Tuesday, September 17, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ചെറുകാട്‌ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ പഥികർ

ചെറുകാട്‌ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ പഥികർ

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 44

മുത്തശ്ശിയും ശനിദശയും നമ്മളൊന്നും ഭൂപ്രഭുവുമൊക്കെ എഴുതിയ ചെറുകാട് ഗോവിന്ദ പിഷാരോടിയെക്കുറിച്ച് സാഹിത്യവായനക്കാർക്ക് പുതുതായി പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ ആ ചെറുകാട് പോസ്റ്ററെഴുതിയൊട്ടിച്ചും ടാറുകൊണ്ട് ചുമരെഴുതിയും ഒളിവിൽ കഴിഞ്ഞും പാഠകംപറഞ്ഞും പോലീസിന്റെ തല്ലുകൊണ്ടും ജയിലിൽ കിടന്നും കമ്മ്യൂണിസ്റ്റുപാർട്ടി കെട്ടിപ്പടുക്കാൻ ത്യാഗപൂർവം പ്രവർത്തിച്ചയാളാണെന്നറിയുന്നവർ കുറയും. എഴുത്തുകാരനായ കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റുകാരനായ എഴുത്തുകാരനുമാണ് ചെറുകാട്.

തൊള്ളായിരത്തിമുപ്പതുകളുടെ ആദ്യം പുലാമന്തോളിലെ കുന്നോത്തുപറമ്പിൽ യുവജനങ്ങൾ ഒരു സംഘമുണ്ടാക്കി. ഉല്പതിഷ്ണുക്കളായ ആ യുവാക്കൾ യാഥാസ്ഥിതികത്വത്തിനെതിരെ മെല്ലെമെല്ലെ ശബ്ദിച്ചുപോന്നു. കുടുമമുറിച്ച് തറവാട്ടുകാരണവന്മാരെ വെല്ലുവിളിച്ചു. ആ സംഘം അതിവേഗം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു.ചെറുകാടടക്കമുള്ളവരാണ് യുവജനസംഘത്തിന്റെ മുൻനിരപ്രവർത്തകർ. അവരുടെ അടുത്തേക്ക് കോൺഗ്രസ് നേതാവായ ഇ.പി.ഗോപാലൻ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. യുവജനസംഘം പൂർണമായും കോൺഗ്രസ് ഘടകമാകുന്നതിന് പിന്നെ താമസമുണ്ടായില്ല. അവർ വിദേശവസ്ത്രവിപണനത്തിനെതിരെ പ്രചാരണം തുടങ്ങി. സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന് പ്രചരിപ്പിക്കാൻ തുടങ്ങി. വെള്ളക്കാർ പുറത്തുപോകണമെന്ന് വിളിച്ചുപറയാൻ തുടങ്ങി. അയിത്തത്തിനെതിരെ പ്രചരണം നടത്തി മുതിർന്നവരുടെ നീരസമേറ്റുവാങ്ങി.

അങ്ങനെയിരിക്കെയാണ് ഗാന്ധിജിയെയും ഇ.എം.എസിനെയും കാണാൻ അവസരം ലഭിക്കുന്നത്. സ്കൂളിലെ ഹെഡ്മാസ്റ്ററാണ് ചെറുകാടടക്കം പഠിക്കുന്ന ക്ലാസിൽവന്ന് ആ വിവരം പറഞ്ഞത്. നാളെ ഗാന്ധിജിവരുന്നു, പട്ടാമ്പിയിൽ. താല്പര്യമുള്ള കുട്ടികൾക്ക് പോയി കാണാം. ഔദ്യോഗികമായി പറയുന്നതല്ല, വിവരമറിയിക്കുന്നുവെന്നുമാത്രം‐ ഹെഡ്മാസ്റ്റർ വിനീതനായി. ഗാന്ധിജിയുടെ പ്രസംഗം തർജമചെയ്തത് ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാട്. ഗാന്ധിജിയെ ഒരവതാരപുരുഷനെപ്പോലെയാക്കി അവതരിപ്പിച്ച് ഭക്തിപ്രകടിപ്പിക്കുന്ന യാഥാസ്ഥിതിക കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തിലല്ല താനെന്ന് ചെറുകാട് സ്വയം തിരിച്ചറിഞ്ഞു. അർധനഗ്നനായ രാഷ്ട്രീയ സന്ന്യാസിയായാണ് താൻ അന്ന് ഗാന്ധിയെ ഉൾക്കൊണ്ടതെന്ന് പിൽക്കാലത്ത് ചെറുകാട് തുറന്നെഴുതുന്നുണ്ട്. ചെറുകര ബാലമോദിനി സ്കൂളിൽ ഏഴാം ക്ലാസിലാണ് ഗോവിന്ദൻ പഠിക്കുന്നത്. അവിടുത്തെ അധ്യാപകരിൽ ചിലർ ഗോവിന്ദന്റെ സഹപാഠികളാണ്. എട്ടാം ക്ലാസ് പാസായാൽ തനിക്കും മാഷാകാം എന്നതാണ് ഗോവിന്ദന്റെ സ്വപ്നം. ഗാന്ധിജിയുടെ വരവിനു ശേഷം ഏതാനും നാൾ കഴിഞ്ഞപ്പോൾ ഒരുദിവസം കിട്ടിയ വിവരം ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് ഏലംകുളം മനയിൽ വന്നിട്ടുണ്ടെന്നാണ്. അതായത് 1932‐ഓടെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച ഇ.എം.എസ്. തന്റെ ഇല്ലത്തേക്ക് ഏതാനുംദിവസത്തെ താമസത്തിനായി വന്നിട്ടുണ്ട് എന്ന്. സ്കൂളിലെ സാഹിത്യസമാജത്തെ നയിക്കുന്നത് ചെറുകാടാണ്. നമ്പൂതിരിപ്പാടിനെ സ്കൂളിൽ സാഹിത്യസമാജത്തിൽ പങ്കെടുപ്പിക്കണമെന്ന് ആറങ്ങോട്ടു ശേഖരപിഷാരോടി മാസ്റ്റർ നിർദേശിക്കുന്നു. സഹപാഠിയായ പി.വി.കുഞ്ഞൻ വാരിയരെയുംകൂട്ടി ചെറുകാട് ഏലംകുളം മനയ്ക്കലെത്തുന്നു. ക്ഷണം സ്വീകരിച്ച് നമ്പൂതിരിപ്പാട് ചെറുകര സ്കൂളിൽവന്ന് സാഹിത്യപ്രസംഗം നടത്തുന്നു. ചെറുകാടും ഇ.എം.എസും തമ്മിലുള്ള ഹാർദവമായ ബന്ധത്തിന്റെ തുടക്കം അതാണ്.

കോൺഗ്രസ്സിൽ ഇടതുപക്ഷത്തിന്റെ വരവറിയിക്കുന്ന കാലമാണത്. 1934 അവസാനമാകുമ്പോഴേക്കും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം തുടങ്ങി. ചെറുകാടിന് രാഷ്ട്രീയത്തിൽ കൂടുതൽ താല്പര്യമുണ്ടാകുന്നത് സി.എസ്.പി.യുടെ വരവോടെയാണ് തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിന് സാമ്പത്തികമായ അടിസ്ഥാനംകൂടി സൃഷ്ടിക്കുന്ന പുതിയ രാഷ്ട്രീയം. ചെറുകരയിലെ നാടുവാഴി കുടുംബത്തിലെ കൈകാര്യകർത്താക്കളിലൊരാളായ രാമനുണ്ണിപ്പിഷാരോടിയുടെ വീട്ടിലെ പത്തായപ്പുരയിൽ ഇടയ്ക്കിടെ ഗോവിന്ദൻ സന്ദർശകനായിരുന്നു. ദേശീയ നേതാക്കളുടെ ഛായാപടങ്ങൾ തൂക്കിയ പത്തായപ്പുര. ഉല്പതിഷ്ണുവായ രാമനുണ്ണിപ്പിഷാരോടി ഗോവിന്ദനോട് പറയുന്നു‐ ഇവിടെ ഒരു കഥാപുസ്തകമുണ്ട്, വലിയൊരു മനുഷ്യന്റെ കഥ‐ ഴാങ് വാൽ ഴാങ് എന്ന മനുഷ്യന്റെ കഥ ഇവിടെ ഇരുന്നു വായിക്കാമെങ്കിൽ തരാം‐ കൊണ്ടുപോകാൻ തരില്ല. മൂന്നു വാള്യങ്ങളുള്ള പാവങ്ങളുടെ ആദ്യവാള്യം മൂന്നുദിവസംകൊണ്ട് വായിച്ചുതീർത്തു. മറ്റുഭാഗങ്ങൾ വീട്ടിൽകൊണ്ടുപോയി വായിക്കാൻ സാധിച്ചു. ലഹരിപിടിച്ച ആ വായന തലയിൽ പുതിയ വെളിച്ചമാണുണ്ടാക്കിയത് ചെറുകാട് ഉറപ്പിച്ചു, എന്റെ രാഷ്ട്രീയം പാവങ്ങളുടെ രാഷ്ട്രീയമാണ്. പാവങ്ങളുടെ വായന ക്രമത്തിൽ കമ്യൂണിസത്തിലേക്കാണ് ചെറുകാടിനെ നയിച്ചത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ചെറുകാട് സ്കൂൾ കയ്യെഴുത്തുമാസികയുടെ പത്രാധിപരാണ്, സാഹിത്യസമാജം സെക്രട്ടറിയാണ്. പക്ഷേ സ്കൂളിലെ ഒരു തർക്കവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായി. ക്ഷുഭിതനായ ചെറുകാട് സാഹിത്യസമാജമടക്കം ബഹിഷ്കരിച്ച് കോഴിക്കോട്ടേക്ക് കള്ളവണ്ടി കയറി. അവിടെ റെയിൽവേ സ്റ്റേഷനിൽ തോർത്തുവിരിച്ച് കിടത്തം. ചായ കുടിക്കാൻപോലും കാൽക്കാശില്ല. തെരുവിലിറങ്ങി ഇരന്നു. കാൽക്കാശ് കിട്ടിയില്ല. അപ്പോഴതാ കാണുന്നു, ഒരു വൈദ്യമാസികയുടെ ഓഫീസ്. അവിടെക്കയറി ചായക്കാശ് ചോദിച്ചപ്പോൾ മുതലാളി പറയുന്നു, ഇരക്കരുത്, മാസിക തരാം വിറ്റാൽ കമ്മീഷൻ 20 ശതമാനം. ഒരു ചായക്കുള്ള കാശ്‐ മാസികയൊന്നും ചെലവായില്ലങ്കിലും വില്പനക്കാരന്റെ ദൈന്യംകണ്ട് ഒരു വൈദ്യശാലക്കാരൻ ഒരണ നൽകി ചായ കുടിക്കാൻ. ചായ കുടിച്ച് ബാക്കികൊണ്ട് ബീഡിയും കടലാസും പെൻസിലും വാങ്ങുകയാണ്. ബീഡി വലിച്ചൂതി ആ കടലാസിൽ അന്നത്തെ സംഭവങ്ങളെല്ലാം കേക വൃത്തത്തിൽ പദ്യമായെഴുതി അതുമെടുത്ത് മാതൃഭൂമിയിലേക്കാണ് ഗോവിന്ദൻ പോകുന്നത്. പത്രാധിപരായ പി.നാരായണൻനായരെ കാണുന്നു, ആ കവിത കൊടുക്കുന്നു, കവിതക്ക് കാശുതരുമോ എന്നു ചോദിക്കുന്നു, ജോലി ചോദിക്കുന്നു. കവിത മലങ്കാടനെന്ന തൂലികാനാമത്തിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നു.

നാടുവിട്ടതുകൊണ്ട് ജോലിയൊന്നും കിട്ടിയില്ലെന്നതിൽ നിരാശനായി ചെറുകാട് സ്കൂളിൽ തിരിച്ചെത്തുന്നു. അധ്യാപകനെ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് ഹെഡ്മാസ്റ്ററുടെ അടിശിക്ഷയേറ്റുവാങ്ങി പഠനം തുടരുന്നു. എട്ടാംക്ലാസ് പാസ് എന്നത് ജീവിതമാർഗമാണ്:

ആയിടയ്ക്കാണ് കോൺഗ്രസ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദിന്റെ മലബാർ പര്യടനം. തെക്കേ മലബാറിൽ ചുണ്ടമ്പറ്റയിലാണ് സ്വീകരണം. പക്ഷേ പുലാമന്തോളിൽ ഒരു സ്വീകരണം നടത്തിയേ തീരൂ എന്ന് അവിടെയുള്ള കോൺഗ്രസ്സുകാരായ ചെറുകാടടക്കമുള്ളവർ തീരുമാനിക്കുന്നു, ആശിക്കുന്നു. നടക്കില്ലെന്ന് നേതാവും ചെറുകാടടക്കമുള്ളവരുടെ പ്രിയപ്പെട്ട രാഷ്ട്രീയഗുരുവുമായ ഇ.പി.ഗോപാലൻ തീർത്തുപറയുന്നു, പക്ഷേ പുലാമന്തോൾ ഘടകം ഉറച്ചുനിൽക്കുന്നു. അവരതു സാധിച്ചു. ചെറുകാടടക്കമുള്ളവരുടെ ആശ നിറവേറി. അവർ വീടുവീടാന്തരം കയറിയിറങ്ങി പണം പിരിച്ചു. രാജേന്ദ്രപ്രസാദ് പുലാമന്തോളിൽ ഇറങ്ങി, അഭിവാദ്യംചെയ്തു. അദ്ദേഹത്തിന് നാട്ടുകാർ പണക്കിഴി നൽകി.

ചെറുകാടിനെ കമ്യൂണിസത്തിലേക്കാനയിച്ചത് വിക്തർ യൂഗോയുടെ പാവങ്ങളാണെന്ന് മുമ്പ് സൂചിപ്പിച്ചു. താൻ കമ്മ്യൂണിസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ജീവിതപ്പാതയിൽ ചെറുകാട് എഴുതിയതിങ്ങനെ‐ ” പാവങ്ങളെന്ന വിശ്വോത്തരകൃതിയിലെ പാവങ്ങളിലൂടെയാണ് മർദ്ദിതജനതയോട് എനിക്കുണ്ടായ പ്രേമം ഒഴുകിവന്നത്. തിയറികളെ സംബന്ധിച്ച ചർച്ചകളിൽ ഞാൻ പങ്കെടുത്തിരുന്നുവെങ്കിലും അതിലുമധികം ആത്മാർഥമായ മർദ്ദിതവർഗപ്രേമം എന്നിലുയർത്തിയത് സാഹിത്യാനുഭൂതിയാണ്. പാവങ്ങളിലെ ഴാങ് വാൽ ഴാങിനെയും കോസത്തുകുട്ടിയെയും ഗൗരാഷിനെയും തെനാർദിയറെയും ഴാവേറിനെയും തലയിലേറ്റി വള്ളുവനാട്ടിലെ ചെമ്മലശ്ശേരിയും കരിങ്ങനാട്ടുംകൊണ്ടുവന്നുവെച്ച് അവരിൽ അവറാനെയും മുഹമ്മദിനെയും അമ്മുക്കുട്ടി മിസ്ട്രസ്സിനെയും സബ് ഇൻസ്പക്ടർ ശങ്കരൻനായരെയും കാണുക എന്നത് എനിക്കൊരാനന്ദമായിരുന്നു. ഈ കാലത്ത് ഞാൻ ഗൗരാഷ് കുട്ടിയുടെ പകർപ്പായി എഴുതിയ ഒരു ചെറുകഥയാണ് തെരുവിന്റെ കുട്ടി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മൂന്നു ലക്കങ്ങളിലായി അത് സ. പി.നാരായണൻനായർ പ്രസിദ്ധീകരിക്കുകയുണ്ടായി.’

അടുത്തരംഗം കൊടുമുണ്ടയിൽനടന്ന പാട്ടബാക്കി നാടകമാണ്. കർഷകസംഘം സമ്മേളനത്തോടനുബന്ധിച്ചുനടന്ന ആ നാടകം ഗോവിന്ദന്റെ മനസ്സിൽ തറച്ചുനിന്നു. കെ.ദാമോദരനും എം.പി.ഭട്ടതിരിപ്പാടുമെല്ലാം അഭിനയിച്ച നാടകം. എം.പി.ഭട്ടതിരിപ്പാടാണ് പാട്ടബാക്കിയിലെ കുഞ്ഞിമാളുവായി വേഷമിട്ടത്. ആ കുഞ്ഞിമാളു തന്റെ മനസ്സിൽനിന്ന് ഒരിക്കലും വിട്ടുപോയിട്ടില്ലെന്ന് പിൽക്കാലത്ത് ചെറുകാട് അനുസ്മരിക്കുന്നുണ്ട്. നാടകം കണ്ട് ഇറങ്ങുമ്പോൾ ചെറുകാട് ഉറക്കെ വിളിച്ചു‐ ഇൻക്വിലാബ് സിന്ദാബാദ്.

കെ.എൻ.എഴുത്തച്ഛന്റെ പ്രേരണയിലും സഹായത്തിലും മലയാളം വിദ്വാൻ പരീക്ഷ പാസായി ചെറുകര സ്കൂളിൽ മലയാളം പണ്ഡിറ്റായി ചേരുകയാണ് സി.ഗോവിന്ദപിഷാരോടി എന്ന ചെറുകാട്. അങ്ങനെയിരിക്കെ ഒരുനാൾ കോൺഗ്രസ് നേതാവും ബന്ധുവുമായ ആർ.പി. അതായത് രാഘവ പിഷാരോടി ചെറുകാടിനോട് പറയുന്നു, നിങ്ങളുടെ വീട്ടിൽ ഒരു രഹസ്യയോഗം ചേരാനുണ്ട്! ചെറുകാടിന്റെ വീട്ടിൽ രഹസ്യയോഗം. ചെറുകാട് തന്റെ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഐ.സി.പി. നമ്പൂതിരി അവിടെയെത്തിയിട്ടുണ്ടായിരുന്നു. യോഗത്തിനെത്തുന്നവരിലേറെയും പോലീസ് തിരയുന്നവരായതിനാൽ രഹസ്യസ്ഥലംവേണമെന്ന് ഐ.സി.പി. നിർദേശിച്ചു. വീട്ടിനോടുചേർന്നുതന്നെയുള്ളതെന്നു പറയാവുന്ന ചെറുകാട്ടമ്പലത്തിന്റെ തിടപ്പള്ളിയിലേക്ക് മാറാമെന്ന് തീരുമാനിച്ചു. കെ.പി.ജി. നമ്പൂതിരിയും പിന്നീട് രാമുണ്ണി മേനോൻ എന്ന തമ്പാനുമെത്തി. തമ്പാനാണ് നേതാവ്. ക്ലാസെടുക്കുന്നതും ആ നേതാവുതന്നെ. (അദ്ദേഹത്തിന്റെ പരപുച്ഛവും വഷളത്തവും ചെറുകാട് ജീവിതപ്പാതയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തമ്പാന്റെ ഉണ്ടയില്ലാത്ത തോക്ക് എന്ന ഒരധ്യായം ബർലിൻ കുഞ്ഞനന്തൻനായരുടെ പൊളിച്ചെഴുത്തിലുമുണ്ട്.) രാത്രിയും പകലുമായി അവിടെ മണിക്കൂറുകളോളം ക്ലാസ് നടന്നു. ഭക്ഷണവും മറ്റ് ഒത്താശകളും ചെറുകാടിന്റെ വക. ആ യോഗമാണ്, ക്ലാസാണ് വള്ളുവനാട് താലൂക്കിൽ കമ്മ്യൂണിസത്തിന്റെ വിത്തുവിതച്ചതെന്ന് ചെറുകാട് കരുതുന്നു.

അടുത്ത ഒരുദിവസം സ്കൂളിൽ പോയപ്പോൾ ഹെഡ്മാസ്റ്ററടക്കമുള്ളവർ ക്ഷുഭിതരായി നിൽക്കുന്നതുകണ്ടു. സ്കൂളിന്റെ ഭിത്തിയിൽ ഇൻക്വിലാബ് സിന്ദാബാദ്, കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടേ എന്നീ മുദ്രാവാക്യങ്ങൾ. ചെറുകാടിനെയടക്കം സംശയിക്കുന്നു ചുമരെഴുത്ത് നോക്കി കുട്ടികൾ ഉറക്കെ വിളിക്കുന്നു, കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്.

എതിർപ്പുകളൊക്കെ മറികടന്ന് പുലാമന്തോളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേരുപിടിക്കാൻ തുടങ്ങി. ചെറുകാട് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. തറവാട്ടുഭരണം കാരണവരെതന്നെ തിരിച്ചേൽപ്പിച്ചു. സ്കൂളിനടുത്ത് ഒരില്ലത്ത് ട്യൂഷനെടുുക്കാൻ അവസരംകൈവന്നു. താമസവും ഭക്ഷണവും അവിടെ. അവിടെ താമസിച്ചുകൊണ്ട് സ്കൂളിൽപോക്കും ബാക്കിസമയം പാർട്ടിപ്രവർത്തനവും. സ്റ്റഡി ക്ലാസുകളിൽ മാത്രമല്ല, വോളന്റിയർ പരിശീലനത്തിലും മുടക്കംകൂടാതെ പങ്കെടുത്തുപോന്നു. കർഷകസംഘത്തിലും അധ്യാപകസംഘടനയിലും സജീവമായി. രാത്രിയിൽ ചുമരെഴുത്തു പണി. പോലീസുവരുമ്പോൾ രക്ഷപ്പെടുന്നതിനുള്ള സാഹസങ്ങൾ, വീഴ്ചയും പരിക്കും.

ഐ.സി.പി. നന്പൂതിരിയുടൈ കൂടെ വള്ളുവനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചെറുകാടും പാർട്ടിയുടെ സന്ദേശവുമായി സഞ്ചരിച്ചു. നമ്മുടെ കവി, പ്രസ്ഥാനത്തിന്റെ കവി എന്ന പരിചയപ്പെടുത്തലിൽ ചെറുകാട് ആവേശഭരിതനായി ഐ.സി.പി.യുടെ കൂടെനടന്ന് ഭൂമിശാസ്ത്രവും രാഷ്ട്രീയവും ജനജീവിതവും പഠിച്ചുവെന്നാണ് ചെറുകാട് പറയുക. അങ്ങനെയിരിക്കെയാണ് പാവർട്ടി സംസ്കൃതകോളേജിൽ മലയാളം അധ്യാപകനായി നിയമനം ലഭിക്കുന്നത്. കോളേജിൽ അധ്യാപകനായി ചേർന്ന ചെറുകാടിന് പാർട്ടി നൽകിയ നിർദേശം ചാവക്കാട് ഫർക്കയിൽ പാർട്ടി കെട്ടിപ്പടുക്കുകയെന്നതാണ്. ഐ.സി.പി. പറഞ്ഞു, ചാവക്കാട് പാർട്ടി വളരെ വീക്കാണ് അതു പരിഹരിക്കണം. കോളേജധ്യാപകനായ ചെറുകാട് കോളേജിലും രാഷ്ട്രീയം മറച്ചുവെച്ചില്ല. കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ പിരിച്ചുവിട്ടാൽ അതും അനുഭവിക്കാമെന്നതായിരുന്നു ചിന്ത. പാവർട്ടിയിൽ താമസിക്കുന്ന ലോഡ്ജിൽ പാർട്ടിയുടെ നേതാവ് പങ്കെടുത്ത രഹസ്യയോഗം ചേർന്നത് മറ്റുള്ളവരിൽ നീരസമുണ്ടാക്കി. അതേ തുടർന്ന് രഹസ്യയോഗം ചേരാൻ സാധ്യമായ ഒരു വീട് വാടകയ്ക്കെടുക്കുകയാണ്. അതു പാർട്ടിയുടെ ഷെൽട്ടറായി മാറുന്നു. അവിടെ താമസിച്ചുകൊണ്ട് ചാവക്കാട് ഫർക്കയിലാകെ സഞ്ചരിച്ച് പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുകയാണ്. അടിപുഴകിയ സാമ്രാജ്യത്വം എന്ന സാമാന്യം വലിയ ഒരു ലഘുലേഖയുടെ ഏതാനും കോപ്പികളാണ് പാർട്ടിസാഹിത്യമായി ചെറുകാടിന്റെ കയ്യിൽ ആകെയുള്ളത്. രണ്ടാം ലോകയുദ്ധത്തെ സാമ്രാജ്യത്വയുദ്ധമായി പാർട്ടി എതിർക്കുന്ന കാലമാണല്ലോ ആ ലഘുലേഖ വായിക്കലും വിശദീകരിക്കലുമാണ് യോഗങ്ങളിൽ നടന്നത്. കോളേജ് വിട്ടുകഴിഞ്ഞാൽ ഏതെങ്കിലും വിദ്യാർഥിയുടെ കൂടെ അവരുടെ നാട്ടിൽപോകുന്നു. അവിടെയുള്ള കൃഷിക്കാരെയും തൊഴിലാളികളെയും കാണുന്നു. കോളേജിന് മുമ്പിലെ ബീഡിത്തൊഴിലാളികളോട് സംസാരിക്കുന്നു. യോഗങ്ങൾ ചേരുന്നു. അങ്ങനെയൊക്കെയാണ് പ്രസ്ഥാനം കെട്ടിപ്പടുത്തത്. വിദ്യാർഥികളുടെ കൂടെപ്പോയി അവരുടെ വീട്ടിൽ താമസിച്ച് അവർ പരിചയപ്പെടുത്തുന്ന നാട്ടുകാരുമായി സംസാരിച്ച് പാർട്ടി കെട്ടിപ്പടുക്കുക‐ അതാണ് ചെറുകാട് ചെയ്തതെന്നോർക്കണം. അങ്ങനെയെല്ലാംകൂടിയാണ് പ്രസ്ഥാനമുണ്ടായതെന്ന് ഓർമകളുണ്ടായിരിക്കണം.

പാവറട്ടി മേഖലയിൽ മഹിളാ പ്രസ്ഥാനമുണ്ടാക്കാൻ ഒരാളെയെങ്കിലും വശത്തിലാക്കാൻ പാടുപെട്ട കാര്യം ചെറുകാട് വിവരിക്കുമ്പോൾ നമ്മുടെ വിപ്ലപവപ്രസ്ഥാനം വളർന്നുവന്നതെങ്ങനെയെന്നതിന്റെ ചെറിയൊരു രൂപംകിട്ടും. മഹിളാനേതാവ് വരുന്നദിവസം ഏതാനും മഹിളകളെയെങ്കിലും സംഘടിപ്പിക്കണം. അതിന്റെ ചുമതല ചെറുകാടിന്. ആരെയും കണ്ടെത്താനാവുന്നില്ല. ഒടുവിൽ കോളേജിൽ താൻ പഠിപ്പിക്കുന്ന ക്ലാസിലെ ഒരു പെൺകുട്ടിയെ പിന്തുടർന്ന് ലഘുലേഖ കൊടുത്ത് വായിക്കാൻ പറയുകയാണ്. ആ കുട്ടിയുടെ വീട്ടിൽ അടുത്തദിവസം മഹിളാനേതാവിനായി ഭക്ഷണമൊരുക്കണമെന്നും എത്രമാത്രം സാഹസികമായാണ് പ്രവർത്തനങ്ങൾ നടന്നതെന്നോർക്കുന്നതുതന്നെ പ്രയാസം.

1942‐ൽ യുദ്ധത്തെക്കുറിച്ചുള്ള പാർട്ടിനയം മാറിയതോടെ വലിയ പ്രതിസന്ധിയിലായവരിലൊരാളാണ് ചെറുകാടും. ഇന്നലെവരെ പറഞ്ഞതിന് നേരെ വിപരീതമായി സംസാരിക്കേണ്ടിവരുന്ന പ്രയാസം താൻ ചാവക്കാട് ഫർക്കയിൽ പാർട്ടിയിലേക്ക് റിക്രൂട്ടുചെയ്ത നിരവധി ചെറുപ്പക്കാർ പാർട്ടി നയത്തിൽ പ്രതിഷേധിച്ച് വി്ട്ടുപോകുന്നത് കണ്ട് സങ്കടപ്പെടുകയാണ് ചെറുകാട്. ഫാസിസത്തിനെതിരായ പോരാട്ടമാണ് തൽക്കാലം പ്രധാനമെന്ന പാർട്ടി ലൈൻ തനിക്ക് നന്നായി ബോധിച്ചുവെങ്കിലും പ്രവർത്തകരെയും അനുഭാവികളെയും പറഞ്ഞ് ബോധ്യപ്പെടുത്താനാവുമായിരുന്നില്ലെന്ന് ചെറുകാട് വ്യക്തമാക്കുകയുണ്ടായി.

ലോകയുദ്ധം ജനകീയയുദ്ധമായി മാറിയെന്ന സമീപനം പാർട്ടി സ്വീകരിച്ചതോടെ നേതാക്കളും പ്രവർത്തകരും ജയിൽ മോചിതരായി. പാർട്ടി നിയമവിധേയമായി പ്രവർത്തിക്കാൻ തുടങ്ങുകയാണ്. കോഴിക്കോട് പാർട്ടിക്ക് മുഖപത്രമായി ദേശാഭിമാനി തുടങ്ങി. നാടെങ്ങും പാർട്ടി ഓഫീസുകൾ തുടങ്ങി, ഈ ഘട്ടത്തിലാണ് ചെറുകാട് മംഗളോദയം മാസികയുമായി ബന്ധപ്പെടുന്നത്. എ.കെ.ടി.കെ.എം. നമ്പൂതിരിപ്പാടിന്റെ പത്രം. അവിടെ മുണ്ടശ്ശേരി പത്രാധിപർ. പിൽക്കാലത്ത് പ്രേംജിയായി അറിയപ്പെട്ട എം.പി.ഭട്ടതിരിപ്പാട് അവിടുത്തെ മറ്റൊരു ചുമതലക്കാരൻ. എം.പി.ഭട്ടതിരിപ്പാട് ഒരുദിവസം ചെറുകാടിനോട് പറയുകയാണ്. തന്നോടൊപ്പം വരണം. ജാപ്പുവിരുദ്ധമേളകളിൽ പാട്ടുപാടണം, കവിതകൾ അവതരിപ്പിക്കണം, കലാപരിപാടികൾ നടത്തണം. അങ്ങനെ ചെറുകാട് പാവർട്ടി സംസ്കൃതകോളേജിലെ മലയാളം ലക്ചറർ ഉദ്യോഗം രാജിവെച്ച് എം.പി.ഭട്ടതിരിപ്പാടിനൊപ്പം കോഴിക്കോട്ടേക്ക് പോവുകയാണ്. അവിടെ ദേശാഭിമാനിയിൽ കൂടിയാലോചന. പാർട്ടിയിൽ ഫുൾടൈമറായിത്തീർന്ന് ചെറുകാട് ജാപ്പുവിരുദ്ധ പാഠകം തയ്യാറാക്കി അവതരിപ്പിക്കാനാണ് തീരുമാനം പാർട്ടി‐ദേശാഭിമാനി ഫണ്ടുപിരിവിന്റെ ഭാഗമായാണ് കലാവതരണങ്ങൾ. ചെറുകാട് പാഠകവുമായി മലബാറിലാകെ സഞ്ചരിച്ചു.

പിന്നീട് പുലാമന്തോൾ സ്കൂളിൽ മലയാളം അധ്യാപകനായി ചേർന്ന ചെറുകാട് പാർട്ടിപ്രവർത്തനം സാധാരണപോലെതന്നെ തുടർന്നു. പാർട്ടിയുടെ പ്രചരണത്തിനായി തുള്ളൽപ്പാട്ടുകൾ എഴുതി അവതരിപ്പിക്കാൻ തുടങ്ങി. തുള്ളലും പാഠകവും പാട്ടുകളുമായി പാർട്ടി പ്രവർത്തനം മുന്നോട്ടുനീങ്ങി. 1943‐ൽ ബോംബെയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസ്സിൽ ചെറുകാടിന്റെ നേതൃത്വത്തിൽ തുള്ളൽക്കളി അവതരിപ്പിച്ചു. പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന വള്ളുവനാട് താലൂക്ക് സമ്മേളനത്തിൽ‐ പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചത് പോള കുമാരൻ മാഷാണ്. മോറാഴ ചെറുത്തുനിൽപ്പിന്റെ നായകരിലൊരാളായ കുമാരൻ മാഷ് വള്ളുവനാട്ടിൽ ചെറുകാടിന്റെ കുടുംബവീടുകളിൽ മാറിമാറി താമസിച്ച് പ്രവർത്തിക്കുകയായിരുന്നു. രമണൻ എന്ന പേരിലായിരുന്നു കുമാരൻ മാഷ് അറിയപ്പെട്ടത്. ചെറുകാടിന്റെ ഭാര്യയായ ലക്ഷ്മിക്കുട്ടി ടീച്ചറും ഇക്കാലമാവുമ്പോഴേക്കും രാഷ്ട്രീയമായി പ്രബുദ്ധത നേടിയിരുന്നു. വള്ളുവനാട് താലൂക്ക് സമ്മേളനത്തിൽ രമണൻ എന്ന തന്റെ കൊച്ചുകുഞ്ഞിനെയുമെടുത്ത് രമണന്റെ (പോള കുമാരൻ മാഷ്) ഒപ്പം അവർ എത്തുകയുണ്ടായി. തിരിച്ചു ചെറുകാടിനൊപ്പം വീട്ടിലെത്തിയപ്പോൾ അവർ പറഞ്ഞു‐ നമ്മുടെ പാർട്ടിക്ക് സുശക്തമായ ഒരു സംഘടനയുണ്ട്: ചെറുകാട് പ്രതിവചിച്ചു‐ സഖാവേ ഇതാണ് നമ്മുടെ പാർട്ടി. വള്ളുവനാട് താലൂക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി. കമ്യൂണിസ്റ്റായതിന്റെ പേരിൽ, ജാതിമേധാവിത്വത്തെ വെല്ലുവിളിച്ചതിന്റെ പേരിൽ, സാധാരണക്കാരുമായി ബന്ധപ്പെട്ടതിന്റെ പേരിൽ കുടുംബത്തിൽ വലിയ പ്രശ്നങ്ങളും തിരസ്കാരങ്ങളുമുണ്ടായി. വേദനനിറഞ്ഞ അനുഭവങ്ങൾ. പക്ഷേ അതൊന്നും ആ ദമ്പതികളെ നിരുത്സാഹപ്പെടുത്തിയില്ല.

പാർട്ടി ജനറൽ സെക്രട്ടറി പി.സി.ജോഷി ഇ.എം.എസ്സിനോടൊപ്പം പട്ടാമ്പിയിലേക്ക് പോകുമ്പോൾ പുലാമന്തോളിൽ നിർത്തിച്ച് സ്വീകരണം കൊടുത്തത് ചെറുകാടിന്റെയും മറ്റും നേതൃത്വത്തിലാണ്. അവിടെവെച്ച് ഇ.എം.എസ് ജോഷിയോട് പറഞ്ഞു‐ ഇത് നമ്മുടെ കവിയാണ്, ചെറുകാട് തന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണതെന്ന് പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി. പുരോഗമനസാഹിത്യപ്രസ്ഥാനം ആരംഭിച്ചപ്പോൾ മലബാർ മേഖലാ ജോയന്റ് സെക്രട്ടറിയായി ചെറുകാടിനെ തിരഞ്ഞെടുത്തു. കൊടികെട്ടലും ജാഥവിളിയും മെഗാഫോൺ പ്രചരണവും യോഗം നടത്തലും വീടുകളിൽപോയി ബോധവൽക്കരണവും നേതാക്കൾക്ക് ഷെൽട്ടറൊരുക്കലുമടക്കമുള്ള പ്രവർത്തനങ്ങളും പ്രചരണത്തിനായി സർഗാത്മകപ്രവർത്തനവും ചെറുകാട് ഒരേസമയം നിർവഹിച്ചു. എഴുത്തുകാരനായാലും സാധാരണപ്രവർത്തകർ ചെയ്യുന്ന പ്രവർത്തനം നടത്തിയേ തീരൂ എന്നതായിരുന്നു ചെറുകാടിന്റെ സിദ്ധാന്തം. പാർട്ടിയുടെ പ്രചാരണത്തിനായി നമ്മളൊന്ന് എന്ന നാടകം ചെറുകാട് എഴുതുന്നത് നാല്പതുകളുടെ രണ്ടാംപകുതിയിലാണ്. ദേശാഭിമാനിമേളയിൽ അവതരിപ്പിക്കാൻ ജന്മിത്തത്തിനെതിരെ ഒരു നാടകം ടി.പി.ഗോപാലനടക്കമുള്ള നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ക്ഷിപ്രമായി എഴുതിയതാണ്. പാട്ടബാക്കി നൽകാത്തതിനാൽ ഒഴിപ്പിക്കാൻ കോടതിയും കൂട്ടുനിന്ന പ്രശ്നത്തിൽ പാർട്ടി ശക്തമായ പ്രതിഷേധമാണുയർത്തിയത്. വിലക്കുകളെല്ലാം ലംഘിച്ച് പുലാമന്തോളിൽ കർഷകർ നടത്തിയ വമ്പിച്ച പ്രകടനത്തിൽ രക്തപതാകയുമായി മുന്നിൽ നടന്നത് ചെറുകാടായിരുന്നു.

കൽക്കത്താ തീസിസ് വന്നതിനെ തുടർന്ന് പാർട്ടിപ്രവർത്തനം കൂടുതൽ പ്രയാസകരമായി, സാഹസികമായി. കോൺഗ്രസ്സിന്റെ ഒരു പൊതുയോഗത്തിൽ ചെറുകാടടക്കമുള്ള സഖാക്കൾ കടന്നുചെന്ന് ചോദ്യങ്ങളുയർത്തി ബഹളംവെക്കുകയും പക്ഷേ യോഗം കലക്കാനാവാതെ ജാഥയായി പോകേണ്ടിവരികയും ചെയ്തു. അത്‌ മക്കരപ്പറമ്പ് ജാഥക്കേസ് എന്ന പേരിൽ കേസ് ചാർജ്ചെയ്തു. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം‐ 1948 ജൂണിൽ പോലീസ് സ്കൂൾ വളഞ്ഞു. ഹെഡ്മാസ്റ്ററായ സി.ആറിനെയും ചെറുകാടിനെയും അറസ്റ്റുചെയ്തു. രണ്ട് ദിവസം ലോക്കപ്പിൽ. പിന്നീട് വിട്ടയച്ചു. പക്ഷേ അറസ്റ്റുചെയ്തപ്പോൾ സ്റ്റേഷൻ റൈറ്റർ വാങ്ങിവെച്ച പേന ചെറുകാടിന് തിരിച്ചുനൽകിയില്ല. തന്റെ പ്രിയപ്പെട്ട പേന തിരിച്ചുതരണമെന്നാവശ്യപ്പെട്ട് റൈറ്ററെ സമീപിച്ചു. കേസ് കഴിഞ്ഞേ തരൂ എന്നുപറഞ്ഞ് അയാൾ നീരസത്തോടെ തിരിച്ചയക്കുകയായിരുന്നു. ചെറുകാട് ഉടൻതന്നെ മജിസ്ട്രേട്ടിനോട് ചെന്ന് കാര്യം പറഞ്ഞു. മജിസ്ട്രേട്ട് ചെറുകാടിനോട് വളരെ ബഹുമാനത്തോടെ പെരുമാറുകയും റൈറ്ററെ കോടതിയിലേക്ക് വിളിപ്പിച്ച് പേന വാങ്ങി നൽകുകയും ചെയ്തു.

ഏതാനും ദിവസം കഴിഞ്ഞ് സ്കൂൾ ഇൻസ്‌പെക്ടർ പുലാമന്തോൾ സ്കൂൾ പരിശോധിക്കാനെത്തി. ഹെഡ്മാസ്റ്റർ അവധിയായതിനാൽ ചെറുകാടിനാണ് ചാർജ്. പരിശോധന മറ്റൊരു ദിവസമാകാമെന്ന് പറഞ്ഞ് വഴക്കായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ സംഭവിച്ചത് പിരിച്ചുവിടലാണ്. ഹെഡ്മാസ്റ്ററായ സി.ആറിനെയും ചെറുകാടിനെയും പിരിച്ചുവിട്ടു. കാരണം കമ്മ്യൂണിസ്റ്റ്‐ ക്ലാസിൽ കമ്മ്യൂണിസം പറഞ്ഞുവെന്നതടക്കം കുറ്റം. സ്വാതന്ത്ര്യം കിട്ടിയിട്ടും സ്വാതന്ത്ര്യസമരനായകനായ എ.കെ.ജി. കാരാഗൃഹത്തിൽ ഇത് സ്വാതന്ത്ര്യമാണോ എന്ന് ചെറുകാട് ചോദിച്ചത് രഹസ്യാന്വേഷണവിഭാഗം വലിയ കുറ്റമായി റിപ്പോർട്ട് ചെയ്തിരുന്നു. താലൂക്കിലെ മറ്റ് നിരവധി പേരുടെ സർട്ടിഫിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെ ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോഴും തകർന്നില്ല, തളർന്നില്ല. പാർട്ടിയുടെ ജാഥകളിലും മറ്റ് പ്രചാരണത്തിലും പങ്കെടുക്കുന്നതിൽ വീഴ്ചവരുത്തിയില്ല. ജീവിതമാർഗമായി ഭാഗമായി കിട്ടിയ സ്ഥലത്തിൽ ഒരു പങ്ക് വിറ്റ് ആയുർവേദവൈദ്യശാല തുടങ്ങി. പോലീസും കോൺഗ്രസ്സും അവരുടെ ജോലി തകൃതിയായി നടത്തുകയായിരുന്നു. ചെറുകാടിന്റെ വീട്ടിൽ രാത്രികളിൽ റെയിഡും ഭീഷണിയും പതിവായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് രാജിവെച്ചുവെന്ന് മാതൃഭൂമിയിൽ പരസ്യം ചെയ്താൽ രക്ഷപ്പെടാമെന്ന് പോലീസ് ഇൻസ്‌പെക്ടർ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. ചെറുകാട് അത് പുച്ഛിച്ചുതള്ളി. ഒടുവിൽ ഭാര്യയെ ഭീഷണിപ്പെടുത്തി. ഭാര്യയുടെ ജോലികൂടി നഷ്ടപ്പെട്ടാൽ ചെറുകാട് രാജിയാവുമെന്ന് പോലീസ് പ്രതീക്ഷിച്ചു. പക്ഷേ കൂടുതൽ ആവേശത്തോടെ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോവുകയായിരുന്നു ആ കുടുംബം.

ചെറുകാട് വീട്ടിനടുത്ത് ഒരു രഹസ്യകേന്ദ്രത്തലേക്ക് മാറി. ആ ദിവസംതന്നെയാണ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ പോലീസ് എത്തി വീടുവളഞ്ഞ് അകത്തുകയറി പുസ്തകങ്ങളടക്കം രേഖകളെല്ലാം എടുത്തുകൊണ്ടുപോയത്. അടുത്തദിവസം ചെറുകാടിന്റെ മകനായ രവീന്ദ്രനെ പിടിച്ചുകൊണ്ടുപോയി ഭേദ്യംചെയ്തു. മുലകുടിപ്രായത്തിലുള്ള മോഹനനെവരെ പേടിപ്പിച്ചു കരയിച്ചു. ഒരാഴ്ചയോളം നീണ്ട അതിക്രമമാണ് വീട്ടിൽ നടന്നത്. ചെറുകാടിനെ ഹാജരാക്കിയില്ലെങ്കിൽ വീട് കത്തിച്ചുകളയുമെന്ന ഭീഷണി. വീട്ടിനകത്തുകയറി സാമഗ്രികളാകെ നശിപ്പിക്കൽ. കിടക്കകൾ ബയണറ്റുകൊണ്ട് കുത്തിക്കീറൽ. ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കൽ. വീ്ട്ടിലെ കാർഷികജോലിചെയ്തിരുന്നയാളെ പണിക്കുപോകുന്നതിൽനിന്ന് വിലക്കൽ. (മുത്തശ്ശിയിൽ നാണിമിസ്ട്രസ്സിന്റെ വീട്ടിൽ നടക്കുന്ന അതിക്രമങ്ങൾ വിശദീകരിക്കുന്നുണ്ടല്ലോ ഇതുതന്നെ അതും)

ഒടുവിൽ ആ ദിവസംവന്നു. 1949 ഓഗസ്റ്റ് 19 സഖാവ് കൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷികം. പുലാമന്തോളിന്റെ ഹൃദയഭൂമിയിൽ കൃഷ്ണപിള്ള ദിനത്തിൽ ചെറുകാട് പരസ്യമായി പ്രസംഗിക്കണം‐ പാർട്ടിയുടെ നിർദേശം ശിരസ്സാവഹിച്ച് പ്രസംഗിച്ച ചെറുകാട് തന്റെ ഷെൽടറിലെത്തി രേഖകളെല്ലാമെടുത്ത് രക്ഷപ്പെട്ടു. ദീർഘനാളത്തെ ഒളിവുജീവിതം. പിന്നീട് ഒരുദിവസം വീട്ടിലെത്തുകയാണ്. അവിടെ പോലീസ് റെഡിയായി നിൽപുണ്ടായിരുന്നു അവർ അറസ്റ്റുചെയ്തു കൊണ്ടുപോകുമ്പോൾ ചെറുകാട് വിചാരിച്ചു‐ ഞാനൊരു എഴുത്തുകാരൻ, മാന്യനായ അധ്യാപകൻ. അതിനാൽ അനാവശ്യമായി തല്ലുകയൊന്നുമുണ്ടാകില്ല. ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ നായരുടെ മുമ്പിലെത്തുന്നതുവരെ അതാണ് കരുതിയത്. പക്ഷേ ആദ്യം ഇടത്തേ ചെകിട്ടത്തും പിന്നീട് വലത്തേ ചെകിട്ടത്തും ആഞ്ഞുപതിച്ചു ആ ഇൻസ്‌പെക്ടറുടെ കരാളഹസ്തം. ബൂട്ടിട്ട കാലുകൊണ്ട് മുതുകത്ത് ഒരു ചവിട്ടും. വാനിൽ കയറ്റുന്നതിനു മുമ്പായി മറ്റ് രണ്ട് പോലീസുകാരുടെ വക ചൂരൽപ്രയോഗവും ദീർഘനാളത്തെ കാരാഗൃഹവാസത്തിന്റെ തുടക്കം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + eight =

Most Popular