ഞാൻ ITI ഫിറ്റർ ട്രേഡും KGTE അഗ്രികൾചർ കോഴ്സും പാസ്സായ വ്യക്തിയാണ്. 5 വർഷം KMCയിലും 21 വർഷം കേരള സോക്സ് ആന്റ് ഓയൽസിലും ജോലി ചെയ്ത 2007 ൽ വി ആർ എസ് വാങ്ങി പിരിഞ്ഞതാണ്. ഇപ്പോൾ മുഴുവൻ സമയകർഷകനാണ്. പരീക്ഷണ കൃഷികളിൽ എനിക്ക് വളരെയധികം താൽപര്യമാണ്. 2013 ൽ ഹരിതകീർത്തി അവാർഡ് ലഭിച്ചിരുന്നു. അവാർഡ് പൂവ്വാട്ടിപറമ്പിലെ പെയിൻ ആന്റ് പാലിയേറ്റീവിന് നൽകി മാതൃകയായിരുന്നു. ഞാൻ ഒരു പാലിയേറ്റീവ് വളണ്ടിയർ കൂടിയാണ്.
മണ്ണില്ലാതെ ജൈവരീതിയിൽ ചാക്കിലാണ് ചേന കൃഷി ചെയ്യുന്നത്. ഇത് നല്ല വിജയമാണ്. നല്ല വിളവ് ലഭിച്ചിട്ടുണ്ട്. വലുപ്പമുള്ളതും വെള്ളം കെട്ടിനിൽക്കാത്തതുമായ ഉറപ്പുള്ള പ്ലാസ്റ്റിക്ക് ചാക്കിൽ പകുതി ഭാഗം കരിയില ചവിട്ടി നിറക്കണം. 1.5 -‐ 2 കിലോ ഭാരമുള്ള മുളച്ച ചേന വിത്താണ് നടുന്നത്. അതിനു മുകളിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്തതിനുശേഷം വീണ്ടും കരിയിലകളിടുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ തുടങ്ങുന്ന കൃഷിക്ക് ആവശ്യത്തിന് നന നൽകണം. മഴതുടങ്ങിയാൽ നനയ്‌ക്കേണ്ടതില്ല. ചാക്കിനടിയിൽ ഇഷ്ടികയോ ചിരട്ടയോ വെക്കണം. മുറ്റത്തും ടെറസ്സിലും മതിലിലും നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ചാക്ക് വെക്കാം. നിത്യവും മുറ്റം വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന ചപ്പ് പവറുകൾ ചാക്കിലിടാം. പച്ചിലകളും കളകളും ചേർക്കാം. ചാണകം, ജീവാമൃതം, ഗോമൂത്രം, ബയോഗ്യാസ് സ്ലറി, വെണ്ണീര്, പിണ്ണാക്ക് എന്നിവ ഇടക്കിടെ നേർപ്പിച്ച് നൽകാം. കാറ്റിൽ ചേന ചരിയാതിരിക്കാൻ താങ്ങുകൾ കൊടുത്തോ കയർ കൊണ്ട് കെട്ടിയോ ബലപ്പെടുത്തണം. ശരാശരി 8 -11 കിലോ വരെ വിളവ് ലഭിച്ചിട്ടുണ്ട്. ഒരു പണിയായുധവും ഇതിനാവശ്യമില്ല. 56 മാസം കഴിഞ്ഞ് ചേനത്തണ്ട് മഞ്ഞളിച്ച് ഉണങ്ങിത്തുടങ്ങുമ്പോൾ വിളവെടുക്കാം. ഈ ചേനക്ക് രുചിയും നിറവും സാധാരണ ചേനയേക്കാൾ കൂടുതലാണ്. വിളവെടുപ്പ് കഴിഞ്ഞ് ലഭിക്കുന്ന കമ്പോസ്റ്റ് മറ്റ് കൃഷികൾക്ക് ഉപയോഗപ്പെടുത്താം. മണ്ണും സ്ഥലവും ഇല്ലാത്ത വീട്ടമ്മമാർക്കും കുട്ടികൾക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷിരീതിയാണിത്. പ്രകൃതി സൗഹൃദ രീതിയിൽ ജൈവമാലിന്യ സംസ്കരണവും പരിസര ശുചീകരണവും കൂടി ഈ കൃഷിയിലൂടെ സാധ്യമാകുന്നു. 2 വർഷമായി പെരുവയൽ കൃഷി ഓഫീസറുടെ സാന്നിധ്യത്തിലാണ് വിളവെടുപ്പ് നടന്നത്. ഇപ്പോൾ 20 ചാക്ക് ചേന എന്റെ വീട്ടുമുറ്റത്ത് ഈ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. ♦