Sunday, July 14, 2024

ad

Homeവിശകലനംടെലിവിഷൻ ചർച്ചകൾ: ശബ്ദഘോഷങ്ങളുടെ കെട്ടിയാടൽ

ടെലിവിഷൻ ചർച്ചകൾ: ശബ്ദഘോഷങ്ങളുടെ കെട്ടിയാടൽ

കെ വി സുധാകരൻ

മാധ്യമ മുന്നേറ്റ ചരിത്രത്തിൽ താരതമേ-്യന കുറച്ചു ചരിത്രമേ ടെലിവിഷൻ മാധ്യമത്തിന് അവകാശപ്പെടാനാവൂ. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അച്ചടിവിദ്യ കണ്ടുപിടിക്കുകയും, ചെറിയ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, 1702ൽ ലണ്ടനിൽനിന്ന് എലിസബത്ത് മാലെ എന്ന വനിതാ എഡിറ്റർ പ്രസിദ്ധീകരിച്ച ഡെയ്ലി കൊറാന്ത് ആണ് ലോകത്തെ തന്നെ ആദ്യത്തെ പത്രമായി പരിഗണിക്കപ്പെടുന്നത്. വീണ്ടും ശാസ്ത്ര – സാങ്കേതിക മുന്നേറ്റം സാധ്യമായ സാഹചര്യത്തിലാണ് സ്കോട്ട്ലൻഡുകാരനായ ജോൺ ലോഗിബെയ‍്സ് 1926 ജനുവരി 26ന് ടെലിവിഷൻ സംപ്രേഷണത്തിന് തുടക്കം കുറിക്കുന്നത്. 1930കളോടെ ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചുവെങ്കിലും, ഇന്ത്യയിലേക്ക് ഈ വിദ്യ കടന്നുവരുന്നത് 1950കളുടെ അവസാനമാണ്. കൃത്യമായി പറഞ്ഞാൽ 1959 സെപ്തംബർ 15നാണ് രാജ്യത്ത് ആദ്യമായി ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്. പിന്നീട് 1982 ആഗസ്ത് 15ന് അന്നത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം ഇന്ത്യൻ ടെലിവിഷനിലെ ആദ്യ കളർ സംപ്രേഷണമായി. തുടർന്ന് അതേവർഷം നവംബറിൽ ഡൽഹിയിൽ നടന്ന ഏഷ്യാഡ് മത്സരങ്ങൾ കൂടി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ടത് ജനങ്ങൾക്ക് പുതിയ ഒരനുഭവമായി. 1991 കഴിഞ്ഞപ്പോൾ, പുത്തൻ സാമ്പത്തി കനയങ്ങൾ നടപ്പാക്കപ്പെട്ടു തുടങ്ങിയതിന്റെ ഭാഗമായി വിദേശ ടെലിവിഷനുകൾക്ക് ഇന്ത്യയിലും സംപ്രേഷണത്തിന് സൗകര്യം ലഭിച്ചു. അതോടെ കേബിൾ ടിവി, നെറ്റ് വർക്കുകൾ വ്യാപകമാവുകയും കൂടുതൽ ആളുകളിലേക്ക് ധാരാളം ചാനലുകൾ ലഭ്യമാവുകയും ചെയ്തു. പിന്നീടും സാങ്കേതിക വിദ്യയുടെ വിസ്മയകരമായ വികാസത്തിന്റെ ഫലമായി ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), 12K വിസ്താര തുടങ്ങിയവ മലയാള ടെലിവിഷനുകളിലടക്കം പരീക്ഷിച്ചു തുടങ്ങി. അതോടെ ടെലിവിഷനുകൾ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.

1963 നവംബറിൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ-് കെന്നഡിയുടെ കൊലപാതകം മുതൽ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകളും, തുടർന്ന് ലിൻഡൻ ബി ജോൺസൺ പ്രസിഡന്റായി ചുമതലയേറ്റതുമൊക്കെ അമേരിക്കൻ ടെലിവിഷനുകൾ നാലുദിവസം ഇടവേളകളില്ലാതെ സംപ്രേഷണം ചെയ്തു. ഈ സംപ്രേഷണം അമേരിക്കൻ ജനതയുടെ 96 ശതമാനം പേരും തത്സമയം ടെലിവിഷൻ സ്ക്രീനുകളിൽ കണ്ടുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ടെലിവിഷൻ സ്ക്രീനുകളിലെ തത്സമയ സംപ്രേഷണത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിയ സന്ദർഭമാണിത്. വിനോദ ചാനലുകൾക്കൊപ്പം 24 മണിക്കൂർ വാർത്താ ചാനലുകളും സജീവമായി.

ഇപ്പോൾ ലോകമാധ്യമക്കുത്തകകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വാർണർ ബ്രദേഴ്സിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കയിലെ കേബിൾ ന്യൂസ് നെറ്റ് വർക്ക് (CNN) ആണ് 24 മണിക്കൂർ വാർത്താ ചാനലിന് തുടക്കമിടുന്നത്. ഇന്ത്യയിൽ ഈ ക്രഡിറ്റ് ന്യൂഡൽഹി ടെലിവിഷന് (NDTV) അവകാശപ്പെട്ടതാണ്. കേരളത്തിലാകട്ടെ, സമ്പൂർണ വാർത്താചാനൽ തുടങ്ങുന്നത് 2003ൽ ‘ഇന്ത്യാവിഷ’ന്റെ വരവോടെയാണ്. പിന്നീട് മറ്റു നിരവധി വാർത്താചാനലുകളും സജീവമായി. കേവലം വാർത്തകൾ നൽകുക എന്നതിൽനിന്ന്, വാർത്താധിഷ്ഠിത പരിപാടികളും, വാർത്താ അവതരണവും, വിശകലനങ്ങളുമൊക്കെ ഇതിന്റെ ഭാഗമായി ചാനലുകൾ ആഘോഷിക്കാൻ തുടങ്ങി. ഓരോ ദിവസവും പ്രധാന സംഭവവികാസങ്ങളെപ്പറ്റി രാത്രി എട്ടുമണിക്ക് ന്യൂസ് അവർ ചർച്ച എന്ന പരിപാടിയും തുടർന്നുണ്ടായി. ഈ ചർച്ചകളിൽ വരുന്ന അവതാരകൻ ‘താരപദവി’ സ്വന്തമാക്കുന്ന സ്ഥിതിവരെയുണ്ടായി. ഓരോ വിഷയത്തിനും സഹായകരമെന്ന് ചാനൽ ഉടമകളും വാർത്താ അവതാരകരും കരുതുന്ന ആളുകളെ പാനലിസ്റ്റുകൾ എന്ന നിലയിൽ ചർച്ചകളിൽ പങ്കെടുപ്പിച്ചു തുടങ്ങി. ഒരേ വ്യക്തി തന്നെ മാറി മാറി രാഷ്ട്രീയ നിരീക്ഷകന്റേയും, പരിസ്ഥിതി പ്രവർത്തകന്റേയും, വിദ്യാഭ്യാസ വിഗ്ധന്റെയും, നിയമ പണ്ഡിതന്റേയുമൊക്കെ റോൾ അഭിനയിക്കുന്ന സ്ഥിതിയിലേക്കു വന്നു. ഏതു വിഷയത്തിനും ഒരാൾക്ക് വിദഗ്ധനാകണമെങ്കിൽ, വാർത്താ ചാനലുകളുടെ ചർച്ചകളിൽ പങ്കെടുക്കാൻ അവസരം കിട്ടിയാൽ മതി എന്ന സ്ഥിതിയായി.

പ്രൈം ടെെം ന്യൂസ് ചർച്ച സ്വീകരിക്കപ്പെട്ടു തുടങ്ങി എന്നു വന്നതോടെ വാർത്താ അവതാരകർ ഏകഛത്രാധിപതികളെപ്പോലെ സ്വയം പ്രതിഷ്ഠിച്ചു തുടങ്ങി. ലോകത്തെ ഏതു വിഷയത്തെപ്പറ്റിയുമുള്ള സർവജ്ഞാനത്തിനുടമകളാണ് തങ്ങൾ എന്ന് അവതാരകർ ചിന്തിച്ചു തുടങ്ങി. ആരെയും ചോദ്യം ചെയ്യുകയും, ചിലപ്പോഴെങ്കിലും അധിക്ഷേപിക്കുകയും ചെയ്യുന്നത് മാധ്യമ ധർമമാണെന്ന അന്തസ്സാരശൂന്യമായ ധാരണയിൽ അവതാരകർ പലരും എത്തി. അവതാരകർ അവരുടെ രാഷ്ട്രീയ നിലപാടുകൾക്കും പക്ഷപാതിത്വങ്ങൾക്കും അനുസരിച്ച് വാർത്തകളുടെ ആഖ്യാനവും അവതരണവും നടത്തുന്ന സ്ഥിതിയായി. വാർത്താ അവതരണത്തിൽ ജനാധിപത്യമെന്നത് സ്വപ്നം മാത്രമായി. വാർത്തയുടെ നാനാവശങ്ങൾ അവതരിപ്പിക്കുകയും, പാനലിസ്റ്റുകൾ അതേപ്പറ്റി അഭിപ്രായങ്ങൾ പറയുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ശ്രോതാക്കളും പ്രേക്ഷകരും അവരവരുടേതായ നിഗമനങ്ങളിലും തീർപ്പുകളിലും എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ജനാധിപത്യ രീതി. എന്നാൽ നമ്മുടെ ടെലിവിഷൻ ചർച്ച അവതാരകർ തുടക്കത്തിൽത്തന്നെ വിഷയത്തെ സംബന്ധിച്ച് ആധികാരികമായി തീർപ്പു കൽപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തും. പിന്നെ അതിന്റെ ചുറ്റുവട്ടത്തിൽ ചുറ്റിക്കളിക്കാനുള്ള അവസരമേ പാനലിസ്റ്റുകൾക്കു ലഭിക്കൂ. അവതാരകന്റെ ആംഗിളിൽനിന്നു വ്യതിചലിക്കുന്ന പാനലിസ്റ്റുകളുടെ അഭിപ്രായങ്ങളിൽ ഇടപെടുകയോ, അല്ലെങ്കിൽ, മെെക്ക് കട്ട് ചെയ്ത് ഇടവേളകളിലേക്കു പോവുകയോ ആണ് ചെയ്യുക. ഒടുവിൽ അവതാരകന്റെ അഭിപ്രായത്തിൽ കാര്യങ്ങൾ അവസാനിപ്പിക്കുകയാണ് പതിവ‍്.

ഇവിടെ ഭൂരിപക്ഷം അവതാരകരും ചാനൽ പ്രവർത്തകരും അവരുടെ വിദ്യാർഥി ജീവിതകാലത്ത് ഇടതുപക്ഷ ആശയം പുലർത്തിയിരുന്നവരാണ് എന്നു പറയാറുണ്ട്. എന്നാൽ അവരൊക്കെ അവതരിപ്പിക്കുന്ന വാർത്തകളിലൂടെ പുറത്തുവിടുന്ന സന്ദേശം കൃത്യമായും കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നതാണ് വസ്തുത.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം ചരിത്രത്തിൽ നിന്നു ചൂണ്ടിക്കാണിക്കാം. ഇറാഖിൽ അമേരിക്ക നടത്തിയ അധിനിവേശത്തിനുശേഷം അമേരിക്കൻ എഴുത്തുകാരനായ ബ്രൂസ് കമിംഗ്സ് (Bruce Cummings) വാർ ആൻഡ് ടെലിവിഷൻ (War and Television) എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അദ്ദേഹം പറയുന്ന കൗതുകകരമായ കാര്യം, ഇറാഖ് യുദ്ധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായിരുന്നു എന്നാണ്. പക്ഷേ അവർ നൽകിയ വാർത്തകളൊക്കെ പൂർണമായും അമേരിക്കൻ പക്ഷപാതിത്വത്തോടെയായിരുന്നു എന്നതാണ് കൗതുകകരം. ഇതിനു സമാനമായ രീതിയിലാണ് കേരളത്തിലെ വാർത്താചാനൽ അവതാരകരും റിപ്പോർട്ടർമാരും പ്രവർത്തിക്കുന്നത്.

