Saturday, April 27, 2024

ad

Homeഅനുസ്മരണംകോടിയേരിയെ സ്മരിക്കുമ്പോൾ

കോടിയേരിയെ സ്മരിക്കുമ്പോൾ

പിണറായി വിജയൻ

ഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. ആ അസാന്നിധ്യം നികത്താനാകാത്തതാണെങ്കിലും അദ്ദേഹത്തിന്റെ ചിരസ്മരണകൾ ഒരു വഴിവിളക്കുപോലെ നമുക്കുമുന്നിൽ ജ്വലിക്കുകയാണ്. ഏതു പ്രതികൂല സാഹചര്യത്തേയും ധീരമായി നേരിടാനുള്ള മനശ്ശക്തിയും പ്രത്യയശാസ്ത്രദാർഢ്യവും കോടിയേരിക്കുണ്ടായിരുന്നു.

ഒരു മികച്ച കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലുള്ള കോടിയേരിയുടെ വളർച്ച ആരംഭിക്കുന്നത് കർഷക, തൊഴിലാളി സമരങ്ങളുടെ ഉജ്ജ്വല ചരിത്രമുറങ്ങുന്ന കണ്ണൂരിന്റെ മണ്ണിൽ നിന്നുമാണ്. 1964-ൽ സി.പി.ഐ.എം രൂപീകരണത്തിന് ശേഷം പാർട്ടിയിൽ ചേർന്ന ആദ്യ തലമുറയുടെ പ്രതിനിധിയാണദ്ദേഹം. കണ്ണൂരിലെ ശക്തമായ പാർട്ടി അടിത്തറയുടെ കരുത്ത് കോടിയേരിയ്ക്ക് ആശയപരവും സംഘടനാപരവുമായ ദിശാബോധം പകർന്നു. ജനകീയസമരങ്ങളുടെയും സംഘാടനങ്ങളുടേയും മൂശയിൽ വാർത്തെടുക്കപ്പെട്ട സഖാവ് വളരെ പെട്ടെന്നു തന്നെ ശ്രദ്ധേയനായ കമ്യൂണിസ്റ്റ് നേതാവായി വളർന്നു.

സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്‌എഫ്‌ഐ) നേതൃസ്ഥാനമേറ്റെടുത്ത് കോടിയേരി നടത്തിയ പ്രവർത്തനങ്ങൾ സംഘടനയുടെ വളർച്ചയിൽ മാത്രമല്ല കേരളത്തിലെ യുവാക്കൾക്കിടയിലും ഇടതുപക്ഷത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങൾ കോടിയേരിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തളരാതെ സംഘടനയെ നയിക്കാൻ അദ്ദേഹം മുന്നിൽ നിന്നു. മിസയുടെ പേരിൽ അറസ്റ്റിലാവുകയും അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുന്നതുവരെ 18 മാസം ജയിലിൽ കഴിയുകയും ചെയ്തു. സഖാവിന്റെ നേതൃകാലയളവിൽ കേരളത്തിൽ എസ്‌എഫ്‌ഐ ശക്തമായ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായി ഉയർന്നു.

അടിയന്തരാവസ്ഥക്കാലത്തെ സ്വേച്ഛാധിപത്യവും തീവ്രമായ പൊലീസ് അടിച്ചമർത്തലുകളും ആർഎസ്എസ് പോലുള്ള പിന്തിരിപ്പൻ ശക്തികളുടെ തുടർന്നുള്ള ആക്രമണങ്ങളും എല്ലാം ഉണ്ടായിട്ടും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിമോചനത്തിനായും കേരള സമൂഹത്തെ മാതൃകാപരമായി കെട്ടിപ്പടുക്കുന്നതിനുമായും പാർട്ടി തെളിച്ച പ്രക്ഷോഭത്തിന്റെ പാതയിലൂടെ കൂടുതൽ ധീരതയോടെ മുന്നോട്ടുപോവുകയാണ് കോടിയേരി ചെയ്തത്. പാർട്ടിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സഖാവു നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിൽ പാർട്ടിയുടെ വേരുകൾ കൂടുതൽ കരുത്തുറ്റതാക്കി. തുടർന്ന് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലെത്തിയ കോടിയേരി ആദ്യം സെക്രട്ടേറിയറ്റ് അംഗമായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും ചുമതല വഹിച്ചു.

വർഗീയ രാഷ്ട്രീയം ശക്തി പ്രാപിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, അതിനെതിരെ ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രതിരോധമുയർത്തിയ കോടിയേരിയുടെ രാഷ്ട്രീയ ജീവിതം നമുക്ക് പ്രചോദനം പകരും. തലശ്ശേരി കലാപകാലത്ത് മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ സ്വജീവൻ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

സംഘടനാ തലത്തിലായാലും നിയമസഭയിലായാലും മന്ത്രി എന്ന നിലയിൽ ഭരണനേതൃത്വത്തിലായാലും മികച്ച രീതിയിൽ ഇടപെടാനും അംഗീകാരം പിടിച്ചുപറ്റാനും കഴിഞ്ഞു. ഭരണ, പ്രതിപക്ഷ ബഞ്ചുകളിലായി ശ്രദ്ധേയനായ പാർലമെന്റേറിയൻ എന്ന വ്യക്തിത്വം കോടിയേരി ബാലകൃഷ്ണൻ നേടിയെടുത്തു. ജനങ്ങളുടെ പ്രശ്നങ്ങൾ സഭാവേദിയിൽ അവതരിപ്പിക്കുന്നതിലും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് സർക്കാരുകളെ നിർബന്ധിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്‌നങ്ങൾ സഭാവേദിയിൽ ഉയർത്തുന്നതിലും പ്രസംഗത്തിലൂടെയും ഇടപെടലിലൂടെയും സൃഷ്ടിക്കുന്ന ചിന്തയുടെ തെളിമകൊണ്ട് എന്തിനും പരിഹാരം കണ്ടെത്തുന്നതിലും മാതൃകയായി. ആഭ്യന്തര വകുപ്പിൽ മാത്രമല്ല, ഒപ്പം ഉണ്ടായിരുന്ന ടൂറിസത്തിലടക്കം ഊർജ്ജസ്വലങ്ങളായ ചലനങ്ങൾ ഉണർത്തുന്നതായി കോടിയേരിയുടെ ഭരണകാലം. മികവുറ്റ ഭരണാധികാരി എന്ന വിശേഷണം ചുരുങ്ങിയ നാളുകൾകൊണ്ടുതന്നെ സഖാവിനു കേരള ജനത നൽകി.

പാർട്ടി അനേകം വെല്ലുവിളികളും പ്രശ്നങ്ങളും നേരിടുന്ന ഘട്ടത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റംഗം, സെക്രട്ടറി എന്നീ നിലകളിൽ കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ശാന്തമായി ഇടപെടാനും പരിഹാരം കണ്ടെത്താനും അസാമാന്യമായ ശേഷിയാണ് സഖാവ് പ്രകടിപ്പിച്ചത്. പാർട്ടി ശത്രുക്കളോട് കർക്കശമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ പൊതുവായ കാര്യങ്ങളിൽ സംയമനത്തോടെയും സൗമനസ്യത്തോടെയും ഇടപെടുന്ന ശീലം ബാലകൃഷ്ണൻ എന്നും മുറുകെപ്പിടിച്ചു. എല്ലാവരോടും സൗഹാർദ്ദപൂർവ്വം പെരുമാറിക്കൊണ്ടുതന്നെ പാർട്ടിയുടെ നിലപാടുകളിൽ നിന്ന് അണുവിട വ്യതിചലിക്കാതിരിക്കാൻ അദ്ദേഹം നിർബന്ധബുദ്ധി കാണിച്ചു.

ബൗദ്ധികമായി സ്വയം പുതുക്കാൻ സന്നദ്ധത കാണിച്ചിരുന്ന കമ്യൂണിസ്റ്റായിരുന്നു കോടിയേരി. പുതിയ അറിവുകൾ നേടാനും അവയെ പാർട്ടി പരിപാട്ടിക്കും മാർക്സിസ്റ്റ് ദാർശനികതയ്ക്കും അനുസൃതമായി വിലയിരുത്താനും ഉൾക്കൊള്ളാനും കോടിയേരി ശ്രദ്ധ കാണിച്ചിരുന്നു. മാറിയ സാഹചര്യങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ ശക്തിചോരാതെ കാക്കാൻ സഖാവിന്റെ ഈ ഗുണം സഹായകമായിരുന്നു. പ്രത്യയശാസ്ത്ര പ്രതിബദ്ധത നിലനിർത്തിക്കൊണ്ടു തന്നെ സ്വയം നവീകരിക്കാനുള്ള കോടിയേരിയുടെ കഴിവ് സഖാക്കൾ മാതൃകയാക്കേണ്ടതാണ്.

സഖാവ് കോടിയേരി നടന്നുതീർത്ത ജീവിതവഴികൾ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പാർട്ടി കൂറിന്റെയും വലിയ മാതൃകകൾ നമുക്ക് കാണിച്ചുതരുന്നുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നാണ് സഖാവ് വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത്. എണ്ണമറ്റ പോരാട്ടങ്ങൾ, അറസ്റ്റുകൾ, ലോക്കപ്പ് മർദ്ദനങ്ങൾ, തടവറവാസങ്ങൾ തുടങ്ങിയവയാൽ സംഭവബഹുലമായിരുന്നു ആ ജീവിതം. തന്റെ ജീവിതം തന്നെ പാർട്ടിക്കായി അർപ്പിച്ച മഹാന്മാരായ വിപ്ലവകാരികൾക്കിടയിലാണ് സഖാവിന്റെ സ്ഥാനം. അചഞ്ചലമായ പാർട്ടിക്കൂറ്, അനന്യമായ സംഘാടനമികവ്, പാർട്ടി കേഡർ സംവിധാനത്തെ ചലിപ്പിക്കാനുള്ള മിടുക്ക് തുടങ്ങി കോടിയേരിയിൽ നിന്ന് പഠിക്കാനേറെയുണ്ട്. പാർട്ടി നിരന്തരമായ വേട്ടയ്-ക്കു വിധേയമായ സമയത്തെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് സഖാവ്. കരുത്തുറ്റ വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനമായി ഈ പാർട്ടിയെ വളർത്തുന്നതിൽ സഖാവ് കോടിയേരി വഹിച്ച പങ്ക് ചെറുതല്ല. മഹത്തായ ആ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 9 =

Most Popular