Thursday, May 9, 2024

ad

Homeകവര്‍സ്റ്റോറിസഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ കള്ള പ്രചരണം തൃശൂരിൽ വന്‍ ജനകീയ പ്രചരണം

സഹകരണ സ്ഥാപനങ്ങള്‍ക്കെതിരായ കള്ള പ്രചരണം തൃശൂരിൽ വന്‍ ജനകീയ പ്രചരണം

എം എം വര്‍ഗീസ്, സിപിഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറി

ഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കടന്ന് കയറ്റത്തിന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരണങ്ങള്‍ക്കെതിരെ വന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങുകയാണ് തൃശൂര്‍ ജില്ല. ഒക്ടോബര്‍ 4 മുതല്‍ 11 വരെ ജില്ലയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കാല്‍നട ജാഥകളും ഇതിന്റെ തുടര്‍ച്ചയായി ഒക്ടോബര്‍ 14ന് തൃശൂര്‍ നഗരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമവും സംഘടിപ്പിച്ചിരിക്കുകയാണ്.

കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങള്‍ തൃശൂരിലെ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചും സിപിഐ എമ്മിനെക്കുറിച്ചും തെറ്റായ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവര്‍ നടത്തുന്ന പ്രചാരണങ്ങള്‍ ആസൂത്രിതമാണ്.വസ്തുതകളെ വക്രീകരിക്കുകയും അതിലൂടെ തെറ്റായ സന്ദേശം നല്‍കുകയുമാണവർ. ഈ പശ്ചാത്തലത്തിൽ എന്താണ് യാഥാര്‍ത്ഥ്യമെന്ന് ചുരുക്കത്തില്‍ അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയത് സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ്. തുടർന്ന് ഡിപ്പാർട്ട്മെന്റ് വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുകയും ഭരണസമിതിയെ പിരിച്ചുവിട്ട് ഡിപ്പാർട്ട്മെന്റ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ബാങ്കിലെ ഭരണനിർവഹണം നടത്തുകയും ചെയ്തത്. ക്രിമിനൽ കുറ്റം ചെയ്തവർക്കെതിരായി കേസെടുക്കുകയും ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ചെയ്തു വരുന്നു. കുറ്റവാളികളുടെ സ്വത്ത് കണ്ടു കെട്ടാനും പണം തിരിച്ചു പിടിക്കാനും ആവശ്യമായ നടപടികൾ നടന്നുവരികയാണ്. ചില നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഈ കാര്യത്തിൽ യാതൊരു രാഷ്ട്രീയ പരിഗണനയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ഇതിനിടയിലാണ് ഇ.ഡി. രംഗപ്രവേശം ചെയ്യുന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നു. ഒരു രാപ്പകൽ നീണ്ട പരിശോധനയുടെ ഭാഗമായി ഏതാനും രേഖകളുടെ പകർപ്പുകളെടുത്തതൊഴിച്ച് അദ്ദേഹത്തിനെതിരെ ഉപയോഗിക്കാവുന്ന ഒരു രേഖയും ഇ ഡി അവിടെനിന്ന് കസ്റ്റഡിയിൽ എടുത്തിട്ടില്ല. മൊയ്-തീന്റെ ഭാര്യയുടെയും മകളുടെയും ബാങ്ക് രേഖകളുടെ സ്ഥിരീകരണം ആവശ്യപ്പെട്ടതൊഴികെ യാതൊന്നും ഇഡി ആവശ്യപ്പെട്ടിട്ടും ഇല്ല. എന്നാൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ 15 കോടി രൂപയുണ്ടായിരുന്നു എന്നും അത് മരവിപ്പിക്കുകയാണ് ഇ ഡി ചെയ്തത് എന്നുമാണ് കുത്തക മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഭാര്യയുടെ റിട്ടയർമെന്റ് ആനുകൂല്യംഉൾപ്പെടെയുള്ള 28 ലക്ഷം രൂപയുടെ അക്കൗണ്ടുകൾ മാത്രമാണ് അന്ന് ഇ ഡി മരവിപ്പിക്കാൻ നിർദ്ദേശിച്ചത്. കുന്നംകുളം എ സി സെക്രട്ടറിയുടെ മകന്റെ വിദേശ പഠനത്തിനായി 16 ലക്ഷം രൂപ മൊയ്തീൻ കൊടുത്തതായും വാർത്ത വന്നു. എന്നാൽ എ സി സെക്രട്ടറി വായ്പയെടുത്തതിന്റെ രേഖ ഹാജരാക്കിയതോടെ ആ കഥ ചീറ്റിപ്പോയി.ഏതാനും ദിവസം കഴിഞ്ഞാണ് മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ നിരവധി കള്ളക്കഥകളാണ് കുത്തകമാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട് എഴുതിക്കൂട്ടിയത്. ഇനി ഹാജരാവുന്ന ദിവസം മൊയ്തീനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്-ക്കും എന്നാണ് ജന്മഭൂമി പത്രവും എഐസിസി അംഗം അനിൽ അക്കരയും പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറെ തെളിവെടുപ്പിനായി വിളിച്ചു വരുത്തി മൊയ്തീനെതിരെ തെളിവു കൊടുക്കണമെന്ന് ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ മർദ്ദനത്തിനിരയാക്കുകയും വ്യാജ മൊഴിരേഖപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് തൃശൂർ ജില്ലയിലെ രണ്ട് സഹകരണ ബാങ്കുകളിൽ ഇ ഡി റെയ്ഡ് നടന്നു. നിക്ഷേപകരിൽ ഈ ബാങ്കുകളെ കുറിച്ച് അവിശ്വാസം ജനിപ്പിക്കുന്നതിനുതകുന്ന വാർത്തകളാണ് മാധ്യമങ്ങൾ ഇതിനെ തുടർന്ന് കെട്ടിച്ചമച്ചത്. പലരും നിക്ഷേപം പിൻവലിക്കാൻ തയാറായി. ആർക്കും പണം കൊടുക്കാൻ പറ്റാതെ വന്നില്ല. അതോടെ ആ പ്രചാരണവും തകർന്നു. ഇതിൽ ഒരു ബാങ്കിന്റെ പ്രസിഡന്റായ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം കെ കണ്ണനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. അദ്ദേഹം ഹാജരാവുകയും ബാങ്കിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകുകയുമുണ്ടായി. നാടകം തുടരാൻ തന്നെയാണ് തീരുമാനം എന്നാണിത് വ്യക്തമാക്കുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ എ സി മൊയ്തീന് ഒരു പങ്കുമില്ലെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. മന്ത്രി എന്ന നിലയിലും പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് മൊയ്തീൻ നടത്തിയിട്ടുള്ളത്. മന്ത്രിയായിരുന്ന സമയത്ത് തന്നെ മൊയ്തീനെ വിവാദങ്ങളിൽ കുടുക്കാൻ കോൺഗ്രസും ബിജെപിയും നടത്തിയ കളികൾ എല്ലാവർക്കും അറിവുള്ളതാണ്. പാവപ്പെട്ട 140 കുടുംബങ്ങൾക്ക് വീട് നൽകുന്നതിനായി ആവിഷ്കരിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം അട്ടിമറിച്ച അന്നത്തെ വടക്കാഞ്ചേരി എംഎൽഎയുടെ നടപടിയെ തുറന്നെതിർത്തതിന് മൊയ്തീനെതിരെ അന്നുതന്നെ വലിയ ഗൂഢാലോചന കോൺഗ്രസും ബിജെപിയും നടത്തിയിരുന്നു. ഇല്ലാ കഥകൾ മെനഞ്ഞ് അപകീർത്തിപ്പെടുത്താൻ യുഡിഎഫ് എംഎൽഎ നടത്തിയ നീക്കങ്ങൾക്കെതിരെ മൊയ്തീൻ നൽകിയ മാനനഷ്ടക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മൊയ്തീന് എതിരായി ഉയർത്തിയ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. ഇപ്പോൾ മൊയ്തീൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുള്ള മുൻ എംഎൽഎ അനിൽ അക്കരയെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ ജനങ്ങൾ വൻഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അനിൽ അക്കരയുടെ കുടുംബത്തിന്റെ ഓവർ ഡ്രാഫ്റ്റ് അടാട്ട് ഫാർമേഴ്സ് ബാങ്കിലെ കോൺഗ്രസ് ഭരണകാലത്ത് അനധികൃതമായി എഴുതിത്തള്ളിയതിനെതിരെ ഓഹരിയുട മകൾ നിയമനടപടികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

ഈ കാര്യത്തിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിവാക്കിക്കൊണ്ട് കരുവന്നൂരിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ എന്ന പേരിൽ വരാനിരിക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ബിജെപിയുടെ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായ സുരേഷ് ഗോപി രംഗത്തിറങ്ങിയിട്ടുണ്ട്. ജന്മഭൂമിയിൽ ആർഎസ്എസ് നൽകുന്ന വാർത്തയ്-ക്കനുസരിച്ച് രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയാണ് ഇ ഡി ചെയ്യുന്നത്. ഒപ്പം സഹകരണ പ്രസ്ഥാനത്തിനെ തകർക്കാനും അതുവഴി നവലിബറൽ നയങ്ങൾക്ക് ബദലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേരള മാതൃകയെ ദുർബ്ബലപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. അധികാരം നഷ്ടപ്പെട്ട് മനോനില തെറ്റിയ മുൻ എംഎൽഎ അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നു.

തൃശൂർ ജില്ലയിൽ തന്നെ കോൺഗ്രസ് ഭരിക്കുന്ന നിരവധി സഹകരണ സംഘങ്ങളിൽ നടന്ന ക്രമക്കേടുകൾ പുറത്തുവന്നിട്ടും ഇതുവരെ അതിലൊന്നും അന്വേഷണം നടത്താൻ ഇ ഡി തയ്യാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന കള്ളപ്പണ കേസുകളിലും ഇ ഡി അന്വേഷണം നടത്തുന്നില്ല.കള്ളക്കേസെടുത്തും നേതാക്കളെ പീഡിപ്പിച്ചും സിപിഐ എമ്മിനെ ഇല്ലാതാക്കാനാവില്ലെന്ന് ചരിത്രം തെളിയിച്ചതാണ്. എന്നിട്ടും പഴയപാത പിന്തുടരുന്ന ബിജെപി- – കോൺഗ്രസ് അവിശുദ്ധ സഖ്യത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + fifteen =

Most Popular