Wednesday, May 1, 2024

ad

Homeസാര്‍വദേശീയംഗാസയ്ക്കുനേരെ ഇസ്രയേലിന്റെ ഭീകരാക്രമണം

ഗാസയ്ക്കുനേരെ ഇസ്രയേലിന്റെ ഭീകരാക്രമണം

ജി വിജയകുമാർ

ഗാസയിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ വാർത്ത മധ്യഗാസയിലെ ആശുപത്രിയിൽ ബോംബിട്ട് ഇസ്രയേൽ ഭീകര ഭരണകൂടം 500 ലധികം നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയതായാണ്. ഇതിനുപുറമെ അറുന്നൂറിലധികം ആളുകൾക്ക് ഈ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇതേ പ്രദേശത്തുതന്നെയുള്ള ഒരു സ്-കൂളിലും ഇസ്രയേൽ ബോംബിട്ടു; ഈ സ്-കൂൾ കെട്ടിടമാകട്ടെ അഭയാർഥി ക്യാമ്പിനോട് ചേർന്നുള്ളതാണ്. അവിടെ കൊല്ലപ്പെട്ടത് 6 കുട്ടികളും.

വടക്കൻ ഗാസയിൽ കഴിഞ്ഞുകൂടുന്ന (അവർ അവിടെ ജീവിക്കുന്നുവെന്ന് പറയാനാവില്ല; നരകതുല്യം കഴിഞ്ഞുകൂടുകയാണ് ഗാസയിലെ ഓരോ മനുഷ്യജീവിയും) 11 ലക്ഷം പലസ്തീൻകാർ 24 മണിക്കൂറിനകം തെക്കൻ ഭാഗത്തേക്ക് ഒഴിഞ്ഞുമാറണമെന്ന് ഇസ്രയേലിൽ അധികാരത്തിലിരിക്കുന്ന സിയോണിസ്റ്റ് ഭീകരസംഘം തീട്ടൂരം പുറപ്പെടുവിച്ചതിനെതുടർന്ന് മറ്റൊരു ഗതിയുമില്ലാതെ ഒഴിഞ്ഞുപോക്ക് നടക്കവെയാണ് ഭീകരമായ ഈ ബോംബാക്രമണം. ഇതിന്റെ തൊട്ടുതലേന്ന് (ഒക്ടോബർ 17ന്) ഈജിപ്തിനെയും ഗാസയെയും തമ്മിൽ ബന്ധപ്പെടുത്തുന്ന റഫ ഇടനാഴിയിൽ ഇസ്രയേൽ ബോംബിട്ടു. അതുവഴി ഗാസയിലേക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും എത്തിക്കുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബോംബാക്രമണം. (വടക്കൻ ഗാസയിൽ കഴിയുന്നവർ തെക്കൻ പ്രദേശത്തേക്ക് ഒഴിഞ്ഞുപോകണമെന്ന നെതന്യാഹു ഭരണത്തിന്റെ തീട്ടൂരത്തെ ലോകം കേട്ട ഏറ്റവും വലിയ കറുത്ത ഫലിതമായേ കാണാനാകൂ. അഞ്ചാം നൂറ്റാണ്ടുമുതൽ പലസ്തീനിൽ താമസിക്കുന്നവരിൽ ഭൂരിപക്ഷവും അറബികളാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ, നൂറ്റാണ്ടുകളായി, തലമുറകളായി ആ മണ്ണിൽ കഴിയുന്ന, ആ നാടിന്റെ നേരവകാശികളോടാണ് സാമ്രാജ്യത്വശക്തികളുടെ കുത്തിത്തിരിപ്പിന്റെ ഭാഗമായി ആ മണ്ണിൽ കുടിയേറിയവർ ഇത്തരമൊരു ആജ്ഞ പുറപ്പെടുവിക്കുന്നത്).

