Wednesday, October 9, 2024

ad

Homeകൃഷിനാളികേരാധിഷ്ഠിത കൃഷിയിൽ വിജയം കൊയ്ത് ദേശീയ അവാർഡ് നേട്ടത്തിലെത്തിയ ഡൊമനിക് എം.എം തിരുവമ്പാടി

നാളികേരാധിഷ്ഠിത കൃഷിയിൽ വിജയം കൊയ്ത് ദേശീയ അവാർഡ് നേട്ടത്തിലെത്തിയ ഡൊമനിക് എം.എം തിരുവമ്പാടി

ഡൊമനിക് എം.എം (മണ്ണുകുശുമ്പിൽ, ആനക്കാംപൊയിൽ പി ഒ, തിരുവമ്പാടി, കോഴിക്കോട്)

നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയിലൂടെയും കാർഷിക സംരംഭകത്വത്തിലൂടെയും വിജയം കൊയ്ത് സംസ്ഥാന ദേശീയ തലത്തിൽ അംഗീകാരം നേടിയ കർഷകനാണ് ഡൊമനിക് എംഎം, എന്ന മലയോര കർഷകൻ. തന്റെ പിതാവിൽ നിന്ന് കിട്ടിയ കൃഷി അനുഭവങ്ങളുമായി വളരെ ചെറുപ്പത്തിൽ തന്നെ കൃഷിയിലേക്ക് ഇറങ്ങിയതാണ് നാട്ടുകാരുടെ ഇടയിൽ പാപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന ഡൊമനിക്.

വിളകൾ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലായുള്ള 9 ഏക്കർ കൃഷിയിടത്തിൽ 300ൽ അധികമുള്ള തെങ്ങാണ് പ്രധാന വിള. പക്ഷേ, മറ്റ് കൃഷിയിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കൃഷി സ്ഥലത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും ഉപയോഗിക്കത്തക്ക രീതിയിൽ ഇടവിള കൃഷിയാണ് ഈ തോട്ടത്തെ ആകർഷകമാക്കുന്നത്. ജാതി, കൊക്കോ, കുരുമുളക്, കമുക്, കാപ്പി, വിവിധയിനം ഫലവർഗങ്ങൾ, തീറ്റപ്പുല്ല്, എന്നങ്ങനെ വിവിധ വിളകൾ സമൃദ്ധമായി ഇവിടെ വിളയുന്നു. തേക്ക്, മഹാഗണി, പ്ലാവ്, ആഞ്ഞിലി, എന്നിങ്ങനെയുള്ള വൃക്ഷ വിളകളുടെ വലിയ ശേഖരവും ഈ കൃഷിയിടത്തിനുണ്ട്. ഇതിനോടൊപ്പം കുളത്തിലുള്ള മത്സ്യകൃഷി, ചെറുതേൻ, കന്നുകാലികൾ, മുട്ടക്കോഴികൾ, താറാവുകൾ എന്നിവ കൂടി ഈ സമ്മിശ്ര കൃഷിത്തോട്ടത്തിന്റെ ഭാഗമാണ്.

നാളികേര കൃഷിയിൽ തനതായ മാതൃക – തെങ്ങ് നടുന്നതിനും പരിപാലിക്കുന്നതിനും ഡൊമനിക്കിന് തന്റേതായ രീതികളുണ്ട്. തന്റെതന്നെ തോട്ടത്തിലെ അത്യുൽപാദനശേഷിയുള്ള മാതൃവൃക്ഷങ്ങളിൽനിന്ന് തെരഞ്ഞെടുത്ത വിത്തു തേങ്ങകൾ ഉപയോഗിച്ചാണ് തൈകൾ തയ്യാറാക്കുന്നത്. ഇവയിൽ ഏറ്റവും ആദ്യം മുളക്കുന്ന മുളക്കരുത്തുള്ള മുളകളാണ് നടാൻ ഉപയോഗിക്കുന്നത്. മെഷിനറി ഉപയോഗിച്ച് സാധാരണയിൽ കവിഞ്ഞ വലിപ്പവും ആഴവുമുള്ള കുഴികളാണ് എടുക്കുന്നത്. ജൈവ വളങ്ങളും അടിസ്ഥാന രാസവളങ്ങളും ചേർത്ത് ഈ കുഴിക്കുള്ളിൽ ഒരുകൂടം തീർത്ത് അതിന് മുകളിലാണ് മുളകൾ നടുന്നത്. ഈ രീതിയിൽ നടുമ്പോൾ കുഴിയിലിടുന്ന ജൈവ രാസവളങ്ങൾ നഷ്ടപ്പെടാതിരിക്കും. വർഷങ്ങളോളം തെങ്ങിന് തടമെടുക്കേണ്ട ആവശ്യകതയും വരുന്നില്ല. 2011 ൽ കേര കേസരി അവാർഡ് ഇദ്ദേഹത്തിന് ലഭിക്കുമ്പോൾ വീട്ടിലെ കൊച്ചുമക്കൾക്ക് നിലത്തുനിന്ന് കൈയെത്തുന്ന ദൂരത്തിൽ തേങ്ങ കുലകുലയായി കിടക്കുന്നത് മനോഹര കാഴ്ചയായിരുന്നു. കൃത്യമായ പരിപാലനം, പുകയിടീൽ, തടത്തിൽ പയർ വളർത്തൽ, തൊണ്ടടുക്കൽ, ബയോഗ്യാസ് സ്ലറി ഉപയോഗിച്ചുള്ള ജൈവവള പ്രയോഗം, പച്ചിലവള ചെടിവളർത്തൽ, മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരമാവധി ജൈവ പുനചംക്രമണം ഈ തോട്ടത്തിന്റെ സവിശേഷതയാണ്. ഇടവിളയായുള്ള ജാതി ഒരു പ്രധാന വരുമാന മാർഗമാണ്. റബ്ബർ മുറിച്ചുമാറ്റി നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിത്തോട്ടം ഉണ്ടാക്കിയെടുക്കുന്നതിലും ഡൊമനിക്കിന് പ്രത്യേക വൈഭവം ഉണ്ട്. ഒരു തെങ്ങിൽ നിന്ന് 1,90-,200 തേങ്ങ ശരാശരി വിളവ് ഈ തോട്ടത്തിൽ ലഭിക്കുന്നുണ്ട്.

സംരംഭങ്ങൾ‐ വളരെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ നൽകുന്ന ഒരു കാർഷിക നഴ്സറി ഇദ്ദേഹം നടത്തിവരുന്നുണ്ട്. വർഷത്തിൽ 20,000 തെങ്ങിൻ തൈകൾ, അത്രയുംതന്നെ കമുക് തൈകൾ, 1,500 ജാതി ബഡ് തൈകൾ, എന്നിവയോടൊപ്പം വിവിധ ഫലവൃക്ഷത്തൈകൾ, വേര് പിടിപ്പിച്ച കുരുമുളക് തൈകൾ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കാർമൽ നഴ്സറിയിൽ നിന്ന് കർഷകർക്ക് ലഭ്യമാക്കുന്നു. തന്റെ കാർഷികോത്പന്നങ്ങൾ കൃഷിയിടത്തിൽ സാധ്യമാകുന്ന മൂല്യവർധനവ് നൽകിയാണ് അദ്ദേഹം വിപണനം നടത്തുന്നത്. കൊക്കോ ബീൻസ് ഉണക്കിയും കുരുമുളക്, ജാതിപത്രി എന്നിവ പാക്ക് ചെയ്തും ജാതി തൊണ്ടിൽനിന്ന് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കിയും വിപണനം ചെയ്യുന്നു.

അവാർഡുകൾ അംഗീകാരങ്ങൾ ‐ ദേശീയ-സംസ്ഥാന തലത്തിൽ വിവിധ അംഗീകാരങ്ങൾ, ഈ കർഷകനെ തേടിയെത്തുകയുണ്ടായി. 2016 ൽ ദേശീയ തലത്തിൽ ഏറ്റവും മികച്ച നാളികേര കർഷകനുള്ള നാളികേര വികസന ബോർഡിന്റെ അവാർഡ് ഇദ്ദേ ഹത്തിനായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള കേര കേസരി അവാർഡ് 2011ലും കർഷകോത്തമ അവാർഡ് 2015 ലും ശ്രീ ഡൊമനിക്കിന് ലഭിച്ചു. ഇതൊടൊപ്പം സ്വകാര്യമേഖലയിൽ നിന്നുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2018 ലെ ടാറ്റവൈറോൺ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ്, 2020 ൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന അക്ഷയശ്രീ പുരസ്കാരം എന്നിവയും ഇദ്ദേഹത്തെ തേടിയെത്തി. ആത്മ ജില്ലാ ബ്ലോക്ക് തല അവാർഡുകൾ, പഞ്ചായത്തിലെ മികച്ച കർഷകൻ, വിവിധ സംഘടനകളുടെ അംഗീകാരം എന്നിവയും ഡൊമനിക്കിന് ലഭിച്ചിട്ടുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular