Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിയൂറോപ്പിൽ ഫാസിസത്തിന്റെ തേരോട്ടം തടയൽ

യൂറോപ്പിൽ ഫാസിസത്തിന്റെ തേരോട്ടം തടയൽ

പ്രഭാത്‌ പട്‌നായക്‌

ഫാസിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ അധികാരത്തിൽ വരുകയെന്നത് ഇന്ന് ലോകത്തിലെ വളരെ വലിയൊരു ഭാഗത്ത് ഒന്നുകിൽ യാഥാർഥ്യമാണ് അല്ലെങ്കിൽ തൊട്ടുമുന്നിലുള്ള ഒരു ഭീഷണിയായി നിലനിൽക്കുന്നു. യൂറോപ്പിൽ ഇന്ന് ഫാസിസ്റ്റുകൾ നേതൃത്വം നൽകുന്ന നിരവധി ഗവൺമെന്റുകളുണ്ട്; ഇൗ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നതിന്റെ വക്കത്താണ് ഫ്രാൻസ്. അങ്ങനെ സംഭവിച്ചാൽ അതായിരിക്കും ഇറ്റലിക്കുശേഷം ഫാസിസ്റ്റ് ഗവൺമെന്റുണ്ടാകുന്ന രണ്ടാമത്തെ പ്രമുഖ യൂറോപ്യൻ ശക്തി. ഇത് സംഭവിക്കുകയാണെങ്കിൽ ചരിത്ര പ്രാധാന്യമുള്ള ഒരു സംഭവമായിരിക്കും അത്; ഹിറ്റ്ലറുമായി സഹകരിച്ച് കുപ്രസിദ്ധിയാർജിച്ച മാർഷൽ പെട്ടയ്ന്റെ നേതൃത്വത്തിൽ നിലവിൽ വന്ന വിച്ചി ഗവൺമെന്റിനുശേഷമുള്ള ഫ്രാൻസിലെ ആദ്യത്തെ ഗവൺമെന്റായിരിക്കും അത്. നാസി അധിനിവേശത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയിട്ടുള്ള, അതുപോലെ തന്നെ എക്കാലത്തും അതിശക്തമായ ഇടതുപക്ഷ – ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതവും ദുരന്തപൂർണവുമായ വലിയൊരു പിൻവലിയലായിരിക്കുമിത്. ഇതിനെ തടഞ്ഞുനിർത്തിയെന്നു മാത്രമല്ല, മറിച്ച് ഫ്രഞ്ച് തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അന്തിമവുമായ റൗണ്ടിൽ വിജയം വരിച്ചത് ന്യൂ പോപ്പുലർ ഫ്രണ്ടാണ്.

