Sunday, November 9, 2025

ad

Homeഅനുസ്മരണംഷാജി എൻ കരുൺ: പുരോഗമന സാംസ്-കാരിക
പ്രസ്ഥാനത്തിന്റെ സർഗ്ഗാത്മകനേതൃത്വം

ഷാജി എൻ കരുൺ: പുരോഗമന സാംസ്-കാരിക
പ്രസ്ഥാനത്തിന്റെ സർഗ്ഗാത്മകനേതൃത്വം

അശോകൻ ചരുവിൽ

2018ലാണ് ഷാജി എൻ.കരുൺ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. പൊതുവെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സാഹിത്യത്തെ പ്രതിനിധീകരിക്കുന്നവരാണ് എത്തുക പതിവ്. ലോകം ആദരിക്കുന്ന ഒരു കലാപ്രതിഭ നായകനായി വന്നതുവഴി വ്യത്യസ്തവും കുറേക്കൂടി നവീനവുമായ ഒരു വഴിയിലേക്ക് സംഘത്തിന് സഞ്ചരിക്കാൻ കഴിഞ്ഞു.

2018 കേരളത്തെ സംബന്ധിച്ച് നിർണായകമായ വർഷമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനും, അതിനോടുള്ള പ്രതികരണം എന്ന നിലയിൽ സമാനതകളില്ലാത്ത ജനകീയ കൂട്ടായ്മക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. നമ്മുടെ രാജ്യമാകട്ടെ അതിനകം അത്യധികം പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ ആയിരക്കണിനു വർഷത്തെ മതനിരപേക്ഷ സംസ്കാരവുമായോ അതിമഹത്തായ ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭവുമായോ ഒരു നിലയ്-ക്കും ബന്ധമില്ലാത്ത, അതിനെല്ലാം വിരുദ്ധമായ ഒരു മതഭീകര രാഷ്ട്രീയകക്ഷി രാജ്യം ഭരിക്കാനാരംഭിച്ചിരുന്നു. അവരുയർത്തുന്ന വെല്ലുവിളിയെ കേരളത്തിൽ സാംസ്കാരികമായി പ്രതിരോധിക്കാനുള്ള പ്രധാന ഉത്തരവാദിത്വം സ്വാഭാവികമായും പുരോഗമന കലാസാഹിത്യ സംഘമാണ് ഏറ്റെടുത്തത്. അതോടെ സാംസ്കാരികപ്രവർത്തനം ഒരു ജനകീയപ്രക്ഷോഭത്തിന്റെ രൂപം കൈവരിച്ചു.

ആ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്കാണ് ഷാജി എൻ.കരുൺ എന്ന വിശ്വോത്തര ചലച്ചിത്രപ്രതിഭ എത്തുന്നത്. എഴുത്തുകാരെയും കലാകാരരെയും പലവിധ പദവികളും സ്ഥാനമാനങ്ങളും തേടിയെത്താറുണ്ട്. അതിൽ പലതും അവരുടെ സംഭാവനകളെ പരിഗണിച്ചു നൽകുന്ന ബഹുമതികളാണ്. അക്കാദമികളിലെ അധ്യക്ഷസ്ഥാനമെല്ലാം അങ്ങനെ കാണാവുന്നതാണ്. എന്നാൽ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റ്- എന്ന പദവിയെ അമ്മട്ടിൽ കരുതാനാവില്ല. കേരളത്തിലെ – ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തവും സജീവവുമായ സംസ്കാരികസംഘടനയാണ് എന്നത് വാസ്തവം തന്നെ. അതിന്റെ ഭാഗമായ ജനപിന്തുണയും ആദരവും പ്രസിഡന്റിന് ലഭിക്കും എന്നതും ശരി. പക്ഷേ സംഘത്തിന്റെ നേതൃത്വച്ചുമതല ഒരിക്കലും ഒരു കനകസിംഹാസനമോ പട്ടുമെത്തയോ അല്ല. ആദ്യത്തെ പ്രസിഡന്റ് മഹാകവി വൈലോപ്പിള്ളിയാണല്ലോ. അടിയന്തരാവസ്ഥ എന്ന പേരിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കോൺഗ്രസ് പാർട്ടിയും ജനാധിപത്യത്തിനുമേൽ നടത്തിയ കടന്നാക്രമണങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് വൈലോപ്പിളളി പുരോഗമന സാഹിത്യപ്രസ്ഥാനവുമായി സംഘടനാപരമായി ബന്ധപ്പെടുന്നതും തുടർന്ന് അതിന്റെ പ്രസിഡന്റാവുന്നതും. എന്നുവെച്ചാൽ എഴുത്തിനു പുറമെ മറ്റൊരു ആത്മസംഘർഷത്തെ മഹാകവി സ്വയംവരിച്ചു എന്നർത്ഥം.

1936 ൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ വേദിയിൽ വെച്ച് രൂപപ്പെടുന്ന ഘട്ടം മുതൽ തന്നെ പുരോഗമന സാംസ്കാരികപ്രസ്ഥാനം അതിന്റെ അപായകരമായ വഴികൾ തെരഞ്ഞെടുത്തിരുന്നു. വ്യവസ്ഥയുടെ സംസ്കാരത്തെ ചെറുത്തുനിൽക്കുക എന്നത് ഏറ്റവും ശ്രമകരമായ സംഗതിയാണ്. അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കലാകാരർക്ക് സാർവ്വത്രികമായ അംഗീകാരം ലഭിച്ചു എന്നു വരില്ല. പരവതാനി വിരിച്ച രാജപാതകളിൽ നിന്ന് അവർ തള്ളിമാറ്റപ്പെടാനാണ് സാധ്യത. മാത്രമല്ല 1975 ലെ അടിയന്തരാവസ്ഥക്കാലം, ഇന്നത്തെ ഹിന്ദുത്വ വാഴ്ചക്കാലം പോലെയുള്ള നിർണ്ണായക ഘട്ടങ്ങളിൽ അധികാരത്തിന്റെ ഭാഗത്തു നിന്ന് കായികമായ ആക്രമണങ്ങൾ കൂടി പ്രതീക്ഷിക്കണം. ബഹുമതിപത്രങ്ങൾക്ക് പകരം ജയിൽ, മർദ്ദനം എന്നിവയാണ് ലഭിക്കുക. ഗൗരി ലങ്കേഷും കൽബുർഗിയും മറ്റും ഏറ്റുവാങ്ങിയതുപോലുള്ള പുരസ്കാരങ്ങൾക്കും വകയുണ്ട്.

എന്നിട്ടും നമ്മുടെ എഴുത്തുകാർ അവരുടെ രചനാമുറിയിൽ നിന്നും, കലാകാരർ അവരുടെ സ്‌റ്റുഡിയോകളിൽ നിന്നും പുറത്തുവന്ന് സാംസ്കാരികപ്രതിരോധം എന്ന ജീവിതപരീക്ഷണത്തിന് തയ്യാറാവുന്നു എന്നത് മനുഷ്യൻ എന്ന പദത്തെ കൂടുതൽ മഹത്വമേറിയതാക്കുന്നു. രാഷ്ട്രീയത്തെ പ്രത്യക്ഷവിഷയമായി തന്റെ മാധ്യമമായ സിനിമയിൽ സ്വീകരിച്ചയാളല്ല ഷാജി എൻ.കരുൺ. അദ്ദേഹത്തിന്റെ ആദ്യ സിനിമ “പിറവി’ ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ ഒരു രാഷ്ട്രീയപ്രശ്നത്തിന്റെ – അടിയന്തരാവസ്ഥയുടെ – ഉപോത്പന്നമാണ് എന്നത് സത്യം തന്നെ. 1975- – 80 കാലത്ത് ഇതെഴുതുന്നയാൾ ഒരു കോളേജ് വിദ്യാർത്ഥിയായിരുന്നു. എന്റെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തിയ അക്കാലത്തെ ഓർമ്മിച്ചുകൊണ്ടും അനുഭവിച്ചും അല്ലാതെ ആ സിനിമ എനിക്കു കാണാനാവില്ല. പക്ഷേ അന്നത്തെ രാഷ്ടീയാന്തരീക്ഷത്തെ ദൃശ്യത്തിനപ്പുറം നിർത്തി തന്റെ അവലംബമായ മകനെ കാത്തിരിക്കുന്ന അച്ഛനിലേക്കാണ് ഷാജി എന്ന ചലച്ചിത്രകാരൻ ക്യാമറ തിരിക്കുന്നത്. ഇത് കലയുടെ വലിയ സാധ്യതയാണ്. “സ്വം” എന്ന സിനിമയുടെ അപ്പുറത്തും നിരവധി സാമൂഹ്യപ്രശ്നങ്ങൾ കാവൽ നിൽക്കുന്നുണ്ട്. ദാരിദ്ര്യം, തൊഴിലില്ലായ്മ പോലുള്ള സംഗതികൾ. പക്ഷേ സിനിമ കേന്ദ്രീകരിക്കുന്നത് മനുഷ്യദുഃഖം എന്ന സാർവ്വകാലിക വിഷയത്തിലേക്കാണ്. അന്തമില്ലാത്ത ആഴത്തിലേക്കുള്ള പതനമാകുന്ന ജീവിതം എന്ന നരകയാത്ര. “നരജീവിതമാകുന്ന വേദന’ എന്നാണ് കുമാരനാശാൻ കണ്ടെത്തുന്നത്. അർഭകർ – മക്കളാണ് ആ വേദനയ്-ക്കുള്ള ഔഷധങ്ങൾ എന്നും ആശാൻ കൂട്ടിച്ചേർക്കുന്നു. ജീവദായകമായ ആ മരുന്നിനെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് പരാമർശിക്കപ്പെട്ട രണ്ടു സിനിമകളും.

ഫാസിസം പോലുള്ള ഹിംസയുടെ വാഴ്ചകളെ എതിർക്കുന്ന സാംസ്കാരികപ്രസ്ഥാനങ്ങളുടെ നേതൃത്വം എന്ന മുൾക്കിരീടം ഏറ്റെടുക്കാൻ എഴുത്തുകാരും കലാകാരരും സന്നദ്ധരാവുന്നില്ലെങ്കിൽ അവരെ കുറ്റം പറയുക വയ്യ. കാരണം ആക്ടിവിസം അവരുടെ ജോലിയല്ല. സമാനമായ – ഒരുപക്ഷേ കൂടുതൽ ക്രിയാത്മമായ – ഒരു ദൗത്യം ഇക്കാര്യത്തിൽ തങ്ങളുടെ രചനാമുറിയിൽ ഇരുന്നുകൊണ്ടു തന്നെ അവർ ചെയ്യുന്നുണ്ടല്ലോ. പക്ഷേ ചില നിർണ്ണായക ഘട്ടങ്ങളിൽ മുറിവിട്ടു പുറത്തു വരാതിരിക്കാൻ അവർക്ക് നിർവ്വാഹമില്ല. ലോകചരിത്രത്തിൽ വിവിധ ദേശങ്ങളിൽ അങ്ങനെ കലാപ്രതിഭകൾ അവരുടെ കഥാപാത്രങ്ങൾക്കൊപ്പം തെരുവിലേക്കിറങ്ങി വന്നതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം, പ്രത്യേകിച്ചും അത് ജനകീയവൽക്കരിക്കപ്പെട്ട 1930കൾ മുതലുള്ള കാലം അതിന്റെ നല്ല ഉദാഹരണമാണ്. ഹിന്ദുത്വഭീകരത സർവ്വസന്നാഹങ്ങളോടെ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തമാനഘട്ടത്തിൽ എഴുത്ത്- /കലാപ്രതിഭകൾക്ക് തങ്ങളുടെ ദന്തഗോപുരങ്ങൾ വിട്ടിറങ്ങാതിരിക്കാൻ കഴിയില്ല.

അത്തരം ഒരു ചരിത്രഘട്ടത്തിന്റെ സന്ദേശം ആത്മാവിൽ ഏറ്റെടുത്തു കൊണ്ടാണ് ഷാജി എൻ.കരുൺ എന്ന ചലച്ചിത്രകാരൻ പുരോഗമന കലാസാഹിത്യസംഘം എന്ന സാംസ്കാരിക പ്രതിരോധസേനയുടെ തലപ്പത്ത് വരുന്നത്. കാലത്തിന്റെ വെല്ലുവിളി ഉൾക്കൊണ്ടതിന്റെ കരുത്തും വൈഭവവും അദ്ദേഹം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു എന്നത് കൂടെ പ്രവർത്തിച്ച ഞങ്ങൾക്കെല്ലാം നന്നായി ബോധ്യമായ കാര്യമാണ്. പ്രതിരോധത്തിന്റെ ഭാഗമായി ജനാധിപത്യപരമായ ഒരു സാസ്കാരികാന്തരീക്ഷം സമൂഹത്തിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം എല്ലായ് പോഴും ചിന്തിച്ചതും സംസാരിച്ചതും. കൃത്യമായ ഒരു ഹോംവർക്കിനു ശേഷമാണ് അദ്ദേഹം സംസ്ഥാനകമ്മിറ്റി യോഗങ്ങളിൽ വന്ന് അധ്യക്ഷത വഹിച്ചിരുന്നത്. അതുവരെ നടന്ന ചാലിൽ നിന്ന് മാറി നടക്കാൻ അദ്ദേഹം സംഘത്തെ എല്ലായ്-പ്പോഴും പ്രേരിപ്പിച്ചു. ഏറ്റവുമേറെ അദ്ദേഹം ഉൽക്കണ്ഠപ്പെട്ടിരുന്നത് സാംസ്കാരിക പ്രവർത്തനരംഗത്തെ യുവാക്കളുടെ പങ്കാളിത്തക്കുറവിനെ സംബന്ധിച്ചാണ്. ജനങ്ങളുടെ സാംസ്കാരികമായ ഇടപെടലുകളെ ആധുനിക സാങ്കേതികവിദ്യയുമായി എങ്ങനെ കൂടുതൽ ബന്ധപ്പെടുത്താം എന്നും അദ്ദേഹം അന്വേഷിച്ചു.

തന്റെ സിനിമകളിൽ എന്നതുപോലെതന്നെ വ്യത്യസ്തവും തികച്ചും മൗലികവുമായ ഒരു വീക്ഷണവും ശൈലിയുമാണ് അദ്ദേഹം സംഘത്തിന്റെ പ്രവർത്തനങ്ങളിലും സ്വീകരിച്ചത്. സാഹിത്യത്തിത്തിനപ്പുറത്ത് കലയുടെ മേഖലയിൽ നിന്നുള്ള ആ ഇടപെടലിന്റെ സൗന്ദര്യം ഞങ്ങൾ ഏറെ കൗതുകത്തോടെ വീക്ഷിച്ചിരുന്നു. ആ ഭാഷയും കാഴ്ചയും തികച്ചും വേറൊന്നായിരുന്നു. ക്യാമറ കൊണ്ട് ജീവിതാഖ്യാനം നിർവ്വഹിച്ച ഒരാളുടെ ഭാഷ വ്യത്യസ്തമാവുമല്ലോ. ഒരുവക ദൃശ്യഭാഷയിൽ ആണെന്നതു കൊണ്ട് ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ ആശയാഖ്യാനം ചിലർക്ക് പിന്തുടരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീടത് ഹൃദയത്തിൽ തൊടുംമട്ടിൽ എല്ലാവർക്കും അനുഭവമായി മാറി.

പുരോഗമന കലാസാഹിത്യസംഘത്തിൽ ഷാജി എൻ.കരുണുമൊത്ത് പ്രവർത്തിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞങ്ങളെല്ലാവരും കരുതുന്നു. “കാതിൽ മന്ത്രിക്കുന്ന സ്നേഹം’ എന്നാണല്ലോ നടൻ മോഹൻലാൽ ഈയിടെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വലുപ്പചെറുപ്പങ്ങൾ പരിഗണിക്കാതെ ആ സ്നേഹം എല്ലാവർക്കും അനുഭവിക്കാനായി. 2018ൽ കൂടിയ സംഘത്തിന്റെ സംസ്ഥാന കൺവെൻഷനിൽ വെച്ചാണ് ഷാജി എൻ. കരുൺ പ്രസിഡന്റായും ഞാൻ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുന്നത്. വിദേശവാസത്തിലായതുകൊണ്ട് ആ കൺവെൻഷനിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ജനറൽ സെകട്ടറിയുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നപ്പോൾ ഭയവും പരിഭ്രമവും ഉണ്ടായിരുന്നു. ബാല്യ,കൗമാരകാലങ്ങളിൽ രാഷ്ട്രീയപ്രവർത്തകനാണ് എന്ന് സ്വയം കരുതി നടന്നിട്ടുണ്ട്. പിന്നീട് സംഘാടകൻ എന്ന നിലയിൽ തികഞ്ഞ പരാജയമാണെന്ന് തിരിച്ചറിഞ്ഞ് പിൻവാങ്ങിയതാണ്. കൂടെയുള്ളവരുടെ കരുണയും സഹായവും ഉള്ളതുകൊണ്ട് മാത്രമാണ് നീണ്ട ആറുവർഷം പ്രവർത്തിക്കാനായത്. അതിൽ ഏറ്റവും വലിയ പിന്തുണയും സ്നേഹവും പകർന്നു തന്നത് പ്രസിഡന്റ്- ഷാജി സാർ ആയിരുന്നു. സംഘടന എന്നത് വ്യത്യസ്തമായ അഭിരുചികളുടേയും അഭിപ്രായങ്ങളുടേയും വേദിയാണല്ലോ. അതിനിടയിൽപ്പെട്ടുള്ള മാനസികവ്യഥകൾ സംഘാടകന് പറഞ്ഞിട്ടുള്ളതാണ്. പറയാതെ തന്നെ സഹജീവിയുടെ ഉലയുന്ന ഉള്ളു കാണാനുള്ള ഒരു ക്യാമറ ഷാജി സാറിന്റെ ഉള്ളിൽ നിരന്തരം പ്രവർത്തിച്ചിരുന്നു. അതെനിക്ക് വലിയ അവലംബമായി.

സംഘത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ ഉണ്ടായിരുന്ന കാലത്താണ് മനുഷ്യജീവിതത്തെ തകിടം മറിച്ച പ്രളയവും കോവിഡ് മഹാമാരിയും ഉണ്ടായത്. പ്രളയം സംസ്ഥാനത്തെ പെർഫോമിംഗ് ആർട്ടിസ്റ്റുകളുടെ ജീവിതത്തെ അനിശ്ചിതത്തിലാക്കി. കലാവതരണങ്ങൾക്കുള്ള വേദികൾ തീർത്തും ഇല്ലാതായി. നാടകത്തിനും സംഗീതത്തിനുമുള്ള ഉപകരണങ്ങൾ ഒട്ടുമുക്കാലും അക്കാലത്ത് നശിച്ചു. കലാപ്രവർത്തകരുടെ ജീവിതം അടുത്തറിയാവുന്നതുകൊണ്ട് അവരെ എങ്ങനെ സഹായിക്കാനാവും എന്നാണ് ഷാജി സാർ ആലോചിച്ചത്. കോവിഡ് കാലവും സമാനമായ അനിശ്ചിതത്വം സൃഷ്ടിച്ചു. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള സാംസ്കാരികപ്രവർത്തനത്തിന്റെ പ്രാഥമികതലത്തിലേക്ക് മാത്രമേ കലാ സാഹിത്യസംഘം അക്കാലത്ത് എത്തിയിരുന്നുള്ളു. പക്ഷേ കാലത്തിന്റെ ആവശ്യം പരിഗണിച്ച് ആയിരക്കണക്കിന് ഓൺലൈൻ കൂട്ടായ്മകൾ സൃഷ്ടിക്കാൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് കഴിഞ്ഞു. ഒരുപക്ഷേ അതിനു മുൻപും പിമ്പും നടക്കാത്ത മട്ടിലുള്ള സാംസ്കാരിക പ്രവർത്തനമാണ് കോവിഡ് കാലത്ത് നടന്നത് എന്നു പറയേണ്ടി വരും. പുസ്തകചർച്ചകൾ, കലാവതരണങ്ങൾ, ആശയസംവാദങ്ങൾ എന്നിവ നിരന്തരം നടന്നു. വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടക്കം നമ്മുടെ പൊതുവേദികളിൽ വരാത്ത വലിയൊരു സമൂഹത്തെ സംവാദരംഗത്തേക്ക് കൊണ്ടുവരാൻ സംഘത്തിന് കഴിഞ്ഞു.

ഗുജാറാത്ത് വംശഹത്യ സുചിപ്പിച്ചു എന്നതിന്റെ പേരിൽ “എമ്പുരാൻ” സിനിമയ്-ക്കും അതിന്റെ നിർമ്മാതാക്കൾക്കുമെതിരെ ഇ.ഡി പോലുള്ള കുറ്റാന്വേഷണ ഏജൻസികളെ ഉപയോഗിച്ചു കൊണ്ട് കേന്ദ്രസർക്കാർ നിരന്തരം നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിൽ 10 ന് സാംസ്കാരിക പ്രവർത്തകരുടെ ഒരു യോഗം ഷാജി സാർ തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിരുന്നു. അന്നാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ശാരീരികമായി അങ്ങേയറ്റം ക്ഷീണിതനാണെങ്കിലും ആത്മവിശ്വാസത്തോടെ അദ്ദേഹം സംസാരിച്ചു. ഏപ്രിൽ 27ന് കോട്ടയത്ത് നിശ്ചയിച്ചിരുന്ന സംഘം സംസ്ഥാന കൗൺസിൽ യോഗത്തിൽ എത്താൻ ശ്രമിക്കും എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

പക്ഷേ 27 ആയപ്പോഴേക്കും അദ്ദേഹം തീർത്തും അവശനായി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. സംസ്കാരത്തേയും അതുവഴി മനുഷ്യജീവിതത്തേയും തകർക്കാനുള്ള നവഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ നിരന്തരമായ പ്രവർത്തനങ്ങൾക്കാണ് കോട്ടയം കൗൺസിൽ യോഗം രൂപം നൽകിയത്. ആ സന്ദർഭത്തിലാണ് സംഘത്തിന്റെ നായകൻ നഷ്ടമായത്. ഭൗതികമായി ആ ശരീരം നഷ്ടമായെങ്കിലും അത് പ്രസരിപ്പിച്ച കലാനുഭവങ്ങളും ആശയ പരിസരവും ബാക്കിയുണ്ട്. അതുപയോഗിച്ചു കൊണ്ട് കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം കൂടുതൽ ശക്തമായി മുന്നോട്ടു പോകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 4 =

Most Popular