Tuesday, September 17, 2024

ad

Homeചിത്രകലശിൽപകലാ സപര്യക്ക്‌ അറുപതാണ്ട്‌

ശിൽപകലാ സപര്യക്ക്‌ അറുപതാണ്ട്‌

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

മാനവസംസ്‌കാര ചരിത്രം നിരീക്ഷിച്ചാൽ ആത്മാവിഷ്‌കാരത്തിന്റെ പൂർത്തീകരണത്തിനായി ഗുഹാചിത്രങ്ങൾ പോലെതന്നെ ശിൽപങ്ങളും ഏറെ പങ്കുവഹിച്ചിട്ടുള്ളതായി കാണാം. ആരാധനയ്‌ക്കും അലങ്കാരത്തിനും വാസ്‌തുവിദ്യക്കും ശിൽപങ്ങൾ കലാകാരന്റെ ആവിഷ്‌കാര മികവനുസരിച്ച്‌ രൂപംകൊള്ളുമ്പോൾ വിപുലവും വൈവിധ്യമാർന്നതുമായ ആസ്വാദന കൗതുകം ജനിപ്പിക്കുന്നു, കാഴ്‌ചക്കാരിൽ. അറിവിൽനിന്നും അനുഭവങ്ങളിൽനിന്നുമാണ്‌ ശിൽപികൾ കലാവിഷ്‌കാരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്‌. ശിലയുടെ ഉള്ളിലുറങ്ങുന്ന ശിൽപചൈതന്യത്തിന്‌ ജീവൻ പകരുന്നവനാണ്‌ ശിൽപിയെന്ന്‌ ശിൽപ രന്‌നാകരത്തിൽ പറയുന്നു.

വിഗ്രഹം, പ്രതിമ, ശിൽപം എന്നീ വ്യത്യസ്‌ത രൂപങ്ങളെയാണ്‌ ശിൽപകല എന്ന പദം പ്രതിനിധാനം ചെയ്യുന്നത്‌. (1) കൃത്യമായ അനുപാതത്തിലൂടെ അളവുകൾക്കുള്ളിൽ നിന്നാണ്‌ വിഗ്രഹങ്ങൾ (കൂടുതലും ആരാധനയുടെ ഭാഗമായുള്ളത്‌) തയ്യാറാക്കുന്നത്‌. (2) പ്രതിമകൾ ഛായാശിൽപങ്ങളായാണ്‌ കാണാനാവുക. വൈകാരിക രൂപഭാവങ്ങളേക്കാൾ രൂപസാമ്യത്തിനാണ്‌ പ്രതിമാശിൽപങ്ങളിൽ പ്രാധാന്യം കൽപ്പിക്കുക. (3) സ്വതന്ത്രമായ ശിൽപാഖ്യാനമാണ്‌ ശിൽപരചനകൾക്കുള്ളത്‌. ക്രിയാത്മകമായ നല്ല ശിൽപങ്ങൾക്ക്‌ മനുഷ്യമനസ്സിനെ സ്‌പർശിക്കാനുള്ള ഉൾക്കരുത്തുണ്ടാവണം. സൗന്ദര്യം, സ്വാഭാവികത, പുതുമ, താളാത്മകത്വം, വിവിധ ഘടകങ്ങളുടെ പാരസ്‌പര്യം എന്നിവയെല്ലാം ചേരുമ്പോഴാണ്‌ മികച്ച ശിൽപം രൂപപ്പെടുക.

ചിത്രകാരൻ ഒരു ശിൽപരൂപം വരയ്‌ക്കുമ്പോൾ ത്രിമാനഘടന തോന്നിപ്പിച്ചാൽ മതിയാകും. ശിൽപത്തിന്‌ അതുപോര. ത്രിമാനഘടന തന്നെ രൂപപ്പെടണം. എല്ലാ ശിൽപികളും ചിത്രകാരന്മാരാണ്‌. ചിത്രത്തിലൂടെയാണ്‌ ശിൽപത്തിലേക്ക്‌ കലാകാരർ സഞ്ചരിക്കുന്നത്‌.

ഭാരതീയ ശിൽപകലയുടെ പുറകിലേക്ക്‌ സഞ്ചരിക്കുമ്പോൾ നമുക്കെത്താനാവുന്നത്‌ മോഹൻജദാരോ, ഹാരപ്പാ സംസ്‌കാരത്തിലേക്കാണ്‌. ലോഹം മാധ്യമമായ മനുഷ്യരൂപങ്ങളും മൃഗരൂപങ്ങളുമാണ്‌ അവിടെ കണ്ടെത്തിയിട്ടുള്ളത്‌. തുടർന്നുള്ള രാജവംശ കാലഘട്ടങ്ങളിൽ ആയിരക്കണക്കിന്‌ അത്ഭുതാവഹമായ ക്ഷേത്രശിൽപങ്ങളാണ്‌ ഭാരതത്തിലുണ്ടായിട്ടുള്ളത്‌‐ അവ നമ്മുടെ സാംസ്‌കാരിക സമ്പത്തുമാണ്‌. ബിസി 638‐398 കാലഘട്ടത്തിൽ നിർമിച്ച അജന്ത എല്ലോറ ചിത്ര‐ശിൽപങ്ങൾ എഡി 1819ലാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇന്ത്യൻ ചിത്ര‐ശിൽപകലാ ചരിത്രത്തിലെ പ്രധാന എടുകളിലൊന്നാണ്‌ അജന്ത‐എല്ലോറ കലാസമുച്ചയം. ആധുനിക ഭാരതീയ ശിൽപകല പുതിയ കലാസങ്കേതങ്ങളിലൂടെ വളർന്ന്‌ ഇന്ത്യൻ ശിൽപകല പുതിയ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട്‌ ലോകശ്രദ്ധ ആകർഷിക്കുന്നു. ക്രിയാത്മകമായ ശൈലീസങ്കേതങ്ങളിലൂടെ ലോകശ്രദ്ധയാകർഷിക്കുന്ന ഇന്ത്യൻ കലാകാരരും അവരുടെ കലാവിഷ്‌കാരങ്ങളും.

ഈയൊരു കാലത്താണ്‌ ശിൽപകല ജനകീയമാക്കുക എന്ന സന്ദേശവുമായി പ്രമുഖ ശിൽപി ആര്യനാട്‌ രാജേന്ദ്രൻ കലാരംഗത്ത്‌ കഴിഞ്ഞ 60 വർഷമായി പ്രവർത്തിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിൽ ആര്യനാട്‌ ഗ്രാമത്തിൽ 1932ലാണ്‌ രാജേന്ദ്രന്റെ ജനനം. പാടത്തെ കളിമണ്ണിലൂടെ രൂപങ്ങൾ തയ്യാറാക്കിയ ബാല്യം കടന്ന്‌ സ്‌കൂൾ പഠനശേഷമാണ്‌ സ്‌കൂൾ ഓഫ്‌ ആർട്‌സിൽ ശിൽപകലാ വിദ്യാർഥിയായി അദ്ദേഹം ചേരുന്നത്‌. നാലുവർഷത്തെ പഠനം കഴിഞ്ഞ്‌ സ്‌കൂൾ കലാധ്യാപകനായും പിന്നീട്‌ വിദേശത്തും ജോലിചെയ്‌തു. 1976ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശിൽപകാരനായി ജോലി ലഭിച്ചു. 31 വർഷത്തെ സർക്കാർ സേവനത്തിനിടയ്‌ക്ക്‌ മെഡിക്കൽ കോളേജ്‌ ക്യാമ്പസിനകത്ത്‌ അമ്മയും കുഞ്ഞുമടക്കമുള്ള 13 ബൃഹദാകാര ശിൽപങ്ങൾ അദ്ദേഹം നിർമിക്കുകയുണ്ടായി. അതോടൊപ്പം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനും അല്ലാതെയുമുള്ള ശിൽപങ്ങൾ, കുറ്റാന്വേഷണ ഉദ്യോഗസ്ഥർക്ക്‌ സഹായകമായ ഛായാശിൽപങ്ങളും രാജേന്ദ്രൻ തയ്യാറാക്കിയിരുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മുറ്റത്തെ ശിൽപം, മ്യൂസിയം ജംഗ്‌ഷനിൽ ചെയ്‌ത ദിനോസർ (റോഡ്‌ വീതികൂട്ടിയപ്പോൾ ശിൽപം മാറ്റി) ശിൽപം, പുനലൂരിലെ ഗാർഡൻ ശിൽപം, പത്തനാപുരത്തെ ഗാന്ധി ശിൽപങ്ങളുടെ റിലീഫ്‌ തുടങ്ങി നിരവധി ശിൽപങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്‌.

