Friday, November 22, 2024

ad

Homeവിശകലനംലിംഗ അസമത്വത്തിന്റെ സാമ്പത്തികശാസ്ത്രം

ലിംഗ അസമത്വത്തിന്റെ സാമ്പത്തികശാസ്ത്രം

ഡോ. പി എസ് ശ്രീകല

സമത്വം ഒരു സ്വാഭാവികഅവസ്ഥയല്ല. അത് ബോധപൂർവം നിർമ്മിക്കപ്പെടുന്ന ഒരു സ്ഥിതിയാണ്. അസമത്വം സൃഷ്ടിക്കാനുള്ള ശ്രമം, മനുഷ്യാവകാശ നിഷേധം എന്ന നിലയിൽ, കുറ്റവുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനവും നടപ്പാക്കലുമാണ് പ്രധാന കുറ്റം. അതുകൊണ്ടുതന്നെ, സാമ്പത്തിക ശാസ്ത്രത്തിലെ “ഒരു കുറ്റാന്വേഷക എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു’ എന്ന് നൊബേൽ പുരസ്‌കാരം നേടിയ ക്ലാദിയ ഗോൾഡിന്റെ പ്രസ്താവനയ്ക്ക് ഏറെ ആഴമുണ്ട്.

ലോകസാമ്പത്തിക ഫോറം 2023ൽ പ്രസിദ്ധീകരിച്ച ആഗോള ജൻഡർ ഗ്യാപ് ഇൻഡെക്സ് അനുസരിച്ച് ലിംഗ അസമത്വം 68.4% ആണ്. ഈ അന്തരം നികത്തപ്പെടാൻ കുറഞ്ഞത് ഒരു നൂറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ നൊബേൽ പുരസ്‌കാരം കൂടുതൽ ശ്രദ്ധേയമാകുന്നത്. സാമ്പത്തികശാസ്ത്രരംഗത്ത് ഗവേഷകയായ എഴുപത്തിയേഴുകാരിയാണ് ക്ലാദിയ ഗോൾഡിൻ. തൊഴിൽ കമ്പോളത്തിലെ സ്ത്രീകളുടെ പങ്കാളിത്തവും കൂലിയും ആണ് അവരുടെ പ്രധാന ഗവേഷണ മേഖല. സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ചുള്ള അവബോധനിർമ്മിതിക്കുവേണ്ടിയുള്ള നിരന്തരാന്വേഷണമാണ്, ഹർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസറായ അവരെ പുരസ്കാരത്തിനു അർഹയാക്കിയത്.

സ്ത്രീയുടെ തൊഴിൽപങ്കാളിത്തത്തിന്റെ ചരിത്രവും വർത്തമാനകാലത്തെ അവസ്ഥയും അവരുടെ അന്വേഷണത്തിൽ പെടുന്നു. 200 വർഷത്തെ സ്ഥിതിവിവരങ്ങളാണ് ഈ പഠനത്തിനായി അമേരിക്കയിലെ ലൈബ്രറികളിൽ നിന്ന് അവർ ശേഖരിച്ചത്. പൊടിപിടിച്ച പുരാരേഖാ അവശിഷ്ടങ്ങൾക്കിടയിൽ സമർപ്പിതമായ ഗവേഷണമാണ് അവരുടെ അക്കാദമിക ജീവിതം.

കോളേജിൽ പഠനത്തിനായി ചേരുന്നതുവരെയും ആർക്കിയോളജിസ്റ്റോ ബാക്റ്റീരിയോളജിസ്റ്റോ ആവണം എന്നാഗ്രഹിച്ച വ്യക്തിയാണ് ഗോൾഡിൻ. ചിക്കഗോ യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചതിനു ശേഷമാണ് സാമ്പത്തിക ശാസ്ത്രത്തിൽ അവർക്ക് താല്പര്യമുണ്ടാകുന്നത്. അസമത്വത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ താല്പര്യത്തിന് കാരണമായത്. ആശയം, സിദ്ധാന്തം, സ്ഥിതിവിവരങ്ങൾ എന്നിവയെ ആധാരമാക്കിയായിരുന്നു ഗോൾഡിൻ തന്റെ അന്വേഷണം ആരംഭിച്ചത്.

1992ൽ നൊബേൽ പുരസ്‌കാരം ലഭിച്ച ഗാരി ബേക്കർ നിരീക്ഷിച്ചത്, സ്ത്രീകൾ തൊഴിൽ സേനയിൽ ഇല്ലാതാവുന്നത്, കുട്ടികളെ പരിപാലിക്കേണ്ടിവരുന്നത് കൊണ്ടാണെന്നും പുരുഷന്മാരേക്കാൾ കുറഞ്ഞകൂലി സ്ത്രീകൾക്ക് ലഭിക്കുന്നതിനു കാരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലെ പിന്നാക്കസ്ഥിതിയാണെന്നും ആയിരുന്നു. 2013-–14 ൽ അമേരിക്കൻ ഇക്കണോമിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ക്ലോഡിയ ഗോൾഡിൻ പറഞ്ഞു, സ്ത്രീകളുടെ ഈ അവസ്ഥക്ക് കാരണം വീടല്ല, കമ്പോളമാണ് എന്ന്. ലോകത്തിന്റെ ശ്രദ്ധായകർഷിച്ച നിരീക്ഷണമായിരുന്നു അത്.

ലിംഗാസമത്വം വർദ്ധിക്കുന്നതിനു പിന്നിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, വരുമാനം എന്നിവയുടെ പങ്ക് അവർ പഠനവിധേയമാക്കി.

സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർദ്ധിക്കുന്നില്ലെന്ന് ഗോൾഡിൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. U ആകൃതിയിലുള്ള ഒരു മാറ്റമാണ് ഇക്കാര്യത്തിൽ കാണുന്നതെന്നും അവരുടെ പഠനം കണ്ടെത്തുന്നു. കാർഷിക സമ്പദ്‌ഘടനയിൽ നിന്ന് വ്യവസായിക സമ്പദ് ഘടനയിലെത്തുമ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയുകയും ഇരുപതാം നൂറ്റാണ്ടിൽ സേവന മേഖല വ്യാപകമായതോടെ പങ്കാളിത്തം വർദ്ധിക്കുകയും ചെയ്യുന്നു. അതേസമയം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മറ്റൊരു പ്രവണതയും ഗോൾഡിൻ കണ്ടെത്തുന്നു : വിവാഹിതരായ സ്ത്രീകൾക്കും അവിവാഹിതരായ സ്ത്രീകൾക്കും ഇടയിൽ തൊഴിൽ പങ്കാളിത്ത നിരക്കിൽ അന്തരം വർധിക്കുന്നു എന്നതാണത്. 20% അവിവാഹിതരായ സ്ത്രീകളെ തൊഴിൽ കമ്പോളത്തിൽ കാണാൻ കഴിയുമ്പോൾ 5% മാത്രമാണ് വിവാഹിതരായ സ്ത്രീകൾ.!

അതായത്, നേരത്തെ സൂചിപ്പിച്ച U ആകൃതിയിലുള്ള പ്രവണതയിൽ കണ്ട വളർച്ചയ്ക്കിടയിലെ മറ്റൊരു പ്രതിഭാസമാണിത്. സാങ്കേതിക വിദ്യയുടെ വികാസവും വിദ്യാഭ്യാസത്തിന്റെ വ്യാപനവും സേവന മേഖലയുടെ വളർച്ചയും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ അനുകൂലമായി സ്വാധീനിക്കുമ്പോൾ തന്നെ, വിവാഹം, ചില പ്രത്യേകതരം തൊഴിലുകളിൽ നിന്ന് സ്ത്രീകളെ അകറ്റുകയും ചെയ്യുന്നു. കുട്ടികൾ ജനിക്കുന്നതോടെ നിരവധി സ്ത്രീകൾ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാവുന്നു. 1960 കളിൽ, ഗർഭനിരോധനമാർഗങ്ങൾ നിലവിൽ വന്നത് ഈ പ്രവണതയിൽ ചെറിയ മാറ്റം വരുത്തി. എന്നാൽ, വരുമാനത്തിലെ സ്ത്രീ – പുരുഷ വിവേചനം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. സ്ത്രീകൾ വീടുകൾക്കുള്ളിൽ ചെയ്യുന്ന ജോലി കൂടി കണക്കിലെടുത്തുകൊണ്ടാണ് ഗോൾഡിൻ ഇത് വ്യക്തമാക്കുന്നത്.

മുതലാളിത്തത്തിന്റെ വളർച്ചയോടെ സ്ത്രീകൾക്ക് ഉത്പാദന മേഖലയിൽ കൂടുതൽ അസമത്വവും അദൃശ്യതയും സ്ത്രൈണവൽകൃത റോളുകളും അനുഭവിക്കേണ്ടിവരുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണം കൂടിയായിരുന്നു അത്. അവിടെ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. പുരുഷാധിപത്യ മൂല്യബോധമാണ് അവിടെയും സ്ത്രീ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത്.

ഇന്ത്യൻ അവസ്ഥ പരിശോധിക്കുമ്പോൾ നേരിൽ ബോധ്യപ്പെടുന്ന നിരീക്ഷണങ്ങളാണ് ഗോൾഡിന്റേത്. യാഥാസ്ഥിതികവും പുരുഷധിപത്യപരവുമായ സമീപനങ്ങളുടെ മേൽക്കോയ്മ തൊഴിൽകമ്പോളത്തിലെ കുറഞ്ഞ സ്ത്രീ പങ്കാളിത്തത്തിന് അനുകൂലമായി നിൽക്കുന്നു. അതോടൊപ്പം തൊഴിൽ കമ്പോളം ലിംഗ അസമത്വത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പരസ്പരപൂരകമായ സ്ഥിതിവിശേഷമാണിത്. സ്ത്രീകളുടെ ഗാർഹികവും സ്ത്രൈണമെന്ന് വിശേഷിപ്പിച്ചിരിക്കുന്നതുമായ കടമകൾ ഒഴിവാക്കാനുള്ള സാമൂഹ്യ ഇടപെടൽ കൊണ്ടുമാത്രമേ തൊഴിൽ മേഖലയിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ കഴിയൂ. സേവന മേഖലയിലെന്ന പോലെ ഉത്പാദന മേഖലയിലേക്കും സ്ത്രീയുടെ ശേഷി വിനിയോഗിക്കാൻ അവസരമുണ്ടാക്കുകയാണ് അസമത്വം കുറയ്ക്കാൻ അനിവാര്യം. ഇത്തരം നീക്കങ്ങൾക്ക്, ശാസ്ത്രീയമായ പിൻബലം നൽകുന്നതാണ് ഗോൾഡിൻ നടത്തിയ പഠനം. നിഴൽയുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് അവർ സ്ഥാപിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × three =

Most Popular