ജൂലൈ 15 മുതൽ 18 വരെ ബെയ്ജിങ്ങിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സെഷനിൽ പാർട്ടി കൈക്കൊണ്ട തീരുമാനങ്ങളും പ്രമേയങ്ങളും നിർണായക പ്രാധാന്യമുള്ളതാണ്. 1949ന് വിജയം വരിച്ച ചൈനീസ് വിപ്ലവത്തിന്റെയും ജനകീയ റിപ്പബ്ലിക്കിന്റെയും പാതയിൽനിന്നും അടിമുടി വ്യതിചലിക്കാതെ മുന്നോട്ടുനീങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ ആ രാജ്യത്തെ ആധുനിക-വികസിത സോഷ്യലിസ്റ്റ് സമൂഹമാക്കി മാറ്റുവാനുള്ള നിർണായക തീരുമാനങ്ങളാണ് പ്ലീനറി സെഷനിൽ കൈക്കൊണ്ടിട്ടുള്ളത്. 2035 ഓടുകൂടി ചൈനയിൽ വികസിത സോഷ്യലിസ്റ്റ് കമ്പോള സമ്പദ്ഘടന കെട്ടിപ്പടുക്കുകയും 2050 ഓടുകൂടി ആധുനിക-വികസിത സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുകയും ചെയ്യുന്നതിനുള്ള ഒരുകൂട്ടം പരിഷ്കാരങ്ങളടങ്ങിയ പ്രമേയം മൂന്നാം പ്ലീനറി സെഷനിൽ സിപിസിയുടെ ഇരുപതാമത് സെൻട്രൽ കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞു. രാജ്യത്തെ ആധുനികവത്കരിക്കുന്ന പ്രക്രിയ കൂടുതലാക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ടുപോകുവാൻ സിപിസി ജനറൽ സെക്രട്ടറികൂടിയായ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അധ്യക്ഷനായ പ്ലീനറി സെഷൻ തീരുമാനമെടുത്തിരിക്കുന്നു.
2050 ഓടുകൂടി രാജ്യത്തെ ഒരു വികസിത സോഷ്യലിസ്റ്റ് സമൂഹമാക്കി മാറ്റിതീർക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുന്നതിന് രാജ്യത്തിന്റെ സമ്പദ്ഘടന, രാഷ്ട്രീയം, സുരക്ഷ, ആവാസവ്യവസ്ഥയുടെ സംരക്ഷണം തുടങ്ങിയ എല്ലാ മേഖലകളിലും നിർണായക നയങ്ങൾ സ്വീകരിക്കുകയും അതുവഴി ഈ മേഖലകളിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ കമ്മ്യൂണിക്കെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. വരുംവർഷങ്ങളിൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും പ്രധാന ശ്രദ്ധ ആധുനികവത്കരണത്തിന്റെ മൂല്യം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക തദ്ദേശീയ സാഹചര്യങ്ങൾക്ക് ഉതകുന്ന വിധത്തിൽ ഉൽപാദന ശക്തികളുടെ വികാസം നടപ്പാക്കുന്നതിലും ഘടനാപരമായ പരിഷ്കാരങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിലും ജീവിതനിലവാരം മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിലും കൂടുതൽ സാമൂഹ്യ സുതാര്യതയും നീതിയും ഉറപ്പുവരുത്തിക്കൊണ്ട് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിലുമായിരിക്കും എന്ന് പ്ലീനറി യോഗം വ്യക്തമാക്കി. സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള ഈ മുന്നേറ്റത്തിൽ ഏറ്റവും അവശ്യമായിവേണ്ടത് ജനങ്ങളെ സന്തോഷവാന്മാരാക്കി നിർത്തുക എന്നുള്ളതാണെന്ന് കേന്ദ്രകമ്മിറ്റി ആവർത്തിച്ചു പറയുന്നുണ്ട്. ജനങ്ങളെ സന്തോഷവാന്മാരാക്കുക എന്ന പ്രാഥമിക കടമയ നിർവഹിക്കുന്നതിന് വരുംനാളുകളിൽ വരുമാനവിതരണ സംവിധാനത്തെയും ആദ്യം തൊഴിൽ എന്ന നയത്തെയും സാമൂഹിക സുരക്ഷാ സംവിധാനത്തെയും മെച്ചപ്പെടുത്തുകയും, ഒപ്പംതന്നെ മെഡിക്കൽ രംഗത്തെയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെയും പരിഷ്കരിക്കുകയും ജനസംഖ്യാപരമായ വികസനത്തിന് സൗകര്യമൊരുക്കുന്ന സംവിധാനങ്ങൾ എല്ലാംതന്നെ മെച്ചപ്പെടുത്തുകയും ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്ന് കേന്ദ്രകമ്മിറ്റി പ്രതിജ്ഞയെടുത്തിരിക്കുന്നു.
അതുപോലെതന്നെ മൂന്നാമത് പ്ലീനറി യോഗത്തിൽ “സോഷ്യലിസ്റ്റ് ജനാധിപത്യവും നിയമവാഴ്ചയും’ മെച്ചപ്പെടുത്തുവാനും തീരുമാനമെടുത്തു. അതിന് മാർക്സിസം-ലെനിനിസത്തെയും മാവോ സെ ദോങ്ങിന്റെയും ദെങ് സിയാവോപിങ്ങിന്റെയും ചിന്തകളെയും നിലവിലെ പ്രസിഡന്റ് ഷീ ജിൻപിങ് മുന്നോട്ടുവെച്ച പുതിയ ആശയങ്ങളെയും പിന്തുടർന്നുകൊണ്ട് ജനകീയ ജനാധിപത്യത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കുകയും ചൈനയിൽ ശക്തമായ ഒരു സോഷ്യലിസ്റ്റ് സംസ്കാരം വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട് എന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തമായി പറഞ്ഞുവെക്കുന്നു. സാമ്പത്തിക നയങ്ങൾ കൈക്കൊള്ളുമ്പോൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോകുന്നത്. “ചൈനീസ് ആധുനികവത്കരണം എന്നാൽ മനുഷ്യരാശിയും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ ആധുനികവത്കരണമാണ്” എന്ന് കമ്മ്യൂണിക്കെ എടുത്തുപറയുന്നു. ചുരുക്കിപ്പറഞ്ഞാൽ സാമ്പത്തികം, രാഷ്ട്രീയം, സുരക്ഷ, പരിസ്ഥിതി, ജനങ്ങൾ, സാമൂഹ്യനീതി, സുതാര്യത, സന്തോഷം എന്നിങ്ങനെ നാനാമേഖലകളെയും കണക്കിലെടുത്തുകൊണ്ടാണ് 2050 ഓടുകൂടി വികസിത ആധുനിക സോഷ്യലിസ്റ്റ് സമൂഹം സാധ്യമാക്കുന്നതിന്, അത് കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ഒരു നിർണായക മുന്നേറ്റത്തിന്റെ പടവുകൾ അടിവരയിട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രേഖപ്പെടുത്തിയത് ആഗോള സാമ്രാജ്യത്വത്തിന് വെല്ലുവിളിയാകുമെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള നാളുകളിൽ ആഗോള സാമ്രാജ്യത്വം ചൈനയ്ക്ക് നേരെ നടത്തുന്ന കടന്നാക്രമണം കൂടുതൽ ത്വരിതഗതിയിലാകുമെന്നതിലും തർക്കമില്ല. എന്നാൽ, ഇത്തരം വെല്ലുവിളികളെയെല്ലാം മുൻകൂട്ടിക്കണ്ടുകൊണ്ടുതന്നെയാണ്, വ്യക്തമായ ആശയ ദൃഢതയോടെയും കരുത്തോടെയും ആണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ചൈനയിലെ ജനങ്ങളും സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് നീങ്ങുന്നത് .തിരഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്ര കമ്മിറ്റിയും അതിന്റെ അഞ്ചുവർഷ കാലയളവിൽ ഏഴ് പ്ലീനങ്ങൾ അഥവാ മീറ്റിങ്ങുകൾ ചേരാറുണ്ട്. ഇത്തരം ഓരോ പ്ലീനത്തിനും പ്രത്യേകമായ അജൻഡയും ഉണ്ടാവാറുണ്ട്. ഇരുപതാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാമത്തെ പ്ലീനത്തിന്റെ കടമയെന്നത് ദീർഘകാല നയങ്ങളെ പുനഃപരിശോധിക്കുകയും അവയ്ക്ക് അടിത്തറയിടുകയും ചെയ്യുക എന്നതായിരുന്നു. അത് വളരെ കൃത്യമായി നിർവഹിക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്. അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും ചേർന്ന് സ്വീകരിച്ചിട്ടുള്ള പ്രൊട്ടക്ഷനിസത്തിന്റെ ഭാഗമായി ചൈന നേരിടുന്ന നിരവധി സാർവദേശീയ ആഭ്യന്തര വെല്ലുവിളികളുടെ അന്തരീക്ഷത്തിൽ നിന്നുകൊണ്ടുതന്നെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരമൊരു ശക്തമായ മുന്നേറ്റത്തിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ഒപ്പം തന്നെ പ്രദേശത്തെ ഭൗമ രാഷ്ട്രീയ ഇടപെടലുകൾ വർധിച്ചുവരികയും കോവിഡ് 19 ന്റെ ഭാഗമായി സമ്പദ്ഘടന നേരിടുന്ന ആപേക്ഷികമായ പിന്നോട്ടടിയുടെ ആഘാതങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിലും വികസിത സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള കൃത്യമായ പാത ശക്തമായി വരച്ചിടുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. ♦