Tuesday, September 17, 2024

ad

Homeകവര്‍സ്റ്റോറിബംഗ്ലാദേശ് 
മറ്റൊരു ഈജിപ്ത് 
ആകുമോ?

ബംഗ്ലാദേശ് 
മറ്റൊരു ഈജിപ്ത് 
ആകുമോ?

വിജയ് പ്രസാദ്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക‍് ഹസീന ധാക്ക വിട്ടതിന്റെ തൊട്ടടുത്ത ദിവസം, എന്റെ ഒരു സുഹൃത്തിനെ ഞാൻ ഫോണിൽ ബന്ധപ്പെട്ടു; ആ ദിവസം തെരുവിൽ കുറെ സമയം ചെലവഴിച്ചയാളാണ് ആ സുഹൃത്ത്. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതായി തോന്നുന്ന വിദ്യാർത്ഥികൾക്കൊപ്പം ആ മഹാ പ്രതിഷേധ പ്രകടനത്തിൽ രാഷ്ട്രീയമായ മുൻ അനുഭവങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യർ അണിനിരക്കുന്നതുമായി ബന്ധപ്പെട്ട് ധാക്കയിൽ നിൽക്കുന്ന അന്തരീക്ഷത്തെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. വിദ്യാർത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തല ഘടനയെക്കുറിച്ചും അവരുടെ രാഷ്ട്രീയ ആഭിമുഖ്യത്തെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം എന്നോട് പറഞ്ഞത് നന്നായി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധമാണ് നടക്കുന്നത് എന്ന് തോന്നുന്നു എന്നും ഗവൺമെന്റ് ജോലികൾക്ക് നൽകുന്ന ചില സംവരണങ്ങൾ അവസാനിപ്പിക്കണം എന്നതിൽ തുടങ്ങിയ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം ഷേക് ഹസീന ഗവൺമെന്റിനെ തന്നെ അവസാനിപ്പിക്കണമെന്നിടത്തേക്ക് തീവ്രത കൂട്ടിയിരിക്കുന്നു എന്നുമാണ്. ഷേക് ഹസീന രാജ്യം വിടുന്നതിനു മണിക്കൂറുകൾക്ക് മുൻപുപോലും ഇതായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് തോന്നിയിരുന്നില്ല. അവരെല്ലാവരും പ്രതീക്ഷിച്ചിരുന്നത് സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ ആക്രമണങ്ങളുണ്ടാകും എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ ഈ പ്രതിഷേധങ്ങൾ ആദ്യമായി ഈ വർഷം സംഭവിച്ചതൊന്നുമല്ല. ചുരുങ്ങിയത് ഒരു ദശകം മുൻപെങ്കിലും ആരംഭിച്ച പ്രതിഷേധ പരമ്പരകളുടെ ഭാഗമാണിത്; ഉന്നയിക്കപ്പെട്ട വിഷയങ്ങളും സമാനമാണ് (സംവരണം അവസാനിപ്പിക്കുക; വിദ്യാർത്ഥികളോട് നന്നായി പെരുമാറുക, സർക്കാർ അടിച്ചമർത്തൽ ഒഴിവാക്കുക). അനായാസം പരിഹരിക്കാൻ കഴിയുന്ന ലളിതമായ ആവശ്യങ്ങളുന്നയിച്ചുള്ള നിസ്സാരമായ പ്രതിഷേധം ആയിരുന്നില്ല ഇവ. സംവരണം പോലെയുള്ള ആവശ്യങ്ങൾ, പ്രമാണിവർഗ്ഗം വെറിപിടിച്ച നിലയിൽ അടിച്ചമർത്താൻ ശ്രമിച്ച കാലത്തേക്ക് ബംഗ്ലാദേശിനെ മടക്കിക്കൊണ്ടുപോകുന്നതാണ്; ആ രാജ്യത്തിന്റെ ഉൽപ്പത്തിയുമായി ബന്ധപ്പെട്ട അസുഖകരമായ ചരിത്രത്തെ ഓർമിപ്പിക്കുന്നതുമാണ്. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ 1971 ലെ പാകിസ്താൻ സൈന്യവുമായുള്ള പോരാട്ടത്തിൽ ജീവനും ശരീരവും നഷ്ടപ്പെട്ട സ്വാതന്ത്ര്യസമര പോരാളികൾക്കായുള്ളതാണ് സംവരണം. തലമുറകളോളം സ്ഥിരമായി നൽകാനുള്ളതല്ല ഇത്തരം സംവരണങ്ങൾ എന്നത് ശരിയാണെങ്കിലും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കിടയിലെ തൊഴിലില്ലായ്മയുമായി സംവരണ പ്രശ്നത്തിന് ഭാഗികമായി ബന്ധമുണ്ടെന്നതും പാകിസ്താന്റെ ആക്രമണത്തോടൊപ്പം നിന്ന് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ശക്തികളുടെ വീണ്ടുമുള്ള ഉയർന്നുവരവുമായും ഭാഗികമായി ബന്ധമുണ്ട്. 2018ലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഷേക്ക് ഹസീനയുടെ ഗവൺമെന്റ് ആ സംവിധാനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് ആ തീരുമാനം കോടതിയുടെ പരിഗണനയ്ക്ക് പോയി. സംവരണം പൂർണമായി പുനഃസ്ഥാപിക്കണമെന്ന് ഹെെക്കോടതി വിധിച്ചു. എന്നാൽ 2026 ജൂണിൽ സംവരണം പൂർണ്ണമായി പുനഃസ്ഥാപിക്കേണ്ടതില്ലെന്നും ഭാഗികമായി മാത്രം പുനഃസ്ഥാപിച്ചാൽ മതിയെന്നും സുപ്രീംകോടതി വിധിച്ചു (സ്വാതന്ത്ര്യസമര പോരാളികളുടെ കുട്ടികൾക്ക് 7% മാത്രം സംവരണം നൽകണമെന്നും 30% നൽകേണ്ടതില്ലെന്നും). വീണ്ടും പ്രക്ഷോഭം ശക്തിപ്പെടാൻ ഇത് വഴിമരുന്നിട്ടു. എന്നാൽ പ്രക്ഷോഭം തിരിഞ്ഞത് കോടതിക്കെതിരെ ആയിരുന്നില്ല; മറിച്ച് ഷേക് ഹസീനയുടെ സർക്കാരിനെതിരെ ആയിരുന്നു.

ഷാഹ് ബാഗ് സ്ക്വയർ
ഒരു ദശകം മുൻപ് ധാക്കയിലെ ഷാഹ് ബാഗ് സ്ക്വയറിൽ വമ്പിച്ച പ്രതിഷേധ പ്രക്ഷോഭം നടന്നു. കിഴക്കൻ പാകിസ്താനിൽ 1971ൽ നടന്ന വംശഹത്യക്കിടയിൽ 344 ആളുകളെ കൊന്നതിന് നേരിട്ട് ഉത്തരവാദികളെന്നു കണ്ടെത്തിയ അബ്ദുൽ ഖാദർ മൊല്ലയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് അന്ന് അവിടെ ജനങ്ങൾ തടിച്ചുകൂടി. ജമാ അത്തെ ഇസ്ലാമിയുടെ നേതാവായിരുന്നു ഖാദർ മൊള്ള; അന്ന് പാകിസ്താന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് പാകിസ്താൻ നടത്തിയ അതിക്രൂരമായ ആക്രമണങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു ജമാ അത്തെ ഇസ്ലാമി. ഖാദർ മുള്ളയ്ക്ക് ജീവപര്യന്തം തടവു ശിക്ഷയാണ് കോടതി വിധിച്ചതെങ്കിലും കോടതിമുറിയിൽ നിന്നും പുറത്തുവന്ന അയാൾ അവിടെ കാത്തുനിന്ന് ജമാഅത്തെ ഇസ്ലാമി അംഗങ്ങളോട് വിജയചിഹ്നം കാണിച്ചു. ഖാദർ മുള്ളയുടെ ഈ അഹന്ത ദശലക്ഷക്കണക്കിന് ജനങ്ങളെ രോഷാകുലരാക്കി. അയാൾക്ക് വധശിക്ഷ നൽകണമെന്ന് കടുത്ത ആവശ്യമുയർത്തി പ്രതിഷേധ പ്രക്ഷോഭത്തിന് ഇറങ്ങിയവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാജ്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ ആയിരുന്നു. അവരുടെ ആവേശം രാജ്യമാകെ കത്തിപ്പടർന്നു. ‘‘എല്ലാ ഇരുട്ടിന്റെ ശക്തികളെയും നമുക്ക് നശിപ്പിക്കാം; ഷാഹ് ബാഗിലെ പ്രക്ഷോഭത്തിന് ശക്തി നമുക്ക് വർദ്ധിപ്പിക്കാം; അത് തുടരാം. നമ്മുടെ പങ്ക് നമുക്ക് നിർവഹിക്കാം. നമുക്ക് നമ്മുടെ രാജ്യം കെട്ടിപ്പടുക്കാം. ശത്രുക്കളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് നമുക്കറിയാം’’. ധാക്കയിലെ ഡവലപ്മെന്റ് പ്രൊഫഷണലായ ഷോ ഹാഗ് മൊസ്താഫിയുടെ വാക്കുകളാണിത്.

രണ്ടുവർഷം മുൻപ് നടന്ന അറബ് വസന്തത്തിൽ നിന്നും പ്രചോദനം നേടിയാണോ ഈ പ്രക്ഷോഭമെന്ന് ഞാൻ ഷാഹ് ബാഗ് പ്രക്ഷോഭത്തിൽ പങ്കെടുത്തവരോട് അന്വേഷിച്ചു. ഷാഹ് ബാഗ് പ്രക്ഷോഭം കെട്ടിപ്പടുക്കാൻ സഹായിച്ച ചെറുപ്പക്കാരിൽ ഒരാളായ അസിസ അഹമ്മദ് എന്നോട് പറഞ്ഞത്, ‘‘അറബ് വസന്തത്തിന്റെയോ വാൾസ്ട്രീറ്റ് പിടിച്ചടക്കലിന്റെയോ കാൽപ്പാടുകൾ പിന്തുടരുന്നതിനുള്ള ഉൾപ്രേരണയൊന്നുമല്ല’’ ഇതെന്നാണ്. എന്നിരുന്നാലും കോടതി വിധിക്കെതിരായ നവമാധ്യമപ്രചാരണത്തെത്തുടർന്നാണ് ജനപ്രതിഷേധം ആരംഭിച്ചത്. എങ്കിൽ പോലും അറബ് വസന്തത്തെയും വാൾസ്ട്രീറ്റ് പ്രക്ഷോഭത്തെയും പോലെയുള്ള സംഭവങ്ങൾ ഇതിനെയും സ്വാധീനിച്ചിട്ടുണ്ട്. രണ്ടുവർഷത്തിനുശേഷം അവരിൽ ചിലർ കൊല്ലപ്പെട്ടപ്പോൾ ഈ ബ്ലോഗർമാരിൽ പലർക്കും ഇസ്ലാമിസ്റ്റുകളുടെ രോഷപ്രകടനത്തെ നേരിടേണ്ടതായിവന്നു. ചെറുപ്പക്കാരായ ബ്ലോഗർമാരും അസിസ അഹമ്മദിനെപോലെയുള്ളവരും ഈ പ്രതിഷേധത്തെ യുവജനങ്ങളുടെ പ്രക്ഷോഭമായി വ്യാഖ്യാനിക്കാൻ അനുവദിച്ചു (ശരിയാണ് പലപ്പോഴും ഷാഹ് ബാഗ് അറിയപ്പെട്ടത് ജനറേഷൻ സ്ക്വയർ എന്നാണ്. യുവതലമുറയാണ് ഇതിൽ സൂചിപ്പിക്കപ്പെട്ടത്). എന്നാൽ, വാസ്തവത്തിൽ 1971 മുതൽ നിലനിൽക്കുന്ന ജമാഅത്തെ ഇസ്ലാമിയോടുള്ള വെറുപ്പിന്റെ ആഴം ഉൾക്കൊള്ളുന്നതുതന്നെയാണ് ഇതും. ആളുകളെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് പാകിസ്താൻ സൈന്യത്തിനൊപ്പം സഹകരിച്ച ജമാ അത്തെ ഇസ്ലാമിക്കെതിരെ ഷാഹ് ബാഗ് സ്ക്വയറിൽ ഉപയോഗിച്ചത് പരുഷമായ ഭാഷയാണ്.

2013ലെ ഷാഹ് ബാഗ് പ്രതിഷേധമോ 2018ലെ റോഡ് സുരക്ഷയ്ക്കായുള്ള പ്രക്ഷോഭമോ വിപ്ലവമൊന്നും സൃഷ്ടിച്ചില്ല. മുകൾപ്പരപ്പിനു താഴെ രോഷം പതഞ്ഞുയർന്നു. സുപ്രീംകോടതിയുടെ പുതിയ വിധിന്യായത്തെ തുടർന്നുണ്ടായ 2024ലെ പ്രതിഷേധത്തിൽ അന്ന് പതഞ്ഞു പൊങ്ങിയ രോഷം ആവർത്തിക്കപ്പെടുകയായിരുന്നു. സംവരണത്തിനെതിരെ തെരുവീഥികളിൽ വമ്പിച്ച പ്രകടനങ്ങളാണ് അരങ്ങേറപ്പെട്ടത്; തൊഴിലില്ലായ്മ നേരിടുകയും സ്വാതന്ത്ര്യസമര പോരാളികളുമായി ഒരു വിധത്തിലുള്ള കുടുംബ ബന്ധവും ഇല്ലാത്തവരുമായ (ഇവർക്ക് ജമാ അത്തെകളുമായി ബന്ധവുമുണ്ടായിരുന്നു) വിദ്യാർഥികളെപോലെയുള്ള സാമൂഹ്യ ശക്തികളെയാണ് ഇത് പുറത്തുകൊണ്ടുവരുന്നത്. ഇത്തരം പ്രതിഷേധങ്ങൾ പ്രവചനാതീതമായിരുന്നില്ല; എന്നാൽ അതിന്റെ അനന്തരഫലം പ്രവചനാതീതമായിരുന്നുതാനും! ഷേക് ഹസീന രാജ്യം വിട്ടുപോയ ആ ഉച്ചതിരിഞ്ഞനേരം വരെ അവർ നാടുവിട്ടോടുമെന്ന് ഒരു സൂചനയും ഉണ്ടായിരുന്നതേയില്ല. 2011ൽ കെയ്റോയിലുണ്ടായ സാഹചര്യത്തിന്റെ തനിയാവർത്തനം തന്നെയായിരുന്നു അത്: താൻ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറല്ലെന്ന് ആദ്യം പറഞ്ഞ (ഫെബ്രുവരി 10) പ്രസിഡന്റ് ഹോസിനി മുബാറക്ക് പിന്നീട് താൻ രാജിവച്ചു കഴിഞ്ഞു എന്നും രാജ്യം വിട്ടു സൗദി അറേബ്യയിലേക്ക് പോവുകയാണെന്നും (ഫെബ്രുവരി 11) പറഞ്ഞ അതേ അവസ്ഥ.

കെയ്റോയിൽ നിന്നും ധാക്ക വരെ
മുബാറക്ക് കെയ്റോ വിട്ടശേഷം, സൈന്യം ഈജിപ്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തു. മുഖ്യപ്രതിഷേധ കേന്ദ്രമായ താഹ്റീർ സ്ക്വയറിൽ കൂടിയിരുന്ന ആളുകൾ അന്താരാഷ്ട്ര ആണവോർജ ഏജൻസികളുടെ തലവനായിരുന്ന മൊഹമ്മദ് എൽ ബറാദേയ് എന്ന ലോകപ്രശസ്ത വ്യക്തിക്കു പിന്നിൽ സംരക്ഷണം തേടിയെത്തി. എന്നാൽ, ഭരണഘടനാ നിർമ്മാണസഭ വിളിച്ചുചേർക്കാനും 2012ൽ തിരഞ്ഞെടുപ്പ് നടത്താനും സൈന്യം നിർബന്ധിതമായി. ഈ തിരഞ്ഞെടുപ്പ് മുസ്ലിം ബ്രദർഹുഡിനെ അധികാരത്തിലെത്തിച്ചു; ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സംഘടിതമായ ശക്തി അവരായിരുന്നു. 2013ൽ സൈന്യം ബ്രദർഹുഡ് ഗവൺമെന്റിനെ അട്ടിമറിച്ചു. തൽസ്ഥാനത്ത് സിവിലിയൻ നേതൃത്വം ആണെന്ന് തോന്നാവുന്ന ഒന്നിനെ അവരോധിച്ചു. ഈ ഘട്ടത്തിൽ അവർ എൽ ബറാദേയിയെ വൈസ് പ്രസിഡന്റ് ആയി കൊണ്ടുവന്നു; എന്നാൽ അദ്ദേഹം 2013 ജൂലൈ മുതൽ ആഗസ്ത് വരെ വളരെ കുറച്ചു കാലമേ തുടർന്നുള്ളൂ. സൈന്യം 2012ലെ ഭരണഘടന സസ്പെൻഡ് ചെയ്തു. എന്നിട്ട് തങ്ങളുടെതായ ഒരാളെ പ്രസിഡന്റായി കൊണ്ടുവന്നു. ആദ്യം സൈനിക യൂണിഫോമിൽ വന്ന ആൾ പിന്നീട് കോട്ടും സൂട്ടുമിട്ട് പ്രത്യക്ഷപ്പെട്ടു. ഈ മനുഷ്യനാണ് – ജനറൽ, ഇപ്പോൾ പ്രസിഡന്റ്, അബ്ദുൽ ഫത്താ അൽ സിസി – കഴിഞ്ഞ ഒരു ദശകമായി അവിടെ അധികാരത്തിലിരിക്കുകയാണ്. അതേസമയം തഹ്റീർ സ്ക്വയറിലെ നേതാക്കളിലേറെപ്പേരും ഇപ്പോഴും ജയിലഴികൾക്കുള്ളിൽ നരകയാതന അനുഭവിക്കുകയാണ്; അവരുടെ ആ തലമുറയാകട്ടെ ആത്മവീര്യം നഷ്ടപ്പെട്ട് നിരാശയിൽ കഴിയുകയാണ്.

ബംഗ്ലാദേശ് സാഹചര്യത്തിലെ എൽ ബറാ ദേയിയാണ് നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ്. അദ്ദേഹം ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനുമാണ്. ദരിദ്രരായ സ്ത്രീകൾക്ക് സൂക്ഷ്മ വായ്പ (micro credit) നൽകുന്ന ഒരു പദ്ധതിയാണ് അദ്ദേഹം ആവിഷ്കരിച്ചത്. നിസ്സാരമായ എന്തെങ്കിലും ഒന്ന് ഈടായി ഉപയോഗിച്ചാണ് സൂഷ്മ വായ്പ നടപ്പാക്കുന്നത്. പൊതുവെ പുരുഷന്മാരായ ബാങ്കർമാർ ഇതുപയോഗിച്ച് വലിയ തോതിൽ പണമുണ്ടാക്കുന്നുമുണ്ട്. ബംഗ്ലാദേശ് ബ്യൂറോക്രസിയിൽ നിന്നും അക്കാദമി രംഗത്തുനിന്നും സർക്കാരിതര സംഘടനാ രംഗത്തുനിന്നുമുള്ള നവലിബറൽ ചിന്താഗതിക്കാരായ ചില പ്രമാണിമാരെ ചേർത്ത് യൂനസ് ക്യാബിനറ്റിന് രൂപംകൊടുത്തിരിക്കുകയാണ്. ഉദാഹരണത്തിന് ധനമന്ത്രാലയത്തിന്റെ ചുമതല സമർത്ഥനായ സലാഹുദ്ദീൻ അഹമ്മദിനാണ്; ബംഗ്ലാദേശ് ബാങ്കിന്റെ മുൻ ഗവർണറായ ഇദ്ദേഹം വിശ്വസ്തതയോടെ സാമ്പത്തിക നയം നടപ്പിലാക്കും. ഈജിപ്തിൽ പുതിയതായി നിയമിതനായ ധനമന്ത്രി അഹമ്മദ് കൗച്ചൗക്കുമായി (ഇദ്ദേഹം ലോക ബാങ്കിന്റെ സീനിയർ നവലിബറൽ സാമ്പത്തിക വിദഗ്ധനായും പ്രവർത്തിക്കാറുണ്ട്) തികച്ചും തൃപ്തികരമായി സംഭാഷണത്തിൽ ഏർപ്പെടാൻ ഇദ്ദേഹത്തിന് കഴിയും. ഈ തരത്തിലുള്ള ധനമന്ത്രിമാരിൽ നിന്നും പുരോഗമനപരമായി ഒരു അജൻഡയും വരില്ല. ദേശീയ സമ്പദ്ഘടനമായി സമ്പൂർണമായ ഉദ്ഗ്രഥനം സ്ഥാപിക്കുകയെന്ന അജൻഡയെ കുറിച്ച് പറയുകയും വേണ്ട.

