Tuesday, April 23, 2024

ad

Homeകവര്‍സ്റ്റോറിസഹകരണ മേഖലയ്ക്കെതിരായ ഹിന്ദുത്വ പ്രത്യയശാസ്ത്രം

സഹകരണ മേഖലയ്ക്കെതിരായ ഹിന്ദുത്വ പ്രത്യയശാസ്ത്രം

എ കെ രമേശ്

2016ലെ നോട്ടു റദ്ദാക്കൽ കാലത്ത്, തലസ്ഥാനത്തെ ഒരു സഹകരണ ബാങ്കിൽ ശതകോടികളുടെ കള്ളപ്പണം ഇൻകം ടാക്സുകാർ കണ്ടെടുത്തു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനു മുമ്പും ഇമ്മാതിരി പൊയ് വെടികൾ അദ്ദേഹം ഉതിർത്തിരുന്നെങ്കിലും, ഒരു മന്ത്രിക്ക് നേരെ കുരുക്ക് മുറുകുന്നു എന്നു കൂടി ഉറപ്പിച്ചു പറഞ്ഞത് അന്നാദ്യമായാണ്. എനിക്കാണെങ്കിൽ നോട്ട് റദ്ദാക്കലിനെക്കുറിച്ചുള്ള ഒരു ചാനൽ ചർച്ചയിൽ അന്ന് വൈകുന്നേരം പങ്കെടുക്കേണ്ടതുമുണ്ട്. ശതകോടി പോകട്ടെ, അതിനടുത്തെത്തുന്ന നിക്ഷേപമില്ലാത്ത ബാങ്കിനെക്കുറിച്ചാണ് ആക്ഷേപമുയർത്തിയത് എന്നറിയാം. പക്ഷേ ഇൻകം ടാക്സികാരെ പറഞ്ഞുവിടാൻ ഒരു സംസ്ഥാന അധ്യക്ഷൻ വിചാരിച്ചാൽ കഴിയുമല്ലോ. അതുകൊണ്ട് ചർച്ചക്ക് കയറുന്നതിന് മുമ്പ് നിജസ്ഥിതി അറിയാനായി ആ ബാങ്കിന്റെ പ്രസിഡന്റിനെത്തന്നെ നേരിട്ട് വിളിച്ചന്വേഷിച്ചപ്പോഴാണറിഞ്ഞത്, അങ്ങനെയൊരു പരിശോധനയേ അവിടെ നടന്നിട്ടില്ല എന്ന് ! അതിനായുള്ള ഒരു നോട്ടീസ് പോലും കിട്ടിയിട്ടില്ല എന്ന്!

എന്തുകൊണ്ടീ പക? എന്ന് തുടങ്ങുന്നുണ്ടത് ?
എന്തുകൊണ്ടാവാം അങ്ങനെയൊരു നേതാവ് ഇങ്ങനെയൊരു തൊട്ടാൽ പൊളിയുന്ന പൊളിവചനം ആവർത്തിച്ച് പാടി നടന്നത് ? എന്തുകൊണ്ടാവാം സഹകരണ മേഖലയ്ക്ക് നേരെ ഇമ്മാതിരി ഒരാക്രമണം? അത് ഒരു വ്യക്തിയുടെ കുത്സിത മനസ്സിന്റെ വെളിപ്പെടൽ മാത്രമാണോ ? 2016 ൽ മാത്രം പൊട്ടിയൊലിച്ച സഹകരണവിരോധമാണോ അത്? അതോ സംഘപരിവാറിന്റെ ജനിതക ഘടനയിൽ ഈയൊരു വിരോധം ഉൾച്ചേർന്നിട്ടുണ്ടോ?അതറിയാനായി പിന്നെ ശ്രമം.

പഴയ ഹുണ്ടികക്കാർക്കും ജന്മിമാർക്കുമുള്ള സുരക്ഷ ഒരുക്കലായിരുന്നുവല്ലോ സംഘപരിവാർ സംഘടന കളുടെ പ്രധാന ദൗത്യം! ഭൂപരിഷ്കരണം വഴി ഭൂമി നഷ്ടപ്പെട്ട പാവം ജന്മിമാർക്ക് വേണ്ട നിയമസഹായം ചെയ്യാനാണ് ആർഎസ്എസുകാരനായ താൻ വക്കീൽപ്പണി സ്വീകരിച്ചത് എന്ന് ഒ രാജഗോപാൽ തുറന്നെഴുതിയിട്ടുണ്ടല്ലോ. അത്തരമൊരു സംഘടനയുടെ പ്രവർത്തകൻ ഹുണ്ടികക്കാരെ തുടച്ചുനീക്കാൻ ശേഷിയുള്ള സഹകരണ പ്രസ്ഥാനത്തിന് എതിർ നിൽക്കുന്നത് സ്വാഭാവികം. എന്നാൽ അതേപ്പറ്റിയുള്ള രേഖകൾ വല്ലതുമുണ്ടോ ?ഈയൊരന്വേഷണമാണ് 2016 നും 10 വർഷം മുമ്പുള്ള 2006 ജനുവരി ഒന്നിന്റെ ഓർഗനൈസർ വാരികയുടെ (ആർ.എസ്.എസ് മുഖപത്ര മാണല്ലോ അത്) മുഖലേഖനത്തിലേക്കെത്തുന്നത്.

