Tuesday, September 17, 2024

ad

Homeചിത്രകലകലാവിനിമയത്തിന്റെ സൗന്ദര്യശാസ്ത്രം

കലാവിനിമയത്തിന്റെ സൗന്ദര്യശാസ്ത്രം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ന്ത്യയിൽ, ചിത്രകലയെ സാമാന്യജനങ്ങളിലേക്ക്‌ ഇറക്കിക്കൊണ്ടുവന്നതിൽ നമുക്ക്‌ മറക്കാനാവാത്ത പേരാണ്‌ വിശ്വോത്തര ചിത്രകാരനായ രാജാരവിവർമയുടേത്‌. കലാസ്വാദകരെയും സാമാന്യജനങ്ങളെയും തന്റെ ചിത്രങ്ങളുടെ പ്രചാരകനാകാൻ രാജാരവിവർമ സ്വന്തമായി അച്ചടിശാല സ്ഥാപിച്ചുകൊണ്ടാണ്‌ സാധ്യമാക്കിയത്‌. ഏറെ മാനസികമായും ശാരീരികമായും സാമ്പത്തികമായുമുള്ള ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ടാണ്‌ പെയിന്റിംഗുകളുടെ മോണോഗ്രാഫ്‌ പ്രിന്റുകൾ ജനങ്ങൾക്കിടയിൽ അദ്ദേഹം പ്രചരിപ്പിക്കുന്നത്‌. ഇന്ത്യയിലും വിദേശത്തും രവിവർമ ചിത്രങ്ങൾക്ക്‌ കൂടുതൽ പ്രചാരം ലഭിക്കുവാനും അവസരമുണ്ടായി. വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ചിത്ര‐ശിൽപകലാരംഗത്ത്‌ നിരവധിപേർ സംരക്ഷകരായും പരിപാലകരായും ഗ്യാലറികളിലൂടെയും ക്യൂറേറ്റർമാരായുമൊക്കെ ഇന്ത്യൻ ചിത്ര‐ശിൽപകലാരംഗം സമ്പന്നമാക്കിയിട്ടുണ്ട്‌. കലാവിനിമയത്തിനും കലാവിപണനത്തിനും സാഹചര്യമൊരുക്കിയിട്ടുള്ള ശ്രദ്ധേയരായ ക്യൂറേറ്റർമാരുടെയും കലാനിരൂപകരുടെയും നീണ്ട നിരതന്നെ നമുക്കുണ്ട്‌. അവരിൽ പ്രമുഖയാണ്‌ കലാകാരിയും കലാനിരൂപകയുമായ സാറാ എബ്രഹാം. എഴുപതുകളിൽ കലയെ അതിന്റെ പൂർണതയോടെ ആസ്വാദ്യമാക്കാൻ‐ സാമാന്യജനങ്ങളിലേക്കെത്തിക്കാൻ പാകത്തിൽ ചിത്രകലാരംഗത്ത്‌ സജീവമായ വ്യക്തിയാണ്‌ സാറാ എബ്രഹാം.

കേരളത്തിലെ പ്രമുഖ ബാങ്കിംഗ്‌ സ്ഥാപനമായ ക്വയിലോൺ ബാങ്ക്‌ (പിന്നീട്‌ ട്രാവൻകൂർ നാഷണൽ ബാങ്ക്‌) സ്ഥാപകനായ കെ പി മാത്തന്റെ മകളാണ്‌ സാറാ എബ്രഹാം. അദ്ദേഹം കേരളത്തിൽനിന്ന്‌ ചെന്നൈയിലേക്ക്‌ മാറിയപ്പോൾ കുടുംബത്തെയും കൂട്ടി. മക്കളുടെ സ്‌കൂൾ വിദ്യാഭ്യാസം ഡാർജിലിങ്ങിലായിരുന്നു. അവരുടെയുള്ളിലെ കല വികാസം പ്രാപിച്ചത്‌ അവിടെനിന്നായിരുന്നു. കോളേജ്‌ പഠനത്തോടൊപ്പം മദിരാശിയിലെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ ആന്റ്‌ ക്രാഫ്‌റ്റിൽ പാർടൈം കലാവിദ്യാർഥിയായി ചേർന്നു. കെ സി എസ്‌ പണിക്കരായിരുന്നു പ്രിൻസിപ്പൽ. അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെയുള്ള കലാപഠനം സാറാ എബ്രഹാമിന്‌ ആധുനിക കലയുടെ ജാലകം തുറന്നിടാൻ സഹായകമായി. തുടർന്ന്‌ കൽക്കത്തയിലെത്തുമ്പോൾ കെ ജി സുബ്രഹ്മണ്യം, എം എഫ്‌ ഹുസൈൻ എന്നിവർ ഗുരുക്കരുടെ നിരയിലുണ്ടായിരുന്നു. ഛായാചിത്രങ്ങളോടാണ്‌ ആദ്യകാലത്ത്‌ സാറാ എബ്രഹാം താൽപര്യം കാണിച്ചിരുന്നത്‌.

കലാകാരരും അതിന്റെ ഗുണഭോക്താക്കളും തമ്മിലുള്ള അകലം കുറയ്‌ക്കുകയും കലയെ പോഷിപ്പിക്കുന്നതിനുള്ള ഇടപെടലുകളുമാണ്‌ സാറാ എബ്രഹാം ശ്രദ്ധിച്ചിരുന്നത്‌. ചിത്രഭാഷയെ സജീവമായി ജനങ്ങളിലേക്കെത്തിക്കാനും മാധ്യമങ്ങളെ കൂടി ചിത്രശിൽപകലയിലേക്ക്‌ അടുപ്പിക്കുന്നതിലുമുള്ള സർഗാത്മകപ്രവർത്തനങ്ങളിൽ അവർ എന്നും പങ്കാളിയായിരുന്നു. ഒരു പെയിന്റിംഗിന്റെ മൂല്യത്തെയും ചിത്രകാരന്റെ പ്രശസ്‌തിയെയുമൊക്കെ ആഴത്തിൽ മനസ്സിലാക്കുകയും പഠിക്കുകയും അതിനനുസരിച്ച്‌ പ്രദർശനങ്ങൾ ക്യൂറേറ്റ്‌ ചെയ്യുകയും ചെയ്‌ത സാറാ എബ്രഹാം ദേശീയ, അന്തർദേശീയതലത്തിൽ ശ്രദ്ധേയയുമായിരുന്നു. കലാസൃഷ്ടികളുടെ വിപണനഗ്രാഫ്‌ ഉയർത്തുന്നതിലുള്ള പ്രശസ്‌ത കലാകാരരുടെ രചനകൾ ശേഖരിക്കുന്നതിലുമവർ താൽപര്യം കാണിച്ചു. കലാസൃഷ്ടികളുടെ സൗന്ദര്യശാസ്‌ത്രത്തെക്കുറിച്ച്‌ ബോധ്യമുള്ള, ആസ്വാദകരുടെ വീക്ഷണത്തെ തൊട്ടറിയുന്ന കലാകാരികൂടിയായിരുന്നു സാറാ എബ്രഹാം. പ്രമുഖ കലാകാരരുടെ രചനകൾ പ്രത്യേകതയനുസരിച്ച്‌ പ്രദർശനത്തിന്‌ തിരഞ്ഞെടുക്കുന്ന നീതിപൂർവകമായ സമീപനം സൂക്ഷ്‌മതയോടെ നിർവഹിച്ച മികച്ച ക്യൂറേറ്റർ കൂടിയായിരുന്നു അവർ. പ്രദർശനങ്ങളിൽ കാഴ്‌ചക്കാരെ എത്തിക്കുന്നതിനോടൊപ്പം കാഴ്‌ചയുടെ പക്ഷത്തുനിന്ന്‌ കലാസ്വാദകരുമായി ക്രിയാത്മകമായ കലാസംവാദങ്ങൾക്ക്‌ അവസരമൊരുക്കാനും സാറാ എബ്രഹാമിന്‌ കഴിഞ്ഞിരുന്നു. കലാരംഗത്തെ തലമുറകളുടെ ഇടവേളകൾ മറികടന്ന്‌ കലാസംവേദത്വത്തിനും കലാശൈലികൾക്കും അകമഴിഞ്ഞ പിന്തുണ നൽകി‐ പേരും പ്രശസ്‌തിയും നോക്കാതെയാണ്‌ ഇന്ത്യയുടെ പല ഭാഗത്തും ക്യൂറേറ്റഡ്‌ ഷോകൾ സംഘടിപ്പിച്ചത്‌. ഇന്ത്യൻ നഗരങ്ങളിലൂടെ നടത്തിയ കലായാത്ര, ചിത്രപ്രദർശനം എന്നിവ അവരുടെ കലാജീവിതത്തിന്റെ സുപ്രധാന ഏടുകളിലൊന്നാണ്‌. കലാകാരരെ പ്രോത്സാഹിപ്പിക്കാനും സാന്പത്തികമായി പിന്തുണയ്‌ക്കുവാനും അവർ ശ്രദ്ധിച്ചിരുന്നു. സാറാ എബ്രഹാം കൈപിടിച്ചുയർത്തിയ കലാകാരരിലൂടെയും അവരുടെ പിൻബലത്തിൽ വളർന്ന ഗ്യാലറികളിലൂടെയും അവർ ഉയർത്തിപ്പിടിച്ച കലാമൂല്യത്തോടെയുള്ള ചിന്തകളും വർണ്ണാഭമാകുന്നു എന്നതും പ്രാധാന്യത്തോടെ നമുക്ക് കാണാനാവും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular