Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിആർഎസ്എസിന്റെ 
പരിവാർ സംഘടനകൾ

ആർഎസ്എസിന്റെ 
പരിവാർ സംഘടനകൾ

ആർഎസ്എസ്സും ഹിന്ദുത്വശക്തികളും
ഉയർത്തുന്ന വെല്ലുവിളി: 
അതിനെ ചെറുക്കേണ്ടതെങ്ങനെ?
പാർട്ടി വിദ്യാഭ്യാസ പരമ്പരയിൽ സിപിഐ എം 
കേന്ദ്ര നേതൃത്വം തയ്യാറാക്കിയത് 2

അനുബന്ധം – 1 
(തുടർച്ച)

സമുദായാധിഷ്ഠിത സംഘടനകൾ

രാഷ്ട്രീയ സിഖ് സംഘടന: ഗുരുനാനാക്കിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും മാതൃഭൂമിയുടെ നന്മയ്ക്കായി പ്രവർത്തിച്ച സിഖ് ഗുരുക്കന്മാരുടെ ചരിത്രത്തെ ആദരിക്കാനും എന്ന പേരിൽ 1986 നവംബർ 23നാണ് ഈ സംഘടന സ്ഥാപിച്ചത്. ആർഎസ്എസ്സിന്റെ അഭിപ്രായത്തിൽ, ഹിന്ദു സമൂഹത്തെ സംരക്ഷിക്കാനായാണ് ഖൽസ പാന്ത് രൂപീകരിക്കപ്പെട്ടത്; സിഖ് മതത്തിൽനിന്ന് വ്യത്യസ്തമല്ല ഹിന്ദുമതവും എന്നും അഭിപ്രായപ്പെടുന്നു.

ഭാരതീയ സിന്ധു സഭ: സിന്ധി വിഭാഗത്തിന്റേതായി മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത‍്. ലോകത്തിന്റെ നാനാഭാഗങ്ങളിലായി കഴിയുന്ന സിന്ധി സമൂഹത്തെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഇത് പ്രവർത്തിക്കുന്നത‍്. സിന്ധിഭാഷയിലും സാഹിത്യത്തിലുമുള്ള അറിവ് പ്രചരിപ്പിക്കുകയും സിന്ധി വിശേഷ ദിവസങ്ങളും ഉത്സവങ്ങളും ആഘോഷിക്കുകയും ഇടയ്ക്കിടെ സ്ത്രീകളുടെ കൂട്ടായ്മകൾക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്യുകയുമാണ് ഈ സംഘടനയുടെ പ്രവർത്തനം. ഹെൽത്ത് ക്ലബുകൾ, മെഡിക്കൽ ചെക്കപ്പ് സെന്ററുകൾ, രക്തദാന ക്യാമ്പുകൾ, ബുക്ക് ബാങ്കുകൾ, തൊഴിൽ ഗെെഡൻസ് ബ്യൂറോകൾ, വിവാഹ ഇൻഫർമേഷൻ സെന്ററുകൾ എന്നിവയുടെയെല്ലാം നടത്തിപ്പാണ് ഇതിന്റെ അജൻഡ.

സമരാസത്തത മഞ്ച്: ഹിന്ദു സമൂഹത്തിനിടയിൽ സാമൂഹ്യമായ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുള്ള പ്രചാരണത്തിനായി രൂപംകൊടുക്കപ്പെട്ടതാണ് ഈ സംഘടന. സമരാസത്ത എന്നതിന്റെ അർഥം സാമൂഹ്യ സമന്വയം എന്നാണ്; ജാതി വ്യവസ്ഥയെക്കുറിച്ചുള്ള സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര നിലപാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഒരു സാമൂഹ്യമാറ്റവും കൂടാതെ സാമൂഹ്യസമന്വയം എന്ന അർഥത്തിലാണ് അവർ സമരാസത്തയെക്കുറിച്ച് പറയുന്നത്. സാമൂഹ്യ അസമത്വത്തെ ആളുകൾ അംഗീകരിക്കണമെന്നും എല്ലാവരും അതുമായി പൊരുത്തപ്പെട്ട് കഴിയണമെന്നുമാണ് അവർ താൽപര്യപ്പെടുന്നത്; ജാതി നിർമാർജനത്തെ സംബന്ധിച്ചുള്ള അംബേദ്ക്കറുടെ കാഴ്ചപ്പാടിന് നേരെ എതിരായതാണിത്.

