Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിഇറാൻ: 
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം

ഇറാൻ: 
പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം

എ കെ രാമകൃഷ്‌ണൻ

സൂദ് പെസഷ്-കിയാൻ ജൂലെെ 30ന് ഇറാൻ പ്രസിഡന്റായി അധികാരമേൽക്കും. രണ്ടു വട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ യാഥാസ്ഥിതികവാദിയായ സയ്യിദ് ജലീലിയെ കടുത്ത മത്സരത്തിൽ പരാജയപ്പെടുത്തിയാണ് പെസഷ്-കിയാൻ വിജയം കെെവരിച്ചത്. പരിഷ്കരണവാദികളുടെ സ്ഥാനാർഥിയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചാണ് പെസഷ്-കിയാൻ മത്സരരംഗത്തെത്തിയത്. ഇറാൻ രാഷ്ട്രീയത്തിലെ യാഥാസ്ഥിതിക – പരിഷ്കരണവാദ പക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് പല നിരീക്ഷകരും അമിത പ്രാധാന്യം നൽകാറുണ്ടെന്നത് ശരിയാണ്. എങ്കിലും അത്തരമൊരു രാഷ്ട്രീയ വേർതിരിവിന് തീരെ സാംഗത്യമില്ലെന്നു പറയാനാവില്ല. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സാമാന്യം ശക്തമായ അധികാര വ്യവസ്ഥയ്ക്കകത്ത് സാധ്യമായ പ്രത്യയശാസ്ത്ര വിഭിന്നതയെ അത് മുന്നോട്ടുവെക്കുന്നു. ഇറാനിയൻ ജനതയുടെ സാമൂഹ്യ ജീവിതത്തിൽ ഭരണകൂടം അമിതമായി ഇടപെടുന്നത് തടയാൻ ശ്രമിക്കുന്ന നിലപാടാണ് പെസഷ്-കിയാൻ പ്രതിനിധാനം ചെയ്യുന്ന പരിഷ്കരണവാദികളുടേത്. വിദേശനയത്തിൽ കൂടുതൽ അയവുള്ള സമീപനവും അവരുടെ നിലപാടിന്റെ ഭാഗമാണ്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ടെഹ്റാൻ ടെെംസ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ പെസഷ്-കിയാൻ തന്റെ രാഷ്ട്രീയ വീക്ഷണം പങ്കുവെക്കുകയുണ്ടായി: ‘‘ദേശീയ ഐക്യവും പുറംലോകവുമായുള്ള ക്രിയാത്മക ഇടപെടലും മുന്നോട്ടുവെക്കുന്ന ഒരു പരിഷ്കരണ നിലപാടിൽനിന്ന് സ്ഥാനാർഥിയായി മത്സരിച്ച എനിക്ക് ഇന്നത്തെ മൊത്തം സ്ഥിതിവിശേഷത്തിൽ അസംതൃപ്തരായ സ്ത്രീകളുടേതും പുരുഷന്മാരുടേതുമടക്കം സഹപൗരരുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞു; ആഭ്യന്തര – വിദേശരംഗങ്ങളിൽ സമവായം സൃഷ്ടിക്കാനും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്’’. മഹ്-സാ അമീനിയുടെ കസ്റ്റഡി മരണത്തെത്തുടർന്നുണ്ടായ ദേശവ്യാപകമായ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരത്തിന്റേയും വിലക്കയറ്റവിരുദ്ധ തൊഴിലാളിസമരങ്ങളുടെയും സമീപകാല അനുഭവങ്ങൾ ആവശ്യപ്പെടുന്നത് ഭരണകൂടത്തിന്റെ നിലപാടു മാറ്റമാണ്. ഭരണകൂടം സമരം ചെയ്യുന്ന ജനങ്ങളെ ശത്രുക്കളായി കാണരുതെന്ന പെസഷ്-കിയാന്റെ മുൻ നിലപാടിന്റെ സാംഗത്യം പ്രസിഡന്റ് എന്ന നിലയ്ക്ക് എത്രകണ്ട് അദ്ദേഹം ഉയർത്തിപ്പിടിക്കുമെന്ന് കണ്ടുതന്നെ അറിയണം.

