Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിസോനാർ ബംഗ്ലയുടെ സംഹാരം: ഇസ്‌ലാമിസ്റ്റ് പർവം

സോനാർ ബംഗ്ലയുടെ സംഹാരം: ഇസ്‌ലാമിസ്റ്റ് പർവം

എ എം ഷിനാസ്

മാർച്ച് 26നാണ് അതുവരെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിനെ ഷേക് മുജീബ് റഹ്മാൻ ഒരു സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കുന്നത്. അതിനു രണ്ടു പതിറ്റാണ്ടു മുൻപു തന്നെ ബംഗ്ലാദേശ് എന്ന ഭാഷാ-സാംസ്‌കാരിക സ്വത്വം തിടംവെച്ചു കഴിഞ്ഞിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, 1947 ഡിസംബർ 8 ന് തന്നെ മതസ്വത്വത്തെ അതിവർത്തിക്കുന്ന മാസ്‌മരികശക്തി ഭാഷാ സ്വത്വത്തിനുണ്ടെന്ന് അന്നത്തെ പൂർവ്വ പാകിസ്താൻ വിളംബരം ചെയ്‌തിരുന്നു. അന്നാണ് ബംഗാളി ഭാഷാപ്രസ്ഥാനം ധാക്ക സർവകലാശാലയിൽ നിന്ന് വിദ്യാർത്ഥികൾ ആരംഭിക്കുന്നത്. ഉർദു ഭാഷ പാകിസ്താന്റെ മൊത്തം ഔദ്യോഗിക ഭാഷയാക്കി മാറ്റിയതിനെതിരെയായിരുന്നു ഈ ഭാഷാപ്രക്ഷോഭം. ബംഗാളി ഭാഷ കൂടി പാകിസ്താന്റെ ഔദ്യോഗിക ഭാഷയായി ഉൾപ്പെടുത്തണം എന്നതായിരുന്നു ആവശ്യം. കിഴക്കൻ പാകിസ്താന് സ്വയംഭരണം അനുവദിക്കണം എന്നുള്ള സമാന്തര ആവശ്യവും ഉണ്ടായിരുന്നു.

1948 മാർച്ച് 11ന് ഔദ്യോഗിക വ്യവഹാരങ്ങളിൽ നിന്ന് ബംഗാളി ഭാഷയെ ഒഴിച്ചുനിർത്തുന്നതിനെതിരെ കിഴക്കൻ പാകിസ്താനിൽ പൊതുപണിമുടക്ക് നടന്നു. പാക് സർക്കാർ ഭാഷാപ്രക്ഷോഭകാരികളെ ഹിംസാത്മകമായാണ് നേരിട്ടുപോന്നത്. 1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാ പ്രക്ഷോഭം രക്താഭിഷിക്‌തമായി. അന്ന് ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭകാരികൾക്കു നേരെ പാക് പൊലീസ് വെടിയുതിർക്കുകയും നാലു വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്തു. വിദ്യാർഥിഹത്യ നടന്ന സ്ഥലത്ത് ഷഹീദ് മിനാർ എന്ന സ്മാരകം വിദ്യാർഥികൾ ഉയർത്തിയെങ്കിലും നാലു ദിവസം കഴിഞ്ഞപ്പോൾ അതും തകർത്തു തരിപ്പണമാക്കി. ഒടുവിൽ ഈ ഭാഷാ സമരം വിജയിക്കുന്നത് 1956 ഫെബ്രുവരി 29ന് ഉറുദുവിന് പുറമേ ബംഗാളി ഭാഷയെക്കൂടി പാകിസ്താൻ എന്ന മതാസ്‌പദസ്വത്വമുള്ള രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതോടെയാണ്. ബംഗ്ലാദേശ്, ഫെബ്രുവരി 29 ഭാഷാപ്രസ്ഥാന ദിനമായി ആഘോഷിച്ചു വരുന്നു. ഇസ്‌ലാം എന്ന മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാക് മതദേശീയ വാദവും ഭാഷാ-സാംസ്‌കാരിക സ്വത്വത്തിലധിഷ്‌ഠിതമായ ബംഗാളി ദേശീയവാദവും തമ്മിലുള്ള സംഘട്ടനത്തിൽ ബംഗ്ലാദേശ് ജനത പ്രഘോഷിച്ചത് തങ്ങൾ ‘പാകിസ്താനി’ എന്നതിനേക്കാൾ പതിന്മടങ്ങ് ‘ബംഗാളി’ ആണെന്ന പരമാർത്ഥമായിരുന്നു. മനുഷ്യർക്ക് അനേകം സ്വത്വങ്ങൾ ഉണ്ടാകാമെന്നും അതിലൊന്ന് മാത്രമാണ് മതസ്വത്വമെന്നും തങ്ങളെ സംബന്ധിച്ച് അതിനേക്കാൾ പരമപ്രധാനം ഭാഷാ-സാംസ്കാരിക സ്വത്വമാണെന്നുമുള്ള ഉറച്ച പ്രഖ്യാപനം ആയിരുന്നു 1948-–52 കാലത്ത് കിഴക്കൻ പാകിസ്താനിൽ അരങ്ങേറിയ ഭാഷാ സമരം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നടന്ന ഈ സമരം മുതൽ പിന്നീടങ്ങോട്ട് കിഴക്കൻ പാകിസ്താൻ ദർശിച്ച സംഭവബഹുലമായ ചരിത്ര മുഹൂർത്തങ്ങളിലെല്ലാം പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ കിഴക്കൻ ശാഖയായ ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയും ബംഗ്ലാദേശ് രൂപവത്കരണത്തെ തുടർന്ന് 1975 മുതൽ പ്രവർത്തനം ആരംഭിച്ച ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയും ചരിത്രത്തിന്റെയും ബംഗ്ലാദേശ് ജനതയിലെ മഹാഭൂരിപക്ഷത്തിന്റെയും എതിർമുഖത്തായിരുന്നു നിലയുറപ്പിച്ചത്.

ഭാഷാപ്രശ്നത്തിൽ ജമാഅത്തെ ഇസ്‌ലാമിയെടുത്ത നിലപാട് പരിശോധിക്കുന്നതിന് മുൻപ് പാകിസ്താൻ എന്ന മതാസ്‌പദ രാഷ്ട്രവാദത്തോട് ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദി സ്വീകരിച്ച സമീപനം എന്തായിരുന്നു എന്നറിയുന്നത് കൗതുകകരമാണ്. മുഹമ്മദ് അലി ജിന്നയെപ്പോലുള്ള പാശ്ചാത്യ മൂല്യങ്ങൾ ആന്തരവത്കരിച്ചവർ നേതൃത്വം നൽകുന്ന ‘പാകിസ്താൻ പ്രസ്ഥാനം’ ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു മൗദൂദിയുടെ നിലപാട്. ഇസ്‌ലാം മതവിശ്വാസികൾക്ക് മതയുക്തി അനുസരിച്ച് ഒരു രാഷ്ട്രം കിട്ടുന്നതിൽ അദ്ദേഹത്തിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.

അതു പക്ഷേ, കളങ്കമറ്റ ഇസ്‌ലാമിക ഭരണം പുലരുന്ന ഒരു ഇടമായിരിക്കണം എന്നുമാത്രം. പാകിസ്താൻ പ്രസ്ഥാനത്തിലടങ്ങിയ തത്ത്വചിന്തയും വികാരവും ഭൂപ്രദേശപരമായ ദേശീയതയെ അടിസ്ഥാനമാക്കിയാണെന്നതും ഒരു പുതിയ മതം –ദേശീയ വാദത്തിന്റെ മതം – ആണ് പാകിസ്താന്റെ അടിപ്പടവ് എന്നതു മായിരുന്നു മൗദൂദിയുടെ പ്രശ്ന‌ം. അദ്ദേഹത്തെ സംബന്ധിച്ച് ഈ പുതിയ മതം ദേശീയത്വം ശിർക്ക് എന്ന ബഹുദൈവാരാധനയിൽ പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ദേശീയത മഹാപാപവും അനിസ്‌ലാമികവുമാണ്. അത് ജനങ്ങളുടെ ഐഹിക കാര്യങ്ങളിൽ മാത്രം ഊന്നുന്നു. ദേശീയതയെ പുണരുന്നത് ബഹുദൈവാരാധനയ്ക്ക് തുല്യമാണ്. ജിന്നയുടെ പാകിസ്താൻ വിഗ്രഹോപാസക രാഷ്ട്രമായിരിക്കുമെന്നും അതിന്റെ ഭരണാധികാരികൾ ഫറോവമാരെയും നിംറോഡുമാരെയും പോലെ ‘അവിശ്വാസികൾ’ (ഇസ്ല‌ാം മതവിശ്വാസികൾ അല്ലാത്തവർ) ആയിരിക്കുമെന്നും കൂടി മൗദൂദി പറഞ്ഞു വച്ചു.

1940 ലാണ് അഖിലേന്ത്യാ മുസ്‌ലിം ലീഗ് പാകിസ്താൻ പ്രമേയം ദ്വിരാഷ്ട്രവാദത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്നത്. (ഇതിനു മൂന്നു വർഷം മുമ്പ് വി ഡി സവർക്കർ ദ്വിരാഷ്ട്രവാദം മുന്നോട്ടുവച്ചിരുന്നു എന്നത് മറ്റൊരു ചരിത്ര യാഥാർഥ്യം). 1941 ലാണ് പഞ്ചാബിലെ പത്താൻകോട്ടിൽ വച്ച് മൗലാനാ മൗദൂദി ജമാഅത്തെ ഇസ്‌ലാമി സ്ഥാപിക്കുന്നത്. ‘പാകിസ്താൻ പ്രസ്ഥാന’ത്തെ ദേശീയതാവിരുദ്ധ യുക്തികൊണ്ട് എതിർത്തു പോന്ന മൗദൂദിയും അനുയായികളും മുസ്‌ലിംലീഗിന്റെ കാർമികത്വത്തിൽ നടന്ന പാകിസ്താൻ പ്രക്ഷോഭം വിജയിച്ച് പാകിസ്താൻ എന്ന നവരാഷ്ട്രമുണ്ടായപ്പോൾ കുഴഞ്ഞുപോയി എന്ന് പറയേണ്ടതില്ലല്ലോ. പുതിയ രാഷ്ട്രത്തെ അടിമുടി ഇസ്ലാമികവത്കരിക്കുകയും തുടർന്ന് തന്റെ സങ്കല്‌പത്തിലുള്ള ഇസ്‌ലാമിക ഭരണവ്യവസ്ഥിതി അവിടെ കൊണ്ടുവരികയും എന്ന ലക്ഷ്യവുമായി മൗദൂദിയും അനുയായികളും പാകിസ്താനിലേക്ക് പോവുകയാണ് ഉണ്ടായത്. ജമാഅത്തെ ഇസ്‌ലാമി തുടർന്ന് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുമായി രണ്ട് ശാഖകളായി. കിഴക്കൻ പാകിസ്താനിൽ പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യ യൂണിറ്റ് സ്ഥാപിക്കുന്നത് 1948 ലാണ്. ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിക്ക് മുൻപിൽ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. ഒന്നാമതായി, ജമാഅത്തെ ഇസ്‌ലാമിയുടെ ആശയലോകം മുഴുവൻ മൗദൂദിയുടെ ഉർദു രചനകളിലാണുള്ളത്. കിഴക്കൻ പാകിസ്താനിലുള്ള ജനങ്ങൾക്ക് ഉർദു ഒരു വിദേശ ഭാഷയാണ്. രണ്ടാമതായി, ജമാഅത്തെ ഇസ്-ലാമിയുടെ ഉന്നത നേതൃത്വം മുഴുവൻ കേന്ദ്രീകരിച്ചിരുന്നത് പടിഞ്ഞാറൻ പാകിസ്താനിലാണ്. മൂന്നാമതായി, പാകിസ്താൻ ജമാഅത്തെ ഇസ്-ലാമിയുടെ അണികളിൽ മഹാഭൂരിപക്ഷവും വിഭജനകാലത്ത് ഇന്ത്യ വിട്ട് പാകിസ്താനിലെത്തിയ അഭയാർത്ഥികളായിരുന്നു.

