Monday, October 14, 2024

ad

Homeനിരീക്ഷണം"തട്ടത്തിൽ മറയത്തെ’ ലീഗ്‌ മോഹവും ചീറ്റി

“തട്ടത്തിൽ മറയത്തെ’ ലീഗ്‌ മോഹവും ചീറ്റി

റഷീദ്‌ ആനപ്പുറം

നങ്ങളിൽനിന്ന്‌ ഒറ്റപ്പെടുമ്പോൾ മതത്തെ സമർത്ഥമായി ഉപയോഗിക്കുകയെന്നത്‌ വർഗീയ പാർട്ടികളുടെ പൊതുസ്വഭാവമാണ്‌. ബിജെപിയായാലും മുസ്ലിംലീഗായാലും അതിൽ വ്യത്യാസമില്ല. ഉപയോഗിക്കുന്ന രീതിക്കും വഴികൾക്കും വിഷയത്തിനും വ്യത്യാസമുണ്ടാകുമെന്ന്‌ മാത്രം. കേരളത്തിൽ ഇപ്പോൾ ‘തട്ടത്തിൻ മറയത്ത്‌’ മുസ്ലിംലീഗ്‌ നടത്തുന്ന ഉണ്ടയില്ലാവെടികൾ അത്തരത്തിലൊന്നാണ്. ലക്ഷ്യമില്ലാതെ ഉതിർക്കുന്ന ആ വെടിയിൽ ലീഗിന്‌ ലക്ഷ്യം ഒന്നിലേറെയാണ്‌. നഷ്‌ടപ്പെട്ട രാഷ്‌ട്രീയ അസ്‌തിത്വം തിരികെ പിടിക്കണം. ലീഗിന്റെ ബി ടീമായി പ്രവർത്തിക്കാൻ തയ്യാറാകാത്ത സമസ്‌ത ഇ കെ വിഭാഗത്തെ വരുതിയിലാക്കണം, സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരുമായി നേരിട്ട്‌ സംസാരിക്കുന്ന സമസ്‌തയുടെ സ്വാധീനം തകർക്കണം എന്നതൊക്കെയാണ്‌ ലീഗ്‌ ലക്ഷ്യം. എന്നാൽ എല്ലാ അസ്‌ത്രങ്ങളും ബൂമറങ്ങായി ലീഗിനുനേരെ തിരികെ പതിക്കുകയാണ്‌.

മുസ്ലിംലീഗ്‌ മതേതര സംഘടന എന്നാണ്‌ പുറത്തേക്ക്‌ പറയുക. അതിനായി ചില ഗിമ്മിക്കുകൾ അവർ കാണിക്കും. എന്നാൽ എത്ര ഒളിച്ചുവെച്ചാലും പലപ്പോഴും തങ്ങളുടെ വർഗീയ രൂപം ലീഗ്‌ പുറത്തെടുത്തിട്ടുണ്ട്‌. പ്രതിസന്ധികൾ നേരിടുന്ന എല്ലാ ഘട്ടങ്ങളിലും ഇത്‌ കാണാം. സമുദായം അപകടത്തിൽ എന്ന്‌ പറഞ്ഞ് അണികളെ വൈകാരികമായി ഇളക്കി വിടും. പാഠ്യപദ്ധതി പരിഷ്‌കരണം, സ്‌കൂൾ സമയമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ ലീഗ്‌ സ്വീകരിച്ച വഴി അതായിരുന്നു. ദൈവ നിഷേധം പഠിപ്പിക്കുന്നു, മദ്രസാ പഠനം തകർക്കുന്നു തുടങ്ങിയ കള്ളം പറഞ്ഞ്‌ വിശ്വാസികളിൽ വിഷം കുത്തിനിറച്ച്‌ വൈകാരികത ഉയർത്തി ഒരു അധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്ക്‌ കാര്യങ്ങൾ എത്തിച്ചു. അറബി പുസ്‌തകങ്ങൾ അടക്കം മലപ്പുറം ഡിഡിഇ ഓഫീസ്‌ വളപ്പിൽ കത്തിച്ചു. എന്നാൽ ആ കള്ളം കാര്യമായി ക്ലച്ച്‌ പിടിച്ചില്ല. എട്ടുനിലയിൽ പൊട്ടി. ഇപ്പോഴിതാ സിപിഐഎം നേതാവ്‌ അഡ്വ. കെ അനിൽകുമാറിന്റെ ഒരു പ്രസ്‌താവന മറയാക്കി വീണ്ടും ലീഗ്‌ വർഗീയ കാർഡിറക്കി വിശ്വാസികളിൽ വൈകാരികത ഉണർത്താൻ ശ്രമിക്കുന്നു.

മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ വളരെ പോസിറ്റീവായി പരാമർശിച്ച പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്താണ്‌ ലീഗിന്റെ ട്രിപ്പീസ്‌കളി. ഈ പരാമർശം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി നിലപാടല്ല അതെന്നും വ്യക്തമാക്കി. എം വി ഗോവിന്ദൻ പറഞ്ഞ നിലപാടിനൊപ്പം എന്ന്‌ അനിൽകുമാറും അർത്ഥശങ്കയ്-ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഇതോടെ അവസാനിക്കേണ്ട വിഷയം എന്തുകൊണ്ടാണ്‌ ലീഗ്‌ ആഘോഷിക്കുന്നത്‌? കർണാടകത്തിലെ ഹിജാബ്‌ വിലക്കുമായി താരതമ്യം ചെയ്യുന്നത്‌ എന്തിനാണ്‌? ഇവിടെയാണ്‌ ലീഗ്‌ എന്ന രാഷ്‌ട്രീയ പാർട്ടിയുടെ കുടില തന്ത്രം തിരിച്ചറിയേണ്ടത്‌.

മുസ്ലിംലീഗ്‌ മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്‌. തങ്ങളുടെ ‘മക്ക’യായ മലപ്പുറത്തുപോലും വലിയ പ്രതിസന്ധിയാണ്‌ ലീഗ്‌ നേരിടുന്നത്‌. സമുദായത്തിൽനിന്ന്‌ ഒറ്റപ്പെടുന്നതുമാത്രമല്ല, പാർട്ടികത്ത്‌ മറുചേരി രൂപപ്പെടുന്നു. നേതൃത്വത്തെ ചോദ്യം ചെയ്‌ത കെ എസ്‌ ഹംസയെ പോലുള്ള നേതാക്കളെ നടപടിക്ക്‌ വിധേയരാക്കിയെങ്കിലും റിബൽ ഇപ്പോഴും ശക്തമാണ്‌. മുമ്പ്‌ പാണക്കാട്‌ തങ്ങൾമാരുടെ വാക്കിന്‌ സംഘടനയിൽ മറുവാക്കില്ലായിരുന്നു. എന്നാൽ ഇന്ന്‌ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ വാക്കിന്‌ എതിർവാക്കുയരുന്നു. കെ എം ഷാജിയെ പോലുള്ള നേതാക്കളെ അദ്ദേഹത്തിന് നിയന്ത്രിക്കാനാകുന്നില്ല. ലോക്–സഭാ തിരഞ്ഞെടുപ്പിൽ നില പരുങ്ങലിലാകുമെന്ന ഭയവും ലീഗിനുണ്ട്‌. കണ്ണൂർ നേതാക്കളുടെ സ്വർണ തട്ടിപ്പുപോലുള്ള ആശാസ്യകരമല്ലാത്ത കാര്യങ്ങൾ ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ആശയപരമായ പ്രതിസന്ധിയും ലീഗിനെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ഇങ്ങനെ പലവിധത്തിൽ പ്രതിസന്ധിയിൽ ഉഴലുന്നതിനിടെയാണ്‌ ലീഗിന്‌ ‘തട്ടം’ കിട്ടിയത്‌. അതിൽ പിടിച്ചു കയറാനായി ലീഗ്‌ ശ്രമം. പഴയ ശരിഅത്ത്‌ വിവാദം പോലെ ഒന്നാണ്‌ ലീഗ്‌ സ്വപ്‌നം കണ്ടത്‌. എന്നാൽ ലീഗിന്റെ ചൂണ്ടയിൽ കൊത്താൻ സമുദായ സംഘടനകൾ തയ്യാറായിട്ടില്ല. 23 മുസ്ലിം മതസംഘടനകളുടെ പ്ലാറ്റ്‌ ഫോമിൽ ഒന്നോ രണ്ടോ സംഘടനകൾ മാത്രമാണ്‌ തട്ടം വിഷയത്തിൽ അഭിപ്രായം പറഞ്ഞത്‌. പാർട്ടി നിലപാട്‌ വ്യക്തിമാക്കിയതോടെ ആ സംഘടനകളും പിൻമാറി. എന്നിട്ടും ലീഗ്‌ വിഷയം വിട്ടില്ല. മത ന്യൂനപക്ഷങ്ങൾ രാജ്യത്ത്‌ നേരിടുന്ന വെല്ലുവിളികളിൽ സിപിഐ എം സ്വീകരിക്കുന്ന നിലപാട്‌ ശരിയായി മനസ്സിലാക്കിയ അണികളും ലീഗിന്റെ പുതിയ നീക്കത്തെ സംശയത്തോടെയാണ്‌ നോക്കിക്കാണുന്നത്‌.

സമസ്‌തക്കെതിരെ
മുസ്ലിംലീഗിന്റെ പ്രധാന ശക്തിയാണ്‌ സമസ്‌ത ഇകെ വിഭാഗം. ലീഗിന്റെ നട്ടെല്ല്‌ എന്ന്‌ വേണമെങ്കിൽ പറയാം. എല്ലാ വിഭാഗം മുസ്ലിങ്ങളും ലീഗിലുണ്ടെങ്കിലും സമസ്‌തയും ലീഗും തമ്മിലുള്ള ബന്ധം ഗാഢമായിരുന്നു. പാണക്കാട്‌ കുടുംബത്തിന്‌ എക്കാലവും സമസ്‌തയുടെ നേതൃത്വത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. അതിനാൽ സമസ്‌തയുടെ മുതിർന്ന ഭാരവാഹികളും പണ്ഡിത സഭയും ലീഗുമായി നല്ല അടുപ്പത്തിലായിരുന്നു. വരക്കൽ മുല്ലക്കോയ തങ്ങൾ, ഇ കെ അബുബക്കർ മുസ്ലിയാർ, ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ മുതൽ നിലവിലെ പ്രസിഡണ്ട്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ വരെ ഈ പാതയാണ്‌ പിന്തുടരുന്നത്‌. നിലവിലെ ലീഗ്‌ പ്രസിഡന്റ് സാദിഖലി തങ്ങളും സമസ്‌തയുടെ നേതൃത്വത്തിലുണ്ട്‌. എന്നാൽ നിലവിലെ നേതൃത്വത്തിന്‌ ചെറിയൊരു വ്യത്യാസമുണ്ട്‌. ലീഗിന്റെ പിൻസീറ്റ്‌ ഡ്രൈവിംഗ്‌ സമസ്‌ത അംഗീകരിക്കുന്നില്ല. സർക്കാരിലേക്കുള്ള പാലമായി ലീഗിനെ കാണുന്നുമില്ല. പകരം സ്വന്തം പാതവെട്ടിയിരിക്കുകയാണ്‌ ജിഫ്രി തങ്ങൾ. ഇത്‌ വലിയ ആഘാതമായി ലീഗിന്‌. തങ്ങൾ വഴി മാത്രമേ ഏത്‌ കാര്യവും സർക്കാരുമായി ബന്ധപ്പെട്ട്‌ നിർവഹിക്കാവു എന്ന ലീഗിന്റെ വിരട്ടലിന്‌ ജിഫ്രി തങ്ങൾ ഒരു വിലയും കൽപിച്ചിട്ടില്ല. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്തുതന്നെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്‌തയുടെ നേതാക്കൾ നല്ല ബന്ധം സ്ഥാപിച്ചു. ജിഫ്രി തങ്ങൾ സമസ്‌തയുടെ പ്രസിഡന്റായതോടെ ലീഗിന്റെ ഇടനില ഒഴിവാക്കി സർക്കാരുമായി നേരിട്ട്‌ സംവദിച്ചു. വഖഫ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതുമായി ബന്ധപ്പെട്ട്‌ സമസ്‌തയുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ജിഫ്രി തങ്ങളും മുഖ്യമന്ത്രിയും സംസാരിച്ചു. ഇതുവഴി സർക്കാരുമായി നല്ലൊരു ബന്ധം സമസ്‌തയ്-ക്കുണ്ടായി. ഈ ബന്ധം രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ഊഷ്‌മളമായി, ദൃഢമായി തുടരുന്നു.

സമസ്‌തയ്-ക്ക്‌ രാഷ്‌ട്രീയമില്ലെങ്കിലും അണികൾ കൂടുതലും ലീഗ്‌ പ്രവർത്തകരാണ്‌. ലീഗ്‌ അണികളിൽ 80 ശതമാനവും സുന്നികൾ ആണ്‌. അതിനാൽ ലീഗിന്‌ അലോസരമുണ്ടാക്കുന്ന ഒരു നിലപാടും സമസ്‌ത ഒരുകാലത്തും സ്വീകരിച്ചിരുന്നില്ല. അതിന്റെ ആവശ്യവും വന്നിട്ടില്ല. തിരിച്ച്‌ ലീഗും. എന്നാൽ ഇന്ന്‌ ആ സാഹചര്യം മാറി. ലീഗിന്റെ പല നടപടികളും സമസ്‌തയുടെ നിലപാടുമായി യോജിച്ചുപോകുന്നതല്ല. മാത്രമല്ല, യുഡിഎഫ്‌ ഭരിക്കുമ്പോൾ മാത്രമാണ്‌ തങ്ങൾക്ക്‌ അർഹമായ അംഗീകാരം ലഭിക്കുക എന്ന വിചാരവും തിരുത്തപ്പെട്ടു. ഇത്‌ ലീഗിന്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഒരവസരത്തിന്‌ കാത്തിരുന്ന അവർ തട്ടം മറവിൽ സമസ്‌ത–-സർക്കാർ ബന്ധം പൊളിക്കാൻ ഗൂഢ നീക്കം നടത്തി. അതിന്റെ ഭാഗമായാണ്‌ ജിഫ്രി തങ്ങളെ പരിഹസിച്ചുള്ള ലീഗ്‌ ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്‌താവന. മുഖ്യമന്ത്രിയുടെ ഒരു ഫോൺകാൾ വന്നാൽ എല്ലാം ആയി എന്നായിരുന്നു പരിഹാസം. വഖഫ്‌ ബോർഡ്‌ നിയമന വിഷയത്തിൽ ജിഫ്രി തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഫോണിൽ സംസാരിച്ചിരുന്നു. ഇതിനെയാണ്‌ സലാം പരിഹസിച്ചത്‌. ഇതിനു പിന്നാലെ കമ്യൂണിസ്‌റ്റുകളെ രക്ഷിക്കാൻ ഒരു വിഭാഗം ഇറങ്ങിയിരിക്കുന്നുവെന്നും നക്കാപിച്ച കിട്ടുമെന്ന്‌ കരുതിയാണിതെന്നും വീണ്ടും സലാം സുന്നി നേതാക്കളെ പരിഹസിച്ചു. അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഒരു ചാനലിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇവ ആവർത്തിച്ചു.

ഇത്‌ സമസ്‌തയെ പ്രകോപിപ്പിച്ചു. തങ്ങളുടെ മഹാനായ നേതാവിനെ അപമാനിച്ച സലാമിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്‌ സമസ്‌ത നേതാക്കൾ രംഗത്തുവന്നു. കോഴിക്കോട്‌ യോഗം ചേർന്ന സമസ്‌ത പണ്ഡിത സഭയും ഈ ആവശ്യം ഉന്നിയിച്ചയോടെ ലീഗ്‌ ശരിക്കും കുടുങ്ങി. സമസ്‌തയെ തള്ളിപ്പറയാൻ ലീഗിനാകില്ല. ഉന്നത നേതാക്കളുടെ അറിവോടെ കളത്തിലിറങ്ങിയ പിഎംഎ സലാമിനെ തള്ളിപ്പറയാനും കഴിയില്ല. ഈ പ്രതിസന്ധിയിലാണ്‌ ലീഗ്‌.

ഉന്നം സിപിഐ എം
എന്തുകൊണ്ടാണ്‌ എല്ലാ മുസ്ലിം സംഘടനകളും കാര്യമായി ഏറ്റെടുക്കാത്ത തട്ടം വിഷയം ലീഗ്‌ വലിയ പ്രശ്‌നമാക്കിയത്‌? ഇതിന്‌ ഉത്തരം തേടി വല്ലാണ്ട്‌ അലയേണ്ട. സിപിഐഎമ്മിന്‌ ന്യൂനപക്ഷങ്ങൾക്കിടയിലും സംഘടനകൾക്കുമിടയിലുമുള്ള സ്വീകാര്യത തന്നെയാണ്‌ കാരണം. തങ്ങളുടെ കാര്യം നോക്കുന്ന ഏക പാർട്ടിയെന്ന ലീഗിന്റെ വിശ്വാസ്യത സമുദായത്തിനകത്ത്‌ തകർന്നിട്ട്‌ കാലമേറെയായി. പുതിയ തലമുറയിൽ ഈ മാറ്റം പ്രകടമാണ്‌. അതിനിടെയാണ്‌ സിപിഐ എമ്മിനുള്ള വിശ്വാസ്യത. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ്‌ നിയമം, ഏക സിവിൽകോഡ്‌ തുടങ്ങിയവയിൽ സിപിഐഎം കേന്ദ്ര സർക്കാരിനെതിരെ അചഞ്ചലമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ സർക്കാരും സിപിഐഎമ്മും സ്വീകരിച്ച നിലപാടുമായി സമസ്‌തയുടെ ഇരുവിഭാഗവും ചേർന്നു നിന്നു. ഏക സിവിൽകോഡിനെതിരെ പാർട്ടി സംഘടിപ്പിച്ച സെമിനാർ ലീഗ്‌ ബഹിഷ്‌കരിച്ചപ്പോൾ സമസ്‌ത ഇ കെ വിഭാഗം പങ്കെടുത്തു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ സംഘടനകൾക്കും തുല്യ പ്രാധാന്യമാണ്‌ സർക്കാർ നൽകിയത്‌. ആരുടെയും ഇടനിലയില്ലാതെ സർക്കാരിനെ സമീപിക്കാമെന്ന നിലപാട്‌ വന്നതോടെ പിടി അഴിഞ്ഞത്‌ ലീഗിന്റേതാണ്‌. വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടത്‌ സമസ്‌ത അടക്കമുള്ള സംഘടകളുടെ അഭിപ്രായം മാനിച്ച്‌ സർക്കാർ ഒഴിവാക്കി. ഇതൊക്കെ വലിയ തോതിലാണ്‌ ലീഗിനെ വെട്ടിലാക്കിയത്‌. ഇതോടെയാണ്‌ സമസ്‌തയേയും സർക്കാരിനെയും തെറ്റിക്കാനുള്ള അവസരത്തിനായി ലീഗ്‌ കാത്തിരുന്നത്‌. അങ്ങനെ യിരിക്കെയാണ്‌ തട്ടം വിഷയം കിട്ടിയത്‌. പക്ഷേ ആ മോഹവും തകർന്നടിയുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 3 =

Most Popular