ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നൽ നൽകുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയർത്തുന്നത്. 2023-–24 അധ്യയന വര്‍ഷത്തേക്കായി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുൾപ്പെടുത്തി അഡീഷണൽ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണ്.
എന്‍സിഇആര്‍ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ റാഷണലൈസേഷന്‍ എന്ന പേരിൽ കാതലായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അതിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ട പല പാഠഭാഗങ്ങളും ഒഴിവാക്കാനാകാത്തവയാണ് എന്നതാണ് വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ നമുക്കു മനസ്സിലാക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് ഈ പ്രശ്നത്തെ സമീപിച്ചിരിക്കുന്നത്.
അതിന്റെ ഫലമായാണ് ഹിസ്റ്ററി, പൊളിറ്റിക്കൽ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒഴിവാക്കപ്പെടാന്‍ പാടില്ലാതിരുന്ന പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അഡീഷണൽ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ പരിഷ്കരണം എന്ന പേരിൽ ദേശീയ തലത്തിൽ ഏകപക്ഷീയമായ പല ഇടപെടലുകളാണ് എന്‍ സി ഇ ആര്‍ ടി നടത്തുന്നത്. എന്നാൽ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണുള്ളത്. ആ ഉത്തരവാദിത്വത്തെ വളരെ ഗൗരവത്തോടെ ഏറ്റെടുത്തുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഇപ്രകാരമൊരു ഇടപെടൽ നടത്തുന്നത്.
11, 12 ക്ലാസുകളിലെ പന്ത്രണ്ട് വിഷയങ്ങളിൽ 44 പാഠപുസ്തകങ്ങള്‍ എന്‍ സി ഇ ആര്‍ ടിയുടേതാണ്. സ്വാഭാവികമായും ആ ക്ലാസുകളിലെ കുട്ടികള്‍ക്കു ലഭിക്കുക പ്രത്യേക തരം താൽപര്യത്തോടെ എന്‍ സി ഇ ആര്‍ ടി പുറത്തിറക്കിയ പാഠഭാഗങ്ങളാകും. അവ കുട്ടികളുടെ ചരിത്ര കാഴ്ചപ്പാടിനെയും സാമൂഹിക കാഴ്ചപ്പാടിനെയും മാറ്റിമറിക്കും. ഭേദചിന്തകളിലൂന്നിയതും മാനവികതാബോധം തെല്ലുമില്ലാത്തതുമായ ഒരു തലമുറ തന്നെ വാര്‍ത്തെടുക്കപ്പെടും. മതനിരപേക്ഷമായി ചിന്തിക്കുകയും സാഹോദര്യത്തിലൂന്നി നിലനിൽക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തെ അത് അപകടത്തിലാക്കും. ആ തിരിച്ചറിവോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ബദൽ സമീപനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
പാഠപുസ്തകങ്ങളിൽ മാറ്റങ്ങള്‍ വരുത്താന്‍ എന്‍ സി ഇ ആര്‍ ടി ചൂണ്ടിക്കാണിച്ച ന്യായം പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുക, അവയെ യുക്തിസഹമാക്കുക എന്നതൊക്കെയാണ്. വിദഗ്ധരായവരാണ് ഇത്തരം അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചത് എന്നാണ് അവര്‍ പറയുന്നത്. എന്നാൽ , ആരൊക്കെയാണ് ഈ ‘വിദഗ്ധര്‍’ എന്നു വെളിപ്പെടുത്തുന്നതു പോലുമില്ല.
വിദ്യാര്‍ത്ഥികള്‍ക്കു കാലത്തിനനുയോജ്യമായ അറിവുകളും ശേഷികളും പ്രദാനം ചെയ്യുന്നതും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കും സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും ലിംഗനീതിക്കും ശാസ്ത്രാവബോധത്തിനും ഒക്കെ ഊന്നൽ നൽകുന്നതുമായ ഒരു വിദ്യാഭ്യാസ നയമാണ് ആവശ്യമായിട്ടുള്ളത്. എന്നാലതിനു പകരം ഭരണഘടനാ മൂല്യങ്ങളായ ശാസ്ത്രാവബോധവും മതനിരപേക്ഷതയുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ നീക്കുന്ന സമീപനമാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്.
വെട്ടിമാറ്റപ്പെട്ട പാഠഭാഗങ്ങളിലൊന്ന് ഗാന്ധിവധത്തെക്കുറിച്ചുള്ളതാണ്. ഗാന്ധിവധത്തിൽ പങ്കെടുത്തവര്‍ക്കെല്ലാം ഏതെല്ലാം സംഘടനകളുമായാണ് ബന്ധമുണ്ടായിരുന്നതെന്നും അവരെ നയിച്ച ആശയങ്ങള്‍ ഏതെല്ലാമായിരുന്നുവെന്നും നമുക്കെല്ലാവര്‍ക്കുമറിയാം. അത്തരം വിവരങ്ങള്‍ വെട്ടിമാറ്റുന്നത് പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനല്ല; മറിച്ച്, പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഗാന്ധിവധത്തിൽ പങ്കുള്ള വ്യക്തികളെയും സംഘടനകളെയും വെള്ളപൂശാനാണ് ഇത്തരം പരിഷ്കരണങ്ങളിലൂടെ ശ്രമിക്കുന്നത്. ഇന്ന് ഇത്തരം സംഘടനകളെ വെള്ളപൂശുന്നവര്‍ നാളെ ഗാന്ധി ഘാതകനായ ഗോഡ്സെയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളിൽ ചിത്രീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ആദ്യം കോവിഡിനെ മറയാക്കി പാഠപുസ്തകങ്ങളിൽ നിന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്തു. അതിന്റെ തുടര്‍ച്ചയായി ഭിന്നിപ്പും വിദ്വേഷവും തടയുന്ന അറിവുകള്‍ പകര്‍ന്നു നൽകുന്ന ഭാഗങ്ങള്‍ ഒഴിവാക്കുന്നു. ഇതിലൂടെയൊക്കെ വിദ്വേഷത്തിൽ ഊന്നിനിൽക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ഈയടുത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും അരങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍ നമ്മള്‍ കണ്ടു. അവയെല്ലാം തന്നെ കുട്ടികള്‍ക്കു നൽകുന്ന വിദ്യാഭ്യാസത്തിൽ മാനുഷിക മൂല്യങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. മനുഷ്യനെ ആക്രമിക്കാനും കൊലപ്പെടുത്താനും മനുഷ്യര്‍ക്കു തന്നെ തോന്നുന്നത്, അവര്‍ക്കുള്ളിൽ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തിന്റെ ഫലമായാണ്. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ അപരവൽക്കരിക്കുന്നതിന്റെയും അവരെ തിന്മയുടെ പ്രതീകങ്ങളായി ചിത്രീകരിക്കുന്നതിന്റെയും ഫലമായാണ് അവര്‍ക്കെതിരെ വിദ്വേഷം ഉടലെടുക്കുന്നത്.
ബഹുസ്വരതയും വൈവിധ്യവുമില്ലാത്ത ഏകതാനതയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണ് നമ്മുടെ രാജ്യം എന്ന് പഠിപ്പിക്കപ്പെടുന്നതിലൂടെയാണ് ഈ അപരവൽക്കരണവും വിദ്വേഷചിന്തയുമെല്ലാം സൃഷ്ടിക്കപ്പെടുന്നത്. അതിനുതകുന്ന പ്രതിലോമകരമായ പല മാറ്റങ്ങളും ദേശീയ തലത്തിൽ പാഠപുസ്തകങ്ങളിൽ വന്നുചേര്‍ന്നിരിക്കുന്നു. മുഗള്‍ രാജാക്കന്മാരുടെ ചരിത്രം പാഠപുസ്തകങ്ങളിൽ നിന്നു വെട്ടിനീക്കിയതുതന്നെ ഒരുദാഹരണമാണ്. അതിലൂടെ ഈ രാജ്യം ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന പ്രതീതി ജനിപ്പിക്കുകയാണ്. അങ്ങനെ മറ്റു വിഭാഗങ്ങളെല്ലാം ഈ നാട്ടിൽ നിന്ന് ആട്ടിയോടിപ്പിക്കപ്പെടേണ്ടവരാണ് എന്ന ബോധം വിദ്യാര്‍ത്ഥികളിൽ ജനിപ്പിക്കുന്നു.
സ്വാഭാവികമായും വിദ്വേഷത്തിലൂന്നിയ ഒരു തലമുറ സൃഷ്ടിക്കപ്പെടും. മതരാഷ്ട്രവാദത്തിന്റെ വക്താക്കള്‍ക്ക് പിന്നെ കാര്യങ്ങള്‍ എളുപ്പമാണല്ലൊ. അതുകൊണ്ടുതന്നെ ഇത്തരം പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ക്കെതിരെ വലിയ ജാഗ്രത നമ്മള്‍ പുലര്‍ത്തേണ്ടതുണ്ട്. മതരാഷ്ട്രം നിര്‍മിക്കുന്നതിന് ഏറെ അനിവാര്യമാണ് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിക്കൽ. അതിനുതുകുന്ന പ്രതിലോമകരമായ മാറ്റങ്ങളും പാഠപുസ്തകങ്ങളിൽ വരുത്തിയിരിക്കുകയാണ്.
അതേസമയം രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട പല അടിസ്ഥാന വിഷയങ്ങളും പാഠപുസ്തകങ്ങളിൽ നിന്നു മാറ്റപ്പെട്ടിരിക്കുന്നു. ജാതീയത, നിരക്ഷരത, ദാരിദ്ര്യം, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവയെല്ലാം ഇന്ത്യ ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാൽ എന്‍ സി ഇ ആര്‍ ടിയാകട്ടെ ഇക്കണോമിക്സ് പുസ്തകത്തിൽ നിന്ന് ദാരിദ്ര്യം എന്ന ഭാഗം തന്നെ ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം, ആഗോള ദാരിദ്ര്യ സൂചികയിലെ നമ്മുടെ പരിതാപകരമായ അവസ്ഥ, ഓരോ സംസ്ഥാനത്തും നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ തോത് എന്നിവയെല്ലാം ഇനി കുട്ടികള്‍ പാഠപുസ്തകത്തിൽനിന്നും പഠിക്കില്ല എന്നര്‍ത്ഥം.
മാനവ വികസന സൂചികയിൽ ഇന്ത്യ 132–ാം സ്ഥാനത്താണ്. ആഗോള പട്ടിണി സൂചികയിൽ നമ്മള്‍ 107–ാം സ്ഥാനത്താണ്. ഇതൊന്നും തന്നെ ഇനി നമ്മുടെ രാജ്യത്തെ ക്ലാസ്റൂമുകളിൽ ചര്‍ച്ച ചെയ്യപ്പെടില്ല എന്നുറപ്പാക്കുകയാണ്. അതിനായുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നത്. ജാതീയത, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ തമസ്കരിച്ചുകൊണ്ടാണ് ദേശീയ തലത്തിൽ പുതിയ പാഠപുസ്തകങ്ങള്‍ പുറത്തുവന്നത്. ഇതു നാം കാണാതെ പോകരുത്.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മുന്നേറ്റങ്ങൾപോലും ഒഴിവാക്കപ്പെടുകയാണ്. നമുക്ക് എല്ലാം അറിയാവുന്നതുപോലെ ഇന്ത്യ എന്ന ആധുനിക ജനാധിപത്യ രാഷ്ട്രസങ്കൽപം രൂപപ്പെടുന്നതുതന്നെ അധിനിവേശ വിരുദ്ധതയിലൂന്നിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാന്‍ ഇവിടെയുള്ള എല്ലാ വിഭാഗങ്ങളിലും എല്ലാ സംസ്കാരങ്ങളിലും എല്ലാ പ്രദേശങ്ങളിലും പെട്ട വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ കൈകോര്‍ത്ത് രൂപപ്പെടുത്തിയതാണ് അത്. അതിനെ തമസ്കരിച്ചുകൊണ്ട് മതബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ രാജ്യം രൂപപ്പെട്ടത് എന്ന് ചിന്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നത് ചരിത്രത്തോടു തന്നെ ചെയ്യുന്ന അനീതിയാണ്.
ഈ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ആ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടുതന്നെ പല കാര്യങ്ങള്‍ക്കും ബദലുകള്‍ തീര്‍ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരെയും കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെയും ഏക സിവിൽ നിയമത്തിനെതിരെയുമെല്ലാം ഒറ്റക്കെട്ടായിത്തന്നെ നമ്മള്‍ നിലകൊണ്ടു. ഈ രാജ്യത്തിന്റെ ഐക്യത്തെയും മതനിരപേക്ഷ സ്വഭാവത്തെയും തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കേരളം ഒറ്റക്കെട്ടായി നിലകൊള്ളും എന്നതാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. അതിന്റെ തുടര്‍ച്ചയാണ് പാഠപുസ്തക പരിഷ്കരണത്തിലൂടെ വിദ്വേഷം കുത്തിവെക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ഈ ചെറുത്തുനിൽപ്പ്.
ഒരു വൈജ്ഞാനിക നൂതനത സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. സാര്‍വ്വത്രികമായി വിജ്ഞാനം വിതരണം ചെയ്തതുകൊണ്ടു മാത്രം വൈജ്ഞാനിക സമൂഹം രൂപപ്പെടുകയില്ല. വിജ്ഞാനത്തെ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഒരു ജനതയുണ്ടാവണം. അതിന് സാഹോദര്യചിന്തയും തുല്യതാബോധവുമൊക്കെ കൈമുതലായുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കണം. അതിനു സഹായകമാകുന്ന ഒരിടപെടലാണ് അഡീഷണൽ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിലൂടെ എൽ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്.
ഒരു വിജ്ഞാനം സ്വായത്തമാക്കിയാൽ അതിനെ നമുക്ക് നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗിക്കാം. ആണവവിദ്യ തന്നെ ഉദാഹരണം. അതിനെ വൈദ്യുതി നിര്‍മ്മിക്കാനായി ഉപയോഗിക്കാം, അതുവഴി ജനങ്ങള്‍ക്ക് ഉപകാരമുണ്ടാകും. അതേ വിദ്യ ഉപയോഗിച്ചു തന്നെയാണ് ഹിരോഷിമയിലും നാഗസാക്കിയിലുമെല്ലാം ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയതും. ഒരു വിജ്ഞാനത്തെ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കുമായി ഉപയോഗിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. വിജ്ഞാനത്തെ സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കണമെങ്കിൽ ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയുമെല്ലാം വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ കഴിയണം.
വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള സംസ്ഥാനമാണ് കേരളം. സ്മാര്‍ട്ട് ക്ലാസ് മുറികളും ആധുനിക ലാബുകളും ലൈബ്രറികളുമൊക്കെയൊരുക്കി. പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ പണിതു. സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തു. അവര്‍ക്ക് എല്ലാ ദിവസവും പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നു. ഇങ്ങനെ വളരെ മികച്ച രീതിയിലാണ് പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ കേരളം ഇടപെടുന്നത്.
കുട്ടികള്‍ക്കും സ്കൂളുകള്‍ക്കും ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഉറപ്പുവരുത്തി മുന്നേറുന്നതോടൊപ്പം തന്നെ അവര്‍ വസ്തുനിഷ്ഠമായും ശാസ്ത്രീയമായുമാണ് വിദ്യ അഭ്യസിക്കുന്നത് എന്നുറപ്പുവരുത്തേണ്ടതു കൂടിയുണ്ട്. അപ്പോള്‍ മാത്രമേ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നു എന്നു പറയാന്‍ കഴിയൂ. അതിനുതകുന്ന ഒരു മുന്‍കൈയാണ് അഡീഷണൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിലൂടെ നമ്മള്‍ ഏറ്റെടുത്തത്. അതു ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടുമുള്ള എൽ ഡി എഫ് സർക്കാരിന്റെ അടിപതറാത്ത ഉത്തരവാദിത്വബോധത്തിന്റെ പ്രതിഫലനം കൂടിയാണ്. ♦