കുടുംബ പ്രബോധൻ (കുടുംബമൂല്യങ്ങൾ)
ഗൗ സംവർധൻ (പശുസംരക്ഷണം)
ദീൻദയാൽ ശോധ് സംസ്ഥാൻ (ഗ്രാമവികസനം)
സാമ്പത്തിക സംഘടനകൾ
സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം): നാഗ്പ്പൂരിൽ 1991 നവംബർ 22നാണ് എസ്ജെഎം നിലവിൽ വന്നത്. ‘സ്വാശ്രയ’ ഭാരതത്തിനും ‘സമത്വാധിഷ്ഠിത’ ലോകക്രമത്തിനും വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ് എസ്ജെഎം അവകാശപ്പെടുന്നത്. ബിജെപി ഗവൺമെന്റ് നവലിബറൽ നയത്തിന്റെ വക്താക്കളായതോടെ അവരുടെ വായടഞ്ഞുപോയി.

ലഘു ഉദ്യോഗ് ഭാരതി: ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി നിലവിൽ വന്നതാണ് ഈ സംഘടന. തൊഴിൽ നിയമങ്ങളുടെ കാര്യത്തിലും വ്യവസായ നിയമങ്ങളുടെ കാര്യത്തിലും ചെറുകിട മേഖലയ്ക്ക് ഇളവ് അനുവദിക്കണമെന്നാണ് ഇത് ആവശ്യപ്പെടുന്നത്; സെൻട്രൽ എക്സെെസിന്റെയും ഇഎസ്ഐയുടെയും പരിധിയിൽനിന്നും ഈ മേഖലയെ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.

സീമ ജനകല്യാൺ സമിതി 
(പ്രാദേശിക വികസനം)
സഹകാർ ഭാരതി 
(സഹകരണ സംഘങ്ങൾ)
അഖിലേന്ത്യാ ഗ്രാഹക് പഞ്ചായത്ത്: ഇത് പൂനെയിൽ ആരംഭിച്ച ഉപഭോക്തൃ സംഘടനയാണ്; പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു; ഇപ്പോൾ ഇന്ത്യയിലുടനീളമുണ്ട്. ഓരോ ഉപഭോഗസാധനങ്ങളുടെയും ഉൽപ്പാദനച്ചെലവ് ഉൽപ്പാദകർ വെളിപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെടുന്നു; അങ്ങനെ ആയാൽ ഉപഭോക്താവിന് ന്യായവിലയ്ക്കു തന്നെയാണ് സാധനങ്ങൾ വാങ്ങാൻ കഴിയുന്നത് എന്ന് ഉറപ്പാക്കാൻ കഴിയും.

ഗ്രാമവികാസ് (ഗ്രാമ വികസനം)
 കലാകാരരുടെയും ബുദ്ധിജീവികളുടെയും 
സംഘടനകൾ
സാഹിത്യപരിഷത്ത്
സൻസ്-കൃത് ഭാരതി
ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: ഇത് ന്യൂഡൽഹിയിലാണ് പ്രവർത്തിക്കുന്നത്. ദീൻ ദയാൽ ഉപാധ്യായയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വലിയൊരു ലെെബ്രറിയും ഇവിടെയുണ്ട്. ‘മന്ഥൻ’ എന്ന പേരിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ഒരു ത്രൈമാസിക ഈ സ്ഥാപനം പ്രസിദ്ധീകരിക്കുന്നു. ഇത് സെമിനാറുകൾ നടത്തുകയും അക്കാദമിക കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. 1977ൽ ആന്ധ്രാപ്രദേശിലെ ചുഴലി കൊടുങ്കാറ്റ് ദുരിതം വിതച്ച ഒരു പ്രദേശത്ത് ദീൻ ദയാൽ പുരം എന്ന പേരിൽ ഒരു ഗ്രാമം ഇവർ സ്ഥാപിച്ചു.

