കാർഷിക – മൃഗ സംരക്ഷണ മേഖലകളിൽ നിന്നും യുവത പിൻവാങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വ്യത്യസ്തമായൊരു വാർത്തയാണ് എറണാകുളം ജില്ലയിലെ കോതമംഗലം -പൈങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിൽ കാണുവാൻ കഴിയുന്നത്.
കൃഷിയും മൃഗപരിപാലനവും ജീവിതത്തോട് ചേർത്തുവച്ച റോഷന്റെ അനുഭവങ്ങൾ കൗതുകമുണർത്തുന്നതാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മൂമ്മ വളർത്താൻ നൽകിയ ഒരു ആട്ടിൻകുട്ടിയിലൂടെ തുടങ്ങിയ റോഷന് സ്വന്തമായി പശുക്കൾ, 12 ആടുകൾ, വിവിധ നാടൻ കോഴികൾ, താറാവ്, വാത്ത, മണി താറാവ്, ഗിനി ഉൾപ്പെടെയുള്ള ചെറിയൊരു ഫാം തന്നെ സ്വന്തമായുണ്ട്. 7 സെന്റ് സ്ഥലത്താണ് റോഷൻ സ്വപ്ന ലോകം തീർത്തത്. രാവിലെയും വൈകിട്ടുമാണ് ഇവയെ പരിചരിക്കുന്നത്. അന്യം നിന്നുപോയ വിവിധയിനം കോഴികളും ഇവിടെയുണ്ട്.
കോഴിക്കുഞ്ഞുങ്ങളെ നാടൻ രീതിയിൽ അടവെച്ചാണ് വിരിയിച്ചെടുക്കുന്നത്. നവ മാധ്യമങ്ങളുടെ സാദ്ധ്യത പരമാവധി ഉപയോഗപ്പെടുത്തി ഫേസ്ബുക്ക്, വാട്സപ്പ് ഗ്രൂപ്പുകൾ വഴിയാണ് വിപണനം. ഓൺലൈൻ ബുക്കിങ്ങിലൂടെ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് റോഷൻ പറയുന്നു. പൈങ്ങോട്ടൂർ എസ്എൻ കോളേജിലെ ബി.എസ്.ഡബ്ലിയു രണ്ടാം വർഷ വിദ്യാർത്ഥിയായ റോഷൻ കോളേജ് എൻ.എസ്.എസ് സെക്രട്ടറിയായും പരിസ്ഥിതി ക്ലബ് അംഗമായും പാഠ്യേതര വിഷയങ്ങളിലും മികവാർന്ന പ്രവർത്തനം നടത്തുന്നു.
2020-‐21 വർഷത്തിൽ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഈ കുട്ടിക്കർഷകനെ ആദരിക്കുകയുണ്ടായി. എസ്.എൻ കോളേജിൽ തരിശുകിടന്ന സ്ഥലത്ത് കൃഷി വകുപ്പ് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിജയത്തിനു പിന്നിലും ഈ മിടുക്കന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ആലുവ സീഡ് ഫാം സന്ദർശനത്തിടെ റോഷൻ ആകസ്മികമായി ഫാമിലെ ആടിന്റെ പ്രസവം എടുക്കുകയും പ്രസവത്തിൽ ഉണ്ടായ ആട്ടിൻകുട്ടിക്ക് ഫാം അധികൃതർ രോഷ്നി എന്ന് പേരിട്ടതും കൗതുകകരമായി ഇതോടൊപ്പം ചേർത്തുവായിക്കാം. ♦