവഹിച്ചു. രണ്ടാമത്തെ കാര്യം, സമ്പദ്ഘടന തളർച്ച നേരിടുന്നതുമൂലം നവലിബറൽ സംവിധാനത്തിനുള്ളിൽ നടപ്പിലാക്കാൻ ഗവൺമെന്റ് നിർബന്ധിതമായ ധനച്ചുരുക്കം വർധിച്ചുവരുന്നതാണ്; വിലക്കയറ്റത്തിന്റെ ആഘാതത്തിൽനിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഒരു നടപടിയും ഇതംഗീകരിക്കുന്നില്ല; കാരണം ഇത്തരം ഏതു നടപടിയും സബ്സിഡി ചെലവ് വർധിക്കുന്നതിനിടയാക്കും.

കയറ്റുമതിയും വിദേശത്തുനിന്നുള്ള പണം വരവും കുറഞ്ഞുവരുന്നതിനൊപ്പം അതിന്റെ സംവർധക പ്രഭാവം (multiplier effect) കൂടിച്ചേരുകയാണെങ്കിൽ അത് തൊഴിലില്ലായ്മ വർധിക്കുന്നതിന് കാരണമാകും; അതാണിപ്പോൾ ബംഗ്ലാദേശിനെ ബാധിച്ചിരിക്കുന്നത്. എണ്ണയുടെ ആഗോള വിലയിലുണ്ടായ വർധനവ് സമ്പദ്ഘടനയിൽ സൃഷ്ടിച്ച ചെലവ് വർധനയും വിനിമയ നിരക്കിലുണ്ടായ മൂല്യച്ചുരുക്കവും ബംഗ്ലാദേശ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റം രൂക്ഷമാകുന്നതിന് ഒരേസമയം കാരണമാകുന്നു. വിലക്കയറ്റത്തെത്തുടർന്ന് തൊഴിലാളികൾക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള മാർഗമെന്ന നിലയിൽ മിനിമം കൂലി വർധിപ്പിക്കുന്നതിനെക്കുറിച്ച് നവലിബറൽ സംവിധാനത്തിനുള്ളിൽ ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെ കൂലി വർധിപ്പിക്കുകയാണെങ്കിൽ ബംഗ്ലാദേശിന്റെ നിലവിലുള്ള കയറ്റുമതി വിപണിയെപോലും ബുദ്ധിമുട്ടിലാക്കും. മിനിമം കൂലിയിൽ ഇങ്ങനെ വർധനവ് വരുത്തുന്നതിനൊപ്പം ഈ വർധനവ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നത് തടയാനായി നാണയത്തിന്റെ വിനിമയ നിരക്കിൽ പിന്നെയും കുറവുവരുത്തുകയാണെങ്കിൽ അത് പ്രശ്നത്തെ വീണ്ടും സങ്കീർണമാക്കുകയേയുള്ളൂ; അത് ഇറക്കുമതി ചെയ്യപ്പെടുന്ന എണ്ണയുടെ വിലയിൽ പിന്നെയും വർധനവുണ്ടാക്കുകയും സമ്പദ്ഘടനയിൽ ചെലവിനത്തിൽ കുതിപ്പുണ്ടാക്കുകയും ചെയ്യും.

ഇതിനെല്ലാമിടയ്ക്കു തന്നെ ബംഗ്ലാദേശ് വായ്പകൾക്കായി ഐഎംഎഫിനെയും മറ്റ് അന്താരാഷ്ട്ര വായ്പാദാതാക്കളെയും സമീപിച്ചു; എന്നാൽ ഇങ്ങനെ നേടിയ വായ്പകൾ ആ രാജ്യത്തിന്റെ അടവുശിഷ്ട പ്രതിസന്ധിയെ കൂടുതൽ വഷളാക്കി; വായ്പയുടെ തിരച്ചടവും പലിശയും വിദേശനാണയത്തിൽ തന്നെ നൽകേണ്ടതായി വന്നതിനെ തുടർന്നാണിത്; ഐഎംഎഫ് ആ രാജ്യത്തിന്റെ നയങ്ങളിൽ ഇടപെടാൻ തുടങ്ങിയതുമൂലം സർക്കാരിനു ചെയ്യാനാകുമായിരുന്ന പരിമിതമായ ക്രമീകരണ സൗകര്യങ്ങൾപോലും നഷ്ടമായി. അതിനും പുറമെ ഐഎംഎഫ് അടിച്ചേൽപ്പിച്ച ‘‘ചെലവുചുരുക്കൽ’’ നടപടികൾ മൂലം തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായി.

ഷേക് ഹസീന ഭരണത്തെ തകർത്തതിലും രാഷ്ട്രീയ മാറ്റത്തിനുള്ള കളമൊരുക്കുന്നതിലും സാമ്പത്തിക പ്രതിസന്ധി വഹിച്ച പങ്ക് അംഗീകരിക്കുന്നവർപോലും സാമ്പത്തിക രംഗം വഷളായതിന്റെ പ്രധാന കാരണം അവരുടെ ഭരണത്തിൽ നടമാടിയിരുന്ന വ്യാപകമായ ‘‘സ്വജനപക്ഷപാതം’’ (Cronyism) ആണെന്ന് ആരോപിക്കുന്നതിൽ ഒതുങ്ങി. അതേപോലെ തന്നെ, സ്വാതന്ത്ര്യസമര പോരാളികളുടെ പിൻമുറക്കാർക്ക് നൽകിയ ജോലി ‘‘സംവരണ’’ നയത്തോടുള്ള എതിർപ്പിനെയും ഹസീന ഭരണത്തിൽ നിലനിന്നിരുന്ന ‘‘സ്വജനപക്ഷപാത’’ത്തോടുള്ള എതിർപ്പായി വ്യാഖ്യാനിക്കപ്പെടുകയുണ്ടായി. എന്നാൽ കാരണം കണ്ടെത്താനുള്ള ഈ നീക്കങ്ങളാകെ യഥാർഥ പ്രശ്നങ്ങളിൽ നിന്നുള്ള ഒഴിഞ്ഞു മാറലാണ്. ‘‘സംവരണ’’ത്തോടുള്ള എതിർപ്പ് കൂടുതൽ വ്യാപകവും ശക്തവുമായത്, ബംഗ്ലാദേശിൽ നിലനിന്നിരുന്ന തൊഴിലില്ലായ്മാ പ്രതിസന്ധിയുടെ വെെപുല്യം മൂലമാണ്; നവലിബറൽ സംവിധാനത്തിനുള്ളിലെ കയറ്റുമതിയെ ആശ്രയിച്ചുള്ള വളർച്ചയെന്ന തന്ത്രത്തിൽ തന്നെയാണ് സാമ്പത്തികപ്രതിസന്ധിയുടെയും അടിവേരുകൾ തേടേണ്ടത്. ചുരുക്കത്തിൽ ‘‘സ്വജനപക്ഷപാതത്തിന്റെ സ്വാഭാവികഫലമായല്ല മറിച്ച് നവലിബറൽ തന്ത്രം തന്നെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായതിനു കാരണം.

കുറച്ചുകാലത്തേക്ക് ഈ തന്ത്രം നാടകീയമായ ഫലമുണ്ടാക്കുന്നതിൽ വിജയം നേടിയെങ്കിൽ പോലും, കയറ്റുമതിയെ ബാധിക്കുന്ന വിധത്തിൽ ലോക സമ്പദ്ഘടന മന്ദഗതിയിലാവുകയോ വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലുമുണ്ടാകുന്ന പ്രതികൂലമായ സംഭവവികാസങ്ങളോ സമ്പദ്ഘടനയെ പ്രതിസന്ധിയിലേക്ക് തള്ളിനീക്കുന്നു; അത് മുൻപ് വിജയഗാഥയുടെ കാലത്തുണ്ടായ നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നു. വാസ്തവത്തിൽ, ബംഗ്ലാദേശ് സംഭവവികാസങ്ങളിൽനിന്ന് പഠിക്കേണ്ട വളരെ ശ്രദ്ധേയമായ രണ്ട് പാഠങ്ങൾ ഇവയാണ്: ഒന്നാമത്തേത്, ‘‘വിജയത്തിന്റെ കൊടുമുടി’’യിൽനിന്ന് ഒരു മൂന്നാം ലോകരാജ്യം അതിവേഗമായിരിക്കും ‘‘പരാജയത്തിന്റെ പടുകുഴി’’യിലേക്ക് പോകുന്നത്; രണ്ടാമത്തേത്, ബുദ്ധിമുട്ടുകൾ ഒന്നിച്ചുകൂടി വരുന്നതാണ്, അഥവാ തുടക്കത്തിൽ ആ രാജ്യം ഏതെങ്കിലുമൊരു മുന്നണിയിൽ മാത്രം നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ മറ്റു നിരവധി മുന്നണികളിലേക്കു കൂടി പടർന്നുപിടിക്കുന്നു.

മറ്റു ചിലർ പറയുന്നത് ബംഗ്ലാദേശിന്റെ പ്രശ്നങ്ങൾക്കാകെ കാരണം സർവപ്രശ്നങ്ങൾക്കും പരിഹാരമായി ഒരു ഒറ്റമൂലിയെ കണ്ടതാണെന്നാണ്; അതായത് വെെവിധ്യമാർന്ന കയറ്റുമതിയെ ആശ്രയിക്കുന്നതിനുപകരം വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നതിനെ മാത്രം ആശ്രയിച്ചുവെന്നതാണ്. മറ്റു ചിലർ നിർദേശിക്കുന്നത് വസ്ത്രങ്ങളുടെ കയറ്റുമതിയിൽ കെെവരിച്ച വിജയത്തെ ആഭ്യന്തരവിപണിയെ തൃപ്തിപ്പെടുത്താനുതകുന്ന വിധത്തിൽ ഒട്ടേറെ വ്യവസായങ്ങൾ വികസിപ്പിച്ചുകൊണ്ട് സ്വന്തം സമ്പദ്ഘടനയെ വെെവിധ്യവൽക്കരിക്കുന്നതിന് ഉപയോഗിക്കേണ്ടതായിരുന്നുവെന്നാണ്. എന്നാൽ ഈ വിമർശകർ ഒരു കാര്യം കാണുന്നില്ല: നവലിബറൽ സമ്പദ്ഘടനയിൽ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാനുള്ള ശേഷി ഭരണകൂടത്തിനില്ലയെന്നതാണ്; ആഭ്യന്തരവിപണിയെ ഒരളവോളമെങ്കിലും സംരക്ഷിച്ചുകൊണ്ടുമല്ലാതെ സർക്കാരിന് ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാവില്ലയെന്നതാണ് വസ്തുത. എന്നാൽ ഇത്തരത്തിൽ എന്തെങ്കിലും സംരക്ഷണം നൽകുന്നത് അന്താരാഷ്ട്ര മൂലധനത്തിന്റെ കോപം ക്ഷണിച്ചുവരുത്തും. ഈ അന്താരാഷ്ട്ര മൂലധനത്തിന്റെ പിന്തുണയില്ലാതെ കയറ്റുമതിയിൽ വിജയം നേടാനാവില്ല. അതുപോലെതന്നെ, അന്താരാഷ്ട്ര വിപണിയിൽ ഏതെല്ലാം പ്രത്യേക സാധനങ്ങളുടെ കയറ്റുമതിയാണ് വിജയിക്കുകയെന്നത് അന്താരാഷ്ട്ര മൂലധനമാണ് തീരുമാനിക്കുന്നത്; അതൊരിക്കലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ അവസ്ഥയായിരിക്കില്ല. ആയതിനാൽ, നവലിബറലിസപ്രകാരം കയറ്റുമതി അധിഷ്ഠിത വളർച്ചയിൽ ഉണ്ടാകുന്ന വീഴ്ചകൾക്ക് സർക്കാരിനെ കുറ്റപ്പെടുന്നത് അനാവശ്യമാണ്.

