ഇന്ത്യയിൽ സഹകരണ മേഖല ഏറ്റവും ശക്തവും വ്യാപകവുമായി പ്രവർത്തിക്കുന്ന സംസ്ഥാനം കേരളമാണെന്നത് പണ്ടേ വിഖ്യാതമാണ്. പഞ്ചായത്തുകളോ വില്ലേജുകളോ കേന്ദ്രമാക്കി 1650ലേറെ പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് കാർഷികവും കാർഷികേതരവുമായ വായ്പകൾ നൽകുന്നതിലൂടെ ജനങ്ങൾക്ക് കുറച്ചൊന്നുമല്ല ഈ മേഖല ആശ്വാസമാകുന്നത്. സാധാരണക്കാർക്ക് നൂലാമാലകളില്ലാതെ വേഗം വായ്പ ലഭ്യമാക്കുന്നു എന്നതും ഇവയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്.
ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപവും അത്രയുമോ അതിലേറെയോ തുകയുടെ വായ്പയുമുള്ള സഹകരണ മേഖല സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൽ നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് ആരും സമ്മതിക്കും. തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്നതിലും ഈ മേഖലയുടെ പങ്ക് അനിഷേധ്യമാണ്. കിടയറ്റ കേരളത്തിലെ സഹകരണ മേഖലയെ തകർത്തേയടങ്ങൂ എന്ന വാശിയിലാണ് മോദി സർക്കാർ. സഹകരണമേഖലയുടെ നിയന്ത്രണം കെെക്കലാക്കാൻ സംഘപരിവാർ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്.
ഇൗയിടെ പാർലമെന്റ് പാസ്സാക്കിയ മൾട്ടിസ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയാണ് സഹകരണ മേഖലയ്ക്കുനേരെയുള്ള ഏറ്റവും ഒടുവിലത്തെ ആക്രമണം. ഭരണഘടനയെയും ഫെഡറലിസത്തെയും സുപ്രീംകോടതി വിധിയുടെ സത്തയേയും അട്ടിമറിക്കുന്നതാണ് ഈ നിയമനിർമാണം.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ എൻട്രി 32 വളരെ വ്യക്തമായി തന്നെ പറയുന്നത് സഹകരണം സംസ്ഥാന വിഷയമാണ് എന്നാണ്. ഭരണഘടന അനുശാസിക്കുന്നത്, സംസ്ഥാനങ്ങളുടെ അധികാരപരിധിയായി നിശ്ചയിക്കപ്പെട്ട വിഷയങ്ങളിൽ കേന്ദ്രം നിയമം നിർമിക്കാൻ പാടില്ല എന്നാണ്. അതിനുവിരുദ്ധമായി നിയമം നിർമിക്കപ്പെട്ടാൽ അത് അസാധുവാക്കപ്പെടുകയും ചെയ്യും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന 97–ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി നിരാകരിക്കുകയാണ് ചെയ്തത്. ഭരണഘടനാവിരുദ്ധമാണ് ഈ ഭേദഗതി എന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു പരമോന്നത കോടതിയുടെ ഈ വിധി.
കേരള സംസ്ഥാന സഹകരണ നിയമം നിലവിൽവന്നത് 1969ലാണ്. ഇതനുസരിച്ച് സംസ്ഥാനത്ത് സഹകരണ മേഖലയിൽ സൊസെെറ്റി രൂപീകരിക്കുന്നതിന് സഹകരണ രജിസ്ട്രാറുടെ അനുവാദം വേണം. താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ജില്ലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജോയിന്റ് രജിസ്ട്രാർ, സംസ്ഥാന രജിസ്ട്രാർ എന്നീ സംവിധാനങ്ങളുടെ സൂക്ഷ്മ പരിശോധനകളിലൂടെയാണ് രജിസ്ട്രാറുടെ അനുമതി ലഭിക്കുക.
1984ൽ മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസെെറ്റീസ് ആക്ട് പാർലമെന്റു പാസാക്കുകയുണ്ടായി. അന്നത് ചെയ്തത് കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന അസോസിയേഷനുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ്.