പെസഷ്-കിയാൻ പ്രസിഡന്റായി പ്രവർത്തിക്കേണ്ടത് അനേക തട്ടുകളുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കകത്താണ്. ഇസ്ലാമിക ഭരണഘടനയുടെയും, പരമോന്നത നേതൃത്വവും ഗാർഡിയൻഷിപ്പ് കൗൺസിലും റവല്യൂഷണറി ഗാർഡ്സുമൊക്കെയടങ്ങുന്ന ഭരണസംവിധാനത്തിന്റെയും ചട്ടക്കൂട് പ്രസിഡന്റിന്റെ പ്രവർത്തനത്തെ കാര്യമായി സ്വാധീനിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ജനപ്രതിനിധിസഭയും (മജ്-ലിസ്) അവയുടെ രാഷ്ട്രീയ ദൗത്യം നിർവഹിക്കുമ്പോൾ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മറ്റ് അധികാര ഘടകങ്ങളെ കണക്കിലെടുത്തേ മതിയാവൂ. പ്രസിഡന്റും പരമോന്നത നേതാവും തമ്മിലുള്ള ബന്ധം അതിന് ഏറ്റവും പ്രധാനമാണ്. പരമോന്നത നേതാവ് അയാത്തുള്ളാ അലി ഖമനെയ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പെസഷ്-കിയാന്റെ എതിരാളിയായ യാഥാസ്ഥിതിക സ്ഥാനാർഥി സയീദ് ജലീലിയെയാണ് പിന്തുണച്ചത്. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം അലി ഖമനെയ് തന്നെ പെസഷ്-കിയാനെയും കൂട്ടി ചടങ്ങുകളിൽ പങ്കെടുക്കുന്ന കാഴ്ചയും പെസഷ്-കിയാന് എല്ലാ പിന്തുണയും നൽകണമെന്ന് ഖമനെയ് അഭ്യർഥിക്കുന്നതും കാണാമായിരുന്നു. പരമോന്നത നേതാവിന്റെ സമ്മതമില്ലാതെ സുപ്രധാനമായ ആഭ്യന്തര – വിദേശ നയങ്ങൾ രൂപീകരിക്കാനും നടപ്പാക്കാനും ഏത് പ്രസിഡന്റിനും സാധിക്കുകയില്ല. രണ്ടുപേരും തമ്മിൽ അത്തരമൊരു പ്രായോഗിക ബന്ധത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പ്രധാനം.

ഇറാന്റെ സാമ്പത്തികരംഗത്തെയും ജനജീവിതത്തെയും ഏറ്റവും ബാധിക്കുന്ന പ്രമുഖ പ്രശ്നം രാജ്യത്തിന്റെ മേലുള്ള ദീർഘകാലമായ ഉപരോധമാണ്. ആണവക്കരാറിലൂടെ ഉപരോധത്തിന് അയവു വരുത്താനുള്ള ശ്രമം ഫലം കണ്ടില്ല. സ്വയംപര്യാപ്തതയിലും സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തിലും ഉൗന്നിയുള്ള ‘‘ചെറുത്തുനിൽപ്പിന്റെ സമ്പദ്ഘടന’’ എന്ന ആശയം സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ പൂർണമായും ഉതകിയിട്ടില്ലെന്നത് യാഥാർഥ്യമാണ്. എണ്ണയുടെയും ഗ്യാസിന്റെയും കയറ്റുമതിയും സാമ്പത്തികവളർച്ചയും അമേരിക്കൻ നേതൃത്വത്തിലുളള ഉപരോധം കൊണ്ട് വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയുടെ ഇറാനോടുള്ള നയങ്ങളെ ശക്തമായി വിമർശിക്കുന്ന നിലപാടാണ് പെസ്ഷകിയാൻ ഇതുവരെ മുന്നോട്ടുവച്ചിട്ടുള്ളത്.

വിദേശനയത്തിന്റെ കാര്യത്തിൽ യൂറോപ്യൻ യൂണിയനുമായി സഹകരണത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവനയാണ് പെസഷ്-കിയാനിൽ നിന്നു വന്നിട്ടുള്ളത്. ഗൾഫ് മേഖലയിൽ സൗദി അറേബ്യയും മറ്റു ജിസിസി രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. ചെെനയും റഷ്യയുമായുള്ള ബന്ധങ്ങളുടെ നിലവിലുള്ള സൗഹൃദാവസ്ഥ തുടരാനും അവ വിപുലപ്പെടുത്താനും ശ്രമിക്കുമെന്ന് മേൽ സൂചിപ്പിച്ച ടെഹ്റാൻ ടെെംസ് ലേഖനത്തിൽ പെസഷ്-കിയാൻ ഉൗന്നിപ്പറയുന്നു. ഇറാനും ചെെനയും ഒപ്പിട്ട 25 വർഷത്തെ കരാറിന്റെ വെളിച്ചത്തിൽ ഈ ബന്ധത്തിന് വലിയ സാംഗ്യത്യമുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇറാന്റെ പ്രതിരോധ പ്രമാണത്തിൽ ആണവായുധങ്ങൾക്ക് സ്ഥാനമില്ലെന്നും, ഇതു മനസ്സിലാക്കി അമേരിക്ക അതിന്റെ കഴിഞ്ഞ കാലത്തെ തെറ്റായ കണക്കുകൂട്ടലുകളിൽ നിന്നു മാറി ഇറാനോടുള്ള നയം മാറ്റത്തിന് തയ്യാറാവണമെന്ന് പെസഷ്-കിയാൻ ആവശ്യപ്പെടുന്നു. ഏതാനും മാസങ്ങൾക്കു ശേഷം നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പു ഫലം ഇറാനും അമേരിക്കയും അനേ-്യാന്യം പുലർത്തുന്ന നിലപാടുകളെ സ്വാധീനിക്കും. പ്രസിഡന്റ് ട്രംപിന്റെ കാലത്താണ് അമേരിക്ക ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് പിന്മാറിയതെന്ന കാര്യം ഓർക്കുന്നത് ഇവിടെ പ്രസക്തമാണ്.

പലസ്തീൻ പ്രശ്നത്തിൽ ഇറാൻ ഇന്നുവരെ തുടർന്നുവന്ന നിലപാടുകൾ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് പെസഷ-്-കിയാൻ സൂചിപ്പിക്കുന്നത്. ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെയും പലസ്തീൻ ജനതയ്ക്കുമേൽ തുടർന്നുവരുന്ന അപാർത്തീഡ് നയങ്ങളെയും എടുത്തുപറഞ്ഞു വിമർശിക്കുന്നുണ്ട് നിയുക്ത പ്രസിഡന്റ്.

പെസഷ-്-കിയാൻ മുന്നോട്ടുവയ്ക്കുന്ന പരിഷ്-കരണവാദത്തിൽ അന്തർലീനമായ പ്രായോഗികവാദവും ഇസ്ലാമിക് റിപ്പബ്ലിക്കും പരമോന്നത നേതാവും വിപ്ലവാനന്തരം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്ര നിലപാടുകളും തമ്മിൽ സമരസപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. പ്രസിഡന്റ് മുഹമ്മദ് ഖാതമിയും ഹസ്സൻ റൂഹാനിയുമൊക്കെ ശ്രമിച്ച് പരാജയപ്പെടുകയോ ഭാഗികമായി വിജയിക്കുകയോ ചെയ്ത നയങ്ങൾ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് പുനർനിർമിക്കുക എളുപ്പമുള്ള കാര്യമല്ല. ദീർഘകാലം പാർലമെന്റംഗവും ഖാതമിയുടെ ഭരണകാലത്ത് ആരോഗ്യമന്ത്രിയും പാർലമെന്റിന്റെ (മജ്ലിസ്) ഒന്നാം ഡപ്യൂട്ടി സ്പീക്കറുമൊക്കെയായി നീണ്ട രാഷ്ട്രീയ പരിചയം പെസഷ-്-കിയാനുണ്ട്. അറിയപ്പെടുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ അദ്ദേഹം സർക്കാർ ആശുപത്രികളിൽ ഇപ്പോഴും ശസ്ത്രക്രിയ നടത്താറുണ്ട്. മഹ്-മൂദ് അഹ്മദി നെജാദിനുശേഷം സമീപകാലത്ത് മതനേതൃത്വത്തിൽനിന്നല്ലാതെ പ്രസിഡന്റാവുന്ന ആളാണ് പെസഷ-്-കിയാൻ. ജനങ്ങളും ഭരണകൂടവും തമ്മിൽ നിലവിലുള്ള വിള്ളൽ നികത്തുകയെന്ന തന്റെ പ്രഖ്യാപിതലക്ഷ്യം അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. എങ്കിലും അതിനായുള്ള ആത്മാർഥമായ ശ്രമമാണ് നിയുക്ത പ്രസിഡന്റ് പെസഷ-്-കിയാനിൽനിന്ന് ഇറാൻ ജനത പ്രതീക്ഷിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + 11 =

Most Popular