മുഹമ്മദ് യൂനസിന്റെയും വിദ്യാർഥികളുടെയും ലക്ഷ്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, ഇനി നടത്താനിടയുള്ള തിരഞ്ഞെടുപ്പിൽ അവാമി ലീഗിനെ മത്സരിക്കാൻ അനുവദിക്കുന്നില്ലയെങ്കിൽ, ഇപ്പോഴുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങളുടെയെല്ലാം മുഖ്യ ഗുണഭോക്താക്കൾ വലതുപക്ഷ പാർട്ടികളായി മാറും; അങ്ങനെയാകുമ്പോൾ ബംഗ്ലാദേശ് കൂടുതൽ വലതുപക്ഷത്തേക്ക് നീങ്ങും; അത് സാമ്രാജ്യത്വത്തിനും തദ്ദേശീയ കോർപറേറ്റ് പ്രഭുക്കൾക്കും ഏറെ സന്തോഷമുളവാക്കുന്നതാകും. ലോകത്തുടനീളം ഉയർന്നുവരുന്ന പുതിയ സാഹചര്യത്തെയാണ് ഇത് ചിത്രീകരിക്കുന്നത് എന്നതാണ് വസ്തുത. ലോക മുതലാളിത്ത പ്രതിസന്ധിമൂലം നവലിബറൽ നയങ്ങൾ പിന്തുടരുന്ന പല മൂന്നാം ലോകരാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തിലേക്കും രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും കുമിഞ്ഞുകൂടുന്ന വിദേശ കടബാധ്യതയിലേക്കും കൂപ്പുകുത്തുകയാണ്; ഇത് സാമ്രാജ്യത്വത്തിനോട് ഒരു പരിധി വരെ അകന്നുനിൽക്കുന്ന, സ്വയംഭരണം നടപ്പിലാക്കിയിരുന്ന പല സെൻട്രിസ്റ്റ് ഭരണാധികാരികളെയും ജനസമ്മതിയില്ലാത്തവരാക്കി; പക്ഷേ, ഇത് ഈ സെൻട്രിസ്റ്റ് സർക്കാരുകളെ അധികാരത്തിൽ നിന്ന് പുറത്താക്കാനും സ്വയം അധികാരത്തിലേറാനും സാമ്രാജ്യത്വത്തിന്റെ പിന്തുണയുള്ള വലതുപക്ഷ വിഭാഗങ്ങൾക്ക് അവസരമൊരുക്കി. അതേസമയം ഈ പുതിയ ഭരണാധികാരികളും അവർ അധികാരത്തിൽ നിന്നും പുറത്താക്കിയവരിൽനിന്നും സേ-്വച്ഛാധിപത്യത്തിന്റെ കാര്യത്തിൽ അൽപ്പംപോലും വിഭിന്നരല്ല; എന്നാൽ നവലിബറലിസം പിന്തുടരുന്നതിലും സാമ്രാജ്യത്വനയങ്ങൾക്കനുസരിച്ച് നീങ്ങുന്നതിലും ഒപ്പം നിൽക്കവെ തന്നെ, ‘‘മതപരത’’യിലൂടെയും ഏതെങ്കിലും നിരാശ്രയരായ മതന്യൂനപക്ഷ വിഭാഗത്തെ ‘‘അന്യവൽക്കരിക്കുന്ന’’തിലൂടെയും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് അവർക്ക് കഴിയുന്നു. ഇത് ‘‘തല വന്നാൽ ഞാൻ ജയിക്കും, വാല് വന്നാൽ നീ തോൽക്കും’’ എന്ന സാമ്രാജ്യത്വ തന്ത്രം നടപ്പാക്കലാണ്; ഇത് നവലിബറലിസത്തിന്റെ പ്രതിസന്ധി മൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ നവലിബറലിസത്തെ തകർക്കുന്നതിനല്ല ഇടയാക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നു; മറിച്ച്, ഒരു വലതുപക്ഷ, നവഫ-ാസിസ്റ്റ് വാഴ്ചയ്ക്കു കീഴിൽ നവലിബറലിസം കൂടുതൽ ശക്തിപ്പെടുകയാണ്. അങ്ങനെ നവലിബറലിസത്തിന്റെ മർദ്ദക സ്വഭാവം രൂക്ഷമായി വരുമ്പോൾ പോലും ആ പേടിസ്വപ്നത്തെ അനായാസം കുടഞ്ഞെറിയാനാവില്ല.

നവലിബറലിസത്തെ മറകടക്കണമെങ്കിൽ ഭരണകൂടത്തിന് സാമ്പത്തിക കാര്യങ്ങളിൽ വലിയ പങ്കുള്ളതും ആഭ്യന്തര വിപണിയിൽ കേന്ദ്രീകരിക്കുന്നതും ധാതുക്കളുടെയും മറ്റു പ്രകൃതി വിഭവങ്ങളുടെയും മേൽ അതത് രാജ്യത്തിനു നിയന്ത്രണമുള്ളതുമായ ഒരു ബദൽ സാമ്പത്തികതന്ത്രത്തിനു ചുറ്റും ജനങ്ങളെ വലിയതോതിൽ അണിനിരത്തേണ്ടതുണ്ട്. നവലിബറൽ സംവിധാനത്തിൻകീഴിൽ കയറ്റുമതി അധിഷ്ഠിതമായ ഒരു വളർച്ചാതന്ത്രം പിന്തുടരുന്നതിന് സമ്മർദത്തിലാക്കാൻ കഴിയുന്നത്ര ചെറിയൊരു രാജ്യമൊന്നുമല്ല ബംഗ്ലാദേശ്; 17 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ ഒരുവിധത്തിലും ‘‘ചെറിയൊരു’’ രാജ്യമായി വിശേഷിപ്പിക്കാനാവില്ല. ആഭ്യന്തര വിപണിയെ അടിസ്ഥാനമാക്കിയ ഒരു വികസനതന്ത്രം പിന്തുടരുന്നതും അത്ര എളുപ്പമല്ലെന്നതും ശരി തന്നെയാണ്; എന്നാൽ, ഇപ്പോൾ ലോകമുതലാളിത്ത പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു ബദൽ ഇല്ലെ ന്നതും ശരിയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular