Monday, October 14, 2024

ad

Homeനിരീക്ഷണംലഡാക്കിലെ ജനവിധിയും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും

ലഡാക്കിലെ ജനവിധിയും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും

വി ബി പരമേശ്വരൻ

ടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചു. അതിന്റെ മുന്നോടിയായി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തീയതി പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യ പ്രദേശ്, ഛത്തീസ്ഗഢ്,തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ലഡാക്ക് – കാർഗിൽ ഓട്ടോണമസ് ഹിൽ ഡവലപ്മെന്റ് കൗൺസിലിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം നേടിയ വിജയം രാജ്യം ഭരിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും കനത്ത തിരിച്ചടിയാണ്. ഹിമാചൽ പ്രദേശിലും കർണാടകത്തിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തോൽവി ഏറ്റുവാങ്ങിയ ബി ജെ പിക്ക് ലഡാക്കിലുണ്ടായ തോൽവിയും കനത്ത ആഘാതമാണ് ഏൽപിക്കുന്നത്.

ലഡാക്ക് – കാർഗിലിൽ ബി ജെ പിക്കെതിരായ ജനവിധിക്ക് പല മാനങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ജമ്മു കാശ്മീരിന് ഭരണഘടനയിലെ 370-ാം വകുപ്പനുസരിച്ചുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ആ സംസ്ഥാനത്തിൽ നിന്നുണ്ടാകുന്ന ആദ്യ ജനവിധിയാണിത്. 2019 ആഗസ്ത് 5 നാണ് ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചത്. അതിലൊന്നാണ് ലഡാക്കും കാർഗിലും ഉൾപ്പെട്ട കേന്ദ്രഭരണപ്രദേശം. ജമ്മു കാശ്മീർ സംസ്ഥാനത്തിൽ നിന്നും ലഡാക്കിനെ മാറ്റി പ്രത്യേക കേന്ദ്ര ഭരണപ്രദേശമാക്കിയതിനെ ലഡാക്കിലെ ജനങ്ങൾ പ്രത്യേകിച്ചും ബുദ്ധമത വിഭാഗക്കാർ പിന്തുണച്ചിരുന്നു. അവർ അന്ന് ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തു. കാശ്മീരിൽ നിന്നും സ്വതന്ത്രമായതിലുള്ള ആഹ്ളാദമാണ് അന്ന് പ്രകടിപ്പിക്കപ്പെട്ടത്. ഇതിൽ ഷിയാ മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള കാർഗിൽ ഭാഗഭാക്കായിരുന്നില്ല എന്നു മാത്രമല്ല തീരുമാനത്തിൽ പ്രതിഷേധിച്ച് ഹർത്താലാചരണവും നടന്നു. എന്നാൽ കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ ഭരണം പുരോഗമിച്ചപ്പോൾ ഈ ആഹ്ളാദം നിരാശക്ക് വഴിമാറി. സ്വന്തം വ്യക്തിത്വവും പാരമ്പര്യവും കൈമോശം വരുന്നതായി ലഡാക്ക് നിവാസികൾ തിരിച്ചറിഞ്ഞു. ഈ മാറ്റത്തിന്റെ പ്രതിഫലനമാണ് ലഡാക്കിന് സമ്പൂർണ സംസ്ഥാന പദവി നൽകി ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ലേ അപക്സ് ബോഡിയുടെയും കാർഗിൽ ജനാധിപത്യ സഖ്യത്തിന്റെയും ആവശ്യം. ലഡാക്കിൽ രണ്ട് പാർലമന്റ് സീറ്റ് വേണമെന്നും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഈ സമിതികൾ ആവശ്യപ്പെടുകയുണ്ടായി. ഭരണഘടനയിലെ 370-ാം വകുപ്പ് അനുസരിച്ചുള്ള സുരക്ഷ നഷ്ടപ്പെട്ടതോടെ പുറത്തു നിന്നുള്ളവർ ലഡാക്കിൽ വന്ന് ബിസിനസ്സിൽ ഏർപ്പെടുകയും ഭൂമിയും മറ്റും കൈവശമാക്കുകയും ചെയ്തതോടെ സ്ഥലവാസികൾക്ക് അവരുടെ വരുമാന മാർഗം നഷ്ടപ്പെടുകയാണെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ലഡാക്ക്, കാർഗിൽ സമിതികൾ മേൽപറഞ്ഞ ആവശ്യം മുന്നോട്ടുവെച്ചത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതോടെ അവിടുത്തെ ജനങ്ങൾ സന്തുഷ്ടരാണെന്ന കേന്ദ്രഭരണാധികാരികളുടെ ആഖ്യാനമാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

ഒക്ടോബർ 4 നാണ് വോട്ടെടുപ്പ് നടന്നത്. 30 അംഗ കൗൺസിലിൽ 26 സീറ്റിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നത്. 4 അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനാണ് തീരുമാനം. നേരിട്ട് തിരഞ്ഞെടുപ്പ് നടന്ന 26 സീറ്റിൽ ഇന്ത്യ സഖ്യം 22 സീറ്റ് നേടി. 12 സീറ്റ് നാഷണൽ കോൺഫ്രൻസും 10 സീറ്റ് കോൺഗ്രസും നേടി. ബി ജെ പിക്ക് രണ്ട് സീറ്റ് ലഭിച്ചു. 2 സീറ്റ് സ്വതന്ത്രർക്കാണ്. കോൺഗ്രസും നാഷനൽ കോൺഫ്രൻസും സൗഹൃദമത്സരം നടന്ന മണ്ഡലമാണ് ഇക്കുറി ബിജെപിക്ക് അധികമായി ലഭിച്ചത്. 2018 ൽ ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. ലഡാക്കിലെ എംപി ബിജെപിക്കാരനായിട്ടുപോലും സ്ഥിത മെച്ചപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ നടപടിയെ ആദ്യഘട്ടത്തിൽ പിന്തുണച്ച ബുദ്ധമതക്കാരും ഇപ്പോൾ ഇന്ത്യ സഖ്യത്തിനൊപ്പം അണിനിരന്നു എന്നതിൽ ഒരു വലിയ രാഷ്ട്രീയ സന്ദേശമുണ്ട്. ഇതിനാലാണ് ജമ്മു-കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി മടിക്കുന്നത്. മണ്ഡല പുനർനിർണ്ണയത്തിലൂടെ ജമ്മുവിൽ സീറ്റ് വർധിപ്പിച്ചിട്ടും തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി തയ്യാറായിട്ടില്ല. ലഡാക്കിലെ തോൽവിയോടെ ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ് ഇനിയും നീളുമെന്നുറപ്പായി.

നവംബറിൽ അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ബി ജെ പിക്ക് പ്രതീക്ഷിക്കാൻ ഏറെയൊന്നുമില്ല. അഞ്ച് സംസ്ഥാനങ്ങളിൽ മധ്യപ്രദേശിൽ മാത്രമാണ് ബി ജെ പി ഭരിക്കുന്നത്. മിസോറാമിൽ എൻ ഡി എ സഖ്യകക്ഷിയും. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയല്ല ബി ജെ പി ആധികാരത്തിൽ വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺ ഗ്രസിനേക്കാൾ 0.13 ശതമാനം വോട്ടു നേടിയെങ്കിലും 5 സീറ്റ് കുറവാണ് ബി ജെ പിക്ക് ലഭിച്ചത്. അതിനാൽ കോൺഗ്രസ് കമൽ നാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ 2020 ൽ രാഹുൽ ഗാന്ധി ബ്രിഗേഡിൽപെട്ട ജ്യോതിരാദിത്യ സിന്ധ്യ യുടെ നേതൃത്വത്തിൽ 22 കോൺഗ്രസ് എം എൽ എ മാർ കൂറുമാറി ബി ജെ പിയിൽ എത്തിയതോടെ മാമാജി എന്നു വിളിക്കപ്പെടുന്ന ബി ജെ പി നേതാവ് ശിവരാജ് സിങ്ങ് ചൗഹാൻ മുഖ്യമന്ത്രിയായി. എന്നാൽ 18 വർഷമായി മുഖ്യമന്ത്രിയായി തുടരുന്നതിനാൽ അദ്ദേഹത്തിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. അതിനാൽ ഏഴോളം ലോകസഭാംഗങ്ങളെയും ബി ജെ പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജയവർഗീയയെയും നിയമസഭയിലേക്ക് മത്സരിപ്പിക്കുകയാണ് ബി ജെ പി. ഇതുകൊണ്ടൊന്നും രക്ഷപ്പെടാൻ കഴിയുമെന്ന് നേതൃത്വം വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയും ഭരണവും മാറണമെന്ന വികാരം മധ്യപ്രദേശിൽ ശക്തമാണ്. അത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് അവർ വെച്ചുപുലർത്തുന്നത്. എന്നാൽ കമൽ നാഥിന്റെ മൃദുഹിന്ദുത്വ സമീപനം ന്യൂനപക്ഷങ്ങളിൽ അസംതൃപ്തി പടർത്തുന്നുണ്ട്. സ്ത്രീകൾക്ക് മാസം തോറും 1500 രൂപ, 500 രൂപക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങി ജനപ്രിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഇതിനെയെല്ലാം മറികടക്കാനാവുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്.

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസാണ് ഭരണത്തിലുള്ളത്. ഇതിൽ ഛത്തീസ്ഗഢിൽ കോൺഗ്രസിനാണ് മുൻതൂക്കം എന്നാണ് ചില മാധ്യമസർവേകൾ സൂചിപ്പിക്കുന്നത്. ഛത്തീസ്ഗഢിൽ നേതൃക്ഷാമമാണ് ബി ജെ പിയെ അലട്ടുന്നത്. മുൻ മുഖ്യമന്ത്രി രമൺസിങ്ങിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ നിന്നും ഇതു മനസ്സിലാക്കാം. കോൺഗ്രസാകട്ടെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും അദ്ദേഹത്തിന്റെ എതിരാളിയും ഉപ മുഖ്യമന്ത്രിയുമായ ടി.എസ്.സിങ്ങ് ദേവിനും സീറ്റ് നൽകിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയടക്കം കോൺഗ്രസിന് സാധ്യതയില്ലാത്ത സംസ്ഥാനമായാണ് രാജസ്ഥാനെ വിലയിരുത്തുന്നത്. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റും തമ്മിലുള്ള ഗ്രൂപ്പ് പോരുമാണ് കോൺഗ്രസിനെ തളർത്തുന്നത്. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും അതിനോട് കോൺഗ്രസ് പുലർത്തുന്ന നിസംഗ സമീപനവും ചർച്ചയാണ്. എന്നാൽ ബി ജെ പി ക്യാമ്പിലെ പോരാണ് കോൺഗ്രസിന് ആശ്വാസമേകുന്ന ഘടകം. സംസ്ഥാനത്തെ ബി ജെ പി യുടെ മുഖമായ വസുന്ധര രാജെ സിന്ധ്യയെ തഴയാനുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ തീരുമാനം പാർട്ടിയിൽ ചേരിപ്പോര് രൂക്ഷമാക്കിയിട്ടുണ്ട്. ഇതെഴുതുന്നതു വരെയും വസുന്ധരക്ക് സീറ്റ് നൽകാൻ ബി.ജെ പി നേതൃത്വം തയ്യാറായിട്ടില്ല. മാത്രമല്ല വസുന്ധരയുടെ കൂടെനിൽക്കുന്ന പലർക്കും സീറ്റ് നിഷേധിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി അർജുൻ റാം മെഘ്-വാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുൻസ്പീക്കർ കൈലാഷ് മെഘ്-വാളിനെ പുറത്താക്കാനുള്ള നീക്കത്തിലാണ് ബിജെപി. വസുന്ധരക്ക് പകരം ജയ്-പൂർ രാജവംശത്തിലെ ദിയാകുമാരിയെ ഇറക്കി ഒരു കൈ നോക്കാനാണ് മോദി -– ഷാ കൂട്ടുകെട്ട് നോക്കുന്നത്. എന്നാൽ മുഗളന്മാരെ സഹായിച്ച രാജകുടുംബമാണ് ജയ്-പൂരിലേത് എന്നു പറഞ്ഞ് തിരിച്ചടിക്കാനാണ് വസുന്ധരപക്ഷം ശ്രമിക്കുന്നത്. വസുന്ധരക്ക് സീറ്റ് നൽകാത്ത പക്ഷം ബി ജെ പി യിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് നിരീക്ഷക പക്ഷം. ഏതായാലും രാജസ്ഥാനിൽ ഇക്കുറി പോരാട്ടം കനക്കും.

തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്രസമിതിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോര്. നേരത്തേ ബി ജെ പി പ്രധാന പ്രതിപക്ഷമാകുമെന്ന അവകാശവാദങ്ങൾ ഉയർന്നെങ്കിലും അവർ ബഹുദൂരം പിന്നോട്ടുപോയി. നേതൃക്ഷാമമാണ് കോൺഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നം. മിസോറാമിൽ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് വീണ്ടും ആധികാരത്തിൽ വരുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സൊറം താംഗയുടെ നേതൃത്വത്തിലുള്ള എം എൻ എഫും സൊറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ് പ്രധാനമത്സരം. എൻ ഡി എ യുടെ ഘടക കക്ഷിയാണ് എം.എൻ .എഫ്. എന്നാൽ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കിയാൽ മുന്നണി വിടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മ്യാൻമറിൽ നിന്നും എത്തിയ ചിൻ ഗോത്രക്കാരുടെ ബയോമെട്രിക്ക് ഡാറ്റ ശേഖരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിക്കാനും മുഖ്യമന്ത്രി തയാറായില്ല. മാത്രമല്ല മണിപ്പൂരിൽ നിന്നുള്ള കുക്കി ഗോത്ര ജനതക്ക് അഭയം നൽകാനും മിസോറാം സർക്കാർ തയ്യാറായി. കഴിഞ്ഞ തിരഞ്ഞടുപ്പിൽ 4 സീറ്റും 29 ശതമാനം വോട്ടും ലഭിച്ച കോൺഗ്രസ് മറ്റ് ചില സംഘടനകളുമായി ചേർന്ന് മുന്നണിയായാണ് മത്സരിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular