മഞ്ഞൾ അധിഷ്ഠിത പോഷകഭക്ഷണമായ കുർക്കുമിൻ ഉൽപാദിപ്പിക്കുന്ന ഹോം ടു ഹോം കമ്പനിയുടെ ഉടമയാണ് തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസിയായ ശ്രീമതി ഗീത സലീഷ്. ഗീതയുടെ ഉൽപന്നം കഴിക്കുന്നവർക്ക് പോഷകങ്ങൾക്കൊപ്പം മനോധൈര്യവും കിട്ടും. കാരണം പതിനഞ്ചാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും മഞ്ഞളിന്റെ കൃഷിയിലും മൂല്യവർദ്ധനവിലും വേറിട്ട പാതകൾ തുറന്ന് വിജയഗാഥകൾ രചിക്കുകയാണ് ഗീത. കുർക്കുമിനിൽ നല്ല പങ്കും മഞ്ഞളാണെങ്കിലും പോഷകസമ്പന്നമായ ഈന്തപ്പഴവും ആൽമണ്ടും കുരുമുളകുമൊക്കെ ചേർത്തിട്ടുണ്ട്. ഗീതയുടെ ആശയവും ഭർത്താവ് സലീഷ്കുമാറിന്റെ പിന്തുണയും ചേർന്നപ്പോഴാണ് കുർക്കുമിൻ ഉണ്ടായത്. കോളജ് പഠനകാലത്ത് ജീവിതത്തിലേക്കു കടന്നുവന്ന സലീഷിനൊപ്പം തൃശൂരിൽ ഓർഗാനിക് ഷോപ് നടത്തുകയായിരുന്നു ഗീത. അത് അവസാനിപ്പിക്കേണ്ടിവന്നപ്പോൾ ഇനിയെന്ത് എന്ന ചിന്തയിൽ നിന്നാണ് ആരോഗ്യഭക്ഷണമെന്ന ആശയം ഉദിച്ചത്. ആരോഗ്യത്തിനു പ്രയോജനപ്പെടുന്ന ഉൽപന്നത്തിനുള്ള അന്വേഷണം ചെന്നെത്തിയത് സ്വന്തം വീട്ടിലെതന്നെ വിഭവത്തിൽ, മഞ്ഞൾകുറുക്ക് എന്ന പേരിൽ കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ നൽകിയിരുന്ന ലേഹ്യം. സലീഷിന്റെ സഹോദരിയിൽ നിന്നാണ് അതിന്റെ രുചിക്കൂട്ട് കിട്ടിയത്. ഇതൊരു ഫുഡ് സപ്ലിമെന്റാണ്.
ആദ്യഘട്ടത്തിൽ ഓൺലൈൻ വിപണനമായിരുന്നു. എന്നാൽ 2 വർഷത്തിനിടെ 6000 പേർ കുർക്കുമിൻ വാങ്ങുകയും അവരിൽ 60 ശതമാനം പേർ വീണ്ടും ഓർഡർ നൽകുകയും ചെയ്തതോടെ ആത്മവിശ്വാസമായി. ഫസ്റ്റ് ഡ്രിങ്ക് എന്ന പേരിൽ പൊടിരൂപത്തിലുള്ള പോഷകമിശ്രിതം, ജൈവ മഞ്ഞൾപ്പൊടി എന്നിവ കൂടി ഹോം ടു ഹോം പുറത്തിറക്കി. തുടക്കത്തിൽ എല്ലാ മഞ്ഞളിനങ്ങളും കുർക്കുമിൻ നിർമാണത്തിന് ഉപയോഗിച്ചിരുന്നെങ്കിലും കുർക്കുമിന്റെ അംശം കൂടിയ പ്രതിഭ ഇനമാണ് കൂടുതൽ നല്ലതെന്നു കണ്ട് സ്വന്തമായി അതിന്റെ കൃഷി തുടങ്ങി. ഇന്ന് 4 ഏക്കറിൽ കൃഷിയുണ്ട്. ഡിമാൻഡ് വർധിച്ചതോടെ സ്വന്തം മഞ്ഞൾമാത്രം മതിയാവില്ലെന്നായി. സഹകരിക്കാൻ സന്നദ്ധത കാണിച്ച 53 കർഷകരുമായി ചേർന്ന് കൃഷി വിപുലമാക്കി. കൃഷിക്കാർക്ക് അവശ്യമായ നടീൽവസ്തുക്കളും ജൈവവളവുമൊക്കെ ഗീത തന്നെ എത്തിക്കും. സാങ്കേതിക പിന്തുണയും നൽകും. പലപ്പോഴും നടീലിനു നേതൃത്വം നൽകുന്നതും ഗീതതന്നെ. ഓരോ സീസണിലും മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് മഞ്ഞൾ തിരികെ വാങ്ങുമെന്ന കരാറിലാണ് കൃഷി. പ്രതിഭ ഇനംതന്നെ വേണമെന്നുള്ളതിനാൽ കമ്പനി വിതരണം ചെയ്യുന്ന നടീൽ വസ്തുക്കൾ ഉപയോഗിക്കണമെന്നും ജൈവകൃഷിയാകണമെന്നും നിർബന്ധമുണ്ട്. കഴിഞ്ഞ സീസണിൽ കർഷകരുമായി ചേർന്ന് 15 ഏക്കറിലാണ് കൃഷി നടത്തിയത്. ആയിരക്കണക്കിനാളുകൾക്ക് ഓഫ്‌ലൈനിലും ഓൺലൈനിലും പ്രചോദനമാണ് ഗീതാസ് ഉൽപന്നങ്ങൾ. കാഴ്ചശക്തിയില്ലാത്ത ഒരു യുവതിക്ക് സ്വാശ്രയത്വം സാധ്യമല്ലെന്നു കരുതുന്ന സമൂഹത്തിൽ സ്വന്തം കുടുംബത്തെയും കമ്പനിയെയും മികവോടെ നയിക്കുകയാണ് ഗീത. ♦