Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്തൊഴിൽ ദിനത്തിന്റെ ദൈർഘ്യം: നാരായണ മൂർത്തിയുടെ നിർദേശങ്ങൾ

തൊഴിൽ ദിനത്തിന്റെ ദൈർഘ്യം: നാരായണ മൂർത്തിയുടെ നിർദേശങ്ങൾ

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 16

ന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ പണിയെടുക്കണമെന്ന് ഇൻഫോസിസ് സ്ഥാപകരിലൊരാളായ നാരായണ മൂർത്തി. അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ ഉല്പന്നങ്ങളുടെ മത്സരാത്മകത വളർത്താൻ ഇതാണ് പോംവഴിയെന്നും മറ്റ് വികസിത രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിലെ ഉത്പാദനക്ഷമത വളരെ കുറവാണെന്നും ഒരു പോഡ്കാസ്റ്റിൽ മൂർത്തി അഭിപ്രായപ്പെട്ടു. ചൈനയെയും ജപ്പാനെയും പോലെ ഇന്ത്യ വളരണമെങ്കിൽ തൊഴിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് മൂർത്തിയുടെ അഭിപ്രായം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള കാലത്തെ ജർമനിയുടെയും ജപ്പാന്റെയും വളർച്ച ഇത്തരത്തിൽ സാധ്യമായതാണെന്ന ചില ചരിത്രപരമായ ഉദാഹരണങ്ങളും ഇതിനു ബലം പകരാൻ മൂർത്തി ചൂണ്ടിക്കാട്ടി. സമാനമായ പ്രതികരണങ്ങൾ കോർപറേറ്റ് ലോകത്തുനിന്നും ഇതിനു മുൻപും ഉയർന്നു കേട്ടിട്ടുണ്ട്. അലിബാബയുടെ സിഇഒ ജാക്ക്മാ 996 എന്നൊരു നിർദേശം ഒരിക്കൽ മുന്നോട്ടു വെച്ചിരുന്നു. 9 മണി മുതൽ 9 മണി വരെ ജോലി സമയം ആഴ്ചയിൽ 6 പ്രവൃത്തി ദിവസം ഇതായിരുന്നു ഉത്പാദനക്ഷമത കൂട്ടാൻ ജാക്ക്മാ നിർദേശിച്ച പോംവഴി. ട്വിറ്റർ ഏറ്റെടുത്തതിനുശേഷം എലോൺ മസ്ക് തൊഴിലാളികളോട് ആവശ്യപ്പെട്ടത് ആഴ്ചയിൽ 100 മണിക്കൂർ പണിയെടുക്കാനാണ്. കഠിനാധ്വാനമാണ് ജീവിത പുരോഗതിയുടെ അടിസ്ഥാനമെന്ന പൊതുതത്വത്തെ പിൻപറ്റി കടന്നുവരുന്ന ഇത്തരം പ്രസ്താവനകളിൽ അന്തർലീനമായിരിക്കുന്ന അടിസ്ഥാന പരികല്പനകളും വസ്തുതകളും ആഴത്തിലുള്ള പരിശോധന അർഹിക്കുണ്ട്.

തൊഴിൽദിനത്തിന്റെ ദൈർഘ്യത്തെക്കുറിച്ച് മാർക്സ് നടത്തിയ നിരീക്ഷണങ്ങൾ ഏറ്റവും മൗലിക സ്വഭാവത്തിലുള്ളതാണ്. ഒരു കുതിരയുടെ ഒരു ദിവസത്തെ പ്രവൃത്തിദിവസത്തെ നിശ്ചയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് മാർക്സ് മൂലധനത്തിൽചോദിക്കുന്നുണ്ട്. തൊഴിലാളികളെപ്പോലെ സംഘടിക്കാനും പ്രതിഷേധിക്കാനും തൊഴിൽസമയം കുറപ്പിക്കാനുമൊന്നും പാവം കുതിരയ്ക്കാവില്ലല്ലോ. എങ്കിലും അതിനെക്കൊണ്ട് പരമാവധി പണിയെടുപ്പിക്കുന്നതിനു ചില പരിധികളുണ്ട്. മനുഷ്യനെപ്പോലെ ബൗദ്ധികമായ ആവശ്യങ്ങളോ ഉല്ലാസങ്ങളോ ഒന്നും വേണ്ടെങ്കിലും വിശ്രമവും ഉറക്കവും കുതിരയ്ക്കും ആവശ്യമാണ്.

മനുഷ്യന്റെ കാര്യവും അങ്ങിനെ തന്നെ. ദിവസത്തിന്റെ ഒരംശത്തിൽ അധ്വാനശക്തി പ്രദാനംചെയ്യുന്ന ജീവിക്ക് – അത് മനുഷ്യനായാലും കുതിരയായാലും – വിശ്രമവും ഉറക്കവും ആവശ്യമുണ്ട്. മാറ്റൊരംശത്തിൽ ശാരീരികമായ മറ്റാവശ്യങ്ങൾ നിർവഹിക്കണം. ഭക്ഷണം, കുളി, വസ്ത്രധാരണം ഇതെല്ലം വേണം. ഇത്തരത്തിലുള്ള ശാരീരികമായ പരിമിതികൾക്കു പുറമെ, തൊഴിൽ ദിനത്തിന്റെ ദൈർഘ്യത്തിന് ധാർമികമായ പരിമിതികളെയും നേരിടേണ്ടതുണ്ട്. തൊഴിലാളിക്ക് അവന്റെ ബുദ്ധിപരവും സാമൂഹ്യവുമായ ആവശ്യങ്ങൾക്ക് സമയം വേണം. അതിന്റെ വ്യാപ്തിയും അളവും നിർണയിക്കുന്നത് അതാതുകാലത്തെ സമൂഹത്തിന്റെ പുരോഗതിയാണ് . തൊഴിൽദിനത്തിന്റെ ഏറ്റക്കുറവ് ശാരീരികവും സാമൂഹ്യവുമായ അതിർത്തിക്കുള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് എട്ടും പത്തും പന്ത്രണ്ടും പതിനാലും പതിനെട്ടും മണിക്കൂറുള്ള തൊഴിൽ ദിനങ്ങൾ നമുക്ക് കാണാൻ കഴിയും എന്ന് മാർക്സ് വ്യക്തമാക്കുന്നു.

അധ്വാനശക്തിയെ മുതലാളി ദിവസനിരക്കിൽ വിലകൊടുത്തു വാങ്ങും. ഒരു തൊഴിൽ ദിവസത്തിൽ അതിന്റെ ‘ഉപയോഗ മൂല്യം’ അയാൾക്കുള്ളതാണ്. തൊഴിലാളിയെക്കൊണ്ട് തനിക്കുവേണ്ടി ഒരു ദിവസം ജോലി ചെയ്യിക്കാനുള്ള അവകാശം അയാൾ സമ്പാദിച്ചിരിക്കുന്നു. അപ്പോൾ എന്താണ് തൊഴിൽ ദിനം?

പ്രകൃത്യായുള്ള ഒരു ദിവസത്തിൽ കുറവാണത്. എന്നാൽ എത്ര മാത്രം? മൂലധനത്തിന് (മുതലാളി മൂലധനത്തിന്റെ മൂർത്തീകരണം മാത്രമാണ്. അയാളുടെ ആത്മാവ്’ മൂലധനത്തിന്റെ ആത്മാവാണ്) ഒരൊറ്റ സജീവ പ്രചോദനമാണുള്ളത്: പരമാവധി മിച്ചമൂല്യം ഊറ്റിയെടുക്കുക.

മൂലധനത്തിന്റെ സ്വഭാവത്തെകുറിച്ചുള്ള മാർക്സിന്റെ ഏറ്റവും ശ്രദ്ധേയവും കാവ്യാത്മകവുമായ നിരീക്ഷണമാണ് തുടർന്നുള്ളത് . “ജീവിക്കുന്ന അധ്വാന ശക്തിയെ ഊറ്റിക്കുടിച്ച് രക്തരക്ഷസിനെപ്പോലെ അതുകൊണ്ടു മാത്രം ജീവിക്കുന്ന മരിച്ച അധ്വാനമാണ് മൂലധനം. എത്രയും കൂടുതൽ അധ്വാനശക്തി അത് കുടിക്കുന്നുവോ അത്രയും കൂടുതൽ കാലം അത് ജീവിക്കും’’.

തൊഴിൽദിനം എന്ന സങ്കല്പത്തിൽ അന്തർലീനമായ വസ്തുതകൾ ഇതിലും ഗഹനമായി അതേസമയം ലളിതമായി ആവിഷ്‌കരിക്കുന്ന മറ്റൊരു ചിന്ത ഒരുപക്ഷേ വേറെ ഉണ്ടാകില്ല. മാർക്സിന്റെ വാദം പൂർണമായും മനസ്സിലാക്കണമെങ്കിൽ മിച്ചമൂല്യം എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു എന്നതുകൂടി മനസിലാക്കേണ്ടി വരും.

ചരക്കുകളുടെ വില നിശ്ചയിക്കുന്നത് അതിന്റെ ഉല്പാദനത്തിനാവശ്യമായ അധ്വാന സമയത്തിന്റെ അടിസ്ഥാനത്തിലാണ്. തൊഴിലാളിയുടെ അധ്വാനശക്തിയും മുതലാളിത്ത വ്യവസ്ഥയിൽ ഒരു ചരക്കാണ്.

ഒരു തൊഴിലാളിയുടെ ശരാശരി ദൈനംദിന ജീവനോപാധികൾ ഉല്പാദിപ്പിക്കുന്നതിന് 6 മണിക്കൂർ ആവശ്യമാണെങ്കിൽ അവന്റെ ഒരു ദിവസത്തെ അധ്വാനശക്തി ഉല്പാദിപ്പിക്കുന്നതിന് ഓരോ ദിവസവും അവൻ 6 മണിക്കൂർ പണിയെടുക്കണം . ഇതൊരു നിശ്ചിത സംഖ്യയാണ്. പക്ഷേ ഇതുകൊണ്ടുമാത്രം തൊഴിൽ ദിനത്തിന്റെ നീളത്തെ നമുക്ക് മനസ്സിലാകില്ല

മാർക്സ് ഇതിനെ ഗ്രാഫിക്കലായി അവതരിപ്പിക്കുന്നുണ്ട് .

A ——————— B ——————– C

ഒരു തൊഴിലാളി ആകെ ഒരു ദിവസം ചെലവഴിക്കുന്ന തൊഴിൽ സമയമാണ് AC എന്ന വര. ‘ആവശ്യമായ തൊഴിൽ സമയത്തിന്റെ’ ദൈർഘ്യമാണ് AB എന്ന വര . എന്ന് പറഞ്ഞാൽ ദിവസവും രാവിലെ എണീറ്റ് ജോലിക്കു പോകാൻ തക്ക ശേഷിയിൽ തന്റെ ശരീരത്തെയും മനസിനെയും രൂപപ്പെടുത്തിയെടുക്കാൻ ആവശ്യമായ പണം കണ്ടെത്താനുള്ള സമയം. ഇവിടെ ഇത് 6 മണിക്കൂർ എന്ന് നമുക്ക് സങ്കല്പിക്കാം. BC എന്ന വര ‘ആവശ്യമായ തൊഴിൽ സമയത്തിനു’ പുറമെ തൊഴിലാളി എടുക്കുന്ന പണിയാണ്. ഇത് എത്ര വേണമെങ്കിലും നീളാം. അത് നാരായണമൂർത്തി പറഞ്ഞതുപോലെ 12 മണിക്കൂറാവാം. അങ്ങിനെയെങ്കിൽ ‘ആവശ്യമായ തൊഴിൽ സമയത്തിനു’ പുറമെ ഒരു തൊഴിലാളി 6 മണിക്കൂർ കൂടി പണിയെടുക്കും. ഈ സമയം തൊഴിലാളിക്കവകാശപ്പെട്ടതല്ല, മുതലാളിയുടേതാണ്. നാരായണമൂർത്തിയുടെ ഇൻഫോസിസിൽ പണിയെടുക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് കൊടുക്കുന്ന വേതനം 6 മണിക്കൂറിന്റേതാണ് എന്ന് വിചാരിക്കുക. അയാൾ മൂർത്തി പറയുന്നതുപോലെ 12 മണിക്കൂർ പണിയെടുത്താൽ അതിൽ ബാക്കി വരുന്ന 6 മണിക്കൂർ മൂർത്തി എന്ന മുതലാളിക്ക് അല്ലെങ്കിൽ ഇൻഫോസിസ് കമ്പനിയുടെ ലാഭം പങ്കുപറ്റുന്ന ഷെയർ ഉടമയ്‌ക്കുള്ളതാണ്.

ഇന്ന് നിയമപ്രകാരം 8 മണിക്കൂറാണ് ഒരു തൊഴിലാളി പണിയെടുക്കുന്നത്. അപ്പോൾ 6 മണിക്കൂർ പണിക്ക് തൊഴിലാളിക്ക് ‘ആവശ്യമായ തൊഴിൽ സമയത്തിന്റെ’ കൂലി കിട്ടും. ബാക്കി 2 മണിക്കൂറേ മൂർത്തിക്കും ഇൻഫോസിസിനും കിട്ടുന്നുള്ളൂ. ഈ രണ്ടു മണിക്കൂർ 4 മണിക്കൂർ ആക്കിയാൽ ഇവർക്ക് കിട്ടുന്ന ലാഭം ഇരട്ടിയാകും, 6 മണിക്കൂറാണെങ്കിൽ മൂന്നിരട്ടിയാകും. അപ്പോൾ നാരായണമൂർത്തിയുടെ ആവശ്യം വളരെ ന്യായം തന്നെ. ഇനി 6 മണിക്കൂറിൽ കൂടുതൽ പണിയെടുക്കുന്ന ഓരോ മണിക്കൂറിനുമനുസരിച്ച് തൊഴിലാളിക്ക് കൂലി കൂട്ടിക്കൊടുത്താൽ എന്ത് മെച്ചമാണ് മൂർത്തിക്കും ഇൻഫോസിസിനും അല്ലെങ്കിൽ തൊഴിലാളിക്കല്ലാതെ മറ്റാർക്കെങ്കിലും കിട്ടുക?

അങ്ങിനെയെങ്കിൽ അധ്വാന സമയം കൂട്ടുന്നതുകൊണ്ട് ഉല്പാദനക്ഷമത കൂടുമെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ഉത്പാദനക്ഷമത പല രീതിയിൽ കൈവരിക്കാവുന്ന ഒന്നാണ്. കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ ഉപയോഗിച്ചാൽ ഒരു മണിക്കൂറിൽ ഉണ്ടാക്കുന്ന ഉല്പന്നങ്ങളുടെ അളവ് കൂട്ടാം. കൂലി നിശ്ചിത അളവിൽ നിലനിർത്തിക്കൊണ്ട് തൊഴിൽദിനത്തിന്റെ അളവ് കൂട്ടിയാലും സാങ്കേതികമായി ഉല്പാദനക്ഷമത കൂടും. ഇവിടെ മൂർത്തി ഉദ്ദേശിക്കുന്നതെന്താണ്. കൂലി കൂടുതൽ തരില്ല, പണി കൂടുതലെടുക്കണം എന്നല്ലേ. കാരണം കൂലി കൂട്ടിയാൽ ഉല്പാദനക്ഷമത കൂടില്ല. ഇനി മറ്റൊരു സാധ്യത, അധ്വാനസമയം കൂട്ടുമ്പോളുണ്ടാകുന്ന അധിക വരുമാനം തൊഴിലാളിയുമായി പങ്കുവെയ്ക്കുക എന്നതാണ് . കാശ് കൂടുതൽ കിട്ടാൻ വേണ്ടി കൂടുതൽ’ സമയം തൊഴിലാളി പണിയെടുക്കുക. കൂടുതൽ ലാഭമുണ്ടാക്കാൻ വേണ്ടി തൊഴിലാളിയെക്കൊണ്ട് കൂടുതൽ സമയം പണിയെടുപ്പിക്കുക. ഇതുമൊരു സാധ്യതയാണ്. പക്ഷേ ഇവിടെ തൊഴിലാളി മറ്റ് പലതും കോംപ്രമൈസ് ചെയ്യുകയാണ്. അയാളുടെ വിശ്രമ സമയം, കുടുംബത്തിൽ ചിലവഴിക്കുന്ന സമയം, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുന്ന സമയം എന്നിങ്ങനെ പലതും. ഏറെക്കാലം സമരം ചെയ്തും സംഘർങ്ങളിലൂടെ കടന്നുപോയും തൊഴിലാളികൾ നേടിയെടുത്തതാണ് 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന അവകാശങ്ങൾ. അതിന്റെ ചരിത്രപരമായ പരിണാമങ്ങൾ മറ്റൊരു വിഷയമാണ്. അതിലേക്ക് ഇവിടെ കടക്കുന്നില്ല. അതിൽ നിന്ന് തിരിച്ചുപോകണമെന്നാണ് മൂർത്തിയും ജാക്ക്മായും മസ്കുമൊക്കെ പറയുന്നത്.

അപ്പോൾ മൂർത്തിയുടെ തൊഴിൽസമയം കൂട്ടുന്ന പരിപാടിയിൽ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും സൈദ്ധാന്തികമായി അടങ്ങിയിട്ടുണ്ട് എന്ന് കാണാം. ഇനി മൂർത്തിയുടെ നിർദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ചുറ്റുപാടുകളുമായി എത്രകണ്ട് ചേർന്നു നിൽക്കുന്നവയാണ് എന്ന് പരിശോധിക്കാം. അതുപോലെ ചൈനയുടെയും ജർമനിയുടേയും കൊറിയയുടേയുമൊക്കെ ഉദാഹരണങ്ങൾ നിരത്തിയതിൽ എത്ര കണ്ട് വസ്തുതകളുണ്ടെന്നും.
(തുടരും)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + nineteen =

Most Popular