ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണകക്ഷിക്കും പ്രധാനമന്ത്രി മോദിക്കും അതിലെ വിജയം സംബന്ധിച്ച് ആശങ്ക വളർന്നുവരുന്നുണ്ടോ? പല കാര്യങ്ങളിലും സർക്കാരിന്റെ നടപടികൾ നിരീക്ഷിക്കുന്ന ആർക്കും ഈ സംശയം ബലപ്പെടുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തോൽവിയെത്തുടർന്ന് സകല പോരാട്ടങ്ങളിലും വിജയിക്കുന്ന 10 വർഷങ്ങളുമായുള്ള പതിവ് ബിജെപിയെ കെെവിട്ടതായി കാണപ്പെടുന്നു. അതോടൊപ്പം മറ്റു കക്ഷികളിൽ മുപ്പതോളം എണ്ണം ‘ഇന്ത്യ’ എന്ന ചേരി ലോക്-സഭാ തിരഞ്ഞെടുപ്പിൽ രൂപീകരിക്കാനുള്ള തീരുമാനം കെെക്കൊണ്ടത് ബിജെപിയുടെ ആശങ്ക വർധിപ്പിച്ചു. അതോടൊപ്പം മോദി സർക്കാരിനെതിുരായ അഴിമതിയാരോപണങ്ങളും ശക്തമായി വാരുന്നു. അതിന്റെ ഭാഗമായി വേണം മൂന്നു മുതിർന്ന സിഎജി ഉദ്യോഗസ്ഥരെ അവരുടെ ലാവണങ്ങളിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
സിഎജിയുടെ ചുമതല സർക്കാരിന്റെ വരവു ചെലവുകൾ ആഡിറ്റ് ചെയ്യലാണ്. പിരിച്ചെടുക്കേണ്ട നികുതികൾ ഉൾപ്പെടെയുള്ള വരുമാനത്തിൽ ബോധപൂർവമായി വീഴ്ച വരുത്തിയോ, അന്യായമായ ചെലവുകൾ സംബന്ധിച്ച് വിമർശനം ഉന്നയിച്ചോ മുതലായ കാര്യങ്ങൾ പരിശോധിക്കുകയും പ്രസക്തമായ കാര്യങ്ങൾ ആഡിറ്റ് റിപ്പോർട്ടിൽ ഉന്നയിക്കുകയും ചെയ്യുക സിഎജി ആഡിറ്റിന്റെ കടമയാണ്. അത് വിട്ടുവീഴ്ചയില്ലാതെ സിഎജി ചെയ്യുമ്പോഴാണ് സർക്കാരിന്റെ (കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും) ധനപരമായ അച്ചടക്ക പാലനം ഉറപ്പുവരുത്താൻ കഴിയുക. ഇത് പ്രസക്തമാകുന്നത് സർക്കാരിന്റെ വരവും ചെലവും വൻതുകകൾ ആകുമ്പോഴാണ്. നടപ്പുവർഷത്തിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് 45 ലക്ഷം കോടി രൂപയിൽപരമാണ്. അതിനോട് അടുത്ത സംഖ്യയാണ് നികുതികൾ ഉൾപ്പെടെയുള്ള വരവ്.
വരവിനങ്ങളിൽ ഏതെങ്കിലും പിരിച്ചെടുക്കുന്നതിൽ വീഴ്ച ഉണ്ടായോ, അത് ശ്രദ്ധിച്ചാൽ പരിഹരിക്കാമായിരുന്നതാണോ, അതുപോല തന്നെ ചെലവിനങ്ങളിൽ കുറവ് വരുത്താൻ കഴിയുമായിരുന്നോ എന്നു നിരന്തരം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ സിഎജി സൂക്ഷ്മ പരിശോധന നടത്തിയതിലൂടെയാണ് ഒരു പതിറ്റാണ്ടു മുമ്പ് 2 ജി സ്പെക്ട്രം അഴിമതി കണ്ടെത്താൻ കഴിഞ്ഞത്. അത് ഒറ്റപ്പെട്ട സംഭവമല്ല. വലിയ തുകയായതുകൊണ്ടാണ് 2 ജി സ്പെക്ട്രം അഴിമതി പ്രശ്നം വലിയ ജനശ്രദ്ധ ആകർഷിച്ചത്. ഓരോ വർഷവും ഇത്തരത്തിൽ ബോധപൂർവമോ അല്ലാത്തതോ ആയ സംഭവങ്ങൾ സിഎജി ആഡിറ്റിലൂടെ കണ്ടെത്താറുണ്ട്, വർഷകാല സമ്മേളനവേളയിൽ സിഎജി റിപ്പോർട്ട് പാർലമെന്റിനു സമർപ്പിക്കാറുമുണ്ട്. ചില വർഷങ്ങളിൽ അതിലെ ഉള്ളടക്കം പാർലമെന്റിലും മാധ്യമങ്ങളലും ജനങ്ങൾക്കിടയിലും ഗൗരവമായ ചർച്ചക്ക് വിധേയമാകാറുണ്ട്. സിഎജിയുടെ നിരന്തര പരിശോധന ഉണ്ടാകുന്നതുകൊണ്ട് വഴിവിട്ട സാമ്പത്തിക നടപടികൾക്ക് കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ മുതിർന്നാൽ സിഎജി കയ്യോടെ പിടിക്കും.
കായികമായ അതിക്രമങ്ങൾ ഉണ്ടാകുന്നത് തടയാൻ പൊലീസിന്റെ സാന്നിധ്യവും പ്രവർത്തനവും കാരണമാകുന്നതുപോലെ സർക്കാർ തലത്തിൽ സാമ്പത്തിക അച്ചടക്കലംഘനം തടയാൻ സിഎജിയുടെ തുടർച്ചയായുള്ള ആഡിറ്റ് സഹായിക്കുന്നു. സാമ്പത്തിക ക്രമക്കേട് വരുത്തിയാൽ സർക്കാരിന്റെ രാഷ്ട്രീയ നേതൃത്വത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും എതിരായി സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകും. അത് ചെയ്യാൻ സർക്കാർ ബാധ്യസ്ഥമാണ്. ഇത് സാമ്പത്തിക അച്ചടക്കം സർക്കാരിന്റെ നടപടികളിൽ ഉണ്ടാകും എന്നു ഉറപ്പുവരുത്തുന്നു. അച്ചടക്കം ലംഘിച്ച് ഖജനാവിനു നഷ്ടം വരുത്തുന്നവർക്കെതിരെ അനേ-്വഷണം നടത്തി നീതിന്യായ നടപടി കെെക്കൊള്ളുന്നു. ഇൗ നടപടിക്രമം ഉള്ളതുകൊണ്ടാണ് നികുതിക്കുടിശ്ശിക പരമാവധി കുറയ്ക്കാൻ സർക്കാരിനു കഴിയുന്നത്.
കേന്ദ്ര സർക്കാർ 2022–23ൽ പിരിച്ചെടുത്ത നികുതി 33.6 ലക്ഷം കോടി രൂപയാണ്. ഇതിൽ 10.29 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണ്. കേന്ദ്ര വിഹിതം 23.31 ലക്ഷം കോടി രൂപ. കേന്ദ്രത്തിന്റെ നികുതിയിതര വരുമാനം 3.01 ലക്ഷം കോടി രൂപ. അങ്ങനെ മൊത്തം വരുമാനം 26.32 ലക്ഷം കോടി രൂപ. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വരുമാനങ്ങളുടെയും ചെലവുകളുടെയും കണക്കുകൾ പരിശോധിച്ച് ശരി എന്നു ഉറപ്പുവരുത്തുന്ന ആഡിറ്റ് ജോലിയാണ് സിഎജി ഓഫീസ് ചെയ്യുന്നത്.
ഓരോ വർഷവും ലക്ഷക്കണക്കിനുകോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ വരുമാനം. ചെലവും ആ തോതിൽ തന്നെ. ഈ വരവു കണക്കുകൾ പരിശോധിച്ച് ശരിയെന്നു ഉറപ്പുവരുത്തേണ്ടത് സിഎജിയുടെ ഓഫീസാണ്. അവയിൽ പലതിന്റെയും ആഡിറ്റ് റിപ്പോർട്ടുകൾ അവയുടെ നടത്തിപ്പിലെ പല വീഴ്ചകളും ചൂണ്ടിക്കാണിച്ചിരുന്നു. അവയിൽ പ്രധാനപ്പെട്ടവ മോദി സർക്കാർ തങ്ങളുടെ അഭിമാനപ്രോജക്ടുകളായി വിളംബരം ചെയ്ത ആയുഷ്-മാൻ ഭാരത്, അടിസ്ഥാന സൗകര്യവികസന പദ്ധതിയായ ഭാരത് രത്നമാല മുതലായവയാണ്. ഇവയിൽ പലതിലും ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നതായി അവയുടെ കണക്ക് ആഡിറ്റ് ചെയ്ത സിഎജി കണ്ടെത്തിയിരുന്നു. ഈ ആഡിറ്റ് റിപ്പോർട്ടുകൾ പാർലമെന്റിനു സമർപ്പിച്ചതിനെ തുടർന്നു പ്രതിപക്ഷ പാർട്ടികളും ചില മാധ്യമങ്ങളും ആഡിറ്റ് ചൂണ്ടിക്കാണിച്ച ക്രമക്കേടുകളും അഴിമതിയും എടുത്തുപറഞ്ഞ് മോദി സർക്കാരിനെ വിമർശിക്കുകയുണ്ടായി.
ഇതിനെതുടർന്നു ഇവ തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റി. മുഖം വികൃതമായതിനു കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന പഴങ്കഥയിലെ കഥാപാത്രത്തെയാണ് ഈ സർക്കാർ ഓർമിപ്പിക്കുന്നത്. അയോധ്യ വികസനപദ്ധതി മുതൽ ആയുഷ്-മാൻ ഭാരത്, ഭാരത്-മാല വരെയുള്ള പദ്ധതികളിൽ 7.5 ലക്ഷം കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. അത് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കേന്ദ്ര സർക്കാർ മൊത്തത്തിൽ ചെലവാക്കിയ തുകയുടെ 25 ശതമാനത്തിൽ അധികമാണ‍്. സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള 75 വർഷങ്ങൾക്കിടയിൽ രാജ്യത്ത് നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി, ദേവഗൗഡ, എ ബി വാജ്പേയി, മൻമോഹൻ സിങ് സർക്കാരുകളുടെ കാലത്തെല്ലാം കൂടി നടന്ന അഴിമതികളുടെ റെക്കോർഡുകളെയെല്ലാം കഴിഞ്ഞ 10 വർഷത്തെ മോദി വാഴ്ച കടത്തിവെട്ടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുന്ന വാചകക്കസർത്തുകൾക്കൊന്നും ഈ ഭീമമായ അഴിമതിയെയും ഖജനാവ് കൊള്ളയെയും തൃപ്തികരമായ വിശദീകരണം നൽകി ന്യായീകരിക്കാനുകുന്നില്ല. തന്റെ വാചകക്കസർത്തുകൊണ്ടു സർക്കാരിന്റെ പല വീഴ്-ചകളെയും മറച്ചുവയ്ക്കുന്നത്. പക്ഷേ, ഖജനാവിന്റെ കാവൽക്കാരായ സിഎജി ഓ-ഫീസ് തന്നെ വിശദമായ ആഡിറ്റ് നടത്തി സമർപ്പിച്ച റിപ്പോർട്ടിലെ കണക്കുകളെയോ വാദമുഖങ്ങളെയോ തൃപ്തികരമായ മറുപടി നൽകി വിശദീകരിക്കാൻ പ്രധാനമന്ത്രിക്കോ സർക്കാരിനോ കഴിയുന്നില്ല.
സിഎജി ഓഫീസ് നടത്തിയ വിമർശനം തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയിൽ തന്റെ വ്യക്തിത്വത്തിനു ഇടിച്ചിലുണ്ടാക്കി എന്നു കണ്ടാണ് പ്രധാനമന്ത്രി ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിനു പങ്കാളികളായ ഉദ്യോഗസ്ഥരെ ആ ഓഫീസിൽ നിന്നു പിൻവലിച്ച് ഉത്തരവായത്. അതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും അവയ്ക്കു കീഴിലുള്ള ഓഫീസുകളിലും സിഎജി ആഡിറ്റ് നടത്തുന്ന പതിവ് നിർത്തലാക്കി ഉത്തരവിട്ടത്. ആഡിറ്റിനുപോകുന്ന ഉദ്യോഗസ്ഥർക്ക് തങ്ങൾക്ക് ലഭിച്ചിട്ടുള്ള പരിശീലനവും നിർദേശവും അനുസരിച്ച് കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട ബാധ്യതയുണ്ട്. അവർ അങ്ങനെ ചെയ്യുന്നതിൽ സർക്കാരിനതൃപ്തി ഉണ്ടെങ്കിൽ ആഡിറ്റ് നടത്തുന്നില്ല എന്നാണ് സിഎജി ആഡിറ്റ് നടത്തുന്നത് നിർത്തിവച്ചതിലൂടെ വെളിവാക്കിയത്. പക്ഷേ, കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫീസുകളിലും അനുബന്ധ സ്ഥാപനങ്ങളിലും എവിടെയൊക്കെ നികുതി വഴിയും ഇതരമാർഗങ്ങളിലൂടെയും സർക്കാർ ശേഖരിച്ച പണം ചെലവഴിക്കുന്നുണ്ടോ, അവിടങ്ങളിൽ സിഎജി ആഡിറ്റ് വേണമെന്നതാണ് ഭരണഘടനാ വ്യവസ്ഥ. കേന്ദ്ര സർക്കാരിന്റെ അതൃപ്തിയെ തുടർന്ന് സിഎജി ആഡിറ്റ് സമ്പ്രദായം നിർത്തലാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ മാത്രമല്ല, ഈ സംവിധാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന മാധ്യമങ്ങളും ജനങ്ങളും വിമർശനം ഉന്നയിച്ചതോടെ തന്റെ നടപടി തിരിച്ചടിക്കുന്നതായി മോദിക്ക് ബോധ്യപ്പെട്ടു.
ജനങ്ങളിൽനിന്നു സർക്കാർ പിരിച്ചെടുക്കുന്ന നികുതിപ്പണവും മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കുന്ന വരുമാനവും സത്യസന്ധമായും കാര്യക്ഷമമായും വിനിയോഗിക്കപ്പെടുന്നുവെന്നു ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. പാർലമെന്റിൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ട് എന്നു കരുതി ഭരണഘടനാവ്യവസ്ഥകളെ കാറ്റിൽ പറത്തി തോന്നിയതുപോലെ പ്രവർത്തിക്കാൻ ഒരു ഭരണാധികാരിയെയും ഭരണഘടന അനുവദിക്കുന്നില്ല. സർക്കാരിന്റെ ഉദ്യോഗസ്ഥരും മറ്റും ഖജനാവിലെ പണം ദുർവിനിയോഗം ചെയ്യുന്നു എന്നു കണ്ടാണ് സിഎജി അക്കാര്യം റിപ്പോർട്ടിലൂടെ സർക്കാരിനെയും പാർലമെന്റിനെയും ജനങ്ങളെയും തെര്യപ്പെടുത്തിയത്. വഴിവിട്ടു പ്രവർത്തിക്കുന്ന ഏത് ഭരണാധികാരിയെയും സർക്കാരിനെയും നേർവഴിക്ക് നടത്തിക്കാനാണ് ഭരണഘടനയിൽ പല കരുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അവ പാലിക്കാൻ ഏത് സർക്കാരും ഭരണകക്ഷിയും ബാധ്യസ്ഥമാണ്. ♦