ഭീകരവാദ സംഘടനകളുമായുള്ള ബന്ധം

1970 കൾ മുതൽ മധ്യപൂർവദേശങ്ങളിലേക്ക്, പ്രത്യേകിച്ച് സൗദി അറേബ്യയിലേക്ക് ബംഗ്ലാദേശ് തൊഴിലാളികളുടെ പ്രവാഹം ആരംഭിച്ചു. സൗദി അറേബ്യയിൽ നിന്ന് ഈ തൊഴിലാളികളിൽ പലരും അതിയാഥാസ്‌തിതികമായ വഹാബിസം എന്ന ഇസ്‌ലാമിക വിചാരധാര സ്വാംശീകരിക്കുകയും അതു നൽകിയ മതാത്മക ഉത്തേജനം ബംഗ്ലാദേശിൽ പ്രസരിപ്പിക്കുകയും ചെയ്തു. ‘ദ ഡെയ്‌ലി സ്റ്റാറി’ൽ 2009 ജൂലൈ 14-ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ടി. ഹാഷ്‌മി, ബംഗ്ലാദേശിലേക്കുള്ള വഹാബിസത്തിന്റെ സംക്രമണത്ത വിളിക്കുന്നത് ‘ബംഗ്ലാദേശിന്റെ അറബിവൽക്കരണം’ എന്നാണ് (Arabisation of Bangladesh). ഇതോടൊപ്പം തന്നെയാണ് 1980 കളിൽ അഫ്ഗാനിസ്താനിൽ നിന്ന് സോവിയറ്റ് സൈന്യത്തെ തുരത്താനായി രണോൽസുകവും ആഗോളവുമായ രാഷ്ട്രീയ ഇസ്‌ലാമിനെ പാകിസ്താന്റെയും സൗദി അറേബ്യയുടെയും സമാനമനസ്ഥിതിയുള്ള മറ്റു രാജ്യങ്ങളുടെയും സഹർഷ പിന്തുണയോടെ അമേരിക്കൻ സാമ്രാജ്യത്വം പാലൂട്ടി വളർത്തിയത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ ഇസ്‌ലാമിക് ഛത്ര ശിബിറിലെ ചില നേതാക്കളും അണികളും അഫ്ഗാനിസ്താനിലെ ‘ജിഹാദി’ൽ ഭാഗഭാക്കായി. ജിഹാദിൽ കൊല്ലപ്പെടാത്തവർ ബംഗ്ലാദേശിൽ തിരിച്ചു വന്നശേഷം ഉണ്ടാക്കിയ പ്രധാന ഭീകരവാദ സംഘടനകളാണ് ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്, ഹർക്കത്തുൽ ജിഹാദ് അൽ ഇസ്‌ലാമി ബംഗ്ലാദേശ് എന്നിവ. ഈ ഭീകര സംഘടനകൾ പാകിസ്താൻ സൈന്യവുമായും ഐ.എസ്.ഐയുമായുള്ള ബാന്ധവം തുടർന്നുപോന്നു. അന്ന് അമേരിക്കയ്ക്ക് ഇവരൊക്കെ ‘നല്ല മുസ്‌ലിങ്ങൾ’ (good Muslims) ആയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം ഇവരെല്ലാം അമേരിക്കയ്ക്ക് ‘ചീത്ത മുസ്ലിങ്ങൾ’ (bad Muslims) ആയി മാറി എന്നത് മറ്റൊരു കാര്യം. അഫ്‌ഗാൻ മുജാഹിദീനുകളുടെ കൂടെ ‘സോവിയറ്റ് ചെങ്കരടി’ക്ക് എതിരെയുള്ള സാമ്രാജ്യത്ത യുദ്ധത്തിൽ പങ്കെടുത്ത ഈ തീവ്രവാദികളായ ചെറുപ്പക്കാരെല്ലാം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യമാക്കാത്ത മൗനസമ്മതബന്ധം പുലർത്തിപ്പോന്നു.

അഫ്ഗാനിസ്താനിൽ പോയി തിരിച്ചുവന്ന് പിന്നീട് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയിൽ തന്നെ തുടർന്നു പ്രവർത്തിച്ച ഒരു ഇടത്തരം ജമാഅത്ത് നേതാവ് അഫ്‌ഗാൻ അനുഭവം പലരെയും മാറ്റിത്തീർത്തത് എങ്ങനെയാണ് എന്നു പറയുന്നത് ശ്രദ്ധേയമാണ് : “ഞങ്ങൾ ചെറുപ്പമായിരുന്നു. ഞാൻ പോയി, ശരിതന്നെ. എന്റെ കൂടെ പോയവരിൽ മിക്കവരും തിരിച്ചു വന്നപ്പോൾ പഴയതിനേക്കാൾ വീര്യമുള്ള മനക്കൂട്ടുള്ള (Mindset)വരായിത്തീർന്നിരുന്നു. ജിഹാദിന്റെ വിളിയായിരുന്നു അവരുടെ മനം നിറയെ.’ രാഷ്ട്രീയ ഇസ്‌ലാമിന്റെ ആഗോള പ്രവണതകളുടെ ഉരകല്ല് ഉപയോഗിച്ചാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളിലും നിലപാട് എടുക്കാറുള്ളതെന്ന് എ. റിയാസ് ‘ലിവ്ഡ് ഇസ്‌ലാം ആൻഡ് ഇസ്‌ലാമിസം ഇൻ ബംഗ്ലാദേശ്’ (2017) എന്ന പുസ്തകത്തിൽ അനേകം സംഭവങ്ങൾ നിരത്തി സമർഥിക്കുന്നുണ്ട്.

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് പാർട്ടി സ്വരൂപം ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയാണെങ്കിലും ബംഗ്ലാദേശ് തരീഖത്ത് ഫെഡറേഷൻ, ബംഗ്ലാദേശ് മുസ്‌ലിം ലീഗ്, ഖിലാഫത്ത് മജ്ലിസ്, ബംഗ്ലാദേശ് ഇസ്-ലാമി ഫ്രണ്ട്, ഇസ്‌ലാമി ആന്തോളൻ ബംഗ്ലാദേശ്, ബംഗ്ലാദേശ് ഖിലാഫത്ത് മജ്ലിസ്, ഇസ–്-ലാമി ഫ്രണ്ട് ബംഗ്ലാദേശ്, ജാമിഅത്ത് ഉലമെ ഇസ്ലാം ബംഗ്ലാദേശ്, ബംഗ്ലാദേശ് ഖിലാഫത്ത് ആന്തോളൻ, സ്വീകർ പാർട്ടി തുടങ്ങി ഇസ്ലാമിസ്റ്റും ഇതരവുമായ പാർട്ടികൾ അവിടെയുണ്ട്. ഇസ്‌ലാമിന് വേണ്ടി ആര് സംസാരിക്കണമെന്നതിനെച്ചൊല്ലി ഇവയ്ക്കിടയിലെല്ലാം ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇസ്‌ലാമിനുവേണ്ടി ശബ്ദമുയർത്തുന്നതിൽ ദിയോബന്ദ് ഉലമയ്ക്കും ബംഗ്ലാദേശിൽ നിർണായക പങ്കുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദി ദിയോ ബന്ദി സ്കൂ‌ൾ ചിന്ത യുടെ നിശിത വിമർശകനായിരുന്നു.

അങ്ങനെ 1951ൽ മൗലാന റഹീമിനെ മൗദൂദിയുടെ രചനകൾ ഉറുദുവിൽ നിന്ന് ബംഗാളിയിലേക്ക് വിവർത്തനം ചെയ്യാൻ ചുമതലപ്പെടുത്തി. എന്നാലും കിഴക്കൻ പാകിസ്താനിൽ പെട്ടെന്ന് വേരുകളാഴ്ത്താൻ ജമാഅത്തെ ഇസ്-ലാമിക്ക് കഴിഞ്ഞില്ല. കിഴക്കൻ പാകിസ്താനിൽ ശക്തമായിരുന്ന ബംഗാളി ദേശീയവാദത്തിനും സ്വയംഭരണത്തിനു വേണ്ടിയുള്ള ആവശ്യത്തിനും എതിരായിരുന്നു പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമി. മാത്രമല്ല, 1952-ൽ തന്നെ, ഭാഷാ സമരം കത്തിനിൽക്കുന്ന കാലത്ത് മൗദൂദി തന്റെ പ്രസിദ്ധീകരണമായ തർജുമാൻ-അൽ-ഖുറാനിലൂടെ ബംഗാളി ഭാഷയെ കൂടി പാകിസ്‌താന്റെ ഔദ്യോഗിക ഭാഷയാക്കുന്നതിനെ എതിർത്തിരുന്നു. ബംഗാളി കൂടി ഔദ്യോഗിക ഭാഷയാക്കിയാൽ ‘ബംഗാളികൾ ഒരിക്കലും ഉറുദു പഠിക്കില്ലെന്നും തന്മൂലം ഇസ്ലാമിക പ്രബോധനങ്ങളിൽ അവർ അജ്ഞരായി തുടരുമെന്നും’ മാത്രമല്ല ഇതിന് ന്യായീകരണമായി മൗദൂദി പറഞ്ഞത്. ഉറുദുഭാഷ അറിഞ്ഞില്ലെങ്കിൽ കിഴക്കൻ പാകിസ്താനിലെ ബംഗാളികൾ പടിഞ്ഞാറൻ പാകിസ്താനിൽ നിന്ന് അകന്നു പോകുമെന്നും ഹിന്ദുക്കളുമായി കൂടുതൽ അടുപ്പമുള്ളവരായി ത്തീരുമെന്നും കുടിയാണ്. ഈ ഘട്ടത്തിൽ ബംഗാളി ദേശീയതയെ മൗദൂദി എതിർക്കുന്നുണ്ടെങ്കിലും താൻ മുൻപ് തള്ളിപ്പറഞ്ഞ, മുസ്‌ലിംലീഗ് ഉയർത്തിപ്പിടിച്ച പാകിസ്താൻ കേന്ദ്രിത മുസ്‌ലിം ദേശീയതയെ അദ്ദേഹം പുണരുന്നതായി കാണാം.

ഭാഷാ പ്രശ്‌നത്തിന്റെ കാര്യത്തിൽ 1950കളുടെ മധ്യത്തിൽ മൗദൂദി നിലപാട് മാറ്റി. അമ്പതുകളുടെ മധ്യത്തിൽ മൗദൂദി കിഴക്കൻ പാകിസ്താനിൽ ഒരു പര്യടനം നടത്തിയിരുന്നു. ബംഗാളികൾക്ക് ‘യഥാർഥമായ ആവലാതികൾ’ ഉണ്ടെന്നും ഉർദുവിനെ കൂടാതെ ബംഗാളിഭാഷ കൂടി ഔദ്യോഗികഭാഷയായി അംഗീകരിക്കണമെന്നും അപ്പോഴാണ് മൗദൂദി പാക് ഭരണനേതൃത്വത്തോട് ആവശ്യപ്പെടുന്നത്. കൂടാതെ സിവിൽ സർവീസ് ഉദ്യോഗങ്ങളിൽ കൂടുതൽ ബംഗാളികളെ എടുക്കണമെന്നും സാമൂഹിക–-സാമ്പത്തിക കാര്യങ്ങളിൽ കിഴക്കൻ പാകിസ്താനെ പൂർവാധികം ശ്രദ്ധിക്കണമെന്നും അപ്പോൾ മൗദൂദി പറയുന്നുണ്ട്. പക്ഷേ ഇതെല്ലാം നിർവ്യാജമായിരുന്നില്ല എന്ന് 1971 ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാക് ജമാഅത്തെ ഇസ്‌ലാമി ഹിംസാത്മകമായി തെളിയിച്ചു. കിഴക്കൻ പാകിസ്താനിലെ പ്രധാനപ്പെട്ട ജില്ലകളിലും പട്ടണങ്ങളിലുമായി നുറുകണക്കിന് യോഗങ്ങളിൽ മൗദൂദി പങ്കെടുത്തു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഒട്ടുമിക്ക രചനകളും ബംഗാളിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു.

ഈ പുസ്‌തകങ്ങൾ വിദ്യാസമ്പന്നരായ വിവിധ പ്രൊഫഷണലുകൾക്കിടയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. 1960കളുടെ പ്രഥമ പാദമായപ്പോഴേക്കും ബംഗാളി ഭാഷ സംസാരിക്കുന്ന, ബംഗാളികളായ നേതാക്കൾ ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയുടെ സാരഥ്യം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഇസ്‌ലാമിക് ഛത്ര സംഘ് എന്ന വിദ്യാർഥി വിഭാഗവും അക്കാലത്തുണ്ടായി. മിടുക്കരായ വിദ്യാർഥികളെ ഈസ്റ്റ് പാകിസ്താൻ ജമാഅത്തെ ഇസ്‌ലാമിയിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു വിദ്യാർഥി വിഭാഗത്തിന്റെ പ്രധാന ദൗത്യം.

1954 ൽ കിഴക്കൻ പാകിസ്താനിൽ നടന്ന തിരഞ്ഞെടുപ്പിൽ ബംഗാളി ദേശീയവാദ പാർട്ടികളുടെ സഖ്യമായ യുണെെറ്റഡ് ഫ്രണ്ട്, പാകിസ്താൻ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയിരുന്നു. അക്കാലത്ത് പാകിസ്താൻ മുസ്‌ലിംലീഗ് സർക്കാരിന്റെ ഒരു പ്രധാന പ്രചാരണം, കമ്യൂണിസ്റ്റുകാരും ഹിന്ദുക്കളും ചേർന്ന ഒരു അവിശുദ്ധസഖ്യം പാകിസ്താനെ വിഭജിക്കാനുള്ള ഗൂഢാലോചന നടത്തുന്നുണ്ട് എന്നായിരുന്നു. കിഴക്കൻ പാകിസ്താനിലെ പര്യടനത്തിനിടയിൽ ഇതേ ആരോപണം മൗദൂദിയും ആവർത്തിക്കുകയുണ്ടായി. 1956 ൽ നിലവിൽ വന്ന പാകിസ്താൻ ഭരണഘടന പ്രകാരം കിഴക്കൻ പാകിസ്താൻ ജോയിന്റ് ഇലക്ടറേറ്റ് സിസ്റ്റം തിരഞ്ഞെടുത്തപ്പോൾ ജമാഅത്തെ ഇസ്‌ലാമി അതിനെ അപലപിച്ചു. ഈ നീക്കം പാകിസ്താൻ എന്ന ആശയത്തിനു തന്നെ എതിരാണെന്നും ബംഗാളി ദേശീയതയുടെ അധികാരാരോഹണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമാണ് മൗദൂദി പറഞ്ഞത്.

1958ൽ പട്ടാള മേധാവി അയ്യൂബ്ഖാൻ ഭരണം പിടിച്ചെടുക്കുകയും ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കുകയും ചെയ്‌തു. അയ്യൂബ്ഖാന്റെ പട്ടാളവാഴ്‌ചയ്‌ക്കെതിരെയുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളിൽ അപ്പോൾ ജമാഅത്തെ ഇസ്‌ലാമിയും പങ്കുചേർന്നു. 1962 ൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുന്നതു വരെ എല്ലാ പാർട്ടികളും രഹസ്യമായാണ് പ്രവർത്തിച്ചിരുന്നത്. അയ്യൂബ്ഖാന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപവത്കരിച്ച, നാല് രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ ‘കമ്പൈൻഡ് ഒപ്പൊസിഷൻ പാർട്ടീസി ൽ ജമാഅത്തെ ഇസ്ല‌ാമിയും ഉണ്ടായിരുന്നു. 1965-ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അയ്യൂബ്ഖാനെതിരെ ഈ സഖ്യം പിന്തുണച്ചത് മുഹമ്മദലി ജിന്നയുടെ സഹോദരിയായ ഫാത്തിമ ജിന്നയെ ആയിരുന്നു. ‘ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണമേധാവിയായി സ്ത്രീകൾ പാടുള്ളതല്ല’ എന്ന മൗദൂദിയുടെ മുൻകാല അസന്ദിഗ്‌ധ നിലപാട് അപ്പോൾ തൽക്കാലം വിഴുങ്ങേണ്ടിവന്നു. 1967ൽ സ്വാതന്ത്ര്യവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ രൂപവത്കരിച്ച അഞ്ചു പാർട്ടികളുടെ സഖ്യമായ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിലും ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിരുന്നു. 1969ൽ പാർലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ആവശ്യമുയർത്തി എട്ട് പാർട്ടികൾ രൂപീകരിച്ച ‘ഡെമോക്രാറ്റിക് ആക്ഷൻ കമ്മിറ്റി’ യിലും ജമാഅത്തെ ഇസ്ലാമി ചേർന്നിരുന്നു.