ഒക്ടോബർ 7നുശേഷം ഇതെഴുതുന്ന ഒക്ടോബർ 18ന് വെെകുന്നേരം വരെ , ഗാസയിലെ മൂവായിരത്തിലധികം ആളുകളാണ്, അതിൽ മൂന്നിലൊന്ന് പേരും കുട്ടികളുമാണ്, ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 3478 പേർ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതാണ്ട് ഇത്രയും പേർക്കുതന്നെ പരിക്കേറ്റതായും ഇതേ റിപ്പോർട്ട് പറയുന്നു. ഇത് അച്ചടിച്ച് വായനക്കാരുടെ കെെകളിൽ എത്തുന്നതിനകം ഇനിയും എത്രയാളുകൾ കൊല്ലപ്പെടുമെന്ന്, ഭാവിയിലെ വാഗ്ദാനമായ എത്ര കുട്ടികൾ കൊല്ലപ്പെടുമെന്ന് ആർക്കാണ് പറയാനാവുക? ബോംബാക്രമണം മാത്രമല്ല ഗാസ നിവാസികൾ നേരിടുന്ന ഭീഷണി. 365 ചതുരശ്ര കി.മീ വിസ്തൃതിയിൽ (ഗാസയുടെ നീളം 41 കിലോമീറ്ററും വീതി 6 കിലോമീറ്റർ മുതൽ 12 കിലോമീറ്റർ വരെയുമാണ്). തിങ്ങിഞെരുങ്ങിക്കഴിയുന്ന 10 ലക്ഷത്തിലേറെ കുട്ടികൾ ഉൾപ്പെടെ 23 ലക്ഷം മനുഷ്യർക്ക് കുടിവെള്ളമോ ഭക്ഷണമോ ജീവൻ രക്ഷാ ഔഷധങ്ങളോ പോലും ലഭിക്കുന്നില്ല; ഇസ്രയേൽ ഭരണാധികാരികളും അവരുടെ സംരക്ഷകരായ അമേരിക്കൻ ഗവൺമെന്റും ഇതെല്ലാം അവർക്ക് നിഷേധിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ഗാസയിലെ മനുഷ്യരുടെ, കുട്ടികളും സ്ത്രീകളും രോഗികളും ഉൾപ്പെടെയുള്ളവരുടെ ദുരവസ്ഥയ്ക്ക്, വെള്ളവും ഭക്ഷണവും മരുന്നുകളും നിഷേധിച്ച് അവരെ കൊല്ലാക്കൊല ചെയ്യുന്നതിന് ലോകത്തോട്, മാനവരാശിയോട് സമാധാനം പറയേണ്ടത് അമേരിക്കയിലെ ഗവൺമെന്റാണ്. കാരണം ഐക്യരാഷ്ട്ര സെക്യൂരിറ്റി കൗൺസിലിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടും, ചുരുങ്ങിയത് മാനുഷിക സഹായങ്ങൾ എങ്കിലും (വെള്ളം, ഭക്ഷണം, ഔഷധം) എത്തിക്കുന്നതിനുള്ള സൗകര്യമാവശ്യപ്പെട്ടുകൊണ്ടും ആദ്യം റഷ്യയും പിന്നീട് ബ്രസീലും കൊണ്ടുവന്ന പ്രമേയങ്ങൾ പാസാകാതിരുന്നത് അമേരിക്ക വീറ്റോ ചെയ്തതുകൊണ്ടാണ്.

ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും ഭീകരമായ തുറന്ന ജയിൽ എന്ന് നോം ചോംസ്-കിയെപ്പോലെയുള്ള മനുഷ്യസ്നേഹികൾ വിശേഷിപ്പിക്കുന്ന ഗാസയിൽ കഴിയുന്ന മനുഷ്യർക്ക് തൊഴിൽ ചെയ്യാൻ പുറത്തിറങ്ങണമെങ്കിൽ ഇസ്രയേലി ഭരണകൂടത്തിന്റെ അനുമതി വേണം, കുട്ടികൾക്ക് പഠിക്കണമെങ്കിൽ, രോഗികൾക്ക് ചികിത്സ തേടണമെങ്കിൽ ഈ അനുമതി വേണം. മുക്കിനു മുക്കിനു ഇസ്രയേലി പൊലീസിന്റെ പരിശോധനയെന്ന പീഡനത്തിനു വിധേയരാവണം. ഇത്തരമൊരവസ്ഥയിലാണ് ഇതിനെല്ലാം പുറമെ ഇപ്പോൾ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. എലിക്കെണിക്കുള്ളിൽ പെട്ടുപോയ എലികളുടെ അവസ്ഥയിൽ എരിപൊരികൊള്ളുകയാണ് ഗാസ നിവാസികൾ. അവർക്കുനേരെയാണ് ഇസ്രയേലിന്റെ ബോംബാക്രമണം. ഒക്ടോബർ 7–ാം തീയതിക്കുശേഷമുള്ള ആറു ദിവസത്തിനകം മാത്രം ഇസ്രയേൽ, ഗാസയെന്ന ഈ കൊച്ചു ഭൂപ്രദേശത്ത് അറുനൂറിലധികം ബോംബുകൾ വർഷിച്ചുവെന്ന് സിഎൻഎൻ പോലുള്ള വാർത്താ ഏജൻസികൾക്കുപോലും റിപ്പോർട്ടു ചെയ്യേണ്ടതായി വന്നു.

ഹമാസിന്റെ ആക്രമണമല്ലേ ഇതിനെല്ലാം കാരണമെന്ന് പറയുന്നവർ ഭൂതകാലത്തെക്കുറിച്ചു മാത്രമല്ല, സമീപകാലത്തെക്കുറിച്ചു പോലും (അതായത് ഒക്ടോബർ 6 വരെ നടന്ന സംഭവങ്ങളെക്കുറിച്ചുപോലും) അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആണെന്ന് പറയാതിരിക്കാനാവില്ല. ചരിത്രത്തിൽ പറയുന്ന പലസ്തീൻ എന്ന ഭൂപ്രദേശത്തെ (ഇസ്രയേൽ എന്നത് മിത്തും പലസ്തീൻ എന്നത് യാഥാർഥ്യവും) 78 ശതമാനത്തിലധികവും സിയോണിസ്റ്റുകൾ കെെയടക്കിയത് സമാധാനപരമായോ അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിലോ അല്ല, മറിച്ച് സിയോണിസ്റ്റ് സായുധ സംഘങ്ങൾ നടത്തിയ കടന്നാക്രമണങ്ങളിലൂടെയാണെന്ന യാഥാർഥ്യം നമുക്ക് വിസ്-മരിക്കാനാവില്ല. 1920കൾ മുതൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ (അക്കാലത്ത് പലസ്തീൻ ബ്രിട്ടന്റെ കോളനിയായിരുന്നു) സർവവിധ ഒത്താശയോടെയും പലസ്തീൻ പ്രദേശത്ത് സംഘടിതമായ കുടിയേറ്റം ആരംഭിച്ചത് വെറുതെ ആൾപാർപ്പില്ലാതെ തരിശായി കിടന്ന ഒരു ഭൂപ്രദേശത്തേക്കായിരുന്നില്ല. അവിടെ തലമുറകളായി കൃഷി ചെയ്ത് ജീവിച്ചിരുന്ന പലസ്തീൻകാരെ പുറമേ നിന്നു കുടിയേറിയ സിയോണിസ്റ്റ് ഭീകരർ ആട്ടിയോടിച്ചോ കൊന്നൊടുക്കിയോ അവരുടെ ഭൂമി കയ്യടക്കുകയാണുണ്ടായത്. സംഘടിത കുടിയേറ്റം ആരംഭിച്ച കാലത്ത് പലസ്തീനിൽ 5,90,390 മുസ്ലീങ്ങളും 83,694 ജൂതരും 73,024 ക്രിസ്ത്യാനികളും പാർത്തിരുന്നതായാണ് ബ്രിട്ടീഷ് ഭരണാധികാരികളുടെ തന്നെ കണക്ക്. അവിടേക്കാണ് യൂറോപ്യൻ രാജ്യങ്ങളിൽ പാർത്തിരുന്ന ജൂതരുടെ കുടിയേറ്റം സാമ്രാജ്യത്വശക്തികൾ പ്രോത്സാഹിപ്പിച്ചത്. അതിനുമുൻപ് അവിടെ പാർത്തിരുന്ന മുസ്ലീങ്ങളും ജൂതരും ക്രിസ്ത്യാനികളും പലസ്തീൻകാർ എന്ന പൊതുസ്വത്വത്തിൽ, സംഘട്ടനങ്ങളില്ലാതെ സമാധാനപരമായി ജീവിക്കുകയായിരുന്നു. പലസ്തീനിലെ അറബിഗ്രാമങ്ങളും നഗരങ്ങളും തകർത്ത് ജൂത കുടിയേറ്റം ആരംഭിച്ചതോടെയാണ് സംഘർഷങ്ങളും സംഘട്ടനങ്ങളും ആരംഭിച്ചത്. ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ട കാലത്ത് –1947നും 1949നും ഇടയ്ക്കുമാത്രം 7.5 ലക്ഷം അറബ് വംശജരെയാണ് സിയോണിസ്റ്റ് ഭീകരർ കൊന്നൊടുക്കുകയോ ആട്ടിയോടിക്കുകയോ ചെയ്തത്. 1947ൽ പലസ്തീനിൽ മൊത്തം ജനസംഖ്യ 18 ലക്ഷം – അതിൽ 60 ശതമാനം മുസ്ലീങ്ങളും 31 ശതമാനം ജൂതരും 8 ശതമാനം ക്രിസ്ത്യാനികളുമായിരുന്നു. ആ അവസ്ഥയിലാണ് 31 ശതമാനം വരുന്ന ജൂതർക്കായി പലസ്തീനിലെ 55 ശതമാനത്തിലധികം ഭൂപ്രദേശവും നീക്കിവച്ച്, കൃത്യമായ അതിർത്തി നിർണയിക്കാൻ മെനക്കെടാതെ ഇസ്രയേൽ എന്ന രാഷ്ട്രം സ്ഥാപിച്ചത്. ഇസ്രയേൽ ഒരു രാഷ്ട്രമായി നിലവിൽവരികയും പലസ്തീൻ ഒരു രാഷ്ട്രമല്ലാതാക്കപ്പെടുകയും ചെയ്ത സാമ്രാജ്യത്വ ചതിയായിരുന്നു 1947ലെ ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ വിഭജന പ്രമേയം.