സൻസ്-കാർ ഭാരതി (കല): 1981 ജനുവരി ഒന്നിനാണ് ഔപചാരികമായി ഇത് സ്ഥാപിച്ചതെങ്കിലും 1954ൽ തന്നെ ഇതിന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ഹിന്ദുക്കൾക്ക് ഇന്ത്യൻ കലകൾ ആസ്വദിക്കുന്നതിന് പാശ്ചാത്യ സാക്ഷ്യപത്രങ്ങളെ ആശ്രയിക്കുന്നതിനുപകരം നിലവിൽ വന്നതാണ് ഈ സംഘടന. ഹിന്ദു സംസ്കാരത്തിന്റെയും കലയുടെയും അന്തഃസത്ത സഹാനുഭൂതിയും മനുഷ്യത്വവുമാണെന്നും നിർദ്ദേശിക്കപ്പെടുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി ഇതിന് 500ലധികം ശാഖകളുണ്ട്: ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, അനൂപ് ജലോട്ട, സോണാൽ മാൻസിങ്, സുധ ഫാഡ്കെ, വിമൽ ലത തുടങ്ങിയവരെ പോലെ സാഹിത്യം, സംഗീതം, നൃത്തം, നാടകം, സിനിമ തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽനിന്നുള്ള പ്രമുഖരും പ്രശസ്തരുമായ ആയിരക്കണക്കിനു കലാകാരരും പണ്ഡിതരും ഇൗ സംഘടനയിലുണ്ട്.

പ്രജ്ഞാഭാരതി: ബുദ്ധിജീവികളുടേതായ ഒരു സംഘടനയാണിത്; വിജ്ഞാൻ ഭാരതി എന്ന പേരിൽ ഇതിനൊരു ശാസ്ത്രവിഭാഗവുമുണ്ട്. മതപരമായാണ് സയൻസ് പഠിപ്പിക്കേണ്ടതെന്നും മതം പഠിപ്പിക്കേണ്ടത് ശാസ്ത്രീയാടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് ഇവർ താൽപര്യപ്പെടുന്നത്.

വിജ്ഞാൻ ഭാരതി (സയൻസ്)
ഭാരതീയ ഇതിഹാസ് സങ്കലൻ യോജന: ബൗദ്ധികമായ ദിശയോടുകൂടിയ ഒരു സംഘടനയാണിത്; ഹിന്ദുവൽക്കരിക്കപ്പെട്ട ചരിത്രരചനയാണ് ഇവർ നടത്തുന്നത്. പുസ്തകപ്രകാശനം, സെമിനാറുകളും ചർച്ചകളും നടത്തൽ എന്നിവയാണ് ഈ സമിതിയുടെ പ്രവർത്തന പരിധിയിൽ വരുന്നത്.

അഖിൽ ഭാരതീയ അഭിഭക്ത പരിഷത്ത് (അഭിഭാഷക യൂണിയൻ): അഭിഭാഷകരുടെ സംഘടനയാണിത്. ഹിന്ദു പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു ജുഡീഷ്യൽ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്.

നാഷണൽ മെഡിക്കോസ് ഓർഗനെെസേഷൻ
സോഷ്യൽ സർവീസ്
വിശ്വ ആയുർവേദ പരിഷത്ത്
ആരോഗ്യഭാരതി (പൊതുജനാരോഗ്യം)
കുഷ്ഠരോഗ നിവാരൺ സമിതി
സേവാഭാരതി: 1979ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ഇത് ദരിദ്രർക്കായി വളരെ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസവും വെെദ്യസഹായവും പ്രദാനം ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനായി ഇത് ബാല കേന്ദ്രങ്ങളും ബാലിക കേന്ദ്രങ്ങളും നടത്തുന്നു.

ഇതൊരു സന്നദ്ധ സംഘടനയാണ്; നിരവധി ചേരി പ്രദേശങ്ങളും ബസ്തികളും ഇവർ ദത്തെടുത്ത് അവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു; സ്ത്രീകളെ വെെദഗ്ധ്യമുള്ളവരും സ്വയം പര്യാപ്തതയുള്ളവരുമാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഡൽഹിയിലെ 429 ചേരികളിലായി 1273 സേവന കാംപെയ്നുകൾ അത് നടത്തുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ധനപരമായ സ്വാതന്ത്ര്യം തുടങ്ങിയവ സംബന്ധിച്ച പ്രൊജക്ടുകളാണ് ഇത് ഏറ്റെടുക്കുന്നത്. ക്രെഷെകൾ, കോച്ചിങ് സെന്ററുകൾ, ടെയ്ലറിങ് സെന്ററുകൾ, ലെെബ്രറികൾ, വായനശാലകൾ, വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ദരിദ്രരെയും ചേരിനിവാസികളെയും സഹായിക്കുന്നതിനായി സാങ്കേതിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയും സേവാ ഭാരതി നടത്തുന്നുണ്ട്. രാജ്യത്തെ ഉൾപ്രദേശങ്ങളിലും പിന്നാക്ക മേഖലകളിലും സേവാഭാരതി നിരവധി സർവീസ് പ്രൊജക്ടുകൾ നടത്തുന്നുണ്ട്.

അബലാശ്രമം: ഉപേക്ഷിക്കപ്പെട്ടവരോ വിധവകളോ ആയ സ്ത്രീകൾക്കും കുട്ടികൾക്കും സേവനം നൽകുന്നതിനായുള്ളതാണ് അംബലാശ്രമം. കർണാടകത്തിൽ ബാംഗ്ലൂരിലെ ബസവനഗുഡിയിൽ 1911 സെപ്തംബർ മൂന്നിനാണ് ഇത് നിലവിൽ വന്നത്. വെങ്കട വരദ അയ്യങ്കാരും അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണമ്മയും (മുൻപ് ഇവർ ബാലവിധവയായിരുന്നു) ആണ് ഇത് ആരംഭിച്ചത്. പിന്നീട് ഇതിനെ ആർഎസ്എസ് ഏറ്റെടുക്കുകയായിരുന്നു. അഗതികളായ സ്ത്രീകൾക്ക്, അവർ ആഗ്രഹിക്കുന്നെങ്കിൽ ഇവർ കോളേജ് വിദ്യാഭ്യാസം നൽകുന്നു. ഇല്ലെങ്കിൽ ‘ഇവരുടെ ശേഷിയനുസരിച്ചുള്ള വിദ്യാഭ്യാസമോ പരിശീലനമോ നൽകുന്നു. തയ്യൽ, സ്ക്രീൻ പ്രിന്റിങ്, ബുക്ക് ബെെൻഡിങ്, കമ്പോസിങ്, നഴ്സിങ്, സ്റ്റെനോഗ്രാഫി, ടെെപ്പിങ് തുടങ്ങിയ ഉപജീവനോപാധികളിലും പരിശീലനം നൽകപ്പെടുന്നുണ്ട്.

അഖില ഭാരതീയ ദൃഷ്ടി ഹീൻ കല്യാൺ സംഘ്: ഇത് ഒരു സന്നദ്ധ സംഘടനയാണ്; അന്ധരായവരുടെ വികാസത്തിനും പുനരധിവാസത്തിനുമായി രൂപീകരിച്ചതാണിത്. കൽക്കട്ടയിലെ കേശവ് ഭവാനാണ് ഇത് രൂപീകരിച്ചത്. സമൂഹത്തിന്റെ ക്ഷേമത്തിനായി അന്ധർക്കുപോലും സംഭാവന നൽകാൻ കഴിയുമെന്നാണ് ഈ സംഘടന അഭിപ്രായപ്പെടുന്നത്.

ഭാരത് വികാസ് പരിഷത്ത്: ചെെനീസ് ആക്രമണത്തെ ചെറുക്കുന്നതിന് ആളുകളെ അണിനിരത്തുന്നതിനെന്ന പേരിൽ 1962 ജനുവരി 12ന് ഡോ. സുരാജ് പ്രകാശ് രൂപീകരിച്ച സിറ്റിസൺസ് കൗൺസിലാണ് 1963ൽ സ്വാമി വിവേകാനന്ദന്റെ ജന്മശതവാർഷികദിനത്തിൽ ഭാരത് വികാസ് പരിഷത്ത് (BVP) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. സാമൂഹിക–സാംസ്കാരിക –സേവന സംഘടനയെന്ന നിലയിലാണ് ഇത് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലായി പരിഷത്തിന് ഇപ്പോൾ 500 ശാഖകളുണ്ട്; മറ്റു രാജ്യങ്ങളിൽ 12 ശാഖകളുമുണ്ട്. ബുദ്ധിജീവികൾ, ഉയർന്ന നിലയിലുള്ള പ്രൊഫഷണലുകൾ, ഭരണാധികാരികൾ, എക്സിക്യൂട്ടീവുകൾ, വ്യവസായികൾ, ബിസിനസുകാർ എന്നീ വിഭാഗങ്ങളാണ് ഇൗ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

ഇന്ത്യക്ക് പുറത്ത് ജന്മംകൊള്ളുകയും അന്യസ്രോതസുകളിൽ നിന്നും ഊർജം ഉൾക്കൊള്ളുകയും ചെയ്യുന്ന റോട്ടറിയെയും മറ്റ് അന്താരാഷ്ട്ര സംഘടനകളെയും പോലെയുള്ളവയിൽനിന്ന് വ്യത്യസ്തമായി ബിവിപി അവകാശപ്പെടുന്നത് അത് വിഭാവനം ചെയ്യപ്പെട്ടതും ജന്മം കൊണ്ടതും ഊർജം ഉൾക്കൊള്ളുകയും ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽനിന്നും ഇന്ത്യൻ മൂല്യങ്ങളിൽ നിന്നുമാണെന്നാണ്.

പൂർവ സെെനിക സേവ പരിഷത്ത് (പിഎസ്എസ്-പി): 1992 ആഗസ്തിലാണ് ഇത് ആരംഭിച്ചത്. എക്സ് സർവീസ്-മെൻമാരുടെ രാജ്യസ്നേഹത്തെയും അച്ചടക്കത്തെയും കഴിവുകളെയും ശരിയായ വിധം വിനിയോഗിക്കുകയെന്ന മുഖ്യലക്ഷ്യമാണ് ഇതിന്റെ രൂപീകരണത്തിലുള്ളതെന്നാണ് അവർ അവകാശപ്പെടുന്നത്. ശരിയായ വിധത്തിലുള്ള വിനിയോഗം എന്നാൽ അർഥം സംഘട്ടനത്തിന്റെ രീതികൾ സംബന്ധിച്ച് ആർഎസ്എസ് വളന്റിയർമാർക്ക് പരിശീലനം നൽകാൻ അവരെ ഉപയോഗിക്കുകയെന്നാണ്. ഇത് സംബന്ധിച്ച് ഒട്ടേറെ പരിപാടികൾ ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ട സെെനികരുടെ കുടുംബങ്ങളെക്കുറിച്ചുള്ള സർവെ നടത്തുകയും അവരുടെ പുനരധിവാസത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. സെെന്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാർഥികളെ ഉദ്ബുദ്ധരാക്കാൻ അവർ സ്കുൂളുകളിലും കോളേജുകളിലും പ്രഭാഷണങ്ങൾ നടത്താറുണ്ട്. പൊതുജനങ്ങളിൽനിന്ന് പണം പിരിച്ച് അവർ രക്തസാക്ഷി സ്മാരകനിധി ഉണ്ടാക്കിയിട്ടുണ്ട്. രക്തസാക്ഷികളുടെ ജന്മസ്ഥലങ്ങളിൽ പൊതുജനക്ഷേമത്തിനായുള്ള പരിപാടികൾ ആരംഭിക്കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ട്.

വിരമിച്ച സെെനികോദ്യോഗസ്ഥരുടെ ഫോറം (Fordo) 
വിദേശരാജ്യങ്ങളിൽ 
ആർഎസ്എസും 
പരിവാർ സംഘടനകളും
സമീപകാലത്തായി, ആർഎസ്-എസ് സ്വന്തം പ്രവർത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്; ഹിന്ദുക്കളായ പ്രവാസികൾക്കിടയിലേക്ക്, പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടൻ, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവരിലേക്ക് കടന്നുചെല്ലാൻ ആർഎസ്എസ് വലിയ പരിശ്രമമാണ് നടത്തുന്നത്. സംഘപരിവാറിന്റെ ഏറ്റവുമധികം സജീവവും പ്രത്യക്ഷവുമായ സംഘടനയുടെ പ്രാതിനിധ്യം കാണാനാവുന്നത് അമേരിക്കയിലെയും മറ്റു ചില പാശ്ചാത്യരാജ്യങ്ങളിലെയും സഹസംഘടനകളിലാണ്.

ഹിന്ദുസ്വയം സേവക് (എച്ച്എസ്എസ്) ആർഎസ്എസിന്റെ പ്രതിരൂപമാണ്; അതിന്റെ പൊതുമുഖമാണ് ഫ്രണ്ട്സ് ഓഫ് ഇന്ത്യാ സൊസെെറ്റി (എഫ്ഐഎസ്); ബിജെപിയുടെ വിദേശസുഹൃത്തുക്കൾ അമേരിക്കയിലെ ബിജെപിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നു; വിശ്വഹിന്ദുപരിഷത്ത് ഓഫ് അമേരിക്ക വിഎച്ച്പിക്കായി അതേ കാര്യങ്ങൾ ചെയ്യുന്നു. ഇന്ത്യ ഡവലപ്മെന്റ് ആൻഡ് റിലീഫ് ഫണ്ട് (ഐഡിആർഎഫ്) അമേരിക്കയിലെ സേവാവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നു. അതിനും പുറമേ, സേവ ഇന്റർനാഷണൽ, സേവ വിഭാഗത്തിന്റെ എല്ലാ ഇന്റർനാഷണൽ ഫണ്ടുകളുടെയും സർവീസ് പ്രോഗ്രാമുകളുടെയും ഏകോപനമാണ് നടത്തുന്നത്. ഇന്ത്യയിൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിന് ഏകലക്ഷ്യമുള്ള സംഘടനകളിലൂടെയാണ് ഇത് നടപ്പാക്കപ്പെടുന്നത്.

വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിന് ആദ്യത്തെ പ്രചാരക് ആയി 1959ൽ കെനിയയിലേക്ക് ലക്ഷ്മൺ റാവു ഫിഡെയെ അയച്ചു. നിരന്തര യാത്രകളിലൂടെ നിരവധി രാജ്യങ്ങളിൽ സ്വയം സേവക്മാരുടെ ശൃംഖല കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. 1980കൾ മുതൽ എല്ലാ രാജ്യങ്ങളിലെയും പ്രവാസി ഇന്ത്യക്കാർക്കിടയിൽ സംഘപരിവാർ അതിവേഗം വ്യാപിക്കാൻ തുടങ്ങി. ഇപ്പോൾ ലോകത്തെ മിക്കവാറും എല്ലാ വികസിത രാജ്യങ്ങളിലും പ്രചാരക്മാർ പ്രവർത്തിക്കുന്നുണ്ട്.

ആര്യസമാജവും രാമകൃഷ്ണമിഷനുമാണ് വിദേശ രാജ്യങ്ങളിൽ സംഘപരിവാറിന്റെ മുൻഗാമികൾ. മുൻപേ തന്നെ നിലനിന്നിരുന്ന ഇവയുടെ നെറ്റ്-വർക്കിനെ ആർഎസ്എസ് ഉപയോഗപ്പെടുത്തുകയായിരുന്നു. അന്യരാജ്യത്ത് കഴിയുന്ന പ്രവാസികളുടെ ആശങ്കകളെയും സുരക്ഷിതബോധമില്ലായ്മയെയും വംശീയ, ദേശീയ വികാരങ്ങൾ ഇളക്കിവിടാൻ ഉപയോഗിക്കുന്നതിന് ആർഎസ്എസ്സിനു കഴിഞ്ഞു.

