2024 ജൂലെെ നാലിന് കീർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 1997നുശേഷം നേടിയ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ബ്രിട്ടന്റെ ഭരണാധികാരത്തിനായുള്ള മത്സരത്തിൽ വിജയിച്ചു; 1930കളിൽ ദേശീയ കൂട്ടുകക്ഷി ഭരണത്തിനു ലഭിച്ച വൻ ഭൂരിപക്ഷത്തിനുശേഷം ഇപ്പോഴത്തേതാണ് രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. ലേബർ പാർട്ടിയുടെ ‘തകർപ്പൻ ജയം’ എന്നു വിശേഷിപ്പിക്കപ്പെടുന്നതിനിടയാക്കിയ ഘടകങ്ങൾ ഏതെല്ലാമാണ്?
ഒന്നാമത്തേത്, ടോറി വോട്ടിലുണ്ടായ തകർച്ച: 2019 ഡിസംബറിൽ അതിനു ലഭിച്ച 1.4 കോടി വോട്ട് ഇപ്പോൾ 70 ലക്ഷമായി കുറഞ്ഞു; ആകെ പോൾ ചെയ്യപ്പെട്ട വോട്ടിന്റെ 44 ശതമാനത്തിൽ നിന്ന് 24% ആയി അത് തകർന്നടിഞ്ഞു; 223 സീറ്റാണ് അതിന് നഷ്ടപ്പെട്ടത്. ബ്രെക്-സിറ്റിനെ അനുകൂലിക്കുന്ന നിയോജകമണ്ഡലങ്ങളിലാണ് കുത്തനെ ഇടിവുണ്ടായത്.
രണ്ടാമത്തേത്, നിഗല്‍ ഫറാഷിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ റിഫോം യുകെക്ക് 2019ൽ അയാളുടെ ബ്രെക്സിറ്റ് അനുകൂല പാർട്ടിക്ക് ലഭിച്ച 6.44 ലക്ഷം വോട്ടിനേക്കാൾ ഏറെ കൂടുതൽ വോട്ട് ലഭിച്ചു; അതേസമയം, ടോറി സ്ഥാനാർത്ഥികളെ സഹായിക്കാനായി 2019ൽ മത്സരിച്ചതിന്റെ പകുതി സീറ്റിൽ മാത്രമേ ഇപ്പോൾ റിഫോം യുകെ പാർട്ടി മത്സരിച്ചുള്ളൂ. റിഫോം യുകെയ്ക്ക് ഇപ്പോൾ 40 ലക്ഷം വോട്ട് ലഭിച്ചു (ഇത് ലിബറൽ ഡെമോക്രാറ്റുകൾക്ക് ലഭിച്ച വോട്ടിനേക്കാൾ അധികമാണ്); ടോറികളിൽ നിന്ന് 5 സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
ഇതിനു പുറമെയാണ് റിഫോം പാർട്ടിയുടെ ഇടപെടൽമൂലം ടോറികൾക്ക് 180 സീറ്റുവരെ നഷ്ടപ്പെട്ടത്; ഇതിലേറെയും ലേബർ പാർട്ടിക്ക് പുതുതായി ലഭിക്കുകയോ അവർ നിലനിർത്തുകയോ ചെയ്തു.
മൂന്നാമത്തേത്, ലിബറൽ ഡെമോക്രാറ്റുകളുടെ പുനരുജ്ജീവനം : വോട്ടിന്റെ എണ്ണത്തിലോ (35 ലക്ഷം) വോട്ടുവിഹിതത്തിലോ അധികമൊന്നും നേടിയില്ലെങ്കിലും ലഭിച്ച സീറ്റുകൾ (15ൽ നിന്നും 72 ആയി ഉയർന്നു) അധികവും ടോറികളിൽ നിന്ന് പിടിച്ചെടുത്തതാണ്.
നാലാമത്തേത്, സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) തകർച്ച: അവരുടെ വോട്ട് വിഹിതത്തിൽ മൂന്നിലൊന്ന് നഷ്ടപ്പെട്ടു; അവർക്കുണ്ടായിരുന്ന 48 സീറ്റിൽ 39 ഉം നഷ്ടപ്പെട്ടു; അതിൽ 36 എണ്ണം ലേബർ പാർട്ടിക്കാണ് ലഭിച്ചത്.
ഒന്നാം ലോകയുദ്ധാനന്തരം മുൻപൊരുകാലത്തും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വലതുപക്ഷ വോട്ടിൽ ഭിന്നിപ്പുണ്ടാവുകയും തെക്കൻ ഇംഗ്ലണ്ടിൽ ഉയർത്തെഴുന്നേറ്റ ലിബറൽ ഡെമോക്രാറ്റുകൾ ടോറി വോട്ടുകൾ പിടിക്കുകയും ചെയ്തതോടെ ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സിസ്റ്റമനുസരിച്ചുള്ള വോട്ടിങ് മൂലം ലേബർ പാർട്ടിക്ക് 206 സീറ്റ് കൂടുതൽ കിട്ടാൻ ഇടയായി.
