Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി: പ്രൊഫ. മുഹമ്മദ് യൂനസ്

ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി: പ്രൊഫ. മുഹമ്മദ് യൂനസ്

ഡോ. ടി.എം. തോമസ് ഐസക്

ബംഗ്ലാദേശിനെ അമേരിക്കൻ ഉപദേഷ്ടാവ് ഹെൻറി കിസിംഗർ 1970-കളുടെ മധ്യത്തിൽ വിശേഷിപ്പിച്ചത് ‘കുട്ടയിൽ എടുത്തുകൊണ്ടു പോകേണ്ട രാജ്യം’ (basket case) എന്നാണ്. പരമദാരിദ്ര്യം മാത്രമല്ല, രാഷ്ട്രീയ അസ്ഥിരതയും പുതിയ രാജ്യത്തിന്റെ മുഖമുദ്ര ആയിരുന്നു. എന്നാൽ ഇന്ന് ബംഗ്ലാദേശിനെക്കുറിച്ച് ആരും ഇങ്ങനെ വിശേഷിപ്പിക്കില്ല. ദാരിദ്ര്യം ഇന്നും ഉണ്ടെങ്കിലും ക്ഷാമം ഇല്ലാതായി. കയറ്റുമതിയോന്മുഖ വികസനതന്ത്രം വസ്ത്ര വ്യവസായം പോലുള്ള തൊഴിൽപ്രധാനമായ വ്യവസായങ്ങളെ അതിവേഗത്തിൽ വളർത്തി. പ്രതിശീർഷ വരുമാനം ഏതാണ്ട് ഇന്ത്യയ്ക്കൊപ്പമായി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യ സൂചകങ്ങളും ഇന്ത്യയേക്കാൾ മെച്ചപ്പെട്ടവയായി. ഈ രൂപാന്തരത്തിൽ ഷേക് ഹസീനയുടെ പതിനഞ്ച് വർഷക്കാലത്തെ ഭരണം ഒരു നിർണ്ണായക പങ്കുവഹിച്ചു. ഭരണാധികാരി ആയിരുന്നില്ലെങ്കിലും സാമ്പത്തിക വിദഗ്ധനും സാമൂഹ്യപ്രവർത്തകനുമായ പ്രൊഫ. മുഹമ്മദ് യൂനസ് ജനങ്ങളുടെ ക്ഷേമം ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു.

ഷേക് ഹസീന ആദ്യമായി അധികാരത്തിൽവന്ന കാലത്ത് പ്രൊഫ. മുഹമ്മദ് യൂനസ് അവരുമായി സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ താമസംവിനാ അവർ തമ്മിൽ തെറ്റി. ഷേക് ഹസീനയുടെ സ്വേച്ഛാധിപത്യപരമായ പ്രവർത്തനശൈലിയായിരുന്നു ഇതിനു മുഖ്യകാരണം. സാമൂഹ്യപ്രവർത്തനത്തിൽ നിന്നു വിട്ട് രാഷ്ട്രീയഗോദയിൽ ഇറങ്ങാനുള്ള പ്രൊഫ. മുഹമ്മദ് യൂനസിന്റെ താല്പര്യവും ഇതിനു കാരണമായി. അവസാനം യൂനസിന് നാടുവിട്ടു പോകേണ്ടിവന്നു. ഇന്നിപ്പോൾ ഹസീനയ്ക്ക് പകരം ഭരണാധികാരിയായി തിരിച്ചുവന്നിരിക്കുകയാണ് അദ്ദേഹം.

ലിബറൽ ജനാധിപത്യവാദി
ഷേക് ഹസീന തികഞ്ഞ സ്വേച്ഛാധിപതി ആയിരുന്നു. തിരഞ്ഞെടുപ്പുകൾ പ്രഹസനമായി. ജുഡീഷ്യറി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം വരുതിയിലാക്കി. ഈയൊരു പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബക്കാർക്ക് – (അവരിൽ നല്ലപങ്കും ഹസീനയുടെ അവാമി ലീഗ് പാർട്ടിക്കാർ ആയിരുന്നു) – നൽകിയിരുന്ന 30 ശതമാനം ജോലികളിൽ സംവരണം പുനഃസ്ഥാപിച്ചതിനെതിരെ സമരം പൊട്ടിപ്പുറപ്പെട്ടതും ഷേക് ഹസീന ഭരണത്തിന്റെ അട്ടിമറിയിൽ കലാശിച്ചതും.

സമരത്തെ നയിച്ച വിദ്യാർത്ഥികൾക്ക് കൃത്യമായ രാഷ്ട്രീയനിലപാട് ഉണ്ടായിരുന്നുവെന്ന് പറയാനാവില്ല. പ്രതിപക്ഷ പാർട്ടികളെല്ലാം സമരത്തെ പിന്തുണച്ചു. ജമാഅത്തെ ഇസ്ലാമിയും അവരുടെ സായുധവിദ്യാർത്ഥി വിഭാഗമായ ഛത്ര ഷിബറും സമരത്തിൽ പങ്കാളികളായിരുന്നു. ബംഗ്ലാദേശി വിമോചന പോരാട്ടകാലത്ത് പാകിസ്താൻ സൈന്യവുമായി ചേർന്ന് കൂട്ടക്കൊലകൾക്ക് കൂട്ടുനിന്നവരാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ സമീപകാലത്ത് അവർ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഹസീന പലായനം ചെയ്തശേഷം ഹിന്ദു ന്യൂനപക്ഷങ്ങൾക്കുനേരെ അതിക്രമങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്ലാമിയാണ്.

പ്രൊഫ. മുഹമ്മദ് യൂനസ് ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായിരുന്നിട്ടില്ല. വിമോചനപോരാട്ടത്തെ പിന്തുണയ്ക്കുകയും വിദേശത്ത് ഐക്യദാർഢ്യ സമിതികൾ രൂപീകരിക്കുവാൻ അദ്ദേഹം മുൻകൈയെടുക്കുകയും ചെയ്തിരുന്നു. മതമൗലികവാദത്തിനു പകരം ലിബറൽ നിലപാടുകളാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ഇടക്കാല സർക്കാർ ഉണ്ടാക്കാൻ അദ്ദേഹത്തെയാണ് പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾ ക്ഷണിച്ചത്. എങ്കിലും അദ്ദേഹം രൂപീകരിച്ചിരിക്കുന്ന ഉപദേശക സമിതിയിൽ ജമാഅത്തെ ഇസ്ലാമിയുടെ രണ്ട് അനുഭാവികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. കുഴഞ്ഞുമറിഞ്ഞ സാഹചര്യങ്ങളിൽ ഇസ്ലാമിസ്റ്റ് മതമൗലികവാദികൾ മുൻകൈ നേടുന്നതിലെ അപകടം തള്ളിക്കളയാനാവില്ല.

പ്രൊഫ. മുഹമ്മദ് യൂനസിന്റെ ജീവിതത്തിൽ നല്ലൊരുകാലം അമേരിക്കയിലാണ് ചെലവഴിച്ചിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹം അമേരിക്കൻ പക്ഷപാതിയാണെ കാര്യത്തിൽ സംശയംവേണ്ട. അമേരിക്കയാകട്ടെ, ചൈനയെ ഒറ്റപ്പെടുത്താനുള്ള തങ്ങളുടെ ആഗോളതന്ത്രത്തിൽ ഒരു കരുവായിട്ടാണ് ബംഗ്ലാദേശിനെ കാണുന്നത്. ഇതിന് മതമൗലികവാദികളടക്കം ഏതു ചെകുത്താനെയും കൂട്ടുപിടിക്കുന്നതിന് അവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. അതുകൊണ്ട് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ തുടർചലനങ്ങൾ എന്തെല്ലാമാണ് ഉണ്ടാവുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ഈയൊരു പരിമിതിയുണ്ടെങ്കിലും മതമൗലികവാദത്തിനെതിരെ പ്രൊഫ. മുഹമ്മദ് യൂനസ് ഒരു മതനിരപേക്ഷ ലിബറൽ മുഖമായി നിലകൊള്ളുന്നു.

കുട്ടിക്കാലവും വിദ്യാഭ്യാസവും
1940-ൽ ചിറ്റഗോങ് ജില്ലയിലെ ബാത്തുവാ ഗ്രാമത്തിൽ ഒരു ഇടത്തരം കുടുംബത്തിലാണ് പ്രൊഫ. മുഹമ്മദ് യൂനസ് ജനിച്ചത്. യൂനസിന് നാല് വയസുള്ളപ്പോൾ ചിറ്റഗോങ് നഗരത്തിലേക്ക് കുടുംബം താമസം മാറ്റി. സ്കൂൾ കാലത്ത് സ്കൗട്ടിൽ വളരെ സജീവമായിരുന്നു. പശ്ചിമ പാകിസ്താൻ, ഇന്ത്യ, കാനഡ എന്നിവിടങ്ങളിലെ സ്കൗട്ടുകളുടെ മേളകളിൽ പങ്കെടുത്തിട്ടുണ്ട്. ചിറ്റഗോങ് കോളേജിൽ പഠിച്ചപ്പോൾ നാടകങ്ങളിൽ സജീവമായിരുന്നു. ധാക്ക യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ പാസായി. കുറച്ചുനാൾ ചിറ്റഗോങ് കോളേജിൽ പഠിപ്പിക്കുകയും ചെയ്തു. ഒരു പാക്കേജിങ് ഫാക്ടറിയും വിജയകരമായി ഇക്കാലത്ത് നടത്തി.

1965-ൽ ഫുൾബ്രൈറ്റ് സ്കോളറായി അമേരിക്കയിൽ പഠിക്കാൻ പോയി. 1971-ൽ വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്തു. രണ്ടുവർഷക്കാലം അമേരിക്കയിൽ പഠിപ്പിച്ചു. ബംഗ്ലാദേശ് വിമോചന പോരാട്ടകാലത്ത് ഐക്യദാർഢ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യത്തെത്തുടർന്ന് ബംഗ്ലാദേശിൽ തിരിച്ചുവന്ന് പ്ലാനിംഗ് കമ്മീഷനിൽ ചേർന്നു. പക്ഷേ, അധികം താമസിയാതെ ചിറ്റഗോങ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ചേർന്നു. അക്കാലത്താണ് 1974-ലെ ബംഗ്ലാദേശ് ക്ഷാമം പൊട്ടിപ്പുറപ്പെട്ടത്. പട്ടിണിമരണങ്ങൾ പ്രൊഫ. മുഹമ്മദ് യൂനസിനെ പിടിച്ചുകുലുക്കി. ദാരിദ്ര്യനിർമാർജനത്തിൽ സജീവമായി ഇടപെടുന്നതിന് ഇതു പ്രേരണയായി. അതോടെ മുഹമ്മദ് യൂനസിന്റെ ജീവിതം പുതിയൊരു വഴിത്താരയിലായി.