ഇപ്പോഴത്തെ പോലെ ബംഗ്ലാദേശ് സൈന്യം ബാരക്കുകളിൽ തുടരും. പക്ഷേ അടിച്ചമർത്തൽ സമീപനം കുറഞ്ഞിട്ടില്ല; അറസ്റ്റുകൾക്കുള്ള നിർദ്ദേശം മാത്രമേ മാറിയിട്ടുള്ളൂ. ഷേക് ഹസീന ഗവൺമെന്റിൽ അംഗങ്ങളായിരുന്നവരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തി വിടാതെ പിന്തുടരുകയാണ് യൂനസിന്റെ ഗവൺമെന്റ്. ബംഗ്ലാദേശിലെ പത്ത് പത്രങ്ങൾ നിത്യവും പുതിയ പുതിയ അറസ്റ്റുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിടുന്നുണ്ട്. എല്ലാം തന്നെ വ്യത്യസ്തങ്ങളായ കുറ്റാരോപണങ്ങൾ ചുമത്തിയാണ്. ഷേക് ഹസീനയുടെ അവാമി ലീഗ് ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നത്; അവർ തന്നെ നയതന്ത്ര പാസ്-പോർട്ടിൽ യാത്ര ചെയ്യാനുള്ള അവകാശം നഷ്ടപ്പെട്ട അവസ്ഥയിലാണ്. വർക്കേഴ്സ് പാർട്ടി ഓഫ് ബംഗ്ലാദേശിന്റെ നേതാവ് റഷീദ് ഖാൻ മേനോൻ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായിരിക്കുകയാണ്; ബംഗ്ലാദേശിനു വേണ്ടി ഇപ്പോൾ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കുന്ന അവാമിലീഗ് അംഗമായ ഷക്കീബ് അൽ നസ്സർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ഒരാളെ ആഗസ്റ്റ് 5ന് കൊലപ്പെടുത്തി എന്ന ആരോപണം നേരിടുകയാണ്.

ഈ കേസുകളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് കണ്ടറിയണം; എന്നാൽ ഷേക് ഹസീനയുടെ അവാമി ലീഗിന്റെയും കൂട്ടുകക്ഷികളിലെയും അംഗങ്ങളുടെ അറസ്റ്റുകളുടെ പരമ്പര കാണുമ്പോൾ പ്രതികാര നടപടികളുടെ തരംഗമായാണ് തോന്നുന്നത്. അതേസമയം തന്നെ ജമാ അത്തെ ഇസ്ലാമി ഉയർത്തെഴുന്നേൽക്കുകയാണെന്നാണ് കാണുന്നത്. അതിന്റെ ഒരു അംഗ സംഘടന – അമർ ബംഗ്ലാദേശ് പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. അതിലെ അംഗങ്ങളിൽ നിരവധി പേർക്ക് പല യൂണിവേഴ്സിറ്റികളുടെയും നടത്തിപ്പ് ചുമതല നൽകാനുള്ള സാധ്യതയുമുണ്ട്. പുതിയൊരു ബംഗ്ലാദേശിനെ കുറിച്ചുള്ള വാചകമടികൾക്കിടയിൽ തന്നെ യൂനസ് ഗവൺമെന്റ് സൊമോയ് ടിവി, ഗ്രീൻ ടിവി (മുഖ്യപ്രതിപക്ഷ മുന്നണിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി മുൻപ് ബഹിഷ്കരിച്ചവയാണിവ) എന്നീ രണ്ട് ടെലിവിഷൻ ചാനലുകൾ അടച്ചുപൂട്ടി; ‘അമർ ഷോങ് ഗാബാദി’ന്റെ പത്രാധിപർ ഹാഷിം റീസയെയും യേകട്ടോർ ടിവിയിലെ രണ്ട് സീനിയർ ജീവനക്കാരായ ഷക്കീർ അഹമ്മദിനെയും ഫർസാന രൂപയെയും അധികൃതർ അറസ്റ്റ് ചെയ്തു.

നിരന്തരമായി നടത്തുന്ന ഈ അടിച്ചമർത്തൽ പരമ്പരയ്ക്കെതിരെ ബംഗ്ലാദേശിലെ പ്രമാണിവർഗ്ഗത്തിലെ ലിബറൽ വിഭാഗങ്ങൾ ഒരക്ഷരവും മിണ്ടുന്നില്ല. ഇത് കാണിക്കുന്നത് അവരുടെ ലിബറലിസം തത്വാധിഷ്ഠിതമല്ലെന്നും അതിലുപരി അത് വെറും രാഷ്ട്രീയമാണെന്നുമാണ്. ബംഗ്ലാദേശ് വസന്തം അതിവേഗം ശീതകാലത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 10 =

Most Popular