ഇതു സംഭവിച്ചതാകട്ടെ കീർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ ഈ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് കിട്ടിയ വോട്ട് (97 ലക്ഷം) 2019ൽ ആ പാർട്ടിക്ക് ലഭിച്ച (103 ലക്ഷം) വോട്ടിലും 6 ലക്ഷത്തിലേറെ കുറവായപ്പോഴാണ്; മാത്രമല്ല, 2017ൽ ലേബറിന് ലഭിച്ച 1.29 കോടി വോട്ടുമായി താരതമ്യം ചെയ്താൽ ഇപ്പോൾ 30 ലക്ഷത്തിലധികം വോട്ടു കുറവാണ്.
വോട്ടിങ് ശതമാനം കുറവായത് കണക്കിലെടുത്താൽ 2024 ജൂലൈ നാലിന് ലേബറിന്റെ വോട്ട് വിഹിതം അല്പം ഉയർന്നിട്ടുണ്ട്; മൊത്തത്തിലുള്ള വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ലേബറിന്റെ വോട്ടുവിഹിതം 2017ലെ 28 ശതമാനത്തിൽ നിന്നും 2019ലെ 22 ശതമാനത്തിൽ നിന്നും (ഇത് രണ്ടും ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി നേരിട്ട തിരഞ്ഞെടുപ്പുകളാണ്) കുറഞ്ഞ് 2024 ജൂലൈ 4ന് 20 ശതമാനമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, 2022ലെ ലേബർ പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിൽ പോലും കീർ സ്റ്റാർമറുടെ ഗവൺമെന്റ് വെസ്റ്റ് മിനിസ്റ്റർ പാർലമെന്റിലേക്ക് ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള വോട്ടിങ് സമ്പ്രദായത്തിലേക്ക് മാറാനുള്ള എന്തെങ്കിലും നീക്കത്തെ അംഗീകരിക്കാൻ സാധ്യതയില്ല.
ഇന്ന് ലേബർ പാർട്ടി മൂന്നിലൊന്ന് ജനകീയ വോട്ട് മാത്രം നേടി ഏറെക്കുറെ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ കരസ്ഥമാക്കിയിരിക്കുന്നു. ഈ പ്രാവശ്യം ടോറികൾക്ക് ചെറിയതോതിൽ മാത്രമേ പ്രാതിനിധ്യ കൂടുതൽ ഉണ്ടായുള്ളൂ; അതേസമയം അവർ ലിബറൽ ഡെമോക്രാറ്റുകൾക്ക് ആനുപാതികമായിട്ടുള്ള പ്രാതിനിധ്യം നേടി.
14 ശതമാനം വോട്ടുനേടിയ റിഫോം യുകെയ്ക്കും 7 ശതമാനം വോട്ട് നേടിയ ഗ്രീൻസിനുമാണ് വോട്ടു വിഹിതത്തിനനുസരിച്ചുള്ള സീറ്റുകൾ ലഭിക്കാത്തത്. ഏറെക്കുറെ ഒരു നൂറ്റാണ്ട് മുമ്പ്, 1928ൽ സാർവത്രിക വോട്ടവകാശം നിലവിൽ വന്നശേഷം വോട്ടും സീറ്റും തമ്മിൽ ഏറ്റവും വലിയ പൊരുത്തക്കേട് ഉണ്ടായിട്ടുള്ളത് ഇപ്പോഴാണ്.
ജനാധിപത്യ തത്വത്തിന്റെ പ്രശ്നമെന്ന നിലയിൽ കമ്യൂണിസ്റ്റ് പാർട്ടി ശരിയായിട്ടുള്ള ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടിയാണ് ഇപ്പോഴും വാദിക്കുന്നത്; ബഹുഅംഗ നിയോജക മണ്ഡലങ്ങളിൽ സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് സമ്പ്രദായമാണ് വേണ്ടത് എന്നും പാർട്ടി കരുതുന്നു.
പൊള്ളയും ദുർബലവുമായ ജനവിധി
ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ടോറികളുടെ പരാജയവും ലേബർ ഗവൺമെന്റ് അധികാരത്തിലെത്തിയതുമാണെന്നത് സംശയാതീതമായ കാര്യമാണ്.
2023 നവംബറിൽ നടന്ന 57 –ാമത് പാർട്ടി കോൺഗ്രസിലെ പ്രധാന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഈ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരമൊരു ജനവിധി അധ്വാനിക്കുന്ന വർഗത്തിന്റെ, തൊഴിലാളിയുടെ, പുരോഗമന പ്രസ്ഥാനങ്ങളുടെയാകെ മനോവീര്യവും അഭിലാഷങ്ങളും ചോദനകളുമാകെ ഉയരാനുള്ള വലിയ സാധ്യതയുണ്ട്.
നമ്മുടെ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായും ചേർന്ന് നമ്മുടെ ആഗ്രഹമനുസരിച്ചു ആ ജനവിധി സുദൃഢമായ യാഥാർഥ്യമാകാൻ നാം ഇനിയും പരിശ്രമിക്കണം.
