ഇക്കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തെ മറയാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ദൃശ്യ മാധ്യമ ഫ്ലോറുകളിലൂടെയും ഒരു വിഭാഗം നടത്തുന്ന സിപിഐ എം വിരുദ്ധ പ്രചാരണങ്ങൾ മാധ്യമ മര്യാദകളുടെ സർവ്വ സീമകളെയും ലംഘിക്കുന്നതാണ്.
സർവ്വ കുറ്റകൃത്യങ്ങളുടെയും ഉറവിടമായി സി പി ഐ എമ്മിനെയും സർവ്വ തിന്മകളുടെയും പ്രതീകങ്ങളായി പാർട്ടി നേതാക്കളെയും ചിത്രീകരിച്ചുകൊണ്ട് പാർട്ടിയെയും നേതാക്കളെയും സമൂഹമദ്ധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ബോധപൂർവ്വവും സംഘടിതവുമായ നീക്കങ്ങളാണ് അരങ്ങേറുന്നത്.
ഇതിനൊക്കെ പിന്നിലെ രാഷ്ട്രീയ താല്പര്യം വളരെ വ്യക്തമാണ്. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിൽ ഇപ്പോഴും ശക്തമായി നിലകൊള്ളുന്ന ഇടത് രാഷ്ട്രീയവും ആ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന സി പി ഐ എമ്മും ഉയർത്തുന്ന ജനകീയവും മതനിരപേക്ഷവുമായ രാഷ്ട്രീയ പ്രതിരോധത്തെ ദുർബ്ബലമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ആത്യന്തിക താല്പര്യം.
അതിനവർ, പാർട്ടിക്കുണ്ടായ ഈ തിരഞ്ഞെടുപ്പ് പരാജയത്തെയും ആ പരാജയം പാർട്ടി അണികളിലും അനുഭാവികളിലും ഉണ്ടാക്കിയ താൽക്കാലിക നിരാശയെയും മറയാക്കിക്കൊണ്ട് പാർട്ടിക്കെതിരായ സംഘടിത നീക്കം നടത്തുകയാണ്.
‘തമ്പ്രാനെന്ന് വിളിപ്പിക്കാനും പാളേൽ കഞ്ഞി കുടിപ്പിക്കാനും’ അതിയായി മോഹിക്കുന്നവരുടെ വംശം ഇപ്പോഴുമിവിടെ പാടേ കുറ്റിയറ്റ് പോയിട്ടില്ല. അവസരം പാർത്തവർ എപ്പോഴും നമുക്കുചുറ്റും പതുങ്ങി ഇരിപ്പുണ്ടായിരുന്നു.
പിണറായിയെ പോലൊരാൾ അധികാരത്തിൽ വരുന്നതും മികച്ച ഭരണ നേട്ടങ്ങളും ജനപിന്തുണയുമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർഭരണമുണ്ടാകുന്നതും ഈ ശക്തികൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതിന്റെ തെളിവ് കൂടിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നേരെ നടക്കുന്ന നെറികെട്ടതും സംഘടിതവുമായ വ്യക്തി അധിക്ഷേപം അടക്കമുള്ള പ്രചാരണങ്ങൾ.
കമ്യൂണിസ്റ്റുകാരായ ഞങ്ങളും മനുഷ്യരാണ്. മറ്റേതു മനുഷ്യരെയും പോലെ തെറ്റും ശരിയും പരിമിതികളും പോരായ്മകളുമുള്ളവർ.
എന്നാൽ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കാലാകാലങ്ങളിൽ ഞങ്ങൾ അതൊക്കെ സ്വയവും കൂട്ടായും പരിശോധിച്ചും തിരുത്തിയും തുറന്നുപറഞ്ഞും ജനങ്ങളെ കേട്ടും അവരിൽ നിന്ന് പഠിച്ചുമൊക്കെ നിരന്തരമായ പുതുക്കലുകളിലൂടെ പരിമിതികളെ മറികടന്ന് പാർട്ടിയെ ജൈവികമായി മുന്നോട്ടു നയിക്കാനാണ് ശ്രമിക്കുന്നത്.
എന്നാൽ, അഴിമതിയിലും അധാർമികതയിലും അക്രമത്തിലും പൂണ്ടു വിളയാടിയാൽ പോലും വലതുപക്ഷ പാർട്ടികളെയും അതിന്റെ നേതാക്കളെയും വിശുദ്ധാത്മാക്കളായാണ് സി പി ഐ എമ്മിനെതിരെ ഒളിയുദ്ധം നടത്തുന്ന ഇപ്പറഞ്ഞ ഇരുട്ടിന്റെ ശക്തികൾ അവതരിപ്പിക്കാറുള്ളത്.
സിപിഐ എമ്മിനെയും അതിന്റെ നേതാക്കളെയും സർവ്വ തിന്മകളുടെയും ഉറവിടങ്ങളായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമങ്ങൾക്കു പിന്നിലെ രാഷ്ട്രീയ താല്പര്യം, പാർട്ടിക്കെതിരായ കേവലം കക്ഷി രാഷ്ട്രീയ താല്പര്യമല്ല എന്നു നാം മനസ്സിലാക്കണം.
മറിച്ച്, ഈ നാടിനും ഈ നാട് ആർജ്ജിച്ച സാമൂഹ്യ ആധുനികതയ്ക്കും പുരോഗമനപരമായ എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും എതിരായ നീക്കമാണത്. സി പി ഐ എമ്മിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ള തിരിച്ചടി താൽക്കാലികം മാത്രമാണ്. ചരിത്രത്തിലുടനീളം പാർട്ടി ഇത്തരത്തിലുള്ള അനേകം തിരിച്ചടികൾ നേരിടുകയും അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടു കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയും ചെയ്തിട്ടുണ്ട്.
ഈ പരാജയത്തെയും പാർട്ടി അതുപോലെ അതിജീവിക്കുക തന്നെ ചെയ്യും. മാർക്സിസമെന്ന മാനവികതയുടെ ഉജ്ജ്വല പ്രത്യയശാസ്ത്രത്തിന്റെ കരുതലും ജനകീയ പിന്തുണയുടെ കരുത്തും കൈമുതലായി ഉള്ളിടത്തോളം കാലം ഈ പ്രസ്ഥാനം അജയ്യമായി ഇനിയും മുന്നോട്ടുതന്നെ മാർച്ച് ചെയ്യും. ♦