ഫാസിസത്തിന്റെ ഉയർന്നുവരവ്
ഫാസിസത്തിന്റെ ഉയർന്നുവരവുതന്നെ ഒരു തരത്തിലും വിശദീകരിക്കാനാവാത്ത കാര്യമാണ്. ഫാസിസം മുഖ്യധാരയിലേക്ക് കടന്നുവരുന്നത് മുതലാളിത്തം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ്; സ്വന്തം അധീശാധിപത്യത്തിനുനേരെ ഉയർന്നുവരുന്ന ഭീഷണിയെ തടയുന്നതിനാണ് വൻകിട മൂലധനം ഫാസിസ്റ്റ് വിഭാഗങ്ങളുമായി കെെകോർക്കുന്നത്; ഏതെങ്കിലും ഹതഭാഗ്യരായ ചില ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റേതായ ഫാസിസ്റ്റ് ചർച്ചകളിലേക്കുള്ള വ്യതിചലനങ്ങൾക്ക് ഒത്താശ നൽകിക്കൊണ്ടാണ് അതിനു വഴിയൊരുക്കുന്നത്. 1930കളിലെ മഹാമാന്ദ്യത്തിന്റെ കാലത്ത് ഇതാണ് ഉണ്ടായത്; ഇപ്പോൾ സംഭവിക്കുന്നതും ഇതുതന്നെയാണ് – അതായത്, നവലിബറൽ മുതലാളിത്തം പ്രതിസന്ധിയും മാന്ദ്യവുംമൂലം പൊറുതിമുട്ടുന്ന സുദീർഘമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഇപ്പോൾ അത് സംഭവിക്കുന്നത്. ഒരു കണക്കു മാത്രം ഉദാഹരണമായി ഇവിടെ പറയാം; 19 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ മേഖലയിൽ മൊത്തം മാറ്റിവയ്ക്കാവുന്ന യഥാർഥ പ്രതിശീർഷ വരുമാനം (The real gross disposable income per capita – അതായത് സർക്കാരിന്റെ നികുതികളും സബ്സിഡികളും കണക്കാക്കിയശേഷമുള്ള കുടുംബവരുമാനം) 2008ലെ നിലയെക്കാൾ 2023ൽ വെറും 6.4 ശതമാനം മാത്രം മുകളിലാണ്. ഇതുതന്നെ വെറും തുച്ഛമായ വർധനവാണ്. എന്നാൽ ഇവിടെ രണ്ട് അധിക കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്: ഒന്നാമത്തേത്, ‘‘കുടുംബം’’ (household) എന്ന പദത്തിൽ ധനിക കുടുംബങ്ങളും ദരിദ്ര കുടുംബങ്ങളും ഉൾപ്പെടുന്നു; ഈ കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് വരുമാന അസമത്വത്തിന്റെ വർധനവാണെന്നിരിക്കെ ജനസംഖ്യയിലെ മൊത്തം ആളുകളുടെ മാറ്റിവയ്ക്കാവുന്ന യഥാർഥ പ്രതിശീർഷ വരുമാനം വിരളമായി മാത്രമേ വർധിക്കാനിടയുള്ളൂ. രണ്ടാമതായി, ചെറുകിട മുതലാളിമാരുടെയും ചെറുകിട ഉൽപാദകരുടെയും ഉടമസ്ഥതയിലുള്ള മൂലധന ഓഹരിയുടെ (Capital Stock) മൂല്യത്തകർച്ച മൊത്തം കുടുംബ വരുമാനം സംബന്ധിച്ച ഈ കണക്കിൽനിന്നും കുറയ്ക്കുന്നില്ല. ഇത്തരത്തിലുള്ള മൂല്യത്തകർച്ചയും ഈ വിഭാഗത്തിന്റെ മൊത്തം കുടുംബവരുമാനവും തമ്മിലുള്ള അനുപാതം 2008ലേതിനെക്കാൾ ഇന്ന് വർധിച്ചിരിക്കാനിടയുണ്ട് (ശേഷിവിനിയോഗത്തിലെ കുറവുമൂലം ഇന്ന് മൂലധനവും ഉൽപാദനവും തമ്മിലുള്ള അനുപാതം ഉയർന്നിരിക്കുന്നു); ആയതിനാൽ ജനസംഖ്യയെയാകെ സംബന്ധിച്ചിടത്തോളം മൊത്തം മാറ്റിവയ്ക്കാവുന്ന യഥാർഥ പ്രതിശീർഷവരുമാനം ഈ കാരണത്താലും ചെറിയ തോതിൽ വർധിച്ചേക്കാം. ജനങ്ങൾക്കിടയിൽ വ്യവസ്ഥിതിയോട് അടിസ്ഥാനപരമായുള്ള രോഷം, നവലിബറൽ മുതലാളിത്തം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യം ജനങ്ങളുടെ ജീവിതനിലവാരത്തെ തകർക്കുന്നതുമൂലം വർധിച്ചുവരുന്നു; ഇതിനെയാണ് ഫാസിസം മുതലെടുക്കുന്നത്.

എന്നാൽ വൻകിട ബിസിനസ്സുകാരും ഫാസിസ്റ്റ് പുത്തൻകൂറ്റുകാരും തമ്മിലുള്ള കൂട്ടുകെട്ട് നാനാവിധത്തിലാണ് ഉണ്ടാകുന്നത്. ജനങ്ങളുടെ രോഷം മുതലെടുക്കാൻ പലപ്പോഴും ഫാസിസ്റ്റുകൾ തുടക്കത്തിൽ വൻകിട ബിസിനസ്സുകാർക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്; ഉദാഹരണത്തിന്, ഹിറ്റ്ലർ അങ്ങനെയാണ് ചെയ്തത്. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾപോലും അവർക്ക് രഹസ്യമായി ചില കുത്തകകളിൽനിന്ന് പതിവായി സഹായം ലഭിക്കാറുമുണ്ട്; പരസ്യമായി സഹായിക്കുന്നില്ലയെന്നേയുള്ളൂ. എന്നാൽ ഫാസിസ്റ്റുകൾ അധികാരത്തിലെത്തിക്കഴിഞ്ഞാൽ വൻകിട മൂലധനത്തിന്റെ പങ്കാളികളെന്ന നിലയിൽ അവർ പരിപൂർണമായും പരസ്യമായി രംഗത്തെത്തുന്നു; പഴയ കുത്തകവിരുദ്ധ മുദ്രാവാക്യങ്ങളോട് ഇപ്പോഴും കൂറുപുലർത്തുന്ന സ്വന്തം അനുയായികളെ തന്നെ പൂർണമായും നിർമാർജനം ചെയ്യാനും മടിക്കുന്നില്ല.

ഇക്കാര്യത്തിൽ ഇന്ത്യ വ്യത്യസ്തമാണ്; മതന്യൂനപക്ഷങ്ങൾക്കെതിരെ വിദേ-്വഷ പ്രചാരണം നടത്തുമ്പോൾ പോലും ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾ വൻകിട മൂലധനവുമായുള്ള, പ്രതേ-്യകിച്ചും ചില പുത്തൻ കുത്തകമുതലാളിമാരുമായുള്ള, തങ്ങളുടെ ചങ്ങാത്തം രഹസ്യമായി വയ്ക്കുന്നില്ല. എന്നാൽ ഫ്രഞ്ച് ഫാസിസ്റ്റുകളാകട്ടെ, കുത്തക മുതലാളിമാർക്കെതിരായ ഒച്ചയിടലോടുകൂടിയാണ് തുടങ്ങിയിരിക്കുന്നത്. ഫ്രഞ്ച് -ഫാസിസ്റ്റ് നേതാവായ മേരി ലെപെൻ നവലിബറലിസത്തിന്റെ കടുത്ത എതിരാളിയായാണ് സ്വയം നടിക്കുന്നത്; മുൻ ഗവൺമെന്റുകൾ പിന്തുടർന്നതിൽനിന്ന് വ്യത്യസ്തമായ പ്രവർത്തന പദ്ധതിയും നയങ്ങളും നടപ്പാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽവന്ന ഗ്രീസിലെ സിറിസ ഒടുവിൽ ഫിനാൻസ് മൂലധനത്തിന്റെ സമ്മർദങ്ങൾക്കു മുന്നിൽ കീഴടങ്ങിയപ്പോൾ മേരി ലെപെൻ അതിനെ ‘വഞ്ചന’യെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ പ്രത്യക്ഷത്തിലുള്ള പ്രതിപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ അവരുടെ പാർട്ടിക്ക് പരിപൂർണ പിന്തുണ നൽകുന്നത് ഫ്രഞ്ച് മാധ്യമ സാമ്രാട്ടും ശതകോടീശ്വരനുമായ നിക്ഷേപകൻ വിൻസെന്റ് ബൊളോറെയാണ്; ഫ്രഞ്ച് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, അവരുടെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ജോർഡൻ ബാർഡെല്ല തങ്ങളുടെ പഴയ പ്രഖ്യാപിത നിലപാടുകളിൽനിന്നും പിന്മാറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു; ആ പഴയ നിലപാടാകട്ടെ ഫിനാൻസ് മൂലധനത്തിന്റേതിൽനിന്ന് വ്യത്യസ്തവുമായിരുന്നു. ഇപ്പോഴത്തെ നിലപാടുമാറ്റം ഫിനാൻസ് മൂലധനത്തിന് കൂടുതൽ സ്വീകാര്യരാകാൻ വേണ്ടിയായിരുന്നു.

ഇതുതന്നെയാണ് ഇറ്റലിയിലും സംഭവിച്ചത്. അവിടെ ഫാസിസ്റ്റുകളുടെ നേതാവായ ജോർജിയ മെലോണി, തുറന്ന നവലിബറൽ അജൻഡയുടെ വക്താവായ തന്റെ മുൻഗാമി മറിയോ ഡ്രഘിയുടേതിൽനിന്നും വ്യത്യസ്തമായ പരിപാടിയാണ് തന്റേതെന്ന നാട്യത്തിലാണ് മൽസരിക്കാനെത്തിയത്. എന്നാൽ അധികാരത്തിൽ വന്നതിനെ തുടർന്ന് താൻ മുൻപ് നൽകിയ വാഗ്ദാനങ്ങളിൽനിന്നെല്ലാം മെലോണി പിൻവാങ്ങുകയും ഫിനാൻസ് മൂലധനത്തിന്റെ വിശ്വസ്ത സഖ്യകക്ഷിയായി മാറുകയും ചെയ്തു.

ഉക്രൈൻ യുദ്ധത്തിന്റെ വിഷയത്തെക്കുറിച്ച് യൂറോപ്യൻ ഫാസിസ്റ്റുകൾക്കിടയിൽ കൃത്യമായും സമാനമായ പിൻമടക്കമാണുണ്ടാകുന്നത്. യൂറോപ്യൻ തൊഴിലാളിവർഗം വ്യക്തമായും യുദ്ധത്തെ എതിർക്കുകയാണ്; റഷ്യക്കെതിരായ ഉപരോധത്തെത്തുടർന്നുണ്ടായ ഇന്ധന വിലക്കയറ്റംമൂലം (ഇത് യുദ്ധത്തിന്റെ അനന്തരഫലമാണ്) സംഭവിച്ച വിലവർധനവിന്റെ കെടുതി അനുഭവിക്കുന്നവരാണ് യൂറോപ്യൻ തൊഴിലാളിവർഗം; അതുകൊണ്ട് സമാധാനത്തിലേക്ക് മടങ്ങാനാണ് അവർ ആഗ്രഹിക്കുന്നത്. തൊഴിലാളികളുടെ പിന്തുണ നേടാനായി ഫാസിസ്റ്റുകൾ തുടക്കത്തിൽ യുദ്ധത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നു; എന്നാൽ അധികാരത്തിലെത്തിക്കഴിഞ്ഞാൽ അവർ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചുവടൊപ്പിച്ച് നീങ്ങുന്നു; അവർ പുറത്താക്കിയ ലിബറൽ ബൂർഷ്വാ പാർട്ടികളുടെ അതേ നിലപാട് തന്നെയാണ് ഫാസിസ്റ്റുകളും നടപ്പാക്കുന്നത്. മെലോണി ചെയ്തത് ഇതുതന്നെയാണ്; ഇതാണ് ഫ്രാൻസിൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബർദേലയും ചെയ്തുകൊണ്ടിരുന്നത്; പൊതുവിൽ പരസ്യമായി പ്രഖ്യാപിക്കപ്പെട്ട സമാധാനത്തിനനുകൂലമായ നിലപാടിൽനിന്നും പിൻവാങ്ങുന്നു.

ചുരുക്കത്തിൽ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിദേ-്വഷപ്രചാരണം നടത്തുകയും തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഫാസിസം തൊഴിലാളിവർഗത്തെ വഞ്ചിക്കുകയുമാണ്. തങ്ങൾ ലിബറൽ ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തരാണെന്ന ഫാസിസ്റ്റുകളുടെ നാട്യം വെറും കാപട്യം മാത്രമാണ്. ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും കുടിയേറ്റക്കാരോടുള്ള ശത്രുതാമനോഭാവം പ്രോത്സാഹിപ്പിക്കുന്നതിലും തീർച്ചയായും അത് ലിബറൽ പ്രസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തീവ്രവലതുപക്ഷത്തുതന്നെയാണ്; എന്നാൽ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും വിഷയങ്ങളിലും സാമ്പത്തികനയത്തിലുമൊന്നും ലിബറൽ പ്രസ്ഥാനങ്ങളിൽനിന്നും അതിന് വ്യത്യസ്തമായ നിലപാട് തീരെ ഉണ്ടാവില്ല; എങ്കിലും തൊഴിലാളിവർഗത്തിന്റെ അനുഭാവം പിടിച്ചെടുക്കുന്നതിന് തങ്ങൾ വ്യത്യസ്തരാണെന്ന് ഫാസിസ്റ്റുകൾ നടിക്കുന്നു.

ഇത്തരം നാട്യത്തിനുള്ള സാധ്യത ഉയർന്നു വരുന്നത്, ഇടതുപക്ഷത്തെ പ്രമുഖ വിഭാഗങ്ങൾ തൊഴിലാളി വർഗതാൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയെന്ന തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാതിരിക്കുകയും ബൂർഷ്വാസിയുടെ പാത പിന്തുടരുകയും ചെയ്യുന്നതുമൂലമാണ്. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധം മൂലമുള്ള വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിക്കഴിയുന്ന ജർമനിയിലെ തൊഴിലാളിവർഗം ഉക്രൈൻ യുദ്ധത്തിനെതിരാണ്; അവിടെ സോഷ്യൽ ഡെമോക്രാറ്റുകൾ മാത്രമല്ല, ഇടതുപക്ഷത്തുള്ള പാർട്ടികൾ പോലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്നിൽ അണിനിരക്കുകയാണ്; സമാധാനത്തിനുവേണ്ടി വാദിക്കുന്ന സാറ വാഗണെഷ്ടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്തുനിന്ന് ഭിന്നിച്ചുനിൽക്കുന്ന വിഭാഗത്തിന് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിൽ അത്ഭുതത്തിനവകാശമില്ല. അതേപോലെ തന്നെ, യൂറോപ്പിലെ ഇടതുപക്ഷത്തുള്ള ഗണ്യമായ ഒരു വിഭാഗം നവലിബറലിസത്തിന്റെ ആരാധകരായി മാറുകയും ചെയ്യുന്നത് തൊഴിലാളിവർഗത്തെ തെറ്റിദ്ധരിപ്പിക്കുകയെന്ന പദ്ധതി നടപ്പാക്കുന്ന ഫാസിസ്റ്റുകളെ സഹായിക്കലാണ്. ആ നിലയിൽ യൂറോപ്യൻ ഫാസിസം തഴച്ചുവളരുന്നത് ഇടതുപക്ഷത്തെ മുഖ്യവിഭാഗങ്ങളുടെ കീഴടങ്ങൽ സമീപനം മൂലമാണ്.

ഫ്രാൻസ് വ്യത്യസ്തമാകുന്നത്
എന്നാൽ ഇവിടെയാണ് ഫ്രാൻസ് വ്യത്യസ്തമാകുന്നത്. ഇടതുപക്ഷം പുതിയ ജനകീയ മുന്നണി രൂപീകരിക്കാൻ ഒത്തുചേർന്നുവെന്നു മാത്രമല്ല, മറിച്ച് വ്യക്തമായും നവലിബറലിസത്തിനു ബദലായ ഒരു സാമ്പത്തിക പരിപാടി മുന്നണി അംഗീകരിക്കുകയും ചെയ്തു. ഫ്രഞ്ച് ഫാസിസ്റ്റുകളുടെ വളർച്ചയ്ക്ക് മുൻപ് വഴിയൊരുക്കിയത് ഫാസിസ്റ്റുകളെ അധികാരത്തിൽനിന്നും അകറ്റിനിർത്താനുള്ള പൊതുധാരണയ്ക്കൊപ്പം ബദൽ സാമ്പത്തിക അജൻഡയൊന്നും മുന്നോട്ടുവയ്ക്കപ്പെട്ടില്ലയെന്നതാണ്. ഇതിനെയാണ് അധികാരത്തിൽ തുടരാനായി മാക്രോൺ മുതലെടുത്തത്; അധ്വാനിക്കുന്ന ജനങ്ങൾക്ക് നവലിബറൽ അജൻഡയോടുള്ള അതൃപ്തിയും എതിർപ്പും വർധിച്ചുകൊണ്ടിരിക്കുമ്പോൾപോലും മാക്രോൺ ആ അജൻഡ തന്നെ പിന്തുടർന്നതും അതുകൊണ്ടുതന്നെ. മാക്രോണിന്റെ ജനപ്രീതിയില്ലായ്മ വർധിച്ചുവരുന്നതോടെ, ജനങ്ങൾ തള്ളിക്കളഞ്ഞ സാമ്പത്തികനയങ്ങൾക്കെതിരെ ഉറക്കെയുറക്കെ പ്രതികരിച്ചുകൊണ്ടിരുന്ന ഫാസിസ്റ്റുകൾ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വീകാര്യരായി മാറി. ഈ വെെരുദ്ധ്യമാണ് ഇപ്പോൾ തകർക്കപ്പെട്ടത്; ഇതിലൂടെ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തമാകുന്നുണ്ട്.

രണ്ടാം ലോകയുദ്ധ കാലത്ത് ഏറ്റവും പ്രസക്തമായ ഒരേയൊരു ഫാസിസ്റ്റ് വിരുദ്ധ പരിപാടി യുദ്ധം അവസാനിപ്പിക്കലായിരുന്നു; ആ ഘട്ടത്തിൽ അതുകൊണ്ടുതന്നെ ബദൽ സാമ്പത്തിക അജൻഡയുടെ ആവശ്യമുണ്ടായിരുന്നില്ല. യുദ്ധകാലത്ത് ഫലപ്രദമായിരുന്ന പരിപാടിയെ അടിസ്ഥാനമാക്കിയല്ലാത്ത ഫാസിസ്റ്റ് വിരുദ്ധ മുന്നണി, നമ്മൾ സമ്പൂർണമായ ഒരു യുദ്ധത്തിന്റെ നടുവിലല്ലാതിരിക്കുന്ന ഇന്നത്തെ ദശാസന്ധിയിൽ ഫലപ്രദമാകില്ല. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അജൻഡ മുന്നോട്ടുവയ്ക്കാതെ ഫാസിസ്റ്റ് വിരുദ്ധശക്തികൾ ഒന്നിച്ചുനിന്നതുകൊണ്ടു മാത്രം, നവലിബറലിസത്തിൽ സംതൃപ്തിയടഞ്ഞിരിക്കുകയും സാമ്രാജ്യത്വത്തിന്റെ ഒത്താശയുള്ള പ്രാദേശിക യുദ്ധങ്ങളിൽ സംതൃപ്തരായിരിക്കുകയും ചെയ്യുന്നവർ ക്രമേണ ഫലത്തിൽ ഫാസിസ്റ്റുകൾക്ക് അവസരമൊരുക്കിക്കൊടുക്കുന്നവരാണ്. തൽക്കാലത്തേക്കുള്ള അത്തരം കൂട്ടായ്മകൾ എത്രമാത്രം ഫലപ്രദമാണെന്നതൊന്നും പ്രസക്തമേയല്ല.

യൂറോപ്പിലെ ഇടതുപക്ഷത്തുള്ള ചില വിഭാഗങ്ങളുടെ കീഴടങ്ങൽ മനോഭാവം പെട്ടെന്നുണ്ടായതല്ല; വളരെക്കാലമായി അത് നിലനിൽക്കുന്നുണ്ട്; യുഗോസ്ലാവിയയിൽ നാറ്റോ ബോംബാക്രമണം നടത്തിയപ്പോൾ സംതൃപ്തിയോടെ ഇടതുപക്ഷത്തിലെ ഗണ്യമായ ഒരു വിഭാഗം നോക്കിനിന്നിരുന്ന കാലം മുതൽ തുടങ്ങിയതാണത്. സാമ്രാജ്യത്വത്തിന്റെ പിന്നിൽ പതുങ്ങിയിരിക്കുന്ന ഈ സമീപനം ഇപ്പോൾ ഉക്രൈനിലെ സാമ്രാജ്യത്വ പ്രൊജക്ടിനു പിന്തുണ നൽകുന്നത്ര പാകമായിരിക്കുകയാണ്; മാത്രമല്ല, ഇപ്പോൾ അവർ നവലിബറലിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു; ഇതാണ് ഫാസിസ്റ്റുകൾക്ക് തങ്ങളാണ് സമാധാനത്തിന്റെയും വിമോചനത്തിന്റെയും വക്താക്കളെന്ന് പ്രചരിപ്പിക്കാൻ അവസരം നൽകുന്നത്; ചുരുങ്ങിയ പക്ഷം കുത്തകമൂലധനവുമായുള്ള ഫാസിസ്റ്റുകളുടെ സഖ്യം പരസ്യമാവുന്നതുവരെയെങ്കിലും! നവലിബറലിസത്തിനപ്പുറം പോകുന്ന ഒരജൻഡ മുന്നോട്ടുവയ്ക്കാൻ കഴിയുമെന്ന് ഫ്രാൻസ് തെളിയിച്ചിരിക്കുകയാണ്; ഫാസിസ്റ്റുകളുടെ കാൽച്ചുവട്ടിലെ മണ്ണുമാന്തിക്കളയാൻ ഇത് ഫലപ്രദമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − ten =

Most Popular