2021ൽ സഹകരണ വകുപ്പ് പുതിയതായി രൂപീകരിച്ച് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അതിന്റെ ചുമതല നൽകിയതിലൂടെ മോദി സർക്കാർ ലക്ഷ്യമിട്ടത് എന്താണെന്ന് വളരെ വ്യക്തമായിരുന്നു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപെട്ട സഹകരണ മേഖലയിൽ കടന്നുകയറുക. ആദ്യം മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ സംസ്ഥാനാന്തരമായി വ്യാപകമായി രൂപീകരിച്ചു. അതിന്റെ മറവിൽ സംസ്ഥാനങ്ങളിലെ രജിസ്ട്രാറുടെ അനുമതിയില്ലാതെ വ്യാപകമായി കടന്നുകയറാനാണ് അമിത്ഷായും കൂട്ടരും ലക്ഷ്യമിട്ടത‍്.
2023 ഫെബ്രുവരിയിൽ തന്നെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രണ്ടുലക്ഷം പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. അതിനുവേണ്ടി പൊതുനിയമാവലി തയ്യാറാക്കുകയും ചെയ്തു. പ്രാഥമിക, കാർഷിക, ക്ഷീര, മൽസ്യ സഹകരണ സൊസെെറ്റികൾ രൂപീകരിക്കാനാണ് കേന്ദ്ര സർക്കാർ പൊതുനിയമാവലി തയ്യാറാക്കിയത്. കാർഷിക സഹകരണ സംഘങ്ങൾക്ക് ഇരുപത്തഞ്ചിലേറെ മേഖലകളിൽ പ്രവർത്തിക്കാമെന്നും നിയമാവലി നിർദ്ദേശിക്കുന്നു. നബാർഡ്, ദേശീയ ക്ഷീരവികസന ബോർഡ്, ദേശീയ മൽസ്യബന്ധന വികസന ബോർഡ് എന്നിവയുടെ പിന്തുണയോടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ച് ഇത്തരം സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കാമെന്നാണ് മോദി സർക്കാർ നിർദേശിക്കുന്നത്. മൽസ്യബന്ധന, ക്ഷീര, കാർഷിക മന്ത്രാലയങ്ങളുടെ വിവിധ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കപ്പെടുക എന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വ്യക്തം. സംഘപരിവാറിന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ കൊണ്ടുപിടിച്ച് രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര പദ്ധതികൾ പലതും സംഘപരിവാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുക എന്ന ദുഷ്ടലാക്കാണ് അതിനു പിന്നിൽ.
രാജ്യത്തെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, മൽസ്യ സഹകരണ സംഘങ്ങൾ എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ ഡേറ്റാബേസിലേക്ക് നൽകണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് മോദി സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മേൽപറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഡേറ്റാ ബേസ് തയ്യാറാക്കുന്നത് എന്നാണ് സംസ്ഥാന സർക്കാരുകളെ അറിയിച്ചിരുന്നത്. സ്വാഭാവികമായും സംസ്ഥാന സർക്കാരുകൾക്ക് അതിനെ എതിർക്കേണ്ട കാര്യമില്ല. സംസ്ഥാനങ്ങൾ വിവരങ്ങൾ കെെമാറി.
അതോടെ മോദി സർക്കാരിന്റെ യഥാർഥ പൂച്ച് പുറത്തുവന്നു. ജനസേവനമോ നാട്ടുകാരെ നന്നാക്കലോ ഒന്നുമായിരുന്നില്ല അവരുടെ ലക്ഷ്യം. സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് സംഘപരിവാറിന്റെ കാർമികത്വത്തിൽ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിക്കാനാണ് മോദി സർക്കാർ തയ്യാറായത്.
ഈയിടെ പാർലമെന്റ് പാസാക്കിയ നിയമത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്കുകീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെപ്പോലും അട്ടിമറിക്കാൻ പര്യാപ്തമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്.
ഇപ്പോൾ പാർലമെന്റു പാസാക്കിയ നിയമമനുസരിച്ച് സംസ്ഥാന രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കോ മറ്റു സഹകരണ സംഘങ്ങൾക്കോ പൊതുയോഗത്തിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിൽ ഏതൊരു സംഘത്തിലും ലയിക്കാം.
എന്നു മാത്രമല്ല സംഘങ്ങളുടെ പൊതുയോഗം പാസാക്കിയ തീരുമാനം ഓൺലെെനായി കേന്ദ്ര സർക്കാരിനു സമർപ്പിച്ചാൽ രജിസ്ട്രേഷൻ നൽകും. അങ്ങനെ കേന്ദ്ര സർക്കാർ രജിസ്ട്രേഷൻ നൽകുന്നതോടെ സംസ്ഥാന രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. അതോടെ അത്തരം സംഘങ്ങൾക്കുമേൽ സംസ്ഥാന സഹകരണ വകുപ്പിനുള്ള നിയന്ത്രണം ഫലത്തിൽ ഇല്ലാതാകും. സംസ്ഥാനത്തിന്റെ അധികാരത്തിനുമേലുള്ള നഗ്നമായ കടന്നുകയറ്റമാണിത്.
2020ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയിലൂടെ സംസ്ഥാന സഹകരണ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ ഇടപെടാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരുന്നു. റിസർവ് ബാങ്ക് ഓ-ഫ് ഇന്ത്യ ആക്ടിൽ ഭേദഗതി വരുത്തിയാണ് ഈ കടന്നുകയറ്റം മോദി സർക്കാർ നടത്തിയത്. ആ നിയമത്തിലെ പുതിയ വ്യവസ്ഥ അനുസരിച്ച് അർബൻ ബാങ്കുകളുടെ ഭരണസമിതികളുടെ ഘടന, കാലാവധി അംഗത്വം ലഭിക്കുന്നതിനുള്ള യോഗ്യത, ഓഹരികൾ സംബന്ധിച്ച വ്യവസ്ഥ, ഭരണസമിതികളെ പിരിച്ചുവിടാനുള്ള അധികാരം തുടങ്ങിയവയൊക്കെ റിസർവ് ബാങ്കിനാണ്. മേൽപറഞ്ഞ സംഘങ്ങളിൽ സഹകരണ നിയമമനുസരിച്ചുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനുപകരം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് നിർബന്ധമാക്കുകയും ചെയ്തു.
അതു കൂടാതെ മൾട്ടി സ്റ്റേറ്റ് സഹകരണ എക്സ്പോർട്ട് സൊസെെറ്റി ദേശീയതല മൾട്ടിസ്റ്റേറ്റ് കോ-–ഓപ്പറേറ്റീവ് സീഡ് സൊസെെറ്റി, ജെെവ ഉൽപന്നങ്ങൾക്കുള്ള ദേശീയ സഹകരണസംഘം എന്നീ സംഘങ്ങൾ രൂപീകരിക്കാൻ മോദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സംഘങ്ങളിൽ സംസ്ഥാന സഹകരണ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ അംഗത്വമെടുക്കണമെന്നും മോദി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ലോകത്തിനു തന്നെ മാതൃകയായ കേരളത്തിലെ സഹകരണമേഖലയെയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത് എന്നത് പകലുപോലെ വ്യക്തമാണ്. കേരളത്തിലെ സഹകരണ മേഖലയെ അട്ടിമറിച്ചേ അടങ്ങൂ എന്ന വാശിയിലാണ് അമിത്ഷായും കൂട്ടരും. അതിന്റെ ഗുണഭോക്താക്കളാകാൻ അരയും തലയും മുറുക്കി ആർഎസ്എസും അവരുടെ പരിവാർ സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും സാധാരണ ജനങ്ങളുടെ താൽപര്യങ്ങളെയും തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ തകൃതിയായി അവർ നടത്തിവരുന്നത്. ♦