ഗ്രാമീൺബാങ്ക് – പ്രാരംഭഘട്ടം
1976-ൽ ചിറ്റഗോങ്ങിന് അടുത്തുള്ള ജോബ്ര ഗ്രാമത്തിൽ മുളകൊണ്ട് കരകൗശല ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ത്രീകളുമായി ജീവിതപ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ ഒരു കാര്യം വ്യക്തമായി. ബാങ്കുകളൊന്നും വായ്പ നൽകാൻ തയ്യാറല്ല. അതുകൊണ്ട് വട്ടിപ്പലിശയ്ക്ക് വായ്പയെടുക്കേണ്ടി വരുന്നു. ഈ 42 സ്ത്രീകൾക്ക് 27 ഡോളർ അദ്ദേഹം വായ്പയായി നൽകി. ഇത് മുടക്കി അവർ വ്യവസായം ലാഭത്തിൽ നടത്തിയെന്നു മാത്രമല്ല, വായ്പയും തിരിച്ചടച്ചു. പാവപ്പെട്ടവർക്ക് ചെറുവായ്പകൾ ലഭ്യമാക്കിയാൽ അത് ഫലപ്രദമായ ദാരിദ്ര്യനിർമ്മാർജന പരിപാടി ആയിരിക്കുമെന്ന നിഗമനത്തിലാണ് ഇതിൽനിന്ന് അദ്ദേഹം എത്തിയത്.

ആ വർഷം അവസാനിക്കും മുമ്പ് സർക്കാരിന്റെ ജനതാ ബാങ്കിൽ നിന്ന് അദ്ദേഹം വായ്പയെടുത്ത് ജോബ്രയിലെ സ്ത്രീകൾക്ക് നൽകി. ഇതുപോലെ ക്രമേണ മറ്റു ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് പാവങ്ങൾക്ക് നൽകാൻ ആരംഭിച്ചു. 1982-ൽ 28,000 പേർക്ക് ഇതുപോലെ വായ്പ നൽകി. 1983 ഒക്ടോബർ 1-–ാം തീയതി തന്റെ സ്ഥാപനത്തെ ഗ്രാമീൺ ബാങ്ക് എന്ന് പുനർനാമകരണം ചെയ്തു.

ഗ്രാമീൺ ബാങ്കിന്റെ പ്രവർത്തനശൈലി തിരിച്ചടവ് ഉറപ്പുവരുത്തുംവിധം ആയിരുന്നു. അഞ്ചുപേരുള്ള സ്ത്രീകളുടെ സംഘത്തിലെ അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിലാണ് വായ്പ നൽകിയിരുന്നത്. ഈട് നൽകേണ്ടിയിരുന്നില്ല. ആദ്യം രണ്ടു പേർക്കേ നൽകൂ. കൃത്യമായ തിരിച്ചടവ് ഉണ്ടെങ്കിൽ സംഘത്തിലെ മറ്റ് അംഗങ്ങൾക്കും വായ്പ നൽകും. ഇതുപോലെ ആറ് ചെറുസംഘങ്ങൾ ചേരുമ്പോൾ ഒരു കേന്ദ്രമാകും. കേന്ദ്രത്തിൽവച്ചാണ് സംഘങ്ങളുടെ യോഗങ്ങളും മറ്റും നടക്കുക. ഈ ചെറുഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരസ്പര മേൽനോട്ടവും സമ്മർദ്ദവുംമൂലം തിരിച്ചടവ് കൃത്യമായി നടക്കും. 2007 ആയപ്പോഴേക്കും 74 ലക്ഷം പാവപ്പെട്ടവർക്ക് 638 കോടി ഡോളർ വായ്പ നൽകുന്ന സ്ഥാപനമായി ഗ്രാമീൺ ബാങ്ക് വളർന്നു.

സംരംഭങ്ങൾ ആരംഭിക്കുന്നതിനോ ശക്തിപ്പെടുന്നതിനോ വേണ്ടിയാണ് വായ്പകൾ നൽകുക. ജലസേചന പമ്പുകൾ സ്ഥാപിക്കുന്നതിന്, മത്സ്യം വളർത്തുന്നതിന്, കൃഷിക്ക്, തുണി നിർമ്മാണത്തിന് തുടങ്ങിയവയ്ക്കൊക്കെ പ്രത്യേക സ്കീമുകൾ ഉണ്ടായിരുന്നു. ഗ്രാമീൺ ബ്രാൻഡിൽ ടെലികോം മേഖലയിലും സൈബർനെറ്റ് മേഖലയിലും സോഫ്ട്-വെയർ മേഖലയിലും കമ്പനികൾ വന്നു. അൻപതിനായിരം ഗ്രാമങ്ങളിൽ രണ്ടരലക്ഷത്തിലേറെ പേർക്ക് സെൽഫോണുകൾ ലഭ്യമാക്കി.

ഗ്രാമീൺബാങ്ക് ആഗോള ശ്രദ്ധ നേടി. 1984-ൽ റമോൺ മാഗ്സാസെ അവാർഡ് ലഭിച്ചു. 1996-ൽ വേൾഡ് ഫുഡ് പ്രൈസും ഇന്റർനാഷണൽ സൈമൺ ബൊളിവാർ പ്രൈസും ലഭിച്ചു. ഇങ്ങനെ അവാർഡുകളുടെ നീണ്ടപരമ്പരതന്നെ ഉണ്ടായി. അമേരിക്കൻ പ്രസിഡന്റ് ക്ലിന്റനെ പോലുള്ളവർ പ്രൊഫ. മുഹമ്മദ് യൂനസിന്റെ വികസന ഇടപെടലുകളെ പ്രകീർത്തിച്ചു. 2006-ൽ പ്രൊഫ. മുഹമ്മദ് യൂനസിനും ഗ്രാമീൺബാങ്കിനും സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും സ്വാധീനമുള്ളതുമായ ഒരു വ്യക്തിത്വമായി പ്രൊഫ. മുഹമ്മദ് യൂനസ് മാറി.

മൈക്രോ ക്രെഡിറ്റ് :
നിയോലിബറൽ ദത്തെടുപ്പ്
സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളും മൈക്രോ ക്രെഡിറ്റും നൂറിൽപ്പരം രാജ്യങ്ങളിൽ നിലവിൽവന്നു. മൂന്നാം ലോകരാജ്യങ്ങളിലെ സംഘടനകളും സാമൂഹ്യപ്രവർത്തകരുമാണ് വിവിധ രൂപങ്ങളിലുള്ള സ്വയംസഹായ സംഘ പ്രസ്ഥാനങ്ങൾക്ക് രൂപംനൽകിയത്. എന്നാൽ, അവ ഇന്ന് അന്തർദേശീയ വികസന ഏജൻസികളുടെ നയചട്ടക്കൂടിന്റെ അവിഭാജ്യഘടകമായി മാറി. ഈ ദത്തെടുക്കലിലൂടെ സ്വയംസഹായ സംഘങ്ങളുടെ ഉദ്ദേശ്യങ്ങൾ, നടപടിക്രമങ്ങൾ, വിലയിരുത്തൽ സംവിധാനങ്ങൾ, നയചട്ടക്കൂട് തുടങ്ങിയവയിലെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങളും വരുത്തി. സ്വയംസഹായ സംഘങ്ങളുടെ അന്തർദേശീയവൽക്കരണം ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളുടെ കേന്ദ്രസ്ഥാനത്തേക്ക് അവയെ ഉയർത്തിയിരിക്കുന്നു.

വാഷിങ്ടണിൽ ലോകബാങ്കിന്റെ ആഭിമുഖ്യത്തിൽ ചേരാറുള്ള മൈക്രോക്രെഡിറ്റ് ഉച്ചകോടികളിൽ സുപ്രധാന പങ്ക് പ്രൊഫ. മുഹമ്മദ് യൂനസിനുണ്ട്. 1997-ൽ ഐക്യരാഷ്ട്രസഭയും മൈക്രോക്രെഡിറ്റ് ഉച്ചകോടിയുടെ പ്രവർത്തന പരിപാടി അംഗീകരിച്ചുകൊണ്ട് പ്രമേയം പാസാക്കി. ആ പ്രമേയത്തിലൂടെ വിവിധ ഐക്യരാഷ്ട്രസഭാ ഏജൻസികളും ലോകബാങ്കും അംഗരാഷ്ട്രങ്ങളും സ്വയംസഹായ സംഘ വ്യാപനത്തിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. തുടർന്നുള്ള വർഷങ്ങൾ പരമ്പരാഗത ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളെ പുനഃക്രമീകരിക്കുന്നതിനും അവയുടെ സ്ഥാനത്തേക്ക് സ്വയംസഹായ സംഘങ്ങളെ പ്രതിഷ്ഠിക്കുന്നതിനുമുള്ള അഭൂതപൂർവ്വമായ അന്തർദേശീയ ഇടപെടലിനു സാക്ഷ്യം വഹിച്ചു.

മൈക്രോക്രെഡിറ്റ് സമ്പ്രദായങ്ങൾ ഔപചാരിക ബാങ്കിങ്ങിൽ നിന്നും വ്യത്യസ്തമായി പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വായ്പകൾ ലഭ്യമാക്കുന്നതിനു സഹായിക്കുന്നു. അതേസമയം, താരതമ്യേന കുറഞ്ഞ ചെലവിൽ അനൗപചാരിക സംവിധാനങ്ങളിലൂടെ വായ്പാ തിരിച്ചടവ് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആഗോളവൽക്കരണത്തിന് അനുപൂരകമായി സ്വയംസഹായസംഘ സംവിധാനത്തെ രൂപപ്പെടുത്തുന്നതിനും ധനകാര്യമേഖലയിലെ പരിഷ്കാരങ്ങൾക്ക് ഒരനുബന്ധമായി അവയെ മാറ്റുന്നതിനുമാണ് ലോകബാങ്ക് ശ്രമിക്കുന്നത്.

1995-ൽ സ്വയംസഹായസംഘങ്ങൾ വഴി 2.35 കോടി ആളുകൾക്ക് 250 കോടി ഡോളർ വായ്പയായി ലഭിച്ചിരുന്നു എന്നാണ് മതിപ്പു കണക്ക്. പത്തുകോടി ദരിദ്രർക്ക് സ്വയംസഹായസംഘങ്ങൾ വഴി വായ്പകൾ ലഭ്യമാക്കാൻ വേണ്ടി 1250 കോടി ഡോളറെങ്കിലും വേണം. 2025 ആകുമ്പോഴേക്കും സ്വയം സഹായ സംഘ വായ്പകൾ 9,000 കോടി ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. എവിടെനിന്ന് ഇത്രയും പണം ലഭ്യമാകും? ഇത്രയും വലിയ തോതിൽ പണം ലഭ്യമാകണമെങ്കിൽ സൗജന്യ വിദേശസഹായത്തെ ആശ്രയിച്ചു മാത്രം നീങ്ങാൻ കഴിയില്ല. അന്തർദേശീയ ഫിനാൻസ് മാർക്കറ്റിൽ നിന്ന് വായ്പ ഉറപ്പാക്കിയേ തീരു. ബഹുരാഷ്ട്ര കുത്തകകൾക്കും മറ്റ് അന്തർദേശീയ ധനകാര്യ ഏജൻസികൾക്കും സ്വയംസഹായസംഘ വായ്പകൾ ലാഭകരവും സുരക്ഷിതവുമായ ഒരു മേഖലയായി ഉറപ്പുവരുത്തിയാൽ മാത്രമേ ആവശ്യമായ തോതിൽ പണം ലഭ്യമാകൂ. ഇതെങ്ങനെ ചെയ്യാമെന്ന ചോദ്യത്തിന് ലോകബാങ്ക് രണ്ട് അടിസ്ഥാന നിർദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്.

ഒന്ന്, വായ്പകൾ നൽകുന്നതിനു വേണ്ടിയുള്ള ചെലവ് പരമാവധി കുറയ്ക്കുക. ഇതിനൊരു മാർഗ്ഗം സന്നദ്ധസംഘടനകളെ ഉപയോഗപ്പെടുത്തലാണ്. രണ്ട്, വായ്പകളിൽ നിന്നുള്ള വരുമാനം അഥവാ പലിശനിരക്ക് ഗണ്യമായി ഉയർത്തലാണ്.

ലോകബാങ്കിന്റെ നടപടികളുടെ ഫലമായി ഒരു ആഗോള മൈക്രോ ഫിനാൻസ് വ്യവസായം രൂപംകൊണ്ടിരിക്കുന്നു. അന്തർദേശീയ രംഗത്തെ ബഹുരാഷ്ട്രകുത്തക ബാങ്കുകളും വിദേശ സഹായ ഏജൻസികളും ദേശീയതലത്തിൽ രൂപീകരിക്കുന്ന പ്രത്യേക ധനകാര്യ ഏജൻസികൾക്ക് പണം നൽകും. ഈ ധനകാര്യ ഏജൻസികൾ പണം സന്നദ്ധ സംഘടനകൾക്ക് നൽകും. ഈ സന്നദ്ധ സംഘടനകൾ സ്വയംസഹായസംഘങ്ങൾ വഴി വായ്പകൾ പാവപ്പെട്ടവരിൽ എത്തിക്കുന്നു. ഓരോ തട്ടിലെയും ഏജൻസികൾക്ക് പലിശയുടെ വിഹിതം ഉറപ്പാണ്. ഇതുകൊണ്ട് സ്വയംപര്യാപ്തമായി ഇവയ്ക്ക് ഓരോന്നിനും പ്രവർത്തിക്കാൻ കഴിയണം. അങ്ങനെ ഈ മേഖലയിലൂടെ അന്തർദേശീയ മൂലധനത്തിന് ലാഭകരമായ മറ്റൊരു നിക്ഷേപ മാർഗവുംകൂടി ഉറപ്പാക്കാം. ഇങ്ങനെ ദാരിദ്ര്യനിർമ്മാർജ്ജനം ലാഭകരമായ ഒരു ബിസിനസായി രൂപപ്പെടുന്നു.

ലോകബാങ്ക് സമീപനം: ഒരു വിമർശനം
ലോകബാങ്കിന്റെ ഈ കാഴ്ചപ്പാടിനും സമീപനത്തിനുമെതിരെ ശക്തമായ വിമർശനങ്ങൾ നാനാകോണുകളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ആഗോളവൽക്കരണ കാലഘട്ടത്തിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിലൂടെ മാത്രം ദാരിദ്ര്യത്തിന് പരിഹാരം കാണാമെന്ന ഉറപ്പ് വിസ്മയകരമാണെന്നേ പറയാനാവൂ.

സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ വിജയകരമാകണമെങ്കിൽ ചുരുങ്ങിയപക്ഷം സ്വാശ്രയത്വത്തിലൂന്നിയ ഒരു പ്രാദേശിക-ദേശീയ അജൻഡയുടെ ഭാഗമാകാൻ അവയ്ക്ക് കഴിയണം. അത്തരമൊരു കാഴ്ചപ്പാട് ലോകബാങ്കിനില്ല. വായ്പയുടെ അഭാവം ദാരിദ്ര്യാവസ്ഥയുടെ ഒരു മുഖ്യസവിശേഷതയാണെന്നത് ശരിയാണ്. എന്നാൽ, വായ്പാ കമ്പോളത്തിലെ വൈകല്യം പോലെതന്നെ ദരിദ്രരെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് തൊഴിൽ കമ്പോളത്തിലെയും ഉല്പന്ന കമ്പോളത്തിലെയും സ്ഥിതിഗതികൾ. വായ്പ ദാരിദ്ര്യത്തിൽനിന്നു മോചനത്തിനുള്ള ഒറ്റമൂലിയല്ല.

സ്വയംസഹായസംഘ വായ്പകളെ ഭൂരിപഷ്കരണം, പൊതു ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ, പൊതുവിതരണ സമ്പ്രദായം, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള സാമൂഹ്യ നിർമ്മാണ ജോലികൾ, മറ്റു ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികൾ ഇവയ്ക്കെല്ലാമുള്ള ബദലായി കണ്ടാൽ പരാജയം അനിവാര്യമാണ്. ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള സമീപനത്തിൽ സബ്സിഡികൾ ഒഴിവാക്കാനാവില്ല. ലോകബാങ്ക് മാതൃകയായി ഉയർത്തിയിട്ടുള്ള ഗ്രാമീൺബാങ്ക് പോലുള്ള സ്വയംസഹായ സംവിധാനങ്ങൾപോലും സബ്സിഡിയെ ആശ്രയിച്ചാണ് ഇന്നും നിലനിൽക്കുന്നത്.

സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ട് ലോകബാങ്ക് സമീപനത്തെ അടിസ്ഥാനമാക്കി നടന്നു വരുന്ന പ്രചാരണ പ്രവർത്തനങ്ങൾ പാവപ്പെട്ടവരെ മുഖ്യധാരയിൽ നിന്ന് അകറ്റുന്നതിനും ആശയപരമായി അവരെ നിരായുധരാക്കുന്നതിനും ആഗോളവൽക്കരണ പ്രക്രിയയ്ക്ക് അനുപൂരകമാക്കി അവരെ ഒരുക്കുന്നതിനും സഹായകരമാണ്. സ്വയംസഹായിക്കുകയല്ലാതെ തങ്ങൾക്ക് മറ്റു മാർഗമൊന്നും ഇല്ലെന്നും ദാരിദ്ര്യത്തിന്റെ കാരണം ദരിദ്രർ തന്നെയാണെന്നുമുള്ള ആത്മനിന്ദയിലേക്ക് ഇത് അവരെ കൊണ്ടെത്തിക്കും.

പുരുഷമേധാവിത്വ സമൂഹത്തിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ സ്ത്രീയുടെ ഇരട്ടഭാരം വർദ്ധിപ്പിക്കുന്നതിനും പുരുഷന്റെ നിയന്ത്രണത്തിൽതന്നെ ചെലവഴിക്കപ്പെടുന്ന വായ്പയുടെ കടഭാരം അവർതന്നെ പേറുന്നതിനും ഇടയാക്കുന്നു. ഗ്രാമീൺബാങ്ക് സംബന്ധിച്ച പല പഠനങ്ങളും ഈ ഒരു പ്രതിഭാസത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ത്രീ വായ്പയ്ക്കായുള്ള ഒരുപാധി മാത്രമായിത്തീരുന്നു. വായ്പയുടെ വിനിയോഗം നടത്തുന്നത് പലപ്പോഴും പുരുഷന്മാരായിരിക്കും. തിരിച്ചടവിന്റെ സംഘർഷം സ്ത്രീക്കും. കുടുംബത്തിനുള്ളിലെയും പൊതുസമൂഹത്തിലെയും സ്ത്രീ-പുരുഷബന്ധങ്ങളിൽ മാറ്റം വരണമെങ്കിൽ ബോധപൂർവ്വവും സ്വതന്ത്രവുമായ മറ്റിടപെടലുകൾ അനിവാര്യമാണ്. സ്വയംസഹായസംഘങ്ങളുടെ പ്രവർത്തനം ഇത്തരം ഇടപെടലുകൾക്കുള്ള പശ്ചാത്തലം ഒരുക്കിത്തരുന്നു. പക്ഷേ, സ്ത്രീ ശാക്തീകരണത്തെ ഇത് അനിവാര്യമാക്കുന്നില്ല.

ഗ്രാമീൺബാങ്കും കുടുംബശ്രീയും
കുടുംബശ്രീ രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ഗ്രാമീൺ ബാങ്കിനെക്കുറിച്ച് പഠിച്ചത്. വളരെ ബോധപൂർവ്വം ലോകബാങ്കിന്റെ സ്വയംസഹായസംഘ മാതൃകയിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടിലാണ് കുടുംബശ്രീക്ക് രൂപം നൽകിയത്.

