കേരളം പല മേഖലകളിലും രാജ്യത്തിനാകെ മാതൃകയാണ്. ഇപ്പോൾ ഈ കൊച്ചുകേരളം സിനിമാരംഗത്തെ ശുദ്ധീകരിക്കുന്നതിനും അതിനെ ജനാധിപത്യപരവും സ്ത്രീ സൗഹൃദപരവുമാക്കുന്നതിനുമുള്ള നടപടികളുടെ കാര്യത്തിലും ഇന്ത്യക്കാകെ വഴികാട്ടുകയാണ്. അക്കാര്യം സ്ഥിരീകരിക്കുന്നതാണ് പ്രശസ്തയായ ഒരു ബംഗാളി നടിയുടെ, കേരളത്തിലെ ഹേമക്കമ്മിറ്റിയുടെ ചുവടുപിടിച്ച് ബംഗാളി സിനിമയെക്കുറിച്ച്, അവിടത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന. മറ്റൊരു ബംഗാളി നടി പ്രസ്താവിച്ചതായി അറിയുന്നത്, മലയാള സിനിമാരംഗത്തെക്കാൾ അൽപ്പവും മെച്ചമല്ല ബംഗാളി ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമ രംഗത്തിന്റെ അവസ്ഥയെന്നാണ്.
പ്രശസ്തയായ ഒരു യുവനടി ആക്രമിക്കപ്പെടുകയും അതിനെപ്പറ്റിയുള്ള പൊലീസ് അനേ-്വഷണം ഒരു നായക നടനിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മലയാള സിനിമയിൽ നടമാടുന്ന ചില ക്രിമിനൽ പ്രവണതകളെ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്. ആ സാഹചര്യത്തിലാണ് സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക്, ദുരിതങ്ങളിലേക്ക് പൊതുജനശ്രദ്ധ കൊണ്ടുപോകുന്നതിനായി സിനിമയിലെ സ്ത്രീ കൂട്ടായ്മ രൂപപ്പെടുന്നത്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരാകട്ടെ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവാളികളായി കരുതപ്പെടുന്നവർക്കെല്ലാമെതിരെ കർക്കശമായ പൊലീസ് നടപടിയാണ് കെെക്കൊണ്ടത്. സിനിമാരംഗത്താകെ വേരുകൾ ആഴ്-ത്തി അടക്കിവാണിരുന്നതായി അറിയപ്പെട്ടിരുന്ന നായക നടനെത്തന്നെ അറസ്റ്റ് ചെയ്ത് മൂന്നുമാസം ജയിലിലടയ്ക്കുകയും നിയമത്തിനുമുന്നിൽ കൊണ്ടുവരികയുമാണുണ്ടായത്.
ഇതു നൽകിയ ആത്മവിശ്വാസത്തിൽ കൂടിയാണ് സിനിമയിലെ പെൺകൂട്ടായ്മ രൂപപ്പെട്ടതും അവർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകിയതും. അൽപ്പവും വെെകാതെയാണ് മുഖ്യമന്ത്രിയിൽനിന്നും അതിന്മേൽ നടപടിയുണ്ടായത്. ആരുടെ ഭാഗത്തുനിന്നുമുള്ള സമ്മർദ്ദതന്ത്രങ്ങളോ പ്രക്ഷോഭങ്ങളോ കൂടാതെയാണ് അപ്പോൾ സർക്കാർ അടിയന്തരമായി നടപടി സ്വീകരിച്ചത് എന്നും ഓർക്കേണ്ടതുണ്ട്. അങ്ങനെയാണ് ഹെെക്കോടതിയിൽനിന്നും വിരമിച്ച ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയും പ്രശ്സത നടി ശാരദയും സിവിൽ സർവീസിൽ നിന്നും വിരമിച്ച കെ ബി വത്സലകുമാരിയും അടങ്ങുന്ന കമ്മിറ്റിയെ സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചത്.
തുടക്കത്തിൽ ആ കമ്മിറ്റിക്കുമുൻപാകെ തങ്ങളുടെ ആവലാതികളും പ്രശ്നങ്ങളും അവതരിപ്പിക്കാൻ സിനിമാരംഗത്തുനിന്ന് അധികമാരും, മുന്നോട്ടു വന്നില്ലയെന്നതാണ് വസ്തുത. എന്നാൽ അതിന്റെ പേരിൽ കിട്ടിയേടത്തോളം വിവരം വച്ച് ഒരു റിപ്പോർട്ടു തട്ടിക്കൂട്ടി നൽകുകയായിരുന്നില്ല ഹേമക്കമ്മിറ്റി. ആ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിന്റെ ലക്ഷ്യവും അതിലൊതുങ്ങുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ബന്ധപ്പെട്ടവരെ തേടിപ്പിടിച്ച് അവരുമായി സംസാരിച്ചും നേരിട്ടു വരാൻ കഴിയാത്തവരിൽനിന്നും അതിനു തയ്യാറാവാതിരുന്നവരിൽ നിന്നും അവർക്കു പറയാനുള്ളത് വീഡിയോയിൽ രേഖപ്പെടുത്തി വാങ്ങിയുമാണ് കമ്മിറ്റി അതിന്റെ പ്രവർത്തനം സ്തുത്യർഹമായ വിധം നടത്തിയത്. അങ്ങനെ തയ്യാറാക്കപ്പെട്ട റിപ്പോർട്ടാണ് സർക്കാരിനുമുന്നിൽ കമ്മിറ്റി സമർപ്പിച്ചത്.
ആ റിപ്പോർട്ടിൽ ഹേമ കമ്മിറ്റി അടിവരയിട്ട് വ്യക്തമാക്കിയ ഒരു കാര്യമുണ്ട്: ഈ റിപ്പോർട്ടിലെ വ്യക്തിഗതമായ വെളിപ്പെടുത്തലുകൾ ഒരു കാരണവശാലും പുറത്തുവരാൻ പാടില്ല എന്നാണത്. സ്വകാര്യത സംരക്ഷിക്കുമെന്ന ഉറപ്പിന്മേലാണ് പലരും കമ്മിറ്റിയോട് പല കാര്യങ്ങളും തുറന്നുപറയാൻ തയ്യാറായത് എന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് തിരക്കിട്ട് പുറത്തുവിടുന്നതിനപ്പുറം അതിലെ ശുപാർശകൾ നടപ്പിലാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നർഥം. ആ ദിശയിൽ ഇതിനകം തന്നെ കുറെ നടപടികൾ സർക്കാർ സ്വീകരിക്കുകയുമുണ്ടായി.
റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പരിശോധനകൾ നടത്തവെ രണ്ട് കാര്യങ്ങൾ സംഭവിച്ചതായാണ് അറിയുന്നത്. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കുമെന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിന് കത്തെഴുതി. രണ്ട്, റിപ്പോർട്ടിന്റെ പകർപ്പ് ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചില മാധ്യമപ്രവർത്തകർ വിവരാവകാശ കമ്മീഷനെ സമീപിച്ചു. അപേക്ഷ പരിശോധിച്ച് കമ്മീഷൻ 2020 ൽ ഉത്തരവിട്ടത് വിവരവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് നൽകാനാവില്ലയെന്നാണ്. വ്യക്തിയുടെ സ്വകാര്യത സംരക്ഷണം തന്നെയാണ് ഇപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടത്.
പിന്നീട് 2024ലാണ് പുതിയ വിവരാവകാശ കമ്മീഷണറുടെ മുന്നിൽ ഈ വിഷയം വീണ്ടും പരിഗണനയ്ക്ക് വരികയും അദ്ദേഹം വ്യക്തിഗതമായ വിവരങ്ങൾ ഉൾപ്പെടുന്ന ഖണ്ഡികകൾ ഒഴിവാക്കി പ്രസിദ്ധീകരിക്കാമെന്ന് സർക്കാരിന് നിർദേശം നൽകുകയും ചെയ്തത്. അതനുസരിച്ചാണ് അത് പ്രസിദ്ധീകരിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. ഇതിനിടയിൽ വന്ന രണ്ട് തടസ്സ ഹർജികളും ഹെെക്കോടതി തീർപ്പാക്കിയതിനെതുടർന്നാണ് ഇപ്പോൾ വിവരാവകാശ കമ്മീഷൻ നിർദേശപ്രകാരമുള്ള ഭാഗങ്ങൾ ഒഴിവാക്കി ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചത്.
റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംശയാതീതമായി ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്: ‘‘ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമവിരുദ്ധ–സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ സർക്കാർ നേരിടും. അതിനുള്ള നിശ്ചയദാർഢ്യം തെളിയിച്ച സർക്കാരാണിത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ചലച്ചിത്ര രംഗത്ത് ഉയർന്ന ഒരു വിഷയവും നിയമനടപടി നേരിടാതെ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനുമുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ല.’’ 2016 മുതലുള്ള അനുഭവം ഇത് വെറുംവാക്കല്ലയെന്നും നടപ്പാക്കാനുള്ള നിശ്ചയദാർഢ്യമാണ് ഈ വാക്കുകൾക്ക് പിന്നിലെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇപ്പോൾ സിനിമാരംഗത്ത് ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നതിന് സിനിമാരംഗത്തുള്ളവർക്ക് ആത്മവിശ്വാസം പകർന്നതും മുഖ്യമന്ത്രിയുടെ വാക്കുകളും സർക്കാരിന്റെ ഇതേവരെയുള്ള നടപടികളും തന്നെയാണ്. പുതിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ (ഇനിയും ഉണ്ടാകാനിടയുള്ളവയും) സിനിമ മേഖലയിലെ സ്ത്രീകൾക്കെതിരായ ക്രിമിനൽ കയ്യേറ്റങ്ങൾ അനേ-്വഷിക്കുന്നതിന് വനിതകൾ ഉൾപ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥ സംഘത്തെ തന്നെ നിയോഗിച്ച് നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുകയാണ്.
എന്നാൽ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം എന്നു പറഞ്ഞതുപോലെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനെ കടന്നാക്രമിക്കാനുള്ള സുവർണാവസരമായാണ് ഈ വിഷയത്തെ കെെകാര്യം ചെയ്യുന്നത്. എന്നാൽ സിനിമാരംഗത്ത് നടമാടുന്ന ക്രിമിനൽ നടപടികൾക്കു പിന്നിലെ മൂലധന ഇടപെടലുകളിലേക്ക് തിരിഞ്ഞുനോക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലയെന്ന കാര്യം ശ്രദ്ധേയമാണ്. കള്ളപ്പണത്തിന്റെ അതിപ്രസരം നിലനിൽക്കുന്ന മേഖലകളിൽ ക്രിമിനൽ മൂലധനമാണ് അരങ്ങുവാഴുന്നത്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സൂക്ഷ്മതലങ്ങൾ പരിശോധിച്ചാൽ ക്രിമിനൽ മൂലധന പശ്ചാത്തലം കാണാൻ കഴിയും. അത്തരത്തിൽ യഥാർഥ പ്രശ്നങ്ങളിലേക്ക് കടന്നു പരിശോധിക്കുന്നതിനുപകരം വ്യക്തിഗത ദൗർബല്യങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഇക്കിളിക്കഥകളാക്കി വിഷയത്തെ ഒതുക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾ.
യഥാർഥ വിഷയങ്ങളിലേക്ക് കടന്നുപോകാനോ അത്തരത്തിൽ ചർച്ച നടത്താനോ കുത്തക മാധ്യമങ്ങൾ തയാറാകുമെന്ന് കരുതാനാവില്ല. കാരണം അവയെയും നയിക്കുന്നത്, അവയിലും ആധിപത്യം പുലർത്തുന്നത് വലിയൊരു പരിധിവരെ ഇതേ ക്രിമിനൽ മൂലധനമാണെന്നത് കാണാതിരുന്നുകൂട. സിനിമ മേഖല ക്രിമിനൽവൽക്കരണത്തിൽ നിന്നും സ്ത്രീ വിരുദ്ധതയിൽ നിന്നും ജനാധിപത്യവിരുദ്ധതയിൽനിന്നും മുക്തമാവുകയും മാനവികതയുടെ വെളിച്ചം അവിടേക്ക് കടക്കുകയും ചെയ്താൽ അത് തങ്ങളെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് മാധ്യമചർച്ചകൾ ചുറ്റിത്തിരിയുന്നതെന്ന് ശ്രദ്ധിച്ചാൽ കാണാനാവും. അതുകൊണ്ട് അവിടെ നിന്ന് നന്മയും സത്യസന്ധതയും പ്രതീക്ഷിക്കാനാവില്ല.
എന്തായാലും സിനിമാമേഖലയിലെ സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ സിനിമാ സംഘടനകളുടെ ഇരുണ്ട മൂലകളിലേക്കെല്ലാം വെളിച്ചം പടർത്തുന്നതായാണ് നാം കാണുന്നത്. സിനിമയിലെ സ്ത്രീ കൂട്ടായ്മ തിരികൊളുത്തിയത് വലിയൊരു വിപ്ലവത്തിനു തന്നെയാണ്. സർക്കാർ അവർക്കൊപ്പം നിൽക്കുന്നത് ഇനിയും ശക്തമായി മുന്നോട്ടുപോകാൻ അവർക്ക് കരുത്തുപകരും എന്ന കാര്യത്തിൽ സംശയമില്ല. ♦