അയൂബ്ബ്ഖാന്റെ സൈനികവാഴ്‌ചയ്ക്കെതിരെയും ജനാധിപത്യ പുനഃസ്ഥാപനത്തിനു വേണ്ടിയുമുള്ള സമരമുന്നണിയിൽ ജമാ അത്തെ ഇസ്ലാമി സക്രിയമായി പങ്കുചേർന്നെങ്കിലും ബംഗാളികളുടെ അവകാശങ്ങൾക്കോ അവരുടെ ന്യായമായ താല്‌പര്യങ്ങൾക്കോ ചെവികൊടുത്തതേയില്ല. സംഘടനയുടെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചത് പാകിസ്താന്റെ ഇസ്‌ലാമികവത്കരണത്തിനും പടിഞ്ഞാറൻ പാകിസ്താനിലെയും കിഴക്കൻ പാകിസ്താനിലെയും ‘ഇസ്ലാമിക് ഉമ്മ’യുടെ (ഇസ്-ലാമിക സമൂഹം) ഐക്യം ഊട്ടി ഉറപ്പിക്കുന്നതിലുമായിരുന്നു. പ്രാന്തീയരായ മുസ്‌ലിങ്ങളുടെ, പ്രത്യേകിച്ച് കിഴക്കൻ പാകിസ്താനിലെ ജനങ്ങളുടെ പരാതികളും പീഡകളും സംഘടന അഭിസംബോധന ചെയ്യാൻ തയ്യാറായില്ല. അതിനുള്ള പ്രധാനകാരണം, ബംഗാളി ദേശീയവാദം ‘ഇസ്-ലാമിക് പാകിസ്താന്’ അത്യധികം ആപൽക്കരമാണെന്ന വിലയിരുത്തലായിരുന്നു.

ബംഗാൾ ദേശീയവാദി നേതാവായ മൗലാന ബസാനിയെ പോലുള്ളവരെ ജമാഅത്തെ ഇസ്ലാമി നിരന്തരം വിമർശിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇസ്‌ലാമിക വിരുദ്ധമെന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ബസാനിയെ വിഗ്രഹാരാധകൻ എന്നുപോലും അവർ വിശേഷിപ്പിക്കുകയും ചെയ്തു. അവാമി ലീഗ് പോലുള്ള പാർട്ടികൾ പാകിസ്താനെ പിളർക്കാനാണ് ശ്രമിക്കുന്നതെന്ന് മൗദൂദി കുറ്റപ്പെടുത്തി. 1940കളിൽ പാകിസ്താൻ എന്ന ആശയത്തെ തന്നെ തന്റെ പ്രത്യേകമായ ഇസ്‌ലാമിക ദൈവശാസ്ത്രവാദത്തിന്റെ യുക്തിയുപയോഗിച്ച് എതിർത്ത വ്യക്തിയാണ് മൗദൂദിയെന്നത് ഇതോടൊപ്പം ചേർത്തു വായിക്കണം. മേഖലാ സ്വയംഭരണത്തിനു വേണ്ടിയുള്ള കിഴക്കൻ പാകിസ്താന്റെ ആവശ്യത്തെ ‘വിഘടനവാദ പദ്ധതി’യായാണ് മൗദൂദി കണ്ടത്. 1971 വരെ പടിഞ്ഞാറൻ പാകിസ്താനിലെ വരേണ്യ ഭരണവർഗം ബംഗാളി ദേശീയതയെക്കുറിച്ച് ഉന്നയിച്ചുപോന്ന ആരോപണം വള്ളിപുള്ളി മാറ്റാതെ മൗദൂദിയും ആവർത്തിക്കുകയായിരുന്നു. ബംഗ്ലാദേശ് വിമോചനസമരകാലത്ത് ഈ മൗദൂദിയൻ വീക്ഷണം പാക് സൈന്യത്തെ പരിരംഭണം ചെയ്‌തപ്പോൾ കിഴക്കൻ പാകിസ്താനിൽ അവാച്യമായ ഹിംസയാണ് അരങ്ങേറിയത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + 7 =

Most Popular