ഒരു രാജ്യത്തിന്റെ കായിക മികവ് വിലയിരുത്തുന്നത് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര കായിക മേളകളിൽ കരസ്ഥമാക്കുന്ന സുപ്രധാന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ പ്രകടനം അത്യന്തം നിരാശാജനകമാണ്. 200ലധികം രാജ്യങ്ങൾ പങ്കെടുത്ത പാരീസ് ഒളിമ്പിക്‌സിൽ മുൻതവണത്തെ നിലപോലും മെച്ചപ്പെടുത്താനാകാതെ ചുവടുപിഴച്ചത് ഇന്ത്യൻ കായികരംഗത്തിന്റെ തകർച്ചയുടെ തെളിവായി. ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത് 124 വർഷം പിന്നിടുമ്പോൾ കേവലം വിരലിലെണ്ണാവുന്ന മെഡലുകൾ മാത്രമാണ് രാജ്യത്തിനുനേടുവാൻ കഴിഞ്ഞിട്ടുള്ളത്. അമേരിക്കയുടെ ഇതിഹാസ നീന്തൽ താരമായ മൈക്കിൾ ഫെൽപ്സ് 4 ഒളിമ്പിക്സുകളിൽ പങ്കെടുത്ത് വ്യക്തിഗതമായി നേടിയ മെഡലുകളുടെ എണ്ണം പോലും ഇതുവരെയായിട്ടും ഇന്ത്യയ്ക്ക് കരസ്ഥമാക്കുവാൻ ആയിട്ടില്ല എന്നുള്ളത് നിരാശാജനകമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാവിഭാഗം ജനങ്ങൾക്കും ഗുണമേൻമയുള്ള കായിക സൗകര്യങ്ങളും അവസരങ്ങളും ലഭ്യമാകുന്നുവെന്ന നലയിലുള്ള സമ്പൂർണ്ണമായ ജനാധിപത്യവൽക്കരണം ഉണ്ടാകേണ്ടതുണ്ട്. ഇതിനായി കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ, കായികസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സമ്പൂർണ്ണ സഹകരണം ആവശ്യമുള്ള ബഹുമുഖകാഴ്ചപ്പാടായിവേണം ഇതിനെ വീക്ഷിക്കേണ്ടത്. സംഘപരിവാർ രാഷ്ട്രീയഅതിപ്രസരം രാജ്യത്തെ കായികരംഗത്തും സ്ഥാപിക്കുന്ന അത്യന്തം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് വർത്തമാനകാല ഇന്ത്യൻ കായികലോകം കടന്നുപോകുന്നത്. ലോകമെമ്പാടുമുള്ള ജി.ഡി.പിയുടെ കായികരംഗത്തു നിന്നുള്ള ശരാശരി സംഭാവന പരിശോധിക്കുമ്പോൾ തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ളവയിൽനിന്നും വളരെപരിമിതമായ സംഭാവന മാത്രമാണ് ഇന്ത്യയുടെ ഭാഗമായി നൽകുന്നത്.
കായിക കേരളത്തോടുള്ള കേന്ദ്രസർക്കാർ അനാസ്ഥ
ജാതിമതവർഗവർണ വ്യത്യാസങ്ങൾക്കതീതമായി മാനവികതയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാനാണ് സ്പോർട്സ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്. വികസനത്തെ സംബന്ധിച്ച് വളരെ സമഗ്രവും വ്യക്തവുമായ കാഴ്ചപ്പാടുമായാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സർക്കാറുകൾ എല്ലാകാലവും പ്രവർത്തിക്കുന്നത്. കേരളസമൂഹത്തിന് ആവശ്യമായ അടിസ്ഥാന കായിക സൗകര്യങ്ങളുടെ ലഭ്യത, ഗുണനിലവാരമുള്ള കായികപഠനം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള സംഘടിതവും ബോധപൂർവവുമായ കായിക വികസന കാഴ്ചപ്പാടുമായാണ് കേരളം എപ്പോഴും മുന്നോട്ട് കുതിക്കുന്നത്. വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ അടിസ്ഥാനതലം മുതൽ വരേണ്യവർഗം വരെയുള്ള എല്ലാവരിലും കായിക പങ്കാളിത്തവും മനോഭാവവും പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുകയെന്നതും കായിക വികസനത്തിന്റെ പരമപ്രധാനമായ ഘടകമാണ്. സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി സംസ്ഥാനത്തോട് പുലർത്തുന്ന അവഗണനയ്ക്കൊപ്പം കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയും മെല്ലപ്പോക്കും തുടരുകയാണ്. കായികമേഖലയിൽ സമഗ്രവികസനത്തിന് പ്രോത്സാഹനം നൽകുന്നതിനുപകരം കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള വലതുപക്ഷ ഫാസിസ്റ്റ് സംസ്ഥാനങ്ങൾക്ക് മാത്രമായി കായിക വികസനഫണ്ടുകൾ അനുവദിക്കുന്നതും മറ്റുസംസ്ഥാനങ്ങളെ പിന്നോട്ടടിക്കുന്നതിന് ഇടവരുത്തുന്നു. കായികമേഖലയുടെ പുരോഗതിക്കുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള ഖേലോ ഇന്ത്യ ഫണ്ട് പരിശോധിക്കമ്പോൾ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആകെത്തുകയുടെ ഭൂരിഭാഗവും നൽകുന്നത്. ആകെ നീക്കിവച്ച 2168.78 കോടിയിൽ 438.27 കോടി ഉത്തർപ്രദേശിനും 426.13 കോടി ഗുജറാത്തിനും അനുവദിച്ചു. എന്നാൽ ബി.ജെ.പി. വിരുദ്ധ സർക്കാറുകൾ ഭരിക്കുന്ന കേരളം,തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വളരെ തുച്ഛമായ തുകമാത്രമാണ് അനുവദിച്ചത്. ഇന്ത്യയുടെ കായികഭൂപടത്തിൽ സമഗ്രമായ സംഭാവന നൽകിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ടീമുകളിലെ പ്രാതിനിത്യം പരിശോധിക്കുമ്പോൾ ഏതെങ്കിലും ഒരു മലയാളിതാരത്തിന്റെ സ്ഥിരം സാന്നിധ്യം മിക്കവാറും എല്ലാ ടീമുകളിലും ഉണ്ടാകും. ഇത്തരത്തിൽ കായിക വികസനത്തിനുവേണ്ടി സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാ കാലവും അവഗണനമാത്രം നൽകുന്നത് അംഗീകരിക്കാനാവില്ല.
കേരളവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ചിന്ത കേന്ദ്രസർക്കാരിനെ നയിക്കുന്നവർക്കുണ്ടാകണം. വികസനത്തിന്റെ സമസ്തമേഖലകളും പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ സാമ്പത്തികമായി അരക്ഷിതാവസ്ഥയിലേക്ക് നയിക്കുവാനുള്ള സമീപനമാണ് കേന്ദ്രസർക്കാർ കഴിഞ്ഞകുറേക്കാലമായി സ്വീകരിക്കുന്നത്. എന്നാൽ ഇതിനുബദലായി കേരളത്തിലെ ഇടതുപക്ഷ പുരോഗമന സർക്കാർ ഓരോഘട്ടത്തിലും അധികവരുമാനം കണ്ടെത്തി കായികവികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സജീവമായ പുരോഗതിയോടെ മുന്നോട്ടുപോകുന്നതിനുള്ള ശക്തമായ പ്രവർത്തനമാണ് സ്വീകരിക്കുന്നത്.
പാരീസിലെ അപ്രതീക്ഷിത ഇന്ത്യൻ പതനം
33‐ാമത് ഒളിമ്പിക്സിന് പാരീസിൽ തിരശ്ശീല വീണപ്പോൾ ഒരു വെള്ളിയും അഞ്ചുവെങ്കലവും ഉൾപ്പെടെ കേവലം ആറുമെഡലുകൾ മാത്രമാണ് ഇന്ത്യക്ക് നേടുവാനായത്. ഏഷ്യൻ ഗെയിംസിൽ 100 മെഡലുകളിൽ കൂടുതൽ നേടിയതിന്റെ ആത്മവിശ്വാസത്തോടുകൂടിയാണ് ടീം ഇന്ത്യ പാരീസിലേക്ക് യാത്രയായത്. ഇത്തവണ 10 ഒളിമ്പിക് മെഡലുകൾ എങ്കിലും നേടുമെന്ന ഉറച്ച പ്രതീക്ഷപുലർത്തിയിരുന്നു. മെഡലുകൾ ഉറപ്പായും നേടുമെന്ന് സാധ്യത കൽപ്പിച്ചിരുന്ന പല താരങ്ങളും അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. 2020 ലെ ടോക്കിയോ ഒളിമ്പിക്സിൽ 48‐ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ പാരീസിൽ എത്തിയപ്പോൾ 71‐ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ കായികരംഗത്ത് നിലനിൽക്കുന്ന ഏകാധിപത്യ നിലപാടുകളും രാഷ്ട്രീയഇടപെടലുകളും ദീർഘ വീക്ഷണമില്ലാത്ത മത്സരതയ്യാറെടുപ്പുകളും ഗൗരവകരമായി വിശകലനം ചെയ്യണമെന്ന പാഠമാണ് പാരീസിലെ നിരാശാജനകമായ പരാജയം രാജ്യത്തെ പഠിപ്പിക്കുന്നത്. ജനസംഖ്യയിൽ സമ്പന്നമായ ഇന്ത്യയ്ക്ക് ഒളിമ്പിക് വേദിയിൽ ഒരു സ്വർണ്ണം പോലും നേടാനാകാത്തതിന്റെ യഥാർത്ഥകാരണം മനസിലാക്കേണ്ടതുണ്ട്. രണ്ടുലക്ഷത്തിനുതാഴെ ജനസംഖ്യയുള്ള സെന്റ്ലൂസിയ എന്ന ചെറുദ്വീപ് രാഷ്ട്രം പോലും സ്വർണം നേടിമെഡൽ പട്ടികയിൽ ഇന്ത്യയുടെ മുന്നിലെത്തി. ഇതുകൂടാതെ ലോകത്തിലെ ദരിദ്രരാഷ്ട്രങ്ങളായ കെനിയയും ഉഗാണ്ടയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും നിരവധി സ്വർണ്ണത്തിളക്കമുണ്ട്. യുദ്ധക്കെടുതികൾക്കിടയിൽനിന്നും സധൈര്യം എത്തിയ ഉക്രൈൻ താരങ്ങൾ 3 സ്വർണ്ണം ഉൾപ്പെടെനേടി മികച്ചപ്രകടനം കാഴ്ചവച്ചു. പ്രബല കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബ രണ്ട് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ നേടി മികച്ചുനിന്നു. പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനുവേണ്ടി കേന്ദ്രകായികമന്ത്രാലയം 470 കോടി രൂപയാണ് പലവിധരീതികളിൽ ചെലവഴിച്ചത്. അത്ലറ്റിക്സിനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 96.08 കോടിയാണ് 29 അംഗടീമിനായി ഉപയോഗിച്ചത്. ബാഡ്മിന്റൺ 72.02 കോടി, ബോക്സിങ് 60.93 കോടി, ഷൂട്ടിങ് 60.43 കോടി, ഹോക്കി 41.29 കോടി, അമ്പെയ്ത്ത് 39.18 കോടി എന്നിങ്ങനെയാണ് പ്രധാന ഇനങ്ങൾക്ക് ചെലവഴിച്ച തുക.
നിരവധിതാരങ്ങൾക്ക് വിദേശപരിശീലനം, അന്തർദേശീയമത്സര പങ്കാളിത്തം, ടീമിനൊപ്പം അനുഗമിച്ച 13 അംഗമെഡിക്കൽ സംഘം തുടങ്ങി മുമ്പെങ്ങുമില്ലാത്ത വിപുലമായ സൗകര്യങ്ങളോടെയാണ് ഇന്ത്യ പാരീസിൽ എത്തിയത്. കായിക രംഗത്തെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന താരങ്ങൾക്കെതിരായി കേന്ദ്രകായികമന്ത്രാലയം കഴിഞ്ഞ കുറേക്കാലങ്ങളായി സ്വീകരിക്കുന്ന സമീപനവും പലപ്പോഴായി നടപ്പിലാക്കുന്ന വികലമായ കായികനയവും കായിക രംഗത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്നകാഴ്ചയാണ് കാണുവാൻകഴിയുന്നത്. അന്തർ ദേശീയരംഗത്ത് കായിക മികവുകൾ കരസ്ഥമാക്കിയ രാജ്യാന്തര വനിതാ ഗുസ്തിതാരങ്ങൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ ഉണ്ടായിട്ടുപോലും അനുയോജ്യമായരീതിയിൽ കൈകാര്യം ചെയ്യുവാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞില്ല. അനുകൂലമായ പിന്തുണ ലഭിക്കാത്തതു കാരണം ദേശീയ ഗുസ്തിഫെഡറേഷനെതിരെ തെരുവിൽ സമരത്തിനുവരെ ഇറങ്ങേണ്ട ഗതികേടിലേക്ക് വനിതാ ഗുസ്തിതാരങ്ങളെ നയിച്ചു.
ആസൂത്രണമില്ലായ്മ പരാജയത്തിന്റെ ആഴം വർദ്ധിപ്പിച്ചു
ഒളിമ്പിക്സ് പ്രകടനം ലക്ഷ്യമിട്ടുകൊണ്ടുമാത്രം ആരംഭിച്ച ടാർഗറ്റ് ഒളിക്സ് പോഡിയം, മിഷൻ ഒളിമ്പിക്സെൽ, ഇന്റർനാഷണൽ എക്സ്പോഷർ ഉൾപ്പെടെയുള്ള പദ്ധതികൾക്കുമാത്രം കോടിക്കണക്കിനുരൂപയാണ് നിലവിൽ ചിലവായിട്ടുള്ളത്. യാതൊരുതരത്തിലുള്ള ദീർഘവീക്ഷണവുമില്ലാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കി ഗുരുതരവും അശാസ്ത്രീയവുമായ സാമ്പത്തിക വിനിയോഗമാണ് നടത്തിയത്. ഇന്ത്യൻ താരങ്ങളെ അനുഗമിച്ച കായിക പരിശീലകർക്കും സഹഒഫീഷ്യൽസിനും മെഡൽ നേടുവാൻ കഴിയുന്ന നിലയിലുള്ള പിന്തുണയോ സംഭാവനയോ നൽകുവാൻ കഴിഞ്ഞിട്ടില്ല. അസാമാന്യ പ്രകടനം കാഴ്ചവച്ച വനിതാ ഗുസ്തി മത്സര ഫൈനലിൽ എത്തിയ വിനേഷ് ഫൊഗോട്ടിന് സംഭവിച്ച ദുരനുഭവത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ ദേശീയ ഗുസ്തി ഫെഡറേഷനും താരത്തിന് പരിശീലനം നൽകുന്ന മുഖ്യപരിശീലകനും ന്യൂട്രീഷ്യനിസ്റ്റ്, ട്രെയിനർ ഉൾപ്പെടെയുള്ള സപ്പോർട്ടിംഗ് സ്റ്റാഫും ആണെന്നുള്ളത് ലോകത്തിനാകെ വ്യക്തമായിട്ടുണ്ട്. കായിക പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും മത്സരങ്ങളെ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തിക്കുറവും ഫലപ്രദമായ മാനസികപിന്തുണ ലഭ്യമാകാത്തതും ആറുതാരങ്ങൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുവാൻ കാരണമായി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം കായിക സംഘടനകളുടെയും നേതൃപദവികൾ വഹിക്കുന്നത് കായിക മേഖലയുമായി പുലബന്ധമില്ലാത്ത വ്യക്തികളാണ്. അതിനാൽ ഇത്തരക്കാരുടെ താൽപര്യങ്ങൾക്ക് അനുസൃതമായ നിലയിൽ മാത്രമാണ് ഫെഡറേഷനുകളുടെ പ്രവർത്തനം. അമിതമായ രാഷ്ട്രീയവൽക്കരണവും സ്വജനപക്ഷപാതവും അഴിമതിയും ഇത്തരം സംഘടനകളിൽ നാൾക്കുനാൾ കൂടിവരുന്നുണ്ട്. കായിക ഭരണാധികാരികളുടെ കാര്യക്ഷമതയില്ലായ്മ പലപ്പോഴും ഗുണമേന്മയുള്ള കായികതാരങ്ങളുടെ കടന്നുവരവിന് തടസമാകുന്നു. സംഘപരിവാർ തല്പരകക്ഷികളെ മാത്രം ടീമുകളുടെ ഭാഗമായി അയക്കുന്ന പരസ്യമായ സ്ഥിതിയാണ് നിലവിലുള്ളത്. ഒളിമ്പിക്സിൽ മെഡലുകൾക്കുവേണ്ടി വാശിയോടെ പോരാടുന്ന അമേരിക്കയെയും ചൈനയെയും താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിലവാരമുള്ള പരിശീലന സംവിധാനങ്ങൾ, മത്സരാനുഭവം, നിരന്തര പിന്തുണ എന്നിവ ഇന്ത്യൻ താരങ്ങൾക്ക് വളരെ പരിമിതമായി മാത്രമാണ് ലഭിക്കുന്നത്. കായിക വികസനത്തിൽ ദീർഘകാല നിക്ഷേപത്തിന്റെ അഭാവവും ഇന്ത്യയിൽ ശക്തമായ കായിക സംസ്കാരത്തിന്റെ വളർച്ചാവികാസത്തെ മുരടിപ്പിക്കുന്നു.
ഇന്ത്യൻ കായിക രംഗവും ശാക്തീകരണത്തിന് വിധേയമാകണം
പാരീസ് ഒളിമ്പിക്സിൽ ഉണ്ടായ വീഴ്ചയെ വിമർശനാത്മകമായ രീതിയിൽ വിലയിരുത്തി പരിഹാരബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയാൽ മാത്രമേ ഇന്ത്യൻ കായികരംഗത്തിന് വളർച്ചയുണ്ടാകു. ഓരോ കായിക ഇനങ്ങൾക്കും ചിലവഴിച്ച തുകയും മനുഷ്യാധ്വാനവും പെർഫോമൻസ് ഓഡിറ്റിന് വിധേയമാക്കേണ്ടതുണ്ട്. വിലയിരുത്തലിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളെ സമഗ്രമായ നിലയിൽ വീക്ഷിച്ചുകൊണ്ടുള്ള മെച്ചപ്പെടുത്തലാണ് ഉണ്ടാകേണ്ടത്. 2036 ലെ ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ അവകാശവാദം ഉന്നയിക്കുമ്പോൾ നിലവിലുള്ള അന്തർ ദേശീയ നേട്ടങ്ങൾ ഒട്ടും ആശാവഹമല്ല. നിലവിൽ മികച്ച പ്രതീക്ഷപുലർത്തുന്ന ഷൂട്ടിംഗ്, ബോക്സിങ് തുടങ്ങിയ കായിക ഇനങ്ങൾ സമീപകാല ഒളിമ്പിക്സുകളിൽ ഉണ്ടാകുമോ എന്നുള്ളതും സംശയമായി നിലനിൽക്കുന്നു. ഈ കായികയിനങ്ങളുമായി ബന്ധപ്പെട്ട ഫെഡറേഷനുകൾക്കുള്ളിൽ നിലനിൽക്കുന്ന പടലപ്പിണക്കമാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയിൽ ക്രിക്കറ്റിനുള്ള ജനപ്രിയ സാഹചര്യത്തെ മറ്റുകായികയിനങ്ങൾക്കുകൂടി ലഭ്യമാകുന്ന നിലയിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതുകൂടാതെ അന്തർദേശീയതലത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്തുന്ന കായിക ഇനങ്ങളെ കണ്ടെത്തുകയും പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന കായികവിദ്യാഭ്യാസം രാജ്യവ്യാപകമായി നടപ്പിലാക്കുകയും കായിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്താൽ മാത്രമേ പുതിയ കായിക പ്രതിഭകളെ കണ്ടെത്തുവാൻ കഴിയുകയുള്ളൂ. ഇതിനായി കേരളം ഉൾപ്പെടെയുള്ള പുരോഗമന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സമഗ്രമായ കായിക വികസനനയം രാജ്യവ്യാപകമായി നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ ഇനിയെങ്കിലും തയ്യാറാകണം. ♦