കേരളത്തിലെ ബോൾഷെവിക് വീരൻ എന്ന ലഘുലേഖയിൽ പി.കൃഷ്ണപിള്ള ചോദിച്ചത് കെ.പി.ആറിനെ സൃഷ്ടിച്ച ഒരു ജനതയെക്കുറിച്ച് നിങ്ങൾ എന്തുവിചാരിക്കുന്നുവെന്നാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തിലും വളർച്ചയിലും കെ.പി.ആർ. എന്ന പേരിന് പ്രത്യേക ഔന്നത്യമുണ്ട്. മലബാറിലെ കർഷകപ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ആസ്ഥാനമായി കല്യാശ്ശേരി മാറിയത് കെ.പി.ആറിന്റെ നാടും പ്രവർത്തനകേന്ദ്രവുമെന്നനിലയിലാണ്. വിഷ്ണുഭാരതീയൻ അതിന്റെ കാരണം വിവരിക്കുന്നതിങ്ങനെ: കെ.പി.ആറിന് രാഷ്ട്രീയപ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ച ദിവംഗതനായ രയരപ്പനധികാരിയെയും ക്ഷീണിതരായി കല്യാശ്ശേരിയിലെത്തുന്ന രാഷ്ട്രീയപ്രവർത്തകരായ ഞങ്ങൾക്ക് ആഹാരാദികൾ നൽകി ആദ്യകാലപ്രവർത്തനങ്ങളെ അനുഗ്രഹിച്ച കെ.പി.ആറിന്റെ അമ്മ അന്നപൂർണേശ്വരിയെയും ഒരിക്കലും മറക്കാനാവുകയില്ല. ഭാരതീയനെ ശരിവെച്ചുകൊണ്ട്് ഇ.കെ.നായനാർ ഒരിക്കൽ അനുസ്മരിച്ചു‐ ‘കേരളീയനും ഭാരതീയനുമൊക്കെ കല്യാശ്ശേരി കേന്ദ്രമാക്കിയത് ഭക്ഷണലഭ്യതകൂടി കണക്കിലെടുത്താണ്. അമ്മായി അവർക്ക് എപ്പോഴും ചോറ് കരുതും. വാഹനസൗകര്യമോ ഇല്ല, ഭക്ഷണമെങ്കിലും വേണമല്ലോ. അതിന് സാധ്യത ഞങ്ങളുടെ തറവാട്ടിലാണ്’. കെ.പി.ആറിന്റെ അഛന്റെ അനന്തരവനാണ് ഇ.കെ.നായനാർ. കെ.പി.ആറിന്റെ അഛന്റെ സഹോദരന്റെ മകനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു നേതാവായ എം.പി.നാരായണൻ നമ്പ്യാർ. കെ.പി.ആറിന്റെ അമ്മയുടെ പേര് പാട്ടിയെന്നായിരുന്നെങ്കിലും അവരുടെ കാരുണ്യത്തെക്കരുതി അന്നപൂർണേശ്വരി എന്നാണ് ഭാരതീയൻ വിളിച്ചുപോന്നത്.
ആ വീട്ടിന്റെ അന്തരീക്ഷത്തെക്കുറിച്ച് കെ.പി.ആർതന്നെ ഒരിക്കൽ പറഞ്ഞു‐ “ഗ്രാമക്കോടതിയും അംശക്കച്ചേരിയുമായി വർത്തിച്ച അഛന്റെ ബംഗളാവ് രാത്രികാലങ്ങളിൽ പൊതുപ്രവർത്തകരുടെ സങ്കേതമായി മാറി. പ്രവർത്തനംകഴിഞ്ഞ് രാത്രിയിൽ കല്യാശ്ശേരിയിലെത്തുന്ന പ്രവർത്തകർക്ക് അമ്മ ഭക്ഷണം കരുതിവെക്കാറുണ്ടായിരുന്നു. ആദ്യമാദ്യം അച്ഛനറിയാതെയും പിന്നീട് അച്ഛനറിഞ്ഞുമാണ് ഞങ്ങളുടെ പ്രവർത്തനം നടന്നത്. സമ്മതമില്ലാതെ ഉദ്യോഗം വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിൽ എടുത്തുചാടിയതിന് പരിഭവംതോന്നിയിരുന്നുവെങ്കിലും പിന്നീട് വലിയ പ്രോത്സാഹനമാണ് അച്ഛനിൽനിന്ന് ലഭിച്ചത്. സഖാക്കൾ കൃഷ്ണപിള്ള, കേരളീയൻ, ഭാരതീയൻ എന്നിവരുമായി അച്ഛൻ രാഷ്ട്രീയകാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ഗാന്ധിയൻസമരരീതി അച്ഛന് അരോചകമായിരുന്നു. അച്ഛന്റെ ചില അഭിപ്രായപ്രകടനങ്ങൾ എന്നെ ഒരു വിപ്ലവകാരിയാകാൻ സഹായിച്ചു’.
കല്യാശ്ശേരിയിൽ സബ് രജിസ്ട്രാർ ഓഫീസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച കെ.പി.ആർ. നിയമലംഘനപ്രസ്ഥാനത്തിന്റെ തുടക്കത്തിലാണ് ജോലി രാജിവെച്ച് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകുന്നത്. 1928‐ൽത്തന്നെ കല്യാശ്ശേരിയിൽ കോൺഗ്രസ് ഘടകം ശക്തമായിരുന്നു. കല്യാശ്ശേരിക്കാരനായ എം.പി.ഗോവിന്ദൻ നമ്പ്യാർ ചിറക്കൽ താലൂക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. 1930 ഏപ്രിലിൽ കേളപ്പന്റെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹജാഥ കല്യാശ്ശേരിയിലെത്തിയപ്പോൾ ഉജ്ജ്വലസ്വീകരണം നൽകി. പിന്നീട് കോൺഗ്രസ് നേതൃത്വത്തിൽ കല്യാശ്ശേരിയിൽനിന്ന് പയ്യന്നൂരിലേക്ക് ഒരു ജാഥ നടത്തിയതിന്റെ പേരിൽ കെ.പി.ആറിനെയും എം.പി.ഗോവിന്ദൻ നമ്പ്യാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കെ.പി.ആറിന്റെ ആദ്യ ജയിൽവാസം മൂന്നുമാസത്തേക്കായിരുന്നു അത്. ജയിൽമുക്തനായെത്തിയ കെ.പി.ആർ. തറവാട്ടിന്റെ അടുത്തുതന്നെയുള്ള തറവാട്ടുവക മഠം ഏറമ്പാലമഠത്തിൽ ഒരു വായനശാല തുടങ്ങി. ദി ഹിന്ദു പത്രമാണവിടെ വരുത്തിയത്. വായനശാലയുടെ പ്രവർത്തനത്തിനൊപ്പംതന്നെ ഫുട്ബോൾ കളിയും തുടങ്ങി. പ്രധാന കളിക്കാർ കെ.പി.ആർ. സഹോദരങ്ങൾതന്നെ. രയരപ്പൻ, കൃഷ്ണൻ എന്നിവർ. അവരുടെ നേതൃത്വത്തിൽ ചിറക്കൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ചുകൾ നടന്നു.
അയിത്തം കൊടികുത്തിവാഴുന്ന പ്രദേശങ്ങളിലൊന്നായിരുന്നു അന്ന് കെ.പി.ആറിന്റെ നാട്. അയിത്തജാതിക്കാരായി മുദ്രകുത്തി അകറ്റിനിർത്തപ്പെട്ട വിഭാഗത്തിലെ ഒരു കുട്ടിയെ ആ കുട്ടിയുടെ സഹോദരൻ കല്യാശ്ശേരിയിലെ എൽ.പി.സ്കൂളിൽ ചേർക്കാൻ എത്തിയപ്പോൾ വലിയ സംഘർഷമുണ്ടായി. അഴീക്കോട്ടെ സുമുഖനാണ് അനുജനായ കുമാരനെ സ്കൂളിൽ ചേർക്കാനെത്തിയത്. അവരിരുവരെയും നമ്പ്യാർ‐ തീയ്യ സമുദായത്തിൽപ്പെട്ടവർ തല്ലിയോടിച്ചു. ഇത് വലിയ വാർത്തയായി. കെ.കേളപ്പൻ കല്യാശ്ശേരിയിലെത്തി ക്യാമ്പ് ചെയ്തു. കുമാരനെ വീട്ടിൽച്ചെന്ന് സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവരുകയും കാവൽനിൽക്കുകയും ചെയ്തു. പിന്നീട് കോൺഗ്രസ് നേതാവ് സി.എഫ്. ആൻഡ്രൂസ് കല്യാശ്ശേരിയിലെത്തി ഈ സമരം നയിച്ചു. കെ.പി.ആറും സഹപ്രവർത്തകരും ആ പ്രവർത്തനത്തിൽ പങ്കാളികളായി. അവർ രാഷ്ട്രീയപ്രവർത്തനത്തിലേക്കെത്തുന്നതങ്ങനെയാണ്. തന്റെ കുടുംബംവക ക്ഷേത്രത്തിന്റെ കുളത്തിൽ ഹരിജൻ സമുദായത്തിൽപ്പെട്ട കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിക്കുന്ന ഒരു തുടർസമരപരിപാടിക്ക് കെ.പി.ആർ. നേതൃത്വംനൽകി. അതിന്റെ പേരിലും അടിയുണ്ടായി. എന്നാൽ കരുത്തനായ കെ.പി.ആറിനെ വെല്ലുവിളിച്ചവർക്ക് പിടിച്ചുനിൽക്കാനായില്ല. പോരാത്തതിന് ഉഗ്രപ്രതാപിയായ അധികാരിയുടെ മകനുമാണ് കെ.പി.ആർ.
1931ൽ കോഴിക്കോട്ടുചെന്ന് നിയമലംഘനസമരം നടത്തി വീണ്ടും അറസ്റ്റിലായ കെ.പി.ആർ. ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കേരളീയനടക്കമുള്ളവരോടൊപ്പം ചേർന്ന് കല്യാശ്ശേരിയിൽ പുതിയൊരു വായനശാല തുടങ്ങി. കണ്ണൂരിലെ കോൺഗ്രസ് വളന്റിയറായിരിക്കെ ജയിലിൽ അകാലത്തിൽ മരിച്ച അവർണസമുാദായംഗമായ ഹർഷന്റെ പേരിലാണ് വായനശാല. ഹർഷനെ ശ്രീഹർഷനെന്നാക്കി സ്മാരകവായനശാല. ജാതിവാദികൾക്ക് അതൊരു വെല്ലുവിളിയായി തോന്നി. അവർ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എ.കെ.ജി.യാണ് വായനശാല ഉദ്ഘാടനംചെയ്തത്.
നിയംലംഘനസമരത്തിൽ പങ്കെടുത്ത് കണ്ണൂർ ജയിലിൽ കഴിയവേ ഭാരതീയനും കേരളീയനും കെ.പി.ഗോപാലനും കേരളീയനും ബംഗാളിലെ അനുശീലൻസമിതിയുടെ പ്രവർത്തകർ, ഉത്തേരന്ത്യയിലെ തീവ്രവാദി പ്രവർത്തകർ എന്നിവരുമായി ബന്ധംവെച്ചതും തീവ്രവാദപ്രവർത്തനത്തിലേക്കാകൃഷ്ടരായതും ഭാരതീയനെയും കേരളീയനെയും കുറിച്ചുള്ള ലേഖനത്തിൽ വിവരിച്ചതാണ്. തീവ്രവാദപ്രവർത്തനത്തിൽനിന്ന് പിന്തിരിഞ്ഞാണ് ഈ സംഘം 1935‐ൽ കൊളച്ചേരിയിൽവെച്ച് ആദ്യമായി കർഷകസംഘം രൂപീകരിച്ചത്. അടുത്തവർഷത്തോടെ ചിറക്കൽ താലൂക്ക് കർഷകസംഘം കെ.പി.ആറിന്റെയും കേരളീയന്റെയും നേതൃത്വത്തിൽ രൂപീകൃതമായി. പറശ്ശിനിക്കടവിൽ നടന്ന വമ്പിച്ച കർഷകസമ്മേളനത്തിൽവെച്ചാണ് സംഘം രൂപീകരിച്ചത്.
മലബാറിലെ കർഷകപോരാട്ടങ്ങളുടെ, ജന്മിത്ത ചൂഷണത്തിനെതിരായ സമരങ്ങളുടെയെല്ലാം ചാലകശക്തിയായി കെ.പി.ആർ. കൃഷിക്കാരുടെയും തൊഴിലാളികളുടെയും കണ്ണിലുണ്ണിയായ കെ.പി.ആർ. ജന്മിമാർക്കും ഭരണവർഗത്തിനും പേടിസ്വപ്നമായിരുന്നു. ഏത് ഭീഷണിയെയും കൂസാതെ ധീരതയുടെ പര്യായമായി കെ.പി.ആർ. പോലീസിനെയും ജന്മിഗുണ്ടകളെയും ഭയപ്പെടാതെ കൃഷിക്കാർ കെ.പി.ആറിന്റെ പ്രസ്ഥാനത്തിൽ അണിചേർന്നു. കേരളത്തിലെ ബോൾഷെവിക് വീരൻ എന്ന ലേഖനത്തിൽ കൃഷ്ണപള്ള കെ.പി.ആറിന്റെ ധീരോദാത്തമായ, മാസ്മരികമായ നേതൃവൈഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടം സംഭവിക്കുമായിരുന്ന ഒരു പ്രശ്നത്തെ ഭംഗിയായി പരിഹരിച്ച സംഘടനാ വൈഭവത്തിന്റെ പേരിലും കെ.പി.ആർ. അവിസ്മരണീയനാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകം കേരളത്തിൽ വന്നുകഴിഞ്ഞില്ല. പക്ഷേ അതിനായുള്ള രഹസ്യപ്രവർത്തനമാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കൃഷ്ണപിള്ളയും ഇ.എം.എസുമെല്ലാം നടത്തുന്നത്. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളായ എ.കെ.ജി.