Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറിബിജെപിയുടെ 
‘പോലീസ് മോർച്ച’യായി അധഃപതിച്ച 
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)

ബിജെപിയുടെ 
‘പോലീസ് മോർച്ച’യായി അധഃപതിച്ച 
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)

കെ ജി ബിജു

യുവമോർച്ച, മഹിളാമോർച്ച, എസ് സി മോർച്ച, എസ്ടി മോർച്ച, കിസാൻ മോർച്ച, വനവാസി മോർച്ച, ന്യൂനപക്ഷ മോർച്ച എന്നിങ്ങനെ നീളുന്ന ബിജെപിയുടെ പോഷകമോർച്ചകളുടെ പട്ടികയിൽ പൊലീസ് മോർച്ചയുടെ നിയോഗമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ പോഷകസംഘടനാ ചുമതല ഏറ്റെടുത്ത് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുരുക്കുന്ന ദൗത്യമാണ് ഇഡി ഏറ്റെടുത്തിരിക്കുന്നത്. ഉത്തരവു കൈപ്പറ്റിയ നാൾ മുതൽ ഓവർ ടൈം പണിയെടുത്ത് കൂറു തെളിയിച്ചു കഴിഞ്ഞു, പുതിയ മോർച്ചയിലെ കാര്യവാഹക സംഘം.

മോദി അധികാരത്തിലെത്തിയതിനു ശേഷം ഇഡി ഉദ്യോഗസ്ഥർക്ക് ഊണും ഉറക്കവുമില്ല. കേസുകൾ കുതിച്ചുയരുകയാണ്. 2014നു ശേഷം രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള ഇഡി കേസുകളിൽ നാലു മടങ്ങാണ് വർദ്ധന. അതിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെ.

പ്രതിപക്ഷത്തിനെതിരെ ഇഡിയെ തുടലഴിച്ചു വിടുമെന്ന് ബിജെപി നേതാക്കളുടെ പരസ്യ വെല്ലുവിളി മുഴങ്ങേണ്ട താമസം അതിവേഗത്തിലാണ് കേസും അറസ്റ്റും കുറ്റപത്രവും. സിബിഐ കേസുകൾ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ ബംഗാളിലെ തൃണമൂൽ നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ ഇഡിയെ നിയോഗിക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പരസ്യമായി ഭീഷണി മുഴക്കിയത് ഇക്കഴിഞ്ഞ ആഗസ്തിൽ.

2014ൽ മോദി അധികാരമേറ്റ ശേഷം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 121 രാഷ്ട്രീയ നേതാക്കൾക്കെതിരെയാണ് ഇഡി കേസെടുത്തത്. അതിൽ 115 പേരും പ്രതിപക്ഷ കക്ഷി നേതാക്കൾ. 2004 മുതൽ 2014 വരെയുള്ള ഒരു ദശാബ്ദത്തിൽ ഇഡി കേസെടുത്തത് 26 രാഷ്ട്രീയ നേതാക്കൾക്കെതിരെ. ആ കണക്കാണ് കുതിച്ചുയരുന്നത്. സിബിഐയുടെ മൂന്നിലൊന്നുപോലും സ്റ്റാഫില്ലെങ്കിലെന്ത്? ഓവർടൈം പണിയെടുത്ത് ക്വാട്ട പൂർത്തിയാക്കുന്നുണ്ട് ഇഡി.

കേസിൽപ്പെട്ടവർക്ക് ഇളവുണ്ട്. ബിജെപിയിൽ ചേർന്നാൽപ്പിന്നെ കേസുമില്ല കുറ്റപത്രവുമില്ല. എല്ലാ നടപടിയും ഇഴയും. മിക്കവാറും നിലയ്ക്കും. ഉദാഹരണത്തിന് ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. അദ്ദേഹം കോൺഗ്രസിലായിരുന്നപ്പോൾ യുപിഎ സർക്കാരിന്റെ കാലത്ത് ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായിരുന്നു. ഇഡിയും സിബിഐയും അദ്ദേഹത്തിനെതിരെ കേസെടുത്തു. യുപിഎ കേന്ദ്രം ഭരിക്കുമ്പോൾ കോൺഗ്രസ് നേതാവായിരുന്ന ഹിമന്തയുടെ വീടും ഓഫീസും സിബിഐ റെയ്ഡുചെയ്തു. പക്ഷേ, അദ്ദേഹം ബിജെപിയിൽ ചേർന്നപ്പോൾ രണ്ട് അന്വേഷണ ഏജൻസികളുടെയും ആവേശം നിലച്ചു. ഇപ്പോൾ ഒന്നും കേൾക്കാനില്ല.

തൃണമൂൽ നേതാക്കളായിരുന്നു സുവേന്ദു അധികാരിയും മുകുൾ റോയിയും. നാരദാ ഒളികാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ ഇഡിയും സിബിഐയും കേസെടുത്തു. പിന്നീടവർ ബിജെപിയിൽ ചേർന്നു. സ്വാഭാവികമായും കേസ് നടപടികൾക്ക് ബ്രേക്ക് വീണു. കോൺഗ്രസ് ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ നിയോഗിക്കപ്പെട്ടത് സിബിഐയാണ്. ബിജെപി ആ ചുമതല ഇഡിയെ ഏൽപ്പിച്ചു.

കള്ളപ്പരാതിയും ഊമക്കത്തും കിട്ടിയാലും ചാടിവീഴുന്നവരാണ് ഇഡി. പക്ഷേ കൊടകര കുഴൽപ്പണക്കേസിൽ അവർക്ക് ഒന്നും അന്വേഷിക്കേണ്ട. കാരണം, കേസ് ബിജെപി നേതാക്കൾക്കെതിരെയാണ്. ആ കേസൊന്നും കണ്ടഭാവമില്ല. കർണാടകത്തിലെ ബിജെപി എംഎൽഎ മദൻ വിരൂപാക്ഷയുടെയും മകന്റെയും പക്കൽനിന്ന് കർണാടക പൊലീസ് 8 കോടി രൂപയാണ് പിടിച്ചെടുത്തത്. പക്ഷേ, ഇഡി കണ്ടഭാവം നടിച്ചില്ല. ബിജെപി നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ നിന്ന് കോടാനുകോടികളുടെ തട്ടിപ്പിന്റെ കണക്കും വാർത്തയും പുറത്തു വരുന്നു. ഒരു സ്ഥലത്തും ഇഡി അന്വേഷണമില്ല.

കേസന്വേഷണത്തിന്റെ മറവിൽ എന്തും ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് ഇൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയകൽപന ശിരസാവഹിക്കാൻ അവർ ഏതറ്റം വരെയും പോകും. എന്തു കുതന്ത്രവും പ്രയോഗിക്കും. കോടതികൾ പോലും പലപ്പോഴും നിസ്സഹായമായിപ്പോകും. നീതിയും ന്യായവുമൊക്കെ ചവിട്ടിയരയ്ക്കുന്നത് നിർവികാരമായി കണ്ടുനിൽക്കേണ്ടി വരും. ക്രൂരവും ദയാശൂന്യവുമായ ആ ശൈലിയുടെ ചോര മരവിപ്പിക്കുന്ന ഒരു ഉദാഹരണം സ്വന്തം അനുഭവത്തിൽ നിന്ന് ചീന്തിയെടുത്തു വെച്ചിട്ടുണ്ട്, എം ശിവശങ്കർ. അദ്ദേഹത്തിന്റെ ആത്മകഥയിലെ പേജ് 73ൽ നമുക്ക് ഇങ്ങനെ വായിക്കാം.

“…..അറസ്റ്റ് ഉത്തരവിൽ കാരണമായി (grounds for arrest) കാണിച്ചിരിക്കുന്നത് പ്രധാനമായും സ്വപ്നയുടെ അഭ്യർത്ഥന പ്രകാരം കസ്റ്റംസിന്റെ പരിശോധനയില്ലാതെ ബാഗേജ് വിട്ടുകിട്ടുന്നതിനായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനോട് ഞാൻ സംസാരിച്ചതായി 2020 ഒക്ടോബർ 15ലെ ചോദ്യം ചെയ്യലിൽ ഞാൻ തന്നെ സമ്മതിച്ചു എന്നാണ്.

(6. During your statement given to ED on 15-–10-–2020, you (shri Sivasankar) accepted to have spoken to a senior Customs Officer and made the request as per the wishes of Swapna Suresh. This clearly shows your active involvement in the offences committed by Swapna.

അതു പൂർണമായും തെറ്റാണെന്നും അങ്ങനെയൊരു മൊഴി നൽകിയിട്ടില്ലെന്നും ഞാൻ അറിയിച്ചു കഴിഞ്ഞിരുന്നു. പോരെങ്കിൽ ഞാൻ അങ്ങനെയൊരു കോൾ വിളിച്ചതിന് ഫോൺകോൾ രേഖ പോയിട്ട്, കോൾ സ്വീകരിച്ച മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെന്നൊരാളും നിലവിലില്ല. 15–-10-–2020ൽ രേഖപ്പെടുത്തിയതായി പറയുന്ന മൊഴിയാകട്ടെ, അവർ പുറത്തു കാണിച്ചിട്ടുമില്ല’’

തങ്ങളുടെ ഭാഗം ജയിക്കാൻ അന്വേഷണ ഏജൻസികൾ കളളസാക്ഷികളെയും കള്ളമൊഴികളെയും ആശ്രയിക്കുന്നത് കുറ്റാന്വേഷണ ചരിത്രത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. സീലുവെച്ച കവറിൽ കുറ്റസമ്മതമൊഴിയുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച ആദ്യത്തെ ഏജൻസിയെന്ന ബഹുമതി ഇഡിയ്ക്കായിരിക്കും. തങ്ങളെ ഇഡി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സീലുവെച്ച കവറിൽ കുറ്റസമ്മത മൊഴി ഉണ്ടായിരുന്നില്ലെന്നും എം ശിവശങ്കറിന് ജാമ്യം നൽകിയ ഉത്തരവിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയ്ക്ക് രേഖാമൂലം പരാമർശിക്കേണ്ടി വന്നു.

സാമാന്യബുദ്ധിയ്ക്ക് നിരക്കുന്ന പ്രവൃത്തികളല്ല ഇതൊന്നും. കോടതിയെ ബോധ്യപ്പെടുത്തേണ്ടത് സത്യമാണ്. വസ്തുതയാണ്. അതു തെളിയിക്കലല്ല ഇഡിയിൽ അർപ്പിതമായ ദൗത്യം. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ചുമതലയാണ് ഇഡിയ്ക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. കേന്ദ്രഭരണാധികാരികളുടെ കലർപ്പറ്റ പിന്തുണയുള്ളതുകൊണ്ട് അവർ എന്തും ചെയ്യും. കോടതിയെ തെറ്റിദ്ധരിപ്പിക്കും, ഇല്ലാത്ത മൊഴി ഉണ്ടെന്നു പറയും. സീലുവെച്ച വെറും കവർ ഹാജരാക്കിയിട്ട് അതിൽ പ്രതിയുടെ കുറ്റസമ്മതമൊഴിയുണ്ടെന്ന് പറഞ്ഞ് ന്യായാധിപനെ കബളിപ്പിക്കും. സാമാന്യബുദ്ധിയുള്ള സാധാരണ മനുഷ്യനു മുന്നിൽ ഇതൊക്കെ കുറ്റകൃത്യങ്ങളാണ്. പക്ഷേ, അതു ചെയ്തവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ കോടതിയ്ക്കു കഴിയുമോ? ഇല്ലേയില്ല.

ഇതാണ് അമിതാധികാരം. ആരോപിതന് സ്വന്തം ഭാഗം അവതരിപ്പിക്കാനുള്ള അവസരമില്ല. മുംബെെ സ്പെഷ്യൽ കോടതി ജഡ്ജി എം ജി ദേശ്പാണ്ഡെ 2022 ആഗസ്റ്റ് 24ന് പുറപ്പെടുവിച്ച ഒരു സുപ്രധാനവിധിയിൽ പരിധികൾ ലംഘിക്കുന്ന ഇഡിയെ നിശിതമായി വിമർശിക്കുന്നുണ്ട്. There has to be an effective check against unscrupulous exercise of power by the ED in seeking casual extensions of judicial custody. ജുഡീഷ്യൽ കസ്റ്റഡി നീട്ടിക്കിട്ടാൻ ഇഡിയുടെ മനഃസാക്ഷിക്കുത്തില്ലാത്ത അധികാരപ്രയോഗത്തെ ഫലപ്രദമായി നിയന്ത്രിക്കണമെന്നാണ് കോടതി നിരീക്ഷിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ മുഖത്തടിക്കുംവിധം അതേ വിധിന്യായത്തിൽ കോടതി ഇങ്ങനെ കൂടി പറഞ്ഞു. This court strongly feels that it cannot join hands with vengeful complainant like ED to humiliate accused persons by continuing their judicial custody that too, in utter disregard to the recent law of the land. നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് പുല്ലുവില നൽകിക്കൊണ്ട് കുറ്റാരോപിതരുടെ കസ്റ്റഡി നീട്ടി അവരെ അവഹേളിക്കുന്ന ഇഡിയെപ്പോലെ പ്രതികാരദാഹിയായ ഒരു വാദിയോട് കൈകോർക്കാൻ കോടതിയ്ക്ക് കഴിയില്ലെന്ന് പരിഭാഷ. ഇഡിയുടെ കുറ്റപത്രം പരിശോധിച്ച ഒരു ന്യായാധിപന്റെ നിരീക്ഷണമാണിത്. ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചാർത്തിക്കൊടുത്ത വിശേഷണങ്ങൾ നോക്കൂ. unscrupulous exercise of power – എന്തും ചെയ്യാൻ മടിക്കാത്ത അധികാരപ്രയോഗം. vengeful complainant – പ്രതികാരദാഹിയായ വാദി. utter disregard to the law of the land – നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് പുല്ലിന്റെ വില.

സ്ഥാപിത താൽപര്യത്തോടെയും ഗൂഢലക്ഷ്യത്തോടെയും ഇഡി കള്ളത്തെളിവും മൊഴിയുമുണ്ടാക്കിയാൽ കുറ്റാരോപിതന് സത്യം തെളിയിക്കുക എളുപ്പമല്ല. മറ്റേത് ഏജൻസിയുടെ കാര്യത്തിലായാലും കുറ്റവും ആരോപണവുമാണ് തെളിയിക്കേണ്ടത്. അത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇഡിയുടെ കാര്യത്തിൽ അങ്ങനെയല്ല. നിരപരാധിത്വം തെളിയിക്കൽ കുറ്റാരോപിതന്റെ ഉത്തരവാദിത്തമാണ്. മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ മൊഴികൾ തെളിവല്ല. മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ വേറെ തന്നെ ഹാജരാക്കണം. എന്നാൽ ഇഡിയ്ക്കു നൽകുന്ന മൊഴി തെളിവാണ്. പൊലീസ് കേസിൽ എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാൻ കുറ്റാരോപിതന് അവകാശമുണ്ട്.. ഇഡി കേസിൽ എഫ്ഐആറിന് സമമാണ് ECIR (Enforcement Case Information Report). ആ രേഖയുടെ പകർപ്പ് കുറ്റാരോപിതന് അവകാശപ്പെടാനാവില്ല. ലഭിക്കുകയുമില്ല. ഒരു സുതാര്യതയുമില്ലാത്ത അന്വേഷണം. പരാതികളും വിമർശനങ്ങളും രൂക്ഷമാകുമ്പോൾ സുപ്രിംകോടതി തന്നെ വീണ്ടുവിചാരത്തിലാണെന്നാണ് വാർത്തകൾ. തങ്ങൾ ഒരിക്കൽ വകവെച്ചുകൊടുത്ത ഈ അമിതാധികാരങ്ങൾക്ക് പരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സുപ്രിംകോടതി മൂന്നംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയെന്നാണ് വാർത്തകൾ.

ഇന്ത്യയിലാകമാനം ഓടി നടന്ന് കേസെടുക്കുകയാണ് ഇഡി. 2014നു ശേഷം കേസുകൾ കുതിച്ചുയരുകയാണ്. പക്ഷേ, അതുകൊണ്ടെന്തു കാര്യം. 2005നു ശേഷം രജിസ്റ്റർ ചെയ്ത 5906 കേസുകളിൽ വിചാരണ പൂർത്തിയായത് വെറും 25 എണ്ണം മാത്രം. കേസെടുക്കാൻ കാണിക്കുന്ന ഔത്സുക്യം മറ്റുനടപടികളിൽ കാണാനില്ലെന്ന് ജസ്റ്റിസ് ദേശ്പാണ്ഡെ ചൂണ്ടിക്കാണിക്കുന്നു. മുംബെെ സ്പെഷ്യൽ കോടതിയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ചാർജ് ചെയ്ത കേസുകളിൽ ഒരെണ്ണംത്തിൽ പോലും വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് ന്യായാധിപന്റെ വിമർശനം. ജാമ്യാപേക്ഷകൾക്കുപോലും മറുപടി നൽകാൻ നാലും അഞ്ചും ആഴ്ചകൾ വേണ്ടി വരുന്നു.

കുറ്റം തെളിയിക്കാനും ന്യായവും നീതിയും നടപ്പാക്കാനുമുള്ള അത്യുൽസാഹമല്ല ഇഡിയ്ക്ക്. കേരളത്തിൽ അവർ രാഷ്ട്രീയക്കളിയാണ് കളിക്കുന്നത്. ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ആജ്ഞകൾക്കൊപ്പിച്ച് കളിച്ചു തിമിർക്കുകയാണവർ. തട്ടിപ്പും വെട്ടിപ്പും നടത്തുന്നവർ ഏത് പാർടിയിൽപ്പെട്ടവരായാലും ശിക്ഷിക്കപ്പെടണം. തട്ടിപ്പിന് ഇരയായവർക്ക് നീതി ലഭിക്കുകയും വേണം. അതിലൊന്നും ആർക്കും എതിരഭിപ്രായമില്ല. എന്നാൽ അന്വേഷണത്തിന്റെ മറവിൽ നിരപരാധികളെ വേട്ടയാടാനും അവർക്കെതിരെ കള്ളക്കഥ പ്രചരിപ്പിക്കാനും ഇറങ്ങിത്തിരിക്കുമ്പോൾ നോക്കിയിരിക്കാനാവില്ല. അന്വേഷണ ഏജൻസിയുടെ പരിധിയില്ലാത്ത അധികാരം ഉപയോഗിച്ച് സിപിഐഎമ്മിന്റെ ത്യാഗധനരായ നേതാക്കൾക്കെതിരെ ഇഡി നടത്തുന്ന കള്ളപ്രചരണത്തിന്റെ തൊലിയുരിക്കാനും രാഷ്ട്രീയക്കളി തുറന്നുകാണിക്കാനുള്ള ചുമതലയാണ് സിപിഐഎം ഏറ്റെടുക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 + sixteen =

Most Popular