Monday, September 9, 2024

ad

Homeലേഖനങ്ങൾആറര പതിറ്റാണ്ടു മുമ്പത്തെ ജനാധിപത്യ കശാപ്പ്‌

ആറര പതിറ്റാണ്ടു മുമ്പത്തെ ജനാധിപത്യ കശാപ്പ്‌

ഡോ. പി എം സലിം

രണഘടനയിലെ 356‐ാം വകുപ്പ് ദുരുപയോഗം ചെയ്തുകൊണ്ട് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ട് ജൂലൈ 31ന്‌ 65 വർഷം തികഞ്ഞു. ക്ഷേമോന്മുഖമായ ഭരണ പരിഷ്കാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലിരുന്ന ഒന്നാം ഇ എം എസ് സർക്കാരിനെ അട്ടിമറിക്കുന്നതിനായി വിരുദ്ധ ശക്തികൾ നടത്തിയ നൈതികവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും സംവാദ‐വ്യവഹാരങ്ങളും കാലമേറുന്തോറും കൂടുതൽ പ്രസക്തമാകുന്നു. ജനകീയ സർക്കാരിനെ അട്ടിമറിക്കുന്നതിനായി നടത്തിയ അക്രമാസക്തപ്രവർത്തനങ്ങൾ ‘വിമോചനസമരം’ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് ഭാഷയോടും ചരിത്രത്തോടും ചെയ്‌ത അനീതികൂടിയാണ്.

കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷം സംസ്ഥാന നിയമസഭയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി. പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി. ഇ എം എസിന്റെ നേതൃത്വത്തിൽ 11 അംഗ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് അധികാരമേറ്റു. അന്ന് ഗവർണറായിരുന്ന ബി.രാമകൃഷ്ണ റാവുവിന്റെ കുത്തിത്തിരുപ്പുകൾക്കും, ജാതി-‐മത‐-സാമുദായിക സംഘടനകളും സമ്മർദ്ദ ഗ്രൂപ്പുകളും, അവയുടെ ചൊൽപ്പടിക്ക് നിന്നിരുന്ന പ്രതിപക്ഷ പാർട്ടികളും സൃഷ്ടിച്ച പ്രതിസന്ധികൾക്കും അനന്തമായ എതിർപ്പുകൾക്കും അക്രമാസക്ത പ്രക്ഷോഭങ്ങൾക്കുമിടയിൽ ആ സർക്കാർ ഹ്രസ്വകാലംകൊണ്ട് ഒട്ടേറെ മഹത്തായ നിയമനിർമാണങ്ങളും ഭരണപരിഷ്കരണങ്ങളും നടപ്പിലാക്കുകയുണ്ടായി. ഒന്നാം ഇ എം എസ്‌ സർക്കാർ ആവിഷ്കരിച്ച കുടിയൊഴിപ്പിക്കൽ നിരോധനനിയമം മുതൽ തദ്ദേശഭരണ സംവിധാനങ്ങളുടെ നവീകരണം വരെയുള്ള പാസാക്കപ്പെട്ട അൻപതിലേറെ ബില്ലുകൾ എന്നെന്നും പുരോഗമനാത്മക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൊളോണിയൽ ഫ്യൂഡൽ ഭരണസംവിധാനങ്ങളുടെ മർദ്ദനോപകരണമായിരുന്ന പൊലീസ് സേനയെ ഉടച്ചുവാർത്ത് ജനസൗഹൃദമാക്കിയും, വർധിച്ച തൊഴിൽ ലഭ്യത ഉറപ്പുവരുത്തിയും വ്യവസായവൽക്കരണം ത്വരിതപ്പെടുത്തിയും, നൂതന സാമ്പത്തിക നയം നടപ്പാക്കികൊണ്ട് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയും, ഭക്ഷ്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയും, കാർഷിക രംഗത്തെ അനീതിയും ചൂഷണവും അവസാനിപ്പിക്കുന്നതിനായി കാർഷിക പരിഷ്കരണം ആവിഷ്കരിച്ചുകൊണ്ട്, കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്ന കർഷകന് ലഭ്യമാക്കിയും സാമൂഹികനീതിയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസം നടപ്പിലാക്കുന്നതിനും സ്വകാര്യ വിദ്യാഭ്യാസ മാനേജർമാരുടെ നിരന്തര ചൂഷണത്തിന് വിധേയരായിരുന്ന അധ്യാപക സമൂഹത്തിന്റെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടപ്പിലാക്കിക്കൊണ്ടുമൊക്കെ കേരളത്തെ ആധുനിക വികസിത സമൂഹമാക്കുന്നതിനുള്ള അടിത്തറ പാകിയത് ഒന്നാം ഇ.എം.എസ് സർക്കാരാണ്.