ജൂത യാഥാസ്ഥിതികരുമായും സയണിസ്റ്റ് ഗ്രൂപ്പുകളുമായും മറ്റു വിവിധ വലതുപക്ഷ ശക്തികളുമായും ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട് ഇന്ത്യക്കാരല്ലാത്തവർക്കിടയിൽ കൂട്ടാളികളെയും പിന്തുണക്കാരെയും നേടിയെടുക്കാനും അവർക്ക് കഴിഞ്ഞു.

രക്ഷാകർതൃത്വത്തിനും വിദ്യാഭ്യാസത്തിനുമായാണ് അതിന്റെ പ്രവർത്തനത്തിൽ ഏറിയ പങ്കും ഉഴിഞ്ഞുവയ്ക്കുന്നത്; ഇതാകട്ടെ, പ്രവാസികളുടെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതുമാണ്. സമ്മർ ക്യാമ്പുകൾ, ട്യൂഷൻ ക്ലാസുകൾ, സാംസ്കാരികവും മതപരവുമായ ഉത്സവങ്ങൾ, രക്ഷാകർതൃത്വ സമ്മേളനങ്ങൾ എന്നിവയാണ് അവ സംഘടിപ്പിക്കുന്നത്. ക്ഷേത്ര നിർമാണ ജോലികളും വൻതോതിൽ ഏറ്റെടുക്കാറുണ്ട്.

ആർഎസ്എസ് നിരവധി ധർമ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ട്; ഇവയാണ് അവർക്ക് വൻതോതിൽ ധനസമാഹരണത്തിന് സഹായിക്കുന്നത്. അമേരിക്കയിലെ മെരിലാൻഡിൽ 1982ൽ ആരംഭിച്ച ഐഡിആർഎഫ് 1995ലും 2002നുമിടയ്ക്ക് 50 ലക്ഷം ഡോളർ ബിജെപിക്ക് നൽകി.

പല വേഷങ്ങളിൽ പല രാജ്യങ്ങളിലെയും സർക്കാരുകളിൽ നിന്നുള്ള പിന്തുണ ആർഎസ്എസ് നേടിയെടുക്കാറുണ്ട്. ബിജെപി അധികാരത്തിലെത്തുമ്പോഴെല്ലാം, ഈ രാജ്യങ്ങളിലെ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനത്തെ സഹായിക്കാനായി സ്വയം സേവക്മാരെ ഔദ്യോഗിക പദവികളിൽ അവരോധിക്കാറുണ്ട്. എൻഡിഎ ഗവൺമെന്റ് അധികാരത്തിലിരുന്നപ്പോൾ 2003ൽ ആദ്യമായി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ സംഘപരിവാർ നിലപാട് ഊട്ടിയുറപ്പിക്കാനാണ് ഉപയോഗിക്കപ്പെട്ടത്. ഇന്റർനെറ്റിന്റെയും വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ഫലപ്രദമായ ഉപയോഗമാണ് ആർഎസ്എസ്സിന്റെ ആഗോള ശൃംഖല വികസിപ്പിച്ചതിലെ പ്രധാന ഘടകങ്ങളിലൊന്ന്.

2002ൽ അവർ സാംസ്കാരിക പഠനങ്ങൾക്കായുള്ള ഇന്റർനാഷണൽ സെന്റർ (ഐസിസിഎസ്) സ്ഥാപിച്ചു. അക്കാലം മുതൽതന്നെ മൂന്നു വർഷത്തിലൊരിക്കൽ സമ്മേളനം ചേരാറുണ്ട്. വിവിധ രാജ്യങ്ങളിലെ തങ്ങളുടെ പൗരാണിക സംസ്കാരത്തെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന വിവിധ വംശീയ വിഭാഗങ്ങളെ സംഘടിപ്പിക്കാനാണിത്.

തിങ്ക് ടാങ്കുകൾ
ദേശീയ തലസ്ഥാനത്ത് ആർഎസ്എസ്സിന്റെ പിന്തുണയോടെ നിരവധി തിങ്ക് ടാങ്കുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് : വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ (വിഐഎഫ്) 2011ൽ സ്ഥാപിച്ചു; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി വി കെ മിശ്ര, നിതി ആയോഗ് അംഗങ്ങളായ ബിബേക് ദബ്രോയ്, വി കെ സാരസ്വത് എന്നിവരാണ് വിഐഎഫുമായി ബന്ധപ്പെട്ടിരിക്കുന്നത്.

ഇന്ത്യ ഫൗണ്ടേഷൻ
2014ൽ മാത്രമാണ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപിതമായത്. സുരേഷ് പ്രഭു, നിർമല സീതാരാമൻ, ജയന്ത് സിൻഹ, എം ജെ അക്ബർ, ആർഎസ്എസ് പ്രചാരക് റാം മാധവ്, അജിത് ഡോവലിന്റെ മകൻ ശൗര്യഡോവൽ എന്നിവർ ഇതിൽ അംഗങ്ങളാണ്.

ഉദ്ഗ്രഥിത ദേശീയ സുരക്ഷാവേദി
2004ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അതിന്റെ ജനറൽ സെക്രട്ടറി പഴയ ആർഎസ്എസ്സുകാരനായ ശേഷാദ്രിചാരി ആണ്. വളരെ സ്വാധീനശക്തിയുള്ള ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് ഈ സംഘടനയ്ക്ക് ഒത്താശ ചെയ്യുന്നത് എന്ന് പറഞ്ഞുകേൾക്കുന്നു.

ഡോ. ശ്യാമപ്രസാദ് മുഖർജി 
റിസർച്ച് ഫൗണ്ടേഷൻ
2008ൽ സ്ഥാപിച്ച ഈ സംഘടന ഇന്ത്യയുടെ ദേശീയ താൽപര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും നിലപാടുകളും ഉയർത്തിപ്പിടിക്കാനും ശക്തിപ്പെടുത്താനുമുള്ള ഡോ. ശ്യാമപ്രസാദ് മുഖർജിയുടെയും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെയും ദേശീയവാദപരമായ ചിന്താഗതികളും പ്രത്യയശാസ്ത്ര കാഴ്ചപ്പാടും പ്രചരിപ്പിക്കുന്നതിനാണ് നിലനിൽക്കുന്നത്.

ഇന്ത്യ പോളിസി ഫൗണ്ടേഷൻ
2008ൽ സ്ഥാപിച്ച ഇതിന്റെ ഓണററി ഡയറക്ടർ സംഘപരിവാർ പ്രത്യയശാസ്ത്രകാരൻ എന്നറിയപ്പെടുന്ന പ്രൊഫ. രാകേഷ് സിൻഹയാണ്.
ഫോറം ഫോർ സ്ട്രാറ്റജിക് 
ആൻഡ് സെക്യുരി]റ്റി സ്റ്റഡീസ്
2010ൽ സ്ഥാപിച്ച ഈ സംഘടനയുടെ ഡയറക്ടർ മുതിർന്ന ആർഎസ്എസ്സുകാരനായ ശേഷാദ്രിചാരി ആണ്.

പബ്ലിക് പോളിസി റിസർച്ച് സെന്റർ
2011ൽ സ്ഥാപിച്ച ഇത് ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.

സെന്റർ ഫോർ പോളിസി സ്റ്റഡീസ്
1990ലാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. ആർഎസ‍്എസ് സാമ്പത്തികകാര്യ വിദഗ്ധനായ എസ് ഗുരുമൂർത്തിയും മുൻ ആർഎസ്എസ് പ്രത്യയശാസ്ത്രകാരനായ കെ എൻ ഗോവിന്ദാചാര്യയുമാണ് ഇതിന്റെ ട്രസ്റ്റികൾ.

ബിജെപി നയിക്കുന്ന എൻഡിഎ ഗവൺമെന്റിന്റെ പൊതുനയങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്നതിനാണ് ഈ തിങ്ക് ടാങ്കുകൾ പ്രവർത്തിക്കുന്നത്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 4 =

Most Popular