സ്വന്തം ഭൂമി നഷ്ടപ്പെട്ട, അഭയാർഥി ക്യാമ്പുകളിലേക്ക് ആട്ടിയോടിക്കപ്പെട്ട, അവിടങ്ങളിൽപോലും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന പലസ്തീൻ ജനതയുടെ പ്രതിഷേധങ്ങളെയാകെ ഭീകരാക്രമണങ്ങളായി ചിത്രീകരിച്ച് വീണ്ടും വീണ്ടും നിരന്തരം ആക്രമിക്കുകയും കൊന്നൊടുക്കുകയും അവരിൽനിന്ന് ഭൂപ്രദേശം കവർന്നെടുക്കുകയുമാണ് ഇസ്രയേലിലെ സിയോണിസ്റ്റ് ഭീകര ഭരണകൂടം. ഗാസയിലെ, പലസ്തീനിലെയാകെ ഓരോ കുട്ടിയും ഓരോ മനുഷ്യനും ബോംബർ വിമാനങ്ങൾ തങ്ങളുടെ തലയ്ക്കുമീതെ പറന്നെത്തുമെന്ന ഭീതിയുടെ തടവറയിലാണ് കഴിയുന്നത്. 2006 മുതൽ 2023 വരെയുള്ള കഴിഞ്ഞ 17 വർഷത്തിനുള്ളിൽ മാത്രം ഇതിനുമുൻപ് 10 തവണയാണ് ഗാസയ്ക്കുനേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഇതിനുമുൻപ് ഏറ്റവും ഒടുവിൽ 2023 മെയ് മാസത്തിൽ ഓപ്പറേഷൻ ഷീൽഡ് ആന്റ് ആരോ എന്ന പേരിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 36 പലസ്തീൻകാരാണ്. അതിലും ഏറെയും കുട്ടികളാണ്. 2021ൽ കോവിഡ് മഹാമാരി ലോകമാകെ പടർന്നുകൊണ്ടിരിക്കെ ഗാസയിൽ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്ന ഒരേയൊരു ആശുപത്രിക്കുനേരെ ബോംബാക്രമണം നടത്തിയ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെ പേരാണ് ഇസ്രയേലിലെ നെതന്യാഹുവിന്റെ സിയോണിസ്റ്റ് ഭീകരവാഴ്ചയെന്നത്. 2019 നവംബറിൽ ഹമാസിന്റെ നേതൃത്വത്തിൽ സമാധാനപരമായി ഗ്രേറ്റ് മാർച്ച് നടത്തിയപ്പോൾ ഇസ്രയേൽ അതിനോട് പ്രതികരിച്ചത് ഗാസയിൽ ബോംബാക്രമണം നടത്തിയാണ്. 200ൽ അധികം മനുഷ്യരാണ് അന്ന് കൊല്ലപ്പെട്ടത്.

ഒാരോ തവണയും ഇസ്രയേൽ വെടിനിർത്തലിന് സമ്മതിക്കുന്നത്, അമേരിക്ക അവരെ അതിന് പ്രേരിപ്പിക്കുന്നത് അടുത്ത ആക്രമണത്തിന് തയ്യാറെടുക്കാൻ വേണ്ടിയാണെന്നതാണ് ഇതേവരെയുള്ള അനുഭവം. 1948ൽ ഇസ്രയേൽ നിലവിൽ വന്നതുമുതൽ ആ രാജ്യം അമേരിക്കയുടെ പിന്തുണയോടെ നടത്തിവരുന്നത് വംശഹത്യയാണ്. പലസ്തീൻ വംശജരെ സമ്പൂർണമായി തുടച്ചുനീക്കലാണ്. 1969–1974 കാലത്ത് ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ലേബർ പാർട്ടി നേതാവ് ഗോൾഡ മീർ (ഇസ്രയേലിലെ ഉരുക്കുവനിതയെന്നാണ് ലോകത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായ ഇവർ അറിയപ്പെടുന്നത്. ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വിശുദ്ധ യുദ്ധത്തിനായാണ് ഇവർ അമേരിക്കയിൽനിന്ന് 1930കളിൽ പലസ്തീനിലേക്ക് കുടിയേറിയത്) പ്രഖ്യാപിച്ചത്, പലസ്തീൻ എന്ന പേരിൽ ഒരു പ്രദേശം തന്നെ ഇനി ഭൂമുഖത്ത് ഉണ്ടാകാൻ പാടില്ലായെന്നാണ്. മാറിമാറി വന്നുകൊണ്ടിരുന്ന ഇസ്രയേലി ഭരണാധികാരികൾ നെഞ്ചേറ്റിയിരുന്നത് ഈ നയം തന്നെയാണെന്ന് കഴിഞ്ഞ 75 വർഷത്തെ ഇസ്രയേൽ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു. 1947 നവംബറിൽ ഐക്യരാഷ്ട്രസഭ പാസാക്കിയ പലസ്തീൻ വിഭജന പ്രമേയത്തിന്റെ അന്തഃസത്തയനുസരിച്ചുള്ള രണ്ട് രാഷ്ട്രം എന്നത് ഇസ്രയേൽ ഭരണാധികാരികൾ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പലസ്തീൻ വിമോചനപ്രസ്ഥാനവും അറബികളും തുടക്കത്തിൽ ആ നിലപാടുതന്നെയാണ് സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് ഇസ്രയേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറായി. ഏറ്റവും തീവ്രനിലപാട് എടുത്ത ഹമാസ് പോലും ഇപ്പോൾ ഇസ്രയേലിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. പലസ്തീൻ ജനത ആവശ്യപ്പെടുന്നത് സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയിലുള്ള അംഗീകാരമാണ്, ആ ജനതയുടെ മനുഷ്യാവകാശങ്ങൾ അംഗീകരിക്കലാണ്.

1967ലെയും 1973ലെയും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളോ (1967ലെ ആറുദിന യുദ്ധത്തിനുമുൻപുള്ള അതിർത്തിയിലേക്ക് ഇസ്രയേൽ പിൻവാങ്ങണമെന്നതാണ് ഇൗ രണ്ട് പ്രമേയങ്ങളിലെയും അന്തഃസത്ത) 1978 ലെ കേമ്പ് ഡേവിഡ് കരാറോ ഏറ്റവും ഒടുവിലത്തെ ഓസ്-ലോ കരാറോ ഒന്നും തന്നെ നടപ്പാക്കാൻ ഇസ്രയേലിലെ സിയോണിസ്റ്റ് തീവ്രവാദികൾ തയ്യാറായിട്ടില്ല. പലസ്തീൻ വിമോചന പോരാട്ടത്തിന്റെ നായകനായ യാസർ അറാ-ഫത്തിനൊപ്പം 1993ലും 1995ലും ഓസ്ലോ ചർച്ചകളെ തുടർന്നുള്ള കരാറുകളിൽ ഒപ്പുവച്ച ഇസ്രയേൽ പ്രധാനമന്ത്രി ഇത്-സാക് റാബിൻ കൊല്ലപ്പെടുകയായിരുന്നു. 1995ൽ രണ്ടാം ഓസ്ലോ കരാർ ഒപ്പിട്ട് ഈജിപ്തിലെ തബയിൽ നിന്ന് (നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ 1990കളിൽ ആരംഭിച്ച രഹസ്യ കൂടിയാലോചനകളെ തുടർന്ന് 1993 സെപ്തംബറിൽ വാഷിങ്ടൺ ഡിസിയിൽ വച്ചാണ് റാബിനും യാസർ അറാഫ-ത്തിന്റെ പ്രതിനിധിയായി ഇപ്പോഴത്തെ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും ഒന്നാം ഓസ്ലോ കരാർ ഒപ്പുവച്ചത്. 1995 ആഗസ്തിൽ ഇൗജിപ്തിലെ തബയിൽവച്ച് രണ്ടാം ഓസ്ലോ കരാർ ഒപ്പുവച്ചു) മടങ്ങിയെത്തിയ റാബിനെ യിഗാൽ അമീറെന്ന സിയോണിസ്റ്റ് തീവ്രവാദി വെടിവച്ചുകൊല്ലുകയാണുണ്ടായത്. ഓസ്ലോ ചർച്ചകൾ തുടങ്ങിയ കാലംമുതൽ സമാധാന കരാറിൽ ഒപ്പിടുന്നതിനെതിരെ പ്രചണ്ഡമായ പ്രചാരണമായിരുന്നു സിയോണിസ്റ്റ് തീവ്രവാദികൾ നടത്തിയത്. ഇന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവായിരുന്നു ആ പ്രചാരണത്തിന്റെ മുൻനിര നായകരിൽ ഒരാൾ. ഇത്-സാക് റാബിന്റെ കൊലപാതകത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ലേബർ പാർട്ടി പരാജയപ്പെടുകയും നെതന്യാഹുവിന്റെ നേതൃത്വത്തിൽ തീവ്രവലതുപക്ഷ ലിക്കുഡ് പാർട്ടി അധികാരത്തിലെത്തുകയുമായിരുന്നു. ഇങ്ങനെ പലസ്തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് അധികാരത്തിൽ വന്ന നെതന്യാഹുവിന്റെ ഭരണകാലം ഗാസയ്ക്കുനേരെ മാത്രമല്ല ലെബനണുനേരെയും (തലസ്ഥാനമായ ബെയ്-റൂട്ടിനുനേരെ) നിരന്തരം നടത്തിയ ബോംബാക്രമണത്താലാണ് അടയാളപ്പെടുത്തുന്നത്. അതാണ് ഇപ്പോൾ ഗാസയ്ക്കുനേരെ ബോംബാക്രമണം രൂക്ഷമായതിനെ തുടർന്ന് മാധ്യമപ്രവർത്തകനായ മുഹമ്മദ് സ്-മിറി എഴുതിയത്. ‘‘ഇനി നമുക്ക് അതിജീവിക്കാനാവില്ല’’ എന്ന്.

ഹമാസ് നടത്തിയ ‘ഭീകരാക്രമണം’ എന്ന പ്രചാരണത്തോടെയാണ്, അതിനുള്ള തിരിച്ചടിയായാണ് തങ്ങൾ ഗാസയ്ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നത് എന്നാണ് ഇസ്രയേൽ പറയുന്നത്. ഇത് ഏറ്റുപിടിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ബെെഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി സുനകും ഫ്രഞ്ച് പ്രസിഡന്റ‍് മക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണിയും ഇന്ത്യയിലെ മോദിയുംവരെയുള്ള ഒരേ തൂവൽപക്ഷികളാകെ തങ്ങൾ ഇസ്രയേലിനൊപ്പം എന്ന പിന്തുണ പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നത്. എന്നാൽ പലസ്തീൻകാരിൽ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ഭാഗത്തുനിന്നുള്ള ചെറുത്തുനിൽപ്പുപോരാട്ടത്തിന്റെ ഭാഗമായി ഇത്രയധികം ആളുകൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. അതുതന്നെ നിത്യേനയെന്നോണമുള്ള സിയോണിസ്റ്റ് ഭീകരസംഘങ്ങളുടെയും ഇസ്രയേൽ പൊലീസിന്റെയും ഭാഗത്തുനിന്നു നടന്നുകൊണ്ടിരുന്ന പലസ്തീൻ ജനതയ്ക്കെതിരായ ആക്രമണങ്ങളിൽ പൊറുതിമുട്ടിയിട്ടുമാണ്.