ക്കും സർദാർ ചന്ദ്രോത്തിനും കൃഷ്ണപിള്ളയടക്കമുള്ള നേതൃത്വവുമായി ചില കാര്യങ്ങളിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. അഭിപ്രായവ്യത്യാസം ഒരുഘട്ടത്തിൽ സംഘടനായോഗത്തിൽ കയ്യേററംവരെയെത്തുന്ന സംഭവമുണ്ടായി. എ.കെ.ജി.യും ചന്ദ്രോത്തും കേളപ്പനടക്കമുള്ള ഗാന്ധിയൻ കോൺഗ്രസ് നേതൃത്വവുമായി ആത്മബന്ധം നിലനിർത്തിയിരുന്നു. അവർ ഇരുവരും 1936 മധ്യത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗത്തോട് വിടപറഞ്ഞ് വലതുപക്ഷ‐ കേളപ്പൻ, സി.കെ.ജി. വിഭാഗം കോൺഗ്രസ്സിന്റെ ഭാഗമായി നിൽക്കുന്ന അവസ്ഥ വന്നു. ഇരുവിഭാഗവും ഒന്നിച്ചുപ്രവർത്തിക്കുന്നകാലമായതിനാൽ പുറമേക്ക് അതറിയുമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കെ.പി.ആർ.ഗോപാലന്റെ നേതൃത്വത്തിൽ ചിറക്കൽ താലൂക്കിലെ ആയിരത്തോളം കർഷകർ തലശ്ശേരി തുക്ടിക്ക്, അതായത് സബ് കളക്ടർക്ക് നിവേദനംനൽകാൻ ഒരു ജാഥ പുറപ്പെട്ടത്. ജാഥ കോട്ടയം താലൂക്കിന്റെ കേന്ദ്രമായ കൂത്തുപറമ്പിലെത്തിയപ്പോൾ കോട്ടയം താലൂക്കിലെ കൃഷിക്കാരും അണിചേർന്നു. ആയിരക്കണക്കിനാളുകൾ അണിചേർന്ന ആ ജാഥ വലിയൊരു റാലിയോടെയാണ് തലശ്ശേരിയിൽ സമാപിച്ചത്. അതിന് മുമ്പ് സബ് കളക്ടർ നിവേദനം വാങ്ങുകയും ചർച്ച നടത്തുകയുംചെയ്തു. റാലിയിൽ എ.കെ.ജി.യും സർദാർ ചന്ദ്രോത്തുമെല്ലാം പ്രസംഗിച്ചു. ജാഥ വൻവിജയമാണെന്നതിനാൽ പിറ്റേന്നുതന്നെ ഈ ജാഥ മദ്രാസിലേക്ക് പട്ടിണിജാഥയായി പുറപ്പെടുകയാണെന്ന് എ.കെ.ജി. റാലിയിൽ പ്രഖ്യാപിച്ചു. നേതൃത്വത്തോട് ആലോചിക്കാതെയായിരുന്നു ആ പ്രഖ്യാപനം. ചിറക്കൽ, കോട്ടയം, കുറുമ്പ്രനാട് താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ അണിനിരത്തി ഒറ്റദിവസത്തെ തയ്യാറെടുപ്പുപോലുമില്ലാതെ ജാഥ. എപ്പോൾ അവസാനിക്കുമെന്നറിയില്ല. സ്വീകരിക്കാൻ ആരുണ്ടാവുമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ എവിടെനിന്ന് കിട്ടുമെന്നറിയില്ല. സംഘടനാതലത്തിൽ തീരുമാനമോ ആസൂത്രണമോ ഇല്ല. പക്ഷേ ജാഥ തുടങ്ങി. സി.എസ്.പി.യിൽനിന്നും രാജിവെച്ച എ.കെ.ജി.യെയും സർദാർ ചന്ദ്രോത്തിനെയും കോൺഗ്രസ്സിലെ വലതുഭാഗത്ത് ഉറപ്പിച്ചുനിർത്താമെന്ന വ്യാമോഹത്തോടെ ആ വിഭാഗം കരുക്കൾ നീക്കി.പക്ഷേ അതെല്ലാം മുൻകൂട്ടികണ്ട സഖാവ് കൃഷ്ണപിള്ള കെ.പി.ആറിനെ പട്ടിണിജാഥയിലേക്ക് പറഞ്ഞുവിട്ടു. കെ.പി.ആറിന്റെ സഹപ്രവർത്തകരായ സഖാക്കളും ജാഥയുടെ ഭാഗമായി. കാരണം കെ.പി.ആറിന്റെ നേതൃത്വത്തിലുള്ള ജാഥയുടെ തുടർച്ചയായാണല്ലോ എ.കെ.ജി. പട്ടിണിജാഥ പ്രഖ്യാപിച്ചത്. ആ ഐതിഹാസിക ജാഥയുടെ വിശദാംശങ്ങൾ പിന്നീട് പരിശോധിക്കേണ്ടതുള്ളതിനാൽ തൽക്കാലം കെ.