വിപ്ലവത്തിന്റെ പ്രയോഗ പ്രതിസന്ധികളിൽ ലെനിൻ മാർക്സിസത്തെ കാലികമാക്കാൻ നിരന്തരം ശ്രമിച്ചിരുന്നു. വിപ്ലവപൂർവ്വകാലത്തും വിപ്ലവാനന്തരവും അദ്ദേഹം നടത്തിയ സൈദ്ധാന്തിക ഇടപെടലുകൾ കേവലം ധൈഷണിക വ്യായാമങ്ങളായിരുന്നില്ല, മറിച്ച് പ്രയോഗത്തിന് ദിശാബോധംനൽകുന്ന പ്രവർത്തനങ്ങളായിരുന്നു. ഒക്ടോബർ വിപ്ലവത്തിനുതൊട്ടുമുമ്പായി രചിച്ച ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയും ഈ ഗണത്തിൽ പ്രധാനപ്പെട്ടതാണ്. 1917 ആഗസ്ത് , സെപ്തംബർ മാസങ്ങളിലാണ് ലെനിൻ ഈ കൃതി രചിക്കുന്നത്. പുസ്തകത്തിന്റെ ഒന്നാം പതിപ്പിനുള്ള അനന്തരകുറിപ്പ് – ലെനിൻ എഴുതുന്നത് വിപ്ലവത്തിനുശേഷമാണ്. 1905ലേയും 1917 ലേയും റഷ്യൻ വിപ്ലവങ്ങളുടെ അനുഭവ പാഠമെന്ന അവസാനത്തെ അധ്യായത്തിന്റെ പ്ലാൻ തയ്യാറാക്കിയിരുന്നെങ്കിലും ഒരു വരിപോലും എഴുതാൻ റഷ്യയിലെ രാഷ്ട്രീയക്കുഴപ്പം അനുവദിച്ചില്ലെന്നു പറഞ്ഞ ലെനിൻ ‘വിപ്ലവത്തിന്റെ അനുഭവ’ത്തിന്റെ ഭാഗഭാക്കാകുന്നത് അതേപ്പറ്റി എഴുതുന്നതിനേക്കാൾ എത്രയോ കൂടുതൽ ആഹ്ലാദകരവും ഉപയോഗപ്രദവുമാണെന്ന് അഭിമാനപൂർവ്വം കൂട്ടിച്ചേർക്കുന്നു.
എന്നാൽ, വിപ്ലവാനന്തര റഷ്യയെ സോഷ്യലിസത്തിലേക്കു നയിക്കുന്നതിൽ ഈ കൃതി ലെനിനെത്തന്നെ കൂടുതൽ സഹായിച്ചിട്ടുണ്ട്. ഭരണകൂടത്തെ സംബന്ധിച്ച മാർക്സിസ്റ്റ് കാഴ്ചപ്പാടിനെ കാലികമാക്കാനാണ് ലെനിൻ പ്രധാനമായും ശ്രമിച്ചത്. കൗട്സ്കിയുടെ വാദഗതികളെയും മെൻഷെവിക്കുകളുടെ പ്രയോഗാനുഭവങ്ങളേയും തുറന്നുകാണിക്കാനും ലെനിൻ ശ്രമിക്കുന്നു. മാർക്സും എംഗൽസും ഒറ്റക്കൊറ്റയ്-ക്കും കൂട്ടായും എഴുതിയ കൃതികളിലെ ഭരണകൂടസങ്കൽപ്പത്തെ ആധാരമാക്കി വിവിധ അടിസ്ഥാന ചോദ്യങ്ങൾക്ക് ഈ കൃതി ഉത്തരം തേടുന്നു. എന്താണ് ഭരണകൂടം, അതിന്റെ ചരിത്രവികാസമെങ്ങനെ?, ഭാവികമ്യൂണിസ്റ്റ് സമുദായത്തിൽ ഭരണകൂടത്തിന്റെ പങ്ക് എന്തായിരിക്കും?, കമ്യൂണിസത്തിലേക്കുള്ള പരിവർത്തനഘട്ടത്തിൽ ഭരണകൂടം എന്തു ചുമതല വഹിക്കും? തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിലും മുതലാളിത്ത കാലത്തിലും ഭരണകൂടം രൂപത്തിലും ഉള്ളടക്കത്തിലും എങ്ങനെ വ്യത്യസ്തമായിരിക്കും?, ജനാധിപത്യസ്വഭാവം രണ്ടു ഘട്ടത്തിലും എങ്ങനെയായിരിക്കും?, തൊഴിലാളി വർഗ്ഗം അധികാരം പിടിച്ചെടുത്താൽ ഭരണകൂടത്തെ എങ്ങനെ സമീപിക്കും? ഭരണകൂടത്തെ ഇല്ലായ്മചെയ്യാതെ അന്തർദ്ധാനം ചെയ്യുന്നത് എങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരങ്ങൾ ഈ കൃതി അവതരിപ്പിക്കുന്നു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽനിന്നും എംഗൽസ് എഴുതിയ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം’ എന്നിവയുടെ ഉത്‌ഭവം, ഡ്യൂറിങ്ങിനെതിരെ, പാർപ്പിട പ്രശ്നം, മാർക്സ് രചിച്ച ഗോഥാപരിപാടിയുടെ വിമർശനം, തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം,ലൂയി ബോണപ്പാർട്ടിന്റെ പതിനെട്ടാം ബ്രൂമേർ, ഫ്രാൻസിലെ ആഭ്യന്തരയുദ്ധം തുടങ്ങിയ കൃതികളിൽനിന്നും ഇരുവരും തമ്മിൽ തമ്മിലും മറ്റുള്ളവരുമായും നടത്തിയ കത്തിടപാടുകളിൽനിന്നും ദീർഘമായ ഉദ്ധരണികൾ യഥേഷ്ടം ലെനിൻ ഈ കൃതിയിൽ ഉപയോഗിക്കുന്നു. അതുവഴി ഭരണകൂടത്തെ സംബന്ധിച്ച മാർക്സിയൻ കാഴ്ചപ്പാട് അദ്ദേഹം യുക്തിഭദ്രമായി അവതരിപ്പിക്കുന്നു.
‘ബൂർഷ്വാസിയുടെ നടത്തിപ്പ് കമ്മിറ്റിയാണ് ഭരണകൂടം’ എന്ന ലളിത നിർവചനമാണ് മാനിഫെസ്റ്റോ നൽകുന്നത്. ഭരണവർഗ്ഗത്തിന്റെ മർദ്ദന ഉപകരണമാണ് എക്കാലത്തും ഭരണകൂടം. അതിന്റെ ഉത്ഭവം എംഗൽസ് ചരിത്രപരമായി അവതരിപ്പിച്ചിട്ടുണ്ട്. ഭരണകൂടം അനാദികാലം മുതൽ ഉണ്ടായിരുന്നില്ല. ഭരണകൂടമില്ലാതെ തന്നെ കാര്യങ്ങൾ സമുദായം നിർവഹിച്ച കാലമുണ്ടായിരുന്നു. സമൂഹം വർഗ്ഗങ്ങളായി വിഭജിതമായപ്പോഴാണ് ഭരണകൂടം ആവശ്യമായത്. വർഗങ്ങളില്ലാതാകുമ്പോൾ ഭരണകൂടം അപ്രസക്തമാകും. എംഗൽസിന്റെ ഭാഷയിൽ ഭരണകൂടം പുരാവസ്തുവായിത്തീരും.
എന്നാൽ,വിപ്ലവത്തോടുകൂടി ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന വ്യാഖ്യാനത്തെ ലെനിൻ നിരാകരിക്കുന്നു. മുതലാളിത്തത്തിൽനിന്നും കമ്യൂണിസത്തിലേക്ക് ഒരു പരിവർത്തന ഘട്ടമുണ്ടെന്ന് ഗോഥാപരിപാടിയിൽ മാർക്സ് അവതരിപ്പിച്ച കാഴ്ചപ്പാടിനെ ആധാരമാക്കി ലെനിൻ ആവർത്തിക്കുന്നു. മുതലാളിത്ത- – കമ്യൂണിസ്റ്റ് സമുദായങ്ങളുടെ മദ്ധ്യത്തിൽ ആദ്യത്തേതിൽ നിന്നും രണ്ടാമത്തേതിലേക്കുളള വിപ്ലവകരമായ പരിവർത്തനത്തിന്റെ ഘട്ടമുണ്ട്. ഈ കാലത്തിന്റെ ഭരണകൂടം തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവകരമായ സർവ്വാധിപത്യമല്ലാതെ മറ്റൊന്നുമാകാൻ നിവൃത്തിയില്ല,’’
കൊഴിഞ്ഞുപോകുന്നത് ഏത് ഭരണകൂടമാണെന്ന പ്രശ്നത്തെ ലെനിൻ വിശകലനം ചെയ്യുന്നു. മുതലാളിത്ത ഭരണകൂടം സ്വയം കൊഴിഞ്ഞുപോകുന്നില്ല. പാരിസ് കമ്യൂണിന്റെ പരാജയ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാർക്സും എംഗൽസും മാനിഫെസ്റ്റോയുടെ കാഴ്ചപ്പാടിൽ മാറ്റംവരുത്തുകയുണ്ടായി: ‘‘വിപ്ലവാനന്തരം പിടിച്ചെടുക്കുന്ന ഭരണകൂടത്തെ അതുപോലെ ഉപയോഗിക്കാൻ കഴിയില്ലെന്നും തച്ചുടയ്-ക്കുകയാണ് വേണ്ടതെന്നും’’ അവർ വ്യക്തമാക്കി.വിപ്ലവാനന്തര ഭരണകൂടത്തെ, തൊഴിലാളി വർഗ്ഗം നയിക്കുന്ന ഭരണകൂടത്തെ, അർദ്ധ ഭരണകൂടം എന്നാണ് ലെനിൻ വിശേഷിപ്പിക്കുന്നത്. വിപ്ലവാനന്തരം അന്തർദ്ധാനം ചെയ്യുന്നത് തൊഴിലാളി വർഗത്തിന്റെ ഭരണകൂടമാണ് അഥവാ അർദ്ധ ഭരണകൂടം. അതായത് വർഗ്ഗങ്ങൾ ഇല്ലാതാകുന്ന കാലത്താണ് ഭരണകൂടവും കൊഴിഞ്ഞുപോകുന്നത്. പരിവർത്തനഘട്ടത്തിൽ ഭരണകൂടം അനിവാര്യമാണ്.
ഈ പരിവർത്തന ഘട്ടത്തിൽ ജനാധിപത്യം എങ്ങനെയായിരിക്കും എന്ന ചോദ്യത്തിനും ഈ കൃതി ഉത്തരം നൽകുന്നു. ഭരണകൂടം അന്തർദ്ധാനം ചെയ്യുന്നതിന്റെ സാമ്പത്തിക അടിസ്ഥാനം എന്ന അഞ്ചാം അദ്ധ്യായത്തിൽ മുതലാളിത്തത്തിൽ നിന്നു കമ്യൂണിസത്തിലേക്കുളള പരിവർത്തനം ചർച്ച ചെയ്യുന്ന ഭാഗത്ത് രണ്ടു സാമൂഹ്യ വ്യവസ്ഥകളിലെ ജനാധിപത്യത്തിന്റെ സ്വഭാവത്തെ വിശകലനം ചെയ്യുന്നു . ‘‘ചെറിയൊരു ന്യൂനപക്ഷത്തിന് ജനാധിപത്യം, അതായത് പണക്കാർക്ക് ജനാധിപത്യം – – ഇതാണ് മുതലാളിത്ത സമുദായത്തിലെ ജനാധിപത്യം. മുതലാളിത്ത ജനാധിപത്യത്തിന്റെ പ്രവർത്തന സമ്പ്രദായത്തെ, നാം കൂടുതൽ സൂക്ഷ്-മമായി പരിശോധിച്ചു നോക്കുകയാണെങ്കിൽ വോട്ടവകാശം സംബന്ധിച്ചു ‘‘നിസ്സാര’’ങ്ങളായ – – അങ്ങനെയാണ് പറയുക –വിശദാംശങ്ങളിലെന്നപോലെ (സ്ഥിര താമസം, സ്ത്രീകളെ ഒഴിച്ചുനിർത്തൽ മുതലായവ) പ്രതിനിധി സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയിലും യോഗം കൂടാനുള്ള അവകാശത്തിൻ മേലുള്ള തടസ്സങ്ങളിലും (പൊതുകെട്ടിടങ്ങൾ ‘‘പിച്ചക്കാർ’’ക്കുള്ളതല്ല) ദിനപത്രങ്ങളുടെ തികച്ചും മുതലാളിത്ത രീതിയിലുള്ള സംഘടനയിലും മറ്റും മറ്റും -– ഇങ്ങനെ എല്ലാ ഭാഗത്തും ജനാധിപത്യത്തിനുമേൽ നൂറായിരം നിബന്ധനകളുള്ളതായി കാണാം’’(പേജ് 101, 102)
ലെനിൻ വിശദമാക്കുന്ന ഈ യാഥാർത്ഥ്യം അമേരിക്കയുൾപ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിൽ കാണാൻ കഴിയും. സോവിയറ്റ് യൂണിയനിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുകയും അവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോൾ ജനാധിപത്യത്തിന്റെ മഹനീയ മാതൃകയായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടുചെയ്യാനുള്ള അവകാശം പോലുമുണ്ടായിരുന്നില്ല, അഥവാ ലെനിൻ വിശേഷിപ്പിച്ചതു പോലെ സ്ത്രീകളെ ഒഴിച്ചുനിർത്തിയിരുന്നു. 1787 ൽ ഭരണഘടന അംഗീകരിച്ച അമേരിക്കയിൽ സ്ത്രീകൾ വോട്ടു ചെയ്യുന്നതിനായി 1920 വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോൾ പോലും സാർവത്രികമായി നടപ്പാക്കപ്പെട്ടില്ല. കറുത്ത വംശജരെയും നികുതിയടയ്-ക്കാൻ ശേഷിയില്ലാത്തവരെയും പുറത്തുനിർത്തിയ ജനാധിപത്യവും മഹത്തരമാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
അതുപോലെ തന്നെ പ്രധാനമാണ് മുതലാളിത്തത്തിൽ പാർലമെന്റിന്റെ പരിമിതിയെന്ന് ലെനിൻ വ്യക്തമാക്കുന്നു. ‘‘അമേരിക്ക മുതൽ സ്വിറ്റ്സർലൻഡു വരെ, ഫ്രാൻസ് തൊട്ട് ഇംഗ്ലണ്ടും നോർവേയും വരെ ഏതെങ്കിലുമൊരു പാർലമെന്ററി രാജ്യത്തെ എടുത്തു നോക്കൂ. ഭരണകൂടത്തിന്റെ യഥാർത്ഥമായ ജോലിയെല്ലാം നടക്കുന്നത് അണിയറയ്ക്കുള്ളിലാണ്. ഡിപ്പാർട്ട്മെന്റുകളും ചാൻസലറികളും ജനറൽ സ്റ്റാഫുമാണ്. പാർലമെന്റാകട്ടെ സാധാരണ ജനങ്ങളുടെ കണ്ണിൽ, ‘പ്രത്യേക ഉദ്ദേശ്യം വെച്ചു സൊള്ളുവാൻ നീക്കി വെച്ചിട്ടുള്ളതാണ്’. (പേജ് 57). ഭരണകൂട ഉപകരണം എന്ന നിലയിൽ ബ്യൂറോക്രസി എങ്ങനെയാണ് ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നതെന്ന് ലെനിൻ വിശദമാക്കുന്നു. എംഗൽസ് ബെബലിനെഴുതിയ കത്തിൽ പരാമർശിക്കുന്നതു പോലെ ‘സ്വതന്ത്രമായ ജനങ്ങളുടെ ഭരണകൂടത്തെ സ്വതന്ത്ര ഭരണകൂടമാക്കി മാറ്റിയിരിക്കുന്നു. ആ വാക്കുകളുടെ വ്യാകരണാർത്ഥമനുസരിച്ച്, ജനങ്ങളിൽ നിന്നും സ്വതന്ത്രമായ ഭരണകൂടമെന്നാണർഥം. – അതായത് ഒരു സ്വേച്ഛാധിപത്യ ഗവൺമെന്റുള്ള ഭരണകൂടം.
യഥാർത്ഥത്തിൽ ന്യൂനപക്ഷത്തിന്റെ മാത്രമായി പരിമിതപ്പെട്ട ജനാധിപത്യത്തിൽ നിന്നും എങ്ങനെയാണ് പരിവർത്തന കാലത്ത് , തൊഴിലാളിവർഗ്ഗ സർവ്വാധിപത്യ കാലത്ത് ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന പ്രശ്നം എക്കാലത്തും ചർച്ച ചെയ്യുപ്പെടുന്നതാണ്. മുതലാളിത്ത വ്യവസ്ഥിതിയിൽ ജനങ്ങൾക്ക് പരിമിതമാണെങ്കിലും അനുവദിക്കപ്പെട്ട അവകാശങ്ങളേക്കാൾ ഉയർന്ന പങ്കാളിത്തം സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിൽ ലഭ്യമാണോ? പരാജയപ്പെട്ട പാരിസ് കമ്യൂണിന്റെ അനുഭവങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ എങ്ങനെയാണ് സോവിയറ്റ് യൂണിയൻ തൊഴിലാളി വർഗ്ഗ ജനാധിപത്യം പ്രയോഗിക്കുന്നത്? വിപ്ലവത്തിനുമുമ്പുതന്നെ ലെനിൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. ‘‘തൊഴിലാളി വർഗ്ഗത്തിന്റെ സർവ്വാധിപത്യത്തിന്റെ അതായത് മർദ്ദകരെ അടിച്ചമർത്താൻ വേണ്ടി ഭരണാധികാരി വർഗ്ഗമെന്ന നിലയ്ക്ക് മർദ്ദിതരുടെ മുന്നണി വിഭാഗത്തിന്റെ സംഘടനയുടെ ഫലം ജനാധിപത്യത്തിന്റെ വെറും വിപുലീകരണം മാത്രമല്ല. ജനാധിപത്യത്തെ വൻതോതിൽ വിപുലപ്പെടുത്തുന്നതിനോടൊപ്പം തന്നെ ജനാധിപത്യം ധനിക വർഗ്ഗങ്ങളുടെയല്ലാതെ ആദ്യമായി പാവപ്പെട്ടവരുടെ ജനാധിപത്യമായി മാറുന്നു.” (പേജ് 102)
മുതലാളിത്ത രാജ്യങ്ങളിൽ ധനിക ജനാധിപത്യം അകറ്റിനിർത്തിയിരുന്ന ജനവിഭാഗങ്ങൾ സോവിയറ്റ് യൂണിയനിലെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് വന്നു. അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലാതിരുന്ന 1917 ൽ സോവിയറ്റ് യൂണിയനിൽ വനിതകൾ വോട്ട് ചെയ്യുകയും തിരഞ്ഞെടുക്കപ്പെടുക്കപ്പെടുകയും ചെയ്തു. “ജനാധിപത്യ’ രാജ്യങ്ങളിൽ നികുതിയടയ്ക്കാൻ ശേഷിയില്ലാത്ത ദരിദ്ര ജനത ജനാധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിൽ കിടന്നപ്പോൾ സോവിയറ്റ് യൂണിയനിൽ കമ്യൂണുകളെ നയിക്കുന്നത് പാവപ്പെട്ട ജനങ്ങളായിരുന്നു.
സോഷ്യലിസ്റ്റ് നിർമ്മാണ ഘട്ടത്തിൽ തിരഞ്ഞെടുപ്പുകൾ സാധ്യമാകുമോയെന്ന ചോദ്യത്തിന് ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയിൽ ലെനിൻ വ്യക്തത വരുത്തിയതാണ്. ‘‘മുതലാളിത്ത വ്യവസ്ഥിതിയിൽ യഥാർത്ഥ ഭരണം അണിയറയിലാണ് നടക്കുന്നതെന്ന് നേരത്തെ കണ്ടല്ലോ. പാർലമെന്റ്- കേവലം ചർച്ചകളുടെ വേദിയായി, പലയിടങ്ങളിലും സൊള്ളൽക്കടയായി ചുരുങ്ങുന്നു. എന്നാൽ, സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ അത് കാര്യങ്ങൾ നടത്തുന്ന സ്ഥാപനമായി വികസിക്കുന്നു. ‘പാർലമെന്ററി സമ്പ്രദായത്തിൽ നിന്നുളള പോംവഴി കാണേണ്ടത് തീർച്ചയായും ജനപ്രതിനിധി സ്ഥാപനങ്ങളെയോ തിരഞ്ഞെടുപ്പു തത്വത്തെയോ ഉപേക്ഷിക്കുന്നതിലല്ല; നേരെ മറിച്ച് ജനപ്രതിനിധി സ്ഥാപനങ്ങളെ വെറും സൊള്ളൽക്കടകളിൽനിന്നും കാര്യങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാക്കി മാറ്റിയിട്ടാണ്. കമ്യൂൺ ഭരണ നടത്തിപ്പും നിയമനിർമ്മാണവും ഒപ്പം ചെയ്യുന്ന, കാര്യങ്ങൾ നടത്തുന്ന, ഒരു സ്ഥാപനമാണ്. വെറും പാർലമെന്ററി സ്ഥാപനമല്ല.’’ (പേജ് 57)
ലെനിന്റെ കാലത്ത് ഈ കാഴ്ചപ്പാടിന് അനുസൃതമായ പ്രയോഗമാണ് ഉണ്ടായത്. എന്നാൽ, യുദ്ധകാലഘട്ടത്തിൽ വന്ന കേന്ദ്രീകരണവും പരിമിതപ്പെടലും പിന്നീട് ശക്തിപ്പെട്ടു. തൊഴിലാളി വർഗ്ഗത്തിന്റെ ജനാധിപത്യം പതുക്കെപ്പതുക്കെ പാർട്ടി ആധിപത്യത്തിലേക്ക് ചുരുങ്ങി. അതു പിന്നീട് കേന്ദ്രക്കമ്മിറ്റിയുടേയും പി ബിയുടേയും ആധിപത്യമായി പരിമിതപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് ജനാധിപത്യത്തെ സംബന്ധിച്ച ലെനിനിസ്റ്റ് കാഴ്ചപ്പാട് പ്രയോഗത്തിൽ നിഷേധിക്കപ്പെട്ടു.
ഭരണകൂടമെന്നത് ഭരണ വർഗ്ഗത്തിന്റെ അടിച്ചമർത്തൽ ഉപകരണമാണ്. ഭരണവർഗ താൽപര്യമാണ് അതിന്റെ ഉള്ളടക്കം. എന്നാൽ, എല്ലാക്കാലത്തും ഭരണകൂടത്തിന്റെ രൂപം ഒരേ പോലെയായിരിക്കുകയില്ലെന്ന കാര്യം ലെനിൻ ശരിയായി വിലയിരുത്തി. യഥാർത്ഥത്തിൽ എംഗൽസിന്റെ കാഴ്ചപ്പാട് ആവർത്തിച്ചുറപ്പിക്കുകയാണ് ലെനിൻ ചെയ്തത്. ‘‘ഭരണകൂടത്തിന്റെ രൂപമെന്താകണമെന്ന കാര്യത്തിൽ എംഗൽസ് യാതൊരു അനാസ്ഥയും കാണിച്ചില്ല. നേരെമറിച്ച് ഓരോ പ്രത്യേക രാജ്യത്തിലേയും അന്നത്തെ മൂർത്തവും ചരിത്രപരവുമായ സവിശേഷതകൾക്കനുസരിച്ച് ആ സമയത്തെ പരിവർത്തനരൂപങ്ങൾ എന്തിൽനിന്ന് എന്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നു സ്ഥാപിക്കാൻ ആ പരിവർത്തനരൂപങ്ങളെ അങ്ങേയറ്റത്തെ ശ്രദ്ധയോടെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണ് ചെയ്തത്.’’ (പേജ് 85) മുതലാളിത്ത രാജ്യങ്ങളിൽ അതാതുകാലത്തെ ഭരണവർഗ താൽപ്പര്യം അനുസരിച്ച് ഭരണകൂട രൂപങ്ങളിൽ മാറ്റം വരും. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുശേഷം ഭരണകൂടത്തിന് ഒരേ രൂപമായിരുന്നില്ല. ഭരണവർഗ്ഗതാൽപര്യം കൂടി പരിഗണിച്ചാണ് അർദ്ധ ഫാസിസ്റ്റ് വാഴ്ചയ്-ക്ക് ആവശ്യമായ രൂപത്തിലേക്ക് ഒരു ഘട്ടത്തിൽ ഭരണകൂടം മാറിയത്. നവഉദാരവൽക്കരണ കാലത്ത് മൂലധനത്തിന് കൂടുതൽ സ്വാതന്ത്ര്യം ആവശ്യമായി. Less govern the best government എന്ന മുദ്രാവാക്യം മുതലാളിത്ത രാജ്യങ്ങളിലെ പൊതു മുദ്രാവാക്യമായി മാറി.എന്നാൽ, ആഗോളവൽക്കരണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അമിതാധികാര പ്രവണതകളുള്ള ഭരണ സംവിധാനം, നയങ്ങളുടെ നടത്തിപ്പിന് ഇത്തരം രാജ്യങ്ങളിൽ ഭരണവർഗത്തിന് ആവശ്യമായി വന്നു. സമകാലിക തീവ്രവലതുപക്ഷ ഭരണസംവിധാനങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. ലെനിൻ വ്യക്തമാക്കിയതുപോലെ ഈ പരിവർത്തന രൂപങ്ങൾ അതാതുകാലത്തെ മൂർത്ത സാഹചര്യങ്ങൾക്കനുസൃതമായി സ്വീകരിക്കുന്നതാണ്.
എന്നാൽ സോവിയറ്റ് യൂണിയനിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഭരണകൂട രൂപം സംബന്ധിച്ച ലെനിനിസ്റ്റ് കാഴ്ചപ്പാട് പ്രയോഗത്തിൽ നിരാകരിക്കപ്പെട്ടു. ലോകയുദ്ധകാലത്ത് ഭരണകൂടം കൂടുതൽ കേന്ദ്രീകൃതമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ സോഷ്യലിസത്തെയും സോവിയറ്റ് യൂണിയനെയും സംരക്ഷിക്കുന്നതിന് അത് അത്യാവശ്യമായിരുന്നു. യുദ്ധാനന്തരം ഭരണകൂടം ലെനിൻ സൂചിപ്പിച്ചതുപോലെ കൂടുതൽ കൂടുതൽ ജനാധിപത്യ രൂപത്തിലേക്ക് വളരണമായിരുന്നു. എന്നാൽ, അതിനു കടകവിരുദ്ധമായി കൂടുതൽ കൂടുതൽ കേന്ദ്രീകൃതമായി. ഇതും തകർച്ചയിലേക്ക് വഴിയൊരുക്കിയ മറ്റൊരുഘടകമാണ്.
ഒരു സാമൂഹ്യവ്യവസ്ഥയിൽ എല്ലാ രാജ്യങ്ങളിലും ഭരണകൂടത്തിന് ഒരേ രൂപമായിരിക്കുകയില്ല. അമേരിക്കയിൽ ഫെഡറൽ റിപ്പബ്ലിക് ഇപ്പോഴും ആവശ്യമാണ്.എന്നാൽ, സ്വിറ്റ്സർലൻഡിലും ഇംഗ്ലണ്ടിലും അതേ രൂപമാകണമെന്നുമില്ലെന്നും ലെനിൻ വ്യക്തമാക്കുന്നു. (പേജ് 85) മുതലാളിത്തം സ്വീകരിച്ച ഈ രീതി സോഷ്യലിസത്തിൽ ശരിയായ രൂപത്തിൽ നടപ്പിലാക്കപ്പെട്ടില്ല. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ റഷ്യൻ മാതൃക അടിച്ചേൽപ്പിക്കപ്പെട്ടു. റഷ്യയിൽ വിപ്ലവം നടന്ന സന്ദർഭത്തിലെ വസ്തുനിഷ്ഠ സാഹചര്യമായിരുന്നില്ല ഈ രാജ്യങ്ങളിലുണ്ടായിരുന്നത്. ബൂർഷ്വാ ജനാധിപത്യം കുറേക്കൂടി വികസിതമായ ഈ രാജ്യങ്ങളിൽ അന്ന് ജനങ്ങൾക്ക് ലഭിച്ചിരുന്നതിനേക്കാൾ വികസിതമായ പങ്കാളിത്തം നൽകുന്നതിനു പകരം കേന്ദ്രീകൃത സ്വഭാവത്തിന്റെ വാർപ്പു മാതൃകയിലേക്ക് പോയി.
ഭരണകൂട ഉപകരണങ്ങളെ സംബന്ധിച്ച് എംഗൽസ് നടത്തിയ നിരീക്ഷണങ്ങളെ ലെനിൻ ഈ കൃതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. ‘മധ്യയുഗത്തിൽ ആദ്യമായി ഉത്ഭവിച്ച സ്ഥിരം പട്ടാളം, പൊലീസ്, ഉദ്യോഗസ്ഥമേധാവിത്വം, പുരോഹിത വർഗം, ന്യായാധിപർ എന്നീ സർവ്വവ്യാപിയായ സ്ഥാപനങ്ങളോടുകൂടിയ കേന്ദ്രീകൃത ഭരണകൂടശക്തി’’ എന്നതായിരുന്നു ലെനിൻ നിർവചിച്ചത്.( പേജ് 51) എന്നാൽ, ഈ ഉപകരണങ്ങൾകൊണ്ടു മാത്രമാണോ ഭരണവർഗ്ഗം ആധിപത്യം നിലനിർത്തുന്നതെന്ന ചോദ്യത്തിന് പിന്നീട് പല മാർക്സിസ്റ്റുകളും ഉത്തരം തേടിയിട്ടുണ്ട്. ഹെജിമണി പരികൽപന അന്റോണിയോ ഗ്രാംഷിയെപ്പേോലുള്ളവർ അവതരിപ്പിക്കുമ്പോൾ മറ്റു തലങ്ങളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടിച്ചമർത്തുന്ന ഉപകരണങ്ങൾ (oppressive state Apparatus, OSA) കൊണ്ട് മാത്രം ദീർഘകാലത്തേക്ക് ഭരണവർഗ്ഗത്തിന് ആധിപത്യം നിലനിർത്താൻ കഴിയില്ലെന്നു കണ്ട ലൂയീ അൾത്തുസർ , പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങൾ (ideologial state apparatus ,ISA) എന്ന പുതിയ പരികൽപന അവതരിപ്പിച്ചു. സമ്മതി നിർമ്മാണം നടത്തുന്ന വിദ്യാഭ്യാസം, മതം, ഭരണവർഗ്ഗ രാഷ്ട്രീയ പാർട്ടികൾ, ഭരണവർഗ്ഗ ട്രേഡ് യൂണിയനുകൾ, മാധ്യമം എന്നിവയെല്ലാം പ്രത്യയശാസ്ത്രഭരണകൂട ഉപകരണങ്ങളാണ്.
ആധുനിക കാലത്ത് ശാസ്ത്ര – സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം ഈ ഉപകരണങ്ങളുടെ സാധ്യത വർധിപ്പിച്ചിരിക്കുന്നു. നുണ നിർമ്മാണ ഫാക്ടറികൾ കൃത്രിമ സമ്മതികളെ അതിവേഗത്തിൽ നിർമ്മിക്കുന്നു. മറുവശത്ത് സാങ്കേതികവിദ്യ ഭരണ നിർവ്വഹണത്തെ കൂടുതൽ സുതാര്യവും ജനാധിപത്യപരവുമാക്കാനുള്ള സാധ്യതകൾ വിപുലപ്പെടുത്തുന്നു. നിർമ്മിത ബുദ്ധിയും റോബോട്ടുകളും മനുഷ്യഅദ്ധ്വാനശേഷി ആവശ്യമില്ലാത്ത ഉൽപ്പാദന രീതിയിലേക്ക് അതിവേഗത്തിൽ മാറുന്നു. ഇത് ഭരണകൂട സങ്കൽപ്പം സംബന്ധിച്ച പുതിയ വിശകലനം ആവശ്യപ്പെടുന്നുണ്ട്. ലെനിൻ ഈ കൃതിയിൽ മുന്നോട്ടുവെച്ച അടിസ്ഥാന ദർശനം അത്തരത്തിലുള്ള അന്വേഷണത്തിന് ദിശാബോധം പകരുന്നതാണ്. ♦