ഹമാസ് എന്നത് ഐഎസിനെപോലെയും അൽഖ്വയ്ദയെപോലെയുമുള്ള ഒരു ഭീകരസംഘമാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. മതമൗലികവാദി പ്രസ്ഥാനമാണ് ഹമാസ് എന്നത് ശരിതന്നെ. പലസ്തീൻ വിമോചന പോരാട്ടത്തിന്റെ പ്രതീകമായി മതനിരപേക്ഷ പുരോഗമന പ്രസ്ഥാനമായ, യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പിഎൽഒയെ പൊളിക്കാൻ അമേരിക്കൻ ഒത്താശയോടെ 1980കളിൽ രൂപപ്പെട്ടതാണ് ഹമാസ് എന്ന വസ്തുത മറക്കാനാവില്ല. സുന്നി ഇസ്ലാമിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഹമാസിന് ഈജിപ്തിലെ മുസ്ലീം ബ്രദർ ഹുഡിന്റെയും സൗദി രാജകുടുംബത്തിന്റെയും പിന്തുണയാണുണ്ടായിരുന്നത്. പിഎൽഒയ്ക്കുള്ളിൽ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും സ്വാധീനം വർധിച്ചുവരുന്നതിനെതുടർന്ന് ആ വിമോചന പ്രസ്ഥാനത്തെ ദുർബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹമാസിനെ അമേരിക്കയും കൂട്ടരും പ്രോത്സാഹിപ്പിച്ചത്. പുരോഗമന–ഇടതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കാൻ മതരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയെന്ന മുതലാളിത്തത്തിന്റെ പൊതുനയമാണ് ഇവിടെയും കണ്ടത്. എന്നാൽ 2006ൽ പലസ്തീൻ അതോറിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഹമാസിന്റെ മുന്നേറ്റം ഉണ്ടായതിനെ തുടർന്ന് ഇസ്രയേലും അമേരിക്കയും യൂറോപ്യൻ കൂട്ടാളികളും ഹമാസിന്റെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അട്ടിമറിനീക്കം തുടങ്ങുകയാണുണ്ടായത്.

അതിനെ തുടർന്നാണ് 2006 മുതൽ ഗാസയ്ക്കുനേരെ തുടർച്ചയായ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. 4000ത്തോളം പലസ്തീൻകാരാണ് ഈ ആക്രമണപരമ്പരകളിൽ 2022 വരെ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ സാധാരണ പൗരരാണ് ഇൗ കൊല്ലപ്പെട്ടതത്രയും. പലസ്തീൻ ചെറുത്തുനിൽപ്പിൽ മൊത്തം നൂറിൽ താഴെ ഇസ്രയേലി സെെനികരല്ലാതെ സാധാരണ പൗരരൊന്നുംതന്നെ കൊല്ലപ്പെട്ടിരുന്നില്ല എന്നും കാണണം.

ഇപ്പോൾ നടക്കുന്ന മറ്റൊരു പ്രചരണം ഇസ്രയേൽ ഗവൺമെന്റിന്റെ ചാരസംഘടനയ്ക്കൊന്നും മുൻകൂട്ടി ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ലയെന്നതാണ്. എന്നാൽ ഇത് തെറ്റാണെന്ന് ഇപ്പോൾ മുൻ ഇസ്രയേൽ പ്രധാനമന്ത്രി യഹൂദ് ഓൾമാർട്ട് തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇസ്രയേൽ ചാരസംഘടന ഒന്നിലേറെ തവണ ഇത്തരമൊരാക്രമണം ഉടൻ ഉണ്ടാകുമെന്ന് നെതന്യാഹുവിനെ അറിയിച്ചിരുന്നുവെന്നും ഇപ്പോഴത്തെ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്നുമാണ് ഓൾമാർട്ട്, പാശ്ചാത്യമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഈജിപ്തിലെ ഗവൺമെന്റും ഇത്തരമൊരു മുന്നറിയിപ്പ് നൽകിയതായി പരസ്യമായി ഇപ്പോൾ പ്രസ്താവിച്ചിരിക്കന്നു.

തുടക്കത്തിൽ ഇസ്രയേലിനോട് സഹതാപവുമായി രംഗത്തുവന്ന രാജ്യങ്ങൾ തന്നെ ഇപ്പോൾ ഇസ്രയേൽ ഭീകരതയ്ക്കെതിരെ പ്രതിഷേധവുമായി അണിനിരക്കുന്നുണ്ട്. അറബ് രാജ്യങ്ങൾ തുടക്കത്തിൽ പ്രകടിപ്പിച്ച നിഷ്-ക്രിയമായ സമീപനം കെെവെടിഞ്ഞ് പ്രതിഷേധം പ്രകടിപ്പിക്കുന്നതായും കാണുന്നുണ്ട്. ചെെനയും ഇറാനും ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഉടൻ വെടിനിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിന് പിന്തുണ തേടി ഒരാഴ്ചയിലേറെയായി അറബ് രാജ്യങ്ങൾ കയറിയിറങ്ങിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ ശ്രമങ്ങൾ ഫലിക്കാതായതോടെ ഇപ്പോൾ പ്രസിഡന്റ് ബെെഡൻ തന്നെ നേരിട്ടിറങ്ങിയിരിക്കുകയാണ്. ടെൽ അവീവിലെത്തി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബെെഡൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയെയും ജോർദ്ദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവിനെയും സന്ദർശിച്ചെങ്കിലും ഒരിടത്തുനിന്നും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ജോർദാൻ രാജാവ് ബെെഡന്റെ അഭ്യർഥനയെ നിരാകരിക്കുകയാണുണ്ടായത്. ഇനി അഥവാ ഈ ഭരണാധികാരികൾ അമേരിക്കൻ സമ്മർദത്തിനു വഴങ്ങിയാൽ തന്നെ ജനങ്ങൾ അതിനെതിരെ അണിനിരക്കുമെന്നാണ് റാമള്ളയിൽ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിനെതിരെ നടന്ന പ്രതിഷേധ പ്രകടനം സൂചിപ്പിക്കുന്നത്.

ഇതിനെല്ലാം പുറമെയാണ് നെതന്യാഹു ഗവൺമെന്റിനെതിരെ ഇസ്രയേലിനുള്ളിൽതന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നത്. ഓൾമാർട്ട് ഉൾപ്പെടെയുള്ള മുൻ ഭരണാധികാരികളും നിരവധി പാർലമെന്റംഗങ്ങളും നെതന്യാഹുവിനെതിരെ രംഗത്തുവന്നത് ഇതാണ് കാണിക്കുന്നത്. ഇസ്രയേലി കമ്യൂണിസ്റ്റു പാർട്ടിയും ഹദാഷ് എന്ന ഇടതുപക്ഷ മുന്നണിയും തുടക്കംമുതൽ തന്നെ ഈ നിലപാട് ഉയർത്തിപ്പിടിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അത് വകവയ്ക്കാതെ ഹമാസിൽനിന്ന് ആക്രമണം ക്ഷണിച്ചുവരുത്തിയ സിയോണിസ്റ്റുകളും നെതന്യാഹുവും ഇസ്രയേലിൽ ഉയർന്നുവന്നിരുന്ന ജനകീയ സമരങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങളുടെ മുഖ്യ അജൻഡയായ പലസ്തീന്റെ ഉന്മൂലനം നടപ്പാക്കാനുമുള്ള അവസരമായി ഇതിനെ കാണുകയാണെന്ന് വ്യക്തം. അതിനവർക്ക് അമേരിക്കയുടെ പിന്തുണയും ലഭിക്കുന്നുണ്ട്. പക്ഷേ, അമേരിക്കയ്ക്കൊപ്പം നിൽക്കുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾപോലും ഇക്കാര്യത്തിലെങ്കിലും അവർക്കൊപ്പം ഉണ്ടാവില്ലെന്ന് വ്യക്തമായി. സുന്നി–ഷിയ തർക്കത്തിന്റെ പേരിൽ രണ്ടുചേരിയായി നിന്ന സൗദി അറേബ്യയും ഇറാനും ഒന്നിച്ചുചേരാൻ ചെെനയുടെ മധ്യസ്ഥത സഹായിച്ചതും ഇപ്പോൾ സുന്നി–ഷിയ സംഘടനകളായ ഹമാസും ഹിസ്ബുള്ളയും ഒന്നിച്ച് ഇസ്രയേൽ ഭീകരതയെ നേരിടാൻ തയ്യാറാകുന്നതും പശ്ചിമേഷ്യയിലെ പുതിയ പ്രവണതയാണ്. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ആ മേഖലയിൽ വീണ്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സിറിയക്കും ലബനണും നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയതും ഇത്തരമൊരു സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + four =

Most Popular