അതേസമയം, ലേബർ പാർട്ടിയുടെ ഇപ്പോഴത്തെ വിജയവും സ്റ്റാർമറുടെ പുതിയ ഭരണവും പൊള്ളയും ദുർബലവുമായ അടിത്തറയിലാണ് നിൽക്കുന്നത് എന്ന് യാഥാർഥ്യം നാം അംഗീകരിച്ചേ മതിയാകൂ. ഇതിന്റെ അർഥം മറ്റു പലതിനുമൊപ്പം ഈ ലേബർ ഗവൺമെന്റിനെക്കൊണ്ട് ഇടതുപക്ഷ – പുരോഗമന നയങ്ങൾ നടപ്പിലാക്കിക്കാനുള്ള പോരാട്ടം നടത്താതിരിക്കാനാവില്ലയെന്നാണ്.
തിരഞ്ഞെടുപ്പുകളിലെ വോട്ടർമാരുടെ പങ്കാളിത്തം നിരന്തരം കുറഞ്ഞു വരികയാണ്; 2017ൽ 69 ശതമാനമായിരുന്നത് 2019ൽ 62 ശതമാനമായും 2024 ജൂലൈയിൽ 60 ശതമാനമായും കുറഞ്ഞു. പ്രധാനമായും ഇത് സംഭവിക്കുന്നത് പഴയ വ്യാവസായിക മേഖലകളിലും പരമ്പരാഗതമായി ലേബർ പാർട്ടിക്കനുകൂലമായ മേഖലകളിലുമാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് 14 നിയോജകമണ്ഡലങ്ങളിൽ മത്സരിച്ച കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളുടെയും തൊഴിലാളിവർഗ മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടിരുന്ന സംഘങ്ങളുടെയും അനുഭവം; അതായത്, ടോറികളോടുള്ള ജനങ്ങളുടെ ശത്രുത ഒരുവിധത്തിലും പൊരുത്തപ്പെടുന്ന വിധത്തിലുള്ള ആവേശമൊന്നും സ്റ്റാർമറുടെ ലേബർ പാർട്ടിയോട് ജനങ്ങൾക്കില്ല; ലേബർ പാർട്ടിയുടെ അവ്യക്തവും ദുർബലവുമായ സാമ്പത്തിക നയങ്ങളും സാധാരണ ജനങ്ങളെ ആവേശം കൊള്ളിക്കുന്നതല്ല.
ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനങ്ങളും അവർ താമസിക്കുന്ന പ്രദേശങ്ങളിലുള്ളവരും വ്യക്തികളെന്ന നിലയിലും കുടുംബങ്ങളെന്ന നിലയിലും അയൽക്കൂട്ടവാസികളെന്ന നിലയിലും ഒരു വർഗമെന്ന നിലയിലും ഇന്നത്തെ ലേബർ പാർട്ടി തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണെന്ന് വിശ്വസിക്കുന്നതേയില്ല.
ശക്തമായ നയങ്ങൾ നടപ്പാക്കുകയാണെങ്കിൽ ‘ഇടത്തരക്കാർ’ എന്നു വിളിക്കപ്പെടുന്നവരും ടോറി അനുഭാവികളും ലിബറൽ ഡെമോക്രാറ്റ് അനുഭാവികളും പാർട്ടിയിൽ നിന്ന് അകന്നുപോകാനുള്ള സാധ്യതയുണ്ടെന്നാണ് ലേബർ പാർട്ടി നേതൃത്വം വാദിക്കുന്നത്.
എന്നാൽ, സമീപവർഷങ്ങളിൽ നടന്ന അഭിപ്രായ സർവെകളെല്ലാം വ്യക്തമാക്കുന്നത്, വ്യക്തിഗത സ്വത്തിനും കോർപ്പറേറ്റ് ലാഭത്തിനും കൂടുതൽ ഉയർന്ന നികുതി ചുമത്തൽ, ധനപരമായ ചൂതാട്ടത്തിന് വിനിമയനികുതി ഏർപ്പെടുത്തൽ, ബാങ്കർമാരുടെ ബോണസിന് നിയന്ത്രണമേർപ്പെടുത്തൽ, പൊതു സേവനമേഖലകളും റോയൽ മെയിലും പൊതു ഉടമസ്ഥതയിലാക്കൽ, സ്ത്രീകൾക്ക് പെൻഷനിൽ നീതി ഉറപ്പാക്കൽ, സ്വകാര്യ സ്കൂളുകൾക്ക് ചാരിറ്റബിൾ പദവി നൽകുന്നത് അവസാനിപ്പിക്കൽ എന്നിവയ്ക്കുപുറമേ ആരോഗ്യം, പാർപ്പിടം, പൊതുഗതാഗതം, ഹരിത ഊർജം എന്നിവയ്ക്ക് കൂടുതൽ പൊതുനിക്ഷേപം എന്നിങ്ങനെയുള്ള ഇടതുപക്ഷ – പുരോഗമന നയങ്ങൾ ബ്രിട്ടീഷ് സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും അനുകൂലിക്കുന്നുവെന്നാണ്.
ഇവയെല്ലാം തന്നെ വോട്ട് നേടുന്ന നയങ്ങളാണ്, വോട്ട് നഷ്ടപ്പെടുത്തുന്നവയല്ല.
ആരുടെ ലേബർ പാർട്ടി?
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ തൊഴിലാളിവർഗവും സോഷ്യലിസ്റ്റ് സംഘടനകളും ചേർന്ന് സ്ഥാപിച്ച പാർട്ടിയുടെ അടിത്തറയെയും ദിശാബോധത്തെയും സ്വഭാവത്തെയുമാകെ ലേബർ പാർട്ടിയുടെ പുതിയ നേതൃത്വത്തിന്റെ നയങ്ങൾകൊണ്ട് മാറ്റിമറിക്കാനുള്ള ശ്രമം തുടരുകയാണ്.
എന്നാൽ, വിദേശകാര്യവുമായും സൈനിക കാര്യവുമായും ബന്ധപ്പെട്ടുവരുമ്പോൾ ലേബർ പാർട്ടിയുടെ ധൈര്യവും നിലപാടും വളരെ കൃത്യമായി നമുക്കു കാണാൻ കഴിയുന്നു. ഇക്കാര്യങ്ങളിൽ ലേബർ പാർട്ടിക്കോ ബ്രിട്ടനിലെ ഭരണവർഗ മാധ്യമങ്ങൾക്കോ ഒരു തർക്കവും ഇല്ല – നാറ്റോയോടുള്ള കൂറിന്റെ കാര്യത്തിലും അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കും ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും പിന്തുണ നൽകുന്നതിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചൈനയെ സെെനികമായി വലയം ചെയ്യലിനെ പിന്തുണയ്ക്കുന്നതിലും ആയുധങ്ങൾക്കായുള്ള ചെലവിടല്‍ വർധിപ്പിക്കുന്നതിലും ബ്രിട്ടന്റെ ആണവായുധശേഖരം വലിയ തോതിൽ വർധിപ്പിക്കുന്നതിലുമൊന്നും ഒരു തർക്കവുമില്ല; അതിനെല്ലാം അനുകൂലമായ ഉറച്ച നിലപാട് തന്നെയാണ് ലേബർ പാർട്ടി നേതൃത്വത്തിനുള്ളത്.
ഇനി വരുന്ന കാലത്തുടനീളം കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനത്തിലെ മുൻഗണന സമാധാന പ്രസ്ഥാനത്തെയും യുദ്ധവിരുദ്ധ പ്രക്ഷോഭത്തെയും ശക്തിപ്പെടുത്തുന്നതിനായിരിക്കണം.
ലോകത്താകെയുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുന്ന ലേബർ ഗവൺമെന്റിന്റെ സമീപനത്തിൽ പുതുതായി ഒന്നുമില്ലെന്നതാണ് യാഥാർത്ഥ്യം. അധികാരത്തിലെത്തുന്നതിനു മുൻപുപോലും ധനമൂലധനത്തിന്റെ ആവശ്യങ്ങൾക്കു മുന്നിൽ ഇത്തരത്തിൽ കീഴടങ്ങുന്നതാണ് പുതുമയുള്ള കാര്യം. 2020ൽ സ്റ്റാർമർ ലേബർ പാർട്ടിയുടെ നേതൃത്വത്തിലെത്തിയതുമുതൽ പുരോഗമനപരമായ നയങ്ങളിൽ ഉറച്ചുനിൽക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നതെങ്ങനെയെന്ന് നമ്മൾ കാണുകയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന്- ലേബർ പാർട്ടിയിലെ ഇടതുപക്ഷ എംപിമാരെയും പ്രവർത്തകരെയും അഭൂത പൂർവ്വമായ വിധത്തിലാണ് പുറത്താക്കിയത്. ഈ ‘പദ്ധതി’ക്കൊപ്പം നിന്ന യാഥാസ്ഥിതികരും തൻകാര്യം നോക്കികളുമായ അനുയായികളെ ലേബർ പാർട്ടിയുടെ സുരക്ഷിത സീറ്റുകളിലേക്ക് മത്സരിക്കാനിറക്കുകയും ചെയ്തു.
ജൂൺ 17 ന്, ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലറായ (ധനമന്ത്രി) റേച്ചൽ റീവ്സ് കമ്പനി എക്സിക്യൂട്ടീവുകളുടെ ഒരു പ്രഭാത ഭക്ഷണസമയത്തെ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. ബാർക്ലേയ്സ്, ബിടി, ഗ്ലാക്സോ–സ്മിത്ത് ക്ലെെൻ, ലോയിഡ്സ്, സാന്താൻഡെർ തുടങ്ങിയ കമ്പനികളുടെയെല്ലാം മേധാവികൾ ആ കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു. ലേബർ പാർട്ടിയുടെ മാനിഫെസ്റ്റോയെകുറിച്ച് റേച്ചൽ റീവ്സ് അവരോടു പറഞ്ഞത് ഇങ്ങനെയാണ് : ‘‘നിങ്ങൾ മാനിഫെസ്റ്റോ വായിക്കുകയാണെങ്കിൽ അഥവാ അതിൽ സമ്പദ്ഘടനയെ സംബന്ധിച്ചു പറയുന്ന ഭാഗം നിങ്ങൾ വായിക്കുകയാണെങ്കിൽ, അതിലുടനീളം നിങ്ങളുടെ കയ്യൊപ്പ് കാണാനാവും.’’
2022ൽ ലേബർ പാർട്ടിക്ക് ലഭിച്ചത് കോർപ്പറേറ്റുകളുടെയും വ്യക്തികളുടെയും സംഭാവനകളായിരുന്നു, ട്രേഡ് യൂണിയനുകളിൽ നിന്നുള്ള സംഭാവനകളെക്കാൾ അധികം; കോർപ്പറേറ്റ് സംഭാവന ഇപ്പോൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം സമ്പന്നരും വൻകിട ബിസിനസുകാരും ലേബർ പാർട്ടിക്ക് നൽകിയ 146 ലക്ഷം പൗണ്ടിന്റെ സംഭാവന ട്രേഡ് യൂണിയനുകളിൽ നിന്നുള്ള സംഭാവനയുടെ ഇരട്ടിയിലധികമാണ്.
വൻകിട മുതലാളിമാർ രാഷ്ട്രീയപാർട്ടികൾക്ക് പണം സംഭാവന നൽകി ഭരണ നയങ്ങളിൽ കൈകടത്തുന്ന രീതി വ്യാപകമാണ്; കഴിഞ്ഞവർഷം അവർ നൽകിയ സംഭാവന 9.30 കോടി പൗണ്ടായത് ഈ സംഭാവന ഇരട്ടിയോളം ആയി എന്നാണ് സൂചിപ്പിക്കുന്നത്. 2024ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യത്തെ മൂന്നാഴ്ചയിൽ മാത്രം പാർട്ടികൾക്കാകെ 1.2 കോടിയിലധികം പൗണ്ടാണ് ലഭിച്ചത്. ഇതിന്റെ മൂന്നിൽ രണ്ട് ഭാഗവും ലഭിച്ചത് ലേബർ പാർട്ടിക്കാണ്. ഇതിൽ സമ്പന്നരാണ് യൂണിയനുകളേക്കാൾ കൂടുതൽ സംഭാവന നൽകിയതും.
അപകടങ്ങളും അവസരങ്ങളും
തൊഴിലാളി വർഗ്ഗം, ജനങ്ങളാകെ അഭിമുഖീകരിക്കുന്ന അപകടങ്ങളിലേക്കും അവസരങ്ങളിലേക്കും കൂടി ശ്രദ്ധ ക്ഷണിക്കുന്നതാണ് പൊതുതിരഞ്ഞെടുപ്പ് ഫലം; അതുപോലെതന്നെ ഇടതുപക്ഷ, പുരോഗമന നയങ്ങൾക്കായി പൊരുതുന്നതിന് തൊഴിലാളി വർഗ സംഘടനകളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന കാര്യത്തിലേക്കും ഇതു വിരൽ ചൂണ്ടുന്നു.
ഒന്നാമതായി, റീഫോം യുകെ പാർട്ടിയുടെ വളർച്ചയും അതിന് വോട്ട് ആകർഷിക്കാനുള്ള സാധ്യതയും തൊഴിലാളി വർഗ്ഗത്തിലെ ഗണ്യമായ ഒരു വിഭാഗത്തിന് ആ പാർട്ടിയോടുള്ള കൂറുമെല്ലാം അവഗണിക്കാവുന്ന കാര്യങ്ങളല്ല. ആ പാർട്ടി 5 സീറ്റിൽ വിജയിച്ചതിനുപുറമേ 98 മണ്ഡലങ്ങളിൽ അത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു; ഇതിൽ കൂടുതൽ സീറ്റും ലേബർ പാർട്ടി പ്രതിനിധാനം ചെയ്തിരുന്നവയാണ്.
ഭാവിയിൽ തീവ്രവലതുപക്ഷത്തിനുള്ള പിന്തുണ വർദ്ധിച്ചുവരുന്നത് ബ്രിട്ടനിലും സംഭവിക്കാം. കഴിഞ്ഞ 40 വർഷത്തിലേറെയായി മറ്റേതൊരു രാജ്യത്തെയും പോലെ ബ്രിട്ടനിലും നവലിബറലിസം വ്യവസായങ്ങളെയും ജീവിത നിലവാരത്തെയും തൊഴിലാളി വർഗ്ഗ സമൂഹങ്ങളെയുമാകെ പാടെ തകർത്തിരിക്കുകയാണ്. സർവ്വോപരി, വംശീയതയെയും സെെനികാധിപത്യത്തെയും പോലെയുള്ള കൊളോണിയലിസത്തിന്റെ പിന്തിരിപ്പൻ പൈതൃകങ്ങളെല്ലാമുള്ള സാമ്രാജ്യത്വ ശക്തിയെന്ന നിലയിൽ ബ്രിട്ടനിലെ ജനങ്ങൾ ഫ്രാൻസിനെയും ജർമ്മനിയെയും ഇറ്റലിയെയും മറ്റ്- യൂറോപ്യൻ സാമ്രാജ്യത്വ രാജ്യങ്ങളെയും പോലെ വംശീയവാദത്തിനും ദേശീയതാവാദത്തിനും അടിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, റിഫോം യുകെയെ കടുത്ത തൊഴിലാളിവർഗ്ഗ വിരുദ്ധനയങ്ങളോടുകൂടിയ വലതുപക്ഷ പാർട്ടിയെന്ന നിലയിൽ തുറന്നു കാണിക്കേണ്ടതുണ്ട്. ശ്രദ്ധേയമായവിധം തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഫാസിസ്റ്റനുകൂലികളും ഉൾപ്പെടുന്ന പാർട്ടിയുമാണത്. കമ്യൂണിസ്റ്റ് പാർട്ടി അടുത്ത ഏതാനും ആഴ്ചകൾക്കകം റിഫോം യുകെയെ സംബന്ധിച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിക്കും. സാധ്യമാകുന്നിടത്തെല്ലാം വിഭാഗീയതയില്ലാത്ത വംശീയതക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട്, ട്രേഡ് യൂണിയനുകളിലും പ്രാദേശികാടിസ്ഥാനത്തിലും നാം വംശീയതക്കെതിരായ നമ്മുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം.
രണ്ടാമതായി, ലിബറൽ ഡെമോക്രാറ്റുകളുടെ പുനരുജ്ജീവനത്തെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള അവസരമാക്കി മാറ്റാൻ നാം അനുവദിക്കരുത്.
‘മാനുഷിക മുഖത്തോടു കൂടിയ’ ബ്രിട്ടീഷ് സ്റ്റേറ്റ് കുത്തക മുതലാളിത്തത്തിന്റെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും താല്പര്യങ്ങളുടെ വക്താവാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി. സ്-റ്റാർമർ ഗവൺമെന്റിന് സ്വന്തം നിലയിൽ ഭരണ വർഗ താല്പര്യങ്ങൾ വേണ്ടത്ര സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ലേബർ പാർട്ടിയുമായും മധ്യ വലതുപക്ഷമായ കൺസർവേറ്റീവ് ശക്തികളുമായും ലിബറൽ ഡെമോക്രാറ്റുകൾക്ക് തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കാൻ പോലും കഴിയും; ഈ പാർട്ടികളുടെ രാഷ്ട്രീയത്തിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.
സ്കോട്ട്ലണ്ടിൽ എസ്എൻപിക്ക് തിരഞ്ഞെടുപ്പിൽ പരാജയമുണ്ടായത് ധനമേഖലയിലെ ഒരഴിമതിയുടെയും രാഷ്ട്രീയമായി തെറ്റായ നിഗമനത്തിലെത്തിയതിന്റെയും പശ്ചാത്തലത്തിൽ പാർട്ടിയുടെയും ഗവൺമെന്റിന്റെയും നേതൃത്വത്തിൽ വന്ന രണ്ടു മാറ്റങ്ങളെ തുടർന്നാണ്. ലേബർ പാർട്ടിയുടെ വിജയത്തിനൊപ്പം ഇതും താൽക്കാലികമായിട്ടെങ്കിലും സ്കോട്ട്‌ലണ്ടിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ദുർബലമാക്കും; 2022 അവസാനംമുതൽ സ്കോട്ടിഷ്- സ്വാതന്ത്ര്യത്തിനായുള്ള ആവേശം ശ്രദ്ധേയമായ വിധം കുറഞ്ഞതായാണ് സമീപകാലത്തെ ചില അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നത്.
ഈ പുതിയ സാഹചര്യം അവിടെ വർഗീയാധിഷ്ഠിത രാഷ‍്ട്രീയത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുകയാണ്; പുരോഗമനപരമായ ഫെഡറലിറത്തിനും സാധ്യതയുണ്ട്; ലേബർ പാർട്ടിയിലെയും എസ്എൻപിയിലെയും സ്കോട്ടിഷ് ഗ്രീൻ പാർട്ടിയിലെയും പോലും ഫെഡറലിസത്തിനനുകൂലമായ വിഭാഗങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കി കമ്യൂണിസ്റ്റ് പാർട്ടി ഇതിനുവേണ്ടി പ്രവർത്തിക്കണം.
വെയിത്സിൽ ടോറികൾ 13 സീറ്റിലും പരാജയപ്പെട്ടു. വെയിത്സിലെ 40 നിയോജക മണ്ഡലങ്ങളിൽ കൈവശമുണ്ടായിരുന്ന 8 എണ്ണത്തിൽ ലേബർ പാർട്ടി പരാജയപ്പെട്ടെങ്കിലും പുതുതായി 6 സീറ്റിൽ വിജയിക്കുകയും വോട്ടുവിഹിതത്തിൽ ചെറിയൊരു വർധനവുണ്ടാക്കുകയും ചെയ്തു. സീറ്റിന്റെയും വോട്ടു വിഹിതത്തിന്റെയും കാര്യത്തിൽ പ്ലായ്ഡ് സിമ്രു ചെറിയതോതിൽ നേട്ടമുണ്ടാക്കി. എന്നാൽ വെയിത്സിൽ പോളിങ് 11 ശതമാനം കണ്ട് കുറഞ്ഞ്- 56 ശതമാനത്തിലെത്തി; പൊതുവിൽ എസ്റ്റാബ്ലിഷ്-മെന്റ് രാഷ്ട്രീയത്തോട് ലേബർ പാർട്ടിയോട് പ്രത്യേകിച്ചും, വോട്ടർമാർ അകലുന്നതിന്റെ പ്രതിഫലനമാണിത്.
വെയിത്സിലെ ഗവൺമെന്റും വെസ്റ്റ് മിനിസ്റ്റർ ഗവൺമെന്റും (കേന്ദ്ര ഗവൺമെന്റ്) അതേപോലെ രണ്ടിടത്തെയും പാർലമെന്റുകളും തമ്മിൽ കേന്ദ്രഫണ്ട്, വെയിത്സിലെ നിയമനിർമ്മാണം, പാർലമെന്ററി പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെയും വെയിത്സിലെ സ്വാതന്ത്ര്യപ്രസ്ഥാനം താരതമ്യേന ദുർബലമായതിന്റെയും പശ്ചാത്തലത്തിൽ പുരോഗമനപരമായ ഫെഡറലിസത്തിന് വിശാലമായ പിന്തുണ നേടിയെടുക്കാനുള്ള വെയിത്സിലെ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ട്.
കേന്ദ്ര ഗവൺമെന്റും അധികാരം പങ്കുവയ്-ക്കപ്പെട്ടിട്ടുള്ള ഗവൺമെന്റുകളും തമ്മിലുള്ള ബന്ധങ്ങൾ ‘‘പുനഃക്രമീകരി’’ക്കാനുള്ള (അദ്ദേഹം അങ്ങനെയാണ് പറയുന്നത്) സാധ്യത തേടി ഈ ആഴ്ച അവസാനം പ്രധാനമന്ത്രി സ്റ്റാർമർ ബ്രിട്ടനിൽ എല്ലായിടത്തും പോവുകയാണ്. ഇതിനുള്ള ഏറ്റവും മികച്ച അടിത്തറ നല്ല വാക്കുകൾ കൊണ്ട് തീരുന്നതല്ല, മറിച്ച് ബ്രിട്ടന്റെ ഘടക രാഷ്ട്രങ്ങൾക്കെല്ലാം തുല്യപദവി ഉറപ്പു നൽകുന്ന പുതിയ ഭരണഘടനാപരമായ ഒരു പരിഹാരം കണ്ടെത്തലാണ്; സ്കോട്ട്ലണ്ടിലെയും വെയിത്സിലെയും നിലവിലുള്ള പാർലമെന്റുകൾക്ക് കുത്തക മുതലാളിത്തത്തിന്റെ കമ്പോളശക്തികൾക്കെതിരെ അതാതിടത്തെ ജനങ്ങളുടെ സാമ്പത്തികവും ധനപരവുമായ താൽപര്യങ്ങൾക്കനുസരിച്ച് ഇടപെടാനുള്ള ശേഷി നൽകുകയും വേണം.
ഗ്രീൻസ് പാർട്ടി ഇംഗ്ലണ്ടിൽ 4 സീറ്റിൽ വിജയിച്ചുവെന്നതിനു പുറമേ ബ്രിട്ടനിലുടനീളം അവരുടെ വോട്ടു വിഹിതം ഇരട്ടിയിലധികമായി 7 ശതമാനത്തിലെത്തിച്ചു; മാത്രമല്ല 47 നിയോജകമണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സമീപകാലത്ത് നാറ്റോയെ അനുകൂലിക്കുന്ന നിലപാടെടുത്തുവെങ്കിലും വെസ്റ്റ് മിനിസ്റ്ററിൽ (ബ്രിട്ടീഷ് പാർലമെന്റിൽ) എത്തിയിട്ടുള്ള മറ്റെല്ലാ പാർട്ടികളുടേതിനേക്കാൾ കൂടുതൽ പുരോഗമനപരമാണ് ഗ്രീൻസിന്റെ മാനിഫെസ്റ്റോ. പരിസ്ഥിതി പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഗ്രീൻസ് പാർട്ടിയുടെ മുന്നേറ്റം വെളിപ്പെടുത്തുന്നത്; ഒപ്പം മാനവരാശിയുടെ നിലനിൽപ്പിനു തന്നെ കാലാവസ്ഥാ മാറ്റം ഭീഷണിയായിരിക്കുന്നുവെന്ന ബോധ്യം വളർന്നുവരുന്നതിലേക്കും അത് വിരൽചൂണ്ടുന്നു. കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും ഒരുതലത്തിലും ഈ വിഷയങ്ങൾ സ്ഥിരമായും സമഗ്രമായും കെെകാര്യം ചെയ്യുന്നില്ല; അങ്ങനെ ചെയ്തിരുന്നുവെങ്കിൽ, മുതലാളിത്തവും സാമ്രാജ്യത്വവും സെെനികാധിപത്യവും എങ്ങനെയാണ് മാനവരാശിയുടെയും ഈ ഭൂഗോളത്തിന്റെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ഭാവി അപകടത്തിലാക്കുന്നതെന്ന് വ്യക്തമാക്കാൻ കഴിയുമായിരുന്നു.
ഇടതുപക്ഷത്തെയും സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തെയും സംബന്ധിച്ചിടത്തോളം ജെറമി കോർബിന്റെ വിജയം സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. എന്നാൽ, മുൻ ലേബർ പാർട്ടിക്കാരായ മറ്റു ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കും സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർഥികൾക്കും നന്നായി വോട്ടു ലഭിച്ചുവെങ്കിലും അവർക്ക് മുന്നേറ്റമൊന്നുമുണ്ടാക്കാനായില്ല. റിച്ചാർഡ് ബർഗനെയും സാറസുൽത്താനയെയും പൗള ബാർക്കെറെയും ഡയന ആബ ്ടിനെയും പോലെയുള്ള ഇടതുപക്ഷ ലേബർ എംപിമാർ തങ്ങളുടെ സീറ്റുകൾ നിലനിർത്തി. എന്നാൽ, പാർലമെന്ററി ലേബർ പാർട്ടിയിൽ അവർ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്.
2017ലും 2019ലും ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക് പിന്തുണ നൽകിയ ട്രേഡ് യൂണിയനും സോഷ്യലിസ്റ്റ് സഖ്യവും ഈ പ്രാവശ്യം സ്വന്തമായി 40 സ്ഥാനാർഥികളെ രംഗത്തിറക്കി; അവർക്ക് ശരാശരി 314 വോട്ട് വീതം ലഭിച്ചു. വർക്കേഴ്സ് പാർട്ടിയുടെ 152 സ്ഥാനാർത്ഥികൾ മത്സരിച്ചു – ശരാശരി 1,383 വോട്ട് വീതം ലഭിച്ചു. വർക്കേഴ്സ് പാർട്ടിയുടെ മാനിഫെസ്റ്റോയിൽ പല ഇടതുപക്ഷ, പുരോഗമന നയങ്ങളുമുണ്ടെങ്കിലും പല വർക്കേഴ്സ് പാർട്ടി സ്ഥാനാർത്ഥികളും ഇതുൾക്കൊള്ളുന്നുണ്ട് എന്ന് വ്യക്തമല്ല; കാരണം ഇവരിൽ പലരും പ്രാഥമികമായും പലസ്തീൻ അനുകൂലികളാണെങ്കിലും മതപക്ഷ പാതികളുമാണ്. പാർട്ടി നേതാവ് ജോർജ് ഗാലോവെയുടെ റോഷ്ഡേൽ സീറ്റ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇനി കാണേണ്ടിയിരിക്കുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ 14 പാർട്ടികൾക്കും കൂടി മൊത്തം 2622 വോട്ട് ലഭിച്ചു – ശരാശരി 187 വോട്ട് വീതം (2015ൽ 9 സ്ഥാനാർഥികൾക്ക് ശരാശരി 136 വോട്ട് വീതമാണ് ലഭിച്ചത്). ഞങ്ങളുടെ കേന്ദ്ര – പ്രാദേശിക പ്രചാരണ ടീമുകൾ അഭ്യർഥനകളും ലഘുലേഖകളും പോസ്റ്ററുകളുമെല്ലാമായി 10 ലക്ഷം കോപ്പികൾ നിർമ്മിച്ച്- വിതരണം ചെയ്തു. ഇതിലൂടെ പുതിയ അംഗങ്ങളെ കണ്ടെത്താനായി; രാഷ്ട്രീയമായും സംഘടനാപരമായും ഭൂമിശാസ്ത്രപരമായും പുതിയ അടിത്തറ ഒരുക്കാനും കഴിഞ്ഞു.
പലസ്തീൻ അനുകൂലികളായ നാല് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചു; ലേബറിൽനിന്ന് പിടിച്ചെടുത്തതാണിവ. ജനസംഖ്യയിൽ വലിയൊരു വിഭാഗം മുസ്ലീങ്ങളും അറബികളും ഉള്ള നിയോജകമണ്ഡലങ്ങളാണിവ.
വടക്കൻ അയർലണ്ടിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയെ (ഡിയുപി) തറപറ്റിച്ച് സിൻഫീൻ സീറ്റുകളുടെ എണ്ണത്തിന്റെയും വോട്ട് വിഹിതത്തിന്റെയും അടിസ്ഥാനത്തിൽ മുഖ്യകക്ഷിയായി ഉയർന്നു. എന്നാൽ ഇവ രണ്ടും തമ്മിൽ കാര്യമായ നയവ്യത്യാസമൊന്നുമില്ല. എന്നിരുന്നാലും വടക്കും തെക്കും സിൻഫീനിന്റെ മുന്നേറ്റം (ഐറിഷ് റിപ്പബ്ലിക്കിൽ –തെക്കൻ അയർലണ്ടിൽ ഒരു വർഷത്തിനകം തിരഞ്ഞെടുപ്പ് നടക്കും). അയർലണ്ടുമായുള്ള ബന്ധത്തെയും അതിർത്തി പ്രദേശത്തെ വോട്ടെടുപ്പിനെയും പുനരേകീകരണത്തെയും പറ്റിയെല്ലാമുള്ള ചർച്ചകൾ സജീവമാകുന്നതിനിടയാക്കും. ആവശ്യമാകുമ്പോഴെല്ലാം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലണ്ടുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാക്കുന്നു. എന്തുതന്നെയായാലും ബ്രിട്ടനിലെ തൊഴിലാളിപ്രസ്ഥാനം അയർലണ്ടിന്റെ ഉദ്ഗ്രഥനത്തിന്റെയും ഐക്യത്തിന്റെയും പാതയിൽ തടസ്സം സൃഷ്ടിക്കാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നീക്കങ്ങളെയെല്ലാം എതിർക്കുക തന്നെ വേണം. ♦