Saturday, May 4, 2024

ad

Homeമുഖപ്രസംഗംപ്രതിപക്ഷത്തിന്റെ സമരാഭാസങ്ങൾ

പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങൾ

കേരളത്തിലെ പ്രതിപക്ഷം, വിശേഷിച്ച് അതിന്റെ നേതൃത്വം വഹിക്കുന്ന കോൺഗ്രസ്, വലിയ ഗതികേടിലാണ്. എൽഡിഎഫ് സർക്കാരിനെതിരായി ജനങ്ങളെ ആകർഷിക്കുന്നവിധം ഒരു പ്രശ്നമോ മുദ്രാവാക്യമോ പോലും ഉന്നയിക്കാൻ അതിനു കഴിയുന്നില്ല. ഭരണത്തിന്റെ എല്ലാ തലങ്ങളിലും, ഇന്ത്യയിലെ ഇന്നത്തെ പരിതഃസ്ഥിതിയിൽ ചെയ്യാൻ കഴിയുന്ന, ജനസേവനത്തിന്റെയും ജനക്ഷേമത്തിന്റെയും പരമാവധി എൽഡിഎഫ് സർക്കാർ ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, പാവപ്പെട്ടവരും അവശരും സാധാരണക്കാരുമായ ജനവിഭാഗങ്ങൾക്കായി മുമ്പ് യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുന്നിൽ ദിവസേന സമരങ്ങളായിരുന്നു. അത്രയേറെ കഷ്ടപ്പാടുകളും ദുരിതങ്ങളും ആ സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരുന്നു. എൽഡിഎഫ് സർക്കാർ ഏഴുവർഷം മുമ്പ് അധികാരമേറ്റശേഷം ആ ദുരിതങ്ങൾക്ക് പരിഹാരം, ഒരു പരിധിവരെയെങ്കിലും കണ്ടെത്തി. അതിനെ തുടർന്നാണ് വിവിധ ജനവിഭാഗങ്ങൾ സെക്രട്ടറിയറ്റ് കവാടത്തിൽ ദിവസേനയെന്നോണം പ്രക്ഷോഭസമരങ്ങൾ നടത്താൻ വരാതായത്.

ഇത് തലസ്ഥാനത്തെ സ്ഥിതി മാത്രമല്ല. വിവിധ ജില്ലകളിലും അധ്വാനിക്കുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും സമരങ്ങൾ ഇന്നുനന്നേ കുറവാണ്. അതിനർഥം ജനങ്ങൾ ഒരു പ്രശ്നവും നേരിടുന്നില്ല എന്നല്ല. മുതലാളിത്തവാഴ്ച നിലനിൽക്കുമ്പോൾ, ബിജെപിയുടെ മോദി സർക്കാർ ഒമ്പതുവർഷമായി അഖിലേന്ത്യാ തലത്തിൽ ഭരണം നടത്തുമ്പോൾ, പല തരത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും ജനങ്ങളുടെ മേൽ വന്നടിക്കും. നരേന്ദ്രമോദി ഭരിക്കുന്നത് 140 കോടി ഇന്ത്യക്കാർക്കുവേണ്ടിയല്ല, അദാനിയുടെ നേതൃത്വത്തിലുള്ള കുത്തകകൾക്കുവേണ്ടിയാണ്. അധ്വാനിച്ച് അരിഷ്ടിച്ച് ജീവിതം നയിക്കുന്ന തൊഴിലാളികളും കൃഷിക്കാരും മറ്റ് അധ്വാനിക്കുന്നവരും ഉൾപ്പെടുന്ന ജനസാമാന്യത്തിന്റെ മേൽ നികുതിഭാരം മുഴുവൻ അടിച്ചേൽപ്പിച്ച് അദാനിമാർക്കും അംബാനിമാർക്കും നികുതിയൊഴിവ് ഏർപ്പെടുത്തുകയാണ് കഴിഞ്ഞ 9 വർഷത്തിലേറെയായി മോദി സർക്കാർ ചെയ്തുവരുന്നത്.

അതിന്റെ നയസമീപനത്തെയും നടപടികളെയും എതിർക്കാൻ കോൺഗ്രസ്സും സഖ്യകക്ഷികളും മുതിരുന്നില്ല, കേരളത്തിൽ പോലും. കാരണം അവ പിന്തുടരുന്നത് തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിന്തുടരുന്ന നയങ്ങളാണ്. ബിജെപിയും കോൺഗ്രസ്സും പിന്തുടരുന്നതും നടപ്പാക്കുന്നതുമായ ആ നയങ്ങളെയാണ് സിപിഐ എമ്മും മറ്റ് ഇടതു–ജനാധിപത്യപാർട്ടികളും എതിർക്കുന്നത്. അവയ്ക്കു ബദലായി ജനക്ഷേമകരമായ നയങ്ങളും സമീപനവുമാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൽ മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. പട്ടിണിയും രോഗാതുരതയും തൊഴിലില്ലായ്മയും മറ്റ് സാമൂഹ്യദുരിതങ്ങളും ഇവിടെ കുറവായത്. അത്താഴപ്പട്ടിണിക്കാർ കേരളത്തിൽ ഉണ്ടാകരുത് എന്ന് ഉറപ്പാക്കുന്നതിന് ഉപകരിക്കുന്ന പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത് ദരിദ്രരോടുള്ള പക്ഷപാതം കൊണ്ടാണ്; മറ്റു ജനവിഭാഗങ്ങൾ ആ ദുർഗതിയിലേക്ക് പതിക്കാതിരിക്കുന്നതിനുവേണ്ടിയാണ്.

ആധുനിക കേരളത്തിൽ ഏറ്റവും ദരിദ്രനും പിന്നാക്ക വിഭാഗക്കാരനും ആഗ്രഹിക്കുന്നത് തന്റെ കുടുംബം പട്ടിണികിടക്കരുത് എന്നു മാത്രമല്ല, അവർ ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും നേടി കൂടുതൽ ഉയരാൻ സാധ്യതയുള്ളവരും ആകണമെന്നാണ്. അങ്ങനെ മോഹിച്ചാൽ മാത്രം അത് നടപ്പാവില്ല എന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കാനും ആഗ്രഹിക്കാനും ആ ലക്ഷ്യത്തോടെ പ്രവർത്തിക്കാനും അവരെ പ്രാപ്തരാക്കിയത് എൽഡിഎഫാണ്; അതിനു നേതൃത്വം നൽകുന്ന സിപിഐ എം ആണ്, പാർട്ടിയുടെ കാഴ്ചപ്പാടായ മാർക്സിസം– ലെനിനിസമാണ്.

ആ കാഴ്ചപ്പാടോടെ കേരളത്തിൽ ഇടതുപക്ഷം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ആറേഴ് പതിറ്റാണ്ടായി. അതിന്റെ ഫലമായാണ് പല സാമൂഹ്യമേഖലകളിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുൻപന്തിയിലായത്. കേരളത്തേക്കാൾ സമ്പന്നമാണ് പല സംസ്ഥാനങ്ങളും. വൻപണക്കാർ കേരളത്തേക്കാൾ അവിടങ്ങളിലാണ് കൂടുതൽ. പക്ഷേ, ജീവിതഗുണത സാമൂഹ്യാടിസ്ഥാനത്തിൽ കൂടുതലുള്ളത് അവിടങ്ങളില്ല; കേരളത്തിലാണ്. അതാണ്, സാമൂഹ്യസൂചികകൾ വച്ചുനോക്കിയാൽ കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാൾ മാത്രമല്ല, മറ്റു നിരവധി രാജ്യങ്ങളേക്കാൾ മുന്നിലാണ് എന്നു സാമൂഹ്യശാസ്ത്രജ്ഞന്മാർ വിധിയെഴുതാൻ കാരണം. ഇതുവരെ നേടിയതുകൊണ്ട് കേരളമോ കേരളീയരോ തൃപ്തിപ്പെട്ടു എന്നല്ല. അത്രയും നേട്ടം കേരളവും കേരളീയരും കെെവരിച്ചു എന്ന വസ്തുത എടുത്തുപറയുന്നു എന്നു മാത്രം.

ഇത് ഇവിടെ പറയാൻ കാരണമുണ്ട്. ഈ നിലയിലേക്ക് കേരളത്തെ ഉയർത്തിയ എൽഡിഎഫും കമ്യൂണിസ്റ്റ് പ്രസ്ഥാനവും സംസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തില്ല എന്നാണ് യുഡിഎഫും അതിന്റെ ഇപ്പോഴത്തെ നേതാവായ വി ഡി സതീശനും മറ്റും ആരോപിക്കുന്നത്. അവരുടെ ഗതികേട് മനസ്സിലാക്കാം. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴുവർഷത്തിനകം സംസ്ഥാനത്തിന്റെ ഭൗതികസൗകര്യങ്ങളിലും ജനജീവിത നിലവാരത്തിലും ഉണ്ടാക്കിയ വെെപുല്യവും ഉയർച്ചയും ഏത് സാമൂഹ്യപ്രവർത്തകനെയും സാമൂഹ്യശാസ്ത്രജ്ഞനെയും അത്ഭുതപ്പെടുത്തുന്നതാണ്. സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചത് ‘‘സ്വർണക്കച്ചവടക്കാരുമായും ബാറുടമകളുമായും സന്ധിയിലായ സർക്കാർ കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധനസെസും കൂട്ടി ജനങ്ങളെ പിഴിയുന്നു’’ എന്നാണ്. എന്നാൽ, ജനങ്ങൾ ഈ ‘‘പിഴിച്ചിൽ’’ശരിക്കും ആസ്വദിക്കുകയാണ് എന്നതാണ് പരമാർഥം. കാരണം ജനക്ഷേമ പദ്ധതികൾക്കുവേണ്ടിയാണ് അത് ചെലവഴിക്കുക എന്നു ജനത്തിനറിയാം. ഒരു ജനാധിപത്യസർക്കാരിന് വിഭവസമാഹരണത്തിനു ജനങ്ങളുടെ മേൽപലതരത്തിലുള്ള നികുതികളും സെസും മറ്റും ഏർപ്പെടുത്തേണ്ടിവരും. പക്ഷേ, കൂടുതൽ ഭാരം സമ്പന്നരുടെ മേലായിരിക്കും ചുമത്തുക. ഇല്ലാതെ വെറുതെ നോട്ടടിച്ച് ജനങ്ങളുടെ കയ്യിൽ പണം എത്തിക്കാനാവില്ലല്ലൊ ഒരു സംസ്ഥാന സർക്കാരിന്.

പിരിച്ച നികുതികളുടെയും സെസിന്റെയും പണം എന്തിന്, എങ്ങനെ ഉപയോഗിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സർക്കാർ നികുതിയായി ഒരു വർഷം പിരിച്ചെടുക്കുന്നത് ഏതാണ്ട് 26 ലക്ഷം കോടി രൂപയാണ്. ആ തുകയിൽ സർക്കാരിന്റെ നിത്യനിദാനച്ചെലവ് കഴിച്ചുവരുന്ന ഭാഗം മോദി സർക്കാർ ചെലവഴിക്കുന്നത് സമ്പന്ന വിഭാഗങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന പദ്ധതികൾക്കായാണ് – റോഡ്, തുറമുഖം ആദിയായ പശ്ചാത്തല വികസനപദ്ധതികൾക്കായി. തീർച്ചയായും അവ വേണ്ടതാണ്. പക്ഷേ, അതോടൊപ്പം അന്നന്നത്തെ ഭക്ഷണത്തിനും തൊഴിലിനും വേണ്ടി പ്രയാസപ്പെടുന്ന ദശകോടിക്കണക്കിനാളുകളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കേണ്ട ബാധ്യത കൂടി കേന്ദ്ര സർക്കാരിനുണ്ട്. വ്യക്തമായ സമ്പന്നപക്ഷപാതം നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളിലും പദ്ധതികളിലുമുണ്ട്. ഒരുവശത്ത് ഇത്തരത്തിൽ കുത്തക പക്ഷപാതം കാണിക്കുന്ന മോദി സർക്കാർ അതേസമയം നഗ്നമായ രീതിയിൽ മതപരമായ പക്ഷപാതവും പ്രകടമാക്കുന്നു. വി ഡി സതീശനും അദ്ദേഹത്തിന്റെ പാർട്ടിക്കും മുന്നണിക്കും അതേക്കുറിച്ചൊന്നും പറയാനില്ല. ഇവിടെ കേരളത്തിൽ സംസ്ഥാന (എൽഡിഎഫ്) സർക്കാരിനെ പ്രധാനമായി എതിർക്കുന്നതിന്റെ യുക്തി മനസ്സിലാക്കാം. പക്ഷേ, അങ്ങനെ ചെയ്യുന്നതിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പരോക്ഷമല്ലാത്ത കൂട്ടുകെട്ടും ഉണ്ട്. അതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കേരളത്തിൽ കോൺഗ്രസ്സും യുഡിഎഫും എൽഡിഎഫിനെയും അതിന്റെ സർക്കാരിനെയും എതിർക്കുന്നതിൽ കാണുന്നത്.

ഇത്രയും കാലത്ത് ചിലപ്പോൾ ഏറെക്കുറെ പ്രത്യക്ഷമായും ചിലപ്പോൾ അല്ലാതെയും എൽഡിഎഫ് സർക്കാരുകളെ യുഡിഎഫ‍് എതിർക്കുമ്പോൾ അതിനെ ആ അർഥത്തിൽ തന്നെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ഫലത്തിൽ ആ പാർട്ടികളുടെ കൂട്ടായ എതിർപ്പിനെ പരാജയപ്പെടുത്തി എൽഡിഎഫിനെ ജനങ്ങൾ വിജയിപ്പിക്കുന്നതും സംസ്ഥാനത്ത് ഭരണത്തിലേറ്റുന്നതും. അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഭരണപരവും രാഷ്ട്രീയവുമായ നേട്ടവും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 2016ലും 2021ലും എൽഡിഎഫിനെ ജനം തുടർച്ചയായി സംസ്ഥാനത്ത് ഭരണത്തിലേറ്റിയത‍്.പ്രതേ-്യകിച്ച് കേന്ദ്രത്തിൽ ബിജെപിയുടെ മോദി സർക്കാർ അധികാരത്തിലുള്ളപ്പോൾ. വി ഡി സതീശനും യുഡിഎഫും എൽഡിഎഫ് സർക്കാരിനെതിരെ സംഘടിപ്പിക്കുന്ന ഉപരോധം അടുത്തു നടക്കാൻ പോകുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടാണ്. അതേസമയം അവരുടെ ലാക്ക് കേരളത്തിൽ എൽഡിഎഫിനെയും സിപിഐ എമ്മിനെയും പരാജയപ്പെടുത്തലാണ്. അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് കേരളത്തിലെ ജനങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം സമരാഭാസങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകതന്നെ ചെയ്യും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular