Thursday, September 19, 2024

ad

Homeചിത്രകലകലാശാലാന്തരീക്ഷം ക്യാൻവാസിലാക്കിയ ചിത്രകലാ ക്യാന്പ്‌

കലാശാലാന്തരീക്ഷം ക്യാൻവാസിലാക്കിയ ചിത്രകലാ ക്യാന്പ്‌

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

സ്‌കൂൾ‐കോളേജ്‌ പഠനകാലത്തിന്റെ ഓർമകളുടെ പച്ചപ്പിലേക്ക്‌ ഒരിക്കൽകൂടി നടന്നുകയറാൻ മോഹമില്ലാത്തവരുണ്ടോ? പഠനകാല ഓർമകളെ‐സൗഹൃദങ്ങളെ‐വിരഹനിമിഷങ്ങളെയൊക്കെ ആഴത്തിൽ അനുഭവിച്ചുകൊണ്ട്‌ പ്രകൃതിയെ കൂട്ടിച്ചേർത്തു പിടിക്കാനൊരവസരമുണ്ടാകുക എന്നതും പ്രധാനം. ക്ലാസ്‌ മുറികളിലൂടെ, കോളേജ്‌ മുറ്റത്തെ പടിക്കെട്ടുകൾ കയറിയും ഇരുന്നും മരങ്ങൾക്കിടയിലൂടെ നടന്നും പക്ഷികളുടെ സംഗീതവും പ്രകൃതിയുടെ താളവും ആസ്വദിച്ചും പ്രകൃതിയുടെ വിസ്‌മയങ്ങളിലേക്ക്‌ യാത്രചെയ്‌തുകൊണ്ടുമാണ്‌ അന്പതോളം ചിത്രകാരർ കോട്ടയം സിഎംഎസ്‌ കോളേജിൽ ഒത്തുചേർന്നത്‌. കോളേജ്‌ സൗഹൃദങ്ങളുടെ സൗന്ദര്യാത്മകത ലോകത്തേക്ക്‌ നയിച്ച കലയുടെ പൂർണതയാണ്‌ സിഎംഎസ്‌ കോളേജിൽ അരങ്ങേറിയത്‌.

ചിത്ര‐ശിൽപകലയെ ആഘോഷമാക്കുന്ന അന്തരീക്ഷമാണ്‌ സിഎംഎസ്‌ കോളേജിന്റെ ചരിത്രത്തിലുള്ളത്‌. ദേശീയതലത്തിൽ പ്രശസ്‌തമായ ചിത്ര‐ശിൽകലാ ക്യാന്പുകൾ നടത്തിയിട്ടുള്ള തിരുമുറ്റം കൂടിയാണിവിടം. കോളേജിനകത്ത്‌ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കലാകാരരുടെ ചിത്രങ്ങൾ സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്‌. പ്രവേശനവഴിയിലും മുറ്റത്തുമൊക്കെ പ്രമുഖ ശിൽപികളുടെ കലാവിഷ്‌കാരങ്ങളാലും സന്പന്നമാകുന്നു. അവിടേക്കാണ്‌ പ്രമുഖ ചിത്രകാരൻ ടി ആർ ഉദയകുമാറിന്റെ നേതൃത്വത്തിൽ അന്പത്‌ ചിത്രകാരരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഏകദിന ചിത്രകലാ ക്യാന്പ്‌ സംഘടിപ്പിച്ചത്‌. കലാന്തരീക്ഷത്തിന്റെ സുവർണനൂലുകൾക്കിടയിൽ നമുക്കു കാണാം പഴമയുടെയും പുതുമയുടെയും അലങ്കാരത്തനിമയുള്ള സിഎസ്‌എസ്‌ കോളേജ്‌ മന്ദിരങ്ങൾ‐ ആ വരാന്തകളിലിരുന്നാണ്‌ ക്യാന്പിൽ പങ്കെടുത്ത ചിത്രകാരർ കലാവിഷ്‌കാരങ്ങൾ വർണാഭമാക്കിയത്‌.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള അന്പത്‌ ചിത്രകാരരാണ്‌ ജൂലൈ 21ന്‌ സിഎംഎസ്‌ കോളേജിൽ നടന്ന ഏകദിന ചിത്രകലാ ക്യാന്പിൽ പങ്കെടുത്ത്‌ ചിത്രങ്ങൾ വരച്ചത്‌. അക്രലിക്‌ മീഡിയത്തിലാണ്‌ ചിത്രങ്ങൾ രചിച്ചത്‌. സംഘാടനത്തിൽ സിഎംഎസ്‌ കോളേജിനൊപ്പം ക്യാമൽ കന്പനിയും കോട്ടയം ആർട്ട്‌ ഫൗണ്ടഷനും സഹകാരികളായി. പത്രപ്രവർത്തകനായ ജോസ്‌ പനച്ചിപ്പുറം, സിഎംഎസ്‌ കോളേജ്‌ പ്രിൻസിപ്പൽ ഡോ. അഞ്‌ജു ബോബൻ ജോർജ്‌ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ ചിത്രകാരരണായ കെ ടി മത്തായി, പി ജി ദിനേശ്‌, ഒ സി മാർട്ടിൻ, സജിത്‌ പുതുക്കലവട്ടം, ശ്രീജ പള്ളം, അജി അടൂർ, ബിന്ദി രാജഗോപാൽ, ടി എസ്‌ പ്രസാദ്‌, ഷാജി ചേലാട്‌, പ്രമോദ്‌ കൂരന്പാല, ടി ആർ രാജേഷ്‌, ലതാദേവി, സുനിൽലാൽ തുടങ്ങിയവരുൾപ്പെടെ 50 പേരാണ്‌ ക്യാന്പിൽ പങ്കെടുത്തത്‌.

കോളേജ്‌ അന്തരീക്ഷത്തിന്റെ കലപില ശബ്ദങ്ങളുടെയും ബിശബ്ദതയുടെയും ഉൾക്കാഴ്‌ചകൾ പങ്കുവയ്‌ക്കുന്ന കലാത്മകത ക്യാന്പ്‌ രചനകളിൽ ചിലതിലെങ്കിലും പ്രതിഫലിക്കുന്നുണ്ട്‌. ഒപ്പം ആർദ്രമായ ജീവിതാനുഭവങ്ങളും കാഴ്‌ചാനുഭവങ്ങളും. പ്രകൃതിയിൽനിന്നും ജീവിതത്തിൽനിന്നും ഉൾക്കൊണ്ട പാഠങ്ങളുടെ പുനരാഖ്യാനമടക്കമുള്ള രൂപമാതൃകകളും ചില ചിത്രങ്ങളിൽ തെളിയുന്നു. വലിയ ക്യാൻവാസിൽ ചെറിയ രൂപനിർമിതിയിലൂടെ നന്മയുടെ പൂമരമായി പടരുന്ന പ്രകൃതിയുടെ പച്ചപ്പിനെ സജിത്‌ പുതുക്കലവട്ടം ആവിഷ്‌കരിച്ചിരിക്കുന്നു. വ്യത്യസ്‌തവും നവീനവുമായ രൂപബോധവും നിറവൈവിധ്യവും കൊണ്ട്‌ സംവദിക്കുകയാണ്‌ ചലനാത്മകമായ രൂപങ്ങളിലൂടെയുള്ള ചിത്രതലങ്ങൾ സമ്മാനിക്കുന്ന മാർട്ടിന്റെയും പി ജി ദിനേശിന്റെയും രചനകൾ. കോളേജ്‌ അന്തരീക്ഷത്തെ കൂടി പ്രകൃതിയോട്‌ ചേർക്കുകയാണ്‌ ടി ആർ രാജേഷ്‌, പ്രമോദ്‌ എന്നിവരുടെ ചിത്രങ്ങളിൽ. പാരസ്‌പര്യത്തിന്റെയും പരസ്‌പരാശ്രിതത്വത്തിന്റെയും പ്രതീകമാകുന്ന ഭൂമിയെ, ജീവജാല ങ്ങളെ വിപുലമായ കാഴ്‌ചാനുഭവമാക്കുകയാണ്‌ ബിന്ദി രാജഗോപാൽ, ലതാദേവി എന്നിവരുടെ ചിത്രങ്ങൾ. ആകാശത്തേക്ക്‌ എത്തിപ്പിടിക്കുന്ന മരങ്ങൾ, താളാത്മകമായി പറന്നുനടക്കുന്ന പക്ഷികൾ, മനുഷ്യരെയും ജീവജാലങ്ങളെയും ചേർത്തുപിടിക്കുന്ന പ്രകൃതി‐ ഇവയുടെയൊക്കെ ആശയത്തിനപ്പുറമുള്ള കാഴ്‌ചകളെയാണ്‌ നിരവധി ചിത്രകാരർ ആവിഷ്‌കരിച്ചിട്ടുള്ളത്‌. പ്രകൃതിയുമായി സംയോഗത്തിൽ ജീവിക്കുക എന്ന കാഴ്‌ചപ്പാടിന്റെ സൗന്ദര്യശാസ്‌ത്രമാണ്‌ കോളേജിനെയും ഒരു ഒബ്‌ജക്ടാക്കി ശ്രീജ പള്ളം ചിത്രതലത്തിലേക്ക്‌ ആവാഹിച്ചവതരിപ്പിച്ചിരിക്കുന്നത്‌. യാന്ത്രികമായ ജീവിതത്തെ പ്രതീകവൽക്കരിക്കുന്ന തിരക്കുപിടിച്ച രൂപങ്ങളുടെ ചേരലാണ്‌ ഷാജി ചേലാടിന്റെ ചിത്രം.

പ്രകൃതിയെയും മനുഷ്യരെയും തൊട്ടറിയുന്ന ജീവിതമുഹൂർത്തങ്ങളിലേക്കാണ്‌ സിഎംഎസ്‌ കോളേജ്‌ അന്തരീക്ഷവും കഥാപാത്രമായി ഈ ചിത്രകാരരിലേക്ക്‌ കടന്നുചെല്ലുന്നത്‌. അതവർ ഉൾക്കൊണ്ടുകൊണ്ടാണ്‌ ചിത്രരചന നടത്തിയിട്ടുള്ളതെന്നും ചിത്രങ്ങളാകെ വിളിച്ചറിയിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − six =

Most Popular