പൗരസമൂഹത്തിലെ സാമാന്യ ജനവിഭാഗത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും ഭരണപരിഷ്കരണ നടപടികളുമാണ് ചുരുങ്ങിയ കാലയളവിൽ 1957ലെ കമ്യൂണിസ്റ്റ് സർക്കാർ രൂപപ്പെടുത്തിയെടുത്തത്. കാലവിളംബമില്ലാതെ ഒന്നൊന്നായി കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും നടപടികളും കേരള സമൂഹത്തിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന മൗലിക ബന്ധങ്ങളെ പൊളിച്ചടുക്കുന്നവയായിരുന്നു. കാർഷിക മേഖലയിൽ ജന്മി-‐കുടിയാൻ ബന്ധങ്ങളിലും, വ്യവസായ ഉല്പാദന മേഖലകളിൽ മുതലാളി-തൊഴിലാളി ബന്ധങ്ങളിലും, വിദ്യാഭ്യാസ മേഖലയിൽ മാനേജർ‐അധ്യാപ ബന്ധങ്ങളിലുമൊക്കെ സമഗ്രമായ അഴിച്ചുപണിയലുണ്ടായി. അന്നത്തെ ഏമാൻ‐-അടിയൻ ദ്വന്ദ്വം പൊളിച്ചടുക്കുവാനുള്ള ശ്രമങ്ങളൊക്കെയും കാലാകാലങ്ങളായി അധികാരം നിലനിർത്തിപ്പോന്ന അധീശവർഗത്തിനേറ്റ കനത്ത ക്ഷതങ്ങളായിരുന്നു. തങ്ങളുടെ താല്പര്യങ്ങളും പദവികളും അധീശ്വത്വവും മാത്രമല്ല നിലനിൽപ്പുപോലും തകർന്നുപോയേക്കുമെന്ന് അവർ ഭയപ്പെട്ടു. സർക്കാർ നടപടികൾ സാമാന്യജനതയുടെ ജീവിതനിലവാരത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നപ്പോൾ അവ ചൂഷകവർഗത്തിന് ദോഷകരമായി ഭവിച്ചു. തലമുറകളായി അധീശ്വത്വം പുലർത്തിപ്പോന്നിരുന്ന വരേണ്യവർഗത്തിന്റെ വിശേഷാധികാരങ്ങൾ അപ്രസക്തമാകുന്ന സാഹചര്യത്തിൽ അവർ സർക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങൾ ശക്തിപ്പെടുത്തി.

കമ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹികവിവേചനത്തിന്റേതായ അതിർവരമ്പുകളും വേലിക്കെട്ടുകളും തകർത്ത് സാധാരണ ജനവിഭാഗങ്ങളിൽ ആത്മാഭിമാനമുയർത്തി. അടിയാളരും കീഴാളരും പിന്നാക്കക്കാരുമൊക്കെ അധഃസ്ഥിതരും ദരിദ്രരുമായി എല്ലാക്കാലത്തും കഴിയേണ്ടവരല്ലെന്നും തങ്ങൾ മറ്റേവർക്കും തുല്യരാണെന്നുമുള്ള അവബോധം തൊഴിലാളികളിലും കുടിയാന്മാരിലും, കർഷകത്തൊഴിലാളികളിലും ചെറുകിട കച്ചവടക്കാരിലും അധ്യാപകരിലുമൊക്കെ സന്നിവേശിപ്പിക്കപ്പെടുകയായിരുന്നു. അധീശവർഗത്തെ ഭയാനകമായ വിധത്തിൽ വിറളിപിടിപ്പിച്ച സംഗതിയായിരുന്നു അത്. ജാതി-‐ജന്മി-‐നാടുവാഴിത്ത മേൽകോയ്മയാൽ നയിക്കപ്പെട്ടിരുന്ന കേരള സമൂഹത്തിലെ സാമാന്യ ജനതയുടെ ബോധമണ്ഡലത്തിൽ സ്ഥിതിസമത്വവാദത്തിന്റെയും മാനവികതയുടേതുമായ സ്വാധീനതരംഗങ്ങൾ രൂപപ്പെടുത്തിയെടുക്കുവാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞുവെന്നത് മഹത്തായ സംഗതിയാണ്.

ഭരണപരമായ അനുരഞ്ജനത്തിന്റെ അഭാവത്തിലും സംശുദ്ധമായ ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയും ഭരണം നടത്തിയിരുന്ന 1957ലെ കമ്യൂണിസ്റ്റ് സർക്കാർ എതിരാളികൾ സൃഷ്ടിച്ച അതീവ പ്രകോപനപരമായ സാഹചര്യങ്ങളിൽ സമചിത്തതയോടുകൂടി നിലകൊണ്ടുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ജാതി‐മത സ്വാധീനവലയങ്ങൾ ജനജീവിതത്തെ ഏതെല്ലാം തലങ്ങളിൽ സ്വാധീനിക്കുന്നുവെന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ എക്കാലവും പ്രസക്തമാണ്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും അപകടത്തിലാണെന്നും ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തകർക്കപ്പെടുമെന്നും അവയുടെ സംരക്ഷണത്തിനായി കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പോരാടേണ്ടത് പരലോകമോക്ഷത്തിനുകൂടി സഹായകമാകുമെന്നും പ്രചരിപ്പിച്ചുകൊണ്ടുള്ള മതാത്മകശക്തികളുടെ പ്രചാരണപ്രവർത്തനങ്ങൾ വിശ്വാസിസമൂഹത്തെ സാരമായി സ്വാധീനിച്ചു.

പിൽക്കാല കേരള രാഷ്ട്രീയത്തെ ആവേശിച്ച പല ദുഷ്പ്രവണതകളും മുളച്ചുപൊന്തിയത് വിമോചന സമരാഭാസത്തിലൂടെയാണ്. സ്ഥാപിതതാല്പര്യക്കാരായ മാധ്യമങ്ങളുടെ പിന്തുണ ഇതിന് ഉപോൽബലകമായി വർത്തിച്ചു. അന്ന് ലഘുലേഖകളുടെയും നോട്ടീസുകളുടെയും പാട്ടുപുസ്തകങ്ങളുടെയും നാടകങ്ങളുടെയും കഥാപ്രസംഗങ്ങളുടെയും സഭ്യേതര രചനകളും അശ്ലീലപ്രയോഗങ്ങളും അസത്യപ്രചാരണങ്ങളും അരങ്ങുവാണിരുന്നു. ഇന്ന് നവമാധ്യമങ്ങൾ ആ മേഖല കയ്യടക്കിയിരിക്കുന്നു. സഭ്യതയുടെ സകല സീമകളും ലംഘിച്ച് പാപ്പരാസി രചനകളും അശ്ലീലതയുടെയും ആത്മീയതയുടെയും അതിപ്രസരമുണ്ടായിരുന്ന മുദ്രാവാക്യങ്ങളും ആഘോഷിക്കപ്പെട്ടത് ആത്മീയതയുടെ ജാതി‐മതപ്രമാണിമാരുടെ മേലങ്കിയണിഞ്ഞ അനുഗ്രഹാശിസുകളോടെയായിരുന്നു. അക്കാലത്ത് പ്രതിഭാശാലികളായ ഒരുപറ്റം സാഹിത്യകാരന്മാരും കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിപ്പോയിരുന്നു. കമ്യൂണിസ്റ്റ് സർക്കാർ അട്ടിമറിക്കപ്പെട്ടതിനുശേഷം അത്തരം സാഹിത്യകാരന്മാർക്ക് വലതുപക്ഷത്തിന്റെ അജൻഡയിൽ ഇടമില്ലാതായി. സത്യാനന്തരത്തിന്റെ മുൻനിരക്കാരായിരുന്ന അവരിൽ പലർക്കും തങ്ങളുടെ പൂർവകാല മിഥ്യാധാരണകളെക്കുറിച്ചും മുൻ നിലപാടുകളിലെ അർഥശൂന്യതയെക്കുറിച്ചും തിരിച്ചറിവുകളുണ്ടായതുകൊണ്ടുകൂടിയാവാം ക്രമേണ ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികരായി അവർ മാറിയത്‌.

ജനക്ഷേമകരമായ ഭരണപ്രവർത്തനങ്ങളെയും ജനാധിപത്യ സംവിധാനത്തെത്തന്നെയും അക്രമാസക്ത പ്രക്ഷോഭംകൊണ്ടും ബാഹ്യശക്തികളുടെ ഇടപെടലുകളിലൂടെയും തകർക്കാൻ കഴിയുമെന്ന് വിമോചനസമരത്തിലൂടെ വെളിപ്പെട്ടു. സാമാന്യജനവിഭാഗത്തിന് ഗുണകരമാവുന്ന ഭരണപ്രവർത്തനങ്ങൾ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് മനസിലായപ്പോൾ ആ ഭരണനടപടികളെ മാത്രമല്ല, അവ കൊണ്ടുവന്ന സർക്കാരിനെത്തന്നെ തകർക്കാനും വ്യവസ്ഥാപിത തലമായ ഭരണഘടനാസംവിധാനത്തെപ്പോലും വെല്ലുവിളിക്കുന്ന നീക്കങ്ങളും വിമോചന സമരക്കാരിൽനിന്നുമുണ്ടായി.

പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനുവേണ്ടി ബ്യുറോക്രസിയും പൊലീസും ഉൾപ്പെടെയുള്ള മർദ്ദകസംവിധാനങ്ങളെ ഇ എം എസ് സർക്കാർ ഉപയോഗിച്ചില്ലയെന്നുള്ളത് ശ്രദ്ധേയമാണ്. സമരക്കാർ സ്കൂളുകൾ കത്തിക്കലും പൊതുമുതൽ നശിപ്പിക്കലും പോലീസിനെ ആക്രമിക്കലുമടക്കമുള്ള വിധ്വംസകപ്രവർത്തനങ്ങൾ വിധ്വംസകപ്രവർത്തനങ്ങൾ അവലംബിച്ച സന്ദർഭങ്ങളിൽപോലും പോലീസ് മുൻമാതൃകകളില്ലാതെതന്നെ പരമാവധി സംയമനം പാലിച്ചു. ഇ.എം.എസ് സർക്കാരിന്റെ പൊലീസ് നയം സേനയുടെ പരമ്പരാഗതമായ സ്വഭാവത്തെപ്പോലും അടിസ്ഥാനപരമായി മാറ്റി മറിച്ചുവെന്നതാണ് അതിനുകോരാണം.

വസ്തുതകളെ വക്രീകരിച്ചും വളച്ചൊടിച്ചും പ്രചരിപ്പിച്ചിരുന്ന നിഷേധാത്മക ശൈലിയിലൂടെയും യാഥാർത്ഥ്യത്തെ തമസ്കരിച്ച്‌ വാസ്തവവിരുദ്ധമായ കാര്യങ്ങൾ അതിവൈകാരിക പ്രകടനങ്ങളിലൂടെ സ്ഥാപിച്ചെടുക്കുവാനുള്ള ത്വര ഒന്നാം കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ ദർശിക്കാമായിരുന്നു. അത് ഇടതുപക്ഷം അധികാരത്തിലുള്ളപ്പോഴൊക്കെയും വിരുദ്ധശക്തികളുടെയും സ്ഥാപിത താല്പര്യക്കാരായ മാധ്യമങ്ങളുടെയും പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ്. ഇന്ത്യയിൽ സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രയോഗവത്കരണം തുടങ്ങിയത് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രക്ഷോഭത്തിലൂടെയാണ്. വിരുദ്ധരുടെ വിവിധ പ്രസിദ്ധീകരണങ്ങളിലും പ്രചാരണപ്രവർത്തനങ്ങളിലും ഭൂരിഭാഗം മാധ്യമങ്ങളുടെ എഡിറ്റോറിയലുകൾപോലും അസത്യപ്രചാരണങ്ങളാൽ നിറയ്ക്കപ്പെട്ടിരുന്നു. വാർത്തകളും വിരുദ്ധവികാരങ്ങളുടെ ഉന്മാദത്തിൽ ആറാടിയിരുന്ന ആൾക്കൂട്ടങ്ങൾ ജനകീയ ഭരണ നടപടികളെ അട്ടിമറിക്കുന്ന അവസ്ഥ സൃഷ്ടിച്ചു. ഈ വിശേഷാവസ്ഥയെ ‘മാസ് അപ്സർജ്’ എന്ന പരാമർശം നടത്തി സാമാന്യവത്കരിച്ചത് അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിന്റെ സമീപനം വ്യക്തമാക്കുന്നതായിരുന്നു. പില്കാലത്തുടനീളം ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിനു തുടക്കം കുറിച്ചത് കേരളത്തിലെ വിമോചനസമരാഭാസത്തിലൂടെയും അന്നത്തെ കേന്ദ്ര ഇടപെടലിലൂടെയുമാണ്. പിൽക്കാലത്ത് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുടലെടുത്ത വിഘടന‐വിധ്വംസക പ്രവർത്തങ്ങൾക്ക് കേരളത്തിൽ വിമോചനസമരമെന്നപേരിൽ നടത്തിയ നശീകരണ പ്രവർത്തനങ്ങളും അതോടൊപ്പം കേന്ദ്രം സംസ്ഥാന സർക്കാരിനെ അട്ടിമറിച്ചതും പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രേരണയായി വർത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണകാലം സമഗ്രവികസനത്തിന് അടിത്തറപാകി. അത് ഭരണപരവും സാമൂഹികവുമായ അഭിവൃദ്ധിയുടെ നൂതനപാത വെട്ടിത്തുറന്നു. വികസനമുന്നേറ്റത്തിന് ഊന്നൽ നൽകിക്കൊണ്ട് പുരോഗനപരമായ അനേകം സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി. ഇടതുപക്ഷം കേരളത്തിൽ അധികാരത്തിലുള്ളപ്പോഴൊക്കെയും കാലാനുസൃതമായ മെച്ചപ്പെടുത്തലുകളോടെ ശക്തമായി തുടരുന്നു. 2016 ൽ അധികാരത്തിലെത്തിയ പിണറായി സർക്കാരും കൂടുതൽ ജനപിന്തുണയോടെ 2021ൽ നേടിയെടുത്ത തുടർഭരണത്തിലും ഭാവികേരളത്തിന്റെ ആവശ്യകതകളെ തിരിച്ചറിഞ്ഞുകൊണ്ട് കാലാതിവർത്തിയായ വികസനപ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

പ്രതിലോമ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന സാമുദായിക സംഘങ്ങളും പ്രതിപക്ഷ പാർട്ടികളുംകൂടി സമാഹരിച്ച വിഭവങ്ങളുടെ തത്വദീക്ഷയില്ലാത്ത വിനിയോഗവും സ്ഥാപിതതാല്പര്യക്കാരുടെ ജിഹ്വകളായി വർത്തിക്കുന്ന ദുഷ്പ്രചാരണങ്ങളുമൊക്കെയാണ് ഒന്നാം ഇ എം എസ് സർക്കാർ അട്ടിമറിക്കപ്പെട്ടതിന്റെ പിന്നിലുണ്ടായിരുന്ന മുഖ്യഹേതുക്കൾ. അക്കാലത്ത് അട്ടിമറിപ്രവർത്തനങ്ങൾക്കായി പ്രതിലോമശക്തികൾ വൻതോതിൽ ധനസമാർജ്ജനം നടത്തിയിരുന്നു. ഗണ്യമായ പണപ്രവാഹം വിദേശരാജ്യങ്ങളിൽനിന്നായിരുന്നു. വിദേശത്തുനിന്നും ലഭിച്ച ഭീമമായ തുക ചില ‘സഭ’കളുടെ കണക്കിൽ വരവ് വെച്ചതായി പ്രധാനമന്ത്രി നെഹ്റു പാർലമെന്റിൽ പ്രസ്താവിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അമേരിക്കൻ സാമ്രാജ്വത്വം ആത്മാർത്ഥമായി പിന്തുണച്ച് യഥേഷ്ടം പണമൊഴുക്കിയിരുന്നുവെന്നത് വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വിദേശത്തുനിന്നുമെത്തിയ ധനവിഭവങ്ങളോടൊപ്പം ഫ്യൂഡൽ പ്രമാണിമാരും ധനാഢ്യരും സ്വകാര്യബാങ്കുകളും മറ്റു ധന ഇടപാടുകാരും, മദ്യലോബിയും കരാറുകാരുമൊക്കെ യഥേഷ്ടം പണമൊഴുക്കി. അക്കാലത്ത് ചില പ്രാദേശിക സ്വകാര്യ ബാങ്കുകൾ പൊളിഞ്ഞതും ഇവിടുത്തെ മാധ്യമ, -വ്യാവസായിക, വാണിജ്യ മേഖലകളിൽ ചിലർ വൻ കുത്തകകളായി കുതിച്ചു കയറി പടർന്നു പന്തലിച്ചതിന്റെയും പശ്ചാത്തലം സൂക്ഷ്‌മമായ പഠനം അർഹിക്കുന്നു. പ്രക്ഷോഭത്തിനായുള്ള പണമൊഴുക്ക് കേരളരാഷ്ട്രീയത്തിൽ അഴിമതിയുടെ കടന്നുകയറ്റത്തിനും ഇടമൊരുക്കി. സാമ്പത്തിക അരാജകത്വവും ധനാർജ്ജനവും വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും അതിന്റെ നേതാക്കന്മാർക്കും ഭൂഷണമായിത്തീർന്നു. ഹീനമായ രീതിയിലുള്ള ധനാപഹരണവും മദ്യസൽക്കാരങ്ങളും കുഴൽപ്പണ ഇടപാടുകളുമൊക്കെ കടന്ന് അങ്ങേയറ്റം നാണംകെട്ട രീതിയിലുള്ള കൂടോത്രങ്ങളിൽ വരെ എത്തിനിൽക്കുന്നു വലതുപക്ഷ രാഷ്ട്രീയം.

ആദ്യസർക്കാരിന്റെ കാലം മുതൽ ഇടതുപക്ഷം അധികാരത്തിലുള്ള കാലത്തൊക്കെ മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം നിഷേധാത്മകമാണ്. ആ സർക്കാരിനോട് മാധ്യമങ്ങളുടെ വിരോധം പതറിപ്പോർട്ടുകളിലും എഡിറ്റോറിയലുകളിലും പ്രകടമായി. അക്കാലം മുതൽ തന്നെ ‘വിലയ്‌ക്കെടുത്ത (Paid news) വാർത്തകൾ’ പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം സംസ്ഥാനത്ത് സംജാതമായി. കമ്യൂണിസ്റ്റ് സർക്കാരിനെതിരെ വിഷലിപ്തമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും സർക്കാരിന്റെ ജനക്ഷേമോന്മുഖ ഭരണ നടപടികളെ തമസ്കരിക്കുകയും ചെയ്തു. പക്ഷേ ദേശീയ പത്രങ്ങളിലേറെയും ഇതിൽനിന്നും വിഭിന്നമായിരുന്നു.
വിമോചനസമരത്തിൽ പങ്കെടുത്തവരിലേറെയും പില്കാലത്ത് അതിൽ പശ്ചാത്തപിച്ചിട്ടുണ്ട്. ഇക്കാലത്ത് ആഗോള തലത്തിൽ കത്തോലിക്കാസഭ പോലും ഇടതുപക്ഷത്തോട് സഹകരണത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളും യൂറോപ്പിലെ ‘ഡയലോപ്’ പോലെയുള്ള ക്രിസ്ത്യൻ‐മാർക്സിസ്റ്റ് സംവാദ സമിതിയുമൊക്കെ ഇടതുപക്ഷവുമായി സഹവർത്തിത്വപാതയിലാണ്.

ഫാസിസിസ്റ്റ്‌ വർഗീയ ശക്തികളുൾപ്പെടെയുള്ള വലതുപക്ഷത്തിന്റെയും ഇടതുവിരുദ്ധ മാധ്യമങ്ങളുടെയും കുതന്ത്രങ്ങൾകൊണ്ട് താൽക്കാലികമായ തിരിച്ചടികൾ നേരിട്ടുവെങ്കിലും അതിനെയൊക്കെ അതിജീവിച്ച് ഇടതുപക്ഷം ജനക്ഷമോന്മുഖവും പുരോഗമനാത്മകവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. വികസനത്തിന്റെയും പുരോഗതിയുടെയും ഒട്ടേറെ സൂചികകളിൽ ഇന്ന് കേരളം വികസിതരാജ്യങ്ങളോടൊപ്പം നിലകൊള്ളുന്നുവെങ്കിൽ അതിന് ഇടതുപക്ഷം വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. വിരുദ്ധമാധ്യമങ്ങളുടെയും സ്ഥാപിത താല്പര്യക്കാരുടെയും കുത്സിതപ്രവർത്തനങ്ങളെ അതിജീവിച്ച് നമ്മുടെ നാട് ഇടതുപക്ഷഭരണത്തിൽ പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടേയിരിക്കും.
(ലേഖകൻ ചരിത്രാധ്യാപകനും “കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും ഒരു ചരിത്രാന്വേഷണം’ എന്ന ഗവേഷണ ഗ്രന്ഥത്തിന്റെ രചയിതാവുമാണ്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 1 =

Most Popular