കുടുംബശ്രീ ഗ്രാമീൺ ബാങ്ക് പോലെ ഒരു മൈക്രോ ഫിനാൻസ് ബാങ്കിങ് സ്ഥാപനത്തിന്റെ അനുബന്ധമല്ല. പൊതുമേഖലാ സാമൂഹ്യ ബാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് വായ്പ കൊടുക്കാനുള്ള ഫണ്ട് സമാഹരിക്കുന്നത്. കുടുംബശ്രീയുടെ മറ്റൊരു സുപ്രധാന സവിശേഷത കേരളത്തിലെ ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായിട്ടാണ് അവയ്ക്ക് രൂപംനൽകിയത് എന്നുള്ളതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടവും പിന്തുണയും ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ കുടുംബശ്രീയുടെ സ്വതന്ത്രമായ പ്രവർത്തനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകൾ മാത്രമല്ല ഉപഭോഗ വായ്പകളും കുടുംബശ്രീ നൽകുന്നു. ലോകബാങ്കും ഗ്രാമീൺബാങ്കും വരുമാനദായകമല്ലാത്ത വായ്പകളെ നിരുത്സാഹപ്പെടുത്തുകയാണ്. ഇത്തരം വായ്പകൾക്ക് തിരിച്ചടവിന് വരുമാനം എവിടെനിന്നാണ്? പ്രാദേശികാസൂത്രണത്തിലൂടെയും സർക്കാർ പദ്ധതികളിലൂടെയും തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചേ തീരൂ. സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ മാത്രമല്ല വരുമാന മാർഗ്ഗം.

കുടുംബശ്രീ വായ്പകളെ ഒറ്റമൂലിയായി കാണുന്നില്ല. സർക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളുടെ കൺവെർജൻസ് പ്ലാറ്റ്ഫോമായിട്ടാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. സബ്സിഡിയുടെ പ്രാധാന്യം കുടുംബശ്രീ അംഗീകരിക്കുന്നു. ബോധപൂർവ്വം താഴ്ന്ന പലിശയ്ക്കു വായ്പ നൽകുന്നതിനാണ് പരിശ്രമം. ഇതിനുള്ള ഫണ്ട് സംസ്ഥാന സർക്കാരാണ് കുടുംബശ്രീക്ക് നൽകുന്നത്. സ്ത്രീശാക്തീകരണത്തിനും വളരെയേറെ പ്രാധാന്യം കുടുംബശ്രീ നൽകുന്നുണ്ട്.

ഗ്രാമീൺബാങ്ക് രണ്ടാംഘട്ടം
ഗ്രാമീൺബാങ്ക് പൂർണ്ണമായും ഒരു നിയോലിബറൽ സ്ഥാപനമാണെന്ന് മുദ്രകുത്താനാവില്ല. എന്നാൽ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ ദശകം മുതൽ ലോകബാങ്കിന്റെയും മറ്റും കാഴ്ചപ്പാടനുസരിച്ച് പല മാറ്റങ്ങളും ഗ്രാമീൺബാങ്കിൽ വരുത്തി. അതുകൊണ്ട് ചില പണ്ഡിതർ ഈ കാലത്തെ രണ്ടാം ഗ്രാമീൺബാങ്ക് എന്നുപോലും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഈ കാലയളവിലും ഗ്രാമീൺബാങ്കിന്റെ വളർച്ചയുടെ കുതിപ്പ് തുടർന്നു. 25 വർഷംകൊണ്ടാണ് ഗ്രാമീൺബാങ്കിന്റെ വായ്പാ ഇടപാടുകാർ 2001-ൽ 25 ലക്ഷം ആയത്. എന്നാൽ അടുത്ത മൂന്നു വർഷംകൊണ്ട് ഇടപാടുകാരുടെ എണ്ണം 50 ലക്ഷമായി. ഇപ്പോൾ അത് 90 ലക്ഷമാണ്. വായ്പാതുകയും സമ്പാദ്യതുകയും വർദ്ധിച്ചു. പക്ഷേ, പലിശ നിരക്ക് ഇക്കാലത്ത് ഉയർന്നു.

ബാങ്കിനുമേലുള്ള സർക്കാർ നിയന്ത്രണം വർദ്ധിച്ചുവന്നു. അവസാനം ഗ്രാമീൺബാങ്കിനെ സർക്കാർ ദേശസാൽക്കരിച്ചു. ഗ്രാമീൺബാങ്ക് ആരംഭിച്ചത് സന്നദ്ധസംഘടനയായിട്ടാണെങ്കിലും 1983-ൽ പ്രൊഫ. മുഹമ്മദ് യൂനസ് തന്നെ മുൻകൈയെടുത്ത് സർക്കാർ പ്രത്യേക നിയമപ്രകാരമുള്ള ഒരു ധനകാര്യ സ്ഥാപനമായി രൂപാന്തരപ്പെടുത്തി. ഈ പുതിയ ഗ്രാമീൺബാങ്ക് ബോർഡിന്റെ ചെയർമാൻ എന്ന നിലയിലാണ് യൂനസ് പ്രവർത്തിച്ചിരുന്നത്.

2007-ൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള താല്പര്യം പ്രൊഫ. മുഹമ്മദ് യൂനസ് പരസ്യപ്പെടുത്തി. അതിനുള്ള പ്രാരംഭ ചർച്ചകളും ആരംഭിച്ചതോടെ ഷേക് ഹസീനയുമായി തെറ്റി. പൗരരുടെ ശക്തി (നഗോരിക് ശക്തി) എന്നായിരുന്നു പുതിയ പാർട്ടിയുടെ പേര്. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് അദ്ദേഹം പിൻവാങ്ങി. എങ്കിലും ഷേക് ഹസീന മാപ്പ് കൊടുക്കാൻ തയ്യാറായില്ല. ഒന്നിനു പുറകേ ഒന്നായി ഒട്ടേറെ കേസുകൾ ചുമത്തപ്പെട്ടു. കൊള്ളപ്പലിശയെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നു. അഴിമതിയെ സംബന്ധിച്ച കെട്ടിച്ചമച്ച ആരോപണങ്ങളും ഉയർന്നു. 2011-ൽ ബംഗ്ലാദേശ് സർക്കാർ ഗ്രാമീൺബാങ്കിനെക്കുറിച്ച് സമഗ്രമായ അവലോകനം നടത്താൻ സമിതിയെ നിയോഗിച്ചു. അന്വേഷണം തീരുന്നതുവരെ യൂനസ് ബാങ്കിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. പൊടുന്നനെ പ്രൊഫ. മുഹമ്മദ് യൂനസിനെ പ്രായപരിധി കഴിഞ്ഞൂവെന്ന ന്യായം പറഞ്ഞ് ചെയർമാൻ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

പല കാരണങ്ങൾ പറഞ്ഞ് 174 കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ ചാർജ്ജ് ചെയ്തത്. അതിനെതിരെ അന്തർദേശീയമായി വലിയ പ്രതിധേഷം ഉയർന്നു. 2013-ൽ ബംഗ്ലാദേശ് പാർലമെന്റ് പ്രത്യേക നിയമംമൂലം ഗ്രാമീൺബാങ്കിനെ ദേശസാൽക്കരിച്ചു. 2024-ൽ ആറുമാസത്തേക്ക് തൊഴിൽനിയമങ്ങൾ ലംഘിച്ചതിനു ശിക്ഷ വിധിച്ചു. ഇതോടെ പ്രൊഫ. മുഹമ്മദ് യൂനസിന്റെ താമസം പൂർണമായും ബംഗ്ലാദേശിനു പുറത്തായി.

ഇനിയെന്ത്?
ബംഗ്ലാദേശിലെ രാഷ്ട്രീയപാർട്ടികൾ അടിയന്തര തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പ്രൊഫ. മുഹമ്മദ് യൂനസിന് അത്ര തിരക്കിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതിൽ താല്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ വായിച്ചാൽ തോന്നുക. അദ്ദേഹം സംസാരിക്കുന്നത് ഹസീനയുടെ സ്വേച്ഛാധിപത്യ നടപടികളെ തിരുത്തുന്നതിനെക്കുറിച്ചും ഭരണമേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ചുമാണ്. ഇനിയുള്ള ദിവസങ്ങളിലേ അദ്ദേഹത്തിന്റെ ചീട്ടുകൾ പുറത്തിറക്കൂ.

ഒരുകാര്യം വ്യക്തമായിട്ടുള്ളത് ജമാഅത്തെ ഇസ്ലാമിയുടെ അജൻഡയോട് അദ്ദേഹത്തിന് അനുഭാവം ഇല്ലായെന്നുള്ളതാണ്. മാത്രമല്ല, ആദ്യം എടുത്ത നടപടി ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം അവസാനിപ്പിക്കുന്നതിനുള്ളതാണ്. എന്നാൽ സായുധശേഷികൂടി കൈവരിച്ചിരിക്കുന്ന ജമാഅത്തെ ഇസ്ലാമി അധികാരത്തിന്റെ സാധ്യത നുണഞ്ഞു കഴിഞ്ഞു. ഇവരോട് സന്ധിചെയ്യാൻ അമേരിക്കയ്ക്ക് മടിയുണ്ടാവില്ല. അവരുടെ നീക്കവും കാത്തിരുന്നു കാണണം. ഇവരുടെ മുന്നേറ്റം ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾക്ക് ഉത്തേജകമായിത്തീരും.

യൂനസിന്റെ അമേരിക്കൻ ചായ്-വ് പ്രകടമാണ്. ഇത് സാമ്പത്തികനയങ്ങളെ സ്വാധീനിക്കുമെന്ന് തീർച്ചയാണ്. രാഷ്ട്രീയ അസ്ഥിരതയും മറ്റുംമൂലം ബംഗ്ലാദേശിൽ സാമ്പത്തികവളർച്ച മന്ദീഭവിച്ചിട്ടുണ്ട്. ഭക്ഷ്യവിലക്കയറ്റം 14 ശതമാനം കടന്നു. 18.7 ശതമാനം പേർ ദാരിദ്ര്യരേഖയ്ക്കു കീഴിലാണ്. അഴിമതി അർബുദംപോലെ രാഷ്ട്രത്തെ വിഴുങ്ങിയിട്ടുണ്ട്. ആഗോളറാങ്കിൽ അഴിമതിയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ വർഷം ഐഎംഎഫിൽ നിന്ന് 470 കോടി ഡോളർ വായ്പയെടുക്കാൻ ബംഗ്ലാദേശ് നിർബന്ധിതമായി. പക്ഷേ, ഗ്രാമീൺബാങ്കിന്റെ പാരമ്പര്യം പേറുന്നതുകൊണ്ട് ജനങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകൊണ്ടുള്ള ഘടനാപരമായ പരിഷ്കാരങ്ങൾക്ക് പുതിയ സർക്കാർ തയ്യാറാകുമെന്ന് കരുതാൻ പ്രയാസമാണ്. പക്ഷേ, ആത്യന്തികമായി ഭരണം ഇപ്പോൾ സൈന്യത്തിന്റെ കൈയിലാണ്. അവരുടെ മനസ്സിലിരിപ്പ് പൂർണമായും പുറത്തുവന്നിട്ടില്ല. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 11 =

Most Popular