പി.ആറിലേക്കുതന്നെ വരാം. 59 ദിവസത്തെ ജാഥ കഴിയുമ്പോഴേക്കും എ.കെ.ജി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗത്ത് ശക്തനായ വക്താവായി എത്തിയിരുന്നു ജാഥയിലെ പാട്ടുകാരനായും നായകരിലൊരാളായും പ്രവർത്തിച്ച കെ.പി.ആർ. വ്യതിയാനത്തെ തടഞ്ഞുനിർത്തുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും എ.കെ.ജി.യുടെയും ചരിത്രത്തിലെ നിർണായകമായ ഈ സംഭവത്തെക്കുറിച്ച് അന്നത്തെ പാർട്ടി സെക്രട്ടറി കൃഷ്ണപിള്ള എഴുതിയതിങ്ങനെ” കോൺഗ്രസ് ഉദ്യോഗം സ്വീകരിച്ചതിന്റെ ആദ്യകാലത്ത് കേരളാ പാർട്ടിക്കകത്ത് ചില കുഴപ്പങ്ങളുണ്ടായിരുന്നു.അവ അത്ര ഗൗരവമുള്ളതായിരുന്നില്ല. എങ്കിലും ഗാന്ധിയൻ നേതാക്കൾ അതിനെ ചൂഷണംചെയ്യാൻ പഠിച്ച പണിയെല്ലാം നോക്കി. നമ്മുടെ പ്രമാണപ്പെട്ട സഖാക്കളിൽ രണ്ടുപേർക്ക് പാർട്ടി നേതൃത്വത്തിലെ ഒരുവിഭാഗവുമായി അഭിപ്രായവ്യത്യാസമുണ്ടായി. അവ അത്ര ഗൗരവമുള്ളതായിരുന്നില്ല. ഈ അസുഖകരമായ പരിതസ്ഥിതിയിലാണ് അവർ ഒരു പട്ടിണിജാഥ നയിക്കാൻ തീരുമാനിച്ചത്. ഈ സഖാക്കളെ ‘പാട്ടിലാക്കി’ ഈ സംരംഭത്തെ തങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവരാൻ ഗാന്ധിയൻ നേതാക്കൾ ആഗ്രഹിച്ചു. പക്ഷേ കമ്യൂണിസ്റ്റുകാരെ ‘പാട്ടിലാക്കൽ’ അങ്ങനെയൊന്നില്ല. നമ്മുടെ ഈ സഖാക്കൾക്ക് പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും പാർട്ടിയുടെ ആദർശവുമായി യാതൊരു ഭിന്നാഭിപ്രായവുമുണ്ടായിരുന്നില്ല. പട്ടിണി ജാഥയിൽ ചേരാൻ പാർട്ടി തീരുമാനിച്ചു. ജാഥയെ പാർട്ടി നേതൃത്വത്തിലാക്കി, ഈ രണ്ടു സഖാക്കളെയും വീണ്ടും നമ്മളുമായി കൂട്ടിയിണക്കുകയെന്ന കുലുമാലുപിടിച്ച ജോലി കെ.പി.ആറിന് കൊടുത്തു. അങ്ങനെതന്നെ അതദ്ദേഹം ചെയ്തു. അതിനെ ഒരു പാർട്ടി ജാഥയാക്കി. ഗാന്ധിസ്റ്റുകൾ തോറ്റു. ആ പാർട്ടിസഖാക്കൾ അഭിപ്രായവ്യത്യാസമെല്ലാംമറന്ന് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ മറ്റുള്ളവരുമായി ഒത്തുപിടിച്ച് വീണ്ടും കേരളപാർട്ടിയിൽ ഉറച്ചുനിന്നു. (ഇതിൽ സർദാർ ചന്ദ്രോത്ത് പിന്നീട് കോൺഗ്രസ്സിലേക്ക് തിരികെപ്പോയി.)
കൃഷ്്ണപിള്ള ആശ്വാസത്തോടെ ലഘൂകരിച്ചാണ് പറഞ്ഞതെങ്കിലും പട്ടിണിജാഥ മറ്റൊരു രൂപത്തിലാണ് കലാശിച്ചിരുന്നതെങ്കിൽ. കേരളത്തിലെ പാർട്ടിയുടെ സ്ഥിതി അല്പം ദരിദ്രമാകുമായിരുന്നു‐ എ.കെ.ജി.യുടെ അഭാവം. അങ്ങനെ സംഭവിക്കാതിരുന്നതിൽ വിപ്ലവകാരിയായ കെ.പി.ആറിന്റെ ജാഗ്രത്തായ പ്രവർത്തനമാണ് നിർണായകമായത്.
കെ.പി.ആറിന്റെ ത്യാഗപൂർണവും ധീരോദാത്തവുമായ കമ്മ്യൂണിസ്റ്റ്്പ്രവർത്തനത്തിലെ ശ്രദ്ധേയമായ ഒരദ്ധ്യായമാണ് 1939‐ലെ ബക്കളം സമ്മളേനം. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ദേശീയമുസ്ലിംവിഭാഗത്തിന്റെ‐ അതായത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വിഭാഗത്തിന്റെ പിന്തുണയോടെ, അഥവാ സഖ്യമായി ഇടതുപക്ഷം കയ്യടക്കിയത് 1938 ജനുവരിയിലാണ്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പ്രസിഡന്റും ഇ.എം.എസ്. സെക്രട്ടറിയും പി.നാരായണൻ നായർ ഖജാൻജിയും. അടുത്ത വർഷവും ഈ വിജയം ആവർത്തിച്ചു. 1939‐ലെ ത്രിപുര കോൺഗ്രസ്സിന് ശേഷം കെ.പി.സി.സിയുടെ സമ്മേളനം ബക്കളത്താണ് സംഘടിപ്പിച്ചത്. നാട്ടുകാരൻകൂടിയായ കെ.പി.ആറിന് പൂർണ ചുമതല. കോൺഗ്രസ്സിലെ വലതുപക്ഷം മാത്രമല്ല, മുഹമ്മദ് അബ്ദുറഹ്മാൻ വിഭാഗവും ബക്കളം സമ്മേളനത്തെ പിന്തുണച്ചില്ല. കെ.പി.ആറിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി നാടൊട്ടാകെ നടന്ന് പിരിവെടുത്തും ഓരോ ഗ്രാമത്തിലും വളന്റിയർ കോർ രൂപീകരിച്ച് പരിശീലനംനൽകിയും സമ്മേളനത്തിന്റെ തയ്യാറെടുപ്പുനടത്തി. ത്രിപുര കോൺഗ്രസ്സിൽ പങ്കെടുത്തിരുന്ന കെ.പി.ആർ. അതിന്റെ നടത്തിപ്പ്്് കണ്ട് പഠിച്ച്് പന്തൽ നാട്ടുന്നതിലടക്കം അതിന്റെ മാതൃക പിന്തുടർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. കുട്ടികളുടെയും വിദ്യാർഥികളുടെയും യുവാക്കളുടെയുംസമ്മേളനങ്ങൾ അനുബന്ധമായി നടത്തി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറുന്നതിന്റെ റിഹേഴ്സലായിരുന്നു ഫലത്തിൽ ബക്കളം സമ്മേളനം. അതിനെക്കുറിച്ച് പി.കൃഷ്ണപിള്ള അനുസ്മരിച്ചതിങ്ങനെ‐ ” കേരളത്തിലെ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഇത്ര വമ്പിച്ച, ഇത്ര സുസംഘടിതമായ, ഒരു കോൺഫറൻസ് നടന്നിട്ടില്ല. ഗാന്ധിസ്റ്റുകൾ ലജ്ജിച്ചുപോയി. ഇത് ചിത്രത്തിന്റെ ഒരുവശം മാത്രമാണ്. മറ്റേവശമിതാണ്‐ സമ്മേളനം കഴിഞ്ഞ് കുറേദിവസത്തേക്ക് കടക്കാർ സാധു കെ.പി.ആറിന്റെ പിന്നാലെ ചെല്ലും. പക്ഷേ അദ്ദേഹത്തെ കണ്ടുകഴിഞ്ഞാൽ പണം ചോദിക്കാൻ അവർക്ക് മനസ്സുവരില്ല. ചോദിച്ചിട്ടുതന്നെയോ ഫലമെന്താ? ഈ സമ്മേളനം കെ.പി.ആറിന്റെ ഏറ്റവും വമ്പിച്ച വിജയങ്ങളിലൊന്നാണ്” . മലബാർ ഡിസ്ട്രിക്ട് ബോഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി കെ.പി.ആറാണ് പാപ്പിനിശ്ശേരി മണ്ഡലത്തിൽനിന്ന് ജയിച്ചുപോന്നത്. എന്നാൽ 1939ലെ തിരഞ്ഞെടുപ്പിൽ കെ.പി.ആറിനെ പാർട്ടിക്ക് സ്വാധീനംകുറഞ്ഞ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് മാറ്റി പാപ്പിനിശ്ശേരിയിൽ ഇ.നാരായണൻ നായനാരെ നിർത്തി. ആറോണിനെതിരെ മത്സരിച്ച നാരായണൻ നായനാർ തോറ്റു. എന്നാൽ തന്നെ എതിർത്തുവെന്നതിന്റെ പേരിൽ നാരായണൻ നായനാരെ മൊറാഴ കേസിൽ പ്രതിയാക്കി ജയിലിലടപ്പിക്കുകയായിരുന്നു ആറോൺ. യഥാർഥത്തിൽ പ്രതിയാകേണ്ടിയിരുന്ന ഇ.കെ.നായനാർക്കുപകരം അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ പ്രതി. സംഭവദിവസം മലബാറിൽപോലുമുണ്ടായിരുന്നില്ലാത്ത നാരായണൻ നായനാർ ദീർഘകാല തടവിന് ശിക്ഷിക്കപ്പെട്ടു. തളിപ്പറമ്പിലേക്ക് മാറിയ കെ.പി.ആർ. പാർട്ടിയുടെ സ്വാധീനകേന്ദ്രമല്ലാതിരുന്നിട്ടും ജയിച്ചു. അതിനെക്കുറിച്ച്് കൃഷ്ണപിള്ള എഴുതി‐ എല്ലായ്പോഴും കെ.പി.ആർ. ഇങ്ങനെയാണ് കടുത്ത വേലകൾ ഏറ്റെടുക്കുന്നത് ഒരു കമ്യൂണിസ്റ്റിനു ചേർന്ന പ്രത്യേകാവകാശമായാണ് കെ.പി.ആർ.കരുതുന്നത്. അത്തവണ ഡിസ്ട്രിക്ട് ബോഡിന്റെ ചെയർമാനോ വൈസ്ചെയർമാനോ ആയി തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നിട്ടും പാർട്ടി തീരുമാനിച്ചത് ഭാരവാഹിത്വം ഏറ്റെടുക്കേണ്ടതില്ലെന്നാണ്. ഭരണകൂടത്തിൽനിന്ന് ശക്തമായ വെല്ലുവിളി നേരിടുന്നഘട്ടത്തിൽ സ്ഥാനം ഏറ്റെടുത്താൽ ഉത്തരവാദിത്വം ശരിയായി നിർവഹിക്കാനാവില്ലെന്നതിനാലാണ് ആ തീരുമാനമെടുത്തത്്. നേതൃസ്ഥാനത്തേക്ക്്് പരിഗണിക്കപ്പെടേണ്ടിയിരുന്ന കെ.പി.ആർ. ആ തീരുമാനത്തെ സർവാത്മനാ പിന്തുണയ്ക്കുകയായിരുന്നു.
1940 സെപ്റ്റംബർ എട്ടിന് കോഴിക്കോട് ചാലപ്പുറത്ത് ചേർന്ന കെ.പി.സി.സി. നിർവാഹകസമിതിയോഗമാണ് സെപ്തംബർ 15ന് മലബാറിലാകെ മർദനപ്രതിഷേധദിനാചരണം നടത്താൻ തീരുമാനിച്ചത്. മഞ്ചുനാഥറാവുവായിരുന്നു അധ്യക്ഷൻ. തീരുമാനംവന്ന ഉടൻതന്നെ മലബാർ കളക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കാൻ ആഹ്വാനംചെയ്തുകൊണ്ട്്് കെ.പി.സി.സി. ജനറൽസെരക്രട്ടറി കെ.ദാമോദരൻ പ്രസ്താവന പുറപ്പെടുവിച്ചു. കെ.പി.ആർ ചുമതലക്കാരനായ ചിറക്കൽ താലൂക്കിൽ പാപ്പിനിശ്ശേരിക്കും കല്യാശ്ശേരി്ക്കും ഇടയിലുള്ള കീച്ചേരിയിലാണ് റാലി നിശ്ചയിച്ചത്. പാർട്ടി നേതാക്കളായ കൃഷ്ണപിള്ളയും ഇ.എം.എസ്സും കേരളീയനും റാലിസ്ഥലത്തിന് വളരയെകലെയല്ലാതെ ഒളിവിൽ കഴിയുന്നുണ്ട്. മർദനപ്രതിഷേധറാലിക്കൊപ്പം കർഷകറാലിയും നടത്താനാണ് തീരുമാനം. ഏതാനും മാസംമുമ്പ് തൊഴിലാളിസമരത്താൽ പ്രക്ഷുബ്ധമായ ആറോൺ കമ്പനിയുടെ പരിസരമാണ് റാലിസ്ഥലം. കമ്പനിയുടമയും വലതുപക്ഷ കോൺഗ്രസ് നേതാവുമായ സാമുവൽ ആറോണിന്റെ ചൊല്പടിക്കുള്ളവരാണ് വളപട്ടണം എസ്.ഐ. കുട്ടികൃഷ്ണമേനോൻ. കീച്ചേരിയിലെ റാലി നിരോധിക്കപ്പെട്ടു. അപ്പോഴേക്കും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജാഥ വന്നുകൊണ്ടിരിക്കുകയാണ്. കൃഷ്ണപിള്ളയുമായും കേരളീയനുമായും ആശയവിനിമയം നടത്തിയ കെ.പി.ആർ. റാലിസ്ഥലം മൊറാഴയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ജാഥകൾ അങ്ങോട്ടേക്ക് നീങ്ങി. അവിടെ റാലി തുടങ്ങാൻ നേരത്ത് തളിപ്പറമ്പിൽനിന്നുള്ള പൊലീസ് സംഘത്തെയുംകൂട്ടി വളപട്ടണം എസ്.ഐ.യും സംഘവുമെത്തി. അവിടെയും നിരോധനാജ്ഞ. വിഷ്ണുഭാരതീയൻ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ടിരിക്കെ പൊലീസ് ബലപ്രയോഗം തുടങ്ങി. അത് ഏറ്റുമുട്ടലായിവളർന്നു. സംഘട്ടനത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കല്ലറിൽ എസ്.ഐ. കുട്ടികൃഷ്ണമേനോനും ഹെഡ് കോൺസ്റ്റബിൾ ഗോപാലൻനായരും നിലംപതിച്ചു. അവർ കൊല്ലപ്പെട്ടു. മൊറാഴ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
മൊറാഴ സംഭവത്തെ തുടർന്ന് 38 പേരെ പ്രതികളാക്കി കേസെടുത്തു. ചിറക്കൽ താലൂക്കിലാകെ പൊലീസ് ഭീകരവാഴ്ച തുടങ്ങി. കെ.പി.ആറിനും അറാക്കൽ കുഞ്ഞിരാമനുമടക്കമുള്ള പ്രതികൾക്ക് പൊലീസുകാരെ കൊല്ലണമെന്നോ മുറിവേൽപ്പിക്കമമെന്നോ ഉദ്ദേശ്യമുണ്ടായിരുന്നില്ല, സംഘർഷത്തിന്റെ അനിയന്ത്രിതാവസ്ഥയിൽ അങ്ങനെ സംഭവിച്ചതാണ് എന്ന നിരീക്ഷണത്തോടെ താരതമ്യേന ചെറിയ ശിക്ഷയാണ് തലശ്ശേരി സെഷൻസ് കോടതി വിധിച്ചത്. കെ.പി.ആറിനും ടി.രാഘവൻ നമ്പ്യാർക്കും ഏഴുവർഷത്തെ തടവ്, മറ്റുള്ളവർക്ക് വിവിധ കാലയളവിൽശിക്ഷ. എന്നാൽ ജില്ലാ മജിസ്ട്രേട്ട് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീലിൽ കെ.പി.ആറിന് വധശിക്ഷയും അറാക്കൽ കുഞ്ഞിരാമൻ, ടി.രാഘവൻ നമ്പ്യാർ, വി.പി.നാരായണൻ, എം.ഇബ്രാഹിം, പി.വി.അച്യുതൻ നമ്പ്യാർ, പി.ഗോവിന്ദൻ നായർ എന്നിവർക്ക്്് ജീവപര്യന്തവും ശിക്ഷ വിധിച്ചു.
കെ.പി.ആറിന്റെ വധശിക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭം അലയടിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം വ്യാപിക്കുന്നതിന് ആ പ്രചരണ‐പ്രക്ഷോഭപരിപാടികൾ ഏറെ സഹായകമായി. ബ്രിട്ടീഷ് പാർലമെന്റിൽ കെ.പി.ആറിനെ രക്ഷിക്കാൻ സമ്മർദമുയർന്നു. ഗാന്ധിജിയും നെഹ്റവും കെ.പി.ആറിന്റെ ജീവൻരക്ഷിക്കാൻ ശബ്ദമുയർത്തി. വധശിക്ഷ 20 വർഷത്തെ തടവായി ഇളവുചെയ്യാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം നിർബന്ധിതമായി. 1946ൽ മദ്രാസിൽ പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നപ്പോഴാണ് കെ.പി.ആറിനെ ജയിലിൽനിന്ന് മോചിപ്പിച്ചത്. കണ്ണൂരും ബെല്ലാരിയുമടക്കമുള്ള ജയിലുകളിൽ കഴിയവേ കാലുകളിലും കൈകളിലും ചങ്ങലയിട്ടാണ് കെ.പി.ആറിനെ കോടതികളിൽ ഹാജരാക്കിപ്പോന്നത്. തൂക്കാൻ വിധിച്ചശേഷം കെ.പി.ആറിന്റെ തുക്കം വർധിച്ചുവെന്നതടക്കമുള്ള വാർത്തകൾ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പൊലീസും ജയിലധികൃതരുമെല്ലാം ഭീതിയോടെയാണ് കെ.പി.ആറിനെ കണ്ടത്. കെ.പി.ആറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ കോടതിക്കുചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടി അഭിവാദ്യം ചെയ്യുമായിരുന്നു. ജയിൽമോചിതനായശേഷം മലബാറിലും മദ്രാസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.പി.ആർ. നടത്തിയ പര്യടനം തൊഴിലാളിവർഗവിപ്ലവപ്രസ്ഥാനത്തിന് വലിയ കരുത്തും ആവേശവും പകർന്നു.
ഡോ.പി.കെ.ആർ.വാരിയർ തന്റെ ആത്മകഥയായ ഒരു സർജന്റെ ഓർമക്കുറിപ്പുകളിൽ നാല്പതുകളിലെ ഒരനുഭവം അത്ഭുതാദരങ്ങളോടെ വിവരിക്കുന്നുണ്ട്. ഇരിക്കൂർ ഫർക്കയുടെ മലയോരമേഖലകളിൽ വസൂരി പടർന്നുപിടിച്ചപ്പോൾ പാർട്ടിയുടെ നേതൃത്വത്തിൽ മദ്രാസിൽനിന്നെത്തിയ വൈദ്യസംഘത്തിലെ അംഗമായിരുന്നു ഡോ.വാരിയർ. ഒരു ക്യാമ്പിലെ യോഗത്തിൽവെച്ച് ഒരാൾ പറഞ്ഞു. നമുക്ക് ഡോ. പി.കെ.ആർ.വാരിയരുടെ പേര് കെ.പി.ആർ. എന്നു മാറ്റാം. ഉടൻതന്നെ സഖാക്കൾ ചാടിയെഴുന്നേറ്റ് പറഞ്ഞു. ഞങ്ങൾക്ക് ഡോക്റോട് ബഹുമാനമുണ്ട്. പക്ഷേ കെ.പി.ആർ കെ.പി.ആറാണ്. ആ പേര് മറ്റാർക്കും മാറ്റിയിടാൻ ഞങ്ങൾ സമ്മതിക്കില്ല.
കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിന്റെ ആസ്ഥാനത്തിന്റെ പേര്് കെ.പി.ആർ.നഗർ എന്നാണ്. മുക്കാൽ നൂറ്റാണ്ടിലേറെ മുമ്പാണ് ആ പേരിട്ടത്. ജനങ്ങൾ എത്രമാത്രം ആത്മബന്ധത്തോടെയാണ് ആ സ്ഥലപ്പേര്് മുറുകെ പിടിക്കുന്നത്. ♦