നിതിൻ സക്സേന എന്നൊരാൾ എഴുതിയ ആ ലേഖനത്തിന്റെ തലക്കെട്ട് “ഉപഭോക്തൃ താൽപര്യം: നിങ്ങളുടെ കാശ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഏറെ ശ്രദ്ധിക്കുക’ ( Consumer interest: Be careful before depositing your money in Cooperative banks)എന്നാണ്. സഹകരണ പ്രസ്ഥാനത്തെ വിശ്വസിച്ചു പോകരുത് എന്നു തന്നെ!

കേരളത്തിൽ ഗതി പിടിക്കാത്ത ഒരു സംഘടനാധ്യക്ഷന്റെ കലിപ്പ് മാത്രമല്ല സഹകരണ മേഖലയ്ക്ക് നേരെയുള്ള മെക്കിട്ടു കയറ്റത്തിന് പിന്നിൽ എന്ന കാര്യമാണ് ആ ലേഖനം തെളിയിച്ചു കാട്ടിയത്. ജനിതക ഘടനയുടേതു തന്നെയാണ് പ്രശ്നം. അതു തന്നെയാണ് ഇപ്പോൾ യൂണിയൻ ഗവൺമെന്റ് സഹകരണ മേഖല കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതിന് പിന്നിലും.

വേരുകൾ എത്ര ആഴത്തിൽ?
എന്നാൽ അതിന്റെ വേരുകൾ കുറേക്കൂടി ആഴത്തിലാണ്. അതിനുള്ള വളക്കൂറുള്ള മണ്ണൊരുക്കാൻ തുടങ്ങിയത് 90കളിലാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ സഹകരണ മേഖലയോടുള്ള കടുത്ത അവഗണന അന്നത്തെ യൂണിയൻ ഗവൺമെന്റും അതിന്റെ രാഷ്ട്രീയനേതൃത്വവും കൈക്കൊണ്ടു പോന്നതിന്റെ തെളിവാണ് ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റി ശുപാർശകളും (1991) അത് മുന്നോട്ടു വെച്ച മാതൃകാ നിയമവും. സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണമോ ഉത്തരവാദിത്വമോ സഹായമോ ഇല്ലാതെ സ്വാശ്രയത്വം, സ്വയംഭരണം എന്നിവയിൽ ഊന്നിക്കൊണ്ട് അംഗകേന്ദ്രീകൃതമായി നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുക റിസർവ് ബാങ്കായിരിക്കും. ഇങ്ങനെ പോവുന്നു ശുപാർശകൾ. നവസ്വകാര്യ ബാങ്കുകളുടെ സഹകരണപ്പതിപ്പുകളാണ് വിഭാവനം ചെയ്യപ്പെട്ടത്. കാര്യങ്ങളെല്ലാം റിസർവ് ബാങ്കും യൂണിയൻ ഗവൺമെന്റും നിയന്ത്രിച്ചു കൊള്ളും!

1999ൽ നിയോഗിക്കപ്പെട്ട കപൂർ കമ്മിറ്റിയും (മണപ്പുറം ഫിനാൻസിന്റെ ചെയർമാനായി പിന്നീട് കപൂർ !) തുടർന്ന് നിയോഗിക്കപ്പെട്ട കമ്മിറ്റികളും എല്ലാം തന്നെ ആവശ്യപ്പെട്ടത്, ഗവൺമെന്റുകളുടെ “പിടി’യിൽ നിന്ന് സഹകരണ സ്ഥാപനങ്ങളെ മോചിപ്പിക്കണമെന്നാണ്! കോ ഓപ്പറേറ്റീവുകളെ കോർപറേറ്റുകൾക്ക് പതിച്ചു കൊടുക്കാൻ പാകത്തിലാണ് ആ ശുപാർശകളെല്ലാം തയ്യാറാക്കപ്പെട്ടത്.

പോണ പോക്കിലൊരാണി
എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിനും ഒരു വർഷം മുമ്പാണ് അന്ന് നബാർഡ് ചെയർമാനായിരുന്ന പ്രകാശ് ബക്ഷിയെക്കൊണ്ട് റിസർവ് ബാങ്ക് ഒരു റിപ്പോർട്ട് എഴുതി വാങ്ങിക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങൾ (PAC s) എന്നുവെച്ചാൽ നമ്മുടെ സഹകരണ ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകളുടെ കാര്യസ്ഥപ്പണി ചെയ്താൽ മതിയെന്നാണ് അതിന്റെ ശുപാർശ. ജില്ലാ സഹകരണ ബാങ്കുകൾ ഷെയർ ലിങ്കിങ് ശതമാനം കൂട്ടണം എന്ന ശുപാർശയുടെ ഭാരം പതിക്കുക വായ്പയെടുക്കുന്ന സാധാരണക്കാരുടെ ചുമലിലാണ്. വായ്പയെടുക്കുമ്പോൾ അടച്ചിരിക്കേണ്ട ഷെയർ സംഖ്യ കൂട്ടണം എന്നാണ് അതിന്റെ മലയാളം. തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡംഗത്തെ പുറത്താക്കാൻ റിസർവ് ബാങ്കിന് അധികാരം നൽകും വിധം ബാങ്കിങ് റഗുലേഷൻ ആക്ട് ഭേദഗതി ചെയ്യണം എന്നാണ് മറ്റൊരു ശുപാർശ. ചുരുക്കിപ്പറഞ്ഞാൽ പോണ പോക്കിൽ സഹകരണ സ്ഥാപനങ്ങൾക്ക്മേൽ ആഴത്തിൽ ആണിയടിച്ചാണ് യുപിഎ സർക്കാർ രംഗം കാലിയാക്കിയത്. പിന്നെ മോദിയുടെ പണി ഏറെ എളുപ്പമായി എന്നു മാത്രം.

സഹായ സഹകരണ സംഘത്തിൽനിന്ന് സ്വാശ്രയ സംഘത്തിലേക്ക്
ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ സഹകരണ മേഖലക്ക് വർദ്ധിച്ച പ്രാധാന്യമാണ് നൽകിപ്പോന്നത്. രണ്ടാം പദ്ധതി “ആസൂ ത്രിതവികസനത്തിനുള്ള പദ്ധതിയുടെ ഭാഗമായി ഒരു സഹകരണ മേഖല വളർത്തിയെടുക്കുന്ന’ കാര്യത്തിൽ ഊന്നൽ നൽകി. മൂന്നാം പദ്ധതിയിലാണ് നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോർപറേഷൻ ( NCDC) രൂപം കൊള്ളുന്നത്. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡും 61 -–66 കാലത്തെ മൂന്നാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് സ്ഥാപിക്കപ്പെട്ടത്. 69-–74 ലെ നാലാം പദ്ധതിക്കാലത്ത് സഹകരണ സ്ഥാപനങ്ങൾക്ക് മാനേജ്മെന്റ് സബ്സിഡിയും മൂലധന പങ്കാളിത്തവും ഉറപ്പാക്കി. ആറാം പദ്ധതി (1979-–85) ക്കാലത്താണ് സഹകരണ മേഖലയുടെ കുതിച്ചുചാട്ടത്തിന് വഴിവെച്ച നബാർഡ് (1982) സ്ഥാപിക്കപ്പെടുന്നത്.

എന്നാൽ എട്ടാം പഞ്ചവത്സര പദ്ധതി മുതൽ നയങ്ങളിൽ ഒരു തലതിരിച്ചിടൽ കാണാം. 1990 ലാണ് നിലവിലുള്ള സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥിതിയെപ്പറ്റി വിലയിരുത്താനും ഭാവി നടപടികൾ നിർദേശിക്കാനും മാതൃകാ സഹകരണ നിയമത്തിന് രൂപം കൊടുക്കാനുമായി ചൗധരി ബ്രഹ്മപ്രകാശ് കമ്മിറ്റിയെ നിയോഗിക്കുന്നത്. 1991 ൽ നയങ്ങളാകെ തിരുത്തിയെഴുതാൻ തുടങ്ങിയ അതേ കാലത്താണ് കമ്മിറ്റി അതിനു കണക്കായ ശുപാർശകൾ സമർപ്പിച്ചത്. അതിന്റെ സ്വാഭാവിക പരിണതിയാവാം, 1997-–2002 കാലത്തെ ഒമ്പതാം പദ്ധതിയിൽ സഹകരണ മേഖലയെക്കുറിച്ചുള്ള ഒരു പരാമർശം പോലുമില്ല.

പരസ്പര സഹായ സഹകരണ സംഘങ്ങളിൽ പാരസ്പര്യമുണ്ട്, സഹായമുണ്ട്, സഹകരണവുമുണ്ട്.

എന്നാൽ 90കളുടെ തുടക്കത്തിൽ നടപ്പാക്കിപ്പോന്ന നവലിബറൽ നയങ്ങൾ ഇതിന് നേർവിപരീതമായ മൂല്യങ്ങളാണ് പിന്തുടർന്നത്. കമ്പോള സൗഹൃദ നയം എന്നാണ് അതിനെ വിളിച്ചുപോന്നത്. കമ്പോളത്തിൽ പൗരനില്ല. ഉപഭോക്താവേ ഉള്ളൂ. കീശയിൽ കാശുള്ളവനേ കമ്പോളത്തിൽ പ്രവേശനമുള്ളൂ. അവിടെ പാരസ്പര്യത്തിനും സഹായത്തിനും സഹകരണത്തിനും സ്ഥാനമില്ല. അതുകൊണ്ടു തന്നെ മുതലാളിത്ത ലോകത്താകെ പരസ്പര സഹായ സഹകരണ സംഘങ്ങൾക്ക് പകരം കൊണ്ടാടപ്പെട്ടത് സ്വയം സഹായ സംഘങ്ങളാണ്. ഇങ്ങനെ സ്വാശ്രയസംഘ ങ്ങളെ കെട്ടഴിച്ചുവിട്ട് അവയുടെ മൃഗീയചോദനകളെ പ്രോത്സാഹിപ്പിച്ച് മുന്നോട്ടുകുതിക്കാൻ ഒരുങ്ങിയ ലാറ്റിനമേരിക്കയിൽ അതുണ്ടാക്കിയ കുഴപ്പത്തെപ്പറ്റി ജെയിംസ് പെട്രാസ് നിരീക്ഷിക്കുന്നുണ്ട്.

ചെറുവായ്പക്ക് പുതുരീതി?
ഇതിന് സമാന്തരമായി ചെറുകിട വായ്പ(micro credit ) യെക്കുറിച്ചുള്ള അഖിലലോക ഉച്ചകോടി 1997 ൽ ചേരുന്നുണ്ട്. പരമനിസ്വരായ മനുഷ്യർക്ക് വായ്പ കിട്ടാത്തതിന്റെ കാരണം കണ്ടെത്തി അവതരിപ്പിക്കുന്നുണ്ടവിടെ, കൺസൾട്ടേറ്റീവ് ഗ്രൂപ് ഫോർ അസിസ്റ്റൻസ് ടു ദ പുവർ. പല രാജ്യങ്ങളിലും അമിത പലിശ നിയന്ത്രിച്ചതാണ് വായ്പാ ലഭ്യത കുറഞ്ഞതിന് കാരണം എന്നായിരുന്നു കണ്ടെത്തൽ. വായ്പ കിട്ടലാണ് പ്രശനം, പലിശ എത്ര എന്നതല്ല കാര്യം എന്നായി ഇതിനെ അനുകൂലിക്കുന്നവരുടെ നിരീക്ഷണം. അതിനാൽ പലിശ നിയന്ത്രണം വേണ്ടെന്ന് വെച്ചു കൊണ്ടുള്ള ലഘുവായ്പാ സംഘങ്ങളെ കൈയയച്ച് സഹായിക്കാൻ ലോക ബാങ്ക് തന്നെ നേതൃത്വം നൽകുകയും ഭൂമിയിൽ നിസ്വരായവർക്ക് മുഴുവൻ 2001 ആവുന്നതോടെ വായ്പാ ലഭ്യത ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യത്തിനായി കൗണ്ട്ഡൗൺ 2001 എന്ന ഒരു ബുള്ളറ്റിൻ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. മൈക്രോ ക്രെഡിറ്റിന് ഇനിമേൽ സർവ്വസമ്മതി എന്നായി നില. മുഖ്യധാരാ ബാങ്കിങ്ങിൽ നിന്ന് ചെറുകിട വായ്പാന്വേഷകരെ ചെത്തി മാറ്റുകയായിരുന്നു ഫലം.

ഈയൊരു സാഹചര്യത്തിലാണ് സഹകരണ മേഖലയാകെ ഒറ്റയടിക്ക് മാറ്റിത്തീർക്കാൻ ഉതകുന്ന നിയമഭേദഗതികളും ഒരു ഭരണഘടനാ ഭേദഗതി തന്നെയും ഇന്ത്യയിൽ പാസ്സാക്കിയെടുക്കുന്നത്. ആ ഭരണഘടനാ ഭേഭഗതിയാണ്, അതേത്തുടർന്നുണ്ടായ പുതിയ പരിഷ്കാരങ്ങളാണ് സഹകരണം എന്ന സംസ്ഥാന വിഷയത്തെ അപ്പടി റാഞ്ചിയെടുക്കാൻ ഇപ്പോൾ യൂണിയൻ സർക്കാരിന് അവസരമൊരുക്കുന്നത്. മൻമോഹൻസിങ്ങ് സർക്കാർ ഒരുക്കിക്കൊടുത്ത ആ പഴുതിലൂടെയാണ് അമിത് ഷാ തല പൊക്കുന്നത് എന്നർത്ഥം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + three =

Most Popular