Friday, May 17, 2024

ad

HomeUncategorisedക്രിക്കറ്റ് ആരവങ്ങളുമായി ലോകം ഇനി ഇന്ത്യയോടൊപ്പം

ക്രിക്കറ്റ് ആരവങ്ങളുമായി ലോകം ഇനി ഇന്ത്യയോടൊപ്പം

ഡോ.പി ടി അജീഷ്

ലോക ക്രിക്കറ്റിന്റെ ആവേശവും ആരവും ഇനി ഇന്ത്യൻ മണ്ണിനെ പ്രകമ്പനം കൊള്ളിക്കും. ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാം എഡിഷൻ ആരംഭിച്ചത്.2023 ഒക്ടോബർ 5 ന് ആരംഭിച്ച് നവംബർ 19 വരെ നീണ്ടുനിൽക്കുന്ന ഏകദേശം ഒന്നര മാസത്തെ കായിക ആവേശത്തിനാണ് ലോകം സാക്ഷിയാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചുകൊണ്ട് ന്യൂസിലൻഡ് ആദ്യ വിജയം സ്വന്തമാക്കി.ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയുണ്ടായി. ഏകദിന റാങ്കിംഗ് ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഉൾപ്പെടെ കരുത്തരായ പത്ത് രാജ്യങ്ങളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാക്കിസ്താൻ, ദക്ഷിണാഫ്രിക്ക,ശ്രീലങ്ക, നെതർലാൻഡ്,ഇംഗ്ലണ്ട് തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ റൗണ്ട് റോബിനും നോക്കൗട്ടും രീതികളിലാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ആകെ 48 കളികളാണ് ഉണ്ടാവുക. പരസ്പരം എല്ലാ ടീമുകളും ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം.ആദ്യ രണ്ട് ലോകകപ്പുകൾ നേടിയ പ്രതാപശാലികളായ വെസ്റ്റിൻഡീസ് യോഗ്യത നേടിയിട്ടില്ല എന്നുള്ളതാണ് ഈ ലോകകപ്പിലെ പ്രധാന നഷ്ടം. 2011നു ശേഷം ആദ്യമായി സ്കോട്ട്‌ലൻഡിനെ പിന്തള്ളി ടൂർണമെന്റിലേക്കുള്ള ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തിയ നെതർലൻഡ്‌സ് യോഗ്യതാപ്പട്ടികയിൽ അവസാന സ്ഥാനം ഉറപ്പിച്ചത് മറ്റൊരു കൗതുകമായി. ഇതുവരെ 12 തവണ നടന്ന ലോകകപ്പുകളിൽ അഞ്ചെണ്ണം ഓസ്ട്രേലിയയാണ് നേടിയത്.ഇന്ത്യ, വെസ്റ്റിൻഡീസ് എന്നിവർ രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്.പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവർ ഓരോ തവണ വീതവും ലോകകപ്പിൽ മുത്തമിട്ടിട്ടുണ്ട്.1987,1996 2011 ലോകകപ്പുകളിൽ മറ്റു രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഇന്ത്യ സംഘാടകരുടെ കർത്തവ്യം നിർവഹിച്ചത്. എന്നാൽ ഇത്തവണ ഇന്ത്യയിൽ തന്നെ 10 നഗരങ്ങളിലെ 10 വ്യത്യസ്ത സ്റ്റേഡിയങ്ങളിൽ വച്ച് ടൂർണമെന്റ് നടക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.സെമിഫൈനലുകൾ യഥാക്രമം മുംബൈയിലും കൊൽക്കത്തയിലും നടക്കുമ്പോൾ ഫൈനൽ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലാകും നടക്കുക.പുതിയ നിയമപ്രകാരം നിശ്ചിത സമയത്ത് 50 ഓവർ പൂർത്തിയാക്കിയില്ല എങ്കിൽ ബൗളിംഗ് ടീമുകൾക്ക് സ്ലോ ഓവർ റേറ്റിംഗ് പെനാൽറ്റി നൽകും .30 യാർഡ് സർക്കിളിന് പുറത്ത് നാലിൽ കൂടുതൽ ഫീൽഡർമാരെ അനുവദിക്കാതെ വന്നാൽ ഓൺ ഫീൽഡ് അമ്പയർമാർക്ക് ബൗളിംഗ് ടീമിന് പിഴ ചുമത്താനും കഴിയും. ഏകദിന ക്രിക്കറ്റ് മത്സരങ്ങളുടെ പ്രചാരം വർദ്ധിച്ചതോടുകൂടി ലോകകപ്പ് എന്ന കായികമാമാങ്കത്തിന്റെ പ്രചാരവും മാധ്യമ ശ്രദ്ധയും പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. 2003-ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് ആദ്യമായി ഒരു ഭാഗ്യചിഹ്നം ഉപയോഗിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ രീതിയിൽ തയ്യാറാക്കപ്പെട്ട ബ്ലേസ്,ടോങ്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാഗ്യചിഹ്നങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർ വോട്ടിങ്ങിൽ പങ്കെടുത്തുകൊണ്ടാണ് 2023 ലെ ക്രിക്കറ്റ് ലോകകപ്പിനുവേണ്ടി തെരഞ്ഞെടുത്തത്.

ശ്രദ്ധിക്കപ്പെട്ട കളിമികവുകൾ
ലോകകപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു മത്സരമായിരുന്നു ഇന്ത്യ,പാകിസ്ഥാൻ മത്സരം.ഏകദിന ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയും പാക്കിസ്ഥാനും എട്ടു മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും മുഴുവൻ കളികളിലും ഇന്ത്യയാണ് വിജയിച്ചിട്ടുള്ളത്.1992 ലെ ലോകകപ്പ് മുതൽ തുടർച്ചയായി ഈ പതിവ് ആവർത്തിച്ചുവരികയാണ്. ഇത്തവണ നടന്ന ആവേശപ്പോരാട്ടത്തിലും ബൗളർമാരുടെ മികവിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ദുർബലരായ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചതിനും ഈ ലോകകപ്പ് വേദിയായി.

ഇന്ത്യയുടെ ചരിത്ര നേട്ടങ്ങൾ
1983 ൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം കിരീടനേട്ടം പ്രതീക്ഷിച്ചുവന്ന വെസ്റ്റിൻഡീസിന് അപ്രതീക്ഷിത അട്ടിമറി നൽകിയാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.വിൻഡീസിനെ ഫൈനലിൽ 43 റൺസിന് പരാജയപ്പെടുത്തിയ കപിൽദേവും സംഘവും ചരിത്ര വിജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. തുടർന്ന് 28 വർഷങ്ങൾക്ക് ശേഷം 2011 ൽ ഇന്ത്യയിൽ വച്ചു നടന്ന ആവേശകരമായ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മഹേന്ദ്ര സിംഗ് ധോണി നേതൃത്വം നൽകിയ ടീം രണ്ടാം തവണ ഏകദിന ക്രിക്കറ്റിലെ അതികായന്മാരായി മാറിയത്.

സുസജ്ജമാണ് ടീം ഇന്ത്യ
ഏഷ്യാകപ്പിലെയും ഏഷ്യൻ ഗെയിംസിലെയും കിരീടനേട്ടങ്ങൾ ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകിയിട്ടുള്ള കാര്യങ്ങളാണ്.ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ പരിശീലിക്കുന്ന ടീം വളരെ സുശക്തമാണ്.പരിക്കിൽ നിന്നും മുക്തരായ കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ,ശ്രേയസ് അയ്യർ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് കരുത്തുപകരുന്നു.ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവർ മികച്ച ഫോമിൽ ആണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും മികവ് പകരുമ്പോൾ കുൽദീപ് യാദവ്, ആർ. അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവർ ഉൾപ്പെടുന്ന ബൗളിംഗ് വിഭാഗത്തിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. 2011 ൽ ഇന്ത്യയിൽ വച്ച് നടന്ന ലോകകപ്പ് മത്സരത്തിലെ കിരീടനേട്ടത്തിന് ശേഷം ആരാധക പിന്തുണയെന്ന സമാന സാഹചര്യം ഇപ്പോൾ നിലനിൽക്കെ 2023 ൽ സ്വന്തം മണ്ണിൽ വിശ്വകിരീട നേട്ടമെന്ന സ്വപ്നമാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്.

ബ്രാൻഡ് അംബാസിഡറായി 
സച്ചിൻ ടെണ്ടുൽക്കർ
ക്രിക്കറ്റ് ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കറിനെ ലോകകപ്പ് ക്രിക്കറ്റിന്റെ അന്താരാഷ്ട്ര അംബാസിഡറായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു.സച്ചിന്റെ നേതൃത്വത്തിലാണ് ലോകകപ്പ് ട്രോഫി വിളംബരം ചെയ്തത്.ആറു ലോകകപ്പുകളിൽ ഇന്ത്യയുടെ കുപ്പായമണിഞ്ഞ ആ സച്ചിൻ ടെണ്ടുൽക്കർ 2011 ൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1999 ലെ ലോകകപ്പ് ക്രിക്കറ്റ് സമയത്ത് പിതാവിന്റെ അകാല നിര്യാണത്തോടുകൂടി നാട്ടിലേക്ക് മടങ്ങുകയും ചടങ്ങുകൾക്ക് ശേഷം തിരികെ വന്ന് കെനിയക്കെതിരെ സെഞ്ച്വറി നേടുകയും ചെയ്ത ടെണ്ടുൽക്കറുടെ പ്രകടനം ആർക്കും വിസ്മരിക്കുവാൻ കഴിയില്ല. ആ സെഞ്ച്വറി തന്റെ അച്ഛന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്.

വിനോദത്തിൽ നിന്നും 
വികസിതമായ ചുവടുവെപ്പ്
മധ്യകാലഘട്ടത്തിൽ ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിനും സസെക്സിനും ഇടയിലുള്ള പുൽമേടുകളിൽ രൂപപ്പെട്ട ക്രിക്കറ്റ് ഇന്ന് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നു.അതിനാൽത്തന്നെയാണ് കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിന്റെ പ്രചാരം കൂടുതലായി ഉണ്ടായത് . ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാം കച്ചവടതന്ത്രമാക്കുന്ന പുതിയകാല വിപണിക്കും രാഷ്ട്രീയത്തിനും ക്രിക്കറ്റ് എന്നത് ധനവിനിയോഗത്തിനും വിഭവസമാഹരണത്തിനുമുള്ള ഒരു പ്രധാന മാർഗ്ഗമായിത്തീർന്നിരിക്കുകയാണ്. 1975 ജൂണിൽ ഇംഗ്ലണ്ടിലായിരുന്നു ആദ്യത്തെ ലോകകപ്പ് സംഘടിപ്പിച്ചത്.ഇന്ത്യ ഉൾപ്പെടെ 8 രാജ്യങ്ങളാണ് ആ ടൂർണമെന്റിൽ പങ്കെടുത്തത്.1979,1983 ലോക കപ്പുകളും ഇംഗ്ലണ്ട് തന്നെയാണ് സംഘടിപ്പിച്ചത്.ബ്രിട്ടീഷ് ഇൻഷുറൻസ് കമ്പനിയായ പ്രുഡ്യൻഷ്യൽ ആയിരുന്നു മുഖ്യ സ്പോൺസർ.അതുകൊണ്ടുതന്നെ ആ ലോകകപ്പുകൾ പ്രുഡ്യൻഷ്യൽ കപ്പ് എന്ന പേരിൽ അറിയപ്പെട്ടു.ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വഴിത്തിരിവായിരുന്നു 1983ലെ ലോകകപ്പ് കിരീടം നേട്ടം.1987 ൽ ഇന്ത്യയിലും പാകിസ്താനിലുമായി നടന്ന ലോകകപ്പാണ് ആദ്യമായി ഇംഗ്ലണ്ടിന് പുറത്ത് നടന്ന ടൂർണമെന്റ്.അതുവരെ 60 ഓവറുകളായി നടന്നിരുന്ന മത്സരങ്ങൾ 50 ഓവറായി ചുരുക്കിയതും 1987 മുതലാണ്.ക്രിക്കറ്റ് താരങ്ങളെല്ലാം വെള്ള ജേഴ്സിയിൽ കളിച്ചിരുന്നതിനുപകരമായി 1992 ലോകകപ്പ് മുതലാണ് വിവിധ നിറത്തിലുള്ള ജേഴ്സികൾ ഉപയോഗിക്കുവാൻ തുടങ്ങിയത് . ഈ മാറ്റം ക്രിക്കറ്റ് കൂടുതൽ ജനപ്രിയമാകുവാൻ സഹായിച്ചു. ഫീൽഡിങ്ങിലെ പുതിയ മാറ്റങ്ങൾ, മത്സരങ്ങൾ പകലും രാത്രിയുമായി നടത്തപ്പെടുന്ന രീതി(ഡേ ആന്റ് നൈറ്റ്) തുടങ്ങി നിരവധി പരിഷ്കാരങ്ങളും അക്കാലത്താണ് അവതരിപ്പിക്കപ്പെട്ടത്.

മങ്ങലേറ്റ തുടക്കം
പതിവ് ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിക്കൊണ്ടാണ് പതിമൂന്നാം പതിപ്പ് തുടങ്ങിയത്. ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ കാണികളുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഒരു ലക്ഷത്തിമുപ്പത്തിനാലായിരം പേർക്ക് ഇരിക്കാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ കേവലം 5000 ത്തോളം പേർ മാത്രമാണ് എത്തിച്ചേർന്നത്.ചരിത്രത്തിൽ ആദ്യമായാണ് ഇത്രയുമധികം കാണികളുടെ കുറവ് ഉണ്ടാകുന്നത്. ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യ-–ഓസ്ട്രേലിയ മത്സരത്തിൽ മത്സരം കാണാൻ സ്റ്റേഡിയം നിറയുന്ന നിലയിലുള്ള ആരാധകരുടെ ഒഴുക്കായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന വാശിയേറിയ മത്സരം കാണുവാൻ അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലേറെ കാണികൾ ഇരച്ചുകയറിയത് ബി.സി.സി.ഐക്ക് ആശ്വാസം പകർന്നു.

എല്ലാപേർക്കും സമ്മാനപ്പെരുമഴ
ലോകകപ്പ് വിജയിയാകുന്ന ടീമിന് നാല് മില്യൺ ഡോളർ ലഭിക്കും.രണ്ടാം സ്ഥാനം നേടുന്നവർക്ക് രണ്ട് മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.ഗ്രൂപ്പ് സ്റ്റേജ് കളികളിൽ വിജയിക്കുന്നവർക്ക് ഓരോ വിജയത്തിനും നാൽപതിനായിരം ഡോളർ ലഭിക്കും.2023 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിലെ ഡെർബറിൽ നടന്ന വാർഷിക കോൺഫറൻസിൽ ആണ് ഐ.സി.സി പുരുഷന്മാരുടെയും സ്ത്രീകളുടെയും മത്സരങ്ങൾക്ക് തുല്യ തുക പ്രഖ്യാപിച്ചത്.2025ൽ വരാനിരിക്കുന്ന ഐ.സി.സി വനിതാ ലോകകപ്പ് ക്രിക്കറ്റിലും സമാനമാതൃകയാണ് പിന്തുടരുന്നത്.

കളിമാന്യത കൈവിട്ട കാണികൾ
അഹമ്മദാബാദിൽ നടന്ന ഇന്ത്യ-–പാകിസ്ഥാൻ മത്സരത്തിനിടയിൽ കാണികളുടെ അമിതാവേശം ക്രിക്കറ്റിലെ കളിമാന്യതകൾക്ക് വിരുദ്ധമായ നിലയിലായിപ്പോയി.വർഗീയത വിളിച്ചോതുന്ന നിലയിലുള്ള ധാരാളം കമന്റുകൾ ഗ്യാലറിയിൽ നിന്നും മുഴങ്ങിക്കേട്ടു. ഓരോ കായികമത്സരത്തെ യും അതിന്റെ തീവ്രതയനുസരിച്ചുകൊണ്ട് സ്പോർട്സ് പേഴ്സൺഷിപ്പിന്റെ അന്തഃസത്ത പൂർണ്ണമായും ഉൾക്കൊള്ളുന്ന നിലയിലാകണം കാണികൾ പെരുമാറേണ്ടത്. കായിക വ്യവസായത്തിൽ കാണികൾക്കും നിർണായ പങ്കുണ്ടെങ്കിലും അവരുടെ പെരുമാറ്റം മൊത്തത്തിലുള്ള കായിക അനുഭവത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നു.കാണികൾ ഉൾപ്പെടെ കായിക മേഖലയുടെ ഭാഗമാകുന്നവർ പാലിക്കേണ്ടത് ധാർമികവും ജനാധിപത്യപരവും മാന്യവുമായ പെരുമാറ്റമാണ് രാജ്യത്തിന്റെ സ്പോർട്സ്-മാൻഷിപ്പിന്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ടത്.ഇന്ത്യയുടെ കായിക പാരമ്പര്യത്തിന് നീതീകരിക്കുവാൻ കഴിയാത്ത രംഗങ്ങളാണ് അഹമ്മദാബാദിൽ അരങ്ങേറിയത്.ജയപരാജയങ്ങളെ ഉൾക്കൊള്ളുവാനും കായിക മികവുകളെ പ്രോത്സാഹിപ്പിക്കുവാനും പിന്തുണയ്ക്കുവാനും, താരങ്ങളെയും ഒഫീഷ്യൽസുകളെയും ബഹുമാനിക്കുവാനും കഴിയുന്ന നിലയിലേക്ക് ഇന്ത്യയിലെ കായിക ആരാധകരുടെ നിലവാരം ഉയരേണ്ടതുണ്ട്.

വീണ്ടും ഒളിമ്പിക്സിലേക്ക്
ലോകകപ്പ് ആവേശം വാനോളം നിലനിൽക്കുമ്പോൾ വിശ്വ കായിക മാമാങ്കമായ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ മത്സരയിനമാക്കുവാൻ തീരുമാനിച്ചത് ശുഭപ്രതീക്ഷ പകരുന്നു.2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുവാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.1900 ൽ നടന്ന പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നതിനു ശേഷം ഇത് ആദ്യമായാണ് പരിഗണിക്കപ്പെടുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + fourteen =

Most Popular