2007ൽ വിരമിച്ചതിനുശേഷം ‘മുറ്റത്തൊരു ശിൽപം ഉള്ളിലൊരു ചിത്രം’ എന്ന ആശയം സഫലീകരിക്കുന്നതിനുള്ള ശ്രമമായിരുന്നു. സുഹൃത്തുക്കളുടെ വീടുകളിലൂടെ നടത്തിയ യജ്ഞം വിജയകരമായി ഇപ്പോഴും തുടരുന്നതായി രാജേന്ദ്രൻ പറയുന്നു. രണ്ടടിക്ക്‌ താഴെ വലിപ്പമുള്ള ശിൽപങ്ങളും റിലീഫ്‌ ശിൽപങ്ങളുമാണ്‌ ധാരാളം തയ്യാറാക്കിയിട്ടുള്ളത്‌.

വിവിധ ശിൽപകലാ മാധ്യമങ്ങളിലൂടെ വ്യത്യസ്‌ത ശൈലീസങ്കേതങ്ങളിലൂടെയുള്ള ആര്യനാട്‌ രാജേന്ദ്രന്റെ കലാസപര്യക്ക്‌ അറുപതാണ്ട്‌ തികയുകയാണ്‌. തന്റെ കലയെയും ജീവിതത്തെയും സ്‌പർശിക്കുന്ന കലാസംബന്ധിയായ വിവരങ്ങളൊക്കെ ഉൾച്ചേർത്തുകൊണ്ടാണ്‌ അറുപതുവർഷത്തിന്റെ പരിച്ഛേദമായി തിരുവനന്തപുരത്ത്‌ അദ്ദേഹം പ്രദർശനമൊരുക്കിയത്‌. അതും ഗ്യാലറികളിൽ നിന്ന്‌ പുറത്തേക്ക്‌ എന്ന കാഴ്‌ചപ്പാടിലാണ്‌ തിരുവനന്തപുരം മാനവീയം വീഥിയിൽ തന്നെ പ്രദർശനം സംഘടിപ്പിച്ചത്‌. സാംസ്‌കാരിക സംഘടനകളുടെ സംഘാടനം സ്‌നേഹത്തോടെ ഒഴിവാക്കിയുള്ള ഈ ഏകാംഗ ശിൽപ‐ചിത്രപ്രദർശനം ഒരാഴ്‌ച നീണ്ടുനിന്നു. കലാസാംസ്‌കാരിക രാഷ്‌ട്രീയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖരടക്കം നിരവധി കലാസ്വാദകരും സാമാന്യജനങ്ങളും പ്രദർശനം കാണാനെത്തി. പ്രമുഖ ചിവർചിത്രകാരൻ ജി അഴിക്കോട്‌, കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ്‌, പ്രദീപ്‌ പേയാടൻ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

കളിമണ്ണ്‌ മാധ്യമമാക്കിയ ശിൽപങ്ങളാണ്‌ തനിക്ക്‌ കൂടുതൽ ഇഷ്ടമെന്ന്‌ രാജേന്ദ്രൻ പറയുന്നു. ഇപ്പോഴും കുട്ടികളെ പഠിപ്പിക്കാനും ചെറിയ ക്രിയേറ്റീവ്‌ ശിൽപ മാതൃകകൾക്കും കളിമണ്ണ്‌ മാധ്യമമാക്കുന്നുണ്ട്‌‐ അദ്ദേഹം കൂട്ടിച്ചേർത്തു. കളിമൺ ശിൽപകലയെക്കുറിച്ച്‌ ഒരു പുസ്‌തകവും രാജേന്ദ്രൻ രചിച്ചിട്ടുണ്ട്‌.

ശിൽപകലയുടെ വികാസപരിണാമ ചരിത്രത്തെക്കുറിച്ചുള്ള അവബോധവും ആധുനിക കലാപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനവുമൊക്കെ തന്റെ കലയെ പരുവപ്പെടുത്തിയിട്ടുള്ളതായി അദ്ദേഹം അടിവരയിടുന്നു. തന്റെ ശിൽപകലാധ്യാപകരായ പ്രൊഫ. കേശവൻകുട്ടി. ഭാസുരൻ എന്നിവരുടെ ശിക്ഷണത്തിൽ കലാപഠനം നടത്തുമ്പോഴും ശിൽപകലയിൽ ആധുനികതയുടെ വിത്തുപാകിയ റോയ്‌ ചൗധരിയുടെ രചനാശൈലിയും രാം കിങ്കറിന്റെ സ്വതന്ത്രമായ കലയുടെ ബോധധാരകളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular