പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പതിറ്റാണ്ടുകളായി ഉമ്മന്‍ചാണ്ടി വിജയിച്ചുവരുന്ന മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ, തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായ ഒന്നായി കാണുന്നതിനു പകരം യു.ഡി.എഫ് അപവാദ പ്രചരണങ്ങളുടെ പരമ്പര സൃഷ്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഏത് തിരഞ്ഞെടുപ്പായാലും രാഷ്ട്രീയ പ്രശ്നങ്ങളും, വികസന പ്രശ്നങ്ങളും അതില്‍ ഉയര്‍ന്നുവരും എന്നത് സ്വാഭാവികമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് – ഹിന്ദുത്വ പ്രീണനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് ഇടതുപക്ഷം രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ തുറന്നുകാണിക്കുന്നത് ഇടതുപക്ഷമാണ്. ബി.ജെ.പിയുടെ സാമ്പത്തിക നയം തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ബിജെപി മുന്നോട്ടുവെക്കുന്ന കോര്‍പ്പറേറ്റ് അജൻഡകള്‍ക്ക് കോണ്‍ഗ്രസിന് ബദല്‍ സമീപനമില്ല.
കേരള സംസ്ഥാനത്തിന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പലവിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുകയാണ്. കേരളത്തിന് അര്‍ഹതപ്പെട്ട വിഭവങ്ങള്‍ ലഭിക്കുന്നതിന് യാതൊരുവിധ ഇടപെടലുകളും കേരളത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് എം.പിമാര്‍ സ്വീകരിക്കുന്നില്ല. അതേസമയം അവർ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുമാണ്. ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങള്‍ തീര്‍ച്ചയായും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവരും.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തീവ്രമായിത്തന്നെ നടന്നുവരികയാണ്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ചതും ദീര്‍ഘകാലമായി മുന്നോട്ടുപോകേണ്ടതുമായ പദ്ധതികളെല്ലാം കൂടുതല്‍ ശക്തമായി സംസ്ഥാനത്ത് നടപ്പിലാക്കപ്പെടുകയാണ്. മിഷന്‍ പരിപാടികള്‍, വിവിധ ഹൈവേകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ ഫലപ്രദമായി നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ആ വിഭാഗങ്ങളില്‍ പ്രത്യേകിച്ചും വലിയ ഉണര്‍വ്വാണ് സൃഷ്ടിച്ചിട്ടുള്ളത്. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ സംസ്ഥാനത്തിന്റെ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. മതനിരപേക്ഷ കാഴ്ചപ്പാടുകളെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ആഭ്യന്തര വരുമാനത്തിന്റെ കാര്യത്തിലും മികച്ച പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കനത്ത സാമ്പത്തിക ഉപരോധം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടും വികസന പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ വെട്ടിക്കുറവില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നത്. കേരള സര്‍ക്കാരിന്റെ ഇത്തരം നേട്ടങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെന്നപോലെ അപവാദ പ്രചരണങ്ങളും, കള്ളക്കഥകളും ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിലും പ്രവഹിക്കുകയാണ്. മുഖ്യമന്ത്രിക്കും, കുടുംബത്തിനുമെതിരായ പ്രചാരണങ്ങള്‍ വ്യാപകമായി നടത്തുകയാണ് യുഡിഎഫും ബിജെപിയും കുത്തകമാധ്യമങ്ങളും. എ.സി മൊയ്തീന്‍ എം.എല്‍.എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് ഇ.ഡിയും രംഗത്തിറങ്ങിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ഒരു വനിതയെ സർവീസിൽനിന്നു പിരിച്ചുവിട്ടുവെന്ന കള്ളക്കഥയും ആസൂത്രിതമായി പ്രചരിക്കപ്പെടുന്നു?
അസംബ്ലി നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പാകുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാനപ്പെട്ട പ്രശ്നം അതിന്റെ വികസനം എങ്ങനെ സാധ്യമാക്കാമെന്നാണ്. തീര്‍ച്ചയായും തിരഞ്ഞെടുപ്പിലെ കേന്ദ്രമായ പ്രശ്നങ്ങളിലൊന്ന് സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. അതോടൊപ്പം മണ്ഡലത്തില്‍ നടന്ന വികസന മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അത്തരമൊരു ചര്‍ച്ച രൂപപ്പെടുത്തുകയെന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഉണ്ടാകുന്ന തെറ്റായ സമീപനങ്ങളെ ആരോഗ്യപരമായി നയിക്കുന്നതിനും ഇടയാക്കും. ഈ ജനപക്ഷ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിന്റെ വികസന പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന കാര്യം അവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്നോട്ടുവെച്ചപ്പോള്‍ അതിന് മറുപടിയുമായി രംഗത്തിറങ്ങിയത് പ്രതിപക്ഷ നേതാവാണ്. ഒരിക്കലും പ്രതിപക്ഷ നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണ് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഉപതിരഞ്ഞെടുപ്പിൽ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് പ്രാദേശിക വികസനം. അതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു തുറന്ന ചര്‍ച്ചയ്ക്ക് ജെയ്ക് സി തോമസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് നാലാംകിട നേതാവെന്നു വിളിച്ച് അപമാനിക്കുന്ന നിലയാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന വ്യക്തിയാണ് ജെയ്ക് സി തോമസ് എന്നത് പ്രതിപക്ഷ നേതാവിന് അറിയാത്ത കാര്യമല്ല. ദൃശ്യമാധ്യമ ചര്‍ച്ചകളിലെല്ലാം സജീവ സാന്നിധ്യമായി ജെയ്ക് ഇടപെടാറുമുണ്ട്.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് ഭൂരിപക്ഷം വന്‍തോതില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ നേതാവു കൂടിയാണ് ജെയ്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാവട്ടെ ആകെ പോൾ ചെയ്ത വോട്ടുകളില്‍ 41.21 ശതമാനം വോട്ടുകള്‍ ജെയ്ക് സി തോമസിനാണ് ലഭിച്ചത്. അതായത് പോള്‍ ചെയ്ത 100 പേരില്‍ നാല്‍പ്പതിലേറെ പേര്‍ ജെയ്ക് സി തോമസിനെയായിരുന്നു വിജയിപ്പിക്കാന്‍ നിശ്ചയിച്ചതെന്നര്‍ത്ഥം. അത്തരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവിനെയാണ് തെറ്റായ നിലയില്‍ അധിക്ഷേപിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായത്. ജനാധിപത്യ സംവാദത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുള്ള പ്രതിപക്ഷ നേതാവ് ഇത്തരമൊരു സംവാദം ഭയപ്പെടുന്നതെന്തിനാണെന്നത് ഏറെ കൗതുകകരമാണ്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിനെ ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ചത് തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിടേണ്ടിവന്ന ഏറ്റവും മികച്ച പോരാളിയെന്നാണ്. അത്തരമൊരാളെ പ്രതിപക്ഷ നേതാവിന് നാലാംകിടയായിത്തോന്നുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. പുതുപ്പള്ളിയുടെ വികസനത്തെക്കുറിച്ച് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വികസന സംവാദത്തിന് ക്ഷണിച്ചത്. എന്നിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാതെ പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്ന ജല്പനങ്ങള്‍ ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവാത്തതാണ്. ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് പകരം ആക്ഷേപങ്ങളും, വ്യക്തിഹത്യകളും നടത്തുന്നത് ഭൂഷണമാണോയെന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടം എന്ന നിലയിലാണ് കാണുന്നത്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും, സമീപനങ്ങളുമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളും, വികസന പ്രശ്നങ്ങളും മുന്നോട്ടുവെച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് എൽഡിഎഫിനുള്ളത്. ♦