Friday, December 13, 2024

ad

Homeകായികരംഗംപ്രൊഫഷണലിസത്തിന്റെ വിശാല സാധ്യതകളെ പ്രൗഢോജ്വലമാക്കിയ ക്രിക്കറ്റ് പോരാട്ടം

പ്രൊഫഷണലിസത്തിന്റെ വിശാല സാധ്യതകളെ പ്രൗഢോജ്വലമാക്കിയ ക്രിക്കറ്റ് പോരാട്ടം

ഡോ. പി ടി അജീഷ്

രു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുകയും കിരീടം നേടുകയും ചെയ്യുക എന്നത് കരിയറിലെ ആത്യന്തികമായ ലക്ഷ്യമാണ്. 1975ൽ ഇംഗ്ലണ്ടിൽ ആരംഭിച്ച്‌ ഏകദേശം 50 കൊല്ലമാകുമ്പോൾ ക്രിക്കറ്റിലെ ആത്യന്തികവും ജനകീയവും വിശാലവും സ്വീകാര്യവുമായ ഇവന്റായി ലോക ക്രിക്കറ്റ് പോരാട്ടം മാറിയിരിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ നടത്തിപ്പ് രീതിയിൽ വിവിധങ്ങളായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതായി ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കും. ആദ്യത്തെ നാല് ലോകകപ്പ് ടൂർണമെന്റുകളിൽ എട്ടുരാജ്യങ്ങൾ നാല് വീതം ഉള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരിച്ചിരുന്നത്. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം മത്സരിക്കുകയും മികച്ച രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തിരുന്നു .1992ൽ വിലക്കുകൾക്കുശേഷം ദക്ഷിണാഫ്രിക്ക തിരികെ വന്നപ്പോൾ ഉണ്ടായ 9 ടീമുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിൽ വന്ന നാല് ടീമുകൾ സെമിഫൈനൽ കളിക്കാൻ അർഹത നേടി. 1996ൽ 6 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടൂർണമെന്റ് കൂടുതൽ വിശാലമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടു. 1999, 2003 ലോകകപ്പുകളിൽ പുതിയ മത്സര രീതി നിലവിൽ വന്നു.ടീമുകളെ രണ്ട് പ്രധാന പൂളുകളായി തിരിച്ച്‌ ഓരോ പൂളിൽ നിന്നും മൂന്ന് ടീമുകൾ വീതം സൂപ്പർ സിക്സ് റൗണ്ടിലേക്ക് എത്തുന്ന രീതിയായിരുന്നു അത്. സൂപ്പർ സിക്സിൽ, ടീമുകൾ എതിർ ഗ്രൂപ്പിൽ നിന്നും വന്ന മറ്റ് മൂന്ന് ടീമുകളുമായി ഏറ്റുമുട്ടുന്നു. പ്രാഥമിക റൗണ്ടിൽ അതേ ഗ്രൂപ്പിൽ നിന്നും വന്ന ടീമുകളുമായി കളിച്ചപ്പോൾ ലഭിച്ച പോയിന്റ്‌ നിലനിൽക്കുകയും ചെയ്യും. ഇതിലൂടെ പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ ടീമുകൾക്ക് പ്രേരണ നൽകുകയും മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. 2007 ലോകകപ്പിൽ 16 ടീമുകൾ അണിനിരക്കുകയും ഇവയെ നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായും തരംതിരിച്ചിരുന്നു. 2023ലെ ലോകകപ്പ് മത്സരത്തിൽ 10 ടീമുകൾ യോഗ്യത നേടിയപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ച 8 ടിമുകൾ 2025ൽ നടക്കുന്ന ഐ.സി.സിയുടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലേക്ക് യോഗ്യത നേടുകയും ചെയ്തു. ലോക ക്രിക്കറ്റിൽ താരതമ്യേന കുഞ്ഞന്മാരായിരുന്ന അഫ്ഗാനിസ്ഥാനും നെതർലാൻഡ്‌സും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയപ്പോൾ ക്രിക്കറ്റിന്റെ അധികായകന്മാരായിരുന്ന ഇംഗ്ലണ്ട് പുറത്തായത് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ആവേശഭരിതമാക്കിയ മത്സരങ്ങൾ
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യഘട്ടം മുതൽ ഫൈനൽ മത്സരം നടക്കുന്നതുവരെ ആകെ 48 മാച്ചുകളാണുള്ളത്. കായിക നിരീക്ഷകരുടെ പ്രവചനങ്ങൾ എല്ലാം കാറ്റിൽപ്പറത്തുന്ന നിലയിലുള്ള മത്സരഫലങ്ങൾ ആയിരുന്നു പലതും. അട്ടിമറികൾ കൊണ്ട് സമ്പന്നമായിരുന്നു ഈ ലോകകപ്പ്. തുടക്കക്കാരും ദുർബലരുമായ പല ടീമുകളും ക്രിക്കറ്റിലെ വമ്പൻമാരെ പരാജയപ്പെടുത്തിയതിനും ഈ ലോകകപ്പ് സാക്ഷിയായി. ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ കേവലം ഒരു കായിക പോരാട്ട വേദിയായി മാത്രമല്ല ആളുകൾ കാണുന്നത് .ഒരു വലിയ വികാരമായി ക്രിക്കറ്റിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ ഒന്നിക്കുവാനുള്ള അവസരം കൂടിയാണ് ഇതിലൂടെ സംജാതമാകുന്നത്. കളിക്കാർ തമ്മിലും ആരാധകർ തമ്മിലുമുള്ള സൗഹൃദവും അടുപ്പവും വർദ്ധിക്കുന്നതോടൊപ്പം തന്നെ വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുള്ള ആളുകൾ തമ്മിൽ ഒത്തുചേരുവാനും കളി ആസ്വദിക്കുവാനും കഴിയുന്ന ഇടങ്ങളും രൂപപ്പെടുന്നു. ജയപരാജയങ്ങൾ കളിയുടെ ഭാഗമാണെന്നും മത്സരഫലങ്ങളെ സമചിത്തതയോടു കൂടി ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുവാനും ക്രിക്കറ്റ് പഠിപ്പിക്കുന്നു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കും ക്രിക്കറ്റ് എന്നത് വൈകാരികതയുടെ ഭാഗമാണ്.1983 ൽ കപിൽദേവിന്റെ ചെകുത്താൻമാർ കിരീടം നേടിയതുമുതൽ ആ വൈകാരികത ഇന്ത്യക്കാരുടെ ഭാഗമായി മുന്നോട്ടുപോവുകയാണ് .ക്രിക്കറ്റ് ഇതിഹാസമായ സചിൻ ടെണ്ടുൽക്കർ അംഗമായി 2011 ൽ ധോണിയുടെ നേതൃത്വത്തിൽ വീണ്ടും കപ്പ്‌ ഉയർത്തിയപ്പോൾ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിവാഞ്ച ആളുകളിൽ പ്രകടമായിരുന്നു.അതിനാൽ തന്നെ ആതിഥേയത്വം വഹിച്ച 2023ലെ ലോകകപ്പ് കിരീടം ഇന്ത്യൻ ടീം നേടണമെന്ന തീവ്രമായ പ്രതിക്ഷയോടെയാണ് ഓരോ കളിയും വീക്ഷിച്ചുകൊണ്ടിരുന്നത്. തുടർച്ചയായി നേടിയ 10 ജയങ്ങൾ കപ്പു ഉയർത്തുക എന്ന അടങ്ങാത്ത ആഗ്രഹത്തിന് മൂർച്ച കൂട്ടി. പക്ഷേ ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തിക്കൊണ്ട് ഫൈനൽ അതിജീവനത്തിൽ ഇപ്രാവശ്യവും ഇന്ത്യ പരാജയപ്പെട്ടു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടിം ഇന്ത്യയായിരുന്നു. ഒരു കളിമാത്രമാണ് ഇതുവരെയും പരാജയപ്പെട്ടത്. നിർഭാഗ്യവശാൽ അത് ഫൈനലായി പോയി. ജയപരാജയങ്ങളിലെ യാഥാർത്ഥ്യം പൂർണമായ അർത്ഥത്തിൽ മനസ്സിലാക്കിക്കൊണ്ട് ടീം ഇന്ത്യ തിരികെ വരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പരാജയ കാരണങ്ങളെ പൂർണ്ണമായ അർത്ഥത്തിൽ പരിശോധിച്ചുകൊണ്ടുള്ള തുടർയാത്രയായിരിക്കും ടീം ഇന്ത്യയിൽ നിന്നും തുടർന്ന് ഉണ്ടാവുക.

വമ്പന്മാർ പോരാടിയ സെമി ഫൈനൽ
ലോകകപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരം നവംബർ 15 ന് ഇന്ത്യയുടെ ഭാഗ്യ സ്റ്റേഡിയം ആയ മുംബൈയിലെ വാങ്കഡെയിലാണ് നടന്നത്. സംഘാടകരായ ഇന്ത്യ കരുത്തരായ ന്യൂസിലൻഡുമായി ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 397 എന്ന കൂറ്റൻ സ്കോർ നേടി. രണ്ടാമത് ബാറ്റ് ചെയ്ത ന്യൂസിലൻഡ് 327 റണ്ണിന് ഓൾ ഔട്ടായി. ഇന്ത്യ 70 റൺസിന്റെ ആധികാരിക വിജയം നേടി ഫൈനലിൽ പ്രവേശിച്ചു. നവംബർ 16ന് നടന്ന രണ്ടാം സെമിഫൈനലിൽ തുല്യ ശക്തികളായ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടി. കൽക്കട്ടയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 212 റണ്ണിന് ഓൾ ഔട്ടായി. രണ്ടാമത് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.2 ഓവറിൽ വിജയലക്ഷ്യം നേടി. മൂന്നു വിക്കറ്റ് വിജയത്തോടെ ഫൈനൽ ബർത്ത് സ്വന്തമാക്കി.

മഞ്ഞപ്പടയാളികളുടെ ആറാം കിരീടം
സ്വന്തം മണ്ണിൽ അരങ്ങേറിയ ലോകകപ്പിൽ ഉടനീളം ആധികാരികമായ നിലയിൽ ചാമ്പ്യന്മാരെ പോലെ കളിച്ചു നീങ്ങിയ ടീം ഇന്ത്യ കലാശപ്പോരിൽ ഓസിസിന്റെ കരുത്തിനു മുന്നിൽ നിലംതെറ്റിയത് ആരാധകർക്ക് ഉൾക്കൊള്ളുവാൻ ആയിട്ടില്ല. ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ രണ്ടാം തവണയാണ് ഇന്ത്യ തോൽക്കുന്നത്. 2003ലെ ഫൈനലിൽ സംഭവിച്ച തോൽവിക്ക് കണക്ക് തീർക്കുവാൻ പടപൊരുതിയ ഇന്ത്യയുടെ പോരാട്ടം വിസ്മൃതിയിൽ ആയതിനാണ് ലോകം സാക്ഷിയായത്. 2003ൽ അന്നത്തെ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗ് ആണ് ഇന്ത്യയെ അടിച്ചു തകർത്തതെങ്കിൽ ഇപ്രാവശ്യം ട്രാവിസ് ഹെഡ് എന്ന ബാറ്റർ ആയിരുന്നു ഇന്ത്യയ്ക്കുമേൽ ആധിപത്യം സ്ഥാപിച്ചത്. രണ്ടാമത് ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 47 റൺസ് എടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ആധിപത്യം നേടുവാൻ ഇന്ത്യക്കായെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം ഓസ്ട്രേലിയ ഏറ്റെടുക്കുകയായിരുന്നു. 20 പന്തിൽ 15 ഫോറും നാലു സിക്സറും പായിച്ചുകൊണ്ട് 137 റൺസ് എടുത്താണ് ട്രാവിസ് ഹെഡ് ക്രീസ് വിട്ടത്.

ഇന്ത്യൻ പരാജയത്തിന് കാരണം
ഫൈനൽ മത്സരത്തിൽ നിർഭാഗ്യം പോലെ ടോസ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. വളരെ മികച്ച രീതിയിൽ തുടങ്ങിയ രോഹിത് ശർമ താളം നിലനിർത്തുവാൻ കഴിയാതെ പുറത്തായി. തുടർന്നുവന്ന വിരാട് കോലി, കെ.എൽ രാഹുൽ എന്നിവർ ഒഴികെയുള്ള മറ്റ് ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തത് വലിയ പരാജയത്തിലേക്കാണ് നയിച്ചത്. കഴിഞ്ഞ മത്സരം വരെ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന ശുദ്മാൻ ഗിൽ വളരെ പെട്ടെന്ന് തന്നെ ഔട്ട് ആയത് ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പുറത്തായ മികച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവം ഫൈനലിൽ ഒരുപാട് തിരിച്ചറിഞ്ഞു. സൂര്യകുമാർ യാദവ് വെറും കാഴ്ചക്കാരനായ നിലയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. സൂര്യകുമാറിന് പകരം സഞ്ജു വി സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ രോഷവും ആരാധകർ ഫൈനലിനു ശേഷം പ്രകടിപ്പിച്ചിരുന്നു. ഫൈനലിൽ സൂര്യകുമാർ യാദവിന് പകരം ടീമിന്റെ ഭാഗമായിരുന്ന ആർ.അശ്വിനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ കുറെക്കൂടി മെച്ചപ്പെട്ട പ്രകടനം ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാമായിരുന്നു. ലോകകപ്പ് ഫൈനൽ പോലെ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയനിമിഷത്തിൽ അവസരത്തിനൊത്ത് ഉയരാൻ സാധിക്കാതിരുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രകടനം ഏറെ നിരാശ പടർത്തി. കൂറ്റൻ ടോട്ടൽ പടുത്തുയർത്തുന്നതിന് പകരമായി 240 എന്ന ചെറിയ സ്കോറിൽ ഒതുങ്ങുവാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

ഡ്യൂ എഫക്ട്
2023ലെ നാല് ലോകകപ്പ് മത്സരങ്ങൾക്ക് നരേന്ദ്രമോദി സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മൂന്ന് കളികളും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ടോസ് ലഭിക്കുന്നതിനനുസരിച്ച്‌ കൊണ്ട് കാലാവസ്ഥയുടെ ആനുകൂല്യം വിജയത്തിന് നിർണായകം ആക്കുന്ന തന്ത്രങ്ങൾ ചില ക്യാപ്റ്റന്മാർ ആവിഷ്കരിക്കാറുണ്ട്. കളിയുടെ രണ്ടാംപകുതിയിൽ വൈകുന്നേരം ആകുമ്പോൾ ജലപാഷ്ഠം നിലത്ത് ഘനീഭവിച്ച്‌ വഴുവഴുപ്പുള്ള പ്രതലം സൃഷ്ടിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ബൗളർമാർക്ക് പ്രത്യേകിച്ച്‌ സ്പിന്നർമാർക്ക് പന്ത് പിടിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഫാസ്റ്റ് ബൗളർമാർക്ക് സ്വിങ്ങും സിമും സൃഷ്ടിക്കുന്നതിലും കൂടുതൽ പ്രശ്‌നം ഉണ്ടാക്കുന്നു. വഴുവഴുപ്പുള്ള ക്രിക്കറ്റ് ഫീൽഡിൽ ഫീൽഡിങ്ങും കൂടുതൽ ദുഷ്കരമാക്കുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിംഗ്സിൽ കളിക്കുന്ന ചെയ്സിങ് ടീമുകൾക്ക് ഈ മഞ്ഞു ഘടകം വലിയ നേട്ടം സംഭാവന ചെയ്യുന്നു. ഇതിലൂടെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കൂടുതൽ അനുകൂലമായ സാഹചര്യം ഒരുങ്ങുന്നു. ക്രിക്കറ്റ് പിച്ചിന്റെയും ക്രിക്കറ്റ് ബോളിന്റെയും സ്വഭാവത്തിൽ മാറ്റം വരുത്തുവാൻ മഞ്ഞിനു കാര്യമായ സ്വാധീനം ചെലുത്തുവാൻ കഴിയുന്നു. അധികമായ ഈർപ്പം അസ്ഥിരമായ ബൗൺസിനും ഉപരിതലത്തിൽ നിന്ന് പ്രവചനാതീതമായ ചലനത്തിനും ഇടയാക്കുന്നു. പിച്ചിൽ നിന്നോ ഔട്ട് ഫീൽഡിൽ നിന്നോ ഈർപ്പം ആഗിരണം ചെയ്യുന്ന ഒരു ക്രിക്കറ്റ് പന്തിനു ഭാരമേറുകയും, കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും തിളക്കം നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായേക്കാം. പലപ്പോഴും നനഞ്ഞ പിച്ച്‌ ശരിയായ ബൗൺസ് നൽകുകയും ബാറ്റർമാർക്ക് ഡെലിവറികളുടെ ഗതി നിർണയിക്കുന്നതിന് എളുപ്പമാക്കുകയും ചെയ്യുന്നു. ക്രിക്കറ്റിൽ പൊതുവേ ഇതിനെ ഡ്യൂ ഫാക്ടർ എന്നാണ് വിളിക്കുന്നത്. സമാനമായ സാഹചര്യം ഇന്നലെ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലും സംഭവിച്ചു. ടോസ് ലഭിച്ച ഓസ്ട്രേലിയ ഡ്യൂ എഫക്ടിലൂടെ ലഭിക്കുന്ന അനുകൂല സാഹചര്യം മുതലെടുക്കാമെന്ന് പ്രതീക്ഷയാലാണ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചത്. അവർ പ്രയോഗിച്ച തന്ത്രം വളരെ ഫലപ്രദമായ രീതിയിൽ തന്നെ പിന്നിട് സംഭവിക്കപ്പെട്ടു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ വളരെ താഴ്ന്ന സ്കോറിൽ ഇന്ത്യയെ പിടിച്ചുകെട്ടുവാനും തുടർന്ന് കളിക്കളത്തിലെ ആനുകൂല്യം മുതലാക്കി നന്നായി ബാറ്റ് ചെയ്ത് ഇന്ത്യയെ പരാജയപ്പെടുത്തുവാനും ഓസ്ട്രേലിയക്ക് കഴിഞ്ഞു.

ക്രിക്കറ്റ് പ്രൊഫഷണലിസത്തിന് മാതൃകയായ ഓസ്ട്രേലിയ
യാതൊരു പിന്തുണയും നൽകാത്ത കാണികൾക്കുമുന്നിൽ വിജയിക്കുക എന്നത് ഭീകരമായ വെല്ലുവിളിയാണ്. ഇന്ത്യക്കുവേണ്ടിയുള്ള ആർപ്പുവിളികളും ആരവങ്ങളും മാത്രമേ ഗ്യാലറിയിൽ നിന്ന് ഉയർന്നുവരികയുള്ളൂ എന്ന് ഓസ്ട്രേലിയക്ക് നന്നായി അറിയാമായിരുന്നു. ആരാധകരുടെ പിന്തുണയില്ലാതെ വിജയത്തിലേക്ക് ഉയർന്നുവരിക എന്നുള്ള ലക്ഷ്യമാണ് അവർ സാക്ഷാത്കരിച്ചത്. ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ച രോഹിത് ശർമ സ്വതസിദ്ധമായ ശൈലിയിൽ ആഞ്ഞടിച്ച ആദ്യ പത്ത്‌ ഓവർ മാത്രമായിരുന്നു ഫൈനലിലെ ഇന്ത്യയുടെ മേൽക്കൈ. തുടർച്ചയായി 10 വിജയങ്ങളോടെ അപരാജിത കുതിപ്പ് തുടർന്ന ഇന്ത്യക്കുമേൽ ക്രിക്കറ്റ്‌ പ്രൊഫഷണൽ സാധ്യതകളെയെല്ലാം ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ശക്തമായ ആധിപത്യം സൃഷ്ടിക്കുവാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞത്. 2003ലെ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് തിരിച്ചടി നൽകുമെന്ന ഉറച്ച വിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെയാണ് സ്വന്തം തട്ടകത്തിൽ ആധികാരികതയോടെ അട്ടിമറിച്ചത്. ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരകളിൽ തുടരെ തോൽവികൾ ഏറ്റുവാങ്ങിയാണ് പാറ്റ് കമിൻസും സംഘവും ഇന്ത്യയിലേക്ക് എത്തിച്ചേർന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടും അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും തോറ്റതോടെ കമൻസിന്റെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോയി ആറാം തവണ ലോക കിരിടം ഒന്നരലക്ഷത്തോളം കാണികളെ നിശബ്ദരാക്കിക്കൊണ്ട് അവർ നേടിയെടുത്തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − seven =

Most Popular