എന്തു വിഷയമായാലും അതിൽ, കമ്യൂണിസ്റ്റ് വിരുദ്ധതയും, ഇടതുപക്ഷ സർക്കാർ വിരുദ്ധതയും കുത്തിത്തിരുകുക അവരുടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. നോക്കിലും വാക്കിലും ഇടതുപക്ഷ വിരുദ്ധത ചാലിച്ചുവച്ചാണ് അവർ വാർത്തകൾ അവതരിപ്പിക്കുന്നത്.

വാർത്തകളുടെ അടിസ്ഥാന പ്രമാണം, സംഭവങ്ങളെപ്പറ്റിയുള്ള വിവരണമാണ് അവ എന്നതാണ്. അതിൽ വസ്തുനിഷ്ഠതയും സത്യസന്ധതയും അനിവാര്യമായ ഘടകങ്ങളാണ്. ഗാന്ധിജി മുതലുള്ള പത്രപ്രവർത്തകരെല്ലാം ഈ തത്വം മുറുകെ പിടിച്ചിട്ടുള്ളവരാണ്. എന്നാൽ സംഭവിക്കുന്ന വാർത്തയോ, അവയുടെ ന്യായാന്യായങ്ങളോ അല്ല വാർത്താചാനലുകളിൽ ഭൂരിപക്ഷത്തിനു പഥ്യം. വലതുപക്ഷ രാഷ്ട്രീയക്കാർ ഉന്നയിക്കുന്ന ആരോപണങ്ങളാണ് റിപ്പോർട്ടർമാരുടെയും അവതാരകരുടെയും ഇന്ധനം. ആരെന്ത്, ആരെപ്പറ്റി പറഞ്ഞാലും, അതിന് വസ്തുതാപരമായ പിൻബലമുണ്ടോ എന്നൊന്നും അനേ-്വഷിക്കാൻ വാർത്താ അവതാരകരിലും, റിപ്പോർട്ടർമാരിലും ഭൂരിപക്ഷം പേരും തയ്യാറാകാറില്ല. നയതന്ത്ര സ്വർണ്ണക്കടത്തിന്റെ കെട്ടുകഥകൾ മാസങ്ങളോളം കൊണ്ടാടിത്തുടങ്ങിയ മാധ്യമങ്ങൾ ഏറ്റവും ഒടുവിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്തുനിർത്തി ആക്ഷേപ വാക്കുകൾ ചൊരിയാനും തിടുക്കം കാട്ടി. സുസ്ഥിരമായ മാനസികനില വച്ചു പുലർത്താത്ത ഒരാൾ പറഞ്ഞ കാര്യങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങി മാലോകരോടു വിളിച്ചുപറയുന്ന നിലവരെ എത്തി. പറഞ്ഞതും കാണിച്ചതുമെല്ലാം അബദ്ധപ്പഞ്ചാംഗമായിരുന്നു എന്നു തെളിയിക്കപ്പെട്ടിട്ടും അത് ഏറ്റുപറയാനോ, ഖേദം പ്രകടിപ്പിക്കാനോ ഒരാളും തയ്യാറാകുന്നുമില്ല. അസംബന്ധം നിറഞ്ഞ ഈ പിടിവാശി മാധ്യമപ്രവർത്തകരുടെ തന്നെ അന്തസ്സ് കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പക്ഷേ, അവരറിയുന്നില്ല.

ഇപ്പോൾ ചില ചാനലുകളിലെ എഡിറ്റർമാർ തന്നെ വാർത്താ അവതാരകനും പാനലിസ്റ്റുകളും ആയി രംഗപ്രവേശം ചെയ്യുന്ന സ്ഥിതിയുമുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ പാനലിസ്റ്റുകളായി വരുന്നുമുണ്ട്. പുതിയ രൂപഭാവങ്ങളോടെ ഇറങ്ങിയ റിപ്പോർട്ടർ ചാനലിലെ ഈ വിധ ചർച്ചയാണെങ്കിൽ കൗതുകകരവും ഒപ്പം വിചിത്രവുമാണ്. തല മുതിർന്ന എഡിറ്റർമാർ തന്നെ പരസ്പരം കടിച്ചുകീറുകയാണ്. പല ചർച്ചകളിലും എന്താണ് പറയുന്നത്, എന്താണ് അതിന്റെ പരിണാമഗുപ്തി എന്നെല്ലാം ആർക്കും പിടികിട്ടാത്ത സ്ഥിതിയാണ്. ആകെ ശബ്ദഘോഷങ്ങളുംഅതിതീവ്രമായ വികാരപ്രകടനങ്ങളും മാത്രം. ഷേക്-സ്-പിയർ പറഞ്ഞതുപോലെ ഒന്നും അടയാളപ്പെടുത്തുന്നില്ല. (full of sound and fury, and signifying nothing (Macbeth).

ഈ ചർച്ചകളൊക്കെ സാധാരണ കാഴ്ചക്കാർക്ക് മടുത്തു തുടങ്ങിയെന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെ വാർത്താ ചാനലുകളുടെ BARC റേറ്റിങ്ങിൽ ഓരോ ആഴ്ചയും ഏതാണ്ടെല്ലാ ചാനലുകൾക്കും റേറ്റിങ്ങിൽ കുറവുവരുന്നതായും സമീപകാലത്ത് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതു പരിഹരിക്കാൻ ഇപ്പോൾ അവതാരകർ അവരുടെ ഷോർട്ട് റീൽസ് സുഹൃത്തുക്കളുടെ വാട്ട‍്സ് ആപ്പ് ഗ്രൂപ്പുകളിൽ അയച്ച് പ്രേക്ഷകശ്രദ്ധ ആകർഷിക്കാനാണ് ശ്രമിക്കുന്നത്. ബിജെപി സ്വഭാവമുള്ളവർ, ബിജെപി ഗ്രൂപ്പുകളിലും, കോൺഗ്രസ് ആഭിമുഖ്യമുള്ളവർ അവരുടെ ഗ്രൂപ്പുകളിലും ഈ റീലുകൾ നൽകും.പക്ഷേ ഇത്തരം ചെപ്പടിവിദ്യകൾകൊണ്ട് നമ്മുടെ ചാനൽ പ്രവർത്തകർക്ക് എത്രനാൾ പിടിച്ചുനിൽക്കാനാവും എന്നതാണ് പ്രസക്തമായ ചോദ്യം. വിശ്രുത അവതാരകരായ ഡാരൻ ജോർഡൻ (Darren Jordon -–അൽ ജസീറ), ഹ്യൂ എഡേ-്വർഡ്സ് (Huw Edwards – – BBC), സോഫി റാവത്ത് തുടങ്ങിയവരൊക്കെ വാർത്തകൾ അവതരിപ്പിക്കുന്ന രീതി കണ്ടു പഠിക്കേണ്ടതുണ്ട്. എത്ര മാന്യമായും അന്തസ്സോടെയും, ആഢ്യമായ ഭാഷയിലുമാണ് അവർ അവതരണം നടത്തുന്നത് എന്നത് മനസ്സിലാക്കേണ്ടതു